Share

തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ നേതാവ്‌
സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌

shibdasghoshഎസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) ന്റെ സ്ഥാപകജനറല്‍ സെക്രട്ടറിയാണ്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌. 1923 ആഗസ്റ്റ്‌ 5 ന്‌, ഇന്ന്‌ ബംഗ്ലാദേശില്‍പ്പെടുന്ന അന്നത്തെ ബംഗാളിലെ ഢാക്കയ്‌ക്ക്‌ സമീപം പശ്ചിംദി എന്ന സ്ഥലത്ത്‌ ഒരു താഴെഇടത്തരം കുടുംബത്തില്‍ ജനിച്ചു. പിതാവ്‌ ശ്രീ ഹരേന്ദ്ര നാരായണ്‍ഘോഷ്‌. അമ്മ ശ്രീമതി സുഹാസിനിദേവി. അക്കാലത്തെ സമ്പ്രദായമനുസരിച്ച്‌, പാഠശാല എന്നറിയപ്പെട്ടിരുന്ന ഗ്രാമീണ വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടര്‍ന്ന്‌ തെഘാരിയ ഹൈസ്‌ക്കൂളില്‍ നിന്ന്‌ അദ്ദേഹം മെട്രിക്‌ പരീക്ഷ പാസ്സായി. കേവലം 13 വയസ്സുള്ളപ്പോള്‍ അദ്ദേഹം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചേര്‍ന്നു. വിദേശവാഴ്‌ചയ്‌ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിന്റെ സമീപനം സ്വീകരിച്ചിരുന്ന വിപ്ലവധാരയില്‍പ്പെട്ട അനുശീലന്‍ സമിതിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അധികം വൈകാതെ അദ്ദേഹം സംഘടനയില്‍ അംഗമായിത്തീര്‍ന്നു.

അക്കാലത്ത്‌ അനുശീലന്‍സമിതിയില്‍ ഒരു ഗ്രൂപ്പ്‌ മാര്‍ക്‌സിസം-ലെനിനിസത്തില്‍ ആകൃഷ്‌ടരായിത്തീരുകയും ആ തത്ത്വചിന്ത ഗൗരവപൂര്‍വ്വം പഠിക്കാനാരംഭിക്കുകയും ചെയ്‌തു. ഇന്‍ഡ്യയില്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെന്ന നിലയില്‍ ആര്‍.എസ്‌.പി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചു. ശിബ്‌ദാസ്‌ ഘോഷ്‌ അവരുമായി സഹകരിക്കാന്‍ തുടങ്ങി. 1942 ല്‍ ചില സംഘടനാപരമായ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവന്ന ശിബ്‌ദാസ്‌ഘോഷ്‌ തന്റെ പ്രവര്‍ത്തനം ഢാക്കയില്‍ നിന്ന്‌ കല്‍ക്കട്ടയിലേയ്‌ക്ക്‌ മാറ്റി. 1942ലെ പ്രസിദ്ധമായ ആഗസ്റ്റ്‌ വിപ്ലവത്തില്‍ (ക്വിറ്റ്‌ ഇന്ത്യാ സമരം) അദ്ദേഹം ഒരു പ്രധാനപങ്ക്‌ വഹിച്ചു. അക്കാലത്ത്‌ അദ്ദേഹം അറസ്റ്റിലാകുകയും ജയിലിലടയ്‌ക്കപ്പെടുകയും ചെയ്‌തു. ജയിലിലായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ തീക്ഷ്‌ണമായ ജീവിതസമരം മാര്‍ക്‌സിസം-ലെനിനിസത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ ധാരണയെ പുതിയൊരു തലത്തിലേയ്‌ക്കുയര്‍ത്തി. ഒരു മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സംബന്ധിച്ച തന്റെ അന്നത്തെ ധാരണ അദ്ദേഹം ഇങ്ങനെ അവതരിപ്പിച്ചു: “ഈ പുതിയ പാര്‍ട്ടി കെട്ടിപ്പടുക്കാനായി മുന്നോട്ടുവരുന്നവര്‍ മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ആദര്‍ശമനുസരിച്ച്‌ തങ്ങളെത്തന്നെ ഉടച്ചുവാര്‍ക്കാനുള്ള സമരം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ച്‌ നടത്താന്‍ തയ്യാറായിരിക്കണം. കാരണം, പാര്‍ട്ടിയുണ്ടാക്കാനായി മുന്നോട്ടുവന്ന നാം പെറ്റിബൂര്‍ഷ്വാ ദേശീയതയുടെ പ്രത്യയശാസ്‌ത്രത്താല്‍ നയിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നവരാണ്‌. അതുകൊണ്ട്‌ നമുക്ക്‌ പെറ്റിബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ മനോഘടനയും ചിന്താപദ്ധതിയും മൂല്യബോധവും സംസ്‌കാരവുമാണുള്ളത്‌. തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയതയുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ പാര്‍ട്ടി കെട്ടിപ്പടുക്കണമെങ്കില്‍ നാം ആദ്യം തീക്ഷ്‌ണമായ സമരത്തിലൂടെ തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയതയ്‌ക്ക്‌ ചേരുന്ന മനോഘടനയുണ്ടാക്കണം. അത്‌ ഉണ്ടാക്കുമ്പോഴേ നമുക്ക്‌ യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിയൂ. അല്ലെങ്കില്‍ , മാര്‍ക്‌സിസം-ലെനിനിസത്തോട്‌ കൂറ്‌ പ്രഖ്യാപിച്ചാലും ഒരു ശരിയായ മാര്‍ക്‌സിസ്റ്റ്‌ – ലെനിനിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാലും തെറ്റായ പദ്ധതി പിന്തുടരുന്നു എന്നതിനാല്‍ നാമുണ്ടാക്കുന്നതും ഒരു പെറ്റിബൂര്‍ഷ്വാ പാര്‍ട്ടിയായിരിക്കും.”

1945 ല്‍ അദ്ദേഹം  ജയില്‍മോചിതനായി. ആര്‍.എസ്‌.പി യെ ഒരു ശരിയായ മാര്‍ക്‌സിസ്റ്റ്‌ – ലെനിനിസ്റ്റ്‌ പാര്‍ട്ടിയെന്ന നിലയില്‍ കെട്ടിപ്പടുക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അത്‌ സഫലമായില്ല. പ്രവര്‍ത്തകരിലും അംഗങ്ങളിലും ഒരേ സമീപനവും ഒരേ ചിന്താപ്രക്രിയയും ചിന്തയിലുള്ള ഐകരൂപ്യവും ഒരേ ലക്ഷ്യവും വികസിപ്പിച്ചെടുക്കാനായി ദ്വന്ദ്വാത്മക ഭൗതികവാദത്തെ അടിസ്ഥാനമാക്കി ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും ഉള്‍പ്പെടുത്തിയുള്ള തീക്ഷ്‌ണമായ പ്രത്യയശാസ്‌ത്രസമരം നടത്തണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം നേതാക്കള്‍ അംഗീകരിച്ചില്ല. പക്ഷെ, മേല്‌പറഞ്ഞ വിധത്തില്‍ പ്രത്യയശാസ്‌ത്രകേന്ദ്രീയത സൃഷ്‌ടിച്ചെടുക്കുന്നതിനായി ജയിലിനുള്ളിലും പുറത്തും വച്ച്‌ താന്‍ നടത്തിയ പ്രത്യശാസ്‌ത്രസമരങ്ങള്‍ വഴി ഒരു പറ്റം ചെറുപ്പക്കാരെ ആകര്‍ഷിക്കാനും അവരില്‍ നിന്ന്‌ പ്രൊഫഷണല്‍ വിപ്ലവകാരികളുടെ ഒരു ദളം വികസിപ്പിച്ചെടുക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. അങ്ങനെ, ആര്‍.എസ്‌.പിക്കുള്ളില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയെന്ന നിലയിലും, എന്നാല്‍ അതുമായി പൂര്‍ണ്ണമായി ബന്ധം വിച്ഛേദിച്ചും അദ്ദേഹം 1948 ല്‍ എസ്‌.യു.സി.ഐ രൂപീകരിച്ചു.

പാര്‍ട്ടി രൂപീകരണത്തിന്റേതായ ആ ആദ്യനാളുകളില്‍ സ.ശിബ്‌ദാസ്‌ ഘോഷിനും വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകര്‍ക്കും കിടന്നുറങ്ങാന്‍ തലയ്‌ക്കുമുകളില്‍ ഒരു കൂരയുണ്ടായിരുന്നില്ല. ആശ്രയമുണ്ടായിരുന്നില്ല. ഭക്ഷണമുണ്ടായിരുന്നില്ല. അത്യാവശ്യം വേണ്ട യാത്രയ്‌ക്ക്‌ പണമുണ്ടായിരുന്നില്ല. പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും പത്രമാദ്ധ്യമങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ യാതൊരു പ്രതികൂലസാഹചര്യത്തിനു മുന്നിലും പതറാത്ത അചഞ്ചലമായ വിപ്ലവനിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹവും സഖാക്കളും ഇന്‍ഡ്യന്‍ മണ്ണിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുത്തു. ആ ചരിത്രപ്രധാനമായ സമരത്തിലൂടെ അദ്ദേഹം ഉദാത്തമായ ഒരു വിപ്ലവമൂല്യബോധത്തിന്റെ ഉത്തമ മാതൃക സൃഷ്‌ടിച്ചു. അങ്ങേയറ്റം പ്രതികൂലമായിരുന്ന അന്നത്തെ സാഹചര്യത്തില്‍ പതറിപ്പോയ ചില പ്രവര്‍ത്തകര്‍ അദ്ദേഹത്തോട്‌ തങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ എന്നെങ്കിലും സാധ്യമാകുമോ എന്ന്‌ ചോദിച്ച വേളയില്‍ അദ്ദേഹം നല്‍കിയ ദൃഢമായ മറുപടിയില്‍ അത്‌ പ്രതിഫലിച്ചുകാണുന്നു. അദ്ദേഹം പറഞ്ഞു : “സാദ്ധ്യമല്ലെന്ന്‌ തന്നെ വയ്‌ക്കുക. മറ്റെന്താണ്‌ ചെയ്യാനുള്ളത്‌ ? ഒരു സാധാരണ ദാസ്യജീവിതം നയിക്കാനായി ഈ സമരമുപേക്ഷിച്ച്‌ നാം ഉദ്യോഗത്തിന്‌ പോകണമോ ? അതോ, നാം ഒരു കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടിയല്ലാത്ത സി.പി.ഐയില്‍ ചേരണമോ? അങ്ങനെ നാം മനഃസാക്ഷിയെ വഞ്ചിക്കണമോ? അത്‌ ചെയ്യാന്‍ അവസാനത്തെ ആളായിരിക്കും ഞാന്‍. ഇന്‍ഡ്യയിലെ വിപ്ലവത്തിന്‌ ഇതും വേണ്ടിവന്നുവെന്ന്‌ കരുതിക്കൊണ്ട്‌ തെരുവില്‍ മരിച്ചവീഴുകയായിരിക്കും എനിക്ക്‌ അതിനേക്കാള്‍ അഭികാമ്യം. മരിക്കേണ്ടിവരുമ്പോള്‍ അഭിമാനത്തോടെ, തലയുയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഞാന്‍ മരിക്കും. എന്റെ ദൗത്യത്തിന്റെ വിജയം കാണുന്നതുവരെ ഞാന്‍ ജീവിച്ചില്ലെങ്കിലും അതിന്‌ വേണ്ട അടിത്തറയൊരുക്കാനെങ്കിലും എനിക്ക്‌ കഴിയും. അതിന്‌ മേല്‍ മറ്റുള്ളവര്‍ ഒരു വിപ്ലവപ്പാര്‍ട്ടി പടുത്തുയര്‍ത്തും. നിലനില്‍ക്കുന്നിടത്തോളം ഒരു വിപ്ലവകാരിയായി നിലനില്‍ക്കുക എന്നതാണ്‌ എന്റെ നിലനില്‌പിന്റെ അര്‍ത്ഥം.”

ഇതിഹാസമാനമാര്‍ന്ന തന്റെ വിപ്ലവജീവിതസമരങ്ങളിലൂടെ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ ഇന്‍ഡ്യയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഒരേയൊരു യഥാര്‍ത്ഥ വിപ്ലവപ്പാര്‍ട്ടി രൂപീകരിച്ചു. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മുന്നില്‍ അവരുടെ മോചനത്തിനുള്ള ശരിയും ശാസ്‌ത്രീയവുമായ മാര്‍ഗ്ഗം,മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ ലൈന്‍ അവതരിപ്പിച്ചു. വിജ്ഞാനത്തിന്റെ എല്ലാ മേഖലകളും ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു ജ്ഞാനസമ്പത്തും, സമകാലീന തൊഴിലാളിവര്‍ഗ്ഗ സമരത്തെ നയിക്കാന്‍ പര്യാപ്‌തമായ തൊഴിലാളിവര്‍ഗ്ഗ സംസ്‌കാരത്തെപ്പറ്റിയുള്ള ഏറ്റവും വികസിതമായ ധാരണയും അവതരിപ്പിച്ചു. വ്യക്തിവാദം ജീര്‍ണ്ണവും അങ്ങേയറ്റം പ്രതിലോമകരവുമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ സ്വഭാവത്തെ സംബന്ധിച്ച നൂതനവും കൂടുതല്‍ വികസിതവുമായ ധാരണ അദ്ദേഹം പ്രദാനം ചെയ്‌തു. വ്യക്തിതാല്‌പര്യത്തെ തൊഴിലാളിവര്‍ഗ്ഗത്തിന്റെയും വിപ്ലവത്തിന്റെയും വിപ്ലവപ്പാര്‍ട്ടിയുടെയും താല്‌പര്യവുമായി താദാത്മ്യപ്പെടുത്തുകയെന്നതാണ്‌ കമ്മ്യൂണിസ്റ്റ്‌ സ്വഭാവത്തിന്റെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ഉയര്‍ന്ന കമ്മ്യൂണിസ്റ്റ്‌ സ്വഭാവത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതം വിപ്ലവവും വിപ്ലവസമരവും പാര്‍ട്ടിയുമായി സമ്പൂര്‍ണ്ണമായി താദാത്മ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ തുടക്കം മുതല്‍, തന്റെ അന്ത്യശ്വാസം വരെയും പാര്‍ട്ടിയുടെ നേതാക്കളെയും പ്രവര്‍ത്തകരെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്‌ കൂട്ടായ ഈ സമരം അദ്ദേഹം അനവരതം നടത്തി. ഈ സമരത്തിലൂടെ അദ്ദേഹം സ്വയം ഒരുയര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നിലവാരം ആര്‍ജ്ജിച്ചുവെന്ന്‌ മാത്രമല്ല, ഉയര്‍ന്ന വിപ്ലവനിലവാരം പുലര്‍ത്തുന്ന ഒരു സംഘം നേതാക്കളെയും പ്രവര്‍ത്തകരെയും വാര്‍ത്തെടുക്കുകയും കൂടി ചെയ്‌തു. അതുകൊണ്ടാണ്‌ ഒരാള്‍ എങ്ങനെ പ്രസംഗിക്കുന്നു, എത്ര നന്നായി ലേഖനം രചിക്കുന്നു, എത്ര ഡിഗ്രികള്‍ സമ്പാദിച്ചിട്ടുണ്ട്‌ , സമൂഹത്തില്‍ എന്തു പദവിയുണ്ട്‌ എന്നീ കാര്യങ്ങളൊന്നും ഈ പാര്‍ട്ടിയില്‍ ഒരു നേതാവിന്റെയോ പ്രവര്‍ത്തകന്റെയോ ശേഷി അളക്കാനുള്ള മാനദണ്‌ഡമല്ലാതായിരിക്കുന്നത്‌. മറിച്ച്‌, സുശിക്ഷിതരായ വിപ്ലവകാരികള്‍ എന്ന നിലയില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിലവാരം പരിശോധിക്കുന്നത്‌ സാമൂഹ്യതാല്‌പര്യവുമായി, അതായത്‌ വിപ്ലവത്തിന്റെയും വിപ്ലവപ്പാര്‍ട്ടിയുടെയും താല്‌പര്യവുമായി,ബോധപൂര്‍വ്വമായ നിരന്തരസമരത്തിലൂടെ വ്യക്തിതാല്‌പര്യത്തെ എത്രത്തോളം താദാത്മ്യപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. പാര്‍ട്ടി വളര്‍ന്നുവികസിച്ചത്‌ അദ്ദേഹം തുടങ്ങിവച്ച ഈ ശാസ്‌ത്രീയപ്രക്രിയയുടെ അടിസ്ഥാനത്തിലാണ്‌. ഇന്നും അത്‌ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. “പാര്‍ട്ടി ജീവിതമാണ്‌, വിപ്ലവം ജീവിതശൈലിയാണ്‌ “ – ഈ ധാരണയുടെ സമൂര്‍ത്ത പ്രകാശനമായി,ഉയര്‍ന്ന സാംസ്‌കാരിക-നൈതിക നിലവാരമാര്‍ജ്ജിച്ചുകൊണ്ട്‌, ഈ പ്രക്രിയയില്‍ പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ശേഷിയുറ്റ നേതൃത്വം സദാ ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്നു.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ ആജീവനാന്തം നടത്തിയ സമരത്തിലൂടെ സമാഹരിച്ചെടുത്ത അളവറ്റ അറിവും അനുഭവങ്ങളും കൊണ്ട്‌ വിപ്ലവത്തിന്റെ അനുപേക്ഷണീയമായ ആയുധം,തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശരിയായ പാര്‍ട്ടിയായ എസ്‌.യു.സി.ഐ(കമ്യൂണിസ്റ്റ്‌) പാര്‍ട്ടിയെയും, പ്രൊഫഷണല്‍ വിപ്ലവകാരികളുടെ ഒരു ദളത്തെയും സൃഷ്‌ടിച്ചു. നാടെമ്പാടും പാര്‍ട്ടിക്കുണ്ടാകുന്ന വളര്‍ച്ചയിലൂടെയും ദൃഢീകരണത്തിലൂടെയും ഈ സമരത്തിന്റെ സദ്‌ഫലങ്ങള്‍ കണ്ടുവരുന്നു. അതിനാല്‍,തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ നേതാവ്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്റെ പാഠങ്ങള്‍ അനുവര്‍ത്തിക്കുന്നതിലൂടെയും, അദ്ദേഹം സൃഷ്‌ടിച്ച ഒരേയൊരു തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്പാര്‍ട്ടിയായ എസ്‌.യു.സി.ഐ (സി) ക്ക്‌ വിപ്ലവസമരങ്ങളെ വിജയത്തിലേയ്‌ക്ക്‌ നയിക്കാന്‍ വേണ്ട കരുത്തേകുന്നതിലൂടെയും മാത്രമേ ഇന്‍ഡ്യന്‍ തൊളിലാളിവര്‍ഗ്ഗത്തിന്‌ മോചനം നേടാന്‍ കഴിയൂ.

ലെനിന്‌ ശേഷമുള്ള കാലഘട്ടത്തില്‍ ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം അഭിമുഖീകരിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും സ.ശിബ്‌ദാസ്‌ ഘോഷ്‌ ഉത്തരം നല്‍കിയിട്ടുണ്ട്‌. അതിലൂടെ മാര്‍ക്‌സിസം-ലെനിനിസത്തെ സംബന്ധിച്ച ധാരണയെ അദ്ദേഹം പുതിയൊരു തലത്തിലേയ്‌ക്കുയര്‍ത്തി. മാര്‍ക്‌സിസം-ലെനിനിസം – ശിബ്‌ദാസ്‌ ഘോഷ്‌ ചിന്തകള്‍ ആണ്‌ മാര്‍ക്‌സിസം-ലെനിനിസത്തെ സംബന്ധിച്ച ഏറ്റവും വികസിതവും ആനുകാലികവും പര്യാപ്‌തവുമായ ധാരണ. ആ ധാരണ ആര്‍ജ്ജിക്കാതെ ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഇന്നത്തെ തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയില്ല. സാര്‍വ്വദേശീയ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്‌ ഇന്ന്‌ സംഭവിച്ചിരിക്കുന്ന തിരിച്ചടിക്ക്‌ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകള്‍ സഖാവ്‌ ഘോഷിന്റെ ചിന്തകളിലേയ്‌ക്ക്‌ കൂടുതല്‍ കൂടുതലായി ആകൃഷ്‌ടരായിക്കൊണ്ടിരിക്കുന്നത്‌ അതുകൊണ്ടാണ്‌.

സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ 1976 ആഗസ്റ്റ്‌ 5ന്‌ അകാലത്തില്‍ നിര്യാതനായി എങ്കിലും അദ്ദേഹം തന്റെ പ്രബോധനങ്ങളിലൂടെ ഇന്നുമെന്നും നമ്മോടൊപ്പമുണ്ടായിരിക്കും. സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്റെ നാമധേയവും പ്രബോധനങ്ങളും ലോകത്തെങ്ങുമുള്ള എണ്ണമറ്റ വിപ്ലവകാരികള്‍ക്ക്‌ നിത്യപ്രചോദനവും മാര്‍ഗ്ഗദീപവുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *