എഐഡിഎസ്ഒ പാരലൽ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ നടത്തി

Spread our news by sharing in social media

യൂണിവേഴ്‌സിറ്റികളിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ നിലനിർത്തി പാരലൽ വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക, പാരലൽ-റഗുലർ വിവേചനം അവസാനിപ്പിച്ച് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, സ്വാശ്രയ സമ്പ്രദായം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി എഐഡിഎസ്ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരലൽ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ നടത്തി. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവൻഷൻ പ്രമുഖ കവയിത്രി ഡോ.അമൃത ഉദ്ഘാടനം ചെയ്തു. പാരലൽ കോളേജുകൾ സംരക്ഷിക്കപ്പെടേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യകതയാണെന്നും പാരലൽ വിദ്യാർത്ഥികൾ നടത്തുന്ന ഈ പ്രക്ഷോഭം പൊതുവിദ്യാഭ്യാസ സംരക്ഷണ മുന്നേറ്റങ്ങൾക്ക് കരുത്തു പകരുമെന്നും ഡോ.അമൃത പറഞ്ഞു. പാരലൽ കോളേജ് അസോസിയേഷൻ ദക്ഷിണമേഖലാ കോ-ഓർഡിനേറ്റർ അശോക്കുമാർ മുഖ്യാതിഥിയായിരുന്നു. എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ.അപർണയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പാരലൽ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന കൺവീനർ വി.ഡി.സന്തോഷ്, പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി.ശ്യാമപ്രസാദ്, എഐഡിവൈഒ ജില്ലാ വൈസ്പ്രസിഡന്റ് കെ.ബിമൽജി, ഓൾ ഇന്ത്യ സേവ് എജ്യൂക്കേഷൻ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ടി.മുരളി എന്നിവർ പ്രസംഗിച്ചു. എഐഡിഎസ്ഒ ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദ് ശശി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം നൈതികരാജ് കെ.പി.കൃതജ്ഞതയും പറഞ്ഞു. ഗോവിന്ദ് ശശി പ്രസിഡന്റായും പി.എസ്.സതീഷ് (സ്വതന്ത്ര കോളേജ്) വൈസ് പ്രസിഡന്റായും നികിത അശ്വനീനാഥ് (നാഷണൽ കോളേജ്) സെക്രട്ടറിയായും 105 അംഗ പാരലൽ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (പിഎസ്എം) ജില്ലാ സംഘാടക സമിതിയെ കൺവൻഷൻ തെരഞ്ഞെടുത്തു.

Share this