സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി : അതിജീവിതയ്‌ക്കെതിരായ കോടതി പരാമർശം സാമൂഹ്യ വിരുദ്ധം-എഐഎംഎസ്എസ്‌

Share

ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് കോഴിക്കോട് സെഷൻസ് കോടതി അതിജീവിതയ്ക്കെതിരായി നടത്തിയ പരാമർശം അങ്ങേയറ്റം സാമൂഹ്യവിരുദ്ധമാണ്. എസ്‌സി/എസ്‌ടി അതിക്രമവു൦ ബലാത്സംഗവു൦ ഉൾപ്പെട്ട ഒരു കേസിൽ ഇവ്വിധത്തിൽ ജാമ്യം അനുവദിക്കുന്നതുതന്നെ കോടതികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. അതോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ഫോട്ടോകണ്ട്, പെൺകുട്ടിയുടെ വസ്ത്രധാരണം പ്രലോഭനീയമാണെന്നതിനാൽ 354 വകുപ്പ് നിലനില്‍ക്കില്ല എന്ന പരാമർശം സ്ത്രീവിരുദ്ധവു൦, തന്റെ പരിധിയിൽ അല്ലാത്ത ഒരു കേസിനെ സംബന്ധിച്ചു തെറ്റായ സൂചനകൾ നൽകി പ്രതിക്കൊപ്പ൦ ചേരുന്നതുമാണ്. സ്ത്രീ പീഡന കേസുകളിലോ, ജാമ്യ അപേക്ഷകളിലോ വിധി പുറപ്പെടുവിക്കുമ്പോൾ അവശ്യം പാലിക്കപ്പെടേണ്ടതായി സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്ക് കടക വിരുദ്ധവുമാണ്.
പ്രസ്തുത കേസിൽ കുറ്റാരോപിതൻ ഉന്നതസ്ഥാനീയനും, സമൂഹത്തിൽ സ്വാധീനം ഉള്ളയാളുമാണ്. പരാതിക്കാരി ദുർബ്ബലവിഭാഗത്തിൽ പെടുന്ന ഒരു സ്ത്രീയാണ്. കോടതികൾ നിരുത്തരവാദപരമായി നടത്തുന്ന ഇത്തരം അഭിപ്രായങ്ങൾ, സ്ത്രീകളെ ഒരു പരാതി ഉന്നയിക്കുന്നതിൽ നിന്നുപോലും തടയുകയും നിരന്തര൦ നീതിനിഷേധത്തിന്റെ ഇരകളാക്കി മാറ്റുകയും ചെയ്യു൦. ഇത്തരം ഒരു പ്രസ്താവനയിലൂടെ, ഏറെ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ നിർവ്വഹിക്കേണ്ടുന്ന ന്യായാന്യായ വിചിന്തനത്തിന് താൻ യോഗ്യനല്ല എന്ന് വിധി പ്രസ്താവിച്ച ജഡ്ജി തെളിയിച്ചിരിക്കുകയാണ്. സാമൂഹ്യ വിരുദ്ധവും നീതിയ്ക്കും നിയമത്തിനും നിരക്കാത്തതുമായ കോടതി പരാമർശത്തിനെതിരെ അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കോഴിക്കോട് സെഷൻസ് കോടതി സിവിക് ചന്ദ്രന് അനുവദിച്ചിരിക്കുന്ന നീതിപൂർവ്വകമല്ലാത്ത ജാമ്യം റദ്ദ് ചെയ്യുവാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് എഐഎംഎസ്എസ് ആവശ്യപ്പെടുന്നു.

Share this post

scroll to top