സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണം -എസ്‌യുസിഐ(കമ്മ്യുണിസ്റ്റ്)

Share

സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ലോ അക്കാദമി സർക്കാർ ഏറ്റെടുത്തുകൊണ്ട് വിദ്യാർത്ഥിസമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് എസ്‌യുസിഐ(കമ്മ്യുണിസ്റ്റ്) പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് സി.കെ ലൂക്കോസ് ആവശ്യപ്പെട്ടു. നഗ്നമായ മനുഷ്യാവകാശലംഘനങ്ങളാണ് ഏറെ നാളായി മറ്റെല്ലാ സ്വാശ്രയ കോളേജുകളിലുമെന്ന പോലെ തിരുവനന്തപുരം ലോ അക്കാദമിയിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇതിനകം വ്യക്തമായിരിക്കുന്നു. കേരളാ സർവ്വകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതി നടത്തിയ അന്വേഷണറിപ്പോർട്ടിലും വിദ്യാർത്ഥികൾ നേരിട്ട പീഡനസംഭവങ്ങൾ എല്ലാം ശരിയാണെന്നും അതിന് ഉത്തരവാദി പ്രിൻസിപ്പാളാണെന്നും അവർക്കെതിരെ നടപടി വേണമെന്നും ശുപാർശ ചെയ്യപ്പെട്ടിരുന്നു. ജാതിപറഞ്ഞ് വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്സിൽ പട്ടിക-ജാതി പട്ടിക-വർഗ്ഗ അതിക്രമനിയമപ്രകാരവും പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടായിരുന്നെങ്കിൽ തൽസ്ഥാനം ഒഴിയാൻ കോളേജ് പ്രിൻസിപ്പാൾ തയ്യാറാകുമായിരുന്നു. അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല ഭരണപക്ഷത്തിന്റെ നിർലോഭമായ പിന്തുണ കോളേജ് മാനേജ്‌മെന്റിനും പ്രിൻസിപ്പാളിനും അവരുടെ നിയമവിരുദ്ധമായ ചെയ്തികൾക്ക് ലഭിക്കുന്നതുകൊണ്ടാണ് പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത്- അദ്ദേഹം പറഞ്ഞു.
യഥാർത്ഥത്തിൽ ലോ അക്കാദമി ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ വകയല്ല. സർക്കാരിന്റെ 11 ഏക്കർ 49 സെന്റ് സ്ഥലത്താണ് 1968 ൽ ലോ അക്കാദമി പ്രവർത്തനം ആരംഭിക്കുന്നത്. ഗവർണർ പേട്രണായിട്ടും റവന്യുമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഹൈക്കോടതി ജഡ്ജിമാരും മറ്റ് അംഗങ്ങളുമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയായിരുന്നു ബൈലോ പ്രകാരം അക്കാദമിയുടെ ഭരണം നിർവ്വഹിച്ചിരുന്നത്. എന്നാൽ അതിനെയെല്ലാം അട്ടിമറിച്ച് ഒരു സ്വകാര്യ കുടുംബട്രസ്റ്റാക്കി മാറ്റി വ്യക്തിപരമായ നേട്ടങ്ങൾക്ക് ആ സ്ഥാപനത്തെ ഉപയോഗിക്കുകയാണ് നിലവിലുള്ള മാനേജ്‌മെന്റ്. അങ്ങനെയൊരു സാഹചര്യത്തിൽ കേവലം പ്രൻസിപ്പാളിന്റെ രാജിയോ പുറത്താക്കലോ കൊണ്ടുമാത്രം ലോ അക്കാദമിയുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകില്ല.
ഈ സന്ദർഭത്തിൽ, സർക്കാരിന്റെ പൊതുവകയായ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് സംസ്ഥാന ഗവൺമെന്റ് ഏറ്റെടുത്ത് മികച്ച നിയമകലാലയമാക്കി മാറ്റാൻ തയ്യാറാകണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. വിദ്യാർത്ഥികൾ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള ശാശ്വത പരിഹാരമാർഗ്ഗം അതുമാത്രമാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട്, വിദ്യാർത്ഥികളുടെ ഐക്യത്തെയും പോരാട്ടത്തെയും അഭിവാദ്യം ചെയ്യുന്നുവെന്ന് സഖാവ് സി.കെ ലൂക്കോസ് പറഞ്ഞു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top