കാലഹരണപ്പെട്ട റെയിൽപ്പാളങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി പുതിയവ സ്ഥാപിക്കുക, ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക, റെയിൽവേ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഐഡിവൈഒ വിവിധ ജില്ലകളിൽ റെയിൽവേ സ്റ്റേഷനുകൾക്കു മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് എസ്യുസിഐ(സി) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് എൻ.ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.ആർ.രാജിമോൾ, എസ്യുസിഐ(സി) ആലപ്പുഴ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എം.എ.ബിന്ദു, എഐഡിവൈഒ ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് കെ.ബിമൽജി എന്നിവർ പ്രസംഗിച്ചു.
കോട്ടയം റെയിൽവേ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഖാവ് രജിതാ ജയറാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ്, എഐയുടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എ.ജി.അജയകുമാർ, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് ആശാരാജ് തുടങ്ങിയവർ പ്രസംഗിച്ചു. എഐഡിവൈഒ ജില്ലാ സെക്രട്ടറി സഖാവ് അനില ബോസ് സ്വാഗതവും സഖാവ് ടി.ആർ രാജേഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് റെയിൽവേ സ്റ്റേഷൻ മാനേജർക്ക് നിവേദനവും സമർപ്പിച്ചു.
ആലുവ റെയിൽവേസ്റ്റേഷനുമുന്നിൽ സംഘടിപ്പിച്ച യുവജനപ്രതിഷേധം എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സഖാവ് കെ.ഒ.സുധീർ, ജില്ലാസെക്രട്ടറി സഖാവ് കെ.പി.സാൽവിൻ എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 24 ന് ചാലക്കുടി റെയിൽവേ സ്റ്റേഷനുമുമ്പിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രദീപൻ യോഗം ഉൽഘാടനം ചെയ്തു. ചാലക്കുടി യൂണിറ്റ് പ്രസിഡന്റ് പി.കെ.ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.എം.സുരേഷ് പ്രസംഗിച്ചു. പി.കെ.ധർമ്മജൻ സ്വാഗതവും കെ.വി.വിനോദ് നന്ദിയും പറഞ്ഞു.