കെഎസ്ആർടിസി നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെപേരിൽ വിദ്യാർത്ഥികളുടെ അവകാശമായ യാത്രാസൗജന്യം പരിമിതപ്പെടുത്താനുള്ള കെഎസ്ആർടിസി മാനേജ്മെന്റിന്റെ നീക്കം പിൻവലിക്കണമെന്ന് എഐഡിഎസ്‌ഒ സംസ്ഥാന പ്രസിഡന്റ് എസ്. അലീന ആവശ്യപ്പെട്ടു. പുതിയ തീരുമാനപ്രകാരം ഒരു ബസിന് പരമാവധി 25വിദ്യാർത്ഥികൾ എന്ന നിരക്കില്‍ മാത്രമേ കൺസഷൻ അനുവദിക്കുകയുള്ളൂ. ആദ്യഘട്ടം എന്ന നിലയിൽ അഞ്ചൽ-കൊട്ടിയം റൂട്ടിൽ യാത്രാസൗജന്യത്തിന് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നൽകുന്നതുമൂലം കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്നുവെന്ന വാദം അധാർമ്മികമാണ്. ഒരു റൂട്ടിൽ ദിവസം പരമാവധി രണ്ടോ മൂന്നോ ട്രിപ്പിലാണ് വിദ്യാർത്ഥികൾ യാത്രക്കാരായിട്ടുണ്ടാകുക. കെഎസ്ആർടിസി നഷ്ടത്തിലായതിനു കാരണം തൊഴിലാളികളും വിദ്യാർത്ഥികളുമാണെന്ന കപടപ്രചരണം അഴിച്ചുവിട്ടുകൊണ്ട് ഈ സ്ഥാപനത്തെ കമ്പനികളായി സ്വകാര്യവത്ക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
മാത്രമല്ല, വിദ്യാർത്ഥികളുടെ സൗജന്യയാത്ര ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കേണ്ടതുമല്ല. ജനാധിപത്യ സമൂഹത്തിൽ നികുതി പിരിക്കുന്ന സർക്കാരിന് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ ഉത്തരവാദിത്തമുണ്ട്. സൗജന്യ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് സൗജന്യയാത്രയും.
ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ ബസ് ചാർജ് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ പകുതി മാത്രം ബസ് ചാർജ് ഈടാക്കുന്ന തമിഴ്‍നാട്ടില്‍ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും യാത്ര സൗജന്യമാണ്. കെഎസ്ആർടിസി നഷ്ടത്തിലാകുന്നത് മാനേജ്മെന്റിന്റെയുംഗവൺമെന്റിന്റെയും അഴിമതിയും കെടുകാര്യസ്ഥതയുംമൂലമാണ്. കെഎസ്ആർടിസി സ്വകാര്യവൽക്കരിക്കാൻ തൊഴിലാളികളുടെ ജോലി സമയം 12 മണിക്കൂർ ആക്കിയും സ്വിഫ്റ്റ് പദ്ധതി നടപ്പിലാക്കിയും മുന്നോട്ടുപോകുന്ന മാനേജ്മെന്റും ഗവണ്മെന്റും ഇപ്പോൾ വിദ്യാർത്ഥികളുടെ യാത്ര അവകാശത്തിൽ കൈവെച്ചിരിക്കുകയാണ്.
കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നടപടികളുടെ തുടർച്ചയാണ് ഈ നീക്കവും. വിദ്യാർത്ഥികളുടെ യാത്ര സൗജന്യമെന്ന അവകാശം കെഎസ്ആർടിസി മാനേജ്മെന്റിന്റെ ഔദാര്യമല്ല. അത് വിദ്യാർത്ഥികളുടെ അവകാശവും സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ്. അതുകൊണ്ട് യാത്രാവകാശങ്ങൾ സംരക്ഷിക്കാൻ വിദ്യാർത്ഥികൾ സമരരംഗത്ത് അണിനിരക്കണമെന്നും എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.