കോട്ടയം ഗവ: നഴ്സിംഗ് കോളജിലെ റാഗിംഗിൽ സമഗ്ര അന്വേഷണംനടത്തി കുറ്റവാളികൾക്ക് കർശന ഉറപ്പാക്കുക: AIDSO

Share

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ വിദ്യാർത്ഥികൾക്ക് നേരിട്ട അതിക്രൂരമായ റാഗിംഗിൽ സമഗ്ര അന്വേഷണം നടത്തി പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കണമെന്ന് ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ (എഐഡിഎസ്ഒ) സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.അലീന ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുമാസക്കാലമായി വിദ്യാർത്ഥികൾ അതിക്രൂരമായ റാഗിംഗിന് വിധേയമാക്കപ്പെടുകയായിരുന്നു എന്നത് ഞെട്ടലുളവാക്കുന്നു. കേരള ഗവൺമെന്റ് സ്റ്റുഡൻസ് നഴ്സിംഗ് അസോസിയേഷൻ (കെജിഎസ്‌എൻഎ) സംസ്ഥാന സെക്രട്ടറിയും അസോസിയേഷൻ അംഗങ്ങളും ചേർന്ന് നടത്തിയ ഈ ക്രൂരകൃത്യങ്ങൾ ശ്രദ്ധയിൽ വന്നിരുന്നില്ല എന്ന കോളജ് അധികൃതരുടെ വിശദീകരണം സംശയാസ്പദമാണ്.
രാഷ്ട്രീയ പിൻബലം ഉപയോഗിച്ച് നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യാനോ മറച്ചുവെക്കാനോ കോളജ് അധികൃതർ നിർബന്ധിതരായിട്ടുണ്ടോ എന്നു പരിശോധിക്കണം. കാമ്പസുകളും ഹോസ്റ്റലുകളും ക്രിമിനൽ സ്വഭാവമുള്ള സംഘടനാ നേതാക്കളുടെ വരുതിയിൽ വിട്ടുകൊടുക്കുന്ന പ്രവണകൾക്ക് ഉടൻ തടയിടണം. കഴിഞ്ഞനാളുകളിൽ കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പുറത്തുവരുന്ന റാഗിംഗ് റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നവയാണ്. കൃത്യമായ അന്വേഷണം നടക്കാത്തതും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കപ്പെടാത്തതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. കലാലയങ്ങളിൽ ആരോഗ്യകരമായ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അഭാവവും സാംസ്കാരിക അപചയവും കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാകുന്നുണ്ട്. വിദ്യാർത്ഥികളുടെയിടയിൽ വ്യാപകമാകുന്ന ലഹരി ഉപയോഗവും സിനിമയിലെ വയലൻസുമെല്ലാം കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും അതിന്റെ തീവ്രത കൂടുന്നതിനും കാരണമാകുന്നു. ഇവ്വിധത്തിൽ സാമൂഹ്യ അരക്ഷിതത്വം വർദ്ധിപ്പിക്കുന്ന പ്രവണതകൾക്ക് തടയിടുവാനും കാമ്പസുകളെ ജനാധിപത്യവത്ക്കരിക്കാനും കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാഭ്യാസ സ്നേഹികളും ഒന്നിക്കണമെന്ന് എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

Share this post