ജനതാല്പര്യം പരിഗണിക്കാത്ത സംസ്ഥാന ബജറ്റ്

Share

 

ജനങ്ങൾ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങൾക്കൊന്നിനും പരിഹാരം കാണാൻ ശ്രമിക്കാത്ത ബജറ്റാണ് കേരള സർക്കാർ അവതരിപ്പിച്ചിരിക്കുന്നതെന്ന് എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മയോ വിലക്കയറ്റമോ കുറച്ചുകൊണ്ടുവരാൻ വ്യക്തമായ യാതൊരു പരിശ്രമവും നടത്തിയിട്ടില്ലെന്ന് മാത്രമല്ല, അവ വർദ്ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് 2018-19ലെ സംസ്ഥാന ബജറ്റിൽ നടത്തിയിരിക്കുന്നത്. നോട്ട് നിരോധനവും, ജിഎസ്ടി ഏർപ്പെടുത്തിയതും വഴി സംഭവിച്ച വമ്പിച്ച സാമ്പത്തിക പ്രതിസന്ധികളും തൊഴിൽ നഷ്ടവും പരിഹരിക്കാൻ പരിശ്രമമില്ലെന്നു മാത്രമല്ല പുതിയ തസ്തികകൾ നിരോധിക്കുകയും ചെയ്തിരിക്കുന്നു. വൻതോതിൽ വില വർദ്ധിക്കാൻ ഇടയാക്കുന്ന പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി തുക, വിലയോടൊപ്പം സംസ്ഥാന സർക്കാ രും കൂട്ടിക്കൊണ്ടിരിക്കുകയാണ്. അതിന് കുറവുവരുത്താൻ ബജറ്റിൽ ശ്രമിച്ചിട്ടില്ല.
കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ സർക്കാരിന്റെ ബാദ്ധ്യതയല്ലെന്ന് സർക്കാർ തുറന്നു പറഞ്ഞിരിക്കുന്നു. അവരുടെ ദുരിതം തുടരുമെന്ന് അർത്ഥം. റേഷൻ രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് യാതൊരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല.
കടം വൻതോതിൽ വർദ്ധിച്ച് ഇപ്പോൾ രണ്ടേകാൽ ലക്ഷം കോടി രൂപയിലെത്തിയിരിക്കുന്നു. കിഫ്ബി വഴി 50,000 കോടി കടമെടുത്ത് 9 വർഷം കഴിയുമ്പോൾ ഒരു ലക്ഷം കോടിയായി തിരിച്ചടയ്‌ക്കേണ്ട ബാദ്ധ്യതയും ജനങ്ങളുടെമേൽ വരുത്തിവയ്ക്കുന്നു. ചുരുക്കത്തിൽ ആഗോളവൽകരണ നയങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് എല്ലാ മേഖലകളിലും അനുവർത്തിക്കുന്ന നയങ്ങളുടെ പ്രതിഫലനം തന്നെയാണ് കേന്ദ്ര ബജറ്റിലെന്നപോലെ സംസ്ഥാന ബജറ്റിലും കാണുന്നത്. ഇതിലൂടെ ജനങ്ങൾക്ക് ദ്രോഹമല്ലാതെ ഗുണമൊന്നും വരാനില്ല.

Share this post

scroll to top