ജനാഭിപ്രായങ്ങളെ അവഗണിക്കുകയും ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന കേരളഭരണം

Share

ജനാധിപത്യത്തിന്റെ കാതൽ, എതിർപ്പിന്റെ സ്വരവും പ്രതിഷേധത്തിനുള്ള സ്വാതന്ത്ര്യവും അതിനോട് തുറന്ന മനസ്സു സ്വീകരിക്കുന്ന ഭരണകൂട സമീപനവുമാണ്. എന്നാൽ മുതലാളിത്തം കൂടുതൽ പ്രതിസന്ധികളിലേക്ക് പതിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ അടിസ്ഥാന ജനാധിപത്യ സ്വഭാവം തന്നെ അവർക്ക് നഷ്ടമാവുകയാണ്. തങ്ങളുടെ വർഗ്ഗത്തിന്റെ താല്പര്യത്തിന് വിരുദ്ധമായ പ്രതിഷേധത്തിന്റെ ചെറുസ്വരത്തെ പോലും അതിഭീഷണമായി അടിച്ചമർത്താനുള്ള പ്രവണത ലോകമെമ്പാടുമുള്ള മുതലാളിവർഗ്ഗ ഭരണകൂടങ്ങളുടെ വർഗ്ഗസ്വഭാവമായി മാറിയിരിക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല എന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, ‘ഇടതുപക്ഷമെന്നും’, ‘കമ്മ്യൂണിസ്റ്റ്’ എന്നുമൊക്കെ സ്വയം വിളിച്ചുകൊണ്ട് അധികാരത്തിലിരിക്കുന്ന കേരളത്തിലെ സർക്കാരും, കൃത്യമായി ഇതേ വർഗ്ഗസ്വഭാവംതന്നെ കാണിക്കുന്നതാണ് നമ്മൾ ഇന്ന് കാണുന്നത്. പ്രതിഷേധങ്ങളെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധനയമാണ് ഒന്നാമത്തെയും രണ്ടാമത്തെയും പിണറായി വിജയൻ സർക്കാരുകൾ സ്വീകരിച്ചു പോരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹജസ്വഭാവമായ, മുതലാളിത്ത നയങ്ങൾക്കെതിരെയുള്ള സമരങ്ങളെപോലും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയും, അതിനെ ഉളുപ്പില്ലാത്ത ന്യായീകരിക്കുകയും ചെയ്യുന്നവർ എന്ത് ഇടതുപക്ഷ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്? കേന്ദ്രത്തിലെ സംഘപരിവാർ സർക്കാരിന്റെ വികലനയങ്ങൾക്കെതിരെ സമരം ചെയ്താൽ, അതിനെതിരെ നടപടിയെടുക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള് ആവേശമാണ് കേരളത്തിലെ പോലീസിന്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ വാചാടോപം നടത്തുകയും (അതും അപൂർവമായി) എന്നാൽ അവർ കൊണ്ടുവരുന്ന എല്ലാ നയങ്ങളും നടപടികളും അത്യധികം ആവേശത്തോടെ നടപ്പാക്കി വിധേയവേഷം കെട്ടുകയും ചെയ്യുന്ന പിണറായി സർക്കാർ ആരുടെ വർഗ്ഗതാൽപര്യമാണ് ഉയർത്തിപ്പിടിക്കുന്നത്?


പിണറായി വിജയന്റെ ഒന്നാമത്തെയും രണ്ടാമത്തെയും സർക്കാരുകൾ സമരങ്ങളോടും പ്രതിഷേധങ്ങളോടും സ്വീകരിച്ച നടപടികളുടെ ചില ഉദാഹരണങ്ങൾ ഒന്ന് പരിശോധിക്കുക. ഇക്കഴിഞ്ഞ സെപ്റ്റംബർ 19 ന് രാവിലെ, പാലക്കാട് ചിറ്റൂർ ഗവൺമെന്റ് സ്കൂളിനു മുന്നിൽ, പ്രധാനമന്ത്രിക്ക് സമർപ്പിക്കാനുള്ള ഭീമഹർജിയിലേക്ക് ഒപ്പുശേഖരണം നടത്തിക്കൊണ്ടിരുന്ന എഐഡിഎസ് ഒ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണ സ്വകാര്യവൽക്കരണവും കേന്ദ്രീകരണവും വർഗീയവൽക്കരണവും ലക്ഷ്യം വയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന ഈ ഭീമഹർജിക്കായി ഒപ്പുശേഖരണം നടത്തിയതാണ് അവർ ചെയ്ത കുറ്റം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തികച്ചും സമാധാനപരമായി നടത്തുന്ന ഇത്തരം ഒരു ജനാധിപത്യ പ്രതിഷേധത്തെ എന്തടിസ്ഥാനത്തിലാണ് പോലീസ് തടസ്സപ്പെടുത്തുന്നത്? കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വിനാശകരമായ ഈ വിദ്യാഭ്യാസനയത്തിനെതിരെ രാജ്യമൊട്ടാകെ നടന്ന ഈ ഒപ്പുശേഖരണത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പോലീസ് നടപടി നേരിടേണ്ടി വന്നിട്ടില്ല. അപ്പോൾ കേരളത്തിലെ ‘ഇടതുപക്ഷ’ സർക്കാരിന്റെ പോലീസ് ആരുടെ നയമാണ് നടപ്പാക്കുന്നത്?
പ്രതിഷേധങ്ങൾക്കെതിരെ തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനം തന്നെയാണ് പിണറായി വിജയന് കീഴിൽ തുടക്കം തൊട്ടേ പോലീസ് സ്വീകരിച്ചിട്ടുള്ളത്. ജിഷ്ണു പ്രണോയി കേസിൽ ഡിജിപിക്കു പരാതി നൽകാൻ എത്തിയ മഹിജ എന്ന അമ്മയെ തെരുവിൽ വലിച്ചിഴച്ച പോലീസ് നടപടി മറക്കാനാകുമോ? സിപിഎം പ്രവർത്തകരും വിദ്യാർത്ഥികളുമായിരുന്ന അലനും താഹയുമടക്കം നിരവധി പേർക്കെതിരെ യാതൊരു ഔചിത്യവുമില്ലാതെ യുഎപിഎ എന്ന കരിനിയമം പ്രയോഗിക്കപ്പെട്ടില്ലേ? എട്ടു മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായ ഏറ്റുമുട്ടൽ കൊലപാതകം നടത്തിയതും കസ്റ്റഡി മരണങ്ങളും ജനാധിപത്യത്തിന് ചേർന്നതാണോ? ഇതെല്ലാം ന്യായീകരിച്ചു കൊണ്ട് പോലീസിനെ കയറൂരിവിട്ട ആളാണ് മുഖ്യമന്ത്രി. പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്ത, സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരെ ക്രൂരമായി തല്ലിച്ചതച്ചിരുന്നു. അതിനു നേതൃത്വം കൊടുത്ത ഐപിഎസ് ഉന്നതനെതിരെ അനവധി പരാതികൾ ഉയർന്നിട്ടും പിണറായി വിജയൻ സർക്കാർ അയാളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നഗരത്തിൽ എത്തുന്നതിനാൽ സമരം അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു പോലീസിന്റെ അതിക്രമം. എന്തൊരു ജനാധിപത്യബോധം! പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തസേവകരായ കേരളത്തിലെ ‘ഇടത്’ സർക്കാർ വിനീതരായി പോലീസിനെ ജനങ്ങൾക്കുമേൽ അഴിച്ചുവിട്ടിരിക്കുന്നു.
കോഴിക്കോട് ആവിക്കൽത്തോട്ടിലെ ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടക്കുന്ന ജനകീയസമരത്തിലെ പോലീസ് ലാത്തിച്ചാർജും നമ്മൾ ഓർക്കണം. ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ അന്യായമായ കരിമണൽ ഖനനത്തിനെതിരെ മാസങ്ങളായി ജനങ്ങൾ പ്രക്ഷോഭരംഗത്താണ്. പ്രക്ഷോഭത്തിന്റെ സംഘാടകനും മുൻ തഹസീൽദാരുമായ സഖാവ് ഭദ്രനെതിരെ വളരെ നിഷ്ഠുരമായ ബലപ്രയോഗമാണ് തുടക്കത്തിൽ പോലീസ് നടത്തിയത്. ഭയപ്പെടുത്തി സമരം അവസാനിപ്പിക്കാനുള്ള ഈ ശ്രമത്തെ തോൽപ്പിച്ചുകൊണ്ട് അവിടെ ബഹുജന സമരം ഇപ്പോഴും കരുത്തോടെ തുടരുന്നു. പ്രതിഷേധത്തെ ബലംപ്രയോഗിച്ച് അടിച്ചമർത്തുന്ന നയം തന്നെയാണ് അവിടെയും കണ്ടത്. കേരളത്തിലെ ഏറ്റവും വലിയ ജനകീയ സമരമായി മാറിക്കഴിഞ്ഞിരിക്കുന്ന കെ റെയിൽ വിരുദ്ധസമരത്തിനെതിരെയും പോലീസിന്റെ കായികശേഷി കെട്ടഴിച്ചുവിട്ട കാഴ്ച നമ്മൾ കണ്ടതാണ്. സ്വന്തം ഭൂമിയിലേക്ക് യാതൊരു നടപടിക്രമവും പാലിക്കാതെ കുറ്റിയടിക്കാൻ വന്ന കെ റെയിൽ സംഘത്തിനെതിരെ പ്രതിഷേധിച്ച സാധാരണക്കാരായ വീട്ടമ്മമാർക്ക് നേരെ പോലും യാതൊരു മര്യാദയോ മാന്യതയോ ഇല്ലാതെ പോലീസിന്റെ കയ്യൂക്കുപയോഗിച്ചു. അതും പോരാഞ്ഞ്, എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച സാധാരണ ജനങ്ങൾക്ക് മേൽ 250 അധികം കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ തന്നെ വിശ്വാസ്യത സംശയത്തിലായപ്പോൾ ഈ കേസുകൾ പിൻവലിച്ചു കൂടെ എന്ന് ഹൈക്കോടതിക്ക് തന്നെ ചോദിക്കേണ്ടി വന്നു. എന്നാൽ കേസുകൾ പിൻവലിക്കില്ല എന്ന ധാർഷ്ട്യം സർക്കാർ തുടരുന്നു. അടിമുടി തട്ടിപ്പായ ഇതുപോലെയൊരു പദ്ധതിക്കെതിരെ പോലും ആരും പ്രതിഷേധിക്കാൻ പാടില്ലെന്നും പ്രതിഷേധിച്ചാൽ പോലീസും കേസും ഉപയോഗിച്ചാകും അവരെ കൈകാര്യം ചെയ്യുകയെന്നും മുന്നറിയിപ്പ് നൽകുകയാണ് ഇടത് എന്നു പറയുന്ന ഈ സർക്കാർ. ആര് പ്രതിഷേധിച്ചാലും, ചട്ടവിരുദ്ധമെന്ന് കോടതി പറഞ്ഞാലും ഈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ജനത്തെ വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ജനാധിപത്യമര്യാദ.
കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾക്കെതിരെയും സാധാരണ ജനങ്ങൾക്കെതിരെയും ചുമത്തിയ കേസുകളാണ് മറ്റൊന്ന്. യഥാർത്ഥ ജനകീയ വിഷയങ്ങളിലൂന്നിയ ബഹുജന സമരങ്ങളെ അടിച്ചമർത്താനുള്ള എളുപ്പവഴിയായി കോവിഡ് അടച്ചുപൂട്ടലിനെ ഈ സർക്കാർ മാറ്റിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു നടത്തിയ ചെറിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും നേരെ കേസും ആയിരക്കണക്കിന് രൂപ പിഴയും ചുമത്തിയ പൊലീസ് തന്നെയല്ലേ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച സത്യപ്രതിജ്ഞാമാമാങ്കത്തിന് കാവൽ നിന്നത്? പോലീസ് നൽകേണ്ട സേവനങ്ങൾക്കും അനുമതികൾക്കും ഫീസ് ഏർപ്പെടുത്തിയതും അത് വൻതോതിൽ ഉയർത്തിയതും ഇക്കാലത്താണ്. മൈക്ക് അനുമതിക്കും സമാധാനപരമായ സമരരീതികൾക്കും അനുമതി ലഭിക്കാൻ ഇന്ന് വൻതുക ഫീസ് നൽകണമെന്നായിരിക്കുന്നു, വൻകിട രാഷ്ട്രീയപാർട്ടികൾക്കും ജാതിമത സംഘടനകൾക്കും ഇത് പ്രശ്നമല്ലായിരിക്കാം. പക്ഷേ ബഹുജന സമരങ്ങളെയും പ്രക്ഷോഭങ്ങളെയും നിരുത്സാഹപ്പെടുത്താനുള്ള മറ്റൊരു അടവായി ഇത് മാറിയിരിക്കുന്നു. ഇതും ജനാധിപത്യവിരുദ്ധമല്ലേ? കേരളമൊട്ടാകെ കുറ്റകൃത്യങ്ങളും കള്ളക്കടത്തും ലഹരി വ്യാപനവും കൊലപാതകങ്ങളും വർദ്ധിക്കുമ്പോൾ പോലീസിനെ നമ്മൾ കാണുന്നില്ല. അവർ തങ്ങളുടെ കാര്യക്ഷമത മുഴുവൻ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നു എന്നതാണ് നമ്മൾ കാണുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലും കടന്നുപോകുന്ന വഴിയിലും കറുത്ത മാസ്കിനും കുടയ്ക്കും വരെ നിരോധനം കൽപ്പിച്ചതും ഇതേ പൊലീസാണ്. ഇതെല്ലാം ഒരു ജനാധിപത്യത്തിന്, ഒരു ഇടത് സർക്കാരിന് ഭൂഷണമാണോ എന്നത് നമ്മൾ ചിന്തിക്കണം.


അതേ പോലെ തന്നെ, തൊഴിൽ സമരങ്ങളോടും തൊഴിലാളികളുടെ പ്രശ്നങ്ങളോടും ഈ സർക്കാർ പുലർത്തുന്ന നിലപാടുകളും ചോദ്യങ്ങളുയർത്തുന്നു. നോക്കുകൂലി എന്ന പേരിൽ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് മുഴുവൻ തൊഴിലാളികളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ മുതലാളിത്തവും അവരുടെ പിണിയാളുകളും നടത്തുന്ന ശ്രമങ്ങൾ മനസ്സിലാക്കാം. പക്ഷേ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലം തൊട്ടേ, മുതലാളിമാരെക്കാൾ ആവേശത്തിലാണ് മുഖ്യമന്ത്രിയും സർക്കാരും ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത്. തൊഴിൽ തർക്കങ്ങളിൽ പൊലീസിനെ ഇടപെടുത്താവുന്ന രീതിയിൽ നയം മാറ്റിയത് ഇവരല്ലേ? മോദി സർക്കാർ കൊണ്ടു വന്ന, തികച്ചും തൊഴിലാളിവിരുദ്ധമായ പുതിയ തൊഴിൽ നിയമങ്ങൾ അക്ഷരപ്രതി നടപ്പാക്കാനൊരുങ്ങുന്നത് കേരളത്തിലെ ഈ കപട ഇടതു സർക്കാരാണ്. കെ എസ് ആർ ടി സി യിലെ പ്രശ്നം ഇവർ കൈകാര്യം ചെയ്യുന്നത് തികച്ചും തൊഴിലാളി വിരുദ്ധമായല്ലേ? തൊഴിലാളികളുടെ ന്യായമായ സമരത്തിനു നേരെ ഭീഷണികൾ . നടപ്പാക്കാനുദ്ദേശിക്കുന്നതോ, മോദിയുടെ നയമായ 12 മണിക്കൂർ ജോലി. ഇത് നമ്മൾ കാണാതെ പോകരുത്.
ഏറ്റവും ഒടുവിൽ, സർക്കാർ ക്രൂരമായി അവഗണിച്ച കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി വന്ദ്യവയോധികയായ ദയാബായി തന്നെ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരത്തിനു വന്നപ്പോൾ സർക്കാർ സ്വീകരിച്ച നിലപാട് എത്ര മ്ലേച്ഛമാണെന്നു നോക്കൂ. മാസങ്ങൾക്കു മുന്നേ തന്നെ ദയാബായി സമരം പ്രഖ്യാപിച്ചതാണ്. പക്ഷേ നാളിതുവരെ ഇത്രയും ന്യായമായ ഡിമാന്റ് പരിഗണിക്കാനോ ചർച്ച നടത്താനോ ഈ സർക്കാർ തയ്യാറായിട്ടില്ല. സമരത്തിലേക്ക് അവരെ തള്ളിവിട്ടതിനു ശേഷം യാതൊരു മര്യാദയും തൊട്ടുതീണ്ടാത്ത സമീപനമാണ് പൊലീസും സർക്കാരും കാണിച്ചത്. സുരക്ഷയുടെ പേരുപറഞ്ഞ് ഒരു മഴമറ കെട്ടാൻ പോലും അനുവദിച്ചില്ല. മഴ നനഞ്ഞും തണുത്തു വിറച്ചും നിശ്ചയദാർഢ്യത്തോടെ സമരം തുടർന്ന ആ അമ്മയുടെ ചിത്രം നമ്മൾ ഓർക്കണം. എന്നിട്ടും ചർച്ചയ്ക്കു തയ്യാറാക്കാതെ ബലമായി ആ വയോധികയെ അറസ്റ്റു ചെയ്തു നീക്കാനാണ് പൊലീസ് ശ്രമിച്ചത്. അതിനെ അതിജീവിച്ച് തിരികെയെത്തി തുടർന്ന ദയാബായിയുടെ സമരം ഈ കപട ഇടതുപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണ്.


ദുഷിച്ച മുതലാളിത്തം സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികളിൽ പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾ, അതിന്റെ യഥാർത്ഥ കാരണക്കാരായ തങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതാൻ ഇറങ്ങും എന്ന നിതാന്തഭയം മുതലാളിവർഗ്ഗത്തിനുണ്ട്. തങ്ങളെ തകർത്തെറിഞ്ഞേക്കാവുന്ന അത്തരമൊരു വിപ്ലവപ്പോരാട്ടത്തിന്റെ സാധ്യതകളെ ഏതുവിധേനയും തകർക്കാൻ ഭരണവർഗ്ഗം എപ്പോഴും കരുതലെടുക്കുന്നു. കാതലായ പ്രശ്നങ്ങളിൽ നിന്നും ജനത്തിന്റെ ശ്രദ്ധ തിരിക്കാൻ മറ്റു വിഷയങ്ങൾ മുന്നോട്ടിട്ടു കൊടുക്കുക; നക്കാപ്പിച്ച സൗജന്യങ്ങൾ കൊടുത്ത് അതിന്റെ പേരിൽ വൻപ്രചാരണങ്ങൾ നടത്തി ജനങ്ങൾക്ക് മിഥ്യാപ്രതീക്ഷ നൽകുക; മദ്യം, മയക്കുമരുന്ന്, ലോട്ടറി അടക്കമുള്ള ചൂതാട്ടം, മാനവികമൂല്യങ്ങൾ ഒഴിവാക്കിയുള്ള കപട ആത്മീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഒക്കെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രോത്സാഹനം; വർഗീയതയെ ആളിക്കത്തിക്കൽ, ഇവയെല്ലാം തന്നെ ജനങ്ങളെ വഴിതെറ്റിക്കാനും, ജനങ്ങളുടെ സമരൈക്യം രൂപപ്പെടുന്നതിനെ തടയാനും, ഭരണവർഗ്ഗം കാലങ്ങളായി കൈക്കൊള്ളുന്ന തന്ത്രങ്ങളാണ്. ഇതോടൊപ്പം ഇപ്പോൾ ശക്തിപ്പെട്ടു വരുന്ന പ്രവണതയാണ് യഥാർത്ഥ ജനകീയ പ്രശ്നങ്ങൾക്ക് മേലുള്ള യോജിച്ച ബഹുജനസമരങ്ങളെ അടിച്ചമർത്തുകയെന്നത്. എതിർപ്പിന്റെ കുഞ്ഞുസ്വരത്തെ പോലും പ്രതിസന്ധിഗ്രസ്തമായ മുതലാളിത്തം ഭയക്കുന്നു. മുതലാളിത്തം തന്നെ മുന്നോട്ടുവച്ച, ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകൾ പോലും കാറ്റിൽപ്പറത്തി, കുത്തക മുതലാളിത്തത്തിന്റെ താൽപര്യങ്ങൾ ഏത് വിധേനയും നടപ്പാക്കിയെടുക്കാനുള്ള വിനീതഭൃത്യർ മാത്രമായി സർക്കാരുകൾ മാറുന്നു. കൃത്യമായി പറഞ്ഞാൽ, തങ്ങളുടെ താൽപര്യങ്ങൾ ഏറ്റവും വിശ്വസ്തതയോടും കാര്യക്ഷമതയോടും ഉരുക്കുമുഷ്ടിയോടെ നടപ്പാക്കുന്നവരെയാണ് ഇന്ന് മുതലാളിവർഗ്ഗം പ്രോത്സാഹിപ്പിക്കുന്നതും ഭരണത്തിലേറ്റുന്നതും. മുതലാളി വർഗ്ഗതാല്പര്യങ്ങൾ ” ആരെതിർത്താലും നടപ്പാക്കുമെന്ന്” പൊതുസമൂഹത്തെ നോക്കി പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ വിധേയത്വം പച്ചയായി തുറന്നു കാണിച്ചുകൊണ്ട് മുതലാളിവർഗ്ഗത്തിന്റെ പ്രീതിക്കായി മത്സരിക്കുന്ന നേതാക്കളയല്ലേ നാം ഇന്ന് അധികാരരാഷ്ട്രീയത്തിൽ കാണുന്നത്? ഇതിൽ, ബഹുജനസമരങ്ങളെയും ജനകീയ പ്രതിഷേധങ്ങളെയും ഏറ്റവും നിഷ്ഠൂരമായി അടിച്ചമർത്താൻ കഴിയുമെന്ന് തെളിയിക്കുന്ന, തങ്ങളുടെ പദ്ധതികൾ ഏറ്റവും നന്നായി നിർവിഘ്നം നടപ്പാക്കിത്തരുന്ന, ഏകാധിപത്യ സ്വഭാവമുള്ള നേതാക്കൾ മുതലാളിവർഗ്ഗത്തിന്റെ കാര്യസ്ഥൻമാരായി ഭരണത്തിലേറുന്നു. അവരുടെ കറുത്ത ചെയ്തികൾക്ക് നേരെ മാധ്യമങ്ങളും ജുഡീഷ്യറിയും കണ്ണടയ്ക്കുന്നു. വിവിധ കൊടികൾ പിടിച്ചാലും നയപരമായോ, വർഗ്ഗസ്വഭാവം കൊണ്ടോ, ഭരണരീതി കൊണ്ടോ, കേന്ദ്രത്തിലെ മോദി സർക്കാരും യുപിയിലെ യോഗി സർക്കാരും കേരളത്തിലെ പിണറായി വിജയന്റെ സർക്കാരും തമ്മിൽ നമുക്ക് യാതൊരു വ്യത്യാസവും കാണാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. നിലവിലെ സാഹചര്യങ്ങളിൽ തങ്ങളുടെ താൽപര്യങ്ങൾ ഏറ്റവും നന്നായി നടപ്പിലാക്കാൻ കഴിയുന്നത് ഇവർക്കാണ് എന്ന മുതലാളി വർഗ്ഗത്തിന്റെ വിശ്വാസമാണ് അവരെ അധികാരക്കസേരയിൽ ഇരുത്തുന്നത്. അത് നന്നായി മനസ്സിലാക്കി പ്രവർത്തിക്കുന്ന ഈ സർക്കാരുകളുടെ ആത്യന്തികവിധേയത്വം മുതലാളിവർഗ്ഗത്തോട് മാത്രമാണ് താനും. അവിടെ ജനാധിപത്യമര്യാദകൾക്കോ മൂല്യങ്ങൾക്കോ സ്ഥാനമില്ല.
ജനകീയസമരങ്ങളെയും പ്രതിഷേധസ്വരങ്ങളെയും ഭയപ്പെടുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകൂടനയം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. അതിലുപരി ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അന്ത:സത്തയ്ക്ക് വിരുദ്ധമാണ്. ഈ പ്രവണത ഏതൊരു സർക്കാർ പ്രദർശിപ്പിച്ചാലും, അത് മോദിയുടെ ആകട്ടെ, മമതയുടെ ആകട്ടെ, പിണറായി വിജയന്റേതാകട്ടെ, ഒരേ പോലെ എതിർക്കേണ്ടതുണ്ട്. ആ കടമ ഏറ്റെടുത്ത് ഈ നാട്ടിലെ ജനാധിപത്യ ബോധമുള്ള ഓരോ പൗരനും, വിശേഷിച്ചും ഇടതുപക്ഷ മനസ്സുള്ളവർ മുന്നോട്ടുവരണമെന്ന് കാലം ആവശ്യപ്പെടുന്നു.

Share this post

scroll to top