പത്തനംതിട്ട ജില്ലയില്‍, കോയിപ്രം പഞ്ചായത്തിലെ കടപ്ര, തട്ടക്കാട് പ്രവർത്തിച്ചിരുന്ന ബിറ്റുമിൻ ടാർ മിക്സിങ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല സമരം വിജയം വരിച്ചു. പ്ലാന്റിനെതിരെ വർഷങ്ങളായി ജനങ്ങൾ പ്രതിഷേധത്തിലാണ്.
വിഷപ്പുക ശ്വസിച്ചും അന്തരീക്ഷത്തിലെ പാറപ്പൊടിമൂലവും പ്രദേശവാസികൾ അതിരൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്ലാന്റ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് പട്ടികജാതി ഗോത്രവർഗ്ഗ കമ്മീഷനും ഉത്തരവിട്ടിരുന്നു. പഞ്ചായത്ത് അധികാരികളുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ അനിശ്ചിതകാല സമരവുമായി പ്രദേശവാസികൾ പ്ലാന്റിനു മുന്നിൽ പന്തൽ കെട്ടി പ്രതിഷേധം ആരംഭിച്ചു. സംസ്ഥാനമെമ്പാടുമുള്ള പരിസ്ഥിതി, സമരസംഘടനകളും വ്യക്തികളും പിന്തുണ അറിയിച്ചുകൊണ്ട് എത്തിച്ചേര്‍ന്നിരുന്നു.
സമരം ശക്തിപ്പെടുത്തിക്കൊണ്ട് ജൂൺ 22ന് നടന്ന പഞ്ചായത്ത് ഓഫീസ് മാർച്ച് ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിന് അനുമതി റദ്ദാക്കാൻ തീരുമാനിച്ചുവെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നും പ്ലാന്റ് പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ പ്ലാന്റ് ഉപരോധിക്കുകയും ലോഡ് കയറ്റാനെത്തിയ വാഹനം തടയുകയും ചെയ്തു. ഉപരോധക്കാര്‍ വഴിയില്‍ അടുപ്പുകൂട്ടി സമര കഞ്ഞിവെക്കാനും ആരംഭിച്ചു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികാരികള്‍ എത്തി സ്റ്റോപ്പ് മെമ്മോ കൈമാറുകയാണ് ഉണ്ടായത്. പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.