മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: ജനാധിപത്യത്തിന്റെ ജീവശ്വാസത്തെ തടയുന്നു

Share

മീഡിയ വൺ വാർത്താ ചാനലിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവച്ചിരിക്കുന്നു. ‘ദേശസുരക്ഷ’യെ മുൻനിർത്തിയാണത്രെ നടപടി. എന്നാൽ മീഡിയ വൺ ചാനൽ ദേശസുരക്ഷക്ക് അപകടകരമാകുന്ന എന്ത് കുറ്റമാണ് ചെയ്തതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ലൈസൻസ് പുതുക്കരുതെന്ന ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതായാണ് മനസ്സിലാക്കുന്നതെന്നും അതുകൊണ്ട് വിലക്ക് പിൻവലിക്കാനായി സമർപ്പിക്കപ്പെട്ട ഹർജ്ജികളിൽ ഇടപെടാനാകില്ലെന്നും മറ്റുമുള്ള ഹൈക്കോടതിയുടെ വിശദീകരണം നിശ്ചയമായും ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നു.


മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്നത്തിൻമേൽ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശയും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയും മാത്രം കണക്കിലെടുത്താല്‍ മതിയോ? നീതിയും ന്യായവും അന്തിമമായി തീരുമാനിക്കേണ്ട ജുഡീഷ്യറി എക്സിക്യുട്ടീവിന്റെ അപ്രമാദിത്വത്തിന് കീഴ്‌വഴങ്ങുന്നുവെന്നാണോ ഇതിൽനിന്ന് മനസിലാക്കേണ്ടത്? 2021 ജനുവരി 31നാണ് മീഡിയാവൺ ചാനലിന്റെ സംപ്രേക്ഷണം തടയുന്ന ഉത്തരവ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കുന്നത്. സാധാരണ പോലെ, ലൈസൻസ് പുതുക്കുന്ന തിന് ചാനൽ നൽകിയ അപേക്ഷയിൻമേലാണ് സംപ്രേഷണ വിലക്ക് തീരുമാനം വരുന്നത് എന്നതും അസ്വാഭാവികമാണ്. ഒമ്പത് വർഷം മുമ്പ്, ആ ചാനലിന് സംപ്രേഷണ അനുമതി നൽകിയതിനുശേഷം ഒരിക്കൽ പോലും ദേശസുരക്ഷാ പ്രശ്നങ്ങൾ ഉയർന്ന് വന്നിരുന്നില്ല. ഇപ്പോഴുമതേ. ദേശ സുരക്ഷ കണക്കിലെടുത്ത് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയപ്പോൾ തങ്ങളെ കേൾക്കാതെ നടപടിയുമായി മുന്നോട്ടു പോകരുതെന്ന് മാനേജ്മെന്റ് അഭ്യർത്ഥിച്ചിരുന്നു. വ്യക്തമായ എന്തെങ്കിലും ഒരു നിയമ ലംഘനം ചൂണ്ടി കാണിക്കാൻ കേന്ദ്ര സർക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ല.
സംപ്രേഷണാനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറലിന്റെ നിലപാട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചില ഫയലുകൾ മുദ്രവച്ച കവറിൽ കോടതിക്ക് നൽകിയത് ദുരൂഹത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദേശസുരക്ഷ മാത്രം ചൂണ്ടിക്കാട്ടി, വിവരങ്ങൾ മറച്ചു വയ്ക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് പെഗാസസ് കേസിൽ സുപ്രീം കോടതിതന്നെ ചൂണ്ടിക്കാട്ടിയി ട്ടുള്ളതാണ്. പൗരാവകാശങ്ങളുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യാവകാശങ്ങളുടെയും കാര്യത്തിലേക്ക് വരുമ്പോൾ ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടിയാൽ ജുഡീഷ്യറിയെ നിര്‍വീര്യമാക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടല്‍.


2011ലെ വിധിയിലും(രാംജെത് മലാനി vs യൂണിയൻ ഓഫ് ഇന്ത്യ) സുപ്രീം കോടതി ഓർമ്മിപ്പിച്ചത് “പരാതിക്കാരിൽനിന്ന് വിവരങ്ങൾ മറച്ച് വെക്കുന്നതോ സർക്കാരിന് അനുകൂലമായി വസ്തുതകളും സംഭവങ്ങളും വ്യാഖ്യാനിക്കുന്നതോ ഭരണഘടനയുടെ മുപ്പത്തിരണ്ടാം വകുപ്പ് ഉറപ്പുനൽകുന്ന മൗലികാവകാശ സംരക്ഷണത്തിന് വിരുദ്ധമാണ്” എന്നത്രെ. അപ്പോൾ ഭരണഘടനയെയും നീതിന്യായ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി മാറ്റിക്കൊണ്ട്, പാർലമെന്റിനെയും ജനാധിപത്യ വ്യവസ്ഥയെയും അപ്രസക്തമാക്കിക്കൊണ്ട് മൗലികാവകാശങ്ങൾ നഗ്നമായി തട്ടിത്തെറിപ്പിക്കുന്ന നടപടികൾ ഓരോന്നായി നമ്മുടെ രാജ്യത്ത് അരങ്ങേറുന്നുവെന്നാണിത് കാണിക്കുന്നത്. കേവലം മാധ്യമ സ്വാതന്ത്ര്യ നിഷേധമെന്നതിനപ്പുറം അനവധി ഗുരുതരമായ മാനങ്ങൾ നിറഞ്ഞതാണ് മീഡിയാവൺ സംപ്രേഷണ വിലക്ക്. തങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകൾ നൽകുന്ന ഏത് മാധ്യമ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുംവിധമുള്ള ഒരു കീഴ്വഴക്കം കൂടിയാണിതിലൂടെ സൃഷ്ട്ടിക്കപ്പെടുന്നത്.


ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഭരണകൂടത്തിന്റെ നടപടികളെ വിമർശിക്കുന്ന രൂപത്തിൽ വാർത്ത നൽകാൻ പോലുമുള്ള അവകാശം ഹനിക്കപ്പെടുന്നുവെന്നതാണ് ഏറെ ഭയാനകമായ പ്രത്യാഘാതം. രാജ്യത്തിന്റെ ജനാധിപത്യപരമായ അവശേഷിപ്പുകൾപോലും തുടച്ചു നീക്കപ്പെടുന്ന വിപൽക്കരമായ ഫാസിസ്റ്റ് കാൽവയ്പ്പാണിത്. രാജ്യസുരക്ഷയെന്ന പേരിൽ, സോഷ്യൽ മീഡിയചാനലുകൾക്കും പോർട്ടലുകൾക്കുംമേൽ ഇതിനകം വിലക്കുകൾ വീണുകഴിഞ്ഞു. ദേശീയ തലത്തില്‍ ചില ചാനലുകളെ വിരട്ടി വരുതിയിലാക്കിയതിന്റെ ഉദാഹരണങ്ങളും നമ്മെ ഏറെ അസ്വസ്ഥമാക്കുന്നതാണ്. എതിർശബ്ദങ്ങളെയെല്ലാം തടയുന്ന പ്രവണത നമ്മുടെ രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്നത് ഗുരുതരമായ ആശങ്കതന്നെയാണ്.
ഉദ്യോഗസ്ഥ ഭരണക്ലിക്ക് എ ല്ലാ തലങ്ങളിലും പിടിമുറുക്കുകയും ജനാധിപത്യ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും അതിനു കീഴിലേക്ക് കൊണ്ടുവരികയും ചെയ്യുന്നത് നിശ്ചയമായും സാമൂഹ്യ അന്തരീക്ഷത്തിൽ ഇരുൾ വീഴ്ത്തുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനം ഗുരുതരമായ ഭീഷണി നേരിടുന്ന രാജ്യമായി ഇതിനകം ഇന്ത്യ മാറിക്കഴിഞ്ഞിട്ടുണ്ട്. മീഡിയ വൺ സംപ്രേഷണ വിലക്ക് വരാനിരിക്കുന്ന നാളുകളെ കുറിച്ചുള്ള വ്യക്തമായ അപായസൂചനയാണ്. വിലക്ക് പിൻവലിപ്പിക്കാൻ ആവശ്യമായ അതിശക്തമായ പ്രതിഷേധം വളർന്ന് വരണം. ഇതര മാധ്യമ സ്ഥാപനങ്ങളും പത്രപ്രവർത്തക യൂണിയനുകളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമെല്ലാം ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. രാജ്യത്തിന്റെ ജനാധിപത്യപരമായ നിലനിൽപ്പ് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ജുഡീഷ്യറിക്ക് ഒരു പങ്കുണ്ട്. എന്നാൽ, സമീപ കാലത്ത് നഗ്നമാംവിധം അധികാരത്തിലുള്ള സർക്കാരിന്റെ ഇംഗിതമറിഞ്ഞ് പ്രവര്‍ത്തി ക്കുന്ന രീതിയാണ് പലകേസുകളിലും ജുഡീഷ്യറി സ്വീകരിച്ചുകാണുന്നത്. എക്സിക്യുട്ടീവിന്റെ ഉത്തരവുകൾക്ക് തുല്യം ചാർത്തി കൊടുക്കുന്നതല്ല ജുഡീഷ്യറിയുടെ ചുമതല എന്നുകൂടി ബഹുമാന്യ ജഡ്ജിമാരെ വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ.
മീഡിയാ വണ്ണിന്റെ സംപ്രേക്ഷണവിലക്കിനെതിരായിഎല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

Share this post

scroll to top