സയണിസ്റ്റ് ഇസ്രയേലിന് രഹസ്യമായി ആയുധംഎത്തിക്കുന്ന ഇന്ത്യാഗവൺമെന്റ് നടപടി അപലപനീയം

Share

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടി സഖാവ് പ്രൊവാഷ് ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന


ഇസ്രയേലിലേയ്ക്ക് ഇന്ത്യയിൽനിന്ന് 26.8 ടൺ സ്ഫോടകവസ്തുക്കൾ കൊണ്ടുപോയ ഡെന്മാർക്കിന്റെ കപ്പലിന് നങ്കൂരമിടാനുള്ള അനുമതി സ്പെയിൻ നിഷേധിച്ചതായി മെയ് 17ന് വാർത്ത വന്നിരുന്നു. റോക്കറ്റുകൾ, റോക്കറ്റ് എഞ്ചിനുകൾ, യന്ത്രഭാഗങ്ങൾ, പീരങ്കിയുടെ അനുബന്ധ സംവിധാനങ്ങൾ എന്നിവയൊക്കെ കപ്പലിലുണ്ടായിരുന്നു. പൂനയിലുള്ള ഒരു ഇന്ത്യൻ കമ്പനിയാണ് ഇത് കയറ്റി അയച്ചിരിക്കുന്നത്.
ഗാസയുദ്ധം തുടങ്ങിയതിനുശേഷം കഴിഞ്ഞ നവംബർ 20നും ജനുവരി ഒന്നിനും സ്ഫോടകവസ്തുക്കൾ ഇസ്രയേലിലേയ്ക്ക് അയക്കുവാൻ പ്രീമിയർ എക്സ്പ്ലോസീവ്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്ക് അനുമതി നൽകിയിരുന്നു. അമേരിക്കയുമായി ധാരണയുണ്ടാക്കി വിനാശകരമായ ഗാസ യുദ്ധത്തിൽ ഇസ്രയേലിന് ശക്തി പകരുംവിധം യുദ്ധസാമഗ്രികൾ ഇന്ത്യാഗവൺമെന്റ് എത്തിച്ചുകൊടുക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കഴിഞ്ഞമാസം ഇസ്രയേലിനുമേൽ ആയുധ നിരോധനം ഏർപ്പെടുത്തുന്നതും ഗാസയിൽ ഉടനടി യുദ്ധം നിർത്തണമെന്നും ആവശ്യപ്പെടുന്നതുമായ പ്രമേയം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ വോട്ടിനിട്ടപ്പോൾ വോട്ടിംഗിൽനിന്ന് വിട്ടുനിന്നതിലൂടെയും ഇന്ത്യാഗവൺമെന്റിന്റെ ഇസ്രയേൽ അനുകൂല നിലപാട് വ്യക്തമാക്കപ്പെട്ടതാണ്. മാനവികതയുടെയും നാഗരികതയുടെയും എല്ലാ മൂല്യങ്ങളും കാറ്റിൽപ്പറത്തി സയണിസ്റ്റ് ഇസ്രയേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കൊലയ്ക്ക് ഇന്ത്യ മനപൂർവം കൂട്ടുനിൽക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ഇന്ത്യയിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോടൊപ്പം ഉറച്ച് നിലകൊള്ളുകയാണ്. ഗാസയിലെ കൂട്ടക്കൊലയ്ക്ക് ആക്കം വർദ്ധിപ്പിക്കുംവിധം ഇസ്രയേലിലേയ്ക്ക് ആയുധ സാമഗ്രികൾ കയറ്റി അയയ്ക്കുന്ന നടപടി ഉടൻ നിർത്തണമെന്ന് ഞങ്ങൾ ഇന്ത്യാഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.

Share this post

scroll to top