1994 നവംബർ 25നാണ്, കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട്, കേരളപോലീസിന്റെ വെടിവെയ്പ്പിൽ അഞ്ചുചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവമുണ്ടായത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലാണ് സംഭവം നടന്നത്; കൊല്ലപ്പെട്ടത് അഞ്ച് ഡിവൈഎഫ് ഐ പ്രവർത്തകരും. കെ.കരുണാകരൻ മുഖ്യമന്ത്രിയും എം.വി.രാഘവൻ സഹകരണവകുപ്പുമന്ത്രിയുമായി അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരിന്റെ കാലത്ത്, സഹകരണമേഖലയിൽ, സ്വകാര്യട്രസ്റ്റിനുകീഴിൽ, പരിയാരത്ത് മെഡിക്കൽ കോളജ് ആരംഭിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇടതു വിദ്യാർത്ഥിസംഘടനകളുടെ േനതൃത്വത്തിൽ അതിശക്തമായ പ്രക്ഷോഭമാണ് അതിനെതിരെ കേരളത്തിൽ നടന്നത്. സെക്രട്ടേറിയറ്റിനുമുന്നിലെ സംയുക്തവിദ്യാർത്ഥി സമരപ്പന്തൽ കരുണാകരന്റെ പോലീസ് അടിച്ചുതകർക്കുകയും വിദ്യാർത്ഥിനേതാക്കന്മാരെ മർദ്ദിക്കുകയും ചെയ്തതോടെ സമരം കേരളമാകെ പടർന്നു, പൂർവാധികം ശക്തമായി. ഈ സാഹചര്യത്തിൽ പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുക എന്ന ആവശ്യം സർക്കാരിന് തത്വത്തിലെങ്കിലും അംഗീകരിക്കേണ്ടിവന്നു. അങ്ങനെ സമരം ഏതാണ്ട് അവസാനിച്ച സമയത്താണ്, കുത്തുപറമ്പിൽ അർബൻ സഹകരണബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ എം.വി.രാഘവനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. എം.വി.രാഘവനുനേരെ സിപിഐ(എം) പോർവിളി നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പ്രതിഷേധക്കാർക്കുനേരെയുണ്ടായ പോലീസ് വെടിവയ്പിലാണ് അഞ്ചുപേർ കൊല്ലപ്പെട്ടത്. ആ സംഭവത്തിൽ കഴുത്തിൽ വെടിയേറ്റ് ജീവച്ഛവമായി നീണ്ട മുപ്പതുവർഷക്കാലം ശയ്യാവലംബിയായിരുന്ന പുഷ്പൻ ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് മരണമടഞ്ഞു.
വെടിവയ്പ്പു നടക്കുമ്പോൾ കേവലം 24വയസ്സുള്ള ചെറുപ്പക്കാരനായിരുന്നു പുഷ്പൻ. അഞ്ചുപേരുടെ രക്തസാക്ഷിത്വംകൊണ്ട്, മൂന്ന് പതിറ്റാണ്ട് ജീവിക്കുന്ന രക്തസാക്ഷി എന്ന പരിവേഷം പുഷ്പന് ചാർത്തിക്കൊടുത്തതുകൊണ്ട് സിപിഐ(എം) എന്ന പാർട്ടിക്കുണ്ടായ രാഷ്ട്രീയനേട്ടമല്ലാതെ എന്താണ് ബാക്കി പത്രം. സങ്കുചിതമായ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി പുഷ്പനെയും സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ചെറുപ്പക്കാരെയും കുരുതികൊടുക്കുകയാണ് യഥാർത്ഥത്തിൽ സിപിഐ(എം) ചെയ്തത്. ഇപ്പോൾ പുഷ്പന്റെ മരണത്തില്‍ വിലപിക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയസമവാക്യങ്ങളുടെയും സ്വാശ്രയവിദ്യാഭ്യാസത്തിന്റെയും തത്സ്ഥിതി പരിശോധിക്കപ്പെടുകതന്നെ വേണം.
കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന്, എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഒരുവർഷത്തിനുശേഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ, കൊല്ലപ്പെട്ട അഞ്ചുചെറുപ്പക്കാരുടെ രക്തസാക്ഷിത്വത്തിന്റെയുംകൂടെ പിൻബലത്തിൽ ഇടതുപക്ഷം അധികാരത്തിലേറി, ഇ.കെ.നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇപ്പോൾ യുഡിഎഫിന്റെ ഭാഗമായിരിക്കുന്ന പി.ജെ.ജോസഫ് വിദ്യാഭ്യാസമന്ത്രിയുമായി.
കഴിഞ്ഞ മുപ്പതുവർഷത്തിനിടയിൽ, സിപിഎഐ(എം)ഉം എസ്എഫ്ഐ, ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും മരണമടഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ രക്തസാക്ഷികളെ സങ്കുചിതരാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും തിരഞ്ഞെടുപ്പുകളുടെ സമയത്ത്. സ്വാശ്രയവിദ്യാഭ്യാസത്തിനെതിരായ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് നേതാക്കന്മാർ പുഷ്പനെനോക്കി വികാരഭരിതരായി, അണികളെ ആവേശംകൊള്ളിച്ചുകൊണ്ടിരുന്നു.
വെടിവയ്പ്പിൽ സിപിഐ(എം) പ്രതിസ്ഥാനത്തുനിർത്തിയ എം.വി.രാഘവൻ, ഒരുകാലത്ത് പാർട്ടിയിലെ ‘ഗർജ്ജിക്കുന്ന സിംഹ’വും സംഭവം നടക്കുമ്പോൾ ‘കുലംകുത്തി’യുമായിരുന്നു. അതുകൊണ്ടുതന്നെ ഡിവൈഎഫ്ഐയുടെ പ്രക്ഷോഭണവും തീവ്രമായിരുന്നു. കുത്തുപറമ്പ് സംഭവത്തിനുശേഷം ഡിവൈഎഫ്ഐ പ്രവർത്തകർ എം.വി.രാഘവൻ പോയവഴികളിലെല്ലാം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. 1986ൽ ബദൽരേഖാ വിവാദത്തെത്തുടർന്ന് സിപിഐ(എം)ൽനിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് സിഎംപി എന്ന പാർട്ടി രൂപീകരിക്കുകയും പിന്നീട് യുഡിഎഫിന്റെ ഭാഗമാകുകയും ചെയ്തതോടെയാണ് എം.വി.രാഘവനോടുള്ള ശത്രുത മൂർച്ഛിച്ചത്. കാലംപോകെ വൈരമെല്ലാം പാർട്ടി സൗകര്യപൂർവം വിസ്മരിച്ചു. എം.വി.രാഘവൻ ആരംഭിച്ച രാഷ്ട്രീയപാർട്ടി സിഎംപിയും ഏതാണ്ട് കഥാവശേഷമായി. എം.വി.രാഘവനെത്തന്നെ ഏറ്റെടുക്കാൻ സിപിഐ(എം) സന്നദ്ധമായിരുന്നു. അവസാനകാലത്ത് തങ്ങൾക്കൊപ്പമായിരുന്നു എം.വി.രാഘവൻ എന്നാണ് സിപിഐ(എം) നേതാക്കന്മാർ അവകാശപ്പെടുന്നത്. പക്ഷേ, അത് സ്ഥിരീകരിക്കാനുള്ള ആരോഗ്യനിലയിലായിരുന്നില്ലത്രേ അപ്പോൾ എം.വി.രാഘവൻ. എന്തായാലും അദ്ദേഹത്തിന്റെ മരണശേഷം മകനെ പാർട്ടി അങ്ങെടുത്തു, നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് നൽകി, പിന്നീട് ജില്ലാകമ്മിറ്റിയംഗവുമാക്കി. അപ്പോഴും നവംബർ 25 ന് രക്താസാക്ഷികളുടെ പടംവച്ച് മുദ്രാവാക്യംവിളി മുറപോലെ നടന്നുകൊണ്ടേയിരുന്നു, പുഷ്പന് തീപാറുന്ന അക്ഷരങ്ങൾ ആലേഖനം ചെയ്ത പുരസ്കാരങ്ങൾ സമ്മാനിച്ചുകൊണ്ടുമിരുന്നു.
പരിയാരം മെഡിക്കൽ കോളജിന്റെ കാര്യമെടുത്താൽ, 1993ൽ കെ.കരുണാകരന്റെ കാലത്ത് പ്രവർത്തനം ആരംഭിച്ച സ്ഥാപനം, പിണറായി സർക്കാരിന്റെ ആദ്യടേമിൽ ‘സർക്കാർ ഏറ്റെടുത്തു’. ‘ഏറ്റെടുക്കൽ പ്രഖ്യാപനം’ ക്യാമ്പസിൽത്തന്നെ ആഘോഷമാക്കി. 2007 ൽത്തന്നെ പരിയാരം മെഡിക്കൽ കോളജിന്റെ ഭരണം സിപിഐ(എം) പിടിച്ചെടുത്തുകഴിഞ്ഞിരുന്നു. സിപിഐ(എം) നിയന്ത്രണത്തിലുള്ള ഭരണസമിതിയിൽനിന്നുമാണ് പിണറായി സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നത്. പരിയാരം മെഡിക്കൽ കോളജ് ഹഡ്കോയ്ക്ക് നൽകാനുള്ള 276 കോടിരൂപയുടെ കടബാധ്യതയും സർക്കാർ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള സ്വയം ഭരണസ്ഥാപനമായിരിക്കും പരിയാരം മെഡിക്കൽ കോളജെന്നും ഭരണച്ചുമതലയ്ക്കുവേണ്ടി പ്രത്യേക സൊസൈറ്റി രൂപീകരിക്കുമെന്നുമാണ് ഏറ്റെടുക്കൽ പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ ആരോഗ്യവകുപ്പുമന്ത്രിയായിരുന്ന കെ.കെ. ശൈലജ പ്രസംഗിച്ചത്. “നിയമാവലി തയ്യാറാക്കിയശേഷം സൊസൈറ്റി രജിസ്റ്റർ ചെയ്യും, സൊസൈറ്റിക്ക് മാനേജിംഗ് ഡയറക്ടറും ആശുപത്രിക്ക് ഡയറക്ടറും ഉണ്ടാകും. സ്ഥാനമൊഴിയുന്ന ഭരണസമിതിയിലെയും മുൻ ഭരണസമിതികളിലെയും അംഗങ്ങളുടെ ഭരണപരിചയവും ഉപയോഗപ്പെടുത്തും.” ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാർ നയം വ്യക്തമാക്കുന്നതായിരുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയസ്ഥാപനമായി പരിയാരം മെഡിക്കൽ കോളജ് മാറിയെന്നതാണ് ‘ഏറ്റെടുക്കൽ’ പ്രഹസനത്തിലൂടെ സംഭവിച്ചത്.
“1993ൽ, എം.വി.രാഘവന്റെ നേതൃത്വത്തിലാണ് സ്ഥാപനം പടുത്തുയർത്തപ്പെട്ടതെന്നും കേരളത്തിലെ സഹകരണമേഖലയുടെ അഭിമാനമായിരുന്നു പരിയാരം െമഡിക്കൽ കോളജ്” എന്നുമാണ് വാർത്ത പ്രസിദ്ധീകരിച്ചുകൊണ്ട് 2018, ഒക്ടോബർ 16, ചൊവ്വാഴ്ച ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. കേരളത്തിനുതന്നെ അഭിമാനവും അത്ഭുതവുമായ സ്ഥാപനത്തിനുപിന്നിൽ എം.വി.രാഘവന്റെ ചടുലമായ കരങ്ങളായിരുന്നുവെന്ന് ഊറ്റംകൊള്ളുന്നതിൽ ഏറ്റെടുക്കൽ ചടങ്ങിൽ പങ്കെടുത്ത ടി.വി.രാജേഷ് എംഎൽഎ, ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പി.കരുണാകരൻ എംപി തുടങ്ങിയ നേതാക്കൾ മത്സരിക്കുകയായിരുന്നുവെന്നും അന്നത്തെ മാധ്യമറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയംതന്നെ പുഷ്പനെക്കുറിച്ച് പാട്ടെഴുതിയും പുസ്തകമെഴുതിയും വാർഷികാഘോഷം നടത്തിയും ഈ ഇരട്ടത്താപ്പും വഞ്ചനയും മറയ്ക്കാൻ സിപിഐ(എം) പരിശ്രമിച്ചുകൊണ്ടിരുന്നു.
ഇനി കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസരംഗത്തിന്റെ കാര്യമെടുത്താൽ, മുപ്പതുവർഷംകൊണ്ട് കേരളം വിദ്യാഭ്യാസ കച്ചവടക്കാരുടെ പറുദീസയായി മാറി. സ്വാശ്രയ മെഡിക്കൽ കോളജുകളുടെ എണ്ണം 21 ആണ്. 7 മുതൽ 15ലക്ഷംരൂപവരെയാണ് ഈ കോളജുകളിലെ ശരാശരി വാർഷിക ഫീസ്. സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജുകളുടെ എണ്ണം 116, ആട്ടോണമസ് കോളജുകളുടെ എണ്ണം 19, സ്വാശ്രയ നഴ്സിംഗ് കോളജുകൾ 48, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടി ടെക്നോളജി 18, ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി 12, ഡിപ്ലോമ ഇൻ ഓഫ്ത്താൽമിക് അസിസ്റ്റന്റ് ടെക്നോളജി 8, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി 16, ഡിപ്ലോമ ഇൻ വാസ്കുലർ ടെക്നോളജി 5, ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി 3, ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി 10, ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക് 3, ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി 1, സ്വാശ്രയ പോളിടെക്നിക് സ്ഥാപനങ്ങൾ 46. ഏതാണ്ട് നാനൂറിനടുത്ത് സ്ഥാപനങ്ങൾ. ഇത് മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുടെ മാത്രം കാര്യമാണ്. ഡിഗ്രി, പിജി കോഴ്സുകളും കോളജുകളും ഇതിനുംപുറമേയാണ്. ആവശ്യത്തിന് അധ്യാപകരില്ലാതെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ, വൻതോതിൽ ഫീസ് ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങൾ കേരളത്തിലെ ഉന്നത, പ്രൊഫഷണൽ വിദ്യാഭ്യാസരംഗം കൈയടക്കിക്കഴിഞ്ഞു.
1994ൽത്തന്നെ കേരളത്തിലെ ആദ്യത്തെ സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജ്, എംഇഎസ് കോളജ് ഓഫ് എൻജിനീയറിംഗ്, മലപ്പുറത്ത് പ്രവർത്തനം ആരംഭിച്ചിരുന്നു. 2001ൽ 9 എൻജിനീയറിംഗ് കോളജുകളും 2002ൽ 27 എൻജിനീയറിംഗ് കോളജുകളും സ്വാശ്രയമേഖലയിൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. 2001ൽ മെയ് 17 വരെ ഇ.കെ.നായനാരും തുടർന്ന് എ.കെ.ആന്റണിയുമാണ് കേരളം ഭരിച്ചത്. അത്യുത്സാഹത്തോടെതന്നെ ഈ സർക്കാരുകൾ വിദ്യാഭ്യാസ കച്ചവടം നടത്തി. വി.എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രിയാ യിരുന്ന കാലത്ത് 216 സ്വാശ്രയസ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയത്. നേതാക്കന്മാർതന്നെ സ്വാശ്രയസ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവയ്ക്കൊന്നിനുമെതിരെ എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ രംഗത്തുവന്നതായി കണ്ടില്ല. സാമൂഹ്യനിയന്ത്രണമുണ്ടെങ്കില് സ്വാശ്രയസ്ഥാപനങ്ങള്‍ ആകാമെന്നതാണ് നയമെന്ന് അവര്‍ പ്രഖ്യാപിച്ചു. സ്വാശ്രയസമ്പ്രദായത്തോടുള്ള എതിർപ്പല്ല പരിയാരം മെഡിക്കൽ കോളജിനെതിരായ സമരത്തിലേയ്ക്കും തുടർന്നുള്ള സംഭവവികാസങ്ങളിലേയ്ക്കും നയിച്ചതെന്നും, എം.വി.രാഘവനെന്ന മുൻനേതാവിനോടുള്ള വ്യക്തിവൈരാഗ്യം മാത്രമായിരുന്നുവെന്നും ഇതിൽനിന്നൊക്കെ വ്യക്തമാകുകയാണ്. രാഷ്ട്രീയനേട്ടം ലാക്കാക്കി, സ്വാശ്രയവിദ്യാഭ്യാസത്തിനെതിരായ സമരത്തിന്റെ അക്കൗണ്ടിൽ അത് സൗകര്യപൂർവം ഉൾപ്പെടുത്തി എന്നുമാത്രം. അതിന് ഏതാനും ചെറുപ്പക്കാരെ കരുവാക്കി. 1993മുതൽ 2024വരെയുള്ള കാലഘട്ടത്തിൽ ഇ.കെ.നായനാരുടെയും വി.എസ്.അച്ചുതാനന്ദന്റെയും പിണറായി വിജയന്റെയും നേതൃത്വത്തിൽ നാല് ഇടതുമന്ത്രിസഭകളും കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിൽ മൂന്ന് യുഡിഎഫ് മന്ത്രിസഭകളും കേരളത്തിൽ അധികാരത്തിൽവന്നു. എല്ലാ സർക്കാരുകളും ചോദിച്ചവർക്കെല്ലാം സ്വാശ്രയസ്ഥാപനങ്ങൾ വാരിക്കോരിക്കൊടുത്തു. രണ്ട് സ്വാശ്രയ കോളജുകൾ സമം ഒരു സര്‍ക്കാര്‍ കോളജ് എന്നൊരു പുത്തൻ കണ്ടുപിടുത്തവും കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി നടത്തി. ഇ.കെ.നായനാരുടെ മന്ത്രിസഭയിൽ, ഡിപിഇപിയുൾപ്പെടെയുള്ള ലോകബാങ്കിന്റെ വിദ്യാഭ്യാസപദ്ധതികൾക്ക് ചുക്കാൻ പിടിച്ചിരുന്ന പി.ജെ.ജോസഫ് യുഡിഎഫ് പാളയത്തിലേയ്ക്ക് തിരികെപ്പോയി. അധികാരത്തിൽ മുന്നണികൾ മാറി മാറിവന്നു, കക്ഷിരാഷ്ട്രീയ സമവാക്യങ്ങളും തരംപോലെ മാറി. എന്നാൽ നയങ്ങൾ മാത്രം മാറിയില്ല.
പുഷ്പന് ഉള്‍പ്പെടെയുള്ളവരുടെ രക്തസാക്ഷിത്വവും സ്വാശ്രയവിരുദ്ധ പോരാട്ടത്തില്‍ പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥികളുടെ ത്യാഗവും വിഫലമാക്കിയത് ഇടതെന്ന് അവകാശപ്പെടുന്ന സര്‍ക്കാരുകളും കോണ്‍ഗ്രസ് സര്‍ക്കാരുകളുമാണ്.