ജോലി സമ്മർദ്ദവും അപമാനവും സർക്കാർജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു

85675726-e1731289869264.webp
Share

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം ഒറ്റപ്പെട്ടതോ ആകസ്മികമായി സംഭവിച്ചതോ അല്ല. കേരളത്തിലെ ലക്ഷക്കണക്കിനു ജീവനക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജോലി സമ്മർദ്ദങ്ങളുടെയും അധിക്ഷേപങ്ങളുടെയും ഇരകളിൽ ഒരാൾ മാത്രമാണ് അദ്ദേഹം. സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകുന്നതിനാൽ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് സമ്മേളന വേളയിൽ ക്ഷണിക്കാതെ കടന്നു വന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ അധിക്ഷേപം ആണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് എന്ന് വ്യക്തമായിരിക്കുന്നു. ഈ അധിക്ഷേപത്തിന് ആധാരമായതാവട്ടെ നിയമപരമായ യാതൊരന്വേഷണവും കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടുന്ന കാര്യങ്ങൾ അവർ പറയുന്ന സമയത്തു ചെയ്തുകൊടുത്തില്ല എന്നതാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരിക്കുന്നു.


അഴിമതിയും കൈക്കൂലിയും തടയുന്നതിനും അതിനെ നിയമപരമായി നേരിടുന്നതിനും ധാരാളം വഴികൾ ഉള്ളപ്പോൾ ഭരണകക്ഷിയുടെ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നതുമായ ആൾ ഒരു വ്യക്തിയെ അവഹേളിക്കുന്ന തരത്തിൽ പൊതുസ്ഥലത്ത് പെരുമാറുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഇതിലൂടെ ഒരു വ്യക്തിയെ അപമാനിക്കാം എന്നല്ലാതെ നിയമപരമായ ശിക്ഷ ഉറപ്പാക്കാൻ കഴിയുകയില്ല എന്നറിയാത്ത ആളല്ല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.
സമാനമായ നിരവധി സംഭവങ്ങൾ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിൽ വൈക്കം എഇഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് ആയിരുന്ന ശ്യാം കുമാർ ആ ഓഫീസിലെ എഇഒയുടെ അധികചുമതലകൂടി നൽകിയതിനെ തുടർന്ന് ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള പല ജോലികൾ ഒരേ സമയം നിറവേറ്റേണ്ടുന്ന അവസ്ഥ ഉണ്ടായതിനാൽ, ജോലി സമ്മർദ്ദത്താൽ ആത്മഹത്യ ചെയ്ത സംഭവം ഏതാനും ദിവസങ്ങൾക്കുമുമ്പ് പുറത്തുവന്നിരുന്നു. കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ ക്രൂരമായ മാനസിക പീഡനവും അമിതമായ ജോലിഭാരവും നിയമവിരുദ്ധമായി പ്രവർത്തിക്കാൻ ഉണ്ടായ സമ്മർദ്ദവും കാരണം ഈ വർഷം ആദ്യം ആത്മഹത്യ ചെയ്യുകയുണ്ടായി.
ഒക്ടോബർ 23ന്, തൃശ്ശൂർ ജില്ലയിൽ ഇന്ദു വിശ്വകുമാർ എന്ന ഐസിഡിഎസ് സൂപ്പർവൈസർ കുഴഞ്ഞുവീണു മരിച്ചതാണ് മറ്റൊരു സംഭവം. തൃശ്ശൂർ, എടവിലങ്ങ് പഞ്ചായത്ത് നടത്തിയ സ്റ്റേഡിയം ഉദ്ഘാടനത്തിന് അംഗൻവാടി ജീവനക്കാർ എത്താതിരുന്നതിൽ ക്ഷുഭിതരായ പഞ്ചായത്തിലെ ജനപ്രതിനിധികൾ ഈ ജീവനക്കാരിയെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും അതിൽ മാനസിക സമ്മർദ്ദത്തിലായ ഹൃദ്രോഗിയായിരുന്ന ഇന്ദു വിശ്വകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഈ വിഷയത്തിൽ സഹപ്രവർത്തകർ മേലധികാരികൾക്ക് നൽകിയ പരാതിയിൽ ഇത്തരം സംഭവങ്ങൾ വ്യാപകമാണ് എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
പോലീസിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ 90 ആത്മഹത്യകൾ ഉണ്ടായതായും നൂറുകണക്കിന് പോലീസുകാർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയതായും അനധികൃത ലീവെടുത്ത് രാജ്യം വിടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. സർക്കാർ ആശുപത്രികളിലെ ജീവനക്കാർ ജോലിഭാരം കൊണ്ടും ആശുപത്രികളിലെ അസൗകര്യങ്ങളുടെ പേരിൽ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും രോഷംകൊണ്ടും ബുദ്ധിമുട്ടുന്നു. സ്കൂളുകളിൽ അദ്ധ്യാപകരാകട്ടെ സ്കൂൾ നടത്തിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവും പേറുന്നവരായി മാറിയിരിക്കുന്നു. പലതരത്തിലുള്ള പരിശീലനവും റിപ്പോർട്ട് തയ്യാറാക്കലും സർക്കാർ നിർദ്ദേശിക്കുന്ന പരിപാടികളുടെ നടത്തിപ്പും കഴിഞ്ഞ് പഠിപ്പിക്കാൻ സമയം കിട്ടുന്നില്ല എന്ന സ്ഥിതിയാണ്. ഇതിനൊപ്പം ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വച്ചിരിക്കുന്നതുവഴി ലോണടവ് മുടങ്ങുന്നതും കടക്കെണിയിലാകുന്നതും സാധാരണക്കാരായ ജീവനക്കാർക്ക് താങ്ങാനാവുന്നതല്ല.


എന്താണിതിന് കാരണം


ആവശ്യത്തിന് ജീവനക്കാരില്ല എന്നതാണ് ഒന്നാമത്തെ കാരണം. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം ഉദാഹരണമായി എടുത്താൽ ഉയർന്ന ഉദ്യോഗസ്ഥരുടെ 30ൽ അധികം ഒഴിവുകൾ നികത്താതെ കിടക്കുന്നു എന്നാണ് റിപ്പോർട്ട്. തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകുകയും അത് ജീവനക്കാർക്ക് വലിയ ജോലിഭാരം ഉണ്ടാക്കുകയും ചെയ്യുന്നു. മിക്ക വകുപ്പുകളിലും താഴ്ന്ന തസ്തികകളിൽ നിന്ന് ഉയർന്ന തസ്തികകളിലേക്കുള്ള പ്രമോഷൻ പല കാരണങ്ങൾപറഞ്ഞ് തടഞ്ഞു വച്ചിരിക്കുകയാണ്. പ്രമോഷൻ നടന്നാൽ താഴ്ന്ന തസ്തികകളിൽ(എൻട്രി കേഡർ) ഒഴിവുവരുകയും അവിടെ നിയമനം നടത്തേണ്ടിവരികയും ചെയ്യും. അതൊഴിവാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ജനസംഖ്യാ വർദ്ധനവിന് അനുസൃതമായി പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതും നിയമനം കൃത്യമായി നടത്താത്തതും ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യു തുടങ്ങി പല വകുപ്പുകളിലും ജീവനക്കാർക്ക് വലിയ ജോലിസമ്മർദ്ദം ഉണ്ടാക്കുന്നു. ഓരോ വകുപ്പുകളിലും പല പുതിയ പദ്ധതികൾ സർക്കാർ വർഷം തോറും പ്രഖാപിക്കും. പക്ഷേ അതുനടപ്പാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കാറില്ല.
ഭരണ-രാഷ്ട്രീയ നേതൃത്വത്തിൽ നിന്നുണ്ടാകുന്ന അവഹേളനങ്ങളും സമ്മർദ്ദങ്ങളും മറ്റൊരു കാരണമാണ്. പ്രത്യേകിച്ചും അധികാരവികേന്ദ്രീകരണത്തിനു ശേഷം ത്രിതല പഞ്ചായത്ത്‌ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുന്നത് അസഹ്യമായ അധികാര പ്രമത്തതയാണ്. ആഗോളവൽക്കരണ നയങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്മാറി, അത് ജനങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്തം ആക്കി മാറ്റിയതാണ് അധികാര വികേന്ദ്രീകരണം എന്ന് ഓമനപ്പേരിട്ട് നടപ്പിലാക്കിയ കാപട്യം. മതിയായ പദ്ധതിത്തുക അനുവദിക്കാതെ ജനങ്ങൾക്ക് മതിയായ സേവനം നൽകാനാവാതെ ജനങ്ങളെ ജീവനക്കാർക്കെതിരെ തിരിക്കുന്ന സാഹചര്യവും ഉണ്ടായി. ജനപ്രതിനിധികൾ അവരുടെ
സ്ഥാപിത താൽപര്യങ്ങൾക്കായി നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യാൻ ഉദ്യോഗസ്ഥരുടെ മേൽ വലിയ സമ്മർദ്ദം ചെലുത്തുകയും അവസാനം അത് ഉദ്യോഗസ്ഥർക്ക് വലിയ കുരുക്കായി തീരുകയും ചെയ്യുന്നു. ഇതിനു വഴങ്ങാത്ത ജീവനക്കാരെ യാതൊരു അടിസ്ഥാനവുമില്ലാതെ എവിടെവച്ചും അവഹേളിക്കാം വ്യക്തിഹത്യ നടത്താം എന്നൊരു സ്ഥിതി ഇന്ന് നിലനിൽക്കുന്നു. കൂടാതെ, ജീവനക്കാർ ജോലി ചെയ്യാത്തവരാണ്, വലിയ ശമ്പളംപറ്റുന്നവരാണ്, അഴിമതിക്കാരാണ് തുടങ്ങി നിരവധി അടിസ്ഥാനരഹിതമായ പ്രചരണങ്ങൾകഴിഞ്ഞ കുറേ വർഷങ്ങളായി ഭരണാധികാരികൾ നടത്തികൊണ്ടിരിക്കുന്നു.
ഉന്നത ഉദ്ദ്യോഗസ്ഥർ നൽകുന്ന എത്തിപ്പിടിക്കാൻ പറ്റാത്ത “ടാർജറ്റു”കളും വ്യക്തിഹത്യയുടെ തലം വരെ നീളുന്ന അവലോകന മീറ്റിങ്ങുകളും സൃഷ്ടിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. ഇതിന്റെയൊക്കെ പരിണതഫലമാണ് വർദ്ധിച്ചുവരുന്ന ആത്മഹത്യയും മരണങ്ങളും.


അടിസ്ഥാന കാരണം ആഗോളവൽക്കരണത്തിന് അനുസൃതമായ സിവിൽ സർവ്വീസിന്റെ പൊളിച്ചെഴുത്ത്


ലോക തൊഴിലാളിവർഗ്ഗത്തിന്റെ ശക്തിസ്രോതസ്സായിരുന്ന സോവിറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകർച്ചക്കുശേഷം 1991ൽ ആരംഭിച്ച ആഗോളവൽക്കരണ നടപടികളുടെ കാലം മുതൽക്കാണ് ഇത്തരം പ്രതിലോമ നയങ്ങൾ സിവിൽ സർവ്വീസിൽ ശക്തമാകുന്നത്. കേരളത്തിൽ 1997 മെയ് മാസത്തിൽ അന്നു ഭരണത്തിൽ ഇരുന്ന ഇ.കെ.നായനാർ മന്ത്രിസഭ നിയമിച്ച സംസ്ഥാനത്തെ മൂന്നാം ഭരണപരിഷ്കാര കമ്മീഷന്റെ റിപ്പോർട്ടിൽ കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികക്ഷേമ രംഗങ്ങളിലുണ്ടായ നേട്ടങ്ങൾ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും അതിനാൽ അടിയന്തര പരിഷ്ക്കാരങ്ങൾ ആവശ്യമാണ് എന്നു പ്രസ്താവിക്കുകയും പരിഹാരമായി പങ്കാളിത്ത വികസനം നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ജനകീയാസൂത്രണം എന്ന പേരിൽ നിരവധി വകുപ്പുകളെ പഞ്ചായത്തുകൾക്കു കൈമാറുന്നതും താഴെത്തലം മുതൽ രാഷ്ട്രീയ മേലാളൻമാർക്ക് ജീവനക്കാരെ കൈകാര്യം ചെയ്യാൻ അവസരം ഒരുങ്ങുന്നതും ഇക്കാലം മുതലാണ്. തുടർന്നുവന്ന ആന്റണി ഗവൺമെന്റ് നിരവധി പ്രതിലോമ പരിഷ്കാരങ്ങൾ സിവിൽ സർവ്വീസിൽ വരുത്തുകയും മോഡണൈസിങ്ങ് ഗവൺമെന്റ് പ്രോഗ്രാം (എംജിപി) എന്ന പേരിൽ ഒരു ഉടച്ചുവാർക്കൽ പരിപാടി നടപ്പാക്കിക്കൊണ്ട് പുതിയ തസ്തിക സൃഷ്ടിക്കുന്നത് നിർത്തുകയും നിയമന നിരോധനം നടപ്പാക്കുയും ചെയ്തു. അതിനു ശേഷം ഓരോ ഗവൺമെന്റും ഈ നയങ്ങൾ പടിപടിയായി ശക്തിപ്പെടുത്തി. ഇന്ന് ഏതൊക്കെ തസ്തികകൾ വെട്ടിക്കുറക്കണം എന്നതിനെപ്പറ്റി പഠിക്കാൻ ഓരോ വകുപ്പിലും പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചിരി ക്കുന്നു. കൂടാതെ കരാർത്തൊഴിലും പുറം തൊഴിൽ കരാറും വ്യാപകമാക്കിയിരിക്കുന്നു. ഈ കരാർ/ദിവസവേതന ജീവനക്കാരാകട്ടെ എല്ലാത്തരം തൊഴിൽനിയമസംരക്ഷണങ്ങൾക്കും പുറത്താണ്. അവരുടെ കദനകഥകൾ ആരും കേൾക്കുന്നുപോലുമില്ല.


മാതൃകാ തൊഴിൽദാതാവ് എന്നനിലയിൽ പ്രവർത്തിച്ച് സ്വകാര്യ തൊഴിലുടമകളെകൊണ്ട് തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് എടുപ്പിക്കേണ്ട സർക്കാർതന്നെ ഈ രീതിയിൽ പ്രവർത്തിച്ചാൽ സംസ്ഥാനത്തെ തൊഴിൽചൂഷണം പതിന്മടങ്ങ് വർദ്ധിക്കും എന്നതിൽ സംശയമില്ല. മൂലധനതാല്പര്യങ്ങൾക്ക് തടസമേതുമില്ല എന്നുറപ്പാക്കുന്ന ‘ഈസ് ഓഫ് ഡൂയിങ്ങ്‌ ബിസ്സിനസ്സ് ‘ എന്ന ലോകബാങ്ക്-മോദി പദ്ധതിയിൽ ദേശീയ ചാമ്പ്യൻ ആയി ഒന്നാം റാങ്ക് കിട്ടി മോദി സർക്കാരിന്റെ ട്രോഫിയും വാങ്ങി മേനി നടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം അടിമുടി തൊഴിലാളിവിരുദ്ധമാണ്. ഫ്ലോർ വേജും, ഫിക്സഡ് ടൈം എംപ്ലോയ്‌മെന്റും, ഒക്കെയുള്ള പുതിയ ലേബർ കോഡുമായി വരുന്ന മോദി സർക്കാരും തൊഴിലാളികൾക്കെതിരാണ്. ഈ സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത യോജിച്ചുള്ള സമരം മാത്രമാണ് ജീവനക്കാരുടെ മുമ്പിലുള്ള ഒരേ ഒരു വഴി.

Share this post

scroll to top