ഹിന്ദുത്വരാഷ്ട്രീയം : മഹാകുംഭമേളയെ മഹാദുരന്തമാക്കി

a-266-800x445-1.webp
Share

മഹാകുംഭമേള ആത്മീയമായ ദൃഢതയുടെ ലളിതമായ സാക്ഷ്യമായിരുന്നില്ല; മറിച്ച് മുതലായിടാനും ഭരണകക്ഷിയായ ബിജെപിയുടെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ സാക്ഷാത്ക്കരിക്കാനുമായി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള മുതലാളിവര്‍ഗ്ഗത്തിന്റെ താത്പര്യം നിറവേറ്റാന്‍ രാഷ്ട്രീയമായി രൂപകല്പനചെയ്ത ഒരു മതകെട്ടുകാഴ്ചയായിരുന്നു. അധികാരികളുടെ കുറ്റകരമായ അലംഭാവംമൂലം തിക്കിലും തിരക്കിലുംപെട്ട് പൊലിഞ്ഞുപോയ മനുഷ്യ ജീവനുകള്‍ എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല.

ജനുവരി 29ന് പ്രയാഗ്‌രാജി (മുൻ അലഹബാദ് )ലെ മഹാ കുംഭമേള സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി തീർത്ഥാടകർ കൊല്ലപ്പെട്ടു. സ്നാനത്തിനായി എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകര്‍ ശുഭമുഹൂര്‍ത്തം കാത്തിരുന്ന് ഉറക്കത്തിലായിരുന്നപ്പോഴാണ് സ്നാനത്തിനുള്ള അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വയോധികരും രോഗികളുമടങ്ങുന്ന ഭക്തജനങ്ങൾ ഗംഗയുടെ തീരത്തേക്ക് പാഞ്ഞു. അതേ വഴിയിൽ കുളികഴിഞ്ഞ് തിരിച്ചു കയറുന്നവരുടെ തിരക്കും ഉണ്ടായിരുന്നു. ഇടുങ്ങിയതും ബാരിക്കേഡുകള്‍ കെട്ടിയതുമായിരുന്നു സ്നാനഘട്ട ത്തിലേയ്ക്കുള്ള വഴി. വിഐപികൾക്കായി ഉണ്ടാക്കിയ പ്രത്യേക ബാരിക്കേഡുകൾ ബഹുജനങ്ങൾക്കുള്ള പാത ഫണൽപോലെ ഇടുങ്ങിയതാക്കി. ഭക്തജനങ്ങളുടെ പ്രവാഹം വലിയ തിക്കിലും തിരക്കിലും കലാശിച്ചു. എണ്ണമറ്റയാളുകൾ ഇടുങ്ങിയ സ്ഥലത്ത് ഞെരിഞ്ഞമർന്നു. അങ്ങനെ ഏറ്റവും ശുഭകരമെന്ന് മതനേതാക്കൾ പ്രഖ്യാപിച്ച ‘മൗ നി അമാവാസിസ്നാനം’ നൂറുകണക്കിനാളുകളുടെ ജീവനെടുത്തു.
മരണസംഖ്യ ഇപ്പോഴും രഹസ്യമായി തുടരുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് ഗുരുതതരമായി പരുക്കേറ്റു. ധാരാളം പേരെ കാണാതായി. നിരവധി കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. ദിവ്യസ്നാനത്തിന് കൊതിച്ച വൃദ്ധജനങ്ങൾ നരകയാതന അനുഭവിച്ചു മരിച്ചു. മുറിവേറ്റവ രുടെയും ദുഃഖിതരുടെയും അലർച്ചയിൽ ക്ഷേത്ര മണിയൊച്ച മുങ്ങിപ്പോയി. ആംബുലൻസുകളുടെ സൈറൻ വിളിയിൽ പ്രാർത്ഥനാ മന്ത്രങ്ങൾ കേൾക്കാതായി. ലോകത്തെ ഏറ്റവും വലിയ മതാഘോഷങ്ങളിലൊന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി രേഖപ്പെടുത്തപ്പെട്ടു.
ഇതിനുമുമ്പ് പലതവണ തീപിടുത്തമുണ്ടായി. ദുരന്തത്തിനുമുൻപ് ജനുവരി 20ന് കിന്നർ ആഖാരാ ക്യാമ്പിനു സമീപമുണ്ടായ തീപിടിത്തത്തിൽ 15 ക്യാമ്പുകൾ കത്തി നശിച്ചു. തിക്കിലും തിരക്കിലുംആളുകള്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം നാഗേശ്വർ ഘട്ടിനടുത്തുള്ള ടെന്റ് സിറ്റിയിലും തീപിടിത്തമുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 7ന് വീണ്ടും മഹാകുംഭ് നഗറിലെ 18-ാം സെക്ടറിലും തീപിടിത്തം നടന്നു. മരിച്ചവരുടെ എണ്ണം കുറയ്ക്കാനായി സംസ്ഥാന സർക്കാർ മരണസർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും ആരോപണമുണ്ട്.


മനുഷ്യനിർമ്മിതമായ ദുരന്തം


ഇത് കേവലം ഒരു അപകടമല്ല; അധികാരികളുടെ കുറ്റകരമായ അനാസ്ഥയും അലംഭാവവുംകൊണ്ട് സൃഷ്ടിക്കപ്പെട്ടതും വഷളാക്കപ്പെട്ടതും ഒഴിവാക്കാനാകുമായിരുന്നതുമായ ഒരു ദുരന്തമാണ്. സാധാരണ ജനങ്ങളേക്കാൾ വരേണ്യ വിഭാഗത്തിനായിരുന്നു മുന്‍ഗണന. യുപി ഗവൺമെന്റ് 2002ൽതന്നെ, 2025 ലെ കുംഭമേളക്കുള്ള നാൾവഴികൾ രൂപകല്പന ചെയ്തിരുന്നു. കേന്ദ്രഗവൺമെന്റിന്റെ 2010 കോടി രൂപയുടെ സഹായം ഉൾപ്പെടെയുള്ള 5010 കോടി രൂപയുടെ ബജറ്റാണ് ഇതിന് തയ്യാറാക്കിയത്. ഇത് ഔദ്യോഗികമായ കണക്കാണ്. അനധികൃതമായ ചെലവഴിക്കൽ എത്ര വേണമെങ്കിലും ആകാം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്, “ഇത്തവണത്തെ മഹാ കുംഭമേള ഒരു മതപരമായ ചടങ്ങല്ല മറിച്ച് ഒരു ആഗോള അത്ഭുതദൃശ്യമായിരിക്കും. ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾക്കായി ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിൽ പ്രതിഫലിക്കുന്നത്” എന്നാണ്.
സർക്കാർ സംവിധാനങ്ങള്‍ സമ്പൂർണ്ണമായി വിനിയോഗിച്ച്, ആവശ്യമായ പ്രചാരണക്കുതിപ്പ് നൽകാൻ മാദ്ധ്യമങ്ങളിൽ സ്വാധീനം ചെലുത്തി, മറ്റെല്ലാ ഉത്തരവാദിത്തങ്ങളെയും പിന്തള്ളിക്കൊണ്ടുള്ള നീക്കമായിരുന്നു തുടര്‍ന്ന്. അങ്ങനെ മഹാകുംഭമേള ഒരു മഹാസംഭവമാക്കി ഉയർത്തിക്കാണിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹപ്രവർത്തകരും പലപ്പോഴും രാജ്യത്തിന്റെ സാങ്കേതിക വികാസത്തെപ്പറ്റിയും രാജ്യം ആഗോള ‘വന്‍ശക്തിയായി’ വളരുന്നതിനെക്കുറിച്ചും വീമ്പിളക്കാറുണ്ട്. സാങ്കേതിക പുരോഗതി എന്നതുകൊണ്ട് അവർ അർത്ഥമാക്കുന്നത് ആണവായുധങ്ങൾ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM)കൊണ്ട് ശക്തമായ ഇന്ത്യയുടെ സൈനിക ശക്തി, കൃത്രിമ ഉപഗ്രഹ വിക്ഷേപണം പോലുള്ള ബഹിരാകാശ സാങ്കേതികവിദ്യ, വിജയകരമായ ചാന്ദ്രപര്യവേഷണങ്ങൾ, ഭാവിയിലെ ‘സൂര്യദൗത്യം’ എന്നിവയൊക്കെയാണ്. മുമ്പും കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ ഈ വിജയകഥകൾ തന്നെയാണ് പറഞ്ഞതും. ഒരു പ്രത്യേക ഗ്രഹവിന്യാസത്തിന്റെ സമയത്ത് നടക്കുന്ന ദിവ്യമായ കുളിയുടെ മാഹാത്മ്യം, അതിനെന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ എന്ന കാര്യം ചര്‍ച്ചചെയ്യാതെ പ്രസംഗിക്കുകയാണ്. അതിനാൽ ഒരു ചോദ്യം ഉയർന്നുവരുന്നു-ഇത് ഒരു മതപരമായ ഒത്തു ചേരലാണോ അതോ ബിജെപിയുടെ തിരഞ്ഞെടുപ്പ് മോഹങ്ങൾ നിറവേറ്റാനായി കാവി ബ്രിഗേഡ് രൂപകല്പന ചെയ്ത ഹിന്ദുത്വ അജണ്ടയാണോ?
‘ലോകോത്തരമായ ക്രമീകരണ’ത്തെ ക്കുറിച്ചാണ് മന്ത്രിമാര്‍ വാചാലരാകുന്നത്. യഥാർത്ഥത്തിൽ അതൊന്നും അവിടെ ഉണ്ടായിരുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ സംവിധാനമോ, അടിയന്തര സഹായമെത്തിക്കാനുള്ള സംവിധാനമോ ഉണ്ടായിരുന്നില്ല. സാധാരണ ഭക്തരെ നിയന്ത്രിക്കുന്നതിനല്ല മറിച്ച് മന്ത്രിമാർ, ഉദ്യോഗസ്ഥർ, ഹിന്ദു സന്യാസിമാരായ വിഐപികൾ എന്നിവർക്ക് പാതയൊരുക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ലക്ഷക്കണക്കിനുള്ള തീർത്ഥാടകർ, അശാസ്ത്രീയമായി ആസൂത്രണം ചെയ്ത പുറത്തുകടക്കാനിടമില്ലാത്ത തിരക്കേറിയ ഇടനാഴിയിൽ കുടുങ്ങുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും കൃത്യമായി സാഹചര്യം വിലയിരുത്തുന്നതിലുമുള്ള പരാജയത്തെക്കുറിച്ച് പറയാതെ, വൻ ജനപങ്കാളിത്തമാണ് തിക്കും തിരക്കും ഉണ്ടാക്കിയതെന്നാണ് സർക്കാർ ഭാഷ്യം. യഥാർത്ഥത്തിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയവരും, ഏകോപനം നിര്‍വ്വഹിച്ചവരും പ്രതിക്കൂട്ടിലാണ്. ആവർത്തിച്ചുള്ള തീപിടുത്തവും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഈ ദുരന്തം ഭരണപരമായ ഒരു വീഴ്ച മാത്രമായിരുന്നില്ല; മനുഷ്യജീവനേക്കാൾ കെട്ടുകാഴ്ചക്ക് പ്രാധാന്യം നല്‍കുന്ന ഭരണകൂടത്തിന്റെ ഹീനമായ കുറ്റകൃത്യമായിരുന്നു.


അനന്യമായ ഗ്രഹരാശിയുടെ പിന്നിലെ ശാസ്ത്രം


പ്രപഞ്ചശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും നിയമപ്രകാരം ഓരോ 12 വർഷത്തിലും സംഭവിക്കുന്ന അനന്യമായ ഒരു ഗ്രഹ വിന്യാസമാണിത്. ഗ്രഹങ്ങളുടെ, പ്രത്യേകിച്ച് സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കാന്‍ 12 വര്‍ഷമെടുക്കുന്ന വ്യാഴത്തിന്റെയും മറ്റും ഭ്രമണചക്രവുമായി ബന്ധപ്പെട്ടാണ് ഇത് സംഭവിക്കുന്നത്. ഈ 12 വർഷത്തെ ഭ്രമണ ചക്രം സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ ചക്രവുമായി സന്ധിക്കുമ്പോൾ ഏകദേശം 144-ാം വർഷത്തിൽ സംഭവിക്കുന്ന അപൂർവ്വമായ ഗ്രഹവിന്യാസമാണ് ഇത്. എന്നാൽ ഈ സവിശേഷമായ പ്രകൃതി പ്രതിഭാസത്തിന് പിന്നിലുള്ള കാരണം പണ്ടൊന്നും അറിയുമായിരുന്നില്ല. ഇത്തരമൊരു മുഹൂർത്തത്തിൽ ആശ്ചര്യപ്പെട്ട് അന്നത്തെ ഹിന്ദുമത പണ്ഡിതന്മാർ ഇതിന് ആത്മീയ പരിവേഷം നൽകിക്കൊണ്ട് കുംഭ സ്ഥലത്ത് കുളിച്ച് ആത്മശുദ്ധി വരുത്താനും മോക്ഷം നേടാനുമുള്ള ‘മംഗളകരമായ സമയം’ എന്നിതിനെ വിളിച്ചു. പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ആ സമയത്ത് ദിവ്യമായ അമൃത് കലരുമെന്നും അവർ വിശ്വസിച്ചു. എന്നാൽ ഇപ്പോൾ ശാസ്ത്രത്തിന്റെ സഹായത്തോടെ സത്യത്തിന്റെ ചുരുൾ അഴിഞ്ഞ് കാര്യങ്ങൾ വ്യക്തമാകുമ്പോഴും പൗരോഹിത്യ പ്രബോധനങ്ങളും മതവിശ്വാസ പ്രമാണങ്ങളും ശാശ്വത സത്യമായി ഉയർത്തിക്കാട്ടിക്കൊണ്ട് അന്ധതയും അന്ധവിശ്വാസങ്ങളും വളർത്തുകയാണിവര്‍.


ജലമലിനീകരണം പതിന്മടങ്ങ് വർദ്ധിക്കും


നിരവധി മനുഷ്യ ജീവനുകൾ പൊലിയുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു എന്നതിനൊപ്പം ജനങ്ങളുടെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുന്ന മറ്റൊരു പ്രശ്നം കൂടി ഇതിലുണ്ട്. വ്യാവസായിക-നഗര മാലിന്യങ്ങൾ വൻതോതിൽ കലരുന്നതിനാൽ യമുനയിൽ അടുത്തകാലത്തായി വിഷാംശമുള്ള നുരകൾ ഉണ്ടാകുന്നുണ്ട്. ഓരോ ദിവസവും 800 ദശലക്ഷം ലിറ്ററിലധികം മലിനജലം യമുനയിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. 44 ദശലക്ഷം ലിറ്റർ വ്യാവസായിക മാലിന്യങ്ങളും ഇതേ നദിയിലേയ്ക്ക് പ്രതിദിനം തള്ളുന്നു. ശുദ്ധീകരിച്ച മലിനജലമായി നദിയിലെത്തുന്നത് ആകെയുള്ളതിന്റെ 35% മാത്രമാണ്. ഒരു കാലത്ത് നീലനിറമുണ്ടായിരുന്ന യമുനക്ക് ഇന്ന് കറുത്ത നിറമാണ്. മനുഷ്യന്റെയും മൃഗങ്ങളുടെയും മാലിന്യങ്ങളും ഗംഗയെ മലിനമാക്കുന്നു. അതുപോലെ ഗംഗയുടെ തീരത്ത് ദഹിപ്പിക്കുകയും നദിയിൽ ഒഴുക്കിവിടുകയും ചെയ്യുന്ന മൃതശരീരങ്ങൾക്ക് നേരിട്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയുമെന്നാണ് പരമ്പരാഗത ഹിന്ദു വിശ്വാസം. ഓരോ വർഷവും വാരണാസിയിൽ മാത്രം 40,000 ത്തോളം ശവശരീരങ്ങൾ കത്തിക്കുകയും ഒഴുക്കി വിടുകയും ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് നൂറുകണക്കിന് ശവശരീരങ്ങൾ ഗംഗയിൽ ഒഴുകി നടന്നത് ഓർക്കുക. ഉത്സവകാലത്ത് ലക്ഷക്കണക്കിനാളുകൾ ഗംഗയിൽ കുളിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ, ചപ്പുചവറുകൾ, പ്ലാസ്റ്റിക് ബാഗുകൾ, ഇലകൾ, പൂക്കൾ എന്നിവ പതിവായി ഗംഗയിൽ തള്ളുന്നതും മലിനീകരണം വര്‍ദ്ധിപ്പിക്കുന്നു. ഗംഗയിലും യമുനയിലും മത്സ്യങ്ങൾ ചത്തു പൊങ്ങുന്നത് പതിവായിരിക്കുന്നു. ഗംഗയിൽ കുളിക്കുന്നവർക്ക് അതിസാരം, കോളറ, ഹെപ്പറ്റൈറ്റിസ്, കടുത്ത വയറിളക്കം എന്നീ ജലജന്യ രോഗങ്ങൾ പിടിപെടുന്നതും സാധാരണമാവുകയാണ്.
നദിയിൽ മലിനജലം ഒഴുക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബൂണൽ വിവിധ ഉത്തരവുകൾ നൽകിയിട്ടും സ്ഥിതിയിൽ മാറ്റമൊന്നുമില്ല. മറിച്ച് മലിനീകരണം പലമടങ്ങ് വർദ്ധിച്ചു. പ്രധാനമന്ത്രി മോദി അധികാരത്തിലേറിയതിനുശേഷം കഴിഞ്ഞ ഒരു ദശകത്തിൽ ‘നമാമി ഗംഗ’ പരിപാടിക്കായി ചെലവിട്ട 40,000 കോടി രൂപക്ക് എന്ത് സംഭവിച്ചു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പുഴ സംരക്ഷിക്കുന്നതിനുള്ള പൊതുജന സമ്പർക്ക പരിപാടി പരാജയപ്പെട്ടു. ഗംഗയെ ശുദ്ധീകരിക്കുന്നതിനുപകരം പോഷകനദികളിൽ ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കിയത് ആവാസ വ്യവസ്ഥക്ക് ഭീഷണിയുമായി.
സ്വയമുണ്ടാക്കുന്ന മാലിന്യം കൈകാര്യം ചെയ്യാൻ നഗരം സജ്ജമല്ല. അപ്പോൾ കുംഭമേളയിൽ ലക്ഷങ്ങൾ ഒത്തുകൂടുമ്പോള്‍ എന്താകും സ്ഥിതി എന്നത് ആശങ്കയുളവാക്കുന്നു. കുംഭമേള നടക്കുന്ന ബല്ലുവ ഘട്ട് മുതൽ റസൂലാബാദ് ഘട്ട് വരെയുള്ള നിരവധി മാലിന്യത്തോടുകൾ നദിയിലേക്കാണ് ഒഴുകുന്നത്. അവ നിറയെ സംസ്കരിക്കാത്ത മാലിന്യമാണ്. ഇവയെല്ലാം കുളിക്കടവുകൾക്ക് തൊട്ടടുത്തുമാണ്. നദിയുടെ മറുകരയിലെ ആരേൽ ഘട്ടിലും ഇതുതന്നെയാണ് സ്ഥിതി. ഗംഗയുടെയും യമുനയുടെയും ത്രിവേണി സംഗമത്തിനു തൊട്ടുമുൻപ് നദിയിലേക്ക് എണ്ണമറ്റ മലിനജല തോടുകളാണ് ചേരുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ അതിൽ കുളിക്കുന്നതിന്റെ ആഘാതം താങ്ങാൻ ആ ആവാസ വ്യവസ്ഥക്ക് കഴിയുമോ? ഉത്തരം വളരെ ലളിതമാണ്. നഗരത്തിലൂടെ ഒഴുകുന്ന ഇത്തരമൊരു നദി ആവാസവ്യവസ്ഥക്ക് വലിയ പ്രഹരമാവും. ഇത് സസ്യങ്ങളെയും നദീതീര ആവാസ സമൂഹത്തെയും മത്സ്യങ്ങളെയും അപകടപ്പെടുത്തും. പ്രയാഗ്‌രാജ് നഗരമാകട്ടേ മലിനീകരണംകൊണ്ടും നാശോന്മുഖമായ നദീതീരത്തിന്റെ അവസ്ഥ കാരണവും കഷ്ടപ്പെടേണ്ടിവരും.


മനുഷ്യത്വത്തിൻ്റെ തിളക്കമാര്‍ന്ന കാഴ്ചകൾ


ആർഎസ്എസ്-ബിജെപി-സംഘപരിവാർ ഹിന്ദുത്വ സിദ്ധാന്തം, ഹിന്ദു മതഭ്രാന്തിലും ന്യൂനപക്ഷ വിരുദ്ധതയിലും, പ്രത്യേകിച്ച് മുസ്ലീം വിദ്വേഷത്തിലും അധിഷ്ഠിതമാണ്. മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും മർദ്ദിക്കപ്പെടുകയും അവരുടെ മതസ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഹിന്ദുമത ഘോഷയാത്രകൾ കടന്നുപോകുന്ന വഴികളിലെ ചെറിയ കടകളോ ഭക്ഷണ ശാലകളോ പ്രവർത്തിപ്പിക്കാൻ ന്യൂനപക്ഷങ്ങളെ അനുവദിക്കാത്തവിധം ആസൂത്രിതമായി ശത്രുത പടര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം ഹരിദ്വാറിലെ കൻവാർ യാത്ര നടക്കുന്ന വഴിയിലുള്ള ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കുന്ന ‘നെയിം പ്ലേറ്റുകൾ’ ഉണ്ടായിരിക്കണമെന്ന് ബിജെപി നേതൃത്വംനൽകുന്ന യുപി സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതും വാങ്ങുന്നതും വിലക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ. മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ധാബകൾ അടച്ചുപൂട്ടാനും ഹിന്ദു ഉടമകൾ നടത്തുന്ന ധാബകളിൽ മുസ്ലീം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. മുസ്ലീം ഉടമസ്ഥതയിലുള്ള ധാബകളിൽനിന്ന് ഭക്ഷണം കഴിക്കുന്നതുവഴി കൻവാൻ തീർത്ഥയാത്രക്കാരുടെ ശുദ്ധി നശിച്ചു പോകുമെന്നാണ് ചില ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നത്. സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾവഴി അവരുടെ കച്ചവടവും ഉപജീവനവും ഇല്ലാതായിരിക്കുന്നു.
തിക്കിലും തിരക്കിലും കുടുങ്ങിപ്പോയ ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും വൈദ്യസഹായവും നൽകുകയും മാനുഷിക മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു പ്രാദേശിക മുസ്ലീം ജനത. പരുക്കേറ്റവരെയും വിശക്കുന്നവരെയും സഹായിക്കാൻ മുസ്ലീം സന്നദ്ധ പ്രവർത്തകർ ഭക്ഷണശാലകളും വൈദ്യ സഹായ കേന്ദ്രങ്ങളും സ്ഥാപിച്ചു. ധാരാളംപേര്‍ ഇവിടെനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയില്‍ ഇതിന്റെ വീഡിയോകളും ഫോട്ടോകളും യഥേഷ്ടം കാണാം.
പിടിപ്പുകേടുകൊണ്ടുണ്ടാകുന്ന ജീവഹാനിയെ മതവിശ്വാസംകൊണ്ട് ന്യായീകരിക്കാനാകുമോ? ഇത്രയും കൊട്ടിഘോഷത്തോടെ പൊതുഖജനാവിൽനിന്നും വൻ തുക ചെലവഴിച്ചുകൊണ്ട് കുംഭമേള സംഘടിപ്പിക്കുന്നതെന്തിനാണ്? അയോദ്ധ്യയിൽ രാമക്ഷേത്രം പണിതത് ഉദ്ദേശിച്ച മൈലേജ് നൽകാതെ വന്നപ്പോൾ, ബിജെപി നേതൃത്വം തങ്ങളുടെ സങ്കചിതവും വിഭാഗീയവുമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും രാഷ്ട്രീയ, സാമ്പത്തിക താൽപര്യങ്ങളെയും മുൻനിർത്തിയാണ് മഹാ കുംഭത്തിലേക്ക് തിരിഞ്ഞത്. മതത്തിന്റെ പുറംചട്ട മാത്രമാണവർക്കുള്ളത്. മത ടൂറിസം 1.5 ലക്ഷം കോടി മുതൽ 2 ലക്ഷം കോടി രൂപവരെയുള്ള ബിസിനസ് സൃഷ്ടിക്കുമെന്ന് യുപി മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. തീർത്ഥാടകരുടെ ഗതാഗതം, താമസം, ഭക്ഷണം, ചില്ലറ വിൽപന തുടങ്ങിയവ വഴി ഈ മേഖലക്ക് കാര്യമായ സാമ്പത്തിക ഉത്തേജനം ഉണ്ടാകുമെന്ന് പല വിദഗ്ദ്ധരും പ്രവചിച്ചിട്ടുണ്ട്. അതിനാൽ ഇത് ആർഎസ്എസിനും ബിജെപിക്കും അവരുടെ യജമാനന്മാരായ ഭരണ ബൂർഷ്വാ വിഭാഗത്തിനും ഇരട്ട നേട്ടമാണുണ്ടാക്കുന്നത്.


കഴിഞ്ഞ 11 വർഷമായി ബിജെപിയാണ് അധികാരത്തിൽ. അതിനു മുൻപ് 54 വർഷത്തിലേറെ ഈ രാജ്യം ഭരിച്ചത് കോൺഗ്രസ്സാണ്. 1999 മുതൽ 2004 വരെയുള്ള 6 വർഷവും ബിജെപി ഭരിച്ചിരുന്നു. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം എല്ലാം അപരിഹാര്യമായി കുതിക്കുന്നു. ആരോഗ്യപരിരക്ഷയുടെയും ശരിയായ വിദ്യാഭ്യാസത്തിന്റെയും അഭാവത്തിൽ സാധാരണക്കാർ ഉഴലുമ്പോൾ കോർപ്പറേറ്റുകൾ സൂപ്പർ ലാഭം കൊയ്യുകയാണ്. സാമ്പത്തിക അസമത്വം വളരുന്നു. എല്ലാ ജനവിഭാഗങ്ങളിലും രോഷം മുളപൊട്ടുകയാണ്. കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ പ്രക്ഷോഭത്തിലാണ്. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പണിയെടുക്കുന്നവർ സമരത്തിലാണ്. വിനാശകരമായ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധത്തിലാണ്. യുവാക്കൾ തൊഴില്‍ ആവശ്യപ്പെടുന്നു. അതിനാൽ ബൂർഷ്വാവർഗ്ഗ താത്പര്യം സംരക്ഷിക്കാനായി, അദ്ധ്വാനിക്കുന്ന ദശലക്ഷക്കണക്കിനുള്ള ആളുകളെ ഭിന്നിപ്പിക്കുകയും അവരില്‍ വർഗ്ഗീയ വിദ്വേഷവും പരസ്പര ശത്രുതയും വളർത്തുകയുമാണ്. ജനങ്ങളുടെ യഥാർത്ഥ ജീവിത പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുവാനും ജനകീയ പ്രക്ഷോഭങ്ങളെ തടയുവാനുമാണ് ഭരണാധികാരികൾ മതവികാരം ആളിക്കത്തിച്ചുകൊണ്ട് ജനങ്ങളെ വഴി തെറ്റിക്കുന്നത്. അതിനായി മതപരമായ ഉത്സവങ്ങളെ കേന്ദ്രീകരിച്ച് വികാരം ജ്വലിപ്പിക്കാനാണ് അവരുടെ ശ്രമം.

Share this post

scroll to top