കടൽമണൽ ഖനനം : കടലും കടൽമണലും കോർപ്പറേറ്റുകൾക്ക്: ജനങ്ങള്‍ ദുരിതക്കടലില്‍

kadalmanalkhananam-1738349059525-900x506-1.jpg
Share

കേരളത്തിൽ കടൽമണൽ ഖനനത്തിന് ഒരുങ്ങുകയാണു് കേന്ദ്രസർക്കാർ. അമ്പത് വർഷത്തേക്ക് ഖനനം നടത്തുവാൻ അറബിക്കടൽ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നല്കുകയാണ്. സ്വകാര്യ കമ്പനികളിൽനിന്നും ഇതിനായി താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നു.
കടൽമണൽ ഖനനം സംബന്ധിച്ച് 2025 ജനുവരി 11-ാം തീയതി കേന്ദ്രസർക്കാർ കൊച്ചിയിൽ ഒരു നിക്ഷേപക സംഗമം നടത്തി. ധാതുമണൽ ഖനനത്തിൽ സ്വകാര്യകമ്പനികളെ വിലക്കിക്കൊണ്ട് 2019ൽ കൊണ്ടുവന്ന നിയമം റദ്ദുചെയ്തുകൊണ്ട്, 2023 ൽ സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് അനുകൂലമായി നിയമം ഭേദഗദി ചെയ്തു. ഇതിനകം തന്നെ 2022ൽ ഗൗതം അദാനി ധാതുമണൽഖനനത്തിനായി അല്ലൂവിയൽ ഹെവി മിനറൽസ് ലിമിറ്റഡ്, പുരി നാച്ച്വറൽ റിസോഴ്സ് ലിമിറ്റഡ് എന്നിങ്ങനെ രണ്ടു കമ്പനികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞിരിക്കുന്നു എന്നത് മോദി സർക്കാരിന്റെ കോർപറേറ്റ് താല്പര്യം വെളിവാക്കുന്നു.
ബിജെപി സർക്കാരിന്റെ ‘ബ്ലൂ ഇക്കണോമി’യുടെ (നീല സമ്പദ്‍വ്യവസ്ഥ) ഭാഗമാണ് കടൽമണൽ ഖനനം. കടലും കടൽതീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന ബ്ലൂ ഇക്കണോമിയെ സംസ്ഥാന സർക്കാരും ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്നു. കരിമണൽ ഖനനം കടൽമണൽ ഖനനം, ടൂറിസം, തീരദേശ ഹൈവേ, വൻകിട ട്രോളറുകൾ എല്ലാം ഇതിന്റെ ഭാഗമായാണ് വരുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കെന്ന പേരിൽ സംസ്ഥാന സർക്കാർ അതവരിപ്പിക്കുന്ന ‘പുനർഗേഹം പദ്ധതി’ മത്സ്യത്തൊഴിലാളികളെ കുടിയിറക്കി തീരം മുഴുവൻ കച്ചവട താല്പര്യത്തിന് വിട്ടുകൊടുക്കുവാനുള്ള കളമൊരുക്കലാണ്. കരിമണൽ ഖനനവും കടൽമണൽ ഖനവും അത്രമേൽ തീരശോഷണത്തിന് ഇടയാക്കും. സംസ്ഥാന സർക്കാരിന്റെ ‘മത്സ്യബന്ധന-വിപണന നിയമം 2020’ ഈ നീല-സമ്പദ്‍വ്യവസ്ഥയുടെ ചുവടുപിടിച്ചുള്ളതാണ്; മത്സ്യതൊഴിലാളികളെ ചൂഷണം ചെയ്യാനുള്ളതാണ്.
അറബിക്കടലിൽ കൊല്ലം, ആലപ്പുഴ, കൊച്ചി, ചാവക്കാട്, പൊന്നാനി എന്നീ മേഖലകളിലായി ഗുണമേന്മയുള്ള, നിർമ്മാണ ആവശ്യങ്ങൾക്കുള്ള 745 ദശലക്ഷം ഘനമീറ്റർ മണൽ നിക്ഷേപം ഉണ്ടെന്നാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന വർക്കല മുതൽ അമ്പലപ്പുഴവരെയുള്ള മേഖലയിൽനിന്നും 302 ദശലക്ഷം ഖന മീറ്റർ മണലാണ് ആദ്യഘട്ടത്തിൽ ഖനനം ചെയ്യുന്നത്. ലഭിക്കുന്ന മണലിന്റെ 10 ശതമാനം മൂല്യം വരുന്ന തുക കേന്ദ്ര സർക്കാരിന് പാട്ടം നല്കി അമ്പത് വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക്‌ നൽകുവാനാണ് കേന്ദ്ര സർക്കാർ തീരുമാനം.


കൊല്ലം പരപ്പ്


കേരളത്തിലെ നിരവധി നദികൾ ഒഴുക്കി കൊണ്ടുവരുന്ന എക്കൽ അടിഞ്ഞ് മത്സ്യ പ്രജനനത്തിന് അനുയോജ്യമായ കടൽ ആവാസവ്യവസ്ഥയാണ് വർക്കല മുതൽ അമ്പലപ്പുഴ വരെയുളള കൊല്ലം പരപ്പ്, മത്തി, അയല, നത്തോലി, കിളിമീൻ, മാന്തൽ, താട, പരവ തുടങ്ങിയ തീരക്കടൽ മത്സ്യങ്ങളുടെയും കരിക്കാടി , പൂവാലൻ, നാരൻ, കഴന്തൻ തുടങ്ങിയ ചെമ്മീൻ ഇനങ്ങളുടേയും പ്രധാനപ്രജനന കേന്ദ്രം.
കടൽകൊണ്ട് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും കടൽ പോറ്റമ്മയാണെങ്കിൽ, ലാഭക്കൊതിപൂണ്ട കോർപ്പറേറ്റുകൾക്ക് അവരുടെ ലാഭക്കുന്നു് വളർത്താനള്ള ഖനിയാണ്. ഇതാണ് കൊല്ലം പരപ്പുതന്നെ ആദ്യ ഘട്ടത്തിൽ ഖനനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിന്റെയും കാരണം.
കേരളത്തിൽ ലോഹമണൽ നിക്ഷേപം കൂടുതലുള്ള പ്രദേശമാണ്‌ കൊല്ലം ആലപ്പുഴ ജില്ലകൾ. ഇൽമനൈറ്റ്, മോണോസൈറ്റ്, റൂട്ടൈൽ, ലൂകോക്സെൻ, സിലിമിനെറ്റ്, ഗാർനെറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ മണലാണ് തീരത്തുള്ളത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ തീരത്തും കടലിൽനിന്നുതന്നെയും (സീ വാഷിംഗ്)കരിമണൽ ഖനനം നടന്നു വരികയാണ്. ഇതുമൂലം തന്നെ കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന പ്രദേശത്തിന്റെ വിസ്‍ത്രിതി പത്തിലൊന്നായി ചുരുങ്ങിയിരിക്കുന്നു. ആലപ്പുഴ ജില്ലയിൽ, ഹാർബർനിർമ്മാണത്തിന്റെയും പുനരുദ്ധാരണത്തിന്റെയും പ്രളയ ദുരന്തനിവാരണത്തിന്റെയും മറവിൽ സ്വകാര്യ കമ്പനികൾക്കു വേണ്ടി നടന്നുവരുന്ന കരിമണൽ ഖനനത്തെ തുടർന്ന് 600ൽ പരം വീടുകൾ കടൽ കവർന്നു പോയിരിക്കുന്നു. ഭരണ-പ്രതിപക്ഷ നേതാക്കൾ കരിമണൽ കമ്പനികളിൽനിന്നും ശതകോടികൾ കോഴ വാങ്ങിക്കുന്നതായി എസ്എഫ്ഐഒ അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തുടങ്ങിയ പഞ്ചായത്തുകൾ തീരശോഷണം നേരിട്ടുകൊണ്ടിരിക്കുന്നു.


കടൽമണൽ ഖനനം കടലിന്റെ ആവാസ വ്യവസ്ഥ തകർക്കും.


കോർപ്പറേറ്റുകൾക്ക് പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ എല്ലാ വാതിലുകളും തുറന്നിടുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. കേരള സർക്കാർ , ഐആർഇഎൽ, കെഎംഎംഎൽ എന്നീ പൊതുമേഖല കമ്പനികളെ മുൻനിർത്തിയും കേന്ദ്ര സർക്കാർ നിയമങ്ങൾ ഭേദഗതിചെയ്തും സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് ഒത്താശ ചെയ്യുകയാണ്.
കടലിന്റെ അടിത്തട്ടിൽ ഒന്നര മുതൽ രണ്ട് മീറ്റർവരെ കനത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിനീക്കം ചെയ്താണ് മണൽഖനനം നടക്കുക. കടൽ അടിത്തട്ടിലുള്ള ചെളി പ്രദേശം തീരക്കടൽ മത്സ്യങ്ങളായ മത്തി, അയല, നത്തോലി, മാന്തൽ, മണങ്ങ് തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളാണ്. ചെറു മത്സ്യങ്ങൾ ആഹാരം തേടുന്നതും ഇവിടെ നിന്നാണ്. ചാകര എന്ന പ്രതിഭാസവും ഈ ചെളിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അങ്ങനെ കടൽ ആവാസവ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും വൻ വിനാശം സൃഷ്ടിക്കുന്ന തായിരിക്കും കടൽമണൽഖനനം. ലോകത്തെ പ്രധാനപ്പെട്ട ഫിഷിംഗ് ഗ്രൗണ്ടുകൾ തകർച്ച നേരിടുകയാണെന്ന് ലോകാരോഗ്യ സംഘടനതന്നെ വിലയിരുത്തുന്നു. ചെറുമത്സ്യങ്ങൾ സാധാരണ ജനങ്ങളുടെ ചെലവു കുറഞ്ഞ പോഷകാഹാരവുമാണ്. കടലിൽ 40 മീറ്റർ മുതൽ 60 മീറ്റർവരെ നടത്തുന്ന ഖനനം കടൽതീരത്തിനും പ്രത്യാഘാതങ്ങൾ ഏൽപിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നടക്കുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ തന്നെ തീരത്തെ ബീച്ചുകളെല്ലാം ശോഷണം നേരിടുകയാണ്. മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളവും വലയും സൂക്ഷിച്ചിരുന്ന വിശാലമായ കടപ്പുറങ്ങൾ ഇല്ലാതായി.
കേന്ദ്ര സർക്കാരിന്റെ കടൽമണൽ ഖനനത്തിനെതിരെയും സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കരിമണൽ ഖനനത്തിനെതിരെയും തീരദേശത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന ഭരണകക്ഷി യൂണിയനുകളായ സിഐറ്റിയുവും എഐടിയുസിയും തീരം തകർക്കുന്ന കരിമണൽ ഖനനത്തെ എതിർക്കാതെ, കേന്ദ്രത്തിന്റെ കടൽമണൽ ഖനനത്തെ മാത്രം എതിർക്കുന്നതിലും ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
കരിമണൽ-കടൽമണൽ ഖനനം സ്വകാര്യ മേഖല നടത്തിയാലും പൊതുമേഖല നടത്തിയാലും പ്രത്യാഘാതങ്ങൾ ഒന്നുതന്നെയായിരിക്കും. സംസ്ഥാന സർക്കാർ നടത്തുന്ന കരിമണൽ ഖനനം അവസാനിപ്പിക്കുകയും കേന്ദ്ര കടൽമണൽ ഖനനത്തിനെതിരെ കേരള നിയമസഭ സംയുക്തമായി പ്രമേയം പാസാക്കി, കേരള ജനതയുടെ പ്രതിഷേധം കേന്ദ്ര ബിജെപി സർക്കാരിനെ ബോധ്യപ്പെടുത്തുകയും വേണം.

Share this post

scroll to top