കലാലയങ്ങളിൽ നടക്കുന്ന അതിക്രൂരമായ റാഗിംഗ് സംഭവങ്ങൾ മനഃസാക്ഷിയുള്ള ഏതൊരാളുടെയും ഉള്ളുലയ്ക്കുന്നതാണ്. കൊടും കുറ്റകൃത്യങ്ങളാണ് റാഗിംഗ് എന്ന പേരിൽ കലാലയങ്ങളിൽ നടമാടുന്നത്. എത്ര വലിയ സാംസ്കാരിക തകർച്ചയിലൂടെയാണ് നമ്മുടെ സമൂഹം കടന്നു പോകുന്നത് എന്നതിന്റെ കണ്ണിൽ തറയ്ക്കുന്ന സാക്ഷ്യങ്ങളാണ് ഓരോ സംഭവവും. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ നേരിട്ട ക്രൂരമായ പീഡനവും മരണവും മുതൽ കോട്ടയം നഴ്സിംഗ് കോളേജിൽ ഉണ്ടായ കുറ്റകൃത്യംവരെയുള്ള സംഭവങ്ങളിൽ സംഘടിത വിദ്യാർത്ഥി രാഷ്ട്രീയ ബന്ധം പ്രകടമാണ്. കലാലയങ്ങളിൽ കുറ്റവാളി സംഘങ്ങൾ പിടിമുറുക്കിയതിന്റെയും മാനവികത ചോർന്നുപോയ പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെയും ഇരകളായി നമ്മുടെ കുഞ്ഞുങ്ങൾ വിദ്യാർത്ഥി ജീവിതംപോലും പൂർത്തിയാക്കാൻ ആവാതെ പൊലിഞ്ഞു പോകുന്ന ദാരുണമായ കാഴ്ചയ്ക്ക് നാം സാക്ഷ്യം വഹിക്കേണ്ടി വരുന്നു.
കോട്ടയം നഴ്സിംഗ് കോളേജിന്റെ കവാടത്തിൽ റാഗിംഗിന് എതിരായ പോസ്റ്ററുകൾ കാണാം. എന്നാൽ, അതിനുള്ളിൽ ഒരു ഒന്നാംവർഷ വിദ്യാർത്ഥിയോട് സീനിയർ വിദ്യാർത്ഥികൾ കാട്ടിയ പൈശാചികമായ കൃത്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണുമ്പോൾ അതൊരു കലാലയം തന്നെയാണോ എന്ന സംശയമുണരും. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റാഗിംഗ് പീഡനം സഹിക്കവയ്യാതെ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ച കാഴ്ചയും കരളലിയിക്കുന്നു. കണ്ണൂരിൽ ഒന്നാംവർഷ വിദ്യാർത്ഥിയെ രണ്ടാംവർഷ പ്ലസ് ടു വിദ്യാർത്ഥികൾ കൈ അടിച്ചൊടിച്ച സംഭവമുണ്ടായതും ക്രൂരമായ റാഗിംഗ് നടത്തിയതിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടാംവർഷ എം ബിബിഎസ് വിദ്യാർഥികളിൽ 11 പേർക്ക് സസ്പെൻഷൻ നൽകേണ്ടി വന്ന സംഭവം ഉണ്ടായതും കഴിഞ്ഞ മാസമാണ്. നമ്മുടെ കലാലയങ്ങളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?.
തൊണ്ണൂറുകളിൽ കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ ഒരു വൈറസ് പോലെ ബാധിച്ചു കൊണ്ടിരുന്ന റാഗിംഗിന് എതിരെ അതിശക്തമായ റാഗിംഗ് വിരുദ്ധ നിയമനിർമാണം 1998 ൽ നടത്തിയ സംസ്ഥാനമാണ് കേരളം. യുജിസിയും റാഗിംഗ് നിരോധിച്ചുകൊണ്ട് നിയമനിർമാണം നടത്തുകയുണ്ടായി. നിലവിൽ മിക്ക കലാലയങ്ങളിലും ആന്റി റാഗിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അത്തരം സെല്ലുകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി നേതാക്കൾപോലും മനുഷ്യത്വ വിരുദ്ധമായ റാഗിംഗ് കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വയനാട്ടിലെ പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥനെ പരസ്യ വിചാരണചെയ്ത് കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാക്കൾ ജാമ്യത്തിൽ ഇറങ്ങി നടക്കുകയാണ്.
കോട്ടയം നഴ്സിംഗ് കോളേജിൽ കഴിഞ്ഞമാസം ഉണ്ടായ അതിക്രൂരമായ റാഗിംഗ് സംഭവത്തിലും പ്രതികൾ സിപിഐ(എം) രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കെജിഎസ്‌എൻ സംഘടനയിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.അപ്പോൾ നിയമങ്ങൾ കടലാസിൽ ഉറങ്ങുകയും റാഗിംഗ് കുറ്റകൃത്യങ്ങൾ നമ്മുടെ നാട്ടിൽ അനുസ്യൂതം പെരുകുകയും ചെയ്യുന്നു. അസ്വസ്ഥജനകമായ അത്തരം കലാലയ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന ട്രോമാ വിവരണാതീതമാണ്. ചെങ്കോട്ട എന്ന് എസ്എഫ്ഐ എഴുതി പിടിപ്പിക്കുന്ന കലാലയങ്ങളിൽ മുമ്പൊക്കെ രാഷ്ട്രീയ അതിക്രമങ്ങളും ഗുണ്ടായിസവും മാത്രമായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. എന്നാൽ ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടിത രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകൾ പിന്മാറിയതോടെ ആ സംഘടനകളിൽപ്പെട്ട ആളുകൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും എല്ലാത്തരം കുറ്റകൃത്യ ങ്ങളുടെയും സദാചാര വിരുദ്ധ നടപടികളുടെയും നേതാക്കളായി അധഃപതിക്കുന്നതാണ് കണ്ടത്. എസ്എഫ്ഐയും മറ്റും നേതൃത്വം കൊടുത്ത അക്രമ രാഷ്ട്രീയം കലാലയങ്ങളെ വൻതോതിൽ അരാഷ്ട്രീയ കേന്ദ്രങ്ങളാക്കി മാറ്റി.
തൽഫലമായി, സ്വകാര്യ സ്വാശ്രയകോളജുകളിൽ മാത്രമല്ല സർക്കാർ എയ്ഡഡ് കോളജുകളിൽപോലും സാംസ്കാരിക അന്തരീക്ഷം വളരെ വേഗം മോശപ്പെട്ടതായി മാറി. അക്കാദമികമായ സമ്പ്രദായങ്ങളിൽ വരുത്തിയ വികലമായ പരീക്ഷണങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഗൗരവം ചോർത്തിക്കളഞ്ഞു. വായനയോ സാഹിത്യപ്രവർത്തനങ്ങളോ ഗൗരവപ്പെട്ട സാംസ്കാരിക പ്രവർത്തനങ്ങളോ കലാലയങ്ങളിൽ കാണാനില്ലാതായി. നിയമം നോക്കുകുത്തിയായി. വിദ്യാർത്ഥികൾക്ക് ആത്മബലം പകർന്നു നൽകുന്ന യാതൊന്നും കലാലയങ്ങളിൽ അവശേഷിക്കുന്നില്ലായെന്ന് പറയാം. അധ്യാപകർ പോലും പലപ്പോഴും നിസ്സഹായരായി പോകുന്ന സ്ഥിതിയാണ്.
അതിഭീകരമായ വിധത്തിൽ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്ന സമീപകാല സിനിമകളുടെ അടിമകളായി പുതുതലമുറ വിദ്യാർഥികൾ മാറിത്തീർന്നിരിക്കുന്നു എന്ന വശവും ഇതോടൊപ്പം തന്നെ കാണേണ്ടതുണ്ട്. മറ്റു മനുഷ്യരുടെ വേദനയിൽ സഹാനുഭൂതി തോന്നുന്ന നനുത്ത വികാരങ്ങൾ ചോർത്തിക്കളയുന്ന സിനിമകൾ എന്ത് സന്ദേശമാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്? കുറ്റകൃത്യങ്ങളുടേതായ, വിഷമകരമായ സാമൂഹ്യ- സംസ്കാരിക സാഹചര്യത്തിലൂടെ കടന്നുപോകുന്ന നമ്മുടെ വിദ്യാർത്ഥികൾ എങ്ങനെയാണ് നല്ല മനുഷ്യരായി വളരുക? അപ്പോൾ, റാഗിംഗ് എന്ന കുറ്റകൃത്യത്തിന്റെ മനഃശാസ്ത്രത്തെ വിശകലനം ചെയ്യുവാൻ നമ്മുടെ നാടിന്റെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം കൂടി പരിഗണിക്കേണ്ടതായി വരും.
മൂല്യരാഹിത്യം ഒരു സമൂഹത്തെ വഷളൻ സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കും. മൂല്യവത്തായ ഒരു വ്യവസ്ഥയ്‌ക്ക് മാത്രമേ മൂല്യമുള്ള ജനതയെ വാർത്തെടുക്കാനാവൂ എന്ന കാര്യം ഓർക്കുക. മാനവിക വിഷയങ്ങളുടെ പഠനം വിജ്ഞാനം മാത്രമല്ല മനുഷ്യന് മൂല്യങ്ങളും പകർന്നു നൽകാൻ സഹായിക്കും. കേവലം സാങ്കേതികശേഷി മാത്രം പഠിപ്പിക്കുന്ന കലാശാലയിൽ നിന്ന് മാനവിക ബോധമുള്ള, മൂല്യങ്ങളുള്ള മനുഷ്യരുണ്ടാവില്ലല്ലോ. മൂല്യങ്ങൾ സാമൂഹ്യ സമരത്തിന്റെ സൃഷ്ടിയാണ്. മാനവിക മൂല്യങ്ങൾ നഷ്ടപ്പെട്ടാൽ ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം എത്ര കർശനമായ ശിക്ഷാ നടപടികൾ നടപ്പാക്കിയാലും കുറ്റകൃത്യങ്ങളുടെ വേരറുക്കാൻ കഴിയാതെ വിഷമിക്കേണ്ടിവരും. എന്തുകൊണ്ടെന്നാൽ, പ്രശ്നത്തിന്റെ മൂലകാരണം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളിലാണ് കുടികൊള്ളുന്നത് എന്നതു തന്നെ.
അപ്പോൾ റാഗിംഗ് എന്ന കുറ്റകൃത്യത്തിന്റെ അടിസ്ഥാന കാരണങ്ങൾ ഇല്ലാതാക്കാനുള്ള ഒരു രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനം വളർന്നു വരിക എന്നതാണ് ഏറ്റവും അടിയന്തര പ്രാധാന്യമുള്ള കാര്യം. ആ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഏറ്റവും മാതൃകായോഗ്യമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അവരെപ്പോലും മനുഷ്യരാക്കി മാറ്റാൻ ഉതകുന്ന, നവീകരണത്തിലേക്ക് നയിക്കാൻ കഴിയുന്ന, ആഴമാർന്ന സാംസ്കാരികസമരങ്ങൾ വളർന്നു വരണം. അതിൽ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്കും കലാലയങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷത്തിനും വളരെ നിർണായകമായ സ്ഥാനമുണ്ട് എന്ന കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ.