ജിഷ്ണുവിന്റെ ഘാതകരെ തുറങ്കിലടയ്ക്കാതെ കേരളം പൊറുക്കില്ല

jishnu-shajer-2-1.jpg
Share

ഒരുപാട് സ്വപ്നങ്ങളുമായി എഞ്ചിനിയറിംഗ് വിദ്യാഭ്യാസം നേടാൻ കലാലയത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ നടന്നുപോയ പമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണുപ്രണോയിയുടെ അതിദാരുണമായ അന്ത്യത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്ന കേരള സമൂഹം, രണ്ടു മാസത്തിന് ശേഷവും പ്രതികളെ അന്വേഷിച്ച് നടക്കുന്ന സംസ്ഥാന പോലീസ് സേനയുടെ നിഷ്‌ക്രിയത്വത്തെ പല വിധത്തിൽ അപലപിക്കുകയുണ്ടായി. നിയമത്തിന്റെ ദുർബ്ബലമായ കണ്ണികൾ പൊട്ടിച്ചുകളഞ്ഞ് രക്ഷപ്പെടാൻ അനായാസം കഴിയുന്ന ഉന്നതരാണ് പ്രതിസ്ഥാനങ്ങളിൽ നിൽക്കുന്നതെന്ന കാര്യം ഏവർക്കുമറിയാം. സ്വാശ്രയ കലാലയങ്ങൾ വിദ്യാർത്ഥികളുടെ ജീവനെടുക്കുന്ന സ്ഥാപനങ്ങളായി മാറിയാലും, അതിന് നേതൃത്വം നൽകുന്നവർ അതത് സ്ഥാപനമേധാവികൾ തന്നെയാണെന്ന് തെളിയിക്കപ്പെട്ടാലും ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവരൊക്കെ രക്ഷപ്പെടും എന്നതിന്റെ തെളിവാണ് ജിഷ്ണുവധവും അതിനെതുടർന്ന് പോലീസും ഗവൺമെന്റും മാനേജ്‌മെന്റും പരസ്പരധാരണയോടെ നടത്തികൊണ്ടിരിക്കുന്ന ഒത്തുകളികളും.

ജിഷ്ണുവിനെ കൊന്നതാണ്. എന്നാൽ, അത് തെളിയിക്കാൻ രാഷ്ട്രീയ ഇടപെടൽ കാരണം പോലീസ് തയ്യാറല്ല. കൊലക്കുറ്റത്തിന് പകരം കേസ്സ് ആത്മഹത്യാ പ്രേരണാകുറ്റം മാത്രമായി കോടതി മുറിയിൽ മാറിയതെങ്ങനെയെന്നും എന്തുകൊണ്ടാണ് തെളിവുകൾ വളരെ വിദഗ്ദമായി തേയ്ച്ചുമായ്ച്ചുകളഞ്ഞതെന്നും മനസ്സിലാക്കാൻ സാധാരണ ജനങ്ങൾക്ക് കഴിയുന്നുണ്ട്.ഒന്നാം പ്രതി പി.കൃഷ്ണദാസ് മുൻകൂർ ജാമ്യം നേടിയതെങ്ങനെയെന്നും വ്യക്തമാണ്.
നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ജിഷ്ണുവിനെ മുമ്പേ തന്നെ നോട്ടമിട്ടിരുന്നു. മാനേജുമെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിട്ട ജിഷ്ണു, കോളേജ് മാനേജ്‌മെന്റ് സെമസ്റ്റർ പരീക്ഷ പെട്ടെന്ന് നടത്താൻ തീരുമാനിച്ച നടപടിയേയും ചോദ്യം ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷകൾ ഏറ്റവും ചുരുങ്ങിയത് പതിനഞ്ചുദിവസം മുമ്പെങ്കിലും അറിയിപ്പ് നൽകിവേണം നടത്താൻ എന്ന് ചൂണ്ടിക്കാണിക്കുകയും പരാതി നൽകുകയും സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തുകയും ചെയ്ത ജിഷ്ണുവിനെതിരെ പ്രതികാരനടപടിയെന്ന നിലയിലാണ് കോളേജ് ചെയർമാൻ പി.കൃഷ്ണദാസിന്റെ നിർദ്ദേശപ്രകാരം പിആർഒ സഞ്ജിത്ത് വിശ്വനാഥനും അസിസ്റ്റന്റ് പ്രൊഫ. സി.പി.പ്രവീണും വൈസ് പ്രിൻസിപ്പാൾ ശക്തിവേലും ചേർന്ന് കോപ്പിയടിച്ചെന്ന കള്ളക്കഥ മെനയാൻ തീരുമാനിച്ചത്. പരീക്ഷയ്ക്കിടയിൽ, വൈസ് പ്രിൻസിപ്പാൾ ശക്തിവേലും സഞ്ജിത്ത് വിശ്വനാഥനും ഹാളിൽകയറി ജിഷ്ണുവിന്റെ ഉത്തരക്കടലാസ് ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി, കോപ്പിയടിച്ചുവെന്ന് അന്യായമായി ആരോപിച്ച,് എഴുതിയ ഉത്തരങ്ങൾ വെട്ടിക്കളയാൻ നിർബന്ധിച്ചു.

അങ്ങനെയൊരു കോപ്പിയടി യഥാർത്ഥത്തിൽ അവിടെ നടന്നിട്ടില്ലായെന്ന് ആ ഹാളിൽ പരീക്ഷയ്ക്കിരുന്ന എല്ലാ വിദ്യാർത്ഥികളും ഏകസ്വരത്തിൽ പറയുന്നു. ജിഷ്ണു കണ്ടെഴുതിയെന്ന് പറയുന്ന വിദ്യാർത്ഥി(മറ്റൊരു ജിഷ്ണു) ഇരുന്നത് ജിഷ്ണുവിന്റെ മുമ്പിലാണ്. ഉത്തരമെഴുതുന്നത് കടലാസിലല്ലായിരുന്നു, ബുക്ക്‌ലെറ്റ് മോഡൽ ആൻസർ ഷീറ്റിലായിരുന്നു. അതുകൊണ്ടുതന്നെ എഴുന്നേറ്റ് നിന്നാൽ മാത്രമേ കോപ്പിയടിക്കാൻ കഴിയൂ. കണ്ടെഴുതിയെന്ന വാദം പൊളിഞ്ഞതോടെയാണ് തുണ്ടുകടലാസ് വെച്ചാണ് കോപ്പിയടിച്ചത് എന്ന കഥയുണ്ടാക്കിയത്. എന്നാൽ, ആ തുണ്ട് കടലാസ് കാണിക്കാൻ ജിഷ്ണുവിന്റെ ബന്ധുക്കൾ പി.കൃഷ്ണദാസിനോട് ആവശ്യപ്പെട്ടപ്പോൾ അയാളുടെ ഭാവം മാറി. വെറുതെ പ്രശ്‌നമുണ്ടാക്കാൻ നിൽക്കണ്ടായെന്നാണ് കൃഷ്ണദാസ് പ്രതികരിച്ചതെന്നാണ് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞത്.

ജിഷ്ണുവിന് ഇടിമുറിയിൽ ക്രൂരപീഡനം

കോപ്പിയടിച്ചിട്ടില്ലായെന്ന് കരഞ്ഞു പറഞ്ഞുകൊണ്ടിരുന്ന ജിഷ്ണുവിന്റെ നേരെ ആക്രോശിച്ചുകൊണ്ട് വൈസ് പ്രിൻസിപ്പാൾ ശക്തിവേൽ, കോപ്പിയടിച്ചതിന്റെ പേരിൽ പിടികൂടിയതിനാൽ ഉത്തരകടലാസുകൾ വെട്ടിക്കളഞ്ഞതാണെന്ന് എഴുതികൊടുക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം പിആർഒയുടെ മുറിയിലേയ്ക്ക് കൊണ്ടുപോയ ജിഷ്ണുവിനെ അതിക്രൂരമായിട്ടാണ് ശക്തിവേലും സഞ്ജിത്തും പ്രവീണും ചേർന്ന് മർദ്ദിച്ചത്. അവരുടെ മുറികളിൽ കണ്ട ചോരപ്പാടുകൾ ജിഷ്ണുവിന്റേത് തന്നെയാണെന്ന് കരുതേണ്ടിവരും. 5.15 ന് പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്നും ജിഷ്ണു ഹോസ്റ്റലിലേയ്ക്ക് നടന്നുപോയത് കണ്ടത് ജിഷ്ണുവിന് മുന്നിലിരുന്ന് പരീക്ഷയെഴുതിയ വിദ്യാർത്ഥിതന്നെയായിരുന്നു. എന്നാൽ, ഹോസ്റ്റലിൽ എത്തുന്നത് ആറുമണി സമയം കഴിഞ്ഞിട്ടാണ്. 6.45 നാണ് ഒരു തോർത്ത് കഴുത്തിൽ കുരുങ്ങിയ രീതിയിൽ, ഹോസ്റ്റൽ മുറിയിലെ ഡ്രെസ്സ്‌ക്ലിപ്പിൽ തൂങ്ങിയ നിലയിൽ ജിഷ്ണുവിനെ കണ്ടെത്തുന്നത്. അപ്പോൾ, ജിഷ്ണുവിന് ജീവനുണ്ടായിരുന്നു. എന്നാൽ, ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ അദ്ധ്യാപകൻ സി.പി.പ്രവീൺതന്റെ കാർ നൽകാൻ വിസമ്മതിക്കുകയാണുണ്ടായത്. വിദ്യാർത്ഥികൾ മറ്റൊരു കാർ സംഘടിപ്പിച്ചിട്ടാണ് ജിഷ്ണുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നത്. എന്തുകൊണ്ടാണ്, മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന സ്വന്തം വിദ്യാർത്ഥിയെ ആശുപത്രിയിലെങ്കിലും എത്തിക്കാനുള്ള കരുണ കാട്ടാൻ ആ അധ്യാപകൻ തയ്യാറാകാതിരുന്നത്?

എല്ലാതെളിവുകളും നശിപ്പിച്ചു

ജിഷ്ണുവിന്റെ മരണശേഷം മാനേജ്‌മെന്റ് പ്രതിനിധികളാരും ഒരിക്കൽ പോലും ജിഷ്ണുവിന്റെ വീട്ടിലെത്തുകയോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്തില്ല. പോസ്റ്റുമാർട്ടം ഒരു ഫോറൻസിക് വിദഗ്ധന്റെ സാന്നിദ്ധ്യത്തിൽ നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും അതിന് അധികാരികൾ തയ്യാറായില്ല. പി.ജി.വിദ്യാർത്ഥി നടത്തിയ പോസ്റ്റുമാർട്ടം അനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ജിഷ്ണുവിന് മർദ്ദനമേറ്റതിന്റെ എന്തെങ്കിലും സൂചനകൾ പോലും കാണുന്നില്ല. എന്നാൽ, പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ മൂക്കിൽ മുറിവിന്റെ പാടും കാൽവെള്ളയിലും കൈയിലും തോളിലും അടിയേറ്റതിന്റെയും രക്തം കട്ടപിടിച്ചതിന്റെയും പാടുകൾ ഉണ്ട് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതെന്തുകൊണ്ട് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വന്നില്ല.?

അതിനർത്ഥം പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കൃത്രിമം കാട്ടാൻ തുടക്കം മുതൽതന്നെ ബന്ധപ്പെട്ടവർ ഇടപെട്ടിരുന്നുവെന്നാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോലീസ്/ഫോറൻസിക് വിഭാഗത്തെയും മാനേജ്‌മെന്റ് പണം കൊടുത്ത് വിലയ്‌ക്കെടുത്തിട്ടുണ്ടാകണം. ഏറ്റവുമൊടുവിൽ, ഈ വിഷയങ്ങളൊക്കെ വലിയ വാർത്തകളായി മാധ്യമങ്ങളിൽ വന്നതിനെതുടർന്ന് 5പേരെ പ്രതികളാക്കി പോലീസ് എഫ്‌ഐആർ തയ്യാറാക്കി. പി.കൃഷ്ണദാസും സഞ്ജിത്തും സി.പി.പ്രവീണും ശക്തിവേലും പ്രതികളായി. എന്നാൽ, അവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റമാണ് എഫ്‌ഐആറിൽ ചേർത്തത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾ പ്രക്ഷോഭരംഗത്ത്

നെഹ്‌റു കോളേജിലെ വിദ്യാർത്ഥികളുടെ സമരം വളർത്തിയെടുക്കാൻ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയും എഐഡിഎസ്ഒ യും നിരന്തരമായി പരിശ്രമം ആരംഭിച്ചിരുന്നു. സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെ ശ്രമഫലമായി, ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്ന പ്രധാനപ്പെട്ട ഡിമാന്റ് രൂപപ്പെടുത്താനും വിദ്യാർത്ഥികളുടെ സ്വതന്ത്രമായ സമരവേദിക്ക് രൂപം നൽകാനും ലക്കിടിയിൽ ജനുവരി ആദ്യയാഴ്ച ചേർന്ന വിദ്യാർത്ഥികളുടെ യോഗത്തിന് കഴിഞ്ഞു. നെഹ്‌റു കോളേജ് സ്റ്റുഡൻസ് അസോസിയേഷൻ രൂപം കൊണ്ടതിനെതുടർന്ന് വിദ്യാർത്ഥികളുടെ സമരം, ജിഷ്ണുവിന്റെ കൊലപാതകത്തിന്റ 35-ാം ദിനത്തിൽ കോളേജിനു മുന്നിൽ ആരംഭിക്കാൻ കഴിഞ്ഞു. ആ സമരത്തിന് പിന്തുണയർപ്പിച്ചുകൊണ്ട് നിരവധി വിദ്യാർത്ഥിസംഘടനകളും രാഷ്ട്രീയ പാർട്ടികളും മറ്റ് ബഹുജനസംഘടനകളും കൂടി അണിനിരന്നതോടെ പ്രക്ഷോഭം വലിയ മാനങ്ങൾ കൈവരിച്ചു. സർക്കാരിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്താൻ ആ പ്രക്ഷോഭത്തിന് കഴിഞ്ഞു. വാസ്തവത്തിൽ അതിന്റെ ഫലമായിട്ടാണ് പി.കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനെങ്കിലും സർക്കാർ തയ്യാറായത്

സർക്കാർ മാനേജ്‌മെന്റുമായി ഒത്തുകളിച്ചു

എന്നാൽ വിദ്യാർത്ഥിസമരത്തെതുടർന്ന് തൃശ്ശൂർ ജില്ലാ കളക്ടറുമായി ഫെബ്രുവരി 15 ന് നടന്ന ചർച്ചയിൽ ചില ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനെ സംബന്ധിച്ച് ഒരു ഉറപ്പും നൽകാൻ അധികാരികൾ തയ്യാറായില്ല. എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് മാത്രം പറഞ്ഞ് തടിതപ്പുകയാണ് പോലീസും കളക്ടറും ചെയ്തത്. എന്നാൽ, പിറ്റേദിവസം, ഫെബ്രുവരി 16ന് പി.കൃഷ്ണദാസ് മൂൻകൂർ ജാമ്യഹർജിക്കായി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഇടക്കാലജാമ്യം അനുവദിക്കുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടായത്. സർക്കാർ അഭിഭാഷകൻ, പബ്ലിക്ക് പ്രോസിക്യൂട്ടർ മഞ്ചേരി ശ്രീധരൻനായർ മാനേജ്‌മെന്റുമായി ഒത്തുകളിച്ചു. അഥവാ പ്രതികളെ രക്ഷിക്കാനുള്ള കേരളസർക്കാരിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന നഗ്നമായനിലപാട് പബ്ലിക് പ്രോസിക്യൂട്ടർ കൈകൊണ്ടു. അതിനെതുടർന്ന്, പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മഞ്ചേരി ശ്രീധരൻനായരെ മാറ്റണമെന്നും പകരം സത്യസന്ധനായ മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും സേവ് എജ്യൂക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ബന്ധുക്കളും അതേ ആവശ്യം ഉന്നയിച്ചതിനെതുടർന്ന് സി.പി.ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയുണ്ടായി.

എന്നിട്ടും പി.കൃഷ്ണദാസ് മാർച്ച് 2 ന് മൂൻകൂർ ജാമ്യം നേടി. തെളിവുകളുടെ അഭാവത്തിലാണ് കൃഷ്ണദാസിന്റെ രക്ഷപ്പെടൽ. അഥവാ തെളിവുകളെ തന്റെ താൽപര്യങ്ങൾക്കുവേണ്ടി വളച്ചൊടിക്കാൻ കൃഷ്ണദാസിന് കഴിഞ്ഞു. സർക്കാർ ആദ്യം മുതൽ സ്വീകരിച്ച അലംഭാവം നിറഞ്ഞ നിലപാടുകളിലെ പഴുതുകൾ ഉപയോഗിച്ചുകൊണ്ടാണ് പ്രതി മൂൻകൂർ ജാമ്യം നേടിയത്.
പ്രതികൾ രക്ഷപ്പെടുകയും ജിഷ്ണുവിന് നീതി വളരെ അകലെയാണെന്ന് വരികയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് കാര്യങ്ങൾ വന്നെത്തിയിരിക്കുന്നത്. ജിഷ്ണുവിന്റെ അമ്മയും അച്ഛനും മാനസികമായും ശാരീരികമായും ആകെ തകർന്ന അവസ്ഥയിലാണ്. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് അച്ഛനും അമ്മയും ഇതരകുടുംബാംഗങ്ങളും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള സന്മനസ്സ് കാട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും, ജിഷ്ണു കൊല്ലപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അതിനുള്ള ഒരു നീക്കവും സർക്കാർ ഭാഗത്തുനിന്നുണ്ടായില്ല.
പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടാലും നിയമത്തിന്റെ പഴുതുകൾ മൂലം ശിക്ഷയിൽ നിന്ന് ഒരു പക്ഷേ രക്ഷപ്പെട്ടേയ്ക്കാം. കേസ്സ് അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉണ്ടായ ഗുരുതരമായ വീഴ്ചകൾ, തെളിവുകൾ പൂർണ്ണമായി ഇല്ലാതാക്കാൻ കാരണമായിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലേയ്ക്ക് വന്നാൽ മതിയെന്ന് ജിഷ്ണുവിന്റെ അമ്മ ഒരുഘട്ടത്തിൽ പറയാനിടയായതും അവരനുഭവിച്ചുകൊണ്ടിരിക്കുന്ന മനോവേദനയുടെ പ്രതിഫലനമായിട്ടാണ്. പിന്നീട് ഞങ്ങൾ സമരത്തിനില്ല, ദുർബ്ബലരാണ്, ഞങ്ങൾക്ക് നീതി നൽകാൻ കനിവ് കാണിക്കണം എന്ന് അപേക്ഷാസ്വരത്തിൽ പത്രക്കാരോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞതും മഹിജ തന്നെ. മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ ഹൃദയഭേദകമായ അവസ്ഥാന്തരങ്ങളാണിതെല്ലാം. ആ അമ്മയ്ക്ക് നീതിനൽകണമെങ്കിൽ ഘാതകരെ തുറുങ്കിലടയ്ക്കാൻ പിണ റായി സർക്കാർ ഇച്ഛാശക്തി കാണിക്കണം.

കേസ്സ് പുനരന്വേഷിക്കണം. റീ-പോസ്റ്റുമാർട്ടം നടത്തണം

ദുർബ്ബലമായ ഒരു കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ കേസ്സിലെ പ്രതികളെ ശിക്ഷിക്കുവാനാവശ്യമായ നിയമപോരാട്ടം നടത്താനാവില്ല. മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിയ്ക്കണമെന്ന മഹിജയുടെ ആവശ്യം സംസ്ഥാന സർക്കാർ ഏറ്റെടുത്താലും തെളിവുകളുടെ അഭാവത്തിൽ പി.കൃഷ്ണദാസ് രക്ഷപ്പെട്ടേയ്ക്കാം. അതുകൊണ്ട് കേസ്സ് കൃത്യമായ രീതിയിൽ പുനരന്വേഷിച്ച് ജിഷ്ണുവിന്റെ മരണം യഥാർത്ഥത്തിൽ ഏങ്ങനെ സംഭവിച്ചതാണെന്നതിന്റെ എല്ലാ വസ്തുതകളും വെളിച്ചത്ത് കൊണ്ടുവരണം. നശിപ്പിക്കപ്പെട്ടെ തെളിവുകൾ ശേഖരിയ്ക്കണമെങ്കിൽ റീ പോസ്റ്റുമാർട്ടം വേണ്ടിവരും. ജിഷ്ണുവിന്റെ കഴുത്തിൽ മുറുക്കിയ തോർത്ത് പോലീസ് കസ്റ്റഡിയിലുണ്ടാവും. അത് ഫോറൻസിക് ലാബിൽ പരിശോധിക്കണം. ഇടിമുറിയിൽ കണ്ടെത്തിയ രക്തത്തുള്ളികൾ ആരുടേതെന്ന് കണ്ടെത്താൻ, വിദഗ്ധപരിശോധനയും കൂടിയേ തീരൂ. പ്രതികൾക്ക് ഒരു വിധത്തിലും സ്വാധീനിക്കാൻ കഴിയാത്ത ഉന്നതോദ്യോഗസ്ഥർ കേസ്സ് അന്വേഷിക്കണം. അതൊക്കെ സംഭവിക്കണമെങ്കിൽ എൽഡിഎഫ് സർക്കാർ വച്ചുപുലർത്തുന്ന സ്വാശ്രയ മാഫിയ ബന്ധം പൂർണ്ണമായി അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്.

സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാർക്ക് ശക്തി പകരുന്ന സർക്കാർ നയമാണ് പ്രശ്‌നം
വിദ്യാഭ്യാസത്തെ ആദ്യമവർ കച്ചവടവസ്തുവാക്കി മാറ്റി. അതിന്റെ വാണിജ്യസാധ്യതകളെ വിനിമയം ചെയ്യാൻ ആവശ്യമായ നയങ്ങൾ എൽഡിഎഫ്-യുഡിഎഫ് സർക്കാരുകളും കേന്ദ്ര സർക്കാരും രൂപപ്പെടുത്തികൊടുക്കുകയായിരുന്നു. കച്ചവടത്തിന്റെ ഫോർമുലകൾ 50:50 മുതൽ തുടങ്ങി ഫീസും കോഴയും യഥേഷ്ടം വാങ്ങുന്നതുവരെയുള്ള കാര്യങ്ങൾക്ക് പഴുതുകൾ ഒരുക്കികൊടുത്തു.

ക്രമേണ, കച്ചവട മാഫിയ കോളേജുകളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ദൈനംദിന വ്യവഹാരങ്ങളിൽ വരെ ഇടപെടാൻ തുടങ്ങി. സിസി ടിവി ക്യാമറകൾ കോളേജുകളിൽ സ്ഥാപിക്കപ്പെടാൻ തുടങ്ങി. സംഘടനാസ്വാതന്ത്ര്യം പാടില്ലായെന്ന് വാദിച്ചുതുടങ്ങിയവർ കലാലയങ്ങളിലെ കുട്ടികളുടെ സൗഹൃദങ്ങളിൽ പോലും ഇടപെടാൻ തുടങ്ങി. മാനസികമായും ശാരീരികമായും ഉപദ്രവിച്ചാലും ആരും ചോദ്യം ചെയ്യാനില്ലായെന്ന അവസ്ഥ ക്രമേണ സംജാതമായി. മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ അവർക്ക് നൽകുന്ന ലൈസൻസാണ് വർഷാവർഷം സംസ്ഥാന സർക്കാരുകളുമായി മാനേജ്‌മെന്റുകൾ ഒപ്പുവെയ്ക്കുന്ന കരാറുകൾ എന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ഇന്റേണൽ അസ്സസ്‌മെന്റ്, പെൺകുട്ടികളെ ലൈംഗികമായി പോലും പീഡിപ്പിക്കാൻ മാനേജ്‌മെന്റിനും അധ്യാപർക്കും അവസരമൊരുക്കുന്ന ഏർപ്പാടായി അധഃപതിച്ചിട്ടും സർവ്വകലാശാലകളും സർക്കാരുകളും കാഴ്ചക്കാരായി നിൽക്കുന്ന അവസ്ഥ അതീവ ദയനീയമാണ്.
സമഗ്രമായ നിയമനിർമ്മാണമാണ് ആദ്യം വേണ്ടത്

വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സ്വാശ്രയ സ്ഥാപനങ്ങളിൽ നടക്കുന്നത്. ഉയർന്ന വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നതിനും വളർത്തുന്നതിനും പകരം അടിമകളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി സ്വാശ്രയ കോളേജുകൾ മാറിയിരിക്കുന്നു. മാനേജ്‌മെന്റുകളുടെ അപ്രമാദിത്വമാണ് അവിടങ്ങളിൽ അരങ്ങുവാഴുന്നത്. ഒരു നിയമവും അവർക്ക് ബാധകമല്ലായെന്ന ധാർഷ്ട്യം നിറഞ്ഞ സമീപനമാണ് ടോം ടി.ജോസഫുമാരെയും കൃഷ്ണദാസുമാരെയും ലക്ഷ്മിനായർമാരെയും മറ്റും സൃഷ്ടിക്കുന്നത്. അതൊന്നും ആരുമെവിടെയും ചോദ്യം ചെയ്യുന്നില്ല. രാഷ്ട്രീയകക്ഷി നേതാക്കളും ഭരണാധികാരികളും സ്വാശ്രയ മേലാളന്മാർ നൽകുന്ന ഉച്ഛിഷ്ടവും ഭക്ഷിച്ചുകൊണ്ട് വാലാട്ടിനിൽക്കുന്നതുകൊണ്ട്, കുട്ടികൾക്ക് ശബ്ദിക്കാൻ പോലും കഴിയുന്നില്ല.
സ്വാശ്രയവിദ്യാഭ്യാസ സങ്കൽപ്പം തന്നെ വിദ്യാഭ്യാസ വിരുദ്ധമാണെന്ന കാര്യം ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നു. എന്നാൽ, ഒറ്റയടിക്ക് ആ സമ്പ്രദായം അവസാനിപ്പിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, ക്രമേണ അതിന്റെ ഗുണഭോക്താക്കളായ മാഫിയ സംഘങ്ങൾക്ക് അതിനുള്ള അവസരങ്ങൾ നിഷേധിച്ചുകൊണ്ടും മാനേജ്‌മെന്റുകളെ വരിഞ്ഞുമുറുക്കികൊണ്ടും ഫലപ്രദമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിയണം. നിയമസഭയിൽ സമഗ്രമായ ഒരു നിയമ നിർമ്മാണം നടത്താൻ കേരളസർക്കാർ തയ്യാറാകുന്നതിലൂടെ മാത്രമേ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നങ്ങൾക്ക് ശാശ്വതമായി പരിഹാരം കാണാൻ കഴിയൂ. രാഷ്ട്രീയ നേതാക്കളും സ്വാശ്രയമാനേജ്‌മെന്റുകളുമായിട്ടുള്ള അവിശുദ്ധമായ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനും തയ്യാറാകണം.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വളരട്ടെ

വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, സംഘടിക്കുവാനും ജനാധിപത്യപരമായ പ്രക്ഷോഭങ്ങളുടെ ഭാഗത്ത് മുന്നേറുവാനും ഒരു പ്രസ്ഥാനം ആവശ്യമായിരിക്കുന്നു. സ്വാശ്രയ കലാലയങ്ങളിൽ വിദ്യാർത്ഥിയൂണിയനുകൾ രൂപവൽകരിക്കപ്പെടണം. കക്ഷിരാഷ്ട്രീയത്തിന്റെ കെട്ടുപാടുകളില്ലാതെ സെൽഫ് ഫൈനാൻസിംഗ് കോളേജ് സ്റ്റൂഡന്റ്‌സ് അസോസിയേഷനുകൾ രൂപപ്പെടുത്തേണ്ടതുണ്ട്. നെഹ്‌റു കോളേജിലെ വിദ്യാർത്ഥി സമരത്തിലൂടെ അവിടെ രൂപം കൊണ്ട കോളേജ് യൂണിയൻ തീർച്ചയായും വിപ്ലവകരമായ പ്രധാന്യമർഹിക്കുന്ന ചുവടുവെയ്പ്പാണ്. കാലങ്ങളായി അടിച്ചമർത്തപ്പെട്ടു കഴിഞ്ഞ സ്വാശ്രയ വിദ്യാർത്ഥികളുടെ വിമോചന കാഹളം എങ്ങും മുഴങ്ങട്ടെ. കീഴടങ്ങാതെ പോരാടുന്ന ഒരു വിദ്യാർത്ഥിശക്തി വളർന്നുവരട്ടെ. എല്ലാത്തരം ചൂഷണങ്ങൾക്കും അവമതികൾക്കും അറുതിവരുത്താനുള്ള ഒരേയൊരു പോംവഴി അതുമാത്രമാണ്.

 

Share this post

scroll to top