സംസ്ഥാനത്ത് മദ്യം കുത്തിയൊഴുക്കുന്നതിന് വേണ്ടിയുള്ള നീക്കത്തെ മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെയും അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെയും സംസ്ഥാന നേതാക്കള്‍ അപലപിച്ചു. കഴക്കൂട്ടം-ചേര്‍ത്തല, കുറ്റിപ്പുറം-കണ്ണൂര്‍ റോഡുകള്‍ ദേശീയപാതകളല്ലെന്ന ബാറുടമകളുടെ വസ്തുതാവിരുദ്ധമായ വാദത്തെ കോടതിയില്‍ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍, അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കാന്‍ ഉത്സാഹം കാട്ടുകയാണ്. മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കാന് നിലവില്‍ പഞ്ചായത്തുകള്‍ക്കുള്ള അധികാരം ഇല്ലായ്മചെയ്തുകൊണ്ട് പഞ്ചായത്തീരാജ്-നഗരപാലിക ആക്ട് ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ മുതിരുന്നു.
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന മദ്യനയം പിന്‍വലിക്കുക, അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് മദ്യവിരുദ്ധജനകീയ സമരസമിതിയുടെയും അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ മേയ് 8-ന് നിയമസഭാമാര്‍ച്ച് നടത്തും.