2017 മേയ് 27 ന് എസ്‌യുസിഐ(സി) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് പുറപ്പെടുവിച്ച പ്രസ്‌താവന.
യാതൊരു നിയന്ത്രണവും വ്യവസ്ഥയുമില്ലാത്ത കാലിവ്യാപാരം തടയാനെന്നപേരില്‍ പശു, കാള, എരുമ, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ അങ്ങേയറ്റം ഏകാധിപത്യപരവും തികച്ചും ജനാധിപത്യവിരുദ്ധവുമായ തീരുമാനത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളിലുള്ള നഗ്നമായ കടന്നുകയറ്റവും, ജാതി, മതം, വംശം, വര്‍ണം എന്നിവയ്‌ക്കെല്ലാമതീതമായി മുഴുവന്‍ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പോകുന്നതിന്റെ ദുസ്സൂചനയുമാണ്. ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് ആജ്ഞാപിക്കുന്നതിലൂടെ സ്വന്തം ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശം തട്ടിത്തെറിപ്പിക്കുകമാത്രമല്ല, പ്രോട്ടീന്‍ സമൃദ്ധമായ ഒരു ആഹാരം നിഷേധിക്കുകകൂടിയാണ് ചെയ്യുന്നത്. എന്നുമാത്രമല്ല, വലിയൊരു ജനവിഭാഗത്തിന്റെ ഉപജീവനമാര്‍ഗ്ഗം കൂടി ഇതിലൂടെ കൊട്ടിയടയ്‌ക്കുകയാണ്. അദ്ധ്വാനിച്ചുജീവിക്കുന്ന ജനങ്ങളുടെ ഐക്യത്തിനും സാഹോദര്യത്തിനുമൊക്കെ കടുത്ത ഭീഷണിയുയര്‍ത്തുന്ന ആര്‍എസ്‌എസ്-ബിജെപി ശക്തികളുടെ കടുത്ത വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുന്നതില്‍ അവര്‍ എത്രത്തോളം മുന്നേറിയിരിക്കുന്നു എന്ന ഗൗരവാവഹമായ പ്രശ്‌നം ഇത് വെളിപ്പെടുത്തുന്നുണ്ട്. ഈ ഹീന നടപടിയെ ചെറുത്തുതോല്‍പ്പിക്കാന്‍ നേരായി ചിന്തിക്കുന്നവരും ജനാധിപത്യബോധമുള്ളവരുമായ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.