ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തി നിവാസികളെ അന്യായമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ ഫെബ്രുവരി 21-ന് ചുങ്കം ദേശീയപാതക്ക് സമീപം പ്രതിഷേധ ധർണ്ണ നടത്തി.
തുരുത്തിയിലെ പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ നടന്നത്. എൻഎച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ കൺവീനറുമായ കെ.കെ.സുരേന്ദ്രൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
”ഒരു വീടുപോലും പോവാതെ, വളവുകൾ കുറഞ്ഞ, സമീപത്തുകൂടിയുള്ള അലൈൻമെന്റ് സ്വീകരിക്കുന്നതിന് പകരം ചില നിക്ഷിപ്ത താൽപര്യക്കാർക്കുവേണ്ടി പട്ടികജാതി കോളനിയിലെ നിരവധി കുടുംബങ്ങളെ തെരുവാധാരമാക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാപ്പിനിശ്ശേരി തുരുത്തി ആക് ഷൻ കമ്മിറ്റി കൺവീനർ കെ. നിഷിൽ കുമാർ അധ്യക്ഷത വഹിച്ചു. മക്തബ് പത്രാധിപർ കെ.സുനിൽകുമാർ, കീഴാറ്റൂർ വയൽകിളി സമര നേതാവ് കെ. സുരേഷ് കീഴാറ്റൂർ, എൻ.എച്ച്. ആക്ഷൻ കൗൺസിൽ ജില്ലാ ജോയിന്റ് കൺവീനർ അനൂപ് ജോൺ ഏരിമറ്റം, പി.പി. അബൂബക്കർ (സിപിഐ(എം. എൽ)), സി.പി.റഷീദ് (ഐയു എം എൽ), കെ.ചന്ദ്രഭാനു, എ.ലീല, കെ.സിന്ധു എന്നിവർ പ്രസംഗിച്ചു.