അഴിമതി ഭരണത്തിന് സംരക്ഷണ കവചം ഒരുക്കുന്ന ലോകായുക്ത ഓർഡിനൻസ് പിൻവലിക്കുക

Share

മുഖ്യമന്ത്രിയടക്കം ഭരണരംഗത്തുള്ള പൊതുപ്രവർത്തകരുടെ അഴിമതി തടയാൻ 1999ൽ ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമത്തിന്റെ അന്തഃസത്ത ചോർത്തിക്കളയുന്ന ഓർഡിനൻസ് കൊണ്ടുവന്നതിലൂടെ പിണറായി സർക്കാർ അഴിമതി ഭരണത്തിന് സംരക്ഷണ കവചം തീർക്കുകയാണെന്ന് എസ്‌ യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാ ന കമ്മിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.


ഭരണം കയ്യാളുന്നവരുടെ അഴിമതി ചൂണ്ടിക്കാണിക്കുകയും അവരെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ചുമതലപ്പെട്ടവരെ ബാധ്യസ്ഥരാക്കുകയും ചെയ്യുന്ന 14-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട്, ലോകായുക്ത കയ്യാളിയ അധികാരം മുഖ്യമന്ത്രിതന്നെ കയ്യടക്കിയിരിക്കുകയാണ്. ഭരണത്തിന്റെ ഉന്നതങ്ങളിൽ ഉള്ളവർപോലും അഴിമതിമുക്തരല്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ അഴിമതിക്കാരെത്തന്നെ അഴിമതിയിൽ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തുന്നതിന് തുല്യമാണീ നടപടി.
നിയമസഭാസമ്മേളനം ആസന്നമായിരിക്കെ തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഭരണ മുന്നണിയിൽനിന്നു തന്നെ എതിർപ്പുയർന്നിരിക്കുന്നതും ശ്രദ്ധേയമാണ്. വിരമിച്ച സുപ്രിംകോടതി ജഡ്ജിക്കും ഹൈക്കോടതി ചീഫ്ജസ്റ്റിസിനും പകരം ഹൈക്കോടതി ജഡ്ജി മതി എന്ന തീരുമാനമാകട്ടെ സ്വജനപക്ഷപാതത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ ലക്ഷ്യംവച്ചുള്ളതുമാണ്.
അഴിമതിക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുക്കേണ്ട ഇടതുപക്ഷം ആ ഉത്തരവാദിത്വം പാടേ കയ്യൊഴിയുന്നു എന്നതുകൂടി വ്യക്തമാക്കുന്നതാണ് ഈ നടപടി. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഓർഡിനൻസ് പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറാവണമെന്ന് പാർട്ടി സംസ്ഥാന ക മ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം വളർത്തിയെടുക്കാൻ ജനാധിപത്യ സ്നേഹികളാകെ മുന്നോട്ട് വരണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Share this post

scroll to top