വിട, ബിആർപി…

brp-bhaskar.jpg
Share

കേരളത്തിലെ ജനകീയ സമരരാഷ്ട്രീയത്തിന് പതിറ്റാണ്ടുകൾ പ്രചോദനമേകിയ ബിആർപി ഭാസ്കർ അഥവാ ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ വിടവാങ്ങി. ജൂൺ 4ന് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം മരിക്കുമ്പോൾ 92 വയസ്സായിരുന്നു. ഏപ്രിൽ 10ന്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി സഖാവ് എസ്.മിനിയുടെ തിരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് ബിആർപി ആയിരുന്നു. അദ്ദേഹം പങ്കെടുത്ത അവസാന രാഷ്ട്രീയ ചടങ്ങായിരുന്നു അത്. നമ്മുടെ രാജ്യത്ത് ജനാധിപത്യത്തെ തകർക്കുന്ന ഭരണകൂട നടപടികൾക്കെതിരെയായിരുന്നു അദ്ദേഹം അവസാന നിമിഷം വരെയും പോരാടിയത്. അവസാന പ്രസംഗത്തിലും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താനാണ് ആഹ്വാനം നൽകിയത്.


മാധ്യമരംഗത്തെ കുലപതിആയിരുന്നു ബിആർപി. 1952ൽ ദ ഹിന്ദുവിൽ റിപ്പോർട്ടർ ആയി പത്രപ്രവർത്തനം ആരംഭിച്ച അദ്ദേഹം സ്റ്റേറ്റ്സ്‌മെൻ, പേട്രിയറ്റ്, ഡെക്കാൻഹെരാൾഡ് എന്നിവയിൽ എഡിറ്ററായി പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ആരംഭിച്ചപ്പോൾ അതിന്റെ വാർത്താ വിഭാഗം ഉപദേഷ്ടാവായിരുന്നു. പിന്നീടും നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായി, 70 വർഷം സാമൂഹിക -ചരിത്ര വീക്ഷണത്തോടെ പേന ചലിപ്പിച്ച,മാധ്യമപ്രതിഭയായിരുന്നു ബിആർപി.
കേരളത്തിലെ ന്യായമായ എല്ലാ ജനകീയ സമരങ്ങളിലും മനുഷ്യവകാശ പോരാട്ടങ്ങളിലും നിറസാന്നിധ്യമായി ബിആർപി ഉണ്ടായിരുന്നു. ചെങ്ങറ സമരത്തിൽ, നന്ദിഗ്രാം ഐക്യദാർഢ്യ സമരങ്ങളിൽ, വിദ്യാഭ്യാസ സംരക്ഷണ സമരങ്ങളിൽ, വിഴിഞ്ഞം കുടിയിറക്കൽ വിരുദ്ധ സമരത്തിൽ, കരിമണൽ ഖനന വിരുദ്ധ സമരത്തിൽ, സ്ത്രീ സുരക്ഷാ സമ്മേളനങ്ങളിൽ ഒക്കെ അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു. ഭരണകൂട ഭീകരതകൾക്കെതിരെ നടന്ന എല്ലാ ജനാധിപത്യ സമരസംഗമങ്ങളും ബിആർപിയുടെ സാന്നിധ്യത്തിലാണ് നടന്നിട്ടുള്ളത്. ഹിന്ദി ഒരേയൊരു ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെ സേവ് എജ്യുക്കേഷൻ കമ്മിറ്റി ചെന്നൈയിൽ 2023ൽ സംഘടിപ്പിച്ച കൺവൻഷനിൽ കേരളത്തെ പ്രതിനിധാനംചെയ്ത് സംസാരിച്ചത് അനാരോഗ്യ അവസ്ഥയിലും ബിആർപി ആയിരുന്നു. എല്ലാ വിഷയങ്ങളിലും നിലപാടുകൾ കൃത്യവും വ്യക്തവുമായിരുന്നു. ഒരു പുരോഗമന, ഇടതുപക്ഷജനാധിപത്യ സമൂഹത്തിന്റെ ഉത്തമപ്രതിനിധി ആയിരുന്നു അവസാനശ്വാസംവരെ ബിആർപി ഭാസ്കർ. അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ കേരളത്തിന്റെ തലമുതിർന്ന അവസാന കണ്ണികളിൽ ഒരാളെക്കൂടി നമുക്ക് നഷ്ടമാക്കിയിരിക്കുന്നു.
വിട, പ്രിയ ബിആർപി…

Share this post

scroll to top