സർക്കാർ ജീവനക്കാർക്ക്നേരെയുള്ള “ഇടത്’ സർക്കാരിൻ്റെ കടന്നാക്രമണങ്ങൾ

Govt-Employee.jpg
Share

കേരളം അഭിമുഖീകരിക്കുന്ന സകലവ്യാധികളുടെയും പരിഹാരം സ്വകാര്യ
നിക്ഷേപത്തെ പോഷിപ്പിക്കുകയാണ് എന്ന കാഴ്ചപ്പാട് വച്ചുകൊണ്ട് പിണറായി സർക്കാർ തൊഴിൽ മേഖലയിൽ ആവിഷ്കരിക്കുന്ന നയനടപടികൾ കേരളത്തെ ഒന്നാകെ നശിപ്പിക്കുവാൻ പോന്നതാണ്. ഒരു മാതൃകാ തൊഴിൽദാതാവ് എന്ന നിലയിൽ സ്വന്തം തൊഴിലാളികളായ സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ആ സമീപനം നടപ്പിലാക്കി മാതൃക കാട്ടുകയാണ് സർക്കാർ.

2002 ജനുവരി 16ലെ കറുത്ത ഉത്തരവിനെതിരെ കേരളത്തിലെ സർക്കാർ ജീവനക്കാർ നടത്തിയ ഐതിഹാസികമായ പണിമുടക്കിന് ദിശ നൽകിക്കൊണ്ടും ആ സമരത്തെ സർക്കാരും സർവീസ് സംഘടനകളും ചേർന്ന് പരാജയപ്പെടുത്തിയപ്പോൾ സർക്കാർ ജീവനക്കാരുടെ മുന്നിലുള്ള കടമകൾ എന്തെന്ന് വിശദീകരിച്ചു കൊണ്ടും 2002 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പ്രസിദ്ധീകരിച്ച്, ലക്ഷക്കണക്കിന് കോപ്പികൾ കേരളത്തിൽ എമ്പാടും വിതരണം ചെയ്ത ‘യൂണിറ്റി’യിൽ വന്ന ലേഖനങ്ങളിലൂടെയും നേരിട്ട് നടത്തിയ പ്രചാരണ പ്രവർത്തനങ്ങളിലൂടെയും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഏറ്റെടുത്ത ദൗത്യം ഈ സാഹചര്യത്തിൽ ഓർമിപ്പിച്ചുകൊള്ളട്ടെ.
കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവകാശപ്പെട്ട ശമ്പളവും പെൻഷനും അനുബന്ധ സാമ്പത്തിക ഘടകങ്ങളും നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കാലതാമസം വരുത്തിയും തടഞ്ഞുവച്ചും നിഷേധിച്ചുംകൊണ്ട് സർക്കാർ കൈക്കൊള്ളുന്ന നടപടികൾ കേവലം യാദൃച്ഛികമല്ലെന്ന് തിരിച്ചറിയണം. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകൾ കൊണ്ട് കേരളത്തിലെ പണിയെടുക്കുന്നവരൊന്നാകെ പൊരുതി നേടിയ, കുടുംബത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ നിലവാരം നിലനിർത്താൻ സഹായിച്ച, ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറിയ കൂലിഘടനയെ, സേവന വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ഒരു ദീർഘകാല പദ്ധതിയുടെ ഭാഗമാണ് അത്. ഈ നടപടികൾ കേവലം സർക്കാർ ജീവനക്കാരിൽ ഒതുക്കി നിർത്താനുള്ളതല്ല. ഇക്കാര്യത്തിൽ ഭരണത്തിൽ മാറിമാറി വരുന്ന മുന്നണികൾ തമ്മിൽ വലിയ അന്തരങ്ങളൊന്നുമില്ലെങ്കിലും നിലവിലിരിക്കുന്ന ഇടതെന്ന് വിളിക്കപ്പെടുന്ന സർക്കാർ ഇക്കാര്യത്തിൽ മുൻകാലസർക്കാരുകളെ കവച്ചു വച്ചിരിക്കുകയാണ്.
സർക്കാർ ജീവനക്കാർ അവിഹിതമായതെന്തൊ കൈപ്പറ്റുകയാണെന്നും സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങളുടെ ഒരു മുഖ്യകാരണം ഇതാണെന്നും പ്രചരിപ്പിച്ച് മുന്നൊരുക്കം നടത്തിയിട്ടാണ് കൂലിക്കൊള്ള ആരംഭിച്ചതെന്നതിനാൽ പൊതുജനങ്ങളുടെയും വലത് പിന്തിരിപ്പന്മാരുടെയും, എന്തിന്, ദരിദ്ര വിഭാഗത്തിൽപ്പെട്ടവരുടെ പോലും പിന്തുണ കിട്ടുമെന്ന് സർക്കാർ കരുതുന്നു.
കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും ഭരണകക്ഷികളുടെ (മുൻ ഭരണകക്ഷികൾ ഉൾപ്പെടെ) ഒറ്റാലിനുള്ളിൽ അകപ്പെട്ടിട്ടുള്ളവരാകയാൽ സർക്കാർ നീക്കങ്ങളോട് സമരസപ്പെടാൻ അണികളെ പ്രേരിപ്പിക്കുകയോ ഭീഷണിയിൽ നിർത്തുകയോ നിഷ്ഫലമായ ചടങ്ങ് പ്രതിഷേധങ്ങളിൽ ഒതുക്കുകയോ ചെയ്തുകൊണ്ട് അവരെ നിരാശയിലും നിഷ്ക്രിയത്വത്തിലും എത്തിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാവിധത്തിലും നിലമൊരുക്കിയതിനുശേഷമാണ് സർക്കാർ സ്വന്തം ജീവനക്കാരിൽ നിന്ന് സാമ്പത്തികം ചോർത്താൻ തുടങ്ങിയത്.


കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ ശമ്പളം നിശ്ചയിച്ച് നൽകുന്നത് സർക്കാരാണ്; ജീവനക്കാരല്ല. കാലാകാലങ്ങളിൽ സർക്കാർ നിയോഗിക്കുന്ന ശമ്പള കമ്മീഷനുകളാണ് ശമ്പള ഘടന നിശ്ചയിക്കുന്നത്. അതിൽ ജീവനക്കാരുടെ പ്രതിനിധികൾ ഉണ്ടാവാറില്ല. അവസാനത്തെ ശമ്പളക്കമ്മീഷനിൽ ജീവനക്കാരോട് പ്രത്യേകിച്ച് യാതൊരു ആഭിമുഖ്യവും ഇല്ലാത്ത,സർക്കാർ ഖജനാവ് സംരക്ഷിക്കുന്നതിൽ താല്പര്യമുള്ളവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു സീനിയർ ബ്യൂറോക്രാറ്റിന്റെ നേതൃത്വത്തിൽ, ഒരു മുൻ ലോകബാങ്ക് ഉദ്യോഗസ്ഥനും ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ഉൾപ്പെട്ട കമ്മീഷൻ ആയിരുന്നു ശുപാർശകൾ നൽകിയത്. സർക്കാരിന്റെ സാമ്പത്തികസ്ഥിതി കൂടെ വച്ചുവേണം ശുപാർശ നൽകേണ്ടത് എന്ന് എല്ലാ ശമ്പള കമ്മീഷന്റെയും ടേംസ് ഓഫ് റഫറൻസിൽ എഴുതിച്ചേർക്കുകയും ചെയ്യാറുണ്ട്. മേൽപ്പറഞ്ഞ കമ്മീഷൻ 2021ൽ നൽകിയ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു, “സംസ്ഥാന ബഡ്ജറ്റ് എസ്റ്റിമേറ്റ് പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത് റവന്യൂ വരുമാനത്തിലുള്ള ആകമാന കുറവ് മുൻപ് ഭയപ്പെട്ടിരുന്നത് പോലെ ആപൽക്കരമൊന്നുമല്ല എന്നാണ്. സംസ്ഥാന സർക്കാർ ഒരു മാതൃക തൊഴിൽദാതാവാണ് എന്നതിനാൽ ഏറ്റവും ബുദ്ധിശക്തിയും കാര്യശേഷിയുമുള്ളവരെ സർക്കാർ സർവീസിലേക്ക് ആകർഷിക്കാനും നിലനിർത്തുവാനും പോന്ന വിധം നീതിയുക്തമായ ശമ്പളവും ബത്തകളും നൽകാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.”


മറ്റേതൊരു ശമ്പള പരിഷ്കരണത്തിലും ഉണ്ടാവുന്ന നിരക്കിലുള്ള വർദ്ധനവേ നിലവിലുള്ള പരിഷ്കരണത്തിലും ഉണ്ടായിട്ടുള്ളു. സർക്കാർ ജീവനക്കാർ അനർഹമായത് ഒന്നും പിടിച്ചു വാങ്ങിയിട്ടില്ല എന്നാണിത് വ്യക്തമാക്കുന്നത്. എന്നുമാത്രമല്ല അർഹതപ്പെട്ടതിൽ നിന്ന് എത്രയോ കുറവാണ് കമ്മീഷനുകൾ നിശ്ചയിക്കുന്നത്.
ഒരു ജീവനക്കാരന് അയാളും കുഞ്ഞുങ്ങളും വൃദ്ധ മാതാക്കളും അടക്കമുള്ള കുടുംബത്തിന്റെ യഥാർത്ഥ ചെലവിന്റെ ഒരു ചെറിയ ഭാഗമാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിക്കുന്നത്. 1957ലെ ഇന്ത്യൻ ലേബർ കോൺഫറൻസ്, ഐഎൽഒ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിശ്ചയിച്ച മിനിമം വേതനത്തിന്റെ അയലത്തൊന്നും വരാറില്ല സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് നിശ്ചയിക്കുന്ന മിനിമം അടിസ്ഥാന ശമ്പളം. അതുപോലെതന്നെ, വിലനിലവാരവും ഉപഭോഗ വസ്തുക്കളുടെ നിർണയവും യാഥാർത്ഥ്യത്തിന് നിരക്കാത്തതുകൊണ്ട് ക്ഷാമബത്ത ഒരിക്കലും യഥാർത്ഥ വേതനത്തിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന ചോർച്ചയ്ക്ക് പൂർണ്ണസമീകരണമാവില്ല. വീട്ടു വാടകയുടെ കാര്യത്തിലും യാഥാർത്ഥ്യത്തിന് നിരക്കാത്ത സമീപനമാണുള്ളത്.


കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷം വരുന്ന ക്ലാസ് 4, ക്ലാസ് 3 ജീവനക്കാർക്ക് ആരംഭത്തിൽ കിട്ടുന്ന അടിസ്ഥാന ശമ്പളം 23,000 രൂപയും 26,500 രൂപയും ആണ്. പക്ഷേ അവർക്ക് നിർബന്ധിത പിടുത്തമൊക്കെ കഴിഞ്ഞ് യഥാക്രമം 19,500 രൂപയും 22,200 രൂപയുമാണ് ചെലവഴിക്കാനായി കയ്യിൽ കിട്ടുക. അതായത്, പ്രതിദിനം 650, ഉം 740 ഉം രൂപ വച്ച്. ഇതിനെയാണ് സർക്കാർ ജീവനക്കാരെ കേരളത്തിലെ ധനിക വർഗ്ഗവും സർക്കാരിന്റെ റവന്യൂ വരുമാനത്തെ മുച്ചൂടും വിഴുങ്ങുന്ന വരുമായി സർക്കാരും മറ്റു നിക്ഷിപ്ത താൽപര്യക്കാരും ചിത്രീകരിക്കുന്നത്. തങ്ങളുടെ സേവന കാലാവധിയുടെ മുക്കാലും കഴിയുമ്പോൾ കിട്ടുന്ന പ്രമോഷനിലൂടെയും പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് ഉയർന്ന തസ്തികയിലൂടെയും ഒരു ന്യൂനപക്ഷത്തിന് മേൽപ്പറഞ്ഞതിലും കൂടുതൽ ശമ്പളം കിട്ടുന്നുണ്ടെന്നത് മറന്നു കൊണ്ടല്ല ഈ പറയുന്നത്.
ദൈനംദിന ചെലവുകൾക്ക് തികയാത്തതുകൊണ്ടുതന്നെ ഏതുതരം അധിക ആവശ്യങ്ങൾക്കും വായ്പയെ ആശ്രയിക്കുന്നവരാണ് കൂടുതലും. കേരളത്തിലെ ഗവൺമെന്റ് എംപ്ലോയീസ് സർവീസ് സഹകരണ സംഘങ്ങളിൽ മാത്രം സർക്കാർ ജീവനക്കാർക്ക് ശരാശരി ഒന്നര ലക്ഷം രൂപയ്ക്ക് കടബാധ്യതയുണ്ട്. മറ്റു ബാങ്കുകളിലും ഭവന നിർമ്മാണ വായ്പകളും മറ്റും കണക്കാക്കുമ്പോൾ അത് എത്രയോ ഇരട്ടി ആവും. എന്നുവച്ചാൽ പ്രതിമാസം പലിശയിനത്തിൽ വലിയൊരു തുക ബാങ്കുകൾക്ക് നൽകുന്നവരാണ് കേരളത്തിലെ ജീവനക്കാർ. ബന്ധുക്കൾക്കും സുഹൃത്തുക്കൾ ക്കുമായി ബാങ്ക് ജാമ്യം നിന്ന് മുടിഞ്ഞുപോകുന്നവരുടെ എണ്ണവും ചെറുതല്ല.


പ്രതിമാസം 60,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ നിശ്ചിത പരിധി കഴിഞ്ഞുള്ള തുകയ്ക്ക് 10 മുതൽ 30 ശതമാനം വരെ ഇൻകം ടാക്സ് നൽകുന്നവരാണ്. കണക്കിൽപ്പെട്ട വരുമാനമായതുകൊണ്ട് ആർക്കും ഒഴിവാകാനുമാവില്ല. കൂടാതെ, പ്രൊഫഷണൽ ടാക്സ് ആയി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രതിവർഷം 2500 രൂപയും നൽകുന്നു. ഉപഭോക്താവ് എന്ന നിലയിൽ ഓരോ ചെലവിനും 5 മുതൽ 28 ശതമാനം വരെ നികുതി നൽകുന്നവരുമാണ്. ഇങ്ങനെ ചെലവഴിക്കുന്ന ഓരോ ആയിരം രൂപയ്ക്കും 80 മുതൽ 160 രൂപ വരെ നികുതി ഇനത്തിൽ സർക്കാരിലെത്തും എന്നാണ് കണക്ക്.


സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളവരുമാനം ഏതാണ്ട് പൂർണമായും, ഭാവിയിലെ വരുമാനം കടപ്പെടുത്തിയെടുക്കുന്ന വായ്പ തുകയും ഉൾപ്പെടെ ഉടനെ തന്നെ കമ്പോളത്തിൽ തിരികെ എത്തുന്നു. ചരക്കായും സേവനങ്ങളായും സാമ്പത്തിക വ്യവസ്ഥയെ ആകെ ചലിപ്പിക്കുന്ന ഒരു ഉത്തേജക ശക്തിയാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം. പ്രാഥമിക ഘട്ടത്തിലെ ചെലവ് പ്രാദേശിക വിപണനത്തെ ഉയർത്തും. അവിടെനിന്ന് ഉടലെടുക്കുന്ന ഡിമാൻഡ് ചെറുകിട ഉത്പാദനത്തെയും മൊത്ത വ്യാപാരത്തെയും സ്വാധീനിക്കും. അത് കൂടുതൽ തൊഴിൽ സൃഷ്ടിക്കും. അങ്ങനെ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്ന, മുകളിലേക്ക് തരംഗ സ്വഭാവത്തിൽ ഉണ്ടാകുന്ന വളർച്ചയെയാണ് ‘മൾട്ടിപ്ലയർ എഫക്റ്റ്’ എന്ന് സാമ്പത്തികശാസ്ത്രത്തിൽ പറയുന്നത്. തുടക്കത്തിൽ ഉപഭോക്താവ് സൃഷ്ടിക്കുന്ന ചെലവിനേക്കാൾ വളരെ കൂടുതലാണ് സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ആകമാന ഉണർവ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലുള്ള ഉപഭോക്തൃ ചെലവ് ഘടന അനുസരിച്ച് ഈ അനുപാതം 1: 2.5 ആയി കണക്കാക്കപ്പെടുന്നു. അതായത് ഒരാൾ നൂറ് രൂപ ചെലവാക്കുമ്പോൾ 250 രൂപയുടെ ഉത്തേജനം സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്നു. അതുപോലെ 100 രൂപ ചെലവഴിക്കുമ്പോൾ 250 രൂപയ്ക്കുള്ള നികുതി സർക്കാരിലേക്ക് എത്തുകയും ചെയ്യുന്നു എന്നർത്ഥം. 2002ൽ സംസ്ഥാനസർക്കാർ ജീവനക്കാർ സമരം ചെയ്യുകയും ഒരു മാസം ശമ്പളം കിട്ടാതെ വരികയും, തുടർന്ന് കേരളത്തിന്റെ വ്യാപാര രംഗമാകെ മാന്ദ്യത്തിൽ അകപ്പെട്ടതും ഓർക്കുക.


ഇനി,കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സർക്കാർ സ്വന്തം ജീവനക്കാരിൽ നിന്നും നടത്തുന്ന കൂലിക്കൊള്ളയുടെ അളവും രീതികളും പരിശോധിക്കാം.

2020 നു ശേഷം സർക്കാർ ജീവനക്കാർക്ക് അനുവദിക്കേണ്ട ക്ഷാമബത്ത അനുവദിച്ചിട്ടില്ല. ശമ്പളത്തിന്റെ 22% ആണ് നൽകാതിരിക്കുന്നത്.

അഞ്ചുമാസത്തെ പൂർണ്ണ ശമ്പളത്തിന് തുല്യമായ അഞ്ചുവർഷത്തെ സറണ്ടർ വേതനം പിടിച്ചു വച്ചിരിക്കുന്നു.

2019ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക ഇനിയും കൊടുത്തുതീർത്തിട്ടില്ല.

240 കോടി രൂപയോളം വരുന്ന തുകക്കുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റ് നിർത്തലാക്കി. എന്ന് മാത്രമല്ല, മെഡിസെപ്പ് എന്ന തട്ടിപ്പ് ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ ജീവനക്കാരനിൽനിന്നും പ്രതിവർഷം 6000 രൂപ പിടിച്ചു വാങ്ങി ഇൻഷുറൻസ് കമ്പനിയെ ഏല്പിക്കുന്നു.

ഹൗസ് ബിൽഡിംഗ് അഡ്വാൻസ് നിർത്തലാക്കി.

ഈ ജൂലൈ മാസം മുതൽ നടപ്പിലാക്കേണ്ടുന്നശമ്പള പരിഷ്കരണം നടപ്പിലാക്കാതിരിക്കുന്നത് വഴി ഏറ്റവും കുറഞ്ഞത് പ്രതിമാസം 500 കോടി രൂപയാണ് ജീവനക്കാർക്ക് നഷ്ടമാവുന്നത്.

എൻപിഎസ് പദ്ധതിയിലൂടെ പെൻഷൻ ഇല്ലാതാക്കി. അത് പിൻവലിക്കും എന്ന് പറഞ്ഞ് വോട്ട് വാങ്ങി അധികാരത്തിൽ കയറിയതിനുശേഷം അത് തുടരുന്നു എന്ന് മാത്രമല്ല, അതിനെ ബലപ്പെടുത്തി നിയമപ്രാബല്യം നൽകിയതും ഈ സർക്കാർ ആണ്. മറ്റു പല സംസ്ഥാനങ്ങളും ഇതിനോടകം എൻ പിഎസ് നിർത്തലാക്കി. ജീവനക്കാരുടെ കോൺട്രിബ്യൂഷൻ മറ്റു സംസ്ഥാനങ്ങളിൽ 6% ആയിരിക്കെ ഇവിടെ അത് 10% ആണ്. തന്നെയുമല്ല, ഇവിടെ ഗ്രാറ്റിവിറ്റിയും നൽകുന്നില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കില്ല എന്ന് ഉറപ്പു പറഞ്ഞ് കേന്ദ്രത്തിൽ നിന്ന് 3511 കോടി രൂപ വായ്പയും സംഘടിപ്പിച്ചു. പത്തുവർഷം കഴിയുമ്പോൾ എല്ലാ സർക്കാർ ജീവനക്കാരും എൻപിഎസിൽ പെട്ട് പെൻഷൻ ഇല്ലാത്തവരാകുന്ന സുന്ദര മുഹൂർത്തം കാത്തിരിക്കുകയാണ് പിണറായി സർക്കാർ. ആനുകൂല്യമല്ല അവകാശമാണ് പെൻഷൻ എന്നും മാറ്റിവയ്ക്കപ്പെട്ട വേതനമാണെന്നും സുപ്രീം കോടതി പറയുമ്പോൾ, പെൻഷൻ അവകാശമല്ല എന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇതെല്ലാം പോരാഞ്ഞിട്ട് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിൽ നിന്ന് 10% മുതൽ 20% വരെ തട്ടിയെടുക്കാനും ഭാവിയിൽ പെൻഷൻ സംവിധാനം പൂർണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് ‘ജീവാനന്ദം’ എന്ന പേരിൽ പുതിയ പദ്ധതിയുമായി സർക്കാർ ഇറങ്ങിയിരിക്കുകയാണ്.
ഇതിന് പുറമേ ഏത് പ്രകൃതിദുരന്തം വന്നാലും മഹാമാരി വന്നാലും സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധപൂർവ്വം ആയിരക്കണക്കിന് കോടി രൂപ പിടിച്ചെടുക്കാറുണ്ട്. ദുരന്തങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ജീവനക്കാരുടെ ബാധ്യതയാണെന്ന മട്ടിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഇതിലൂടെ, മുതലാളിത്ത താൽപര്യങ്ങൾക്ക് അനുസൃതമായി പൊതു ആവശ്യത്തിന് ജനങ്ങളിൽനിന്നുതന്നെ പിരിച്ചെടുക്കുന്ന ‘ക്രൗഡ് ഫണ്ടിങ്’ എന്ന പുതിയ മാർഗം അവലംബിച്ചുകൊണ്ട് ഡിസാസ്റ്റർ ക്യാപിറ്റലിസ്റ്റ് നയങ്ങൾ നടപ്പിലാക്കുകയാണെന്ന് നാം മനസ്സിലാക്കണം. ഈ മാർഗ്ഗത്തിലൂടെയെല്ലാം ഏതാണ്ട് 50,000 കോടി രൂപയാണ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. ഇത്രയും തുക കമ്പോളത്തിൽ എത്തിയിരുന്നെങ്കിൽ കേരളത്തിലുള്ള മൾട്ടിപ്ലയർ ഫോർമുല അനുസരിച്ച് ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനവും അതുവഴി 10,000 മുതൽ 12,000 കോടി രൂപ രൂപവരെ നികുതി ഇനത്തിലും സർക്കാരിന് ലഭിച്ചേനേ. അതുവഴി സൃഷ്ടിക്കപ്പെടുന്ന തൊഴിൽ ദിനങ്ങൾ വേറെയും.


ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല സർക്കാർ ഭരണത്തിലിരുന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്നവർ. സാമ്പത്തിക വിശാരദന്മാരെക്കൊണ്ട് നിറഞ്ഞ പ്ലാനിങ് ബോർഡ്. സർവോപരി, വളരെ പ്രഗൽഭനായ ശ്രീമാൻ കെ.എം.എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന സ്ഥാനത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം ആന്റണി സർക്കാരിന്റെ 2002ലെ ജനുവരി 16ലെ കറുത്ത ഉത്തരവിന്റെ കാലത്ത് നമ്മൾ കണ്ടതാണ്. ആഗോളവൽക്കരണ നയങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലും ലോകബാങ്ക്, എഡിബി തുടങ്ങിയ അന്തർദേശീയ സാമ്രാജ്യത്വ സാമ്പത്തിക ഏജൻസികളിൽ നിന്ന് വായ്പ തരപ്പെടുത്തിയും വായ്പയുടെ വ്യവസ്ഥകളെന്നുള്ള നിലയിൽ സംസ്ഥാന ഭരണ സംവിധാനത്തെ പൊളിച്ചടുക്കുകയും ചെയ്ത ഒരു സംഘത്തിന്റെ തലവൻ എന്ന നിലയിൽ സ്വന്തം ശേഷി തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വദേശ-വിദേശ മൂലധന താൽപര്യങ്ങൾ നടപ്പിലാക്കാനായി കൊണ്ടുവന്നത് ഗീതാഗോപിനാഥ് എന്ന ലോകബാങ്ക് ചീഫ് എക്കണോമിസ്റ്റിനെ ആയിരുന്നല്ലോ.
കേരളത്തെ കേരളമാക്കിയ സാമ്പത്തിക സാമൂഹിക തൊഴിൽ മേഖലകളെ ഉടച്ചുവാർത്തത് 1990 കളുടെ ഒടുവിൽ കൊണ്ടുവന്ന ‘മോഡേണൈസിംഗ് ഗവൺമെന്റ് പ്രോഗ്രാം'(എംജിപി) എന്ന എഡിബി/ലോകബാങ്ക് പദ്ധതിയിലൂടെയായിരുന്നു. ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി, ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുകയും പകരം മൂലധനതാല്പര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി സർക്കാർ സംവിധാനങ്ങളിൽ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനായി കൊണ്ടുവന്ന പദ്ധതിയായിരുന്നു എംജിപി. ഇടതുമുന്നണി ഗവൺമെന്റ് തുടങ്ങിവച്ച്, എ.കെ.ആന്റണി ശക്തമായി നടപ്പിലാക്കിത്തുടങ്ങിയ ആ പരിഷ്കാരങ്ങളുടെ പുതിയ ഘട്ട പരിഷ്കാരങ്ങളാണ് ഇന്ന് പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. തുടക്കത്തിൽ ‘നവകേരള’ പദ്ധതിയിലൂടെ ആയിരുന്നു അവ നിർവഹിച്ചത്. പിന്നീട് പ്രളയദുരന്തത്തെ തുടർന്ന് വന്ന ‘റീബിൽഡ് കേരള ഇനിഷ്യേറ്റീവ്’ ലോക ബാങ്ക് സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയാണ്. അതിന്റെ ഒരു പ്രധാന ഘടകമായ ‘ Sustainable Fiscal and Debt Management’ എന്ന ഘടകത്തിന്റെ പ്രധാന ഉദ്ദേശം സംസ്ഥാന സർക്കാരിന്റെ കടങ്ങൾ കുറയ്ക്കുക എന്നതല്ല, കടങ്ങൾക്ക് മേലുള്ള പലിശയുടെ തിരിച്ചടവ് ശേഷി ഉയർത്തുക എന്നതാണ്. അതായത്, മറ്റു ചിലവിനങ്ങൾ കുറയ്ക്കുകയും അതിനുവേണ്ടി ഖജനാവിനെ ഒരുക്കുകയും ചെയ്യുക. ആ ദിശയിലുള്ള പ്രവർത്തിയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
2002ലെ കറുത്ത ഉത്തരവ് വന്ന കാലത്തെ ലോകബാങ്ക് പദ്ധതികളുടെ ഒരു പ്രധാന ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടത് ‘ഫിസ്‌കൽ മാനേജ്മെന്റും കടത്തിന്റെ മാനേജ്മെന്റും’ ആയിരുന്നു. അതിന്റെ ഭാഗമായാണ് 2003ൽ ‘കേരള ഫിസ്‌കൽ റെസ്പോൺസിബിലിറ്റി ആക്ട് ‘കൊണ്ടുവന്നത്. കടമെടുക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരുക എന്നതായിരുന്നു ഉദ്ദേശം.രണ്ടു പതിറ്റാണ്ടിനിപ്പുറം ‘നവ കേരള’ത്തിന്റെ ഭാഗമായ ലോകബാങ്ക് പദ്ധതിയുടെയും ഒരു ഘടകം കടത്തിന്റെ മാനേജ്മെന്റ് ആണ് എന്നതാണ് വിചിത്രം. ഈ കാലയളവിൽ കടം കുറയുകയല്ല, പതിന്മടങ്ങ് വർദ്ധിക്കുകയാണ് ചെയ്തത് എന്ന് കാണാം. വായ്പാധിഷ്ഠിത വികസനം എന്ന സങ്കല്പത്തിലൂടെ കടബാധ്യത കൂടുകയാണുണ്ടായത്. ആ തുക അടിസ്ഥാന സൗകര്യ വികസനം എന്ന പേരിൽ വൻതോതിൽ വൻകിട കമ്പനിക്കാർക്ക് മാത്രം ഗുണം കിട്ടുന്ന, സംസ്ഥാന കമ്പോളത്തിൽ എത്താത്ത, നേരത്തെ പറഞ്ഞ മൾട്ടിപ്ലയർ എഫക്ട് വട്ടപൂജ്യമായ, പിപിപി(പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) പദ്ധതികളിലൂടെ ഒഴുക്കുകയാണ്. പി പിപി എന്നാൽ, മുടക്ക് മുതൽ പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന്, ലാഭം സ്വകാര്യകുത്തകകൾക്ക് എന്നാണർത്ഥം. വിഴിഞ്ഞം പദ്ധതി ഉദാഹരണം. സംസ്ഥാനത്തെ ജനങ്ങൾക്ക് വരുന്ന 40 വർഷത്തേക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത, ഒരു സ്വകാര്യ കുത്തക മുതലാളിയായ അദാനിക്ക് മാത്രം ലാഭം ചെന്നുചേരുന്ന വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി നാടിന്റെ വികസനം എന്ന വ്യാജ പ്രചരണത്തിലൂടെ ഇതിനോടകം ഏതാണ്ട് പതിനായിരം കോടി രൂപയാണ് സംസ്ഥാന സർക്കാർ പണമായും ഗ്യാരണ്ടിയായും സ്ഥലമെടുപ്പായും ഒക്കെ നൽകിയത്. ഇതെല്ലാം കടംകൊണ്ടും ജനങ്ങളുടെ നികുതിപ്പണമായും സ്വരുക്കൂട്ടിയതാണ്.


കടം വർദ്ധിച്ചത് വഴി പലിശ നൽകാനുള്ള തുകയുടെയും കാര്യത്തിൽ വൻ വർദ്ധനവുണ്ടായി.ശമ്പളത്തിനും പെൻഷനും പലിശ നൽകാനും വേണ്ടി വിനിയോഗിക്കുന്ന തുകയുടെ പാറ്റേൺ ശ്രദ്ധിച്ചാൽ ഈ മാറ്റം പ്രകടമാണ്. ശമ്പളം നൽകാൻ 2023-24 ബഡ്ജറ്റിൽ 40,042 കോടി രൂപ വകയിരുത്തിയപ്പോൾ യഥാർത്ഥത്തിൽ ചെലവാക്കിയത് 38,178 കോടി രൂപ (2% കുറവ്). പെൻഷന് 28,239 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവാക്കിയത് 26,182 കോടി രൂപ (7% കുറവ്). പലിശയ്ക്കായി 26,246 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവായത് 26,843 കോടി രൂപ (2% വർദ്ധനവ്). ബഡ്ജറ്റ് വിഹിതത്തിൽ ഏതാണ്ട് 4000 കോടി രൂപ നിലനിൽക്കവേ സർക്കാർ ജീവനക്കാർക്ക് മറ്റ് ആനുകൂല്യങ്ങളും നൽകാതെ പിടിച്ചുവച്ചത് പലിശ കൊടുക്കാനായി മാറ്റി. ശമ്പളയിനത്തിൽ ചെലവാക്കുന്ന ശതമാന കണക്കും തുകയും വർഷംതോറും കുറഞ്ഞു വരികയാണെന്നും ബഡ്ജറ്റ് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. കടം കൂടുന്നതനുസരിച്ച് പലിശയിനത്തിൽ ചെലവ് വൻതോതിൽ കൂടുന്നതായും മനസ്സിലാവും. പ്രതിവർഷം എടുക്കുന്ന കടം ഏതാണ്ട് പൂർണമായും പലിശ നൽകാനായാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ എട്ടുവർഷംകൊണ്ട് പലിശ ചെലവ് ഇരട്ടിയിലധികമാണ് വർദ്ധിച്ചത് (116%). പക്ഷേ പലിശയുടെ വർദ്ധനവിനെപ്പറ്റി ഒരു സാമ്പത്തിക വിശാരദന്മാരും മന്ത്രിപുംഗവന്മാരും മിണ്ടില്ല.


വസ്തുതകൾ ഇവ്വിധമായിരിക്കെ, സർക്കാർ ജീവനക്കാരുടെ ശമ്പളം നിഷേധിക്കുവാൻ വേണ്ടി കേരളത്തിന്റെ വരവെല്ലാം കൊണ്ടുപോകുന്നവരായി അവരെ ചിത്രീകരിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കദനകഥകൾ അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് കൂലി കവർച്ച ചെയ്യുന്നത് എന്തുകൊണ്ടാണ്? സ്വകാര്യ നിക്ഷേപം പോഷിപ്പിക്കുവാൻ വേണ്ടിയുള്ള സാമ്പത്തിക നീക്കങ്ങളെ കൂടാതെ വളരെ ഗുരുതരമായ മറ്റൊരു നിഗൂഢ ലക്ഷ്യംകൂടി ഇതിന്റെ പുറകിലുണ്ട്.
അത്, പിണറായി സർക്കാരിന്റെ പ്രധാനമുദ്രാവാക്യങ്ങളിലൊന്നായ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ആണ്. അതായത്, മൂലധന നിക്ഷേപത്തിന്, അത് എത്ര ക്രിമിനൽ സ്വഭാവമുള്ളതായിക്കൊള്ളട്ടെ, യാതൊരുതരത്തിലുമുള്ള തടസ്സങ്ങളും ഉണ്ടാവില്ല, എന്ന് മാത്രമല്ല, സർവ്വവിധ സഹായങ്ങളും ഒരുക്കിക്കൊടുക്കും എന്ന പ്രഖ്യാപനമാണത്. നിലവിലുള്ള യാതൊരു തൊഴിൽ – സാമൂഹിക-പാരിസ്ഥിതിക നിയമങ്ങളും തടസ്സമായി വരാത്ത രീതിയിൽ എൻഫോഴ്സ്മെന്റ് പരിശോധനകളെ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ്. തന്നെയുമല്ല, മേൽപ്പറഞ്ഞ ലക്ഷ്യത്തോടെ തൊഴിലാളികളുടെ വേതനം,തൊഴിൽ സമയം, തൊഴിൽ സ്ഥിരത, അപകടത്തിൽ നിന്നുള്ള സുരക്ഷ എന്നിങ്ങനെയുള്ള എല്ലാ സംരക്ഷണ നിയമങ്ങളും എടുത്തു കളഞ്ഞുകൊണ്ട് മുതലാളിമാരുടെ താൽപര്യം മാത്രം സംരക്ഷിക്കുന്ന, തൊഴിലാളികളെ അടിമപ്പണിക്കാരാക്കുന്ന ആ നാല് ലേബർ കോഡുകൾ കേന്ദ്രസർക്കാർ കൊണ്ടുവന്നപ്പോൾ കേരളമാണ് ആദ്യമായി അവ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയത്. കോഡുകൾക്ക് റൂളുകൾ ആവിഷ്കരിച്ചു കഴിഞ്ഞു. അതിലെ പല കാര്യങ്ങളും മറ്റ് പിന്തിരിപ്പൻ സർക്കാരുകൾക്ക് പോലും മാതൃകയെന്നവണ്ണം നടപ്പിലാക്കി തുടങ്ങുകയും ചെയ്തിരിക്കുന്നു.


‘Doing business 2020: reforms to boost Indian business climate rankings’ എന്ന റിപ്പോർട്ടിലൂടെയാണ് ലോക ബാങ്ക് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പദ്ധതിയുടെ നടത്തിപ്പിനെ സംബന്ധിച്ച മാർഗ്ഗരേഖ നൽകിയിരിക്കുന്നത്.
ഈ പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പിന്റെ നോഡൽ ഏജൻസിയായ കെ എസ് ഐ ഡി സി യുടെ വെബ് സൈറ്റിൽ പറയുന്നത് ശ്രദ്ധിക്കുക: “ബിസിനസ് അന്തരീക്ഷത്തിന്റെ നിലവച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ റാങ്ക് നിശ്ചയിക്കുവാൻ വേണ്ടി ലോകബാങ്ക് ആവിഷ്കരിച്ച ഒരു സംരംഭമാണ് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’. അതിന്റെ ചുവടുപിടിച്ച് കേന്ദ്ര ഗവൺമെന്റ് ബിസിനസ് പരിഷ്കാരത്തിന് വേണ്ടിയുള്ള ഒരു ആക്ഷൻ പ്ലാൻ പുറപ്പെടുവിച്ചിട്ടുണ്ട്. അത് നടപ്പിലാക്കുന്നതിന്റെ മാർക്കും ബിസിനസുകാരിൽ നിന്നുള്ള ഫീഡ്ബാക്ക് റിപ്പോർട്ടും വച്ചുകൊണ്ട് റാങ്ക് നിശ്ചയിക്കും. ഇതിന്റെ ലക്ഷ്യം നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. കേരളം ഇക്കാര്യത്തിൽ പ്രോ-ആക്ടീവ് നടപടികളാണ് സ്വീകരിക്കുന്നത്.” ഇത് കാര്യക്ഷമമാക്കി നടപ്പിലാക്കി കൂടുതൽ ഉയർന്ന റാങ്ക് വാങ്ങിക്കുന്നതിൽ കേരളം മത്സരിക്കുന്നതിന്റെ കാര്യങ്ങളാണ് തുടർന്ന് ഇതിൽ വിശദീകരിക്കുന്നത്. ഇന്ന് കേരളത്തിന്റെ റാങ്ക് 15 ആണ്. ആക്ഷൻ പ്ലാനിൽപ്പെട്ട 80 മുതൽ 90% വരെ കാര്യങ്ങൾ കേരളം ഇതിനോടകം നടപ്പിലാക്കി എന്നുമാണ് കെഎസ്ഐഡിസി പറയുന്നത്.


മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതിന്റെ അടിസ്ഥാന ചോദന ലാഭമാണെന്ന് നമുക്കറിയാം. അതിഗുരുതരമായ കമ്പോള പ്രതിസന്ധിയുടെ ഇന്നത്തെ കാലത്ത് വെറും ലാഭമല്ല, കൊള്ളലാഭമാണ് ലക്ഷ്യം. ഷെയർ മാർക്കറ്റിലെ അങ്കപ്പയറ്റുകൾ കമ്പനികളുടെ വിധി നിശ്ചയിക്കുന്ന ഇന്നത്തെ കാലത്ത് ലാഭവർദ്ധനവിന്റെ നിരക്ക് കുറയുന്ന കമ്പനികളെ മറ്റൊരു വമ്പൻ വിഴുങ്ങും. അതിനാൽ, എത്ര അടിയുറച്ച പാരമ്പര്യമുള്ള കമ്പനികൾ ആണെങ്കിലും നിലനിൽപ്പിനായി ലാഭനിരക്ക് വർദ്ധിപ്പിക്കാനായി പോരാടിയെ മതിയാവു. ഇന്നത്തെ കഴുത്തറുപ്പൻ മത്സരത്തിന്റെ കാലത്ത് ഉല്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് മത്സരം. ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനായി ഉൽപ്പാദന ചിലവ് കുറയ്ക്കുക എന്നത് മാത്രമാണ് പോംവഴി. അക്കാര്യത്തിൽ തൊഴിലാളികളുടെ ഉത്പാദനക്ഷമത കൂട്ടുകയും കൂലി കുറയ്ക്കുകയും ചെയ്യുന്നതിലുള്ള വിജയത്തിലൂടെയാണ് ഒരു മുതലാളി മറ്റൊരു മുതലാളിക്ക് മേൽ മേൽകൈ നേടുന്നത്. തൊഴിൽ വൈദഗ്ധ്യം കൂട്ടുക, തൊഴിൽ സമയം കൂട്ടുക, കൂലി കുറയ്ക്കുക, അതായത് ചൂഷണത്തിന്റെ തോത് വർദ്ധിപ്പിക്കുക. ഇതിൽ വിജയിക്കുന്ന മുതലാളിയാണ് മത്സരത്തിൽ വിജയിക്കുക. തൊഴിലാളികളെ ഇത്തരത്തിൽ നിർബ്ബാധം ചൂഷണം ചെയ്യുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാറ്റിനെയും നിഷ്കാസനം ചെയ്യുക എന്നതാണ് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ചെയ്യുന്നത്. മറ്റ് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ തമ്മിൽ മത്സരിക്കുമ്പോൾ തൊഴിൽ ചൂഷണത്തിൽ നൽകുന്ന എഡ്ജ് ആണ് നിക്ഷേപം ആകർഷിക്കാൻ പര്യാപ്തമാവുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മികവും സാമൂഹിക പ്രബുദ്ധതയുമുള്ള തൊഴിലാളികളുടെ ഉത്പാദനക്ഷമത കൂടുതലാണെങ്കിലും പതിറ്റാണ്ടുകളുടെ പ്രക്ഷോഭണങ്ങളിലൂടെ നേടിയ താരതമ്യേന മെച്ചപ്പെട്ട വേതന ഘടനയും അവകാശ ബോധവും പൊളിച്ചടുക്കുക എന്നതാണ് സർക്കാരിന്റെ ചലഞ്ച്. ആ ചലഞ്ച് ആണ് പിണറായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.


അങ്ങനെ വിദ്യാസമ്പന്നർ എത്ര ചെറിയ കൂലിക്കും പണിയെടുക്കാൻ തയ്യാറായി വരുന്ന തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കുവാൻ പുതിയ കേരളം മാതൃക സൃഷ്ടിക്കാനാണ് പിണറായി വിജയൻ എന്ന മൂലധനത്തിന്റെ വിശ്വസ്ത കാര്യസ്ഥന്റെ നേതൃത്വത്തിൽ സിപിഐ(എം)ഉം എൽഡിഎഫും ശ്രമിക്കുന്നത്.
മാതൃകാ തൊഴിൽദാതാവ് എന്ന നിലയിൽ സ്വകാര്യമേഖലയിൽ അടക്കമുള്ള തൊഴിൽ മേഖലകളിലേക്ക് പുതിയ മാതൃക സൃഷ്ടിക്കുന്ന തരത്തിൽ സ്വന്തം തൊഴിലാളികളെ മെരുക്കിയെടുക്കുകയാണ്. കെഎസ്ആർടിസിയിൽ ആരംഭിച്ച് മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും തുടർന്ന് സർക്കാർ സർവീസിലും അത് നടപ്പിലാക്കി കാണിക്കുകയാണ്. എന്തൊക്കെയാണ് ആ മാതൃക? ശമ്പളം പകുതിയാക്കി കുറയ്ക്കാം. സാമ്പത്തിക ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കാം, നിഷേധിക്കാം. ശമ്പളം എല്ലാ മാസവും കൃത്യമായി നൽകണമെന്നില്ല. 12 മണിക്കൂർ അതായത് ഒന്നരയാളുടെ പണിയെടുപ്പിക്കാം. പെൻഷൻ വെട്ടിക്കുറക്കാം, മുടക്കം വരുത്താം, നൽകാതെയുമിരിക്കാം. നിലവിലുള്ള തൊഴില്‍നിയമങ്ങൾ ലംഘിച്ചാലും ഒരു എൻഫോഴ്‌സ്‌മെന്റ് നടപടികളും ഉണ്ടാവില്ല. സർവോപരി തൊഴിലാളികൾ ഇതിനെയൊക്കെയെതിരെ സംഘടിക്കില്ല, ചോദ്യം ചെയ്യില്ല, സമരം ചെയ്യില്ല,പണിമുടക്കില്ല. കാരണം ഭരണപാർട്ടികൾ അവരുടെ നിയന്ത്രണത്തിലുള്ള സംഘടനകളുടെ സമരശേഷി ഇതിനോടകം ചോർത്തി കളഞ്ഞിരിക്കുന്നു.തൊഴിലാളികളെ വല്ലാത്ത നിരാശ്രയത്വത്തിലും നിരാശയിലുംപെടുത്തി സ്വയം സംഘടിക്കാനുള്ള ശക്തി ഇല്ലാതാക്കിയിരിക്കുന്നു. ഈ നിലയിൽ ചതയ്ക്കപ്പെട്ട തൊഴിലാളിയെ നിഷ്ഠൂരമായ ചൂഷണത്തിന് വിധേയമാക്കാം. മറുവശത്ത് തൊഴിലില്ലാപ്പട കുമിഞ്ഞു കൂടുമ്പോൾ തൊഴിലിൽനിന്ന് പുറത്താക്കപ്പെടും എന്ന ഒറ്റ ഭീഷണി മതി, ഏതൊരാളെയും കൂലിയടിമയാക്കി മാറ്റാൻ.
പക്ഷേ ഈ അവസ്ഥ ശാശ്വതമല്ലെന്നതാണ് ചരിത്രത്തിന്റെ ശാസ്ത്രീയ പാഠം. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ നിലനിൽക്കുവോളം ചൂഷണത്തിന്റെ, അടിച്ചമർത്തലിന്റെ തോത് വർദ്ധിച്ചു കൊണ്ടിരിക്കും എന്നതിനാൽ ഏതൊരു മനുഷ്യ ജീവിയുടെയും സഹനത്തിന്റെ സീമകളിൽ എത്തും. സഹജ സ്വഭാവത്തോടെ തൊഴിലാളികൾ അവരുടെ പ്രത്യയശാസ്ത്രത്തെ വീണ്ടും പുൽകും,സംഘടിതരാവും. മുതലാളിത്തത്തിന്റെ എല്ലാ കാര്യസ്ഥൻമാരെയും വൈതാളികന്മാരെയും തട്ടി നീക്കി സമൂഹം മുന്നേറും.

Share this post

scroll to top