AIDSO സംഘടിപ്പിച്ച അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനം

DSO-All-India-Con-Delhi-1.jpg
Share

ദേശീയ വിദ്യാഭ്യാസ നയം 2020നെതിരെ രാജ്യമെമ്പാടും ശക്തമായ പ്രചാരണം നടത്തിക്കൊണ്ട് ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ(എഐഡിഎസ്ഒ) നവംബർ 28,29,30 തീയതികളിൽ ഡൽഹിയിൽ സംഘടിപ്പിച്ച പത്താമത് അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനം ജനവിരുദ്ധ നയത്തിനെതിരെ വിദ്യാർത്ഥി-ബഹുജനമുന്നേറ്റത്തിന് മുൻകൈയെടുക്കാൻ വിദ്യാർത്ഥികളോടും വിദ്യാഭ്യാസ സ്നേഹികളോടും ആഹ്വാനം ചെയ്തു.
ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തി(ഷഹീദ് ഉദ്ദം സിംഗ് നഗർ)ൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ ഭഗത്‌സിംഗ് ആർക്കൈവ്സ് ആന്റ് റിസോർഴ്സ് സെന്റർ ഉപദേഷ്ടാവ് ചമൻലാൽ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസ നയം(എന്‍ഇപി) 2020 നടപ്പിലാക്കിയതിലൂടെ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും ത്വരിതഗതിയിൽ വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. പ്രൊഫ.റോമില ഥാപ്പറുടെ സന്ദേശം വായിച്ചു. എഐഡിഎസ്ഒ ജനറൽ സെക്രട്ടറി സൗരവ് ഘോഷ് അധ്യക്ഷത വഹിച്ചു. എഐഡിഎസ്ഒ അഖിലേന്ത്യാ പ്രസിഡന്റ് വി.എൻ.രാജശേഖർ, മുൻ അഖിലേന്ത്യാ പ്രസിഡന്റ് അരുൺ കുമാർ സിംഗ് എന്നിവർ പ്രസംഗിച്ചു.


തുടർന്ന് നടന്ന ഇടതു വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ സെഷനിൽ എഐഎസ്എ ജനറൽ സെക്രട്ടറി പ്രസെൻജിത് കുമാർ, എഐഎസ്ബി സെക്രട്ടറി ജയവർദ്ധൻ, പിഎസ് യു ജനറൽ സെക്രട്ടറി നൗഫൽ ഇഡി സഫിയുള്ള, എഐഎസ്എഫ് നാഷണൽ പ്രസിഡന്റ് വിരാജ് ദേവാഗ്, എഐഡിഎസ് ഒ സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മണിശങ്കർ പട്നായിക് എന്നിവർ പങ്കെടുത്തു. എഐഡിഎസ് ഒ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം അജിത് സിംഗ് പൻവാർ അധ്യക്ഷത വഹിച്ചു.
നവംബർ 28 ന് സമ്മേളനനഗരിയിൽ നടന്ന അക്കാദമിക് സെഷനിൽ പങ്കെടുത്ത മുംബൈ ഐഐടി റിട്ട.പ്രൊഫ.രാം പുനിയാനി ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്തിന്റെ വികാസത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. എൻഇപി 2020ന്റെ ഭാഗമായി കൊണ്ടുവന്നിരിക്കുന്ന ഭാരതീയ ജ്ഞാന സംഹിതയിലൂടെ ഇന്ത്യയുടെ ചരിത്രം തന്നെപൊളിച്ചെഴുതുകയാണെന്ന് ആദ്ദേഹം ചൂണ്ടിക്കാട്ടി. പരിണാമ സിദ്ധാന്തവും പീരിയോഡിക് ടേബിളുമെല്ലാം പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്ത് അശാസ്ത്രീയതയും അന്ധവിശ്വാസവും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽപെടുത്തിയിരിക്കുന്നു. ഇതിലൂടെ യഥാർത്ഥ വിജ്ഞാനമാണ് തടഞ്ഞുവെയ്ക്കപ്പെടുന്നത്. ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള നടപടികളിലൂടെ യുക്തിരഹിരായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയും അത് രാജ്യത്തിന്റെ ആകമാനമുള്ള വികാസത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യും. അതിനാൽ വിനാശകരമായ വിദ്യാഭ്യാസ പദ്ധതികൾക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ സമരം വളർത്തിയെടുക്കാൻ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.


എഐഡിഎസ്ഒ സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പറും കേരള സംസ്ഥാന പ്രസിഡന്റുമായ ഡോ. എസ്.അലീന മോഡറേറ്ററായിരുന്ന സെഷനിൽ അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ലെഫ്. ജനറൽ സമീർ ഉദ്ദീൻ ഷാ, മേഘാലയിലെ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ പ്രൊഫ.വാൻഡൽ പാസെ, പ്രൊഫ.എൽ.ജവഹർ നേശൻ (മൈസൂർ ജെഎസ്എസ് ടെക്നിക്കൽ യൂണിവേഴ്‌സിറ്റി), പ്രൊഫ.നവനീത് ശർമ(ഹിമാചൽപ്രദേശ് സെൻട്രൽ യൂണിവേഴ്സിറ്റി), മുൻ എംപിയും പീപ്പിൾസ് ഹെൽത്ത് മൂവ്മെന്റിന്റെ നേതാവുമായ ഡോ. തരുൺ മണ്ഡൽ എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന അന്താരാഷ്ട്ര വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ സെമിനാറിൽ ഓൾ നേപ്പാൾ നാഷണൽ ഫ്രീ സ്റ്റുഡന്റ്സ് യൂണിയൻ പ്രതിനിധി ആർതി ലാമ, ഓൾ നേപ്പാൾ സ്റ്റുഡന്റ്സ് യൂണിയൻ (സോഷ്യലിസ്റ്റ്) പ്രസിഡന്റ് സി.നരേന്ദ്ര, എഐഡിഎസ്ഒ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം കെ.എസ്. അശ്വിനി എന്നിവർ സംസാരിച്ചു. ശ്രീലങ്കൻ റെവല്യൂഷണറി സ്റ്റുഡന്റ്സ് യൂണിയൻ, ബംഗ്ലാദേശ് സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് ഫ്രണ്ട്, യൂഗോസ്ലാവിയയിലെ സോഷ്യലിസ്റ്റ് യൂത്ത് ലീഗ് എന്നിവയുടെ പ്രതിനിധികളുടെ വീഡിയോ സന്ദേശവും ഉണ്ടായിരുന്നു.
പ്രതിനിധി സമ്മേളനത്തിന്റെ സമാപനയോഗത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം ചണ്ഡീദാസ് ഭട്ടാചാര്യ മുഖ്യപ്രസംഗം നടത്തി. ദേശീയ വിദ്യാഭ്യാസ നയം 2020 നെതിരെ ജനകീയ സമരവേദി പടുത്തുയർത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കുകയും വാണിജ്യവൽക്കരിക്കുകയും വർഗ്ഗീയവൽക്കരിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്ന എൻഇപി 2020നെതിരെ വിദ്യാർത്ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ സ്നേഹികളെയും അണിനിരത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് വിദ്യാർത്ഥികളുടെ കടമയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശാസ്ത്രീയ – മതേതര – ജനാധിപത്യ വിദ്യാഭ്യാസത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ദൗത്യമേറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിചേർത്തു.


അഖിലേന്ത്യാ പ്രസിഡന്റായി സൗരവ് ഘോഷിനെയും ജനറൽ സെക്രട്ടറിയായി ശിബാശിശ് പ്രഹരാജിനെയും 202 അംഗ സെൻട്രൽ കൗൺസിലിനെയും തിരഞ്ഞെടുത്തു. കേരള സംസ്ഥാന പ്രസിഡന്റ് എസ്.അലീന, സെക്രട്ടറി ആർ.അപർണ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും അകിൽ മുരളി, ഗോവിന്ദ് ശശി, അജിത് മാത്യു, നിലീന മോഹൻകുമാർ, ആർ. ജതിൻ എന്നിവരെ സെൻട്രൽ വർക്കിംഗ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.
രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ നിന്നും 4 കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമായി 1800 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ദേശീയവിദ്യാഭ്യാസനയം 2020 പിൻവലിക്കുക, വിജ്ഞാനത്തെയും സംസ്കാരത്തെയും മാനവികതയെയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സംഘടന രാജ്യമെമ്പാടും നടത്തിവരുന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. അഖിലേന്ത്യാ സമ്മേളനത്തിന്റെ അതീവ ഗൗരവസ്വഭാവം പങ്കെടുത്തവരെല്ലാം ഉൾക്കൊണ്ടിരുന്നുവെന്ന് സമ്മേളനത്തിന്റെ ഓരോ സെഷനിലും നടന്ന ചർച്ചകൾ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽനിന്നുവന്ന പ്രതിനിധികൾ വേദിയിൽ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ- സാംസ്കാരിക പരിപാടികൾ പങ്കെടുത്ത ഏവർക്കും കൂടുതൽ മെച്ചപ്പെട്ട അനുഭവം സമ്മാനിച്ചു.


മുതലാളിത്ത ഇന്ത്യയിലെ ഭരണവർഗ്ഗം തങ്ങളുടെ താൽപ്പര്യസംരക്ഷണാർത്ഥം രാജ്യത്ത് പടർത്തുന്ന വർഗ്ഗീയ-വംശീയ അന്ധകാരത്തിനെതിരെ വളർന്നുവരുന്ന അതിശക്തമായ ഒരു പ്രതിപ്രവാഹത്തിന്റെ ദിശയാണ് എഐഡിഎസ്ഒ സമ്മേളനം രാജ്യത്തിനുമുന്നിൽ ചൂണ്ടിക്കാട്ടിയത്. മഹാനായ തൊഴിലാളിവർഗ്ഗനേതാവും സംഘടനയുടെ മാർഗ്ഗദർശിയുമായ സഖാവ് ശിബ്‌ദാസ്ഘോഷിന്റെ പാഠങ്ങളിൽ നിന്നും കരുത്താർജ്ജിച്ച് ഉയർന്നുവരുന്ന ഈ തലമുറ രാജ്യത്തെ ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായ ജനങ്ങളുടെ പുതിയവെളിച്ചവും പ്രതീക്ഷയുമാ ണെന്ന് അടിവരയിട്ട സമ്മേളനമാണ് ഹിന്ദിഹൃദയമേഖലയിൽ സംഘടിപ്പിക്കപ്പെട്ടത്.

Share this post

scroll to top