കർഷകരെ പരിഗണിക്കാത്ത കേന്ദ്രസർക്കാരിന്റെ റബ്ബർ നയം

rubber.jpg
Share

കർഷകരെ തെല്ലും പരി​ഗണിക്കാതെയും എന്നാൽ വ്യവസായികളുടെ താത്പര്യങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ടും 2014 മുതലുണ്ടായ നയം മാറ്റത്തിന്റെ
തുടർച്ചയായാണ് പുതിയ റബ്ബർ ബിൽ (റബ്ബർ പ്രൊമോഷൻ ആൻഡ് ഡെവലപ്പ്മെന്റ് ആക്ട് 2023) അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏകദേശം 67 ശതമാനം റബർ ഉത്പാദിപ്പിക്കുന്ന 13 ലക്ഷത്തോളം ചെറുകിട കർഷകരെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.

കേരളത്തിലെ കർഷകർക്ക് തിരിച്ചടി


റബ്ബർ ബോർഡ് കർഷകർക്കും തൊഴിലാളികൾക്കും ആർപിഎസുകൾക്കും നൽകിയിരുന്ന 20 പദ്ധതികൾ ഇതിനോടകം നിർത്തലാക്കി. 1400ലധികം ഉദ്യോഗസ്ഥരുണ്ടായിരുന്നത് ഇപ്പോൾ 600 ആയി ചുരുങ്ങി. ചെയർമാൻ ഐഎഎസ് കാരനാകണമെന്ന നിബന്ധന ഇല്ലാതാക്കി. എക്സിക്യുട്ടീവ് ഡയറക്ടർ പുതിയ അധികാരിയായി. ഫലത്തിൽ റബ്ബർബോർഡിനെ നോക്കുകുത്തിയാക്കി, പല അധികാരങ്ങളും മരവിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ടയർ വ്യവസായികൾക്കുൾപ്പെടെ ഹെക്ടറിന് ഒന്നരലക്ഷം രൂപ നൽകി റബ്ബർ കൃഷി വ്യാപിപ്പിക്കുന്നു. അതേ സമയം കേരളത്തിൽ പുതുക‍ൃഷിക്ക് കേവലം 25000 രൂപ മാത്രമാണ് റബ്ബർ ബോർഡ് നൽകുന്നത്. റബ്ബർ ഇറക്കുമതിക്ക് 25 ശതമാനം ഇറക്കുമതിചുങ്കമുണ്ടെങ്കിലും വ്യവസായികൾ 10 ശതമാനത്തിന് ഐവറികോസ്റ്റിൽനിന്നും കോമ്പൗണ്ട് റബ്ബർ ഇറക്കുമതിചെയ്ത് വലിയ തോതിൽ നികുതി വെട്ടിപ്പ് നടത്തുന്നു.
റബ്ബറിന് മിനിമം താങ്ങുവില
(എംഎസ്്പി) നൽകണം
റബ്ബറിന് മിനിമം താങ്ങുവില നിയമപരമായി നടപ്പിലാക്കുകയും സർക്കാർ ആ വിലയ്ക്ക് സംഭരിക്കുകയും ചെയ്താൽ റബ്ബർ കർഷകർക്ക് അത് ​ഗുണം ചെയ്യും. ഇപ്പോൾ താത്കാലികമായി കിലോയ്ക്ക് 250 രൂപവരെ ഉയർന്ന വില ലഭിച്ചത് നിലനിൽക്കില്ല എന്നത് ഏവർക്കുമറിയാം. എന്നാൽ ആ വിലവർദ്ധനവിന്റെ പേരിൽ ടയർ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വ്യവസായികൾ വൻതോതിൽ വില വർദ്ധിപ്പിക്കുകയും ചെയ്യും. സ്വാഭാവിക റബ്ബറിന് ഭീഷണിയായ സിന്തറ്റിക് റബ്ബർ, റിക്ലെയിംഡ് റബ്ബർ തുടങ്ങിയ വ്യവസായങ്ങളെയും റബ്ബർബോർഡിന്റെ കീഴിൽ നിലനിർത്തി കർഷകനെ സഹായിക്കാനും ടയർ ഇതര ഉത്പന്ന വ്യവസായങ്ങളെ, ഇറക്കുമതിചുങ്കം വർദ്ധിപ്പിച്ചു സംരക്ഷിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണം. ഉപയോ​ഗിച്ച ടയറിന്റെ ഇറക്കുമതി പൂർണ്ണമായും നിരോധിക്കണം. റബ്ബറൈസ്ഡ് റോഡുകളുടെ നിർമ്മാണത്തിന് സ്വാഭാവിക റബ്ബർ മാത്രം ഉപയോഗിക്കുക എന്ന നിബന്ധന ഉണ്ടാക്കണം. റബ്ബർബോർഡിന്റെ സ്വയംഭരണ സ്വാതന്ത്ര്യം നിലനിർത്തി കർഷക അനുകൂല നിലപാട് കേന്ദ്രസർക്കാർ കൈക്കൊണ്ടാൽ മാത്രമേ ചെറുകിട കർഷകർക്ക് കൃഷി തുടർന്നുകൊണ്ടുപോകുവാൻ കഴിയൂ. ലാഭകരമായി കൃഷി മുന്നോട്ടു കൊണ്ടുപോ കുവാൻ കിലോ​ഗ്രാമിന് 300 രൂപ മിനിമം താങ്ങുവില ലഭിക്കുകയും വേണം.


റബ്ബർ കർഷകർക്ക് ഏറെ പ്രതികൂലമായ ഒരു കർഷകവിരുദ്ധ കരാറായിരുന്നു 2010ൽ ഒപ്പിട്ട ആസിയാൻ കരാർ. ഇതിനെ തുടർന്ന് ഇന്ത്യൻ വിപണി വിദേശ റബ്ബർ ഇറക്കുമതിക്ക് തുറന്നുകൊടുത്തു. വ്യവസായികൾ ഇതേ ഇറക്കുമതി ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന റബ്ബറിന് വില കുത്തനെ ഇടിക്കുകയും കേന്ദ്രസർക്കാർ ഈ കൊള്ളക്ക് കൂട്ടുനിൽക്കുകയുംചെയ്തു. ഇങ്ങനെ വിലയിടിച്ചു വാങ്ങിച്ച റബ്ബർ ഉപയോ​ഗിച്ചുണ്ടാക്കുന്ന ടയർ ഉയർന്ന വിലക്ക് വിൽക്കുകയും ചെയ്യുന്നു. ഈ കോർപ്പറേറ്റ് കൊള്ള പുറത്തുകൊണ്ടുവന്ന ഒരു വിധിയായിരുന്നു 2022 ഫെബ്രുവരി മാസത്തിൽ ആറ് വൻകിട ടയർകമ്പനികൾക്ക് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഐ) 1788 കോടി രൂപ പിഴ ചുമത്തിയത്. 2011 മുതൽ രാജ്യത്തെ കോമ്പറ്റീഷൻ നിയമത്തിലെ മൂന്നാംവകുപ്പ് ലംഘിച്ച് കാർടിലൈസേഷൻ നടത്തി എന്ന കുറ്റത്തിന് അപ്പോളോ ടയേഴ്സ് ( 425.53 കോടി), എംആർഎഫ് ലിമിറ്റഡ് (622.09 കോടി), ജെകെ ടയർ (309.95 കോടി), സീയറ്റ് ലിമിറ്റഡ് (252.16 കോടി), ബിർള ടയേഴ്സ് ( 178.33 കോടി) എന്നീ അ‍‍ഞ്ച് കമ്പനികൾക്കാണ് സിസിഐ പിഴ ചുമത്തിയത്. ഇതിനുപുറമെ ഇവരുടെ കൂട്ടായ്മയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനും (എടിഎംഎ) 8.4 ലക്ഷം രൂപ പിഴചുമത്തിയിരുന്നു. ഒരേസമയം കർഷകരെയും ഉപഭോക്താക്കളെയും നിരന്തരം കബളിപ്പിച്ച് ശതകോടികൾ സമ്പാദിച്ചതിന് പിഴയായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ പിഴ അവരിൽനിന്നും ഈടാക്കി കർഷകർക്ക് വിതരണം ചെയ്യേണ്ടതാണ്. റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി ബഫർ സ്റ്റോക്കിനിടയാക്കുകയും വീണ്ടും ആഭ്യന്തരവില ഇടിക്കുകയും വ്യവസായികളെ സഹായിക്കുകയും ചെയ്യും. ഈ സാഹചര്യവും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

Share this post

scroll to top