സമ്പദ്‌വ്യവസ്ഥ വളരുന്നുവെന്ന അവകാശവാദവും തകര്‍ന്നടിയുന്ന ജനങ്ങളും

127436-eapekwbojb-1568607496.jpeg
Share

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളറിലേക്ക് ഉയരുകയാണെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്യാബിനറ്റ് സഹപ്രവർത്തകരും ആവര്‍ത്തിച്ച് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. (പ്രസ് ഇൻഫർമേഷൻ ബ്യൂറോ, 12.11.2022) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായത്തിൽ, രാഷ്ട്രീയസ്ഥിരതയും സുതാര്യമായ ഭരണവുമാണ് ഈ വളർച്ചയ്ക്ക് കാരണം. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ചുള്ള കൊട്ടിഘോഷം ഒരുവശത്ത് നടക്കുമ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തില്‍ ഇത് എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യ അതിവേഗ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുകയാണെന്നും മോദി സർക്കാരിന്റെ ദാരിദ്ര്യ ലഘൂകരണ പരിപാടികൾ കാരണം സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ടുവെന്നും ഇന്ത്യയിലെ 60 കോടിയിലധികം ആളുകൾ സമ്പദ്‌വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് വന്നിട്ടുണ്ടെന്നുമാണ് അമിത് ഷാ അവകാശപ്പെടുന്നത്. 70 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ വിപണി 130 കോടിയായി വികസിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. (ഉറവിടം: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിലെ പ്രസംഗം, 11-01-24) സമ്പദ്‌വ്യവസ്ഥ ഇത്ര വേഗത്തിൽ കുതിക്കുന്നുവെങ്കിൽ, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരമായ ഇടിവ് സൂചിപ്പിക്കുന്നതെങ്ങനെ എന്നതാണ് ചോദ്യം? എത്ര പൂജ്യങ്ങൾ ഒരു ട്രില്യൺ ഉണ്ടാക്കുമെന്ന് സാധാരണക്കാർക്ക് അറിയില്ലായിരിക്കാം. എന്നാൽ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ അവർ കടയിൽ പോകുമ്പോഴോ അവരുടെ കീശയിൽ നോക്കുമ്പോഴോ, വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ഈ വളർച്ചയുടെ കഥ എത്ര വ്യാജമാണെന്ന് അവർ തിരിച്ചറിയുന്നു. കഠിനാധ്വാനത്തിലൂടെ തങ്ങൾ സമ്പാദിക്കുന്ന തുച്ഛമായ പണവുമായി അവർ കടയിൽ പോകുന്നു, മിക്കവാറും ഒഴിഞ്ഞ സഞ്ചികളുമായി മടങ്ങുന്നു.


കുറയുന്ന ഗാർഹിക ഉപഭോഗവും ചുരുങ്ങുന്ന മധ്യവർഗവും


ഗാർഹിക ഉപഭോഗ ചെലവ് സർവേ സൂചിപ്പിക്കുന്നത് പോലെ, സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഗാർഹിക ഉപഭോഗം കുറഞ്ഞു. ഇത് 2020-21 ലെ മഹാമാരി വർഷത്തിന്റെ നിലവാരത്തേക്കാൾ ജിഡിപിയുടെ 57.2% താഴെയാണെന്ന് കണക്കാക്കപ്പെടുന്നു. ആളുകൾക്ക് അവരുടെ വാങ്ങൽശേഷി ക്രമേണ നഷ്ടപ്പെടുന്നു എന്നാണ് ഇതിനർത്ഥം. എന്തുകൊണ്ടാണിത്? കാരണം, ഒരുപിടി അതിസമ്പന്നരുടെ കീശ വീർപ്പിക്കുന്നതുമാത്രം ഉറപ്പാക്കുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയിൽ, വിലനിലവാരം ആകാശത്തോളം കുതിച്ചുയരുകയാണ്. അതേസമയം വരുമാനമാർഗങ്ങൾ കൂടുതൽ കൂടുതൽ തകർന്നുകൊണ്ടിരിക്കുകയുമാണ്. ഇടത്തരക്കാരുൾപ്പെടെ, അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ തുടർച്ചയായി ദരിദ്രരാക്കുന്നതിന്റെ ചെലവിലാണ് ഇത്. ‘മഹാമാരി മൂലമുണ്ടായ സാമ്പത്തികമാന്ദ്യം’ എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിൽ നിന്ന് കരകയറുന്നതിനെക്കുറിച്ചുള്ള എല്ലാ വാചാടോപവും ഉണ്ടായിട്ടും, ജനങ്ങൾക്ക് വേണ്ടത്ര വാങ്ങൽശേഷി ഇല്ലെന്ന് വ്യക്തമാണ്. സമ്പദ്‌വ്യവസ്ഥയിൽ ആവശ്യമായ ഡിമാൻഡ് സൃഷ്ടിക്കാൻ ഈ വാങ്ങൽശേഷി സഹായിക്കേണ്ടതായിരുന്നു. അങ്ങനെ വന്നിരുന്നെങ്കിൽ, കൂടുതൽ നിക്ഷേപം, കൂടുതൽ ഉൽപ്പാദനം, കൂടുതൽ തൊഴിലവസരങ്ങൾ അങ്ങനെ മൊത്തത്തിലുള്ള വീണ്ടെടുക്കലിലേയ്ക്ക് അത് നയിച്ചേനേ. ഓർക്കുക: സമ്പദ്‌വ്യവസ്ഥ (ജിഡിപി) 7 ശതമാനത്തിലധികം വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണിത്.


തീർച്ചയായും, പ്രധാനമന്ത്രി മോദി വളരെ ശുഭാപ്തിവിശ്വാസിയാണ്. അദ്ദേഹം ഒരു പുതിയ സാമ്പത്തിക ആശയം അവതരിപ്പിച്ചു. “കേക്കിന്റെ വലിപ്പം പ്രധാനമാണ്. കേക്കിന്റെ വലിപ്പം കൂടുന്തോറും ആളുകൾക്ക് വലിയ കഷണങ്ങൾ ലഭിക്കും. അതിനാൽ ഇന്ത്യയെ 5 ട്രില്യൺ യുഎസ് ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം വലുതായാൽ അത് രാജ്യത്തിന് വലിയ സമൃദ്ധി നൽകും”- പ്രധാനമന്ത്രി പറഞ്ഞു. ആഗോള ഉദാഹരണങ്ങൾ ഉദ്ധരിച്ച്, പ്രതിശീർഷ വരുമാനത്തിലെ കുതിച്ചുചാട്ടത്തിന്റെ പിൻബലത്തിൽ വികസ്വരരാജ്യങ്ങൾ വികസിത നിലയിലേക്ക് കുതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യയ്ക്കും അത് ചെയ്യാൻ കഴിയും, ലക്ഷ്യം ബുദ്ധിമുട്ടുള്ളതല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അദ്ദേഹം വെളിപ്പെടുത്താത്തത്, പ്രതിശീർഷ വരുമാനത്തിലെ ഈ വർദ്ധനവ് എല്ലാവരുടെയും അഭിവൃദ്ധി അർത്ഥമാക്കുന്നില്ല എന്നതാണ്. സമ്പത്തിന്റെ അസമമായ വിതരണത്തിന്റെ പശ്ചാത്തലത്തിൽ, ഫലത്തിൽ അർത്ഥമില്ലാത്ത ഒരു സ്ഥിതിവിവര ശരാശരിയാണിത്. അഞ്ച് അതിസമ്പന്നർ 10,000 രൂപയും അഞ്ച് ദരിദ്രർ 100 രൂപയും സമ്പാദിച്ചാൽ ആളോഹരി വരുമാനം 1010 രൂപയാണ്. എന്ത് കണക്കനുസരിച്ചാണെങ്കിലും ഇത് ഏന്തെങ്കിലും തരത്തിൽ ഒരു ഗുണനിലവാര അളവുകോലാണോ?


കുതിച്ചുയരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെന്ന കെട്ടുകഥ


ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു: ഉപഭോക്തൃ വില സൂചികയുടെ ഏകദേശം 40% ഭക്ഷണച്ചെലവുമായി ബന്ധപ്പെട്ടതാണ്. ഭക്ഷ്യവിലപ്പെരുപ്പം പരിഹരിക്കാതെ മൊത്തത്തിലുള്ള പണപ്പെരുപ്പം ഫലപ്രദമായി നിയന്ത്രിക്കാനാവില്ലെന്ന് മുൻകാല ഡാറ്റ അടിവരയിടുന്നു. 2023 മുതൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ വിലക്കയറ്റം ഒരു സ്ഥിരമായ പ്രശ്നമാണ്. സർക്കാർ കണക്കുകൾ തന്നെ വർഷാവർഷമുള്ള വിലക്കയറ്റം സൂചിപ്പിക്കുന്നു – ഉദാഹരണത്തിന്, പച്ചക്കറികൾ 28%, പയർവർഗ്ഗങ്ങൾ 17%, ധാന്യങ്ങൾ 8.6%, മാംസം, മത്സ്യം 8.2 %, സുഗന്ധവ്യഞ്ജനങ്ങൾ 7.8%, മുട്ട 7.1%, എന്നിങ്ങനെ. തക്കാളി, കിഴങ്ങ് തുടങ്ങിയ ചില പച്ചക്കറികളുടെ വിലയിൽ 50 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ-നഗര ഉപഭോക്താക്കൾ ഒരുപോലെ ദുരിതം അനുഭവിക്കുന്നു എന്നു കാണാം. ഗ്രാമീണമേഖലയിലെ പണപ്പെരുപ്പം ഒരു മാസം മുമ്പ് 5.3% ആയിരുന്നത് ഇപ്പോൾ 5.66% ആയി ഉയർന്നു. നഗരമേഖലയിലെ പണപ്പെരുപ്പം 4.2% ൽ നിന്ന് 4.4% ആയി ഉയർന്നു. ഔദ്യോഗിക കണക്കുകൾ എന്തുതന്നെയായാലും, ചില്ലറവിൽപ്പന വിപണിയിലെ വിലകൾ മൊത്തവില സൂചികയുടെ ഏതാണ്ട് ഇരട്ടിയാണ്. അതായത് പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, ഇടനിലക്കാരുടെ ഭാഗത്തുനിന്നുള്ള പണം വെട്ടിക്കൽ എന്നിവ തടസ്സമില്ലാതെ നടക്കുന്നു. കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നവരെയും അനധികൃത കച്ചവടക്കാരെയും പിടികൂടാൻ സർക്കാരിന്റെ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നതിന് പകരം കുറ്റവാളികളുമായി ഒത്തുകളിച്ചാൽ അത് നടക്കുമോ? പലിശനിരക്ക് കുറയ്ക്കുന്ന തിലുള്ള റിസർവ് ബാങ്കിന്റെ വിമുഖത പോലും പണപ്പെരുപ്പം കുതിച്ചുയരുന്നതിന് മേൽ നിയന്ത്രണമില്ലെന്ന് സ്ഥിരീകരിക്കുന്നു. കുറഞ്ഞ പലിശ നിരക്ക് എന്നാൽ കൂടുതൽ കടം വാങ്ങുക, അതുവഴി വിപണിയിൽ കൂടുതൽ പണമെത്തി പണപ്പെരുപ്പം വർദ്ധിപ്പിക്കും എന്ന മുതലാളിത്ത സാമ്പത്തികശാസ്ത്രത്തിലെ പാഠപുസ്തകസിദ്ധാന്തമാണ് അവർ അന്ധമായി പിന്തുടരുന്നത്.


വർദ്ധിച്ചുവരുന്ന കടം: 2022-23-ൽ, ആകെ ബാധ്യതകൾ 15.8 ലക്ഷം കോടി രൂപയായി ഉയർന്നു. ഉപഭോക്തൃ ഉൽപന്ന വ്യവസായത്തിന്റെ പ്രധാന ലക്ഷ്യമായ ആളുകൾ, പ്രത്യേകിച്ച് മധ്യവർഗം, കൂടുതൽ കടക്കെണിയിലായിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു സർവേ ഞെട്ടിപ്പിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തി-ഇന്ത്യയിലെ ജോലി ചെയ്യുന്ന പ്രൊഫഷണലുകളിൽ 77% പേരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നു എന്നാണത്. എന്നാൽ ഇങ്ങനെ വ്യാപകമായി കടത്തെ ആശ്രയിക്കുന്നതിനു പിന്നിലെ പ്രാഥമിക കാരണങ്ങൾ എന്തൊക്കെയാണ്? ആസൂത്രിതമല്ലാത്ത ചെലവുകൾ (പെട്ടെന്നുള്ള മെഡിക്കൽ അത്യാഹിതങ്ങൾ, അപ്രതീക്ഷിതമായ കുടുംബ ബാധ്യതകൾ പോലെയുള്ളവ), വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ചെലവിന്റെ കുതിച്ചുചാട്ടം – ഇതെല്ലാം വായ്പയെടുത്ത്, വരുമാനവും ചെലവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വിടവ് നികത്താൻ ആളുകളെ പ്രേരിപ്പിക്കുന്നു. എന്നാൽ, മതിയായ വരുമാനത്തിന്റെ അഭാവം തിരിച്ചടവിനെ തടസ്സപ്പെടുത്തുന്നതിനാൽ, അവർ കടക്കെണിയിലാകുന്നു. തുടർന്ന് അവർ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പാദ്യം (ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് മുതലായവ) പിൻവലിക്കുന്നു, അല്ലെങ്കിൽ പണയപ്പെടുത്തിയ ആസ്തികൾ (വീട്, ഭൂമി മുതലായവ) നഷ്ടപ്പെടുന്നു. ഈ ആസ്തികളിൽ ഏകദേശം 35% ബാങ്ക് നിക്ഷേപങ്ങളാണ്, തുടർന്ന് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (22%), ലൈഫ് ഇൻഷുറൻസ് ഫണ്ടുകൾ (18%), ചെറുകിട സമ്പാദ്യം (7%) എന്നിവയുൾപ്പെടെയുള്ളവയും.
അറ്റ സാമ്പത്തിക ആസ്തി 13.8 ലക്ഷം കോടി രൂപയായി കുത്തനെ കുറയുന്നതിന് ഇത് കാരണമാകുന്നു. റിസർവ് ബാങ്കിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23ൽ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക ആസ്തി ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപ്പാദനം) വെറും 5.1% ആയി കുറഞ്ഞു. ഇന്ത്യയിലെ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം, അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരിക്കുന്നു. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ കുടുംബങ്ങളുടെ ബാധ്യത 6 ലക്ഷം കോടി രൂപ വർധിച്ച് 83.65 ലക്ഷം കോടി രൂപയായിട്ടുണ്ട്. കടത്തിന്റെ ഈ വർദ്ധനവ് സൂചിപ്പിക്കുന്നത്, ആളുകൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ചെലവഴിക്കാനും മുൻകാല വായ്പകൾ അടയ്ക്കാനും കടം വാങ്ങിയിരിക്കാം എന്നതാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകമാണ്. എന്നാൽ അവശ്യവസ്തുക്കൾ വാങ്ങുന്നതിന് ആളുകൾക്ക് അവരുടെ സമ്പാദ്യം ബലി കഴിക്കേണ്ടിവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.


മെഡിക്കൽ പണപ്പെരുപ്പം: ഭക്ഷ്യവിലക്കയറ്റത്തോടൊപ്പം തന്നെ, ഇന്ത്യയിൽ വർധിച്ചുവരുന്ന ചികിത്സാചെലവിനെക്കുറിച്ചും പ്രത്യേക പരാമർശം ആവശ്യമാണ്. അനിയന്ത്രിതമായ സ്വകാര്യവൽക്കരണവും, ആതുരശുശ്രൂഷ എന്ന സേവനത്തെ ഏറ്റവും ഉയർന്ന ലാഭത്തിന് വിൽക്കാനുള്ള ഒരു വാണിജ്യ ചരക്കായി മാത്രം കാണുന്ന നയവും പിന്തുടർന്ന സർക്കാരുകൾ, ചികിത്സാ ചെലവുകൾ നിറവേറ്റുന്നത് പല കുടുംബങ്ങൾക്കും ഗണ്യമായ സാമ്പത്തിക ബാധ്യതയാക്കി മാറ്റിയിരിക്കുന്നു. 2023 ൽ, ഇന്ത്യയുടെ മെഡിക്കൽ പണപ്പെരുപ്പ നിരക്ക് 14% ആയിരുന്നു. ഇത് ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്ത്യയിലെ ആരോഗ്യ പരിപാലനച്ചെലവിന്റെ 62 ശതമാനവും ജനം സ്വന്തം പോക്കറ്റിൽ നിന്നാണ് നൽകുന്നത്. ഇന്ത്യയിലെ മരുന്ന് വിലനിർണ്ണയ അതോറിറ്റി ഒക്ടോബർ പകുതിയോടെ ചില അവശ്യ മരുന്നുകളുടെ വില 50% വർദ്ധിപ്പിച്ചു. ആസ്ത്മ, ഗ്ലൂക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ എന്നിവ പോലുള്ള അവസ്ഥകളുടെ ചികിത്സയ്ക്ക് ഈ മരുന്നുകൾ (ഇവയിൽ മിക്കതും വിലകുറഞ്ഞതാണ്) പ്രധാനമാണ്. രോഗനിർണ്ണയ പരിശോധനകളുടെ ചെലവും കുത്തനെ ഉയരുകയാണ്. ഒരു ലളിതമായ ‘സമ്പൂർണ രക്ത കൗണ്ട് പരിശോധന’യ്ക്ക് ഇപ്പോൾ ഏകദേശം 400 രൂപയാണ് ചെലവ്. എക്‌സ്-റേയുടെ ശരാശരി ചെലവ് 200 മുതൽ 2000 രൂപ വരെയാണ്. ആൻജിയോപ്ലാസ്റ്റിയുടെ ചെലവ് 2018-ൽ 1-1.5 ലക്ഷം രൂപയായിരുന്നത് 2024-ൽ 2-3 ലക്ഷം രൂപയായി. 2030-ഓടെ വൃക്ക മാറ്റിവയ്ക്കൽ ചെലവ് 20 ലക്ഷം കവിയുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവുകൾ വാർഷിക നിരക്കിൽ 14% വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇൻഷുറൻസ് കമ്പനിയായ അക്കോയുടെ ‘ഇന്ത്യ ഹെൽത്ത് ഇൻഷുറൻസ് ഇൻഡക്സ് 2024’ കാണിക്കുന്നു. ഓരോ വർഷവും വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾ 6.3 കോടി ഇന്ത്യക്കാരെ പുതുതായി ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. അതായത് ഓരോ സെക്കൻഡിലും ഏകദേശം രണ്ട് പേർ. ആരോഗ്യ ഇൻഷുറൻസിലൂടെ മതിയായ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് സർക്കാരുകൾ ആശ്വാസം നേടുകയാണ്. എന്നാൽ ഇവിടെയും പ്രീമിയം താരിഫ് കുതിച്ചുയരുകയാണ്. 52% ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്ക്, കഴിഞ്ഞ 12 മാസത്തിനിടെ പ്രീമിയം 25 ശതമാനത്തിലധികം വർദ്ധിച്ചതായി ‘ലോക്കൽ സർക്കിൾസ്’ നടത്തിയ ഒരു സർവേയിൽ പറയുന്നു. ഒരു പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനോ നിലവിലുള്ള പോളിസി പുതുക്കുന്നതിനോ ശ്രമിക്കുന്ന ആളുകൾക്ക്, ദീർഘകാല ആരോഗ്യ പരിരക്ഷയിൽ ഏർപ്പെടുന്നതിന് മുമ്പ് ഭാവിയിലെ പ്രീമിയം വർദ്ധനവുകൾ കൂടി കണക്കിലെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇപ്പോൾ വീണ്ടും പ്രീമിയത്തിൽ കൂടുതൽ വർധനവിന് ഒരുങ്ങുകയാണെന്നും പറയപ്പെടുന്നു.


വിദ്യാഭ്യാസച്ചെലവ് കുതിച്ചുയരുന്നു: ഇന്ത്യയിലെ വിദ്യാഭ്യാസച്ചെലവും സാധാരണ പണപ്പെരുപ്പത്തേക്കാൾ ഉയർന്ന നിരക്കിൽ വർദ്ധിക്കുകയാണ്. സ്വകാര്യവൽക്കരണ വേളയിൽ വിദ്യാഭ്യാസവും ഒരു ലാഭകരമായ ചരക്കായി മാറി. വിദ്യാഭ്യാസരംഗത്തെ പണപ്പെരുപ്പ നിരക്ക് ഏകദേശം 8-10% ആണ്. അതേസമയം പൊതു പണപ്പെരുപ്പം ഏകദേശം 5-6% ആണ്. ഓരോ 6-7 വർഷത്തിലും വിദ്യാഭ്യാസച്ചെലവ് ഇരട്ടിയാകാം എന്നാണ് ഇതിനർത്ഥം.


മധ്യവ‍ർഗം പാപ്പരാക്കപ്പെടുന്നു


ഇരുചക്രവാഹനങ്ങൾ മുതൽ വിലകൂടിയ എസ്‌യുവി വരെയുള്ള വാഹനങ്ങളുടെ ഉയർന്ന വിൽപ്പന ഉദ്ധരിച്ച് ഇന്ത്യയിലെ മധ്യവർഗം അഭിവൃദ്ധി പ്രാപിക്കുന്നതായി ചിത്രീകരിക്കാൻ ഔദ്യോഗിക വക്താക്കൾ ശ്രമിക്കുന്നു. എന്നാൽ, രാജ്യത്തെ വാഹന വിൽപ്പനക്കാർ 86,000 കോടി രൂപ വിലമതിക്കുന്ന 7 ലക്ഷം വാഹനങ്ങളുടെ അഭൂതപൂർവമായ സ്റ്റോക്കിന് മുകളിൽ ഇരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2010ൽ ഇന്ത്യയിലെ മധ്യവർഗം ഏകദേശം 50 ദശലക്ഷത്തിനും 70 ദശലക്ഷത്തിനും ഇടയിൽ ആയിരുന്നു. ഇത് 2020-ഓടെ 150 ദശലക്ഷത്തിനും 200 ദശലക്ഷത്തിനും ഇടയിലായി വളർന്നു. പക്ഷേ, വ‍ർധിക്കുന്ന ജീവിതച്ചെലവുകളും വരുമാനത്തിലെ ഇടിവും ക്രയശേഷിയെ കുറച്ച് അതിവേഗം അവരെ പാപ്പരാക്കുന്നു.
ഹിന്ദുസ്ഥാൻ യുണിലിവർ, ഗോദ്‌റെജ്, മാരികോ, ഐടിസി, നെസ്‌ലെ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്ന നി‍ർമ്മാണ ഭീമൻമാർ ജൂലൈ-സെപ്റ്റംബർ പാദത്തിൽ മാർജിനിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തന്റെ കമ്പനി നഗര മേഖലയിലെ വിൽപ്പന വളർച്ചയിൽ കടുത്ത മാന്ദ്യം അനുഭവിക്കുന്നുവെന്നും, ഈ തകർച്ചയ്ക്ക് കാരണമായത് “ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇടത്തരക്കാരാണ്”, എന്നാണ് നെസ്‌ലെ ഇന്ത്യയുടെ സിഎംഡി പറഞ്ഞത്.


വ‍ർധിക്കുന്ന അസമത്വം ആരോഗ്യത്തിന്റെയല്ല, രോഗത്തിന്റെ
ലക്ഷണമാണ്


നമുക്കറിയാം, അതിസമ്പന്നരായ വെറും 1% ഇന്ത്യക്കാർ രാജ്യത്തിന്റെ സമ്പത്തിന്റെ 40% കൈവശം വയ്ക്കുന്നു. അതേസമയം താഴെക്കിടയിലുള്ള 50 ശതമാനമാളുകൾക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ 6.4% മാത്രമാണ് സ്വന്തമായുള്ളത്. ദേശീയ ആരോഗ്യ സർവ്വേ പ്രകാരം, ഇന്ത്യയിൽ 19 കോടി ആളുകൾ ദിവസവും പട്ടിണി കിടക്കുന്നു.പട്ടിണിയും പോഷകാഹാരക്കുറവും കാരണം അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 4,500 കുട്ടികളാണ് രാജ്യത്ത് പ്രതിദിനം മരിക്കുന്നത്. 100 കോടി ഇന്ത്യക്കാർക്ക്, അതായത് രാജ്യത്തെ ജനസംഖ്യയുടെ 74% ആളുകൾക്ക് പോഷകസമൃദ്ധമായ ഒരു നേരത്തെ ഭക്ഷണമെന്നത് താങ്ങാനാവുന്നില്ല. അതിനാൽ, 2023-ലെ ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്താണ് ഇന്ത്യ. ഇതാണ് “5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിന്റെ” നേർക്കാഴ്ച.

Share this post

scroll to top