വൈദ്യുതി ബോർഡിന്റെ തകർച്ചയ്ക്കും ചാർജ്ജ് വർദ്ധനവിനും ഇടയാക്കുന്നനിലപാട് തിരുത്തുക : മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കുക

Maniyar-hydro-power.jpg
Share

പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാർബൊറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന്റെ അധീനതയിലുള്ള മണിയാർ ജലവൈദ്യുതി പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ട് 30 വർഷം പിന്നിട്ടിരിക്കുകയാണ്. 12 മെഗാവാട്ട് ഉൽപാദനശേഷിയാണ് മണിയാർ പവ്വർഹൗസിനുള്ളത്. ഒരു യൂണിറ്റിന്റെ ഉൽപാദനച്ചെലവ് കേവലം 50 പൈസയിൽ താഴെ മാത്രമാണ്. കഴിഞ്ഞ 30 വർഷമായി 6 രൂപ 96 പൈസ പ്രകാരം കെഎസ്ഇബി കാർബൊറാണ്ടത്തിൽനിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. കരാർ പ്രകാരം കാർബൊറാണ്ടത്തിന്റെ എറണാകുളത്തെ ഫാക്ടറികൾക്ക് ആവശ്യമായ വൈദ്യുതി കെഎസ്ഇബി യിൽനിന്നും വാങ്ങുവാൻ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കരാർ ലംഘനം നടത്തിക്കൊണ്ട് കാർബൊറാണ്ടം, കെ എസ്ഇബിയിൽനിന്നും വൈദ്യുതി വാങ്ങാതെ പുറത്തുനിന്നും വാങ്ങുകയാണ് ഉണ്ടായത്.
കരാർ കാലാവധി കഴിഞ്ഞതിനാൽ പദ്ധതി ഏറ്റെടുത്ത് കെഎസ്ഇബിക്ക് നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ, അതിനുപകരം, കാലാവധി 25 വർഷത്തേക്കുകൂടി നീട്ടിക്കൊണ്ട് പദ്ധതി കാർബൊറാണ്ടത്തിനുതന്നെ നൽകുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി ഏറ്റെടുക്കണമെന്നുള്ള വൈദ്യുതി മന്ത്രിയുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചേർന്നാണ് കരാർ നീട്ടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഏറ്റെടുക്കൽ നടപടി, കേരളത്തിൽ മൂലധനനിക്ഷേപം നടത്തുന്ന മുതലാളിമാർക്ക് തെറ്റായ സന്ദേശം നൽകുമെന്നും സർക്കാരിന്റെ വ്യവസായ നയ(ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്)ത്തിന് എതിരാകുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
മണിയാർ പദ്ധതിയിൽ നിന്നും 350 കോടിയിലേറെ രൂപയാണ് കാർബൊറാണ്ടം ലാഭമുണ്ടാക്കിയിട്ടുള്ളത്. കരാർ കാലാവധി നീട്ടി നൽകുന്നതിനായി പുതിയതായി 7 കമ്പനികൾ കേരളത്തിൽ തുടങ്ങുമെന്ന ഓഫർ അവർ മുന്നോട്ടുവച്ചിട്ടുണ്ട്. തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കമ്പനികളിൽ പലതുംപേരിനു മാത്രമുള്ളതാണ്. കാലാവധി നീട്ടി കൊള്ളലാഭമുണ്ടാക്കാനുള്ള തന്ത്രം മാത്രമാണ് ഈ വാഗ്ദാനങ്ങൾ. എസ്എൻസി ലാവ്‌ലിൻ കെഎസ്ഇബിയുമായി ഉണ്ടാക്കിയ കരാറിൽ തലശ്ശേരി കാൻസർ സെന്ററിന് 100 കോടി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത് മറക്കാറായിട്ടില്ല. അതുപോലെ കൊച്ചിയിൽ സ്മാർട്ട് സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശ കമ്പനിയുമായി ഉണ്ടാക്കിയ കരാർ കാറ്റിൽ പറത്തിയിട്ടും അധികനാൾ ആയിട്ടില്ല. 90,000 പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. അതിൻ പ്രകാരം സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തു. എല്ലാത്തരം നികുതിയും ഒഴിവാക്കിക്കൊടുത്തു. എന്നാൽ, കരാറും വാഗ്ദാനങ്ങളും കാറ്റിൽ പറത്തി പിൻവാങ്ങിയ വിദേശകമ്പനിക്ക് നഷ്ടപരിഹാരം നൽകുവാൻ ഒരുങ്ങുകയാണ് ഇപ്പോൾ പിണറായി സർക്കാർ.
നിലവിലുണ്ടായിരുന്ന കരാർ ലംഘിച്ച് പ്രവർത്തിക്കുകകൂടി ചെയ്ത കാർബൊറാണ്ടത്തിന്റെ വാഗ്ദാനത്തിന് യാതൊരു വിശ്വാസ്യതയുമില്ല. വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന്റെ താൽപര്യത്തിന് എതിരായ നിലപാടാണ് സംസ്ഥാന സർക്കാർ ഇതിൽ കൈക്കൊണ്ടിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ സ്വകാര്യവത്ക്കരണനയം തന്നെയാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാരും പിന്തുടരുന്നത്. വ്യവസായ സൗഹൃദ നയത്തിന്റെ പേരിൽ പൊതുസ്വത്തും പ്രകൃതി വിഭവങ്ങളുമെല്ലാം കുത്തക മുതലാളിമാർക്ക് അടിയറ വയ്ക്കുകയാണ് സർക്കാർ. ഇപ്പോൾ അനുവാദം നൽകിയിട്ടുള്ള പത്തോളം സ്വകാര്യ ജലവൈദ്യുത പദ്ധതികളുടെ കാര്യത്തിലും ഇതേ നയം ആവർത്തിക്കപ്പെടും. ഭീമമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനും വൈദ്യുതി ബോർഡിന്റെ തകർച്ചയ്ക്കും കാരണമാകുന്ന നയത്തിനെതിരെ ഉയരുന്ന പ്രതിഷേധം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിശക്തമായ തൊഴിലാളി-ബഹുജന മുന്നേറ്റത്തിലൂടെ സർക്കാരിന്റെ ഈ ഹീനനീക്കത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്.

Share this post

scroll to top