കുതിച്ചുയരുന്ന തൊഴിലില്ലായ്മ ജനജീവിതത്തിൽ നാശം വിതച്ചുകൊണ്ടിരിക്കുമ്പോൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, 2024 ജൂലൈ 8 ന് വിചിത്രമായ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. ഭരണവൃത്തങ്ങളിൽനിന്നുള്ള നിർദ്ദേശമാകാം ഇതിനു പിന്നിൽ. വ്യവസായ തലത്തിലുള്ള ഉൽപ്പാദനക്ഷമത നിർണ്ണയിക്കൽ-ഇന്ത്യ ക്ലെംസ്(KLEMS) ഡാറ്റാബേസ് ആണിത്. (ക്ലെംസിലെ ഓരോ അക്ഷരവും യഥാക്രമം മൂലധനം, അദ്ധ്വാനം, ഊർജ്ജം, വിഭവങ്ങൾ, സേവനങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു) ഈ സ്ഥിതിവിവരക്കണക്ക് പ്രസ്താവിക്കുന്നു: “മൊത്തം ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ, തൊഴിലെടുക്കുന്നവരുടെ എണ്ണം 2024 സാമ്പത്തിക വർഷത്തിൽ 44.2 ശതമാനമായി വർദ്ധിച്ചിരിക്കുന്നു. 2023 സാമ്പത്തിക വർഷത്തിൽ അത് 34.7 ശതമാനമായിരുന്നു. തൊഴിൽ സേന, 16.8 കോടി വർദ്ധിച്ച് 64.33 കോടിയിലെത്തി. മാത്രമല്ല, തൊഴിലെടുക്കുന്നവരുടെ മൊത്തം എണ്ണം, 2023 സാമ്പത്തിക വർഷത്തിലെ 59.67 കോടി എന്ന അവസ്ഥയിൽനിന്ന് 4.66 കോടി അധികമായി കൂട്ടിച്ചേർത്തുകൊണ്ട് 2024 സാമ്പത്തിക വർഷത്തിൽ 64.33 കോടിയായി വർദ്ധിച്ചു.” ഈ കണക്കുകൾ സൃഷ്ടിക്കപ്പെട്ടത്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനി(EPFO)ലും നാഷണൽ പെൻഷൻ സിസ്റ്റ(NPS)ത്തിലും കൂട്ടിച്ചേർക്കപ്പെട്ട പുതിയ വരിക്കാരെ ആധാരമാക്കിയാണെന്നാണ് പ്രസ്താവിക്കപ്പെടുന്നത്. ബിജെപി ഗവണ്മെന്റും ഒരു പ്രസ്താവനയിലൂടെ ഇപ്രകാരം പറയുകയുണ്ടായി: “2020-21 കാലയളവിലെ കോവിഡ്-19 മഹാമാരി ഉണ്ടായിരുന്നിട്ടും, സാമ്പത്തിക വർഷം 2018നും 2022 നുമിടയിൽ പ്രതിവർഷം ശരാശരി രണ്ട് കോടിയിൽപ്പരം എന്ന തോതിൽ ഇന്ത്യ 8 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.”(ബിസിനസ് സ്റ്റാൻഡേർഡ്, 08-06-2024) മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ൽ നൽകിയ വാഗ്ദാനത്തെ ന്യായീകരിക്കാനായി, പ്രതിവർഷം രണ്ട് കോടി തൊഴിലുകൾ സൃഷ്ടിച്ചുവെന്ന് ഗവണ്മെന്റ് പറഞ്ഞുവയ്ക്കുന്നു. എന്തുകൊണ്ടാണ് രണ്ട് കോടി തൊഴിലുകളുടെ സൃഷ്ടിയെപ്പറ്റിയുള്ള കണക്കുകൾ പെട്ടെന്ന് പൊട്ടിമുളച്ചത്? ഈ വിഷയത്തിന്മേൽ എന്തുകൊണ്ടാണ് ഗവണ്മെന്റ് ഇക്കാലമത്രയും മൗനമവലംബിച്ചത്? സിറ്റി ബാങ്ക് റിസർച്ച് ഗ്രൂപ്പിന്റെ സമീപകാലത്തെ ഒരു റിപ്പോർട്ടിനെ നേരിടാനാണ് യഥാർത്ഥത്തിൽ മേൽപ്പറഞ്ഞ സ്ഥിതിവിവരപ്പട്ടിക തയ്യാറാക്കിയത്. ആ റിസർച്ച് ഗ്രൂപ്പ് അനുമാനിക്കുന്നത്, “തൊഴിൽക്കമ്പോളത്തിൽ വന്നണയുന്ന പുതിയ ആളുകളെ ഉൾക്കൊള്ളുന്നതിന് വരുന്ന ഒരു ദശകക്കാലത്തേക്ക് പ്രതിവർഷം 1.2 കോടി തൊഴിലവസരങ്ങൾ ഇന്ത്യ സൃഷ്ടിക്കേണ്ടതായുണ്ട്. 7 ശതമാനം എന്ന വളർച്ചാ നിരക്ക് പ്രകാരം, ഇന്ത്യയ്ക്ക് 0.8-0.9 കോടി തൊഴിലുകൾ മാത്രമേ പ്രതിവർഷം സൃഷ്ടിക്കാനാവൂ… മൊത്തം ആഭ്യന്തരോല്പാദനത്തിൽ കാർഷിക രംഗത്തിന്റെ വിഹിതം 20 ശതമാനം മാത്രമേയുള്ളൂവെങ്കിലും, തൊഴിൽ സേനയുടെ 46 ശതമാനവും ഈ രംഗത്താണ് പണിയെടുക്കുന്നത്. 2018ലേതിനേക്കാൾ കുറവായ 11.4 ശതമാനമാണ് നിർമ്മാണവ്യവസായ രംഗത്തെ മൊത്തം തൊഴിലുകൾ.”കൂടാതെ, “വ്യവസ്ഥാപിത രംഗത്ത് കോവിഡ് മഹാമാരിക്കു മുമ്പുള്ളതിനേക്കാൾ കുറച്ച് ആളുകൾ മാത്രമാണ് പണിയെടുക്കുന്നത് – 2023ൽ അതിന്റെ വിഹിതം, 18 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ, 25.7 ശതമാനമായിരുന്നു.” തീർന്നില്ല, “ഇന്ത്യയിലെ തൊഴിൽ സേനയിലെ 21 ശതമാനത്തിന്, അതായത്12.2 കോടി പേർക്ക്, മാത്രമാണ് വേതനമോ കൂലിയോ ലഭിക്കുന്ന ജോലിയുള്ളത്, മഹാമാരിക്കു മുമ്പ് അത് 24 ശതമാനമായിരുന്നു. ഇന്ത്യയിലെ 58.2 കോടി തൊഴിലാളികളിൽ പകുതിയിലേറെ ആളുകളും സ്വയം തൊഴിൽ ചെയ്യുന്നവരാണെന്ന് വസ്തുതകൾ വെളിപ്പെടുത്തുന്നു.”
2023-24ൽ തൊഴിൽവളർച്ചാ നിരക്ക് 6 ശതമാനമാണെന്നും റിസർവ് ബാങ്ക് റിപ്പോർട്ട് കണക്കാക്കുന്നു, 2022-23ൽ രേഖപ്പടുത്തിയ 3.2 ശതമാനത്തേക്കാൾ ഉയർന്നതാണിത്. എന്നു മാത്രമല്ല, 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 4.7 കോടി തൊഴിലുകൾ അധികമായി സൃഷ്ടിച്ചിട്ടുണ്ടത്രെ. അത്ഭുതകരം! സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി(CMIE) പറയുന്നതു പ്രകാരമാണെങ്കിൽ, “2024 മേയിൽ തൊഴിൽരാഹിത്യ നിരക്ക് 9.2 ശതമാനമാണ്. അത് എട്ടു മാസത്തിലെ ഏറ്റവും ഉയർന്നതാണ്. 20-24 വയസ് പ്രായമുള്ളവരിൽ തൊഴിൽ രാഹിത്യ നിരക്ക് 40 ശതമാനത്തിന് മുകളിലാണ്.” അന്തർദേശീയ ലേബർ ഓർഗനൈസേഷനും(ILO) ഹ്യൂമൻ ഡവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും(IHD) സംയുക്തമായി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടുപ്രകാരം, അഭ്യസ്തവിദ്യരായ(കുറഞ്ഞപക്ഷം സെക്കണ്ടറി വിദ്യാഭ്യാസമെങ്കിലും ലഭിച്ച) യുവാക്കളിൽ തൊഴിൽ രഹിതരായിട്ടുള്ളവരുടെ അനുപാതം 2000-ാമാണ്ടിൽ 35.2 ശതമാനമായിരുന്നത് 2022 ൽ 65.7 ശതമാനമായി, അതായത് ഏകദേശം രണ്ടിരട്ടി. തൊഴിൽരഹിതരായ ജനങ്ങളുടെ 83 ശതമാനത്തെ പ്രതിനിധീകരിക്കുന്ന വിഭാഗമായ ഇന്ത്യയിലെ യുവജനങ്ങൾ ഉയരുന്ന തൊഴിലില്ലായ്മ നിരക്കുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ തുടരുകയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കൂടാതെ, 2019നു ശേഷം, സ്ഥിരം തൊഴിലാളികളുടെയും സ്വയം തൊഴിലിലേർപ്പെടുന്നവരുടെയും യഥാർത്ഥ വരുമാനം നഷ്ടപ്പെടുന്ന പ്രവണത കാട്ടുകയാണ്. അങ്ങനെ, കൂലി സ്തംഭിക്കുകയോ കുറയുകയോ ചെയ്യുന്നത് വ്യാപകമായി തുടരുന്നു. 2022ൽ, നിയമപ്രകാരമുള്ള മിനിമം കൂലി ഗണ്യമായ ഒരു വിഭാഗം അവിദഗ്ദ്ധ താൽക്കാലിക തൊഴിലാളികൾക്കും ലഭിച്ചില്ല. (മിന്റ്, 27-03-2024)
ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്നത്തിന്റെ ഗൗരവം ഏതാനും ദൃഷ്ടാന്തങ്ങളിലൂടെ അളക്കാനാവും. “ലാൻഡ് സർവേയർമാർ, തൊഴിൽസംബന്ധ രോഗചികിത്സകർ, സ്റ്റെറിലൈസർ ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ, മെഷീൻ ഓവർസിയർ, വയർമാൻ, ജൂനിയർ പ്രോസസ്സ് അസിസ്റ്റന്റ് എന്നീ തസ്തികകൾക്കായുള്ള 1,258 ക്ലാസ്-3 ഗവണ്മെന്റ് ജോലികൾക്കുവേണ്ടി 2023 നവംബറിൽ വന്ന പരസ്യത്തെ തുടർന്ന് ഗുജറാത്ത് സബോർഡിനറ്റ് സർവ്വീസ് സെലക്ഷൻ ബോർഡിന് ലഭിച്ചത് ഏതാണ്ട് 5.5 ലക്ഷം അപേക്ഷകളാണ്.’’(ടൈംസ് ഓഫ് ഇന്ത്യ, 23-02-2024) “യുപി പോലീസിലെ 60,244 കോൺസ്റ്റബിൾ തസ്തികകളിലെ റിക്രൂട്ട്മെന്റിനുവേണ്ടി 2023 ഡിസംബർ 27 മുതൽ 2024 ജനുവരി 12 വരെ 50 ലക്ഷത്തിൽപ്പരം യുവാക്കളാണ് ഓൺലൈനായി അപേക്ഷ നൽകിയത്.’’(ഇക്കണോമിക് ടൈംസ്, 21-01-2024) 2018ൽപ്പോലും “12,206 ക്ലാസ് -3 ജോലികൾക്കായി അപേക്ഷിച്ചത് 37.7 ലക്ഷത്തോളം യുവാക്കളാണ്. ഇവയിൽ, വെറും 1,800 പഞ്ചായത്ത് കണക്കപ്പിള്ളമാരുടെ പ്രവേശനത്തിനായി 19 ലക്ഷം പേരാണ് അപേക്ഷിച്ചത്, 9713 പോലീസ് കോൺസ്റ്റബിൾ ജോലിക്കായി 8.76 ലക്ഷമാളുകളും 334 ഫോറസ്റ്റ് ബീറ്റ് ഗാർഡ് തസ്തികയിലേക്ക് 4.84 ലക്ഷമാളുകളും അപേക്ഷിച്ചു. (ടൈംസ് ഓഫ് ഇന്ത്യ, 29-11-2018). ബജറ്റിനു മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട സാമ്പത്തിക വിദഗ്ദ്ധരുമായി പ്രധാനമന്ത്രി മോദി രഹസ്യസംഭാഷണം നടന്ന ദിവസം, ഗുജറാത്തിലെ ഭാറൂച്ച് എന്ന സ്ഥലത്ത് ഒരു സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിലെ വെറും 10 തസ്തികയിലേക്ക് 1800 ഉദ്യോഗാർത്ഥികൾ തടിച്ചുകൂടി. തൽഫലമായി ഇരുമ്പു കമ്പിവേലി തകരുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു (ABP, 12-07-2024). പ്രോലിറ്റേറിയൻ ഇറയിൽ മുമ്പ് ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ, താണ തരം ജോലികൾക്കുവേണ്ടി പ്രത്യേക ഉഭയകക്ഷി ഉടമ്പടി പ്രകാരം സ്വകാര്യ ഏജൻസികൾ ഇടനിലക്കാരായി നിന്നുകൊണ്ട് രാജ്യത്തെ തൊഴിൽ രഹിതരായ യുവാക്കളെ റഷ്യ, ഇസ്രയേൽ, തായ്‌വാൻ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് അയയ്ക്കുകയാണ്. 2018ൽ, ഒരു ഇന്റർവ്യൂവിൽ, ഇന്ത്യയിലെ തൊഴിൽ പ്രതിസന്ധിയെക്കു റിച്ചുള്ള ഒരു ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടി ഇപ്രകാരമായിരുന്നു: “ആരെങ്കിലും നിങ്ങളുടെ ഓഫീസിനു മുന്നിൽ ഒരു തട്ടുകട തുടങ്ങിയാൽ, അത് തൊഴിൽ ലഭ്യതയായി ഗണിക്കപ്പെടില്ലേ? ആ മനുഷ്യന്റെ 200 രൂപ പ്രതിദിന വരുമാനം ഒരു രജിസ്റ്ററിലോ കണക്കിലോ ഒരിക്കലും വരില്ല. വൻതോതിൽ ആളുകൾക്ക് തൊഴിൽ ലഭിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം”.(ദി വയർ, 14-10-2021) വൻതോതിൽ പുതുതായി തൊഴിൽ സൃഷ്ടിക്കപ്പെടുന്നു എന്ന ഔദ്യോഗിക വാദം ഉയർത്തപ്പെടുമ്പോൾ, രാജ്യത്തെ തൊഴിലില്ലായ്മയുടെ “അരുണാഭമായ ചിത്രം” അപ്രകാരമാണ്.
മറ്റൊരു വശത്തുകൂടി ഈ വിഷയത്തെ നോക്കുക. 2015-16 നും 2022-23നുമിടയിൽ 63 ലക്ഷം അസംഘടിത സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടുകയും അതേത്തുടർന്ന് 1.6 കോടി തൊഴിലുകൾ നഷ്ടപ്പെടുകയും ചെയ്തുവെന്ന് അനുമാനിക്കപ്പെടുന്നു. 2016നും 2023 നും ഇടയിൽ ബാഹ്യദൃശ്യമായ സാമ്പത്തിക ആഘാതങ്ങളുടെ സഞ്ചിത സമ്മർദ്ദം ഇന്ത്യൻ സമ്പദ്ഘടനയെ 11.3 ലക്ഷം കോടി രൂപയുടെ നഷ്ടത്തിലേക്ക് നയിച്ചതായി അനുമാനിക്കപ്പെടുന്നു എന്ന് ഇന്ത്യാ റേറ്റിംഗ്സ്&റിസർച്ച് എന്ന റേറ്റിംഗ് എജൻസി പറയുന്നു. അസംഘടിത മേഖലയിലെ 1.6 കോടി തൊഴിൽ നഷ്ടത്തിനു പുറമേയാണിത്. (സ്ക്രോൾ.ഇൻ, 10-07-2024)
യഥാർത്ഥത്തിൽ, നോട്ടു നിരോധനവും ജിഎസ്‌ടി നടപ്പാക്കലും കോവിഡ് മഹാമാരിയും പോലുള്ള സാമ്പത്തിക ആഘാതം മൂലം, ഇന്ത്യയുടെ നിർമ്മാണ വ്യവസായ രംഗം, സംഘടിത മേഖലയിലും അസംഘടിത മേഖലയിലും ഒരേപോലെ, തൊഴിൽ സൃഷ്ടിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. ആ രംഗത്ത് തൊഴിലാളികളുടെ എണ്ണം 2022-23ൽ 3.06 കോടിയാണ്. 2015-16ൽ അത് 3.60 കോടി ആയിരുന്നു. അതായത്, ഇക്കാലയളവിൽ, ഡീമോണിറ്റൈസേഷന്റെയും ജിഎസ്‌ടിയുടെയും കോവിഡ്-19 ന്റെയും ഒരുമിച്ചുള്ള ആഘാതം മൂലം, 54 ലക്ഷം തൊഴിലാളികളുടെ കുറവ് ഉണ്ടായി. (ദ ഹിന്ദു, 09-07-2024)
ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസർച്ചി(ഇൻഡ്-റാ)ന്റെ വിശകലനത്തിൽ കാണുന്നത്, അസംഘടിത മേഖലയിൽ “2022-23ൽ സ്ഥാപനങ്ങളുടെ എണ്ണം 6.5 കോടിയായിരുന്നു, 2015-16നെ അപേക്ഷിച്ച് വെറും 20 ലക്ഷം കൂടുതൽ. എന്നാൽ, 2010-11 നും 2015-16 നുമിടയിൽ 57 ലക്ഷം അസംഘടിത സ്ഥാപനങ്ങളുടെ വർദ്ധനവ് ഉണ്ടായിരുന്നു.’’(ദ പ്രിന്റ്, 10-07-2024)
“അതുപോലെ, 2015-16 ലേതിനു സമാനമായി അസംഘടിത മേഖലയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഓരോ സ്ഥാപനവും 1.8 ആളുകളെ തൊഴിലെടുക്കാൻ നിയോഗിച്ചിരുന്നുവെന്ന് കരുതിയാൽ, അതുപ്രകാരം, തൊഴിലെടുക്കുന്നവരുടെ എണ്ണം 12.53 കോടിയാകുമായിരുന്നു.’’ “മറ്റു വാക്കുകളിൽ പറഞ്ഞാൽ, 63 ലക്ഷം അസംഘടിത സ്ഥാപനങ്ങളുടെ കുറവും 1.6 കോടി(160 ലക്ഷം) തൊഴിലുകളുടെ നഷ്ടവും 2015-16നും 2022-23നുമിടയിലുള്ള കാലയളവിൽ സംഭവിച്ചിരിക്കുന്നു. (ദ പ്രിന്റ്, 10-07-2024) ഇൻഡ്-റായുടെ വിശകലനം വീണ്ടും ചൂണ്ടിക്കാണിക്കുന്നത്, “കാർഷികേതര അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം 2022-23ൽ 10.96 കോടി ആയിരുന്നു. ‘ആഘാതത്തിനു മുമ്പുള്ള’ കാലയളവായ 2015-16ൽ ഈ മേഖലയിൽ പണിയെടുത്തിരുന്നവരുടെ എണ്ണത്തേക്കാൾ (11.13 കോടി) കുറവാണിത്.” നിർമ്മാണ വ്യവസായരംഗത്തെ തൊഴിൽ നഷ്ടമാണ് മുഖ്യമായും ഇതിനു കാരണമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് സൂചിപ്പിക്കുന്നത്, നോട്ടു നിരോധനവും ജിഎസ്‌ടിയും കോവിഡ് മഹാമാരിയും തൊഴിൽ സൃഷ്ടിയുടെ കാര്യത്തിൽ സ്ഥിരമായ ക്ഷതമേല്പിച്ചു എന്നാണ്. ഇത് സുവ്യക്തമായും തെളിയിക്കുന്നത്, രണ്ട് കോടി തൊഴിലുകൾ പ്രതിവർഷം സൃഷ്ടിച്ചുവെന്ന റിസർവ്വ് ബാങ്കിന്റെ അവകാശവാദം തീർത്തും അടിസ്ഥാനരഹിതമാണെന്നാണ്. വ്യാജമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതുവഴി, യഥാർത്ഥത്തിൽ, മുൻനിര സ്ഥാപനമെന്ന നിലയിൽ ആ സ്ഥാപനത്തിനുള്ള ബഹുമാന്യത അട്ടിമറിക്കപ്പെടുകയുമാണ്.
തൊഴിലില്ലായ്മ പ്രശ്നം സാധാരണ സ്വഭാവത്തിലുള്ള ജോലികളിൽ മാത്രമൊതുങ്ങുന്നതല്ല. ഈ വർഷം മൊത്തം 23 ഐഐടികളിലുമായി 7000ത്തിൽ മുകളിൽ ഐഐടി വിദ്യാർത്ഥികൾ കാമ്പസ് നിയമനം വഴി അവസരം ലഭിക്കാതെ നിൽക്കുകയാണ്. രണ്ട് വർഷംമുമ്പ് ഇപ്രകാരം അവസരം ലഭിക്കാതിരുന്നവരുടെ എണ്ണം ഏതാണ്ട് പകുതിയായിരുന്നു, 3400 പേർ. നിയമനം ലഭിക്കുന്നവരുടെ എണ്ണം 1.2 മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, ലഭിക്കാത്തവരുടെ എണ്ണം 2 മടങ്ങാണ്. (ഇക്കണോമിക് ടൈംസ്, 23-05-2024) 16,400 വിദ്യാർത്ഥികൾക്ക് ഉദ്യോഗനിയമനം രജിസ്റ്റർ ചെയ്യപ്പെടുകയും, 6050 പേർക്ക് (37 ശതമാനം) തൊഴിൽ രഹിതരായി തുടരുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മയുടെ ഭീകര ചിത്രമാണിത്. എന്നാൽ ഗവണ്മെന്റും അതിനുമുന്നിൽ നട്ടെല്ലു വളയ്ക്കുന്ന സ്ഥാപനങ്ങളും യാഥാർത്ഥ്യത്തെ മൂടിവയ്ക്കാനായി മറിമായത്തിന്റെ സദ്യയൊരുക്കാൻ വിഫലശ്രമം നടത്തുകയാണ്.