വയോജനങ്ങൾക്ക് അഭിമാനകരമായ ജീവിതം ഉറപ്പാക്കുക

Senior.jpg
Share

വാർദ്ധക്യം ഒരു കുറ്റമാണോ?ശൈശവവും ബാല്യവും കൗമാരവും യൗവനവും എന്നതുപോലെ ഏതൊരാളും അനിവാര്യമായി കടന്നു പോകേണ്ട ഒരു ജീവിത ഘട്ടമാണ് വാർദ്ധക്യവും. നമ്മുടെ രാജ്യത്തെ വയോജനങ്ങളുടെ ജീവിതാവസ്ഥ എല്ലാ കാലത്തും ദുരിതപൂരിതമാണ്. ജീവിത ചെലവിനും വാർദ്ധക്യത്തിന്റെ അവശതകളെ നേരിടുന്നതിനും ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. അഭിമാനത്തോടെ ജീവിക്കാനുള്ള അവസരം വയോജനങ്ങള്‍ക്ക് ഒരുക്കിക്കൊടുക്കുകയാണ് ജനാധിപത്യ സർക്കാരുകള്‍ പ്രാഥമികമായി ചെയ്യേണ്ടത്.

കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെ 84 കാരനായ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി എന്ന വാർത്ത ഈ കഴിഞ്ഞ മെയ് 5ന് മൂവാറ്റുപുഴയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കഠോരമായ കൊലപാതകങ്ങളുടെ വാർത്തകൾ നമുക്ക് പുതിയതല്ല. സ്ഥിരമായി കേട്ടുകേട്ട് ഒന്നും ഉള്ളിൽ തട്ടാത്ത വിധം മനസ്സ് പരുവപ്പെട്ടിരിക്കുന്ന ഇക്കാലത്തുപോലും ആ വാർത്ത ജനങ്ങളിൽ വലിയ ഞെട്ടൽ ഉണ്ടാക്കി. പരസ്പരം വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ ദമ്പതിമാരിൽ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയതിന്റെ കാരണം കേട്ടിട്ടാണ് ആളുകൾ അമ്പരന്നത്.
“അവളുടെ ദുരിതം അവസാനിപ്പിക്കാൻ എനിക്കിതേ മാർഗം ഉണ്ടായിരുന്നുള്ളൂ” എന്നാണ് ആ ഭർത്താവ് പോലീസിനോട് കൊലപാതകത്തിന്റെ കാരണമായി പറഞ്ഞത്. 84 വയസ്സുള്ള ആ മനുഷ്യനാണ് ദീർഘകാലമായി കിടപ്പുരോഗിയായ ഭാര്യയെ പരിചരിച്ചിരുന്നത്. 84 വയസ്സുള്ളയാൾ 82 വയസ്സുള്ള കിടപ്പ് രോഗിയെ പരിചരിക്കേണ്ട അവസ്ഥ ഒന്നാലോചിച്ചു നോക്കൂക!
ദീർഘകാലം നിഴൽപോലെ കൂടെയുണ്ടായിരുന്ന ജീവിത സഖിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുന്നതിലേക്ക് ആ മനുഷ്യനെ എത്തിച്ചത് ഒരുപക്ഷേ നിലതെറ്റിയ മാനസികാവസ്ഥയാകാം. അങ്ങനെയാണെങ്കിലും അല്ലെങ്കിലും അത്തരം ഒരു അവസ്ഥ അതിദയനീയമാണ്, ഭയങ്കരമാണ് ! ശാരീരികവും മാനസികവുമായ അസുഖങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ആ പ്രായത്തിൽ അത്തരം ഒരു ജീവിതം!
അതെ, അതുതന്നെയാണ് ജയ ബച്ചൻ രാജ്യസഭയിൽ രോഷാകുലയായി സർക്കാരിനോട് ആവശ്യപ്പെട്ടത്. അവർ പറഞ്ഞു, “കൊന്നുകളയൂ അവരെ. 65 വയസ്സു കഴിഞ്ഞ മുതിർന്ന പൗരന്മാരെ കൊന്നുകളയൂ. രാഷ്ട്ര നിർമ്മാതാക്കളായ ഈ മുതിർന്ന പൗരന്മാരെ തിരിഞ്ഞു നോക്കാൻപോലും സർക്കാർ തയ്യാറാകുന്നില്ല. ഇന്ത്യയിൽ മുതിർന്ന പൗരൻ ആയിരിക്കുന്നത് ഒരു കുറ്റമാണോ? 70 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് ഇവിടെ മെഡിക്കൽ ഇൻഷുറൻസിന് അർഹതയില്ല. അവർക്ക് പ്രതിമാസം തിരിച്ചടവ് സാധിക്കുംവിധം ഇഎംഐ വായ്പകളും ലഭിക്കുകയില്ല. ഡ്രൈവിംഗ് ലൈസൻസ് കിട്ടുകയില്ല. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ട ഗതികേടുള്ളവരായാൽപോലും അവർക്ക് ജോലി ലഭിക്കില്ല; പക്ഷേ, അവർ എല്ലാ നികുതികളും അടയ്ക്കണം. അവർക്കുവേണ്ടി പദ്ധതികൾ ഇല്ല.”


മേൽപ്പറഞ്ഞ വിധത്തിലുള്ള കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെങ്കിലും വാർദ്ധക്യത്തിലെ ഈ ദുരിതജീവിതം ഒട്ടും ഒറ്റപ്പെട്ടതല്ല. ആരും നേരിട്ടു കൊലപ്പെടുത്തുന്നില്ലെങ്കിലും രാജ്യത്തെ വയോജനങ്ങളിൽ വലിയൊരു വിഭാഗം മനോഹരമാകേണ്ട അവരുടെ ജീവിത സായാഹ്നം ദുരിതക്കയത്തിൽ പ്രാണനുമായി മല്ലടിച്ച് ചെലവഴിക്കുന്നു. കൊല ചെയ്യപ്പെടുന്നില്ലെങ്കിലും ഫലത്തിൽ കൊല്ലാക്കൊല ചെയ്യപ്പെടുന്നു!
വാർദ്ധക്യം എന്ന ജീവിതാവസ്ഥയെ കൃത്യമായി മനസ്സിലാക്കുവാൻ നമ്മുടെ സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ശൈശവവും ബാല്യവും കൗമാരവും യൗവനവും എന്നതുപോലെ ഏതൊരാളും അനിവാര്യമായി കടന്നു പോകേണ്ട ഒരു ജീവിത ഘട്ടമാണ് വാർദ്ധക്യവും. ജീവിതാരംഭമായ ശൈശവത്തിലും ബാല്യത്തിലുമുള്ള പരിമിതികളും പരാധീനതകളും വാർദ്ധക്യത്തിലും മനുഷ്യർ അഭിമുഖീകരിക്കുന്നു. ഏറെ പരിമിതികൾ ഉണ്ടെങ്കിലും വാർദ്ധക്യം ഒരു മനുഷ്യജീവിതത്തിന്റെ ആകെ അനുഭവങ്ങളുടെയും അറിവുകളുടെയും മുതൽക്കൂട്ടുള്ള ഒരു ജീവിതാവസ്ഥയാണ്. അനുഭവങ്ങളാൽ സമ്പന്നമായ ജീവിത പാഠങ്ങളുടെ ആകെത്തുക!
ഓരോ മനുഷ്യരും സമൂഹത്തിനുവേണ്ടിയുള്ള അധ്വാനത്തിലൂടെ, ഉരുകിയുറച്ച ചിന്തകളിലൂടെ പതംവന്ന മനസ്സുകളുടെ ഉടമകൾ; സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരുപക്ഷേ, വാർദ്ധക്യത്തിൽ എത്തിയ എല്ലാ ജീവിതങ്ങളും പുതുതലമുറകൾക്കുള്ള പാഠപുസ്തകങ്ങളാണ്. രോഗാതുരതകൾ മൂലമുള്ള പരിമിതികൾ മാറ്റിനിർത്തിയാൽ ഏതൊരു പ്രൊഫഷനിൽ പ്രവർത്തിച്ചവരും വാർദ്ധക്യത്തിൽ അതിന്റെ വിദഗ്ധരായിരിക്കും എന്നതിൽ സംശയമില്ല. ജയബച്ചൻ വിശേഷിപ്പിച്ചത് പോലെ ”രാഷ്ട്ര നിർമ്മാതാക്കൾ” എന്ന് നിസ്സംശയം വിളിക്കപ്പെടാൻ അർഹതയുള്ള മുതിർന്ന പൗരന്മാരെ അവഗണിക്കുന്നത് ക്രൂരത മാത്രമല്ല നന്ദികേടു കൂടിയാണ്. രാജ്യത്തെ ആകെ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ വയോജനങ്ങളുടെ സംഖ്യ വളരെ കൂടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


2026 ഓടുകൂടി 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 17.32 കോടി ആകുമെന്ന് ദേശീയ ജനസംഖ്യ കമ്മീഷൻ(National Commission on Population) പറയുന്നു. United Nations Population Funds(UNFPA)ന്റെ India’s Aging Report പ്രകാരം 2023ൽ ഇന്ത്യയിലെ ആെക ജനസംഖ്യയുടെ 10.5% (14.9 കോടി പേർ) ആയിരുന്ന വയോജനങ്ങളുടെ എണ്ണത്തിലെ വർദ്ധനവിന്റെ നിരക്ക് പത്തു വർഷത്തെ ഇടവേളകളിലെ കണക്കെടുക്കുമ്പോൾ 2001നും 2011നും ഇടയിൽ 36% ആയിരുന്നത് 2021നും 2031നും ഇടയിൽ 41% ആയി ഉയർന്നിരിക്കുന്നു. 2050 ആകുമ്പോൾ ജനസംഖ്യയിലെ 20.8% പേർ അതായത് 34.7 കോടി പേർ വയോജനങ്ങൾ ആയിരിക്കും. ആകെ ജനങ്ങളിൽ അഞ്ചിൽ ഒന്ന് പേർ വൃദ്ധർ. അവരിൽ 40% പേർ പരമദരിദ്രർ. അതിൽതന്നെ 18.7% പേർ ഒരു വരുമാനവും ഇല്ലാത്തവർ.
2050ൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ 279 ശതമാനമായി വർദ്ധിക്കും. ജനക്ഷേമ സമീപനമുള്ള ഭരണകൂടമാണ് ഇവിടെ ഉള്ളതെങ്കിൽ ഈ അവസ്ഥ ഏറ്റവും ഫലപ്രദവും സുന്ദരവും ആയി മാറുമായിരുന്നു. പക്ഷേ, നമ്മുടെ നാട്ടിലേതുപോലെ ജനങ്ങളെ ചൂഷണത്തിനുള്ള ഉപാധിയായി മാത്രം കണക്കാക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിൽ ഇത് വലിയ ആശങ്ക ഉണർത്തുന്നു.
ഈ കണക്കുകളുടെ പശ്ചാത്തലത്തിൽ വയോജനങ്ങളുടെ ജീവിതം ഭാവിയിൽ എന്തായിരിക്കും എന്ന് ചിന്തിക്കുകയും പരിഹാരമാർഗങ്ങൾ ആരായുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഏതൊരു പൗരന്റെയും കടമയാണ്.


നമ്മുടെ രാജ്യത്തെ വയോജനങ്ങളുടെ ജീവിതാവസ്ഥ എല്ലാ കാലത്തും ദുരിതപൂരിതമാണ്. വാർദ്ധക്യം എന്ന ജീവിതാവസ്ഥയെ അർഹമായ ആദരവോടെയും പ്രാധാന്യത്തോടെയും മനസ്സിലാക്കുവാനും ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുവാനും കഴിയാത്ത തരത്തിൽ നമ്മുടെ സാമൂഹ്യക്ഷേമ രംഗവും സമൂഹ മനോഭാവവും പിന്നാക്കാവസ്ഥയിലാണ്. ഉപയോഗ ശൂന്യമായ ഒരു വസ്തുവിനോടെന്ന പോലെയുള്ള മനോഭാവമാണ് സമൂഹത്തിൽ വൃദ്ധരോട് പൊതുവിൽ ഉള്ളത്. വീടുകൾക്കുള്ളിലും പൊതു ഇടങ്ങളിലും വയോജനങ്ങൾ അവഗണിക്കപ്പെടുന്നത് സാധാരണയാണ്. യാതൊരു വരുമാനവും ഇല്ലാത്തവരാണ് വയോജനങ്ങളിൽ ഭൂരിഭാഗവും.
അവരെല്ലാം തന്നെ ആരോഗ്യമുള്ള കാലത്ത് കാർഷിക മേഖലയിലോ കച്ചവട രംഗത്തോ സ്വകാര്യ മേഖലയിലോ ഡ്രൈവർമാരായോ കൂലിപ്പണിക്കാരായോ സമൂഹത്തിനുവേണ്ടി പണിയെടുത്ത് തളർന്നവരാണ്. സമൂഹത്തിൽ പൊതുവിൽ നിലനിൽക്കുന്നതും വളർന്നുവരുന്നതുമായ സാമ്പത്തിക അരക്ഷിതത്വവും പ്രതിസന്ധികളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരോഗ്യം നശിച്ച് രോഗികളായ ഈ നിരാലംബരെയാണ്.
വളരെ ഉയർന്ന പെൻഷൻ വാങ്ങുന്ന രാഷ്ട്രീയക്കാരും വിരമിച്ച ഉദ്യോഗസ്ഥരും ഒഴികെയുള്ള വയോജനങ്ങളെല്ലാം ഏറെക്കുറെ ഇതേ അവസ്ഥയിലാണ്. ജീവിതത്തിന്റെ വസന്തകാലം മുഴുവൻ അധ്വാനിക്കാനായി നീക്കിവെച്ച് സമൂഹത്തെ സേവിച്ചവരാണ് ഉപയോഗശൂന്യരായി അവഗണന അനുഭവിച്ചു നരകിക്കുന്നത്.
വാർദ്ധക്യം ശരീര വേഗത മന്ദഗതിയിൽ ആക്കുന്നതുപോലെ ചിന്തയുടെ വേഗതയേയും കുറച്ചേക്കാം. പക്ഷേ, ചുക്കിച്ചുളിഞ്ഞ ശരീരത്തിനുള്ളിലെ മനസ്സിൽ യുവത്വത്തിന്റെ പ്രസരിപ്പും ചടുലതയും നിലനിർത്തുന്നവരും അവരിലുണ്ട്. എന്നാൽ, വാർദ്ധക്യം സൃഷ്ടിച്ച ദൗർബല്യങ്ങളും ഒറ്റപ്പെടലുംമൂലം മനസ്സിൽ കടുത്ത വിഷാദത്തിന്റെ ഭാരം പേറുന്നവരും കുറവല്ല. പലരും മക്കളെ പിരിഞ്ഞു കഴിയുന്നവർ. അതിരൂക്ഷമായ തൊഴിലില്ലായ്മമൂലം ഇവിടെ ജീവിക്കാനാകാത്ത സാഹചര്യത്തിൽ, ഉപജീവനാർത്ഥം മക്കളെ വിദേശത്തേക്ക് അയച്ചു കോൺക്രീറ്റ് കൂടുകൾക്കുള്ളിൽ ഒറ്റപ്പെട്ട് നിരാലംബരായി കഴിയുന്നവരും ധാരാളമുണ്ട്.


മിക്കവരും ഡിമിൻഷ്യ, അൽഷിമേഴ്സ്, ഉൽക്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങളുടെ ഇരകളാണ്. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ബോധപൂർവ്വവും സർഗ്ഗാത്മകവുമായ ഇടപെടലുകളിലൂടെ മിക്കവാറും പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഇവ. ശാരീരികവും മാനസികവുമായ വിഷമതകളെ മനസ്സിലാക്കി, ഒപ്പം വാർദ്ധക്യത്തിന്റെ ഗുണമേന്മകളെ തിരിച്ചറിഞ്ഞു പരിപാലിക്കുവാൻ സമൂഹത്തിന് കഴിയണം. പ്രായമായ മാതാപിതാക്കളെ അനാഥാലയങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും നടതള്ളുന്ന വാർത്തകൾ കേരളത്തിൽപോലും ഒട്ടും പുതിയതല്ല. വിസർജ്യങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഭക്ഷണം കൊടുക്കാതെ മാതാപിതാക്കളെ പട്ടിണിക്കിട്ട വാർത്തകൾ വിരളമല്ല. ശല്യം ഒഴിവാക്കാനും മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് എത്രയും വേഗം സ്വന്തം പേരിൽ ലഭിക്കുവാനുംവേണ്ടി വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഉയർന്ന സാമൂഹ്യബോധത്തിന്റെ അഭാവവും വളർന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത സംസ്കാരവും സ്വാർത്ഥതയും പ്രതിബദ്ധതയില്ലാത്ത മനോഭാവവും ആണ് ഇതിന് കാരണം. പല യൂറോപ്യൻ രാജ്യങ്ങളിലും മുതിർന്ന പൗരന്മാർക്ക് മാന്യമായി, പരാശ്രയം കൂടാതെ ജീവിക്കാൻ ആവശ്യമായ തുക സർക്കാർ പെൻഷൻ ആയി നൽകുന്നുണ്ട്. ആ രീതിയിൽ പൗരർക്ക് തുണയും കരുത്തുമായി മാറുവാൻ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. അങ്ങനെ ആരെയും ആശ്രയിക്കാതെ അഭിമാനത്തോടെ ജീവിക്കാനുള്ള അവസരം പൗരന് ഒരുക്കി കൊടുക്കുകയാണ് സർക്കാർ പ്രാഥമികമായി ചെയ്യേണ്ടത്.
ജീവിതകാലം മുഴുവൻ സമൂഹത്തിനുവേണ്ടി പണിയെടുത്ത പൗരന്മാരോട് കടപ്പെട്ടവരാകുവാൻ, അവരെ സംരക്ഷിക്കുവാൻ സമൂഹത്തിന് ബാധ്യതയുണ്ട് എന്നത് സമൂഹത്തെ ആകെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആ ചുമതല നിറവേറ്റേണ്ടത് സർക്കാരാണ്.


മാതാപിതാക്കളെ വാർദ്ധക്യകാലത്ത് സംരക്ഷിക്കാൻ തയ്യാറാകാത്ത മക്കളെ നിയമപരമായി ശിക്ഷിക്കുവാനുള്ള നിയമ നിർമ്മാണത്തെ കുറിച്ചാണ് ഇവിടെ ഭരണകൂടം ചിന്തിക്കുന്നത്. എന്നു പറഞ്ഞാൽ ഈ വിഷയത്തിൽ ഭരണകൂടത്തിന്റെ ചുമതല കൈയൊഴിഞ്ഞ് കേവലം കുടുംബവിഷയമായി ചുരുക്കുക എന്നർത്ഥം. മാതാപിതാക്കളെ മക്കൾ സംരക്ഷിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ നിയമത്തോടും ശിക്ഷയോടുമുള്ള ഭയംമൂലം മക്കൾ ചെയ്യേണ്ട ഒരു കാര്യം മാത്രമാണിത് എന്ന ധാരണ സാമൂഹ്യവിരുദ്ധമാണ്. നിയമത്തെ ഭയന്ന് നിവൃത്തികേടുമൂലം മക്കൾ നല്കുന്ന ഔദാര്യമല്ല വയോജനങ്ങൾ അർഹിക്കുന്നത്. സമൂഹത്തിനുവേണ്ടി വിവിധ മേഖലകളിൽ ഒരു മനുഷ്യായുസ്സ് മുഴുവൻ ശാരീരികവും ബൗദ്ധികവുമായ അദ്ധ്വാനങ്ങളിൽ ഏർപ്പെട്ട് ചണ്ടിയാക്കപ്പെട്ട ഓരോ വ്യക്തിയുടെയും കാര്യത്തിൽ സമൂഹത്തിന് അഥവാ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്.
ആ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവായി, മക്കളുടെ ഉത്തരവാദിത്വത്തെകുറിച്ചുള്ള ബോധവൽക്കരണങ്ങളും നിയമ നിർമാണങ്ങളും നടത്തുന്നത് ക്രൂരതയാണ്! അഭിമാനത്തോടെ ജീവിക്കാനുള്ള പൗരന്റെ അവകാശമാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്. സാമൂഹ്യ ഉൽപാദന പ്രക്രിയയുടെ ഭാഗമായി നിലനിന്നുപോരുന്ന ഓരോ വ്യക്തിയുടെയും കാര്യത്തിൽ സമൂഹത്തിനാണ് പ്രാഥമിക ഉത്തരവാദിത്വം. സമൂഹത്തിന്റെ ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ട് ഈ വിഷയം ചർച്ചചെയ്യുന്നതുപോലും തികച്ചും അസംബന്ധമാണ്. മാത്രമല്ല, മക്കളും ബന്ധുക്കളും ഇല്ലാത്തവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വം അപ്പോൾ ആര് ഏറ്റെടുക്കും?
മനുഷ്യ ജീവിതം എല്ലാ അർത്ഥത്തിലും സാമൂഹികമാണ്. സമൂഹമാണ് ആ ജീവിതത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്നത്. അതുകൊണ്ട്, വരുമാനം ഇല്ലാത്ത മുതിർന്ന പൗരന്മാർക്ക് ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും പെൻഷനായി നൽകുവാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. പെൻഷനോടൊപ്പം വയോജന സംരക്ഷണ കേന്ദ്രങ്ങൾ, വയോജന പാർക്കുകൾ, മാനസികമായ വെല്ലുവിളികൾ അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സ്വാന്ത്വന ചികിത്സയും പരിചരണവും നൽകുന്ന കേന്ദ്രങ്ങൾ, സൗജന്യ ചികിത്സ, സൗജന്യ യാത്ര ഇവ ഉറപ്പാക്കണം. ഇതിനെല്ലാം നേതൃത്വം നൽകുവാനും വിപുലമായ പദ്ധതികൾ വിഭാവനം ചെയ്യുവാനും നടപ്പാക്കുവാനും കഴിയുന്ന വയോജന ക്ഷേമ വകുപ്പും വയോജന കമ്മീഷനും രൂപീകരിക്കുകയും വേണം.


പൊതുജനാരോഗ്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുകയും വയോജനങ്ങൾക്ക് ചികിത്സ പൂർണ്ണമായും സൗജന്യമായി നൽകുകയും ചെയ്യേണ്ടത് ഈ സാഹചര്യത്തിൽ വളരെ അത്യാവശ്യമാണ്. ദാരിദ്ര്യം മുതലെടുത്ത് വയോജനങ്ങളെകൊണ്ട് സാഹസികവും കഷ്ടത നിറഞ്ഞതും അപമാനകരവുമായ ജോലികൾ ചെയ്യിക്കുന്നത് നിയമം വഴി തടയണം. പ്രത്യേക പരിഗണന അർഹിക്കുന്ന വ്യക്തികൾ എന്ന നിലയിൽ വയോജനങ്ങളെ പരിഗണിക്കാൻ പുതുതലമുറയെ പ്രേരിപ്പിക്കുംവിധമുള്ള ആശയാദർശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ക്ലാസ് മുറികളിൽ ബോധവൽക്കരണം നടത്തുകയും വേണം. വയോജനങ്ങളുടെ ക്ഷേമകാര്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് സമഗ്രമായ പഠനങ്ങൾ നടത്തി എല്ലാ വിഷയങ്ങൾക്കും പരിഹാരമുണ്ടാക്കാൻ സർക്കാർ മുൻകൈയെടുക്കണം.
ഈ പ്രശ്നത്തെ ഇത്രമേൽ വഷളാക്കിയതിൽ രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഒരു പങ്കുണ്ട്. സ്വന്തം നാട്ടിൽ ജോലി ചെയ്യാനോ മാതാപിതാക്കളെ സംരക്ഷിക്കാനോ കഴിയാതെ ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിലേക്ക് നാടുകടക്കുകയാണ്. ഇത് സൃഷ്ടിക്കാൻ പോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്.
മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ആകെ പ്രശ്നങ്ങളാണ്. ഇന്നത്തെ യുവാക്കളാണ് നാളത്തെ വയോജനങ്ങൾ. അതുകൊണ്ട് ഈ ആവശ്യങ്ങൾ നടപ്പാക്കിയെടുക്കാനും അതിനായി സർക്കാരിനെ പ്രേരിപ്പിക്കാനും ഒരു വലിയ മുന്നേറ്റം ആവശ്യമുണ്ട്. ആ ജനകീയമായ പരിശ്രമത്തിൽ പങ്കാളികളാകാൻ ഏവരും തയ്യാറാകണം.

Share this post

scroll to top