പോരാടി നേടിയ അവകാശങ്ങൾ സംരക്ഷിക്കാൻ സര്‍ക്കാര്‍ ജീവനക്കാർ സമരസംഘടന കെട്ടിപ്പടുക്കുക

images.jpg
Share

കേരളത്തിലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ചരിത്രത്തില്‍ ഇന്നേവരെ കാണാത്തവിധമുള്ള പ്രതിസന്ധികളെ നേരിടുകയാണ്. അവരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിൽനിന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിണറായി സര്‍ക്കാര്‍ പിടിച്ച് വച്ചിരിക്കുന്ന തുക ഏതാണ്ട് 40,000 കോടിയാണ്. നിരന്തരമായി നേരിടേണ്ടി വരുന്ന ശമ്പളക്കവര്‍ച്ചയുടേയും മറ്റതിക്രമങ്ങളുടേയും സാഹചര്യത്തിൽപ്പോലും ഭരണമുന്നണിയിലെ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലുള്ള സർവ്വീസ് സംഘടനകൾ ഒറ്റുകാരെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഈ ശമ്പളക്കവര്‍ച്ച സാധാരണക്കാരായ ജീവനക്കാരെ ഗുരുതരമായ കടക്കെണിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. വിലക്കയറ്റവും, കുതിച്ചുയരുന്ന വിദ്യാഭ്യാസ ചെലവുകളും, ലോണുകള്‍ക്കുമേല്‍ വന്നിട്ടുള്ള പലിശ വര്‍ദ്ധനവുമെല്ലാം ജീവനക്കാരെ നിരന്തരം ശ്വാസം മുട്ടിക്കുകയാണ്. ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുപോലും പ്രതിമാസം ഏകദേശം 4140 രൂപ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു എന്നത് മനുഷ്യത്വമില്ലായ്മയായി മാത്രമേ കാണാന്‍ കഴിയൂ.
അടിമകളായ ന്യായീകരണ തൊഴിലാളികളൊഴികെ മറ്റെല്ലാ ജീവനക്കാരിലും ഇത് കടുത്ത രോഷമുണ്ടാക്കിയിട്ടുണ്ട്. ട്രാന്‍സ്‌ഫര്‍, അച്ചടക്കനടപടികള്‍, പെരുമാറ്റച്ചട്ടം എന്നിവയൊക്കെ പ്രയോഗിച്ച് ഭയപ്പെടുത്താനും, നിരാശ സൃഷ്ടിച്ച് നിഷ്ക്രിയരാക്കാനുമാണ് സർക്കാരും അവരുടെ അഞ്ചാംപത്തികളും ശ്രമിക്കുന്നത്. ഈ ഹീനനീക്കങ്ങൾക്ക് മുന്നിൽ ജീവനക്കാർ അടിയറവ് പറയുകയാണെങ്കിൽ അവരെ കാത്തിരിക്കുന്നത് അസംഘടിത തൊഴിലാളികളുടേതിലും പരിതാപകരമായ ജീവിതമായിരിക്കുമെന്ന യാഥാർത്ഥ്യം ഒരു നിമിഷ നേരം പോലും നാം വിസ്മരിച്ചു കൂടാ.


അവകാശങ്ങൾ നേടിയത് സമരങ്ങളിലൂടെ


1983 ഫെബ്രുവരി 2 ന് സംസ്ഥാന വ്യാപകമായി ഒരു പണിമുടക്കു നടന്നു. അക്കാലത്ത് ഫെബ്രുവരി മാസത്തിലാണ് ആർജ്ജിതാവധി സറണ്ടർ ചെയ്തിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരുണാകരൻ സർക്കാർ അത് രണ്ടു മാസത്തേക്ക് മരവിപ്പിച്ചപ്പോള്‍ മുഴുവൻ സംഘടനകളിലുംപെട്ട ജീവനക്കാരൊന്നടങ്കം പണിമുടക്കിക്കൊണ്ട് ആ തീരുമാനം പിൻവലിപ്പിക്കുകയുണ്ടായി. ജീവനക്കാർക്കും സംഘടനകൾക്കും അന്നുണ്ടായിരുന്ന അവകാശബോധവും സമര പ്രബുദ്ധതയും വെളിവാക്കുന്ന സംഭവമായിരുന്നു അത്.


സമരവീര്യം ചോര്‍ന്നപ്പോൾ നഷ്ടങ്ങൾ മാത്രം


ഇന്നിന്റെ പടിവാതിൽക്കൽ നിന്നുകൊണ്ട് പിന്നോട്ട് നോക്കിയാൽ അന്ന് നഷ്ടപ്പെട്ട അവകാശത്തിന്റെ എത്രയോ മടങ്ങാണ് നമുക്കിന്ന് പിണറായി സർക്കാർ നിഷേധിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാനാവും. പുതുതായി യാതൊന്നും നേടിയിട്ടുമില്ല. അന്ന് പോരാടിയ സംഘടനകൾ ഫെബ്രുവരി മാസ സറണ്ടർ ഇല്ലാതായ വഴി ഓർക്കുന്നു പോലുമില്ല. കരുണാകരനെയും എ.കെ. ആന്റണിയെയും നാണിപ്പിക്കും വിധം പിണറായി സർക്കാർ ജീവനക്കാരുടെ അവകാശങ്ങളോരോന്നും തകർത്തു കൊണ്ട് മുന്നേറുകയാണ്. സറണ്ടർ അവകാശം മരവിപ്പിച്ചിട്ട് വർഷം നാലാവുന്നു. നഷ്ടം നാലു മാസത്തെ ശമ്പളത്തിന് തുല്യമായ തുക. ഡിഎ 18% (രാജ്യത്തെ ഏറ്റവും ഉയർന്നത്) കുടിശ്ശികയായി. അതായത് അടിസ്ഥാന ശമ്പളത്തിന്റെ അഞ്ചിലൊന്നു ഭാഗവും (വര്‍ഷക്കണക്കില്‍ ഏകദേശം രണ്ടര മാസത്തെ ശമ്പളം) ശമ്പള പരിഷ്കരണ കുടിശ്ശികയും പിടിച്ചു വച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഭേദമെന്യേ വിലക്കയറ്റവും പണപ്പെരുപ്പവും സമാനമാണെന്നിരിക്കെ മുഴുവൻ ഡിഎ ലഭിച്ചാൽപ്പോലും സംസ്ഥാന ജീവനക്കാരുടെ ശമ്പളം കേന്ദ്ര ജീവനക്കാരുടേതിനേക്കാൾ തുലോം കുറവാണ്. വസ്തുതയിതായിരിക്കെ മേൽക്കുമേൽ ഡിഎ നിഷേധിക്കുന്നത് സംസ്ഥാന ജീവനക്കാരുടെ നഷ്ടത്തിന്റെ അന്തരം കൂട്ടാൻ മാത്രമേ ഉപകരിക്കൂ. കേന്ദ്ര ജീവനക്കാരുടേതുമായി തട്ടിച്ചുനോക്കിയാല്‍ കേരളത്തിലെ ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ പ്രതിമാസ നഷ്ടം 7500 രൂപയിലധികം വരും. മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ആനുകൂല്യം ഇല്ലാതാക്കി. പകരം സർക്കാർ തന്നെ ഇൻഷുറൻസ് ഏജന്റായിക്കൊണ്ട് ജീവനക്കാരന്റെ ചെലവിൽ നിർബന്ധിതമായി മെഡിസെപ്പ് എന്ന മുടന്തൻ കുതിരയെ എഴുന്നള്ളിച്ചു. ക്രിമിനൽ മൂലധന ശക്തികളായ കോർപ്പറേറ്റുകൾക്കുവേണ്ടി എന്‍പിഎസ് നടപ്പിലാക്കിയതിനെ അരക്കിട്ടുറപ്പിച്ചു. എന്‍പിഎസിലൂടെ രണ്ട് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളത്തിൽനിന്നും 10% നിർബന്ധമായി പിടിച്ചെടുത്തു. ഇതിനകം വിരമിച്ച നൂറുകണക്കിന് എൻപിഎസ് ജീവനക്കാർക്ക് പെൻഷനും, ഗ്രാറ്റുവിറ്റി (ഡിസിആര്‍ജി)യും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും നിഷേധിച്ചുകഴിഞ്ഞു.
സ്റ്റാറ്റ്യൂട്ടറി പെൻഷൻകാർക്ക് പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ തടഞ്ഞുവച്ചതുകൂടാതെ മെഡിസെപ്പിന്റെ മറയിൽ മെഡിക്കൽ അലവൻസും എടുത്തു കളഞ്ഞു. ഇതെല്ലാം പോരാതെ ജീവനക്കാരന്റെയും പെൻഷൻകാരന്റെയും അവശേഷിക്കുന്ന വരുമാനവും കവർന്നെടുക്കാനുള്ള പല പുതിയ തട്ടിപ്പു പദ്ധതികളും അണിയറയിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികളോടുള്ള സമീപനത്തിൽ തികഞ്ഞ വലതുപക്ഷ സമീപനം വച്ചുപുലർത്തുന്ന കേന്ദ്രവും ഇതര സംസ്ഥാനങ്ങളുംപോലും കാട്ടാത്ത മാടമ്പി സമീപനമാണ് പിണറായി സർക്കാർ ജീവനക്കാരോട് സ്വീകരിച്ചിരിക്കുന്നത്.


സാമ്പത്തിക പ്രതിസന്ധിക്ക് കാരണം വായ്പാധിഷ്ഠിത വികസനവും അഴിമതിയും ധൂർത്തും


മന്ത്രിമാർക്കും അവരുടെ സ്റ്റാഫിനും ഐഎഎസ്സുകാർക്കും വിശേഷാവകാശങ്ങളെന്ന നിലയിൽ എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോള്‍തന്നെ ചൂഷകനായ ഏതൊരു മുതലാളിയേയും പോലെ ജീവനക്കാർക്കെതിരായ കപടവാദങ്ങൾ നിരത്തി പിടിച്ചുനില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിമതുല്യരായ ഭരണകക്ഷി സര്‍വ്വീസ് സംഘടനകൾ അതേറ്റുപാടുന്നു. ജീവനക്കാരുടെ വയറ്റത്തടിച്ച് ലാഭിച്ച പതിനായിരക്കണക്കിന് കോടി രൂപകൊണ്ട് വികസനമെന്ന വ്യാജേന കോർപ്പറേറ്റ് മുതലാളിമാരുടെ തുറമുഖ, കര- ജല ഗതാഗത പദ്ധതികൾ നടപ്പാക്കുന്നു. എന്നിട്ടതിനെ ‘ഇടതു ബദൽ’ എന്ന് കൊട്ടിഘോഷിക്കുന്നു. സാമൂഹിക-പ്രകൃതി ദുരന്തങ്ങളെ അടിച്ചമർത്തലിനും ചൂഷണത്തിനുമുള്ള അവസരമാക്കിമാറ്റുന്ന ‘ഡിസാസ്റ്റർ കാപിറ്റലിസ’ത്തിന്റെ ഉപാസകരായി മാറിക്കൊണ്ട് കൂലിക്കവർച്ചക്ക് ആക്കം കൂട്ടുന്നു. സ്വകാര്യ മൂലധന ശക്തികളുടെ താൽപര്യാർത്ഥം ഭ്രാന്തമായ ആവേശത്തോടെ കടം വാങ്ങിക്കൂട്ടിക്കൂട്ടി ഇന്നിപ്പോൾ കടംവാങ്ങുന്നത് പലിശ കൊടുക്കാൻ തികയാത്ത ‘കടക്കെണി’ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ആഗോളവായ്പാ ഏജൻസികളുടെ നിബന്ധനകൾക്കു വഴങ്ങിയുള്ള പദ്ധതികളിലൂടെയും എണ്ണമറ്റ മിഷനുകളിലൂടെയും ഭരണമപ്പാടെ പൊളിച്ചെഴുതപ്പെടുന്നു. ഡിപ്പാർട്ട്മെൻറുകളിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു. പല വകുപ്പുകളും നിന്ന നിൽപ്പിൽ ഇല്ലാതാവുകമ്പോൾ ഭരണപക്ഷ സർവ്വീസ് സംഘടനകൾ ‘സിവിൽ സർവ്വീസ് സംരക്ഷണ ഘോഷയാത്ര’ നടത്തി സ്വയം നാണം കെടുന്നു. കരാർവൽക്കരണത്തിലൂടെയും പുറംപണി കരാറുകളിലൂടെയും യുവാക്കൾക്ക് സ്ഥിരംതൊഴിൽ നിഷേധിക്കപ്പെടുന്നു. സമൂഹത്തിന്റെ നാനാതുറകളിലും പ്രതിസന്ധി വർദ്ധിക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഈ അവസ്ഥക്കുത്തരവാദി ജീവനക്കാരാണെന്ന മട്ടിലാണ് സർക്കാർ പ്രചരണം. ആക്രമണം സർക്കാർ വക; അവക്കെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള ക്വട്ടേഷൻ സർക്കാർ വിലാസം സംഘടനകൾക്ക് – അത് കപട ന്യായങ്ങൾ നിരത്തിയാവാം, അല്ലെങ്കിൽ സമരഗതി ചാലുതിരിച്ചുവിട്ടാവാം, എന്തിന് പ്രഹസന സമരങ്ങൾ നടത്തിയുമാവാം. പങ്കാളിത്ത പെൻഷൻകാരായ ജീവനക്കാർ സ്വതന്ത്ര സംഘടനയുണ്ടാക്കിസംഘടിതരായപ്പോൾ അതിനെ തകർക്കാനായി നടത്തുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി(PFRDA) വിരുദ്ധ സമര നാടകം നാം കണ്ടുകൊണ്ടിരിക്കുകയാണ്. മറുവശത്ത്, സർക്കാരിനോടുള്ള രോഷം വോട്ടാക്കി മാറ്റുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് പ്രതിപക്ഷ കക്ഷികളുടെ നിയന്ത്രണത്തിലുള്ള സംഘടനകളെ നയിക്കുന്നത്. അതുകൊണ്ടാണ് പ്രചാരണ പ്രവർത്തനങ്ങൾക്കപ്പുറം ഡിമാന്റ് നേടിയെടുക്കുന്നതുവരെയുള്ള വിട്ടുവീഴ്ച്ചയില്ലാത്തൊരു സമരത്തിന് അവർ സന്നദ്ധരാവാത്തത്.


കാപട്യം തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി സമരക്കമ്മിറ്റികളിൽ സംഘടിക്കുക


ഈയൊരു സന്നിഗ്ദ്ധ സാഹചര്യത്തിൽ അവകാശ ബോധമുള്ള ജീവനക്കാരുടെ മുന്നിൽ ഒരേയൊരു വഴിയേയുള്ളു – കക്ഷിരാഷ്ട്രീയ പരിഗണനകൾക്കതീതമായി ഒത്തൊരുമിച്ചുള്ള ജനാധിപത്യ പോരാട്ടം. അതിനു വൈകുന്ന ഓരോ നിമിഷവും നഷ്ടപ്പെടലുകളുടെ ആക്കം വർദ്ധിക്കുകയേയുള്ളു. വിട്ടുവീഴ്ചയില്ലാത്ത സമരത്തിന് സ്വന്തം സംഘടനാ നേതൃത്വങ്ങളെ നിർബന്ധിതമാക്കുക. അല്ലെങ്കിൽ നിർഭയമായി സ്വന്തം നിലയിൽ സമരരൂപങ്ങൾ സൃഷ്ടിക്കാൻ മുന്നിട്ടിറങ്ങുക.

Share this post

scroll to top