ദൈവിക ഇടപെടലിനെ സംബന്ധിച്ച പ്രധാനമന്ത്രിയുടെയും മുന്‍ ചീഫ് ജസ്റ്റിസിന്റെയും അവകാശവാദങ്ങളുടെ പ്രത്യാഘാതങ്ങള്‍

1727673148-2375.avif
Share

മതേതരത്വം അവകാശപ്പെടുന്ന ഒരു ജനാധിപത്യവ്യവസ്ഥയില്‍, മതം വ്യക്തിപരമായ വിശ്വാസത്തിന്റെ വിഷയമായിരിക്കണം. ഭരണപരവും സാമൂഹികവുമായ വിഷയങ്ങളില്‍ അത് ഇടപെടാതിരിക്കുക എന്നത് അലംഘനീയവുമായിരിക്കണം. എന്നാല്‍, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും നടത്തിയ ആത്മീയവാദപരമായ പ്രഖ്യാപനങ്ങൾ യുക്തിബോധത്തെയും നീതിയുക്തമായ ഭരണത്തെയും ഭരണഘടനാപരമായി പ്രതിഷ്ഠിക്കപ്പെട്ട മതനിരപേക്ഷതയെയും വെല്ലുവിളിക്കുന്നവയാണ്.

രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കപരിഹാരത്തിനായി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും, ഒരാള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം ഉറപ്പായി ഒരു വഴി കാണിക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 2024 നവംബര്‍ 10ന് വിരമിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് സ്വന്തം ഗ്രാമത്തിൽ നടന്ന ആദരിക്കൽ ചടങ്ങില്‍ പറഞ്ഞത്, ‘‘പല കേസുകളിലും ഞങ്ങള്‍ക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വന്നിട്ടുണ്ട്. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം അതിലൊന്നാണ്. ഈ കേസ് മൂന്നു മാസത്തോളം എന്റെ മുന്നില്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു പരിഹാരത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു.’’
ചീഫ് ജസ്റ്റിസെന്ന നിലയില്‍, ബാബറി മസ്ജിദ് തര്‍ക്കം ‘ഹിന്ദുക്കള്‍ക്ക്’ അനുകൂലമായി തീര്‍പ്പുകല്‍പ്പിച്ചത് ദൈവേച്ഛയാലാണെന്ന തുറന്നുപറച്ചില്‍ വിധിയുടെ സത്യസന്ധതയെക്കുറിച്ച് വിമര്‍ശനാത്മക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഗണേശ പൂജയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദിയെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ച അദ്ദേഹത്തിന്റെ നടപടി കോടതിയിലും ബാറിലുമുള്ള അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.


കഴിഞ്ഞ മെയ് 14ന്, വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുമുമ്പ്, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ എന്തുകൊണ്ടാണ് താൻ തളരാത്തത് എന്ന ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞത്, ‘‘എന്റെ അമ്മ ജീവിച്ചിരുന്നപ്പോള്‍, എന്നെ അമ്മ പ്രസവിച്ചതാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അമ്മ മരിച്ചതിനുശേഷം, എന്റെ എല്ലാ അനുഭവങ്ങളുടെയും വെളിച്ചത്തില്‍ ദൈവമാണ് എന്നെ അയച്ചതെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഈ ഊര്‍ജ്ജം എന്റെ ശരീരത്തില്‍ നിന്നുണ്ടാകുന്നതല്ല, ദൈവം എനിക്ക് വരദാനമായി തന്നതാണ് എന്നെനിക്കുറപ്പാണ്. ദൈവം എനിക്ക് കഴിവും പ്രചോദനവും സദുദ്ദേശ്യങ്ങളും തന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു ഉപകരണം മാത്രമാണ്. അതുകൊണ്ട് എന്തുചെയ്യുമ്പോഴും ദൈവമാണ് എന്നെ നയിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.’’
മെയ് 22ന് ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ‘ബിജെപിക്ക് വോട്ടുചെയ്യുന്നവര്‍ക്ക് സത്കർമ്മങ്ങളുടെ പുണ്യം ലഭിക്കും’എന്നു പറഞ്ഞുകൊണ്ട് സ്വന്തം മാഹാത്മ്യവും ദൈവനിയോഗവും അദ്ദേഹം വീണ്ടും ഓര്‍മ്മിപ്പിച്ചു. തന്നെ ‘അമ്മ പ്രസവിച്ചതല്ലെന്നും ദൈവത്തിന്റെ സന്തതിയാണെന്നും 2040വരെ രാജ്യം ഭരിക്കാന്‍ നിയോഗിക്കപ്പെട്ടവനാണെന്നും’ മറ്റുമുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യത്തിന് ഒട്ടും നിരക്കുന്നതല്ല. ദൈവനാമത്തില്‍ വോട്ട് ചോദിക്കുകയും ഒരു അവതാരത്തിന്റെ പരിവേഷം പ്രധാനമന്ത്രി മോദി സ്വയം അണിയുകയും ചെയ്യുന്നത് തീര്‍ച്ചയായും ഒരു കടന്നകൈയാണ്. ഇപ്പോള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസും, തന്റെ വിധികള്‍ ദൈവകല്‍പ്പനയാണെന്ന് അഭിപ്രായപ്പെടുന്നു. ഈ പ്രസ്താവനകള്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയർത്തുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ജഡ്ജിമാർക്കും മറ്റും അവരുടെ മതപരമായ താല്‍പ്പര്യങ്ങൾ മാറ്റിവെച്ചുകൊണ്ട് നീതിയുക്തമായി പ്രവര്‍ത്തിക്കാ നാകുമോ? അതോ സാമൂഹ്യഉത്തരവാദിത്തവും വിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് അപകടകരമാംവിധം ഇല്ലാതാകുകയാണോ?


‘ദൈവികമായി ലഭിച്ച’ മോദിയുടെ അധികാരം


പ്രധാനമന്ത്രി മോദിയുടെ ഈ വാക്കുകള്‍ കേവലം വ്യക്തിപരമായ വിശ്വാസങ്ങള്‍ക്കപ്പുറത്ത്, തീവ്ര ഹിന്ദുദേശീയതാവാദത്തെ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയുടെ ഭാഗമാണ്. ദൈവസൃഷ്ടിയായി സ്വയം ഉയര്‍ത്തിക്കാട്ടുന്ന മോദി തന്റെ നേതൃത്വത്തെ ഒരു പ്രാപഞ്ചിക ദൗത്യവുമായി യോജിപ്പിക്കുന്നു, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ‘ഹിന്ദുവല്‍ക്കരണം’ ശക്തിപ്പെടുത്താനും അതുവഴി ഒരു പരിഷ്‌കൃത ജനാധിപത്യ രാഷ്ട്രത്തിന്റെ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമായി മതാധിഷ്ഠിത ഭരണത്തിലേക്ക് മാറാനും ശ്രമിക്കുന്നു. ജനാധിപത്യത്തില്‍, രാഷ്ട്രീയ നേതാക്കള്‍ ഭരണകാര്യങ്ങളിലും നയങ്ങളിലുമൊക്കെ ഏതെങ്കിലും മതത്തിന്റെ മേധാവിത്വം അംഗീകരിക്കാത്തവരും ജനാധിപത്യതത്വങ്ങളില്‍ അധിഷ്ഠിതമായി പ്രവർത്തിക്കുന്നവരുമായിരിക്കണം. പാര്‍ലമെന്റിന്റെ പരമാധികാരം പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ പരമാധികാരത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ അനേകം മതങ്ങളും ദേശീയതകളുമുള്ള രാജ്യമാണ്. അതിനാല്‍ ഇവിടെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ തടയുന്നു. എന്നാല്‍ മോദിയുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്, അദ്ദേഹത്തിനധികാരം ലഭിച്ചത്, അജ്ഞാതവും വിശദീകരിക്കാനാവാത്തതുമായ ഒരു പ്രകൃത്യാതീത ശക്തിയില്‍നിന്നാണ് എന്നത്രെ; ജനാധിപത്യ വ്യവസ്ഥയുടെ പരിശോധനകള്‍ക്കും മേല്‍നോട്ടത്തിനും അപ്പുറമുള്ള ഒന്ന്. അതിനാല്‍, ഗവണ്‍മെന്റിന്റെ തലപ്പത്തുള്ള വ്യക്തി, തന്റേത് ദൈവനിയോഗത്താലുള്ള അധികാരമാണെന്ന് സൂചന നല്‍കുമ്പോള്‍, അത് ജനങ്ങള്‍ക്ക് തുല്യത നൽകുന്ന, അവരോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്ന വ്യവസ്ഥാപിതമായ ജനാധിപത്യ നിയമങ്ങളെ നിരാകരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടില്‍, രാജ്യത്തിന്റെ നേതൃത്വം ജനാധിപത്യ സംവിധാനത്തിന്റെ ദാനമല്ല, മറിച്ച് ചോദ്യംചെയ്യാനാവാത്ത ദൈവിക അവകാശമാണ്.


ജുഡീഷ്യറിക്ക് ദൈവത്തിന്റെ കല്പന


പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങള്‍ അസ്വാസ്ഥ്യമുണ്ടാക്കുന്നതു പോലെതന്നെ, മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപാടുകൾ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കും സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നു. ഭരണഘടനാ ചട്ടക്കൂടുകളിലും നിയമതത്വങ്ങളിലും അധിഷ്ഠിതമായ ഒരു മഹനീയമായ പദവിയാണ് ചീഫ് ജസ്റ്റിസ് വഹിക്കുന്നത്. പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് നിയമങ്ങള്‍ രൂപീകരിക്കുന്നത്. ഇവർ ദൈവം നിയോഗിച്ചവരോ, ദൈവേച്ഛയ്ക്കനുസരിച്ച് നിയമനിര്‍മ്മാണം നടത്തുന്നവരോ അല്ല. രണ്ടാമതായി, എല്ലാ നിയമസഭാംഗങ്ങളും ഹിന്ദുമതവിശ്വാസികളല്ല. നിയമങ്ങള്‍ ശരിയത്തിനോ ഇസ്ലാമിക പ്രമാണങ്ങൾക്കോ അനുസരിച്ചായിരിക്കണം എന്ന് പാര്‍ലമെന്റിലെ ഒരു മുസ്ലീം അംഗം പറഞ്ഞാൽ അത് അംഗീകരിക്കാനാകുമോ? അതുപോലെ, ക്രിസ്ത്യാനിയായ ഒരു ന്യായാധിപന്‍ തന്റെ വിധികള്‍ ബൈബിളിലെ സുവിശേഷങ്ങള്‍ക്കനുസൃതമായി എഴുതപ്പെട്ടതാണെന്ന് അവകാശപ്പെടുകയാണെങ്കില്‍, അത് സ്വീകാര്യമാകുമോ? തര്‍ക്കമുള്ള ഒരു ആരാധനാലയത്തിന്റെമേൽ അവകാശവാദമുന്നയിച്ച ഹിന്ദുക്കള്‍ക്ക് അത് അനുവദിച്ചുകൊണ്ടുള്ളതായിരുന്നു അയോധ്യാ വിധി. ഈ വിധിയുമായി ബന്ധപ്പെട്ട് ദൈവഹിതം ആരാഞ്ഞു എന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അവകാശവാദം, ജുഡീഷ്യല്‍ നിഷ്പക്ഷതയില്‍ കരിനിഴല്‍ വീഴ്ത്തിയെന്നത് നിസ്സംശയമാണ്.


ദൈവം ‘സര്‍വ്വജ്ഞനും’ ‘നിഷ്‌പക്ഷനു’ മാണെങ്കില്‍, സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് (ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെടെ) കുറ്റകൃത്യമെന്ന് വിധിച്ച മസ്ജിദ് തകര്‍ക്കലിനെ എങ്ങനെ സാധൂകരിക്കാനാകും? 1934ല്‍ ബാബറി മസ്ജിദിനു വരുത്തിയ കേടുപാടുകള്‍, 1949ല്‍ അശുദ്ധിയാരോപിച്ച് മുസ്ലീങ്ങളെ പുറത്താക്കിയത്, ഒടുവില്‍ 1992 ഡിസംബര്‍ 6ന് നടന്ന പള്ളിപൊളിക്കൽ എന്നിവ നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്നും ചെയ്ത തെറ്റ് പരിഹരിക്കപ്പെടണമെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ പിന്നീട് മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്ന് വിധിച്ചു. എന്തുകൊണ്ടെന്നാല്‍, ബെഞ്ച് അതിന്റെ വിധിയില്‍ ഇങ്ങനെയാണ് നിരീക്ഷിച്ചത്: ‘‘ശ്രീരാമന്റെ ജന്മസ്ഥലത്താണ് മൂന്ന് താഴികക്കുടങ്ങളോടെ ബാബറി മസ്ജിദ് പണിതുയർത്തിയതെന്ന ഹിന്ദുക്കളുടെ വിശ്വാസം വ്യക്തമായി സ്ഥാപിക്കുന്നതാണ് ഹാജരാക്കിയ തെളിവുകൾ.’’ ഒരു ചരിത്രസ്മാരകം നശിപ്പിച്ച ക്രിമിനല്‍ നടപടിക്ക് കോടതിവിധിയിൽ ന്യായീകരണം കണ്ടെത്താമെന്നതുകൊണ്ടുതന്നെ സ്വാഭാവികമായും ഈ വിധി ബിജെപിക്കും സംഘപരിവാറിനും ആഹ്ലാദമുണ്ടാക്കി. എന്നാല്‍ ഇത് രാജ്യത്തെ ജനാധിപത്യ, മതേതര ചിന്താഗതിയുള്ള, വിവേകശാലികളായ ജനങ്ങളില്‍ ഗുരുതരമായ ആശങ്കയും വേദനയും ഉളവാക്കുകയും ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ കുറിച്ച് സംശയം ജനിപ്പിക്കുകയുംചെയ്തു. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഒരിടത്തും നിയമത്തിനും ചരിത്രപരമായ തെളിവുകള്‍ക്കും മുകളില്‍ മതവിശ്വാസത്തെ പ്രതിഷ്ഠിച്ചിട്ടില്ല.
നിഷ്പക്ഷവും മുൻവിധികളില്ലാത്തതുമായ നീതി എല്ലാവർക്കും ഉറപ്പാക്കുവാൻ നീതിന്യായവ്യവസ്ഥ മതവിശ്വാസങ്ങളിൽനിന്ന് മുക്തമായിരിക്കണം, വിശേഷിച്ചും, ഇന്ത്യപോലെ വ്യത്യസ്ത മതവിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ഒരു രാജ്യത്ത്. തന്റെ വിധികള്‍ ദൈവഹിതത്തിന് അനുസൃതമായിരിക്കാമെന്ന് ഒരു ചീഫ് ജസ്റ്റിസ് പറയുമ്പോൾ അത് മതവിശ്വാസത്താൽ സ്വാധീനിക്കപ്പെടുകയെന്ന അപകടം ഉൾക്കൊള്ളുന്നുണ്ട്. ഇത് നീതിന്യായ വ്യവസ്ഥയുടെ മര്‍മ്മപ്രധാനമായ വസ്തുനിഷ്ഠതയുടെയും, മതവിശ്വാസത്തെ ജുഡീഷ്യല്‍ പ്രവര്‍ത്തനത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന്റെയും അടിസ്ഥാന പ്രമാണങ്ങളെയാണ് ഹനിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡാണ് അയോധ്യ വിധി എഴുതിയതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ വിധിന്യായം ദൈവകല്പിതമായിരുന്നു എന്ന് പറഞ്ഞതിലൂടെ അതിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നത് ന്യായീകരിക്കത്തക്കതാണ്.


ജനാധിപത്യ ചട്ടക്കൂടില്‍ ജുഡീഷ്യറിയുടെ പങ്ക്


ഒരു സ്ഥാപനമെന്ന നിലയില്‍, ജുഡീഷ്യറി ഒരു ജനാധിപത്യ സമൂഹത്തില്‍ യുക്തിയുടെയും, വസ്തുനിഷ്ഠതയുടെയും അടിത്തറയിലാണ് പ്രവര്‍ത്തിക്കേണ്ടത്. ജഡ്ജിമാര്‍ വ്യക്തിപരമായ വിശ്വാസങ്ങളെയോ, മതപ്രമാണങ്ങളെയോ ഒക്കെ വിധികളെ സ്വാധീനിക്കാന്‍ അനുവദിക്കുമ്പോള്‍, അവര്‍ ഈ വസ്തുനിഷ്ഠതയില്‍ വിട്ടുവീഴ്ച ചെയ്യുകയും പൊതുജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയും ചെയ്യുന്നു. അയോധ്യ വിധിക്കുമുമ്പ് ദൈവഹിതം ആരാഞ്ഞ ചന്ദ്രചൂഡിന്റെ നടപടി ഇതിന് ഉദാഹരണമാണ്. ദൈവഹിതം തേടുന്നത്, പ്രതീകാത്മകമായി ട്ടാണെങ്കില്‍പോലും, നിയമപരമായ തത്വങ്ങളിലും ലൗകിക നീതിയിലും മാത്രം അധിഷ്ഠിതമായി എടുക്കേണ്ടുന്ന ഒരു തീരുമാനത്തില്‍ മതപരമോ നിഗൂഢമോ ആയ പരിഗണനകള്‍ ഉള്‍ച്ചേര്‍ക്കുകയെന്ന അപകടം പേറുന്നുണ്ട്. ഇത് മതപരമായ പക്ഷപാതത്തെ വളര്‍ത്തുകയും ഭരണകൂടത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുകയും ചെയ്യുന്നു.


അന്ധമായ ആത്മീയതയെ മുന്‍നിര്‍ത്തിയുള്ള ഭരണ നിര്‍വഹണം


പ്രധാനമന്ത്രിയെപ്പോലൊരാൾ ആദ്ധ്യാത്മികതയെ സ്തുതിച്ചുകൊണ്ട് പ്രവര്‍ത്തിക്കു മ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നു: ഒന്ന്, സത്യത്തിന്റെയും വസ്തുനിഷ്ഠമായ രീതിശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ചിന്താപ്രക്രിയയ്ക്കുപകരം യുക്തിരാഹിത്യവും മതാന്ധതയും പ്രതിഷ്ഠിക്കപ്പെ ടുന്നു. രണ്ട്, ഗവൺമെന്റിന്റെ ഭരണപരാജയങ്ങളില്‍നിന്നും, എല്ലാ തിന്മകൾക്കും അപഭ്രംശങ്ങൾക്കും കാരണമായ മുതലാളിത്തസേവയിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു. സാമ്പത്തിക അസമത്വം, കാര്‍ഷിക പ്രതിസന്ധി, ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് എന്നിങ്ങനെ നിരവധി മൂര്‍ത്തമായ വെല്ലുവിളികള്‍ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ഈ പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥവും അടിയന്തര പ്രാധാന്യമുള്ളതുമാണ്.
പ്രധാനമന്ത്രി മോദിയുടെ ആദ്ധ്യാത്മികത അവര്‍ക്ക് ഒരു പരിഹാരവും വാഗ്ദാനം ചെയ്യുന്നില്ല. പകരം, തന്റെ ഭരണം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും, നിലവിലെ ബുദ്ധിമുട്ടുകള്‍ ഒരു ‘ദൈവിക പദ്ധതിയുടെ’ ഭാഗമാണെന്നുമുള്ള ഒരു മിഥ്യാധാരണ പടർത്തുന്നു. ദൈവനിയോഗമെന്ന് സ്വയം പ്രചരിപ്പിച്ചുകൊണ്ട്, മുതലാളിത്തത്തിന്റെ വിധേയത്വമുള്ള രാഷ്ട്രീയ കാര്യസ്ഥനായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി മോദി, വര്‍ദ്ധിച്ചുവരുന്ന അസമത്വത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും ഭൗതിക വൈരുദ്ധ്യങ്ങളുടെയും മൂലകാരണം അന്വേഷിക്കുന്നതില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ആദ്ധ്യാത്മികതയെ ഉപയോഗിക്കുന്നു. അതുപോലെ, ദൈവിക അംഗീകാരത്തിന്റെയോ, ന്യായീകരണത്തിന്റെയോ വിചിത്രമായ ഈ സിദ്ധാന്തം ഇപ്പോള്‍ ജുഡീഷ്യറിയും ആവര്‍ത്തിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അന്ധമായ മതവിശ്വാസം പൊതുനയത്തിന്റെയും നിയമവാഴ്ചയുടെയും കാര്യത്തില്‍ യുക്തിയെ നിഴലിലാഴ്ത്തുകയും, എല്ലാ പൗരന്മാരെയും നിഷ്പക്ഷമായി സേവിക്കേണ്ട സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്ത കയും ചെയ്യും. തങ്ങളുടെ പ്രഖ്യാപനങ്ങളിലൂടെ, പ്രധാനമന്ത്രി മോദിയും ജസ്റ്റിസ് ചന്ദ്രചൂഡും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽനിന്നും നീതി നടപ്പാക്കുന്നതിൽനിന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. ഇവരുടേത് വെറുമൊരു വെളിപാടല്ല. ഭരണ വർഗത്തിന്റെ അന്തര്‍ലീനമായ താല്‍പ്പര്യങ്ങളെ മറയ്ക്കുന്ന ഒരു പ്രത്യയശാസ്ത്ര മറയാണ്. അതിനാൽ, ഇന്ത്യയുടെ ഭാവി യുക്തിബോധം, സുതാര്യത, നിഗൂഢവാദപരമായ വ്യതിചലനങ്ങളെ നിരാകരിക്കുന്ന സുവ്യക്തമായ നീതിന്യായ സംഹിത എന്നിവയില്‍ വേരൂന്നിയ ഒരു മതേതര അടിത്തറ പുനഃസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. യുക്തിബോധത്തിലും, ഉന്നതമായ ധാര്‍മ്മികതയിലും, സംസ്‌കാരത്തിലും അധിഷ്ഠിതമായ ബോധപൂര്‍വമായ സംഘടിത ബഹുജന പ്രസ്ഥാനത്തിന് മാത്രമേ ഈ മുതലാളിത്ത ഗൂഢപദ്ധതിയെ പരാജയപ്പെടുത്താന്‍ കഴിയൂ.

Share this post

scroll to top