ജമ്മു-കാശ്മീർ തിരഞ്ഞെടുപ്പ് ചില യാഥാർത്ഥ്യങ്ങൾ വെളിവാക്കിയിട്ടുണ്ട്. 2019 ആഗസ്റ്റ് 5നാണ് ബിജെപി ഗവണ്മെന്റ് ഏകപക്ഷീയമായും സ്വേച്ഛാപരമായും 370-ാം വകുപ്പ് റദ്ദാക്കിയത്. ഇപ്പോൾ 5 വർഷം കഴിഞ്ഞിരിക്കുന്നു. 370-ാം വകുപ്പ് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത്, സ്വതന്ത്ര രാജ്യമായിരുന്ന ജമ്മു-കാശ്മീർ ഇന്ത്യൻ യൂണിയനോട് ചേർക്കുന്നതിന്റെ ഭാഗമായാണ്. ഈ ചരിത്ര പശ്ചാത്തലം തീർത്തും മറന്നുകൊണ്ടും എല്ലാ ജനാധിപത്യമര്യാദകളും ചവിട്ടിമെതിച്ചുകൊണ്ടുമാണ് ഇത് റദ്ദുചെയ്തത്. എന്നുമാത്രമല്ല, ജമ്മു-കാശ്മീർ നിയമസഭയുടെയും അവിടുത്തെ ജനങ്ങളുടെയും അഭിപ്രായം ഒട്ടും മാനിക്കാതെ ബിജെപി ഗവണ്മെന്റ് ഈ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയുംചെയ്തു. സംസ്ഥാനത്ത് സമാധാനം നിലനിർത്താനും പുരോഗതി നേടാനും ഉപകരിക്കുമെന്നാണ് ബിജെപി ഗവണ്മെന്റ് അവകാശപ്പെട്ടിരുന്നതെങ്കിലും സംഭവിച്ചത് മറിച്ചാണ്.
മനോഹരമായ ഈ സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾക്ക് വലിയ തിരിച്ചടിയാണുണ്ടായത്. ആയിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകർ വീട്ടുതടങ്കലിലും ജയിലിലുമായി. സ്‌കൂളുകളും കോളേജുകളും മറ്റ് പൊതു ഇടങ്ങളുമൊക്കെ യുദ്ധക്കളമായി. സായുധസേന പ്രത്യേകാധികാര നിയമമെന്ന കരിനിയമത്താൽ സായുധരായ പട്ടാളവും സിആർപിഎഫുമൊക്കെ കാശ്മീർ അടക്കിവാഴുകയാണ്. കേന്ദ്രം നിയോഗിക്കുന്ന ഗവർണറാകട്ടെ അധികാരഗർവ്വോടെ, സംസ്ഥാനം തീറെഴുതിക്കിട്ടിയതുപോലെയാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ ഭീഷണിയും അവഹേളനവും അടിച്ചമർത്തലുമൊക്കെ സഹിച്ച് ശ്വാസംമുട്ടി കഴിയേണ്ടിവരുന്നു. ഭീകരപ്രവർത്തനത്തെ നേരിടാനെന്ന പേരിൽ ഇടയ്ക്കിടെ കർഫ്യൂ പ്രഖ്യാപിക്കുമ്പോഴെല്ലാം ജനങ്ങൾ വീടിനുള്ളിൽ ഒതുങ്ങിക്കഴിയണം. മരുന്നു വാങ്ങാൻപോലും പുറത്തിറങ്ങാനാകില്ല. ധാരാളം ചെറുപ്പക്കാരെ ഭീകരവാദികളെന്നപേരിൽ പിടിച്ചുകൊണ്ടുപോയി ജയിലിലടയ്ക്കുകയോ കൊല്ലുകയോ ചെയ്തു. സംസ്ഥാനമാകെ ഒരു വലിയ ജയിലാക്കിമാറ്റി എന്നുപറയാം. ഇതെല്ലാം ജനങ്ങളെ മാനസികമായി തകർക്കുകയും ബിജെപി ഭരണത്തിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.
സംസ്ഥാനപദവി തിരിച്ചുനൽകാമെന്ന വാഗ്ദാനം നിറവേറ്റാതെ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയും ഗവർണറെ ഉപയോഗിച്ച് അടിച്ചമർത്തൽ തുടരുകയും ചെയ്യാനാണ് ബിജെപി ശ്രമിച്ചത്. സുപ്രീംകോടതി കർശന നിർദ്ദേശം നൽകിയതുകൊണ്ടുമാത്രമാണ് 10 വർഷത്തിനുശേഷം തിരഞ്ഞെടുപ്പ് നടന്നത്. ഇതിനിടയിൽ ദേശീയ, പ്രാദേശിക ബൂർഷ്വാ പാർട്ടികളും അധികാരത്തിലേറാനായി ജനങ്ങളെ കരുവാക്കിക്കൊണ്ടിരുന്നു. ബിജെപിയെ ജനങ്ങൾ നിരാകരിച്ചു. കോൺഗ്രസ്സാകട്ടെ മുൻകാല ചെയ്തികളും വാഗ്ദാന ലംഘനങ്ങളുംമൂലം വെറുക്കപ്പെട്ടിരുന്നു. നാഷണൽ കോൺഫറൻസ്, പിഡിപി, അപ്‌നി പാർട്ടി, ഐതിഹാദ് പാർട്ടി തുടങ്ങിയ പ്രാദേശിക പാർട്ടികളിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ അസംബ്ലി മണ്ഡല പുനർനിർണയംവഴി പിൻവാതിലിലൂടെ അധികാരത്തിലെത്താൻ അവർ ശ്രമംനടത്തി. ഇതിലൂടെ ജമ്മു മേഖലയിൽ പുതുതായി 5 മണ്ഡലങ്ങളും കാശ്മീർ മേഖലയിൽ ഒരു മണ്ഡലവും കൂട്ടിച്ചേർത്ത് ആകെ സീറ്റ് 90 ആക്കി. ഇത് കൂടാതെ 5 പേരെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം ഗവർണർക്കും നൽകി. അതോടൊപ്പം ജമ്മു മേഖലയിലെ ഹിന്ദു വോട്ടുകൾ സമാഹരിക്കാനായി കടുത്ത വർഗീയ പ്രചാരണവും ആരംഭിച്ചു. നാഷണൽ കോൺഫറൻസും കോൺഗ്രസ്സും സിപിഐ(എം)ഉമായി സഖ്യമുണ്ടാക്കി. പിഡിപി ഒറ്റയ്ക്കും മൽസരിച്ചു.
നിരോധിത മതമൗലികവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമി പതിറ്റാണ്ടുകൾക്കുശേഷം തിരഞ്ഞെടുപ്പിൽ മൽസരിച്ചത് ആശ്ചര്യമുളവാക്കി. മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കാനും ബിജെപിയുടെ വിജയം ഉറപ്പാക്കാനുമാണ് അവർ മൽസരിച്ചതെന്ന് ചിലർ കരുതുന്നു. ബിജെപി രഹസ്യമായി ഐതിഹാദ് പാർട്ടിയെ സഹായിച്ചുവെന്നും പറയുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ജമ്മു-കാശ്മീർ തിരഞ്ഞെടുപ്പ് നടന്നത്.
2014ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാശ്മീർ താഴ്‌വരയിൽ പോളിംഗിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല. എന്നാൽ ബിജെപിക്ക് സ്വാധീനമുള്ള ജമ്മു മേഖലയിൽ പോളിംഗിൽ വലിയ വർദ്ധനയുണ്ടായി. പൊതുവിൽ പോളിംഗ് 60 ശതമാനത്തോടടുത്ത് ഉണ്ടെങ്കിലും ജനങ്ങളുടെ പ്രതികരണം തണുപ്പനായിരുന്നു. തിരഞ്ഞെടുപ്പിലൂടെ കാര്യമായ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല എന്ന ചിന്തയായിരുന്നു അവർക്ക്. വിലക്കയറ്റം, തൊഴിലില്ലായ്മ, ചെറുകിട സംരംഭങ്ങളുടെയും പരമ്പരാഗത തൊഴിൽ മേഖലയുടെയും തകർച്ച, ടൂറിസം സാദ്ധ്യതയും പ്രകൃതി വിഭവങ്ങളും മുതലെടുക്കാനുള്ള കോർപറേറ്റ് ഭീമൻമാരുടെ തള്ളിക്കയറ്റം, ലക്കുകെട്ട വനനശീകരണവും പാറഖനനവും, തദ്ദേശീയ ജനതയെ അധീനപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ ക്കൊന്നും ഈ തിരഞ്ഞെടുപ്പിലൂടെ പരിഹാരമുണ്ടാകുമെന്ന് അവർക്ക് പ്രതീക്ഷയില്ലായിരുന്നു. കഴിഞ്ഞ 5 വർഷക്കാലത്ത് സൈനികനീക്കം മുന്നിൽക്കണ്ട് ചില റെയിൽവേ ലൈനുകൾ സ്ഥാപിച്ചതല്ലാതെ കാശ്മീരിൽ യാതൊരു വികസനവും നടന്നിട്ടില്ല. 370-ാം വകുപ്പ് റദ്ദ് ചെയ്തതിനുശേഷം വസ്തുനികുതി ഏർപ്പെടുത്തുകയും ചെയ്തു. മുമ്പ് ചില ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് മദ്യം ലഭിച്ചിരുന്നത്. എന്നാൽ, ഇന്ന് ടൂറിസ്റ്റുകളെ ആകർഷിക്കാനെന്ന പേരിൽ ധാരാളം മദ്യഷാപ്പുകൾ തുറന്നിട്ടുണ്ട്. ഇതും കാശ്മീർ താഴ്‌വരയിലെ ജനങ്ങളിൽ നീരസമുണ്ടാക്കി.
പ്രതീക്ഷിച്ചതുപോലെതന്നെ ബിജെപി പരാജയപ്പെടുകയും നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ ഇവരോ സഖ്യശക്തിയായ സിപിഐ(എം)ഓ ജനങ്ങൾ നേരിടുന്ന കാതലായ പ്രശ്‌നങ്ങളിൽ ജനാധിപത്യ സമരങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചിരുന്നില്ല. ബിജെപിവിരുദ്ധ വികാരവും ചില പ്രാദേശിക വികാരങ്ങളും മുതലാക്കി ഇവർ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നുമാത്രം. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപി മൗനംപാലിക്കുകയാണ്. ജമ്മുവിലെ 11 സീറ്റുകളിൽ ‘ഹിന്ദുക്കൾ അപകടത്തിൽ’ എന്ന പ്രചാരണം നടത്തിയെങ്കിലും ഫലം നിരാശാജനകമായിരുന്നു. ബിജെപി, ഭീകരവാദികളിൽനിന്നും മതമൗലികവാദികളിൽനിന്നുമൊക്കെ ജനങ്ങൾക്ക് സുരക്ഷ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് പാലിക്കപ്പെടുമെന്ന് കാശ്മീരി പണ്ഡിറ്റുകൾപോലും വിശ്വസിച്ചില്ല. അധികാരത്തിലെത്തിയാൽ 370-ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ്സ് പറഞ്ഞിരുന്നു. എന്നാൽ പാർലമെന്റിൽ നിയമനിർമാണം ആവശ്യമുള്ളതുകൊണ്ട് ഇത് നിറവേറ്റാനാകില്ല എന്ന് അവർക്കുതന്നെ അറിയാമായിരുന്നു. എന്തായാലും ഈ വിഷയം കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ജീവിതപ്രശ്‌നങ്ങൾമൂലം ജമ്മു മേഖലയിലെ ജനങ്ങളും അസംതൃപ്തരായിരുന്നു.
ബിജെപിയുടെ പരാജയം ആശ്വാസകരംതന്നെ. എന്നാൽ ജനവിരുദ്ധ മുതലാളിത്ത നയങ്ങൾ പിന്തുടരുന്ന നാഷണൽ കോൺഫറൻസ്-കോൺഗ്രസ്സ് സഖ്യത്തിൽനിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല. വിപ്ലവ ഇടതുപക്ഷ ലൈനിൽ, ശരിയായ നേതൃത്വത്തിൻകീഴിൽ യോജിച്ച ബഹുജനപ്രക്ഷോഭങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമേ ജീവിതദുരിതങ്ങൾക്ക് എന്തെങ്കിലും ശമനമുണ്ടാക്കാൻ കഴിയൂ എന്ന് കാശ്മീർ താഴ്‌വരയിലെ ജനങ്ങൾ തിരിച്ചറിയേണ്ട സന്ദർഭമാണിത്.