നട്ടെല്ലൊടിക്കുന്ന വിലക്കയറ്റത്തിനെതിരെ ജനങ്ങൾ സ്വന്തം പ്രക്ഷോഭസമിതികൾ സൃഷ്ടിക്കുക

lpg-gas.jpg
Share

ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുന്നു. കാരണം, അവരുടെ ഉപഭോക്താക്കളായ സാധാരണക്കാരന്റെ കൈയിൽ പണമില്ലാതെയായിരിക്കുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ജനകോടികളെ പിഴിഞ്ഞ് ഏപ്രിൽ മാസത്തിൽ സൃഷ്ടിച്ച റെക്കോർഡ് ജിഎസ്‌ടി പിരിവിവെന്ന പകൽക്കൊള്ളയെ വൻനേട്ടമായി അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാനസർക്കാരാകട്ടെ, സമസ്ത മേഖലകളിലും ചാർജ്ജുകൾ വർദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നു. ന്യൂനപക്ഷം വരുന്ന അതിസമ്പന്നർക്ക് ആർഭാടത്തിൽ മുങ്ങുന്നതിനായി ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന ഭരണകക്ഷികളും ജനങ്ങളുടെ പ്രതിഷേധത്തിന് സംഘടിതരൂപം നൽകാൻ ശ്രമിക്കാത്ത പ്രതിപക്ഷ പാർലമെന്ററി പ്രസ്ഥാനങ്ങളും ചേർന്ന് സംരക്ഷിക്കുന്ന മുതലാളിത്ത വ്യവസ്ഥിതി ജനങ്ങൾക്ക് നിത്യനരകമായി മാറിയിരിക്കുന്നു.


പെട്രോളിയം വിലവർദ്ധനവ് സൃഷ്ടിക്കുന്നത് ആഴമാർന്ന ജീവിതപ്രതിസന്ധി


ഇന്ധനവിലവർദ്ധനവ് ഇൻഡ്യൻ സാമ്പത്തികഘടനക്കുമേൽ ഏല്‍പ്പിക്കുന്ന കനത്ത ആഘാതങ്ങളിലൊന്ന് ആപൽക്കരമായ നിലയിലേക്ക് കുതിക്കുന്ന പണപ്പെരുപ്പമാണ്. ഇപ്പോൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ള ഗൗരവതരമായ നടപടികൾ സാഹചര്യം എത്രമേൽ വഷളാകുന്നുവെന്നതിന്റെ സൂചനയാണ്. ഈ പണപ്പെരുപ്പമാകട്ടെ, ഇന്ധനവിലവർദ്ധനവ് സൃഷ്ടിക്കുന്ന സർവ്വവ്യാപകമായ വിലക്കയറ്റത്തിന്റെ അനന്തരഫലമാണുതാനും. സാമ്പത്തിക-സാമൂഹ്യരംഗത്ത് ഇത്രമേൽ കനത്ത അരാജകത്വവും പ്രതിസന്ധിയും വിതക്കുന്ന ഒന്നായി പെട്രാളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് മാറിയിട്ടും അത് ഗണിക്കുന്നല്ലെന്നുമാത്രമല്ല, വീണ്ടും പാചകവാതകത്തിന്റെ വില കുത്തനെ ഉയർത്തുകയാണുണ്ടായത്. ബൂർഷ്വാ സാമ്പത്തിക യുക്തി നിർദ്ദേശിക്കുന്ന പരിഹാരക്രിയകൾ പോലും തള്ളിക്കളഞ്ഞുകൊണ്ടാണ് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് അന്തംവിട്ട വിലവർദ്ധനവ് അടിച്ചേൽപ്പിക്കുന്നത്. അതിഭീമമായ വിലക്കയറ്റം, ഇൻഡ്യൻ രൂപയുടെ മൂല്യം വൻതോതിൽ ഇടിക്കുമെന്ന മുന്നറിയിപ്പുകൾ യാഥാർത്ഥ്യമാകുന്നു എന്നതിന്റെ സൂചനയാണ് ഡോളറുമായുള്ള വിനിമയത്തിൽ, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ഇൻഡ്യൻ രൂപ മേയ് 10ന് നേരിട്ടത്. ശ്രീലങ്കൻ ഭരണാധികാരികളെപ്പോലെ തന്നെ ഒരു വിധ ആപത്സൂചനകൾക്കും ചെവി നൽകാതെ കോർപ്പറേറ്റുകളുടെ കുറിപ്പടി പ്രകാരമുള്ള നയനടപടികളുമായി മോദി സർക്കാർ മുന്നോട്ടു പോകുകയാണ്. ജനങ്ങൾ ഇതിനുനൽകേണ്ടി വരുന്ന വില എത്രമേൽ കനത്തതായിരിക്കുമെന്ന് സങ്കൽപ്പിക്കുകപോലും സാധ്യമല്ല.

ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഭീമമായ വിലയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുവേളയിൽ സർക്കാർ തന്നെ നിർത്തിവെച്ചിരുന്ന തുടർച്ചയായ പെട്രോളിയം വിലവർദ്ധനവ്, തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കയറൂരിവിട്ട അവസ്ഥയിലാണ്. യുക്രൈൻ യുദ്ധവും ലോകവിപണിയിലെ വിലയുമൊക്കെ കാരണമായി നിരത്തുമെങ്കിലും ഇന്ധനങ്ങളുടെ അന്യായവിലവർധനയ്ക്ക് ഇവയുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാരിന്റെ നടപടികൾതന്നെ തെളിയിച്ചിട്ടുണ്ട്. 2014-2015ൽ ലോകവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി താഴ്ന്നപ്പോഴും നികുതി ഉയർത്തിക്കൊണ്ട്, ഇൻഡ്യയിൽ പെട്രോളിന്റെ വില വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നത് ജനങ്ങൾ മറന്നിട്ടില്ല. ലോകവിപണിയിലെ വിലയിടിവിന്റെ വേള ഉപയോഗപ്പെടുത്തി അതിന്റെ ഒരു വിഹിതമെങ്കിലും ജനങ്ങൾക്ക് ആനുകൂല്യമോ ആശ്വാസമോ നൽകാൻ തയ്യാറാകാത്ത ക്രൂരത കാട്ടിയവർ ഇന്ന് നിരത്തുന്ന കാരണങ്ങൾ കണികപോലും വിശ്വാസയോഗ്യമല്ല. ലോകവിപണിയിലെ വിലയിടിവ് വഴി കേന്ദ്രസർക്കാർ അധികമായി മാത്രം നേടിയത് 8 ലക്ഷം കോടി രൂപയാണെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവന്നിരിക്കുന്നു.
ഒരു ലിറ്റർ പെട്രോളിന്റെ വിലയായ 100 രൂപയിൽ 55.61 രൂപയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള നികുതികൾ ആണെന്നുള്ളത്, ഒരു പിടിച്ചുപറിക്കാരന്റെ നിലയിലേക്ക് സർക്കാരുകൾ തരംതാഴ്ന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് ജനത്തിന്റെ കണ്ണിൽ പൊടിയിടാനായി പേരിന് അൽപ്പം നികുതി കേന്ദ്രം കുറച്ചിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം സർവ്വകാല റെക്കോർഡുകളും തകർത്ത് വിലകൾ കുതിക്കുകയാണ്. പാചകവാതക വില സിലിണ്ടറിന് 1000 രൂപ കടന്നിരിക്കുന്നു. കേരളസർക്കാരാകട്ടെ, ഒരു രൂപ പോലും നികുതി കുറയ്ക്കില്ല എന്ന ധാർഷ്ട്യപ്രഖ്യാപനവുമായി ജനങ്ങളെ വെല്ലുവിളിക്കുമ്പോൾ, രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന വില നൽകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.
ഇതിനിടയിലാണ്, സംസ്ഥാന സർക്കാരുകൾ ഇന്ധനനികുതി കുറച്ച് ജനങ്ങളുടെ ഭാരം കുറയ്ക്കണമെന്നും, ബിജെപി ഇതര സംസ്ഥാനങ്ങൾ ഇതിനു തയ്യാറാകുന്നില്ലെന്നുമുള്ള രാഷ്ട്രീയ പ്രസ്താവന, പ്രധാനമന്ത്രിയുടെ വകയായി പുറത്തുവന്നത്. ഒരു കൊടുംകുറ്റവാളി നടത്തുന്ന ധാർമ്മികപ്രസംഗമായി മാത്രമാണ് ജനങ്ങൾ ഇതിനെ നോക്കിക്കണ്ടത്. നേരോ നെറിവോ വിശ്വസനീയതയോ തരിമ്പുമില്ലാത്ത ഒരു വഷളൻ പ്രസ്താവന താൻ നടത്തിയാൽ അത് തൊണ്ടതൊടാതെ ജനങ്ങൾ വിഴുങ്ങുമെന്ന് കണക്കുകൂട്ടുന്ന പ്രധാനമന്ത്രി യഥാർത്ഥത്തിൽ ജനങ്ങളെ മന്ദബുദ്ധികളും അൽപ്പജ്ഞാനികളുമെന്ന് പരിഹസിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങൾക്കു മേൽ 100 ശതമാനത്തിനുമേൽ നികുതി ചുമത്തുന്ന രാജ്യത്തെ പ്രധാനമന്ത്രി, സ്വയം ചെയ്യേണ്ട കടമകൾ വിസ്മരിച്ചുകൊണ്ട്, വിഷയത്തിൽ രാഷ്ട്രീയം കലർത്തി തരംതാണ വർത്തമാനം പറയുകയാണ്.


സർവത്ര വിലക്കയറ്റം


പെട്രോളിയം ഉത്പന്നങ്ങളിൽ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല വിലക്കയറ്റം. നിത്യോപയോഗസാധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കുമെല്ലാം വില ഉയരുന്നതിനാൽ ആളോഹരി ഭക്ഷ്യധാന്യലഭ്യത ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അളവിലേക്ക് പതിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഉയർന്ന വില കാരണം ഭക്ഷ്യവസ്തുക്കൾ വാങ്ങാനാകാതെ പട്ടിണി കിടക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നാണ് സർക്കാരിന്റെ തന്നെ കണക്ക് വ്യക്തമാക്കുന്നത്.

നിർമ്മാണമേഖലയിലും വിലക്കയറ്റം എല്ലാ പരിധികളും ലംഘിക്കുന്നു. സിമന്റിനും സ്റ്റീലിനും മറ്റ് നിർമ്മാണ സാമഗ്രികൾക്കും റെക്കോർഡ് വിലയാണിപ്പോൾ. വൻകിട പദ്ധതികളൊഴികെയുള്ള നിർമ്മാണമേഖലയാകെ സ്തംഭിച്ചിരിക്കുന്നു. ഈ മേഖലയിൽ പണിയെടുക്കുന്ന ലക്ഷങ്ങൾക്ക് പണി നഷ്ടപ്പെട്ടു. സാധാരണക്കാരന് വീട് എന്ന സ്വപ്‌നം കൂടുതൽ അപ്രാപ്യമാകുന്നു. എന്നാൽ മറുവശത്ത് സർക്കാരുകൾ മുന്നോട്ട് വെക്കുന്ന വൻകിട പദ്ധതികൾക്ക് വാരിക്കോരി പണം ചെലവാക്കുന്നുമുണ്ട്. അടിസ്ഥാനസൗകര്യവികസത്തിനായുള്ള മുതൽമുടക്കിന്റെ പേരിൽ നിർമ്മാണവിഭവങ്ങൾ മാറ്റിവെക്കപ്പെടുമ്പോൾ, അതും വിലവർധനവിന് ഇടയാക്കുന്നു.
ജനത്തിന് ഇരുട്ടടി നൽകിയ മറ്റൊരു തീരുമാനമാണ് അവശ്യമരുന്നുകളുടെ വിലവർധനയ്ക്കുള്ള അനുമതി. വേദനസംഹാരികളും, ആന്റിബയോട്ടിക്കുകളും, പ്രമേഹമടക്കമുള്ള അസുഖങ്ങൾക്കുള്ള മരുന്നുകളും ഉൾപ്പടെ 850-ലധികം മരുന്നു സംയുക്തങ്ങളുടെ വില ഏപ്രിൽ തൊട്ട് ഉയർത്താനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. 2021-ലെ മൊത്തവില സൂചികയനുസരിച്ച് 10.8% വരെ വിലകൾ ഉയർത്താനാണ് അനുമതി. മരുന്നുനിർമ്മാതാക്കൾക്കു സന്തോഷം നൽകുന്ന ഈ കനത്ത വിലവർധന പക്ഷേ സാധാരണക്കാരന്റെ ജീവിതത്തെ തകർക്കുന്നതാണ്. കോവിഡ് മഹാമാരിക്കു ശേഷം, ജനങ്ങളൊന്നാകെ അനാരോഗ്യകരമായ ജീവിതാവസ്ഥയെ നേരിടുന്ന ഈ കാലഘട്ടത്തിലാണ് ഇങ്ങനെയൊരു നടപടി. ഉൽപ്പാദനത്തിനായുള്ള അസംസ്‌കൃതവസ്തുക്കളുടെ വിലയിലും ലഭ്യതയിലും പ്രശ്‌നങ്ങളുണ്ടെന്നതാണ് ഈ വിലവർദ്ധനയ്ക്കുള്ള കാരണമായി പറയുന്നത്. ഇവിടെ പ്രസക്തമായ ചോദ്യം, പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അത് പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നതിനു പകരം, വിലകൾ കൂട്ടി ആ ഭാരം അപ്പാടെ ജനങ്ങളുടെ തലയിൽ കെട്ടിവെയ്ക്കുക എന്ന എളുപ്പവഴിയാണോ ഒരു ജനാധിപത്യസർക്കാർ സ്വീകരിക്കേണ്ടത്? മരുന്നുത്പാദന മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്വന്തം നിലയിൽ യാതൊന്നും ചെയ്യാതെ, പൊതുമേഖലയിലുണ്ടായിരുന്ന മരുന്ന്-വാക്‌സിൻ നിർമ്മാണം അവസാനിപ്പിച്ച്, സ്വകാര്യ മരുന്നുത്പാദകർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം നൽകുന്നു. കുത്തകകൾക്കു വേണ്ടി മാത്രം ഭരിക്കുന്ന സർക്കാരുകളുടെ ഇത്തരം നയങ്ങൾ തന്നെയാണ് അനിയന്ത്രിതമായ വിലക്കയറ്റം സൃഷ്ടിക്കുന്നതും.
കോവിഡ് പ്രതിസന്ധി, അടച്ചുപൂട്ടൽ, അതിനു മുന്നേ തന്നെ, നോട്ടുനിരോധനം, ജിഎസ്‍ടി- ഇതൊക്കെ ചേർന്ന് രാജ്യത്തെ ചെറുകിട ഉത്പാദനരംഗത്തും, കാർഷികമേഖലയിലും, ചില്ലറവിൽപ്പനമേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിപണിയിലെ വർദ്ധിക്കുന്ന ആവശ്യത്തിനനുസരിച്ച് ചരക്കുകൾ വില നിയന്ത്രിച്ച് സാധാരണക്കാരന്റെ കൈകളിലെത്തിക്കാനുള്ള പൊതുവിതരണ സംവിധാനത്തെ ഇന്ത്യയിൽ ഇന്ന് ഇല്ലാതാക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. ആഗോളാടിസ്ഥാനത്തിൽ തന്നെ, കോവിഡ് മൂലം ദുർബലമായ ഉൽപ്പാദനപ്രക്രിയയെ, റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ അസ്ഥിരമാക്കുകയാണ്. ഇത് രാജ്യാന്തര കമ്പോളത്തിലെ ഉത്പന്നങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നു. പൊതുമേഖലയും പൊതുവിതരണവും ദുർബലപ്പെടുത്തുമ്പോൾ ഇങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി കൂടിയാണ് ഇല്ലാതാകുന്നത്. പക്ഷേ, ഇത് പലവട്ടം തെളിയിക്കപ്പെട്ടിട്ടും പൊതുമേഖലയെ ദുർബലമാക്കുകയും അന്തംവിട്ട സ്വകാര്യവൽക്കരണം നടപ്പാക്കുകയുമാണ് സർക്കാർ. ദുർബലമായ പൊതുമേഖലയും പൊതുവിതരണവും ജനങ്ങളെ പൂർണ്ണമായും കമ്പോളശക്തികൾക്കു വിട്ടുകൊടുക്കുകയാണ്. വിലക്കയറ്റത്തിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഇതാണ്.


സംസ്ഥാനത്തെ ചാർജ്ജ് വർദ്ധനവുകൾ


കേരളത്തിലെ സർക്കാരാകട്ടെ, കേന്ദ്രത്തിന്റെ അതേ നയങ്ങൾ നടപ്പാക്കി, മുതലാളി ത്തത്തിന്റെ വിശ്വസ്തസേവകരായി സ്വയം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് എന്ന പേരിൽ സ്വകാര്യ മൂലധനത്തിനായി ഇളവുകൾ നൽകുന്ന സംസ്ഥാന സർക്കാർ മറുവശത്ത് സർവമേഖലകളിലും സാധാരണക്കാരനുമേൽ ചാർജ്ജ് വർദ്ധനവുകൾ അടിച്ചേൽപ്പിക്കുന്നു. ബജറ്റിലൂടെ ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും വർദ്ധിപ്പിക്കുന്ന നടപടി, സാധാരണക്കാരന്, സ്വന്തമായൊരു വീടെന്ന സ്വപ്‌നം അപ്രാപ്യമാക്കുകയാണ്.
അതേസമയം, വൻകിടക്കാരുടെ കൈകളിൽ ഭൂമി എത്തിച്ചുകൊടുക്കുന്നതിന് സർക്കാർ തന്നെ മുൻകൈ എടുക്കുകയാണ്. മേയ് 1 മുതൽ നടപ്പായ ബസ് ചാർജ്ജ് വർധന പൊതുഗതാഗതത്തിന് തന്നെയാണ് ഭീഷണിയായി മാറുന്നത്. നികുതിയിളവുകൾ നൽകി പൊതുഗതാഗതത്തെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാർ, പകരം അതിന്റെ ഭാരം ജനത്തിനുമേൽ അടിച്ചേൽപ്പിക്കുന്നു. കെഎസ്ആർടിസി എന്ന കേരളത്തിലെ ഏറ്റവും ജനകീയമായ പൊതുമേഖല സ്ഥാപനത്തെ ഞെരിച്ചുകൊല്ലുന്ന സർക്കാരാണ്, സിൽവർലൈൻ എന്ന ഉട്ടോപ്യൻ പദ്ധതിക്കായി ശതകോടികൾ ബജറ്റിൽ തന്നെ മാറ്റിവെച്ചിരിക്കുന്നത്. വാഹനനികുതിയും അനുബന്ധ ചാർജ്ജുകളും വെള്ളക്കരം, കെട്ടിട നികുതി, വൈദ്യുതി ചാർജ്ജ് തുടങ്ങിയവയെല്ലാം രണ്ടും മൂന്നുംവരെ മടങ്ങ് വർദ്ധനവിന്റെ പാതയിലാണ്. പൊതുവിതരണത്തെ തകർക്കാനുള്ള കേന്ദ്രനയങ്ങളും പദ്ധതികളും ഏറ്റവും ഫലപ്രദമായി നടപ്പാക്കിക്കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ചില്ലറവിൽപ്പന മേഖലയെ തകർത്തു കൊണ്ടിരിക്കുന്ന ചരക്കു-സേവന നികുതി നടപ്പാക്കാനായി ഏറ്റവും ശക്തമായി വാദിച്ചവരിൽ മുൻ എൽഡിഎഫ് സർക്കാരും സിപിഐഎമ്മും ഉണ്ടായിരുന്നു എന്നു നാം മറക്കരുത്. വിലക്കയറ്റത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നതിൽ ഈ കുത്തക-സൗഹൃദ നികുതി സമ്പ്രദായത്തിന് വലിയ പങ്കുണ്ട്.
സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഇ-ഗവേർണൻസ് നടപ്പാക്കുന്നു എന്ന പേരിൽ എല്ലാത്തിനും ഫീസ് ഏർപ്പെടുത്തുന്നത്, ഈ സേവനങ്ങളുടെ സ്വകാര്യവൽക്കരണത്തിലേക്കുള്ള ആദ്യപടിയാണ്. സാധാരണക്കാരായ ജനങ്ങളുടെയും തൊഴിലാളികളുടെയും താത്പര്യമല്ല, മുതലാളിത്തത്തിന്റെ താത്പര്യമാണ് തങ്ങൾക്കു മുഖ്യം എന്ന് ഒളിഞ്ഞും തെളിഞ്ഞും എൽഡിഎഫ് സർക്കാർ വ്യക്തമാക്കുന്നു. നികുതിയുടെ പേരിൽ ജനങ്ങളെ പരമാവധി പിഴിഞ്ഞ് സമാഹരിക്കുന്ന പണം ജനങ്ങൾക്ക് ക്ഷേമം നൽകാനല്ല, വിവിധ ഏജൻസികളിൽ നിന്ന് വാങ്ങിക്കൂട്ടുന്ന കടത്തിന്റെ തിരിച്ചടവിനാണ് വിനിയോഗിക്കുന്നത്. യഥാർത്ഥത്തിൽ ഭീമമായ പൊതുകടത്തിന്റെ ഭാരമാണ് നികുതിയായി ജനങ്ങൾക്കുമേൽ തിരിച്ചെത്തുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പ് പദ്ധതിയായ സിൽവർലൈൻ എന്ന വിനാശപരിപാടിയുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ ജനങ്ങൾ മനസ്സിലാക്കേണ്ട വേദനാകരമായ വസ്തുത ഇതാണ്. ഇപ്പോഴുള്ള കടം തന്നെ നാം ഏവരുടെയും ജീവിതത്തെ ഇത്രയും ദുരിതമയമാക്കിയെങ്കിൽ, സിൽവർലൈനിന്റെ പേരിൽ എടുക്കുന്ന കടവും, മുടക്കുന്ന സഹസ്രകോടികളും, ഇതിലും എത്രയോ ഭീകരമായ ദുരിതമായിട്ടാകും നമ്മളിലേക്ക് തിരിച്ചെത്തുക!


സംഘടിതപ്രക്ഷോഭത്തിന്റെ അഭാവത്തെ ഭരണാധികാരികൾ മുതലെടുക്കുന്നു


ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങുമ്പോഴും എന്തുകൊണ്ടാണ് വിലക്കയറ്റം സർക്കാരുകൾക്ക് അടിയന്തരപ്രധാന്യമുള്ള വിഷയമല്ലാത്തത്? ദയാരഹിതമായ മുതലാളിത്തവ്യവസ്ഥയുടെ വിശ്വസ്തസേവകർ മാത്രമായ സർക്കാരുകൾ ധനികർക്ക് നികുതികളിൽ നിന്നും മോചനം നൽകുകയും സാധാരണ-ഇടത്തരം കുടുംബങ്ങളെ നികുതികളിലും ചാർജ്ജുകളിലും ഞെരിക്കുകയും ചെയ്യുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജിഎസ്ടി എന്ന ജനവിരുദ്ധ നികുതി സമ്പ്രദായം അടിച്ചേൽപ്പിച്ചതിനു ശേഷം സാധാരണക്കാരനു മേലുള്ള നികുതിഭാരം പലമടങ്ങ് വർധിച്ചു. വിലകൾ ഉയരുമ്പോൾ സർക്കാരിനു ലഭിക്കുന്ന നികുതിയും ഉയരുകയാണ്. ശ്വാസം മുട്ടിക്കുന്ന ഈ നികുതി അന്തിമഉപഭോക്താവാണ് നൽകേണ്ടുന്നത്. രാജ്യത്തെ സാധാരണ ജനകോടികളാണ് നൽകേണ്ടുന്നത്. വ്യവസായിക ഉൽപ്പദാകരോ, വൻകിട വിതരണ കൂറ്റൻമാരോ അല്ല. ജിഎസ്റ്റി വരുമാനം ഏപ്രിൽ മാസം ഒന്നരലക്ഷം കോടി രൂപ കവിഞ്ഞു എന്ന് അഭിമാനപൂർവ്വം സർക്കാർ പ്രഖ്യാപിക്കുമ്പോൾ സാധാരണക്കാരൻ അധ്വാനിച്ച് സൃഷ്ടിച്ച അവരുടെ പരിമിത വരുമാനത്തിൽ നിന്ന് ഒന്നരലക്ഷം കോടി കവർന്നു എന്നാണ് അർത്ഥം. 18 ശതമാനം ജിഎസ്‌ടിയുള്ള ഒരു ഉൽപ്പന്നത്തിന്റെ വില 100 രൂപയിൽ നിന്നും 200 രൂപയായി ഉയർന്നാൽ സർക്കാരിനു 18 രൂപയുടെ സ്ഥാനത്ത് 36 രൂപ ലഭിക്കും. ജിഎസ്‌ടി റെക്കോർഡ് പിരിവിലേക്ക് പോകുന്നതിന്റെ പിറകിലെ യഥാർത്ഥ കാരണമിതാണ്. ഈ വർധിച്ച വരുമാനം ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് ധിക്കാരപൂർവ്വം സർക്കാരുകൾ പരസ്യമായി പറയുന്നു.
അടിമുടി ജനദ്രോഹകരമായ ഈ സമീപനം പുലർത്തുന്നതിൽ സർക്കാരുകൾ തമ്മിൽ വ്യത്യാസമില്ല. കൊടിയുടെ നിറം പ്രശ്‌നമല്ല. കാരണം ഇവരെല്ലാം തന്നെ, ഒരേപോലെ മുതലാളിവർഗ്ഗത്തിന്റെ സേവകരാണ്. തങ്ങളുടെ ദുരിതത്തിനു കാരണം ഈ മുതലാളിത്തവ്യവസ്ഥിതിയാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകാതിരിക്കാനും, വിലക്കയറ്റത്തിനു കാരണമാകുന്ന നയങ്ങൾക്കെതിരെ തെരുവിലിറങ്ങാതിരിക്കാനും കൗശലപൂർവം ഭരണകൂടം പ്രവർത്തിക്കും. അത് ചിലപ്പോൾ കിറ്റ് പോലെ നിസ്സാര ആനുകൂല്യങ്ങൾ നൽകിയാവാം, സൗജന്യങ്ങൾ പ്രഖ്യാപിച്ചാകാം, അല്ലെങ്കിൽ കണ്ണിൽ പൊടിയിടുന്ന പദ്ധതികൾ പ്രഖ്യാപിച്ചാകാം. അതുമല്ലെങ്കിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി, ഐക്യം തകർക്കാനായി, ബോധപൂർവം മതത്തിന്റെയോ ഭാഷയുടേയോ രാഷ്ട്രീയത്തിന്റെയോ ഒക്കെ പേരിൽ സമൂഹത്തിൽ വിഭജനം സൃഷ്ടിച്ചുകൊണ്ട് സംഘർഷങ്ങളുണ്ടാക്കാം. ഇത്തരം വിഭജനങ്ങളിലൂടെയും പരസ്പരമുള്ള വെറുപ്പ് വളർത്തുന്നതിലൂടെയും, ജനങ്ങൾക്കിടയിലുള്ള ഐക്യം തകർത്ത്, ജനകീയ സമരങ്ങളെ തടയാമെന്നും, യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാമെന്നും ഭരണകൂടം കണക്കുകൂട്ടുന്നു. രാജ്യത്തെമ്പാടും, നമ്മുടെ സംസ്ഥാനത്തും നാമിത് കണ്ടുകൊണ്ടിരിക്കുകയാണ്.
ഇത്തരം ചതിക്കുഴികൾ തിരിച്ചറിഞ്ഞ്, വിഭജനങ്ങൾക്കെല്ലാം അതീതമായി, വിട്ടുവീഴ്ചയില്ലാത്ത, നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തിൽ അണിനിരക്കുന്നതിലൂടെ മാത്രമേ, ഈ ജനദ്രോഹനയങ്ങൾ തിരുത്തിക്കാനാകൂ. അപ്പോൾ മാത്രമേ ജനങ്ങളെ ഭയക്കുന്ന ഭരണാധികാരികൾ ഉണ്ടാകൂ. നിശ്ശബ്ദരായി വിലക്കയറ്റത്തിന്റെ ദുരിതം സഹിക്കുന്നതിനു പകരം അത്തരമൊരു പ്രക്ഷോഭത്തിനായി സ്വന്തം സമരസമിതികളിൽ സംഘടിക്കാനും ഒരൊറ്റ മനുഷ്യനെപ്പോലെ അണിനിരക്കാനും ഈ രാജ്യത്ത് അധ്വാനിച്ചു ജീവിക്കുന്ന ഓരോരുത്തരോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top