വൈദ്യുതി മേഖല കോർപറേറ്റുകളുടെ കാൽക്കീഴിലേക്ക്

download.jpg
Share

ആധൂനിക സമൂഹം ചലിക്കുന്നത് വൈദ്യുതിയെ ആശ്രയിച്ചാണല്ലോ. ഇന്ത്യയിൽ വൈദ്യുതി രംഗം സ്വകാര്യ നിക്ഷേപർക്ക് തുറന്നുകൊടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടോളമായിരിക്കുന്നു. കുടിവെള്ളവും വിദ്യാഭ്യാസവും റോഡുകളും ആശുപത്രികളുമടക്കം സര്‍വ്വ മേഖലകളും കോര്‍പ്പറേറ്റുകളുടെ കൈകളില്‍ എത്തിക്കഴിഞ്ഞു.


ഐതിഹാസികമായ കർഷക സമരവും ട്രേഡ് യൂണിയനുകളുടെയും ബഹുജനങ്ങളുടെയും ശക്തമായ ഇടപെടലുംമൂലം അധികാരികളുടെ നീക്കങ്ങള്‍ക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ കഴിഞ്ഞിരുന്നു. എന്നാൽ അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികള്‍ സ്വകാര്യവത്ക്കരണത്തിന്റെ പാത പിന്തുടരുന്നതുമൂലം സമരങ്ങൾക്ക് അവസരവാദ സ്വഭാവം കൈവന്നിരിക്കുന്നു. ഈ സാഹചര്യം മുതലാക്കിക്കൊണ്ട് സ്വകാര്യ കമ്പനികളും വ്യക്തികളും വൈദ്യുതി മേഖലയിലെ അവരുടെ നിക്ഷേപം വർദ്ധിപ്പിക്കാനും സമ്പൂർണ്ണ ആധിപത്യം നേടാനുമുള്ള ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്.
സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണം വിട്ടുകൊടുത്ത ഒറീസ്സയിലെ ദുരനുഭവം നമ്മുടെ മുൻപിൽ ഉണ്ടായിട്ടും സ്വകാര്യവത്ക്കരണത്തെക്കുറിച്ച് തന്നെയാണ് അധികാരികള്‍ ചിന്തിക്കുന്നത്.


സ്വാതന്ത്ര്യത്തിന് മുൻപും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നാളുകളിലും വൈദ്യുതി രംഗത്ത് നിക്ഷേപം നടത്താൻ സ്വകാര്യ വ്യക്തികൾക്കോ, കമ്പനികൾക്കോ താല്പര്യമുണ്ടായിരുന്നില്ല. വലിയ മുതൽ മുടക്ക് നടത്താനുള്ള ശേഷിയില്ലായ്മയും ഉടനടി ലാഭംകൊയ്യാനുള്ള സാധ്യതയില്ലായ്മയുമായിരുന്നു കാരണം. ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിൽ വേണം വൈദ്യുതി ഉല്പാദനം എന്ന സങ്കല്പമായിരുന്നു തുടക്കകാലത്ത് ഭരണാധികാരികൾക്കും ഉണ്ടായിരുന്നത്. അത് ജനനന്മ ലാക്കാക്കിയുള്ള നിലപാടായിരുന്നില്ല. മറിച്ച്, ഇന്ത്യയിലെ വളർന്നുവരുന്ന മുതലാളിമാരുടെ വികസനം ലക്ഷ്യമാക്കിയുള്ളതായിരുന്നു. അവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പൊതുമേഖലയിൽ ഡാമുകളും വൈദ്യുതി വിതരണ ശൃംഖലകളും കെട്ടിപ്പടുത്തു. ഇതോടെ, നിക്ഷേപം നടത്തിയാൽ കൊള്ളലാഭം കിട്ടുമെന്ന സ്ഥിതിയായി. ടാറ്റ, അദാനി, അംബാനി തുടങ്ങിയ വമ്പൻ കമ്പനികൾ രംഗത്തുവന്നു.
ഇന്നും വൈദ്യുതി കടന്നുവരാത്ത അനേകം ഭവനങ്ങള്‍ ഇൻഡ്യയിലുണ്ട്. വൈദ്യുതി നിയമം 2003 നിലവില്‍വന്ന് 17 വർഷങ്ങൾക്കുശേഷവും 3,70,048 മെഗാവാട്ട് വൈദ്യുതിയാണ് ഇൻഡ്യയിലെ ആകെ ഉല്പാദനം. ഇതിൽ 1,97,009 മെഗാവാട്ട്, അതായത് 53% കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വകയാണ്. 1,73,039 മെഗാവാട്ട് അഥവാ 47% സ്വകാര്യമേഖലയിലും ഉല്പാദിപ്പിക്കപ്പെടുന്നു. വൈദ്യുതി മേഖലയിൽ അനുദിനം സ്വകാര്യ നിക്ഷേപങ്ങൾ വർദ്ധിച്ച് വരുന്നു എന്നാണിത് കാണിക്കുന്നത്. അതേസമയം ഊർജ്ജ മേഖലയിൽ മുടക്കുന്ന കോടികൾ, ബാങ്ക് വായ്പകളാണ്. കോടി കണക്കിന് രൂപയാണ് ഈയിനത്തിൽ ബാങ്കുകളുടെ കിട്ടാക്കടം.


കേന്ദ്ര സർക്കാരിന്റെ ഊർജ്ജ നയം എന്ത്?


മുതലാളിത്ത ഉൽപാദന ക്രമം അനുദിനം രൂക്ഷമാകുന്ന കമ്പോള പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍, മുതലാളിത്ത സേവ ഏറ്റെടുത്തിരിക്കുന്ന കേന്ദ്രസർക്കാര്‍ ആവിഷ്കരിക്കുന്ന ഊർജ്ജ നയം മുതലാളിത്താനുകൂലവും ജനവിരുദ്ധവും ആയിരിക്കും എന്നതില്‍ സംശയമില്ല.
വൈദ്യുതി മേഖലയില്‍ സംസ്ഥാനങ്ങൾക്ക് താരതമ്യേന സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ടെന്ന് ഭരണഘടനയെ ഉദ്ധരിച്ചുകൊണ്ട് നിയമവിദഗ്ധരും പണ്ഡിതരും പറയുമെങ്കിലും യഥാർത്ഥത്തിൽ അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്താകെ നിക്ഷേപകർക്ക് പരവതാനി വിരിക്കുന്ന നിയമ നിർമാണങ്ങളും നടപടികളുമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
1910ലെയും 1948ലെയും വൈദ്യുതി നിയമങ്ങളെ റദ്ദുചെയ്തുകൊണ്ടാണ് വൈദ്യുതി നിയമം 2003 കടന്നുവന്നത്. ആഗോളീകരണ നടപടികളുടെ ചുവടുപിടിച്ച്, രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ലോകത്തെ ഒറ്റക്കമ്പോളമാക്കുന്ന മുതലാളിത്ത പദ്ധതിയുടെ ഭാഗമായാണ് ഈ നിയമം വന്നത്. വൈദ്യുതി മേഖല സ്വകാര്യ മൂലധനത്തിന് തുറന്നു കൊടുക്കുക, അവിടെ സർക്കാർ നിയന്ത്രണം അവസാനിപ്പിക്കുക എന്നതായിരുന്നു വൈദ്യുതി നിയമം 2003ന്റെ ലക്ഷ്യം.
വൈദ്യുതിയുടെ ഉൽപാദനം, പ്രസരണം, വിതരണം എന്നീ മൂന്ന് ഘട്ടങ്ങളും ഒരൊറ്റ കുടക്കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ മൂന്ന് മേഖലകളെയും വേർതിരിച്ച് മൂന്ന് കമ്പനികൾ ആക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. ഇതിനെതിരെ തൊഴിലാളികളുടെയും രാഷ്ട്രീയപാർട്ടികളുടെയും മറ്റും നിരവധി സമരങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. എന്നാല്‍, സമരം നയിച്ചവരുടെ അവസരവാദ നിലപാടുകൾ മൂലവും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍മൂലവും പല സംസ്ഥാനങ്ങളിലും വൈദ്യുതി ബോർഡുകൾ കമ്പനിയായി മാറി.


വൈദ്യുതി ബോര്‍ഡുകള്‍ കമ്പനികളായി മാറുന്നതോടെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളും സൗജന്യങ്ങളും നിർത്തലാക്കപ്പെടുന്നു. കമ്പനികള്‍ക്ക് ലാഭംകൊയ്യാന്‍ അവസരമൊരുക്കുക എന്നതുമാത്രമായി മാറുന്നു സര്‍ക്കാരിന്റെ പരിഗണന.വൈദ്യുതി ബോർഡുകൾ നഷ്ടത്തിൽ പ്രവർത്തിക്കുന്നു എന്നും അവയെ കരകയറ്റണം എന്നുമുള്ള ന്യായം നിരത്തിയാണ് വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്ന നടപടികള്‍ കൈക്കൊള്ളുന്നത്. ഇതിനായി തയ്യാർചെയ്ത ദീർഘകാല പദ്ധതിയുടെ അടിത്തറയായിരുന്നു വൈദ്യുതി നിയമം 2003. രാജ്യത്തെ നേരായി ചിന്തിക്കുന്നവർ ഈ കാര്യം തിരിച്ചറിയുന്നുണ്ടെങ്കിലും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് അധികാരികള്‍. സ്വകാര്യവൽക്കരണത്തെ ന്യായീകരിക്കുന്ന മാധ്യമങ്ങളും ചില രാഷ്ട്രീയപാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ഇരട്ടത്താപ്പും ഇത്തരം ആശയക്കുഴപ്പത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്നു.
തുടർന്നുള്ള വർഷങ്ങളിൽ വിനാശകരമായ ഈ പദ്ധതി നിശബ്ദമായി അരങ്ങേറുകയായിരുന്നു. എന്നാൽ 2010ന് ശേഷം സ്ഥിതി കൂടുതല്‍ വഷളായി. ഭീമമായ വൈദ്യുതി ചാർജ് വർദ്ധനവ്, നിയമനങ്ങളിലെ കുറവ് തുടങ്ങിയവമൂലം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നും എതിർപ്പുയര്‍ന്നു. ഉത്തർപ്രദേശ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് ശക്തിപ്പെട്ടു. അതോടൊപ്പം കർഷക സമരം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധം അധികാരികളെ തല്‍ക്കാലത്തേക്കെങ്കിലും പിന്തിരിയാന്‍ നിര്‍ബന്ധിതരാക്കി.
എന്നാല്‍ ഈ പ്രതിഷേധ ങ്ങൾക്ക് നടുവിലും പുതിയ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. വൈദ്യുതി നിയമ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ, ശക്തമായ ബഹുജനരോഷം ഭയന്ന് വീണ്ടും വിഷയം പഠിക്കുവാൻ എന്നപേരിൽ പാസ്സാക്കാതെ മാറ്റിവെച്ചു. എന്നാൽ ഈ സർക്കാരിന്റെ കാലാവധി തീരുന്നതിനു മുൻപ് എങ്ങിനെയും വൈദ്യുതി നിയമഭേദഗതി-2022 പാസാക്കി എടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ബിജെപി സർക്കാർ.


കേരള സർക്കാരിന്റെ വഞ്ചന


റീവാംബ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം(ആര്‍ഡിഎസ്എസ്) എന്ന കേന്ദ്ര പദ്ധതിയുടെ ആദ്യഘട്ടം അനുസരണയുള്ള കുട്ടിയെ പോലെ കേരള സർക്കാരും കെഎസ്ഇബി ലിമിറ്റഡും നടപ്പിലാക്കി. ഈ പദ്ധതിയുടെ ഭാഗമായാണ് പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ വരുന്നത്. ഉൽപ്പാദന മേഖലയിൽ കാര്യമായ വളർച്ച നേടിയെടുത്ത സ്വകാര്യ കമ്പനികൾക്ക് വിതരണ രംഗത്തേക്ക് കടന്നു വരാനുള്ള പാതയൊരുക്കലാണ് സ്മാർട്ട് മീറ്റർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്മാർട്ട് മീറ്ററിന് ഏകദേശം പതിനായിരം രൂപയോളം വില വരും. ഇത് സ്വകാര്യ കമ്പനികൾ സ്ഥാപിച്ച് നിയന്ത്രിക്കുന്ന തരത്തിലുള്ള കരാറുകൾ ആണ് ഉണ്ടാക്കാൻ പോകുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 100% മീറ്ററിംഗ് നടക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ നിലവിലെ മീറ്ററുകൾ ഉപയോഗിച്ച് കാര്യക്ഷമമായ രീതിയിൽ കെഎസ്ഇബി ലിമിറ്റഡിന് പ്രവർത്തിക്കാവുന്നതേയുള്ളൂ. മൊബൈൽ ഫോണ്‍ റീചാര്‍ജ്ജ് പോലെ മുൻകൂറായി പണമടച്ച് റീച്ചാർജ് ചെയ്താണ് സ്മാര്‍ട്ട് മീറ്ററുകള്‍ പ്രവർത്തിക്കുന്നത്. പണം എപ്പോൾ തീരുന്നുവോ ആ നിമിഷം സപ്ലൈ കട്ട് ആകും. നിലവിൽ രണ്ടുമാസം വൈദ്യുതി ഉപയോഗിച്ചതിനുശേഷമാണ് ബില്ല് വരുന്നത്. ഈ സേവനം ഇതോടുകൂടി അവസാനിക്കും. സർക്കാർ സബ്സിഡി, ക്രോസ് സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങളും അവസാനിക്കും. കെഎസ്ഇബിയുടെ റവന്യൂ വിഭാഗം പൂർണ്ണമായും സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ ആകും. ഇതെല്ലാം അറിഞ്ഞിട്ടും കേരളസർക്കാരും കെഎസ്ഇബി ലിമിറ്റഡും കേന്ദ്ര ഊർജ്ജ വകുപ്പും ത്രികക്ഷി കരാറിൽ ഒപ്പിട്ടതായി കെഎസ്ഇബി പുറത്തുവിട്ട രേഖകളിൽ കാണുന്നു.


സ്മാർട്ട് മീറ്ററിനെതിരെ ജനരോഷം ശക്തമാകുമെന്ന് കണ്ടപ്പോൾ, സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ(കെഎസ്ഇബി ജീവനക്കാര്‍തന്നെ) സ്ഥാപിക്കണം എന്ന വഞ്ചനാപരമായ ഡിമാൻഡ് ഉയർത്തിക്കൊണ്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം അരങ്ങേറുകയാണ്. എൽഡിഎഫിന്റെ കഴിഞ്ഞ പ്രകടനപത്രികയിലും സ്മാർട്ട് മീറ്റർ ഘട്ടം ഘട്ടമായി സ്ഥാപിക്കും എന്ന് പറഞ്ഞിട്ടുണ്ട്. എന്നുവെച്ചാൽ, കേന്ദ്രവും സംസ്ഥാനവും സ്മാർട്ട് മീറ്ററിന് അനുകൂലമാണ് എന്നർത്ഥം. വിതരണ മേഖലകൂടി സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതിയാൽ വൈദ്യുതി ചാർജ് കുത്തനെ ഉയരും. വീടുകൾ അടച്ചിട്ട് വിദേശത്ത് താമസിക്കുന്ന ചില ആളുകളും, കാര്യമായ ഉപഭോഗം ഇല്ലാത്ത ചില ഉപഭോക്താക്കളും, സ്മാർട്ട് മീറ്റർ വരുന്നത് തങ്ങൾക്ക് നല്ലതാണ്, കെഎസ്ഇബിക്ക് അനാവശ്യമായി മിനിമം ചാർജ് കൊടുക്കേണ്ടതില്ല എന്ന് കരുതുന്നുണ്ട്. എന്നാല്‍, കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് സ്മാർട്ട് മീറ്റർ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്. അതിനാല്‍ മുഴുവന്‍ ജനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.
വൈദ്യുതി രംഗം സമ്പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി ഉൾപ്പെടെയുള്ള വൈദ്യുതി മേഖലയിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുഴുവൻ ജനങ്ങളും ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷനുകളില്‍ അണിനിരന്ന് സമരസജ്ജരാകണമെന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.

Share this post

scroll to top