വിവരാവകാശ നിയമത്തിൽ വരുത്തിയ തികച്ചും ജനാധിപത്യ വിരുദ്ധമായ ഭേദഗതിയിൽ പ്രതിഷേധിക്കുക

Spread our news by sharing in social media

എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ജൂലൈ 24ന്
പുറപ്പെടുവിച്ച പ്രസ്താവന

ധ്രുതഗതിയിൽ വിവരാവകാശ നിയമം ഭേദഗതി ചെയ്തതിലൂടെ കേന്ദ്രബിജെപി സർക്കാർ, എവ്വിധമാണ് സ്വേഛാധിപത്യപരമായും നഗ്നമായും ജനാധിപത്യത്തെ തങ്ങൾ കശാപ്പുചെയ്യുന്നത് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ഇതിലൂടെ കേന്ദ്രസംസ്ഥാന വിവരാവകാശകമ്മീഷനുകൾ കേന്ദ്രസർക്കാരിന്റെ പാവയും വാലുമായി മാറ്റപ്പെട്ടിരിക്കുന്നു. രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധ ശബ്ദങ്ങളെ അവഗണിച്ചും പാർലമെന്റിൽ വേണ്ടയളവിലുള്ള സംവാദങ്ങൾ നടത്താതെയുമാണ് ജൂലൈ 22ന് ഈ ഭേദഗതികൾ പാസ്സാക്കിയത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള വിവരാവകാശ കമ്മീഷണർമാരെ നാമനിർദ്ദേശം ചെയ്യാനും അവരുടെ ശമ്പളവും മറ്റു സേവനവ്യവസ്ഥകളും കാലാവധിയും നിശ്ചയിക്കുവാനുള്ള പരമാധികാരം സർക്കാരിന് ലഭ്യമാക്കുന്നതായിരുന്നു ഈ ഭേദഗതികൾ. അങ്ങിനെ വിവരാവകാശനിയമം, വിവരാവകാശം ഉന്മൂലനം ചെയ്യുന്ന ഒന്നാക്കി ഫലത്തിൽ ചുരുക്കുകയും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ സർക്കാരിന്റെ ചെയ്തികളെക്കുറിച്ചും ദുഷ്‌ചെയ്തികളെക്കുറിച്ചും ചില വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും മനസ്സിലാക്കുവാനുണ്ടായിരുന്ന പരിമിതമായ സാദ്ധ്യതപോലും ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യം എന്ന് കൊട്ടിഘോഷിക്കുന്ന രാജ്യത്തെ ഭരണാധികാരികൾ ഇല്ലാതാക്കി.

ജനാധിപത്യാവകാശങ്ങളെ കടന്നാക്രമിക്കുന്ന ഈ ഭേദഗതിക്കെതിരെ ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഒപ്പം, നേരായി ചിന്തിക്കുന്ന ജനാധിപത്യ വിശ്വാസികളായ ജനങ്ങളോട്, നാമമാത്രമായ ജനാധിപത്യ അവശിഷ്ടങ്ങൾപോലും കശാപ്പുചെയ്യപ്പെടുന്ന അന്യായത്തിന് ഇരയാക്കപ്പെടുന്ന ജനങ്ങളോട്, ശക്തമായ പ്രതിഷേധവുമായി തെരുവിൽ അണിനിരക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ന്യായമായ ജനാധിപത്യ പ്രക്ഷോഭത്തിന്റെ കരുത്തു തിരിച്ചറിഞ്ഞ്, നീണ്ടുനിൽക്കുന്നതും നിരന്തരവും ശക്തവുമായ പ്രക്ഷോഭം രാജ്യവ്യാപകമായി പടുത്തുയർത്തുന്നതിലൂടെ മാത്രമേ കേന്ദ്രത്തിലെ സ്വേഛാധിപത്യ സർക്കാരിനെ നിലയ്ക്കുനിർത്താനും ഒന്നിനുപിന്നാലെ ഒന്നായി ജനവിരുദ്ധ നയങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽനിന്നും തടയാനുമാകൂ എന്നും ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.

Share this