ആർജി കർ: സാമൂഹ്യ ജീർണ്ണതയ്ക്കെതിരെ കരുത്തുറ്റ സാംസ്കാരിക പ്രതിപ്രവാഹം പടുത്തുയർത്തുക

RG-Kar.jpg
Share

സംഘടിതവും വിട്ടുവീഴ്ചയില്ലാത്തതുമായ, ഐക്യവും അച്ചടക്കവുമുള്ള ശക്തമായ ഒരു പ്രക്ഷോഭത്തിന് ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലും, രാജ്യമെമ്പാടും, എന്തിന് 26 രാജ്യങ്ങളിലെ 130 സ്ഥലങ്ങളിലും ഒരു മുദ്രാവാക്യം മുഴങ്ങി: ‘ഞങ്ങള്‍ക്ക്, ആര്‍ജി കറിന് നീതി വേണം’. ഒറ്റക്കെട്ടായി അണിനിരന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ നയിച്ച പ്രക്ഷോഭം, ഒരു മാസത്തിലേറെ അചഞ്ചലമായി തുടര്‍ന്നു. അഭൂതപൂര്‍വമായ പ്രതിഷേധ സമരത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഏതാനും ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍(വടക്കന്‍ കൊല്‍ക്കത്ത), ആരോഗ്യ വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍-മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍-എന്നിവരെ നീക്കം ചെയ്തു. മുഖ്യപ്രതിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെയും, ലോക്കല്‍ പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസറെയും സിബിഐ അറസ്റ്റുചെയ്തു. എന്നാല്‍ അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്, സിബിഐയുടെ ഭാഗത്തുനിന്നുള്ള കാലതാമസത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കാനാവില്ല. ചില ആവശ്യങ്ങള്‍ക്ക് വഴങ്ങിയെങ്കിലും, മുഴുവന്‍ പ്രതികളെയും ഇനിയും അറസ്റ്റചെയ്തിട്ടില്ല. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ അഴിമതി സിന്‍ഡിക്കേറ്റുകളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ നിയന്ത്രിക്കാനുമായിട്ടില്ല. അതിനായി പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.


ആര്‍ജി കര്‍ കേസിന്റെ നിലവിലെ അവസ്ഥ


ആവശ്യങ്ങളില്‍ പലതും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും ബാക്കിയുള്ളവ യഥാസമയം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന്, ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിനുമുമ്പില്‍ നടത്തിയ ‘സ്റ്റേ ഇന്‍’ സമരം പിന്‍വലിച്ച് അത്യാഹിത വിഭാഗങ്ങളില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. എന്നാല്‍ നീതി ലഭിക്കുന്നതുവരെ മറ്റ് മേഖലകളിലെ ജോലിബഹിഷ്‌ക്കരണം തുടരും. സ്വമേധയാ കേസ് പരിഗണിച്ച സുപ്രീംകോടതി, ഇതുവരെ രണ്ടുതവണ വാദം കേട്ടിരുന്നു. രണ്ടാമത്തെ ഹിയറിംഗില്‍, വാക്കുപാലിക്കാത്തതിനും, അനുബന്ധ വിഷയങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയാതിരുന്നതിനും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായിവിമര്‍ശിച്ചു. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുവേണ്ടി നിലയുറപ്പിക്കുകയും അവർ സമര്‍പ്പിച്ച പല രേഖകളും കോടതി അംഗീകരിക്കുകയും ചെയ്തു. കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആശുപത്രികളില്‍ ഭീഷണിപ്പെടുത്തി എല്ലാം നിയന്ത്രിക്കുന്ന സംഘങ്ങളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു, ഇതിന് കാലതാമസം നേരിടുന്നപക്ഷം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും, ആശുപത്രികളില്‍ ജനാധിപത്യ അന്തരീക്ഷം പുനഃസ്ഥാപിക്കലും ഉറപ്പുവരുത്താന്‍ കഴിയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാല്‍, ജൂനിയര്‍ ഡോക്ടര്‍മാരുടെ ഭാഗികമായ ജോലി ബഹിഷ്ക്കരണം തുടരുകയാണ്.


എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) തുടക്കം മുതല്‍ പ്രക്ഷോഭത്തിലായിരുന്നു


ദാരുണമായ കുറ്റകൃത്യം പുറത്തുവന്ന നിമിഷം, ആഗസ്ത് 9ന് രാവിലെതന്നെ, ആർജി കർ മെഡിക്കല്‍ കോളേജിലെ എഐഡിഎസ്ഒ യൂണിറ്റ്, മൃതദേഹം രഹസ്യമായി മാറ്റുന്നത് തടയുകയും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എഐഎംഎസ്എസ്, എഐഡിവൈഒ പ്രവർത്തകരും ഇതര കോളജുകളില്‍നിന്നുള്ള എഐഡിഎസ്ഒ പ്രവര്‍ത്തകരും ആർജി കർ കോളേജ് ഗേറ്റിനുമുന്നില്‍ പ്രതിഷേധം ആരംഭിച്ചു. ആഗസ്റ്റ് 10 സംസ്ഥാനവ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാന്‍ എസ്‍‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി ആഹ്വാനംചെയ്തു. ആഗസ്റ്റ് 14ന് ആശുപത്രിവളപ്പില്‍നടന്ന ഗുണ്ടാവിളയാട്ടത്തെത്തുടര്‍ന്ന്, ആഗസ്റ്റ് 15 വീണ്ടും പ്രധിഷേധ ദിനമായി ആചരിച്ചു, ആഗസ്റ്റ് 16ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. ബന്ദുകളോ പൊതുപണിമുടക്കുകളോ വെച്ചുപൊറുപ്പിക്കില്ലെന്ന് ടിഎംസി മുഖ്യമന്ത്രി പണ്ടേ പ്രഖ്യാപി ച്ചിരുന്നെങ്കിലും ഒരു ദിവസം മുമ്പുമാത്രം ആഹ്വാനം ചെയ്ത പണിമുടക്ക് സമ്പൂര്‍ണ വിജയമായിരുന്നു. ഈ വേദനാജനകമായ സംഭവത്തില്‍ സാധാരണജനങ്ങളുടെ രോഷവും പ്രതിഷേധവും വ്യക്തമാക്കുന്നതായിരുന്നു പണിമുടക്ക് വിജയം. ഒപ്പം, നമ്മുടെ പാര്‍ട്ടിയില്‍ ജനങ്ങൾ എങ്ങനെയാണ് വിശ്വാസം അര്‍പ്പിച്ചതെന്നും ഇത് കാണിക്കുന്നു.
2001ല്‍, സിപിഐ(എം) അധികാരത്തിലിരുന്നപ്പോള്‍, ആര്‍ജി കര്‍ കോളേജ് വളപ്പിനുള്ളില്‍ സെക്സ് റാക്കറ്റ് നടത്തുന്നതുള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനെ ത്തുടര്‍ന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം നടന്നിരുന്നു. ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എസ്എഫ്‌ഐ നേതാക്കളായിരുന്നു ആരോപണ വിധേയര്‍. എഐഡിഎസ്ഒയുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രക്ഷോഭമാണ് അന്ന് നടന്നത്. എഐഡിഎസ്ഒ സഖാക്കള്‍ക്ക് അതിന്റെ പേരില്‍ നിരവധി ആക്രമണങ്ങൾ നേരിടേണ്ടിവന്നിരുന്നു.
സിപിഐ(എം) ഭരണകാലത്ത് നിരവധി ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. പ്രാദേശിക സിപിഐ(എം) ഓഫീസിന് സമീപം മൂന്ന് വനിതാ മെഡിക്കല്‍ ഓഫീസര്‍മാരെ സിപിഐ(എം) പ്രവര്‍ത്തകര്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത 1990ലെ ബന്തല(കൊല്‍ക്കത്തയോട് ചേര്‍ന്നുള്ള ഒരു പ്രാന്തപ്രദേശം) കേസ് ഇതില്‍പ്പെടുന്നു. ആക്രമണത്തില്‍ ഒരു ഡോക്ടറും അവരുടെ ഡ്രൈവറും കൊല്ലപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ജ്യോതിബസുവാകട്ടെ, ‘ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് വിഷയത്തെ നിസ്സാരവല്‍ക്കരിച്ചു.
2011 ഫെബ്രുവരി 18ന് രാത്രിയിലെ നിശബ്ദത ഭഞ്ജിച്ചത് മദ്യപിച്ചെത്തിയ ചില യുവാക്കളുടെ ആക്രമണത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ നിലവിളിയാണ്. സഹോദരനോടൊപ്പം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. എതിര്‍ത്ത സഹോദരനെ കൊന്നുകളഞ്ഞു. പെൺകുട്ടി സമീപത്തുള്ള ഒരു മുതിര്‍ന്ന പോലീസ് ഓഫീസറുടെ ക്വാര്‍ട്ടേഴ്‌സിന്റെ ഗേറ്റില്‍ മുട്ടി, തന്റെ സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഒരു പോലീസുകാരനും അവരെ രക്ഷിക്കാന്‍ വന്നില്ല. സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സിപിഐ(എം) ഗുണ്ടകളും പോലീസും കൂട്ടബലാത്സംഗത്തിന്റെ ഹീനമായ വഴിയാണ് സ്വീകരിച്ചത്. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമ്മുടെ പാര്‍ട്ടി ശക്തമായ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് മുന്‍നിരയില്‍ ഉണ്ടായിരുന്നു.
രാജ്യത്ത് ബലാത്സംഗങ്ങളും കൂട്ടബലാത്സംഗങ്ങളും പെരുകിക്കൊണ്ടേയിരിക്കുന്നതിന്റെ വാര്‍ത്തകള്‍ നിത്യേന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നാവോ, ഹത്രാസ്, വാരണാസി തുടങ്ങിയ ക്രൂരമായ ബലാത്സംഗ-കൊലപാതകങ്ങൾ നടന്ന, ബിജെപി നയിക്കുന്ന, യുപി ബലാത്സംഗ കേസുകളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള മധ്യപ്രദേശില്‍ 2023ല്‍ 2,583 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനില്‍ 2023ല്‍ 5,399 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം ക്രൂരതയ്ക്കെതിരെ ജനകീയ മുന്നേറ്റം കെട്ടിപ്പടുക്കാന്‍ എല്ലായിടത്തും നമ്മുടെ പാര്‍ട്ടി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ബിജെപി, കോണ്‍ഗ്രസ്, ടിഎംസി തുടങ്ങിയ ഭരണകക്ഷികളായ ബൂര്‍ഷ്വാ പാര്‍ട്ടികളോ, സിപിഐ (എം) പോലുള്ള കപട മാര്‍ക്സിസ്റ്റുകളോ, അവര്‍ ഭരിക്കു സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം ഹീനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ വാചാലരാകുന്നു. ഉദാഹരണത്തിന്, ആര്‍ജി കര്‍ സംഭവം ചൂണ്ടിക്കാട്ടി ബിജെപിയും സിപിഐ (എം)ഉം ടിഎംസി മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ യുപിയില്‍ ബിജെപി പ്രതിഷേധിക്കുമോ? കേരളത്തില്‍ സിപിഐ(എം) അതിന് തയ്യാറാകുമോ? ഇല്ല. കാരണം, സങ്കുചിതമായ വിഭാഗീയ തിരഞ്ഞെടുപ്പ് താല്‍പര്യം മനസ്സില്‍ വെച്ചുകൊണ്ട് ഒരു കപട പ്രക്ഷോഭം നടത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. 1983ല്‍ പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രസ്ഥാനം ഉയര്‍ന്നുവന്നത് ശ്രദ്ധേയമാണ്. അന്നത്തെ സിപിഐ(എം) സര്‍ക്കാര്‍ ആ ന്യായമായ പ്രസ്ഥാനത്തെ പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും പരാജയപ്പെട്ടു. വിജയിച്ച ആ പ്രസ്ഥാനത്തിലെ പ്രധാനരാഷ്ട്രീയശക്തി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആയിരുന്നു.


യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കുട്ടികളെയും സാംസ്കാരിക തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുക


ബിജെപിയുടെ അമൃതകാലത്തില്‍ പ്രതിദിനം 86 ബലാത്സംഗമോ കൂട്ടബലാത്സംഗമോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പലമടങ്ങ് വര്‍ദ്ധിച്ചു. എന്തുകൊണ്ട്? ഏതെങ്കിലും ആൺകുഞ്ഞ് ബലാത്സംഗിയായി ജനിക്കുന്നുണ്ടോ? ഈ ജീര്‍ണിച്ച സമൂഹം അവനെ അങ്ങനെയാക്കിത്തീര്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഒരുവന്‍ മാനുഷിക ഗുണങ്ങളും മൂല്യങ്ങളും നേടുന്നത് സമൂഹത്തില്‍നിന്നാണ് എന്നതിനാല്‍, ഇതിനെക്കുറിച്ച് ബോധവാനല്ലെങ്കില്‍, ജീര്‍ണത അയാളെ വിഴുങ്ങും. മറുവശത്ത്, സാമൂഹ്യാവശ്യകതയില്‍ നിന്നോ സാമൂഹ്യപരിവര്‍ത്തനത്തിനായോ ഉയര്‍ന്നുവരുന്ന ഉന്നത ഗുണങ്ങളും, നൈതികതയും, ധാര്‍മ്മികതയും, മൂല്യങ്ങളും സ്വായത്തമാക്കിക്കൊണ്ട്, ഒരു വ്യക്തിക്ക് തന്റെ ജീവിതം അര്‍ത്ഥവത്താക്കാന്‍ കഴിയും.
എസ്‌യുസിഐ(സി)യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ഈ യുഗത്തിലെ സമുന്നത മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്‌ദാസ് ഘോഷ് 1974ല്‍ത്തന്നെ ഇപ്രകാരം ചൂണ്ടിക്കാണിച്ചു, ‘‘പട്ടിണികിടക്കുന്ന, ഏറ്റവും മാരകമായ അടിച്ചമര്‍ത്തലും ചൂഷണവും അനുഭവിക്കുന്ന, അര്‍ദ്ധ നഗ്നരും അര്‍ദ്ധ പട്ടിണിക്കാരുമായിക്കഴിയുന്ന ഒരു ജനതയ്ക്കുപോലും, ധാര്‍മ്മികമായ കരുത്ത് നിലനിര്‍ത്താനായാല്‍, ശരിയായ ഒരു പ്രത്യയശാസ്ത്രത്താല്‍ സായുധരാകാനായാല്‍, നട്ടെല്ലുനിവര്‍ത്തി ചങ്കൂറ്റത്തോടെ നിലയുറപ്പിക്കാനും സ്വയം സംഘടിച്ചുകൊണ്ട് സര്‍വ്വശക്തിയും സമാഹരിച്ച് പൊരുതാനും കഴിയും… ഇന്ത്യയിലെ ഭരണവര്‍ഗമാകട്ടെ നാടിന്റെ ധാര്‍മ്മിക നട്ടെല്ല് സമ്പൂര്‍ണ്ണമായും തകര്‍ക്കാനുള്ള ഹീനപദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. അവര്‍ അങ്ങേയറ്റം കുടിലബുദ്ധികളാണ്. കൊടിയ മര്‍ദ്ദനംകൊണ്ടോ, പട്ടിണിക്കിട്ടോ ഒരു നാടിനെ, ഒരു ജനതയെ ദീര്‍ഘകാലം പോലീസിന്റെയോ പട്ടാളത്തിന്റെയോ ബൂട്ടിനടിയില്‍ അമര്‍ത്താനാവില്ലെന്ന് അവര്‍ക്കറിയാം. ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗം, അധികാരം കൈയാളുന്ന ആ ഗൂഢസംഘം ചരിത്രത്തിന്റെ പാഠങ്ങള്‍ നേരാംവണ്ണം പഠിച്ചിട്ടില്ല. ചൂഷകരെന്ന നിലയില്‍ ഒരു നാടിന്റെ സദാചാര-ധാര്‍മ്മികശക്തി ചോര്‍ത്തിക്കളഞ്ഞ് അതിനെ നശിപ്പിക്കാം എന്നുമാത്രമേ ആ പൈശാചിക ശക്തികള്‍ക്ക് അറിയാവൂ. അതാണ് അവര്‍ക്കാവശ്യവും. അങ്ങനെയായാല്‍, പട്ടിണികിടന്ന് തളര്‍ന്ന ജനത, എത്ര അടിച്ചമര്‍ത്തിയാലും പട്ടിയെപ്പോലെ കുരക്കുമെന്നല്ലാതെ, ആവലാതികള്‍ പറഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ, പരമാവധിപോയാല്‍ ഇടക്കൊന്ന് പൊട്ടിത്തെറിക്കുമെന്നല്ലാതെ, സംഘടിതമായ വിപ്ലവപ്രസ്ഥാനത്തിന് ജന്മംനല്‍കാന്‍, വിപ്ലവം സംഘടിപ്പിക്കാന്‍ അവര്‍ക്കാവില്ല എന്നാണ് അവര്‍ കരുതുന്നത്.’’ (SW Vol. III)


സ്വാതന്ത്ര്യ സമരകാലത്ത് രവീന്ദ്രനാഥ് ടാഗോര്‍, ശരത്ചന്ദ്ര ചാറ്റര്‍ജി, പ്രേംചന്ദ്, ക്വാസി നസ്രുള്‍ ഇസ്ലാം, സുബ്രഹ്‌മണ്യ ഭാരതി, ജ്യോതിറാവു ഫൂലെ, ഗോപബന്ധു ദാസ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്, സൂര്യ സെന്‍, ലാലാ ലജ്പത് തുടങ്ങിയ മഹാന്മാര്‍, വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും ഉയര്‍ന്ന നൈതികതയും ധാര്‍മ്മികതയും പകര്‍ന്നുനല്‍കിക്കൊണ്ട്, ഉയര്‍ന്ന സംസ്‌കാരം കൈവരിക്കാന്‍ അവരെ പ്രചോദിപ്പിച്ചു. എന്നാല്‍ ഇന്ന് ഭരിക്കുന്ന കുത്തകകളും അവരുടെ ആജ്ഞാനുവര്‍ത്തികളായ ബൂര്‍ഷ്വാപാര്‍ട്ടികളും ഈ മഹാന്മാരെ വിസ്മൃതിയുടെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. പകരം, യുവാക്കളെ അലസരാക്കിക്കൊണ്ട്, അവരിലെ മൃഗീയവാസനകളെ ഉണര്‍ത്തി, മദ്യപാനികളും ചൂതാട്ടക്കാരും മയക്കുമരുന്നിനും ലൈംഗികവൈകൃതങ്ങള്‍ക്കും അടിമകളാക്കാനും പ്രേരിപ്പിച്ചുകൊണ്ട് അവരെ ഉള്ളില്‍നിന്ന് തളര്‍ത്തുകയാണ്. മാനുഷിക സത്തയില്ലാത്ത, മനസ്സാക്ഷിയില്ലാത്ത ഈ യുവാക്കളെ പണം കൊടുത്ത് വശീകരിച്ച് കൊല്ലിനും കൊലയ്ക്കും ഉപയോഗിക്കുന്നു. പോലീസാകട്ടെ ഒരു ചെറിയ എതിര്‍പ്പുപോലും ഉയര്‍ത്തുന്നില്ല. അധഃപതിച്ചുപോയ ഈ യുവജനദളം, അഴിമതി നിറഞ്ഞതും ജീര്‍ണാവസ്ഥയിലായതുമായ മുതലാളിത്തത്തിന്റെ സൃഷ്ടിയും അതോടൊപ്പം അതിന്റെ സംരക്ഷകരുമാണ്. മുതലാളിത്തം നിലനില്‍ക്കുവോളം ഈ ബലാത്സംഗക്കാരും, കിരാതന്മാരും, കൊലയാളികളും നിലനില്‍ക്കും. എന്നാല്‍, അവരുടെ ഈ ക്രിമിനല്‍ പ്രവൃത്തികളില്‍ നാം നിശബ്ദരായിരുന്നുകൂടാ.


വ്യക്തിപരമായ അഭിപ്രായങ്ങളോ രാഷ്ട്രീയ ബന്ധങ്ങളോ പരിഗണിക്കാതെ എല്ലാ വ്യക്തികളോടുമുള്ള അഭ്യര്‍ത്ഥന


ഭരണകൂടം തുപ്പുന്ന ഈ വിഷത്തില്‍നിന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കുട്ടികളെയും രക്ഷിക്കാന്‍ ഒരു പ്രത്യയശാസ്ത്ര, സാംസ്‌കാരിക പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു, ഉന്നതമായ സംസ്കാരത്തിലും ഉയര്‍ന്ന സദാചാര നീതിബോധത്തിലും അധിഷ്ഠിതമായ സാംസ്കാരിക പ്രതിപ്രവാഹം. സ്പോര്‍ട്സ്, സംഗീതം, നാടകം, മഹത്‌വ്യക്തിത്വങ്ങളുടെ ജീവിതത്തെയും പോരാട്ടത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവയെ ആധാരമാക്കി കുട്ടികളെയും, കൗമാരപ്രായക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രാദേശിക പരിപാടികള്‍ സംഘടിപ്പിക്കണം. ഇത് അവരെ സ്വാധീനിക്കും. ധാര്‍മിക നട്ടെല്ല് തകര്‍ത്ത് അധഃപതിച്ച ജീവിതത്തിലേക്ക് നയിക്കാനുള്ള മുതലാളിത്തത്തിന്റെ ഗൂഢാലോചനയ്ക്കെതിരെ പോരാടാനുള്ള ധൈര്യവും ദൃഢനിശ്ചയവും അവരില്‍ ഉണ്ടാക്കും.
അതോടൊപ്പം, സത്യസന്ധരും, ധീരരുമായ സ്ത്രീ-പുരുഷന്മാരെ ജനകീയസമര വേദിയില്‍ അണിനിരത്തിക്കൊണ്ട്, അനീതിക്കെതിരെ, സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാനുള്ള ഏതൊരു ശ്രമത്തിനുമെതിരെ പ്രതിഷേധിക്കാനും, ചെറുത്തു നില്‍പ്പ് നടത്താനും മുന്നിട്ടിറങ്ങുന്ന സന്നദ്ധ സേനയെ വളര്‍ത്തിയെടുക്കുകയും വേണം. ആര്‍ജി കര്‍ പ്രതിഷേധ സമരംപോലുള്ള പ്രക്ഷോഭങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ന്നുവരും. നീറുന്ന വിവിധ ജീവിത പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ജനകീയ മുന്നേറ്റങ്ങള്‍ വളര്‍ത്തിയെടുക്കണം. സമൂഹത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള സുനിശ്ചിതമായ മാര്‍ഗ്ഗം ഇതാണ്.

Share this post

scroll to top