ആർജി കർ സംഭവത്തെത്തുടർന്ന് ബംഗാളില്‍ മാത്രമല്ല, ഇന്ത്യമുഴുവൻ പ്രതിഷേധത്തിന്റെ നിലയ്ക്കാത്ത അലകൾ ഉയർന്നിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവുകൾക്കോ, മമത ബാനർജിയുടെ ഭീഷണികൾക്കോ പ്രക്ഷോഭകരെ പിന്തിരിപ്പിക്കാനാകുന്നില്ല. സ്കൂൾ-കോളജ് വിദ്യാർത്ഥികൾ, ഇതര പ്രൊഫഷണൽ കോളജുകളിലെ വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, കലാ-സാംസ്കാരിക പ്രവർത്തകർ, വയോജനങ്ങൾ, വീൽ ചെയറിൽപ്പോലും ആളുകൾ തുടങ്ങി പതിനായിരങ്ങളാണ് പൊട്ടിത്തെറിച്ച് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. നിത്യേനയെന്നവിധം അവർ തെരുവിൽ അണിചേരുന്നു, വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സമരപരിപാടികൾ ആവിഷ്ക്കരിക്കുന്നു, വീടുകൾപോലും സമരകേന്ദ്രങ്ങളാകുന്നു. സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി, ആർജി കർ സംഭവത്തിനുത്തരവാദികളായവർ, അവർ എത്ര ഉന്നതരായാലും നിയമത്തിനുമുന്നിൽകൊണ്ടുവരികയും കർശനശിക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതിനോടൊപ്പം ബംഗാളിലെ ആരോഗ്യരംഗത്തും സാമൂഹ്യരംഗത്തും പിടിമുറുക്കിയിരിക്കുന്ന ഗൂണ്ടാ മാഫിയ ഭരണത്തെ തൂത്തെറിയാനുള്ള പ്രക്ഷോഭം കൂടെയാണിത്.
ആർജി കർ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ, തൊഴിൽരംഗത്തനുഭവിക്കുന്ന ചൂഷണം എന്നതിനൊക്കെയുമപ്പുറത്ത്, ക്രിമിനൽ മാഫിയ സംഘത്തിന്റെ വേരുകൾ എത്രകണ്ട് ആഴത്തിലാണ് സമൂഹത്തിൽ പിടിമുറുക്കിയിരിക്കുന്നത് എന്നതാണ് വെളിവാക്കുന്നത്. ഭരണാധികാരികളും രാഷ്ട്രീയനേതാക്കന്മാരും നീതിന്യായവും ക്രമസമാധാനവും പാലിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നവരും ധാർമ്മികത അങ്ങേയറ്റം കാത്തുപുലർത്തേണ്ട മെഡിക്കൽ രംഗത്തെ ഉന്നതരുമൊക്കെ ഉൾപ്പെടെ സമൂഹത്തിന്റെ സുസ്ഥിതി നിലനിർത്തേണ്ട വ്യക്തികൾ അവരുടെ സാമൂഹ്യപദവിക്കും ഉത്തരവാദിത്തത്തിനും നിരക്കാത്തവിധം ഈ ക്രിമിനൽ മാഫിയ സംഘങ്ങളുടെ ഭാഗമാകുകയോ അതിന് നേതൃത്വം വഹിക്കുകയോ ചെയ്യുന്നുവെന്ന യാഥാർത്ഥ്യം ജനങ്ങളുടെ ഉറക്കം കെടുത്താൻ പോന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കൽ കോളജിന്റെ മുൻ പ്രിൻസിപ്പാൾ ഡോ.സന്ദീപ് ഘോഷ് അറസ്റ്റിലാണ്. ആരോഗ്യ, ചികിത്സാരംഗത്തെ ചൂഴ്‌ന്നുനിൽക്കുന്ന അഴിമതിയുടെയും അധാർമ്മിക പ്രവർത്തനങ്ങളുടെയും വികൃതമുഖം പണ്ഡോറയുടെ പെട്ടിയിൽനിന്നെന്നതുപോലെ പുറത്തേയ്ക്ക് വമിക്കുകയാണ്.
ആർജി കർ മെഡിക്കൽ കോളജിന്റെ നാലാംനിലയിൽ, ഇരുപത്തിനാലുമണിക്കൂറും രോഗികളും കൂട്ടിരിപ്പുകാരും കയറിയിറങ്ങുന്ന സ്ഥലത്ത്, ജൂണിയർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റുജീവനക്കാരുടെയും സ്ഥിരസാന്നിദ്ധ്യമുള്ള ഒരു സ്ഥലത്തുവച്ചാണ്, 36 മണിക്കൂർ തുടർച്ചയായി ഡ്യൂട്ടിയെടുത്ത ഒരു വനിതാഡോക്ടർ, ആഗസ്റ്റ് 8-ാം തീയതി രാത്രി രണ്ടുമണിയോടെ ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ പോയ സെമിനാർ ഹാളിൽവച്ച് മൃഗീയമായ ബലാത്ക്കാരത്തിനും ക്രൂരമായ പീഡനത്തിനും ഇരയായി കൊല്ലപ്പെട്ടിരിക്കുന്നത്. പിറ്റേന്നുരാവിലെ പെൺകുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹമാണ് ഹാളിൽ കാണപ്പെട്ടത്. ഇത്രത്തോളം തിരക്കുള്ള ഒരു സ്ഥലത്ത്, അർദ്ധരാത്രിയിൽ ഒരു പെൺകുട്ടി കൊലചെയ്യപ്പെട്ടിട്ട് ഒരുനിലവിളി ശബ്ദംപോലും പുറത്തു കേൾക്കാതെ പോയത് എന്തുകൊണ്ടായിരിക്കും?
ദുരൂഹതകൾക്കുമേൽ ദുരൂഹതയാണ് സംഭവത്തിലുടനീളം. ഡ്യൂട്ടിക്കിടയിൽ ഒരു ഡോക്ടർ ആശുപത്രിക്കുള്ളിൽ കൊലചെയ്യപ്പെട്ടതിന്റെ ഞടുക്കത്തിലുള്ള പ്രതികരണങ്ങളൊന്നും തുടക്കംമുതൽ ആശുപത്രി അധികാരികളുടെ ഭാഗത്തുനിന്ന് കണ്ടില്ല. അർദ്ധരാത്രിയിൽ ഡോ.മൗമിത ദേവനാഥ് എന്തിന് സെമിനാർ ഹാളിൽപോയി എന്നാണ് ഡോ.സന്ദീപ് ഘോഷ് സംഭവത്തോട് ആദ്യം പ്രതികരിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എത്ര ഹീനമായ ആക്രമണത്തിനാണ് ഡോ.മൗമിത ദേവനാഥ് ഇരയാക്കപ്പെട്ടത് എന്ന് പോസ്റ്റ്മോർട്ടെം റിപ്പോർട്ടും ഇൻക്വസ്റ്റും തെളിയിക്കുന്നു. ഡോ.മൗമിതയുടെ ശരീരത്തിൽ 18 മുറിവുകളുണ്ടായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വെളിവാക്കുന്നു. കണങ്കാൽ പൊട്ടിയിരുന്നു, തൈറോയിഡ് തരുണാസ്ഥിക്കും, താടിക്കും തൈറോയിഡ് തരുണാസ്ഥിക്കുമിടയിലുള്ള എല്ലിനും പൊട്ടലുണ്ടായിരുന്നു, കണ്ണിൽ ആഴത്തിലുള്ള മുറിവ്. സ്വകാര്യഭാഗങ്ങളിലെ മുറിവുകളും രക്തപ്രവാഹവും സംഘം ചേർന്നുള്ള ബലാത്ക്കാരം തെളിയിക്കുന്നു. ഇങ്ങനെപോകുന്നു ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടെം റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് ഒന്നിലേറെ ആളുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. ഇത്ര ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടിട്ടും ഒരു ശബ്ദംപോലും ഉയർത്താൻ മൗമിതയ്ക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്?
വീട്ടുകാരെ വിളിച്ച് മൗമിതയ്ക്ക് സുഖമില്ലെന്നും എത്രയുംവേഗം ആശുപത്രിയിലെത്തണമെന്നും അസിസ്റ്റന്റ് സൂപ്രണ്ട് ആദ്യം അറിയിച്ചു. ഗുരുതരാവസ്ഥയിലാണെന്നും എമർജൻസി ഡിപ്പാർട്ട്മെന്റിലേയ്ക്ക് മാറ്റിയെന്നും പുറകെ അറിയിച്ചു. പിന്നീട് വീട്ടുകാരെ വിളിക്കുന്നത് പോലീസ് ആണ്. മൗമിതയുടെ നില ഗുരുതരമാണെന്നാണ് പോലീസ് അറിയിച്ചത്. മൗമിത ആത്മഹത്യ ചെയ്തു എന്ന് വീണ്ടും അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ചറിയിച്ചു. മൗമിതയുടെ മൃതദേഹം കാണാൻ അനുവദിക്കാതെ മണിക്കൂറുകളോളം മാതാപിതാക്കളെ തടഞ്ഞുവച്ചതായും റിപ്പോർട്ടുകൾവന്നു.
മാത്രവുമല്ല, പോസ്റ്റ്മോർട്ടെം നടത്തി, മൃതദേഹം സംസ്കരിക്കാൻ പോലീസ് അസ്വാഭാവികമായ തിടുക്കം കാട്ടി. എന്നാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന ജൂണിയർ ഡോക്ടർമാരും നഴ്സുമാരും ഉയർത്തിയ സമ്മർദ്ദത്തെത്തുടർന്ന് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ, വീഡിയോ റിക്കോർഡിംഗ് നടത്തി പോസ്റ്റ്മോർട്ടെം നടത്തേണ്ടിവന്നു. പോസ്റ്റ്മോർട്ടെം നടത്തിയതിനുശേഷം വമ്പിച്ച പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയും പോലീസിന്റെ മുൻകൈയിലും മാതാപിതാക്കളുടെ പ്രതിേഷധം വകവയ്ക്കാതെതന്നെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം സംസ്കരിക്കാനുള്ള അനുമതിപത്രത്തിൽ ഒപ്പുവച്ചിരിക്കുന്നത് തൃണമൂൽ കോൺഗ്രസിന്റെ നേതാവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സംഭവങ്ങൾ നടക്കുന്നതിനിടയിൽത്തന്നെ മൗമിത കൊല്ലപ്പെട്ട സെമിനാർ ഹാളും അതിനോടുചേർന്ന് സ്ഥിതിചെയ്തിരുന്ന മുറിയും പുനർനിർമ്മാണത്തിന്റെ പേരിൽ പൊളിച്ചുകളഞ്ഞു. തുടർന്നുണ്ടായ വളരെ ദുരൂഹമായ മറ്റൊരു സംഭവം, സായുധരായ നൂറുകണക്കിന് ഗുണ്ടകൾ, ഭരണകക്ഷിയുടെ പിൻബലത്തിൽ, ആശുപത്രിയിലേയ്ക്ക് ഇരച്ചുകയറി കാഷ്വാലിറ്റിയും അഞ്ചാംനിലയും അടിച്ചുതകർത്തു എന്നതാണ്. ആശുപത്രിക്ക് സാരമായ കേടുപാടുകൾ വരുത്തി. തെളിവുനശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആശുപത്രിക്കുമുന്നിലെ സമരപന്തൽ അടിച്ചുതകർക്കുകയും പന്തലിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പുറത്തുവരുന്നത് അഴിമതിയുടെ ഞെട്ടിക്കുന്ന വാർത്തകൾ
സംഭവത്തെത്തുടർന്ന് പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള കോളജ് അധികാരികളുടെയും സർക്കാർ വൃത്തങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയുമൊക്കെ നടപടികളും ഇടപെടലുകളും വളരെ അസ്വാഭാവികമായിരുന്നു, എന്തൊക്കെയോ നിഗൂഢതകൾ ഒളിപ്പിക്കാനുള്ള പരിശ്രമവും തിടുക്കവും ഉടനീളം പ്രകടമായിരുന്നു. മൗമിതയുടേത് ഒരു യാദൃശ്ചിക സംഭവമല്ല എന്നത് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയ്ക്കനുസരിച്ചാണിത് നടന്നിരിക്കുന്നത്. കരുതിക്കൂട്ടി കൊലപ്പെടുത്തുവാനുംമാത്രം ആർക്കാണ് മൗമിതയോട് വൈരാഗ്യം, വൈരാഗ്യമുണ്ടെങ്കിൽ അതിന്റെ കാരണമെന്താണ് ഈവകകാര്യങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. സത്യസന്ധമായി അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടു വരികയെന്നത് അനിവാര്യമാണ്. സത്യം അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർക്കശമായ നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്.
കേസിൽ അറസ്റ്റിലായിരിക്കുന്ന, ആശുപത്രി വികസനസമിതിയുടെ ജീവനക്കാരനും സിവിൽ പോലീസ് പ്രതിനിധിയുമായ സഞ്ജയ് റോയി, ഡോ.സന്ദീപ് ഘോഷിന്റെയും പോലീസിന്റെയും അടുപ്പക്കാരനാണ്. ആശുപത്രിക്കുള്ളിൽ അനധികൃതവും അധാർമ്മികവുമായ പല പ്രവൃത്തികൾക്കും ചുക്കാൻ പിടിക്കുന്നയാളാണത്രേ പ്രതി. ഡോ.സന്ദീപ് ഘോഷും തെളിവ് നശിപ്പിച്ചതിന്റെ പേരിൽ സ്ഥലം പോലീസ് ഇൻസ്പെക്ടറും സിബിഐ കസ്റ്റഡിയിലാണ്. സംഭവം പുറത്തുവന്നയുടൻ ഡോ.സന്ദീപ് ഘോഷ് രാജി പ്രഖ്യാപിച്ചു, രാജി സ്വീകരിക്കാതെതന്നെ അദ്ദേഹത്തെ മറ്റൊരു തസ്തികയിൽ സർക്കാർ നിയോഗിച്ചു. സ്ഥാപനമേധാവി എന്ന നിലയിൽ സംഭവത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ ഉത്തരവാദിത്തത്തോടെ ഇടപെടേണ്ടതിനുപകരം രംഗത്തുനിന്നേ മാറിനിൽക്കാൻ അദ്ദേഹം ഒരുമ്പെട്ടത് എന്തുകൊണ്ടായിരിക്കും?
പ്രിന്‍സിപ്പാളായിരുന്ന ഡോ.സന്ദീപ് ഘോഷിന്റെ ആശീര്‍വാദത്തോടെ മെഡിക്കല്‍ കോളജില്‍ നടന്നുകൊണ്ടിരുന്നതായി ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലുളവാക്കുന്നതാണ്. വിദ്യാർത്ഥികൾ കോഴ്സ് പൂർത്തിയാക്കുകയോ പരീക്ഷ പാസ്സാകുകയോ ചെയ്യണമെങ്കിൽ വൻതുക പാരിതോഷികം നൽകണം, പരീക്ഷ എഴുതാതെയും ജയിക്കാം, ഹാജര്‍ ആവശ്യത്തിന് ഇല്ലാതെയും ജയിക്കാം, ഉപാധിയൊന്നേയുള്ളൂ പണമിറക്കണം. കൂട്ടകോപ്പിയടി സ്ഥിരം പ്രതിഭാസമാണ്. ഇതിനിടയിൽ നന്നായി പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്യുന്ന വിദ്യാർത്ഥികൾ ജയിച്ചുപോകണമെന്നില്ല, അവർ നന്നായി ക്ലേശിക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക് നിർവ്വാഹമില്ലാതെ പലപ്പോഴും ഈ ഗതികേടുകൾക്ക് വഴങ്ങേണ്ടിവരുന്നു. പിജി വിദ്യാർത്ഥികളുടെ തീസിസുകൾ പാസ്സാക്കിക്കിട്ടണമെങ്കിലും വൻതുക, അതും ലക്ഷങ്ങൾ ചിലവഴിക്കേണ്ടിവരുന്നു. ഇതിന്റെയൊക്കെ പേരിൽ വിദ്യാർത്ഥികളുടെമേൽ ലൈംഗികാതിക്രമങ്ങൾ നടക്കുന്നു. ക്യാമ്പസ്സിനുള്ളിൽ മദ്യവും മയക്കുമരുന്നും സുലഭം. മെഡിക്കൽ വിദ്യാർത്ഥികളുടെമേൽ നടക്കുന്ന അതിക്രമങ്ങളാണിവ. അതോടൊപ്പം ടെണ്ടർ വിളിക്കാതെ കോടിക്കണക്കിന് രൂപയുടെ പർച്ചേസിംഗ് നടത്തുക, മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, കൈക്കൂലിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്ഫറുകൾ, പുതിയ നിയമനങ്ങൾ, എന്തിന് സ്ഥാനക്കയറ്റ ങ്ങൾപോലും വൻതുക ഈടാക്കിക്കൊണ്ട് നടത്തുക തുടങ്ങിയവയ്ക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്നത് ഡോ.സന്ദീപ് ഘോഷും സംഘവുമായിരുന്നു. കാലഹരണപ്പെട്ട മരുന്നുകൾ തീയതി തിരുത്തി വിതരണം നടത്തുക, ജൈവമാലിന്യങ്ങൾ ദുരുപയോഗം ചെയ്യുക, ആശുപത്രിക്കുള്ളിൽ ഡോ.സന്ദീപ് ഘോഷിന്റെ ആശീർവാദത്തിൽ സെക്സ് റാക്കറ്റുപോലും പ്രവർത്തിക്കുന്നുവെന്നും മൃതദേഹങ്ങൾപോലും കരുവാക്കപ്പെടുന്നുവെന്നും വാർത്തകൾ വരുന്നു. സിബിഐയുടെ പ്രാഥമിക റിപ്പോർട്ട് ഈ വാർത്തകൾ പലതും ശരിവയ്ക്കുന്നു.
നോർത്ത് ബംഗാൾ ലോബി എന്ന പേരിൽത്തന്നെ ഇതര മെഡിക്കൽ കോളജുകളിലെ പല ഡോക്ടര്‍മാരും ആരോഗ്യവകുപ്പിലെ ഉയർന്ന ജീവനക്കാരും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ നേതാക്കന്മാരുമടങ്ങുന്ന സംഘം ആർജി കർ മെഡിക്കൽ കോളജുൾപ്പെടെ നിരവധി െമഡിക്കൽ കോളജുകളിലും ആരോഗ്യരംഗത്തെയപ്പാടെയും അഴിതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരിക്കുകയാണ്. ഡോ.മൗമിത രണ്ടുതവണ സമർപ്പിച്ച തീസിസും കോളജ് അധികാരികൾ ആർക്കോ കൈമാറിയതായി വാർത്തകൾ വരുന്നു. ആശുപത്രിക്കുള്ളിലെ അനാശാസ്യ പ്രവണതകൾക്കെതിരെ അവർ പ്രതിഷേധ ശബ്ദമുയർത്തിയിരുന്നതായും കേൾക്കുന്നു. ക്രിമിനിൽ സംഘത്തിന്റെ ദൃഷ്ടി മൗമിതയ്ക്കുമേൽ പതിഞ്ഞത് ഇക്കാരണങ്ങളാലായിരിക്കുമോ?
അണപൊട്ടിയൊഴുകിയ പ്രതിഷേധം
ആർജി കർ മെഡിക്കൽ കോളജിൽ പലകാര്യങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾപോലും ഏർപ്പെടുത്തിയിട്ടാല്ലത്തതിൽ പ്രതിഷേധിച്ചും അഴിമതിക്കെതിരെയും ജൂണിയർ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും സർവീസ് ഡോക്ടേഴ്സ് ഫോറവുമൊക്കെ കാലങ്ങളായി പ്രക്ഷോഭത്തിലാണ്. ആർജി കർ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘടന ആശുപത്രിക്കുള്ളിൽ നടമാടുന്ന പ്രവൃത്തികൾ നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രയോജനമൊന്നും ഉണ്ടായിട്ടില്ലന്നുമാത്രമല്ല, നടപടികൾ സ്വീകരിക്കാൻ സാധിക്കാത്തവിധം ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണത്രേ.
36മണിക്കൂർ തുടർച്ചയായി ഒരാൾ ഡ്യൂട്ടിയെടുക്കേണ്ടിവരിക, വനിതാ ഡോക്ടർമാർക്കുപോലും വിശ്രമിക്കാൻ ഓൺകാൾ റൂമില്ലാതിരിക്കുക ഒരു സർക്കാർ മെഡിക്കൽ കോളജിന്റെ സ്ഥിതിയാണ്! മൗമിത സംഭവംകൂടെയായപ്പോൾ വിദ്യാർത്ഥികളും ഡോക്ടർമാരും നഴ്സുമാരും പൊട്ടിത്തെറിച്ച് തെരുവിലിറങ്ങുകയാണുണ്ടായത്. ആർജി കർ സംഭവം ജനങ്ങൾക്ക് ക്ഷമിക്കാവുന്നതിനും സഹിക്കാവുന്നതിനും മേലെയായിരുന്നു. പിന്തുണച്ചുകൊണ്ട് ബഹുജനങ്ങളും രക്ഷാകർത്താക്കളും രംഗത്തെത്തി. സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി സംഭവത്തിലെ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരിക, കുറ്റവാളികളായ മുഴുവൻ ആളുകളെയും അവർ എത്ര ഉന്നതരാണെങ്കിലും മാതൃകാപരമായി ശിക്ഷിക്കുക, ആരോഗ്യരംഗത്ത് നടമാടുന്ന അഴിമതിയെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുക, തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന കൽക്കത്ത പോലീസ് കമ്മീഷണർക്കെതിരെ നടപടി സ്വീകരിക്കുക, സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്റ്റേറ്റ് ഹെൽത്ത് സെക്രട്ടറി, ഡയറക്ടർ ഓഫ് ഹെൽത്ത് എജ്യൂക്കേഷൻ, ഡയറക്ടർ ഓഫ് ഹെൽത്ത് സർവ്വീസ് എന്നിവർ രാജി വയ്ക്കുക, ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് അതിശക്തമായ പ്രക്ഷോഭം ബംഗാളിലുടനീളം നടന്നുവരികയാണ്. ന്യായമായതും ഉറപ്പാക്കപ്പെടേണ്ടതുമായ ആവശ്യങ്ങളാണിത്.
സംഭവത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തം സംസ്ഥാനസർക്കാരിനാണ്. അതിൽനിന്നൊഴിഞ്ഞുമാറാൻ മുഖ്യമന്ത്രി മമത ബാനർജിക്കാകില്ല. മുഖ്യമന്ത്രി മമത ബാനർജി സമരം ചെയ്യുന്ന ഡോക്ടർമാരോട് ഭീഷണിയുടെ ഭാഷയിലാണ് സംസാരിച്ചത്. എന്നാൽ സമരക്കാർ അത് വകവച്ചില്ല. മറിച്ച് മമത ബാനർജിയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ബഹുജനങ്ങൾ ഉൾപ്പെടെ ഏവരും പ്രതികരിച്ചത്. ബംഗാളിൽ ഒന്നിനുപിന്നാലെ ഒന്നായി ബലാത്സംഗങ്ങളും കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രക്ഷോഭം ഒരു പ്രത്യാശയാണ്. സാമൂഹ്യവിപത്തുകൾക്കും സാംസ്കാരിക തകർച്ചയ്ക്കുമെതിരെ ഉയർന്നുവരുന്ന ശുഭസൂചന. സംഘടിക്കുകയും പൊരുതുകയും ചെയ്തുകൊണ്ടല്ലാതെ ഒരുവിഭാഗം ജനങ്ങൾക്കും ഇന്ന് ജീവിതത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്നത് നിത്യേനയുണ്ടാകുന്ന സംഭവവികാസങ്ങൾ തെളിയിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പിന്റെ മാർഗ്ഗംതന്നെ ഈ പോരാട്ടമാണ്. ബംഗാളിലെ ആരോഗ്യരംഗത്തെ അനാരോഗ്യ പ്രവണതകൾക്കെതിരെ ഉയർന്നിരിക്കുന്ന പ്രക്ഷോഭം ഡിമാന്റുകൾ നേടുന്നതുവരെ അണയാതെ, കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ആർജി കർ സംഭവം അവസാനത്തേതാകണം. എങ്കിലേ ഡോ.മൗമിതയുടെ ജീവത്യാഗത്തിന് വിലയുണ്ടാകൂ, മൗമിതയ്ക്ക് നീതി ഉറപ്പാക്കപ്പെടൂ.