ഇൻഡോറിൽ സൂറത്ത് ആവർത്തിക്കാതെ തടഞ്ഞത് എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

assam_suci_protest-1200x3108-1.webp
Share

പൊതുതിരഞ്ഞെടുപ്പ് പ്രക്രിയ എത്രമാത്രം അധഃപതിക്കാം എന്നതിന്റെ നേർക്കാഴ്ചയാണ് സൂറത്തിൽ കണ്ടത്. എതിർസ്ഥാനാർത്ഥികളെയാകെ മത്സരക്കളത്തിൽനിന്ന് കള്ളക്കളികളിലൂടെ ഒഴിവാക്കി ബിജെപി സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു അവിടെ. അതേ നീചമായ രാഷ്ട്രീയ കുതന്ത്രം ഇൻഡോറിൽ നടത്തിയെടുക്കാൻ തുനിഞ്ഞിറങ്ങിയ ബിജെപി, പക്ഷേ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് സംസ്കാരം പേറുന്ന പ്രസ്ഥാനത്തിന്റെ ധീരമായ ചെറുത്തുനിൽപ്പിന്റെ മുന്നിൽ പരാജയപ്പെടുകയാണുണ്ടായത്.


സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംബാനിയുടെയും ഡമ്മി സ്ഥാനാർത്ഥിയുടെയും നാമനിർദ്ദേശപത്രികകൾ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തള്ളിയതിന് പിന്നാലെ മറ്റുള്ള എല്ലാ സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയും ബിജെപിയുടെ കരുനീക്കങ്ങൾക്കൊത്ത് നീങ്ങുകയായിരുന്നുവെന്നും തെറ്റായ നാമനിർദ്ദേശപത്രികകൾ തയ്യാറാക്കുന്നതിൽ വരെ ബിജെപിയുടെ ഇടപെടലുകൾ ഉണ്ടെന്നും ആരോപിക്കപ്പെടുന്നു. വൻതുകകളുടെ കോഴയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ‘ഓപ്പറേഷൻ ബ്ലാക്ക് ലോട്ടസ് ’ എന്നാണ് ഈ അറവുരാഷ്ട്രീയം അറിയപ്പെട്ടത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദീർഘകാല പാരമ്പര്യമുള്ള ഒരു ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ കഴിവുകേടിന്റെ ഉത്തമനിദർശനമാണ് സൂറത്തിൽ അരങ്ങേറിയത്. ഭരണകക്ഷിയുടെ താല്പര്യത്തിനൊത്ത് തുള്ളുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കമ്മീഷനും ഈ സംഭവത്തിലൂടെ സ്വയം വെളിപ്പെടുന്നു.
സൂറത്തിലെ അനുഭവസമ്പത്തുമായി കൃത്യമായ ആസൂത്രണത്തോടെയാണ് ബിജെപി-സംഘപരിവാർ സംഘം ഇൻഡോറിൽ അവതരിച്ചത്. ചരിത്രപ്രസിദ്ധമായ നിരവധി തൊഴിലാളി സമരങ്ങളുടെയും ഇടതു പക്ഷരാഷ്ട്രീയത്തിന്റെയും ചരിത്രം ഇൻഡോറിന് പറയാനുണ്ട്. കോൺഗ്രസ്സ് തുടർച്ചയായി കൈയടക്കി വെച്ചിരുന്ന ഇൻഡോർ സീറ്റ് 1989 മുതൽ ബിജെപിയുടെ കൈയിലായി. തുടർന്ന് 8 തവണ വിജയിച്ചത് ലോക്‌സഭാ സ്പീക്കറായിരുന്ന സുമിത്രാ മഹാജനായിരുന്നു. 2019ൽ ശങ്കർ ലാൽവാനി ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും ഇദ്ദേഹമായിരുന്നു ഇൻഡോറിലെ സ്ഥാനാർത്ഥി.


ഹിന്ദി മേഖലയിലെ ഒരു പ്രധാന സംസ്ഥാനമായ മധ്യപ്രദേശിൽ നിരവധി ജനകീയ പ്രക്ഷോഭങ്ങൾ വളർത്തിയെടുത്തുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംഘടനാപരമായി വളരുകയാണ്. തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ വീറുറ്റ സമരം വളർത്തിയെടുത്തും ഡൽഹിയിൽ നടന്ന കർഷകപ്രക്ഷോഭത്തിന്റെ ഭാഗമാകാൻ മധ്യപ്രദേശില്‍നിന്ന് നൂറുകണക്കിന് കർഷകരെ സംഘടിപ്പിച്ചും നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയും ‘പശു ബെൽറ്റ്‌’ എന്നറിയപ്പെടുന്ന ഹിന്ദി മേഖലയിലും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്വാധീനമുറപ്പിക്കാനാവും എന്ന് തെളിയിക്കുകയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). മധ്യപ്രദേശിൽ ഇത്തവണ ഗ്വാളിയോർ, ഗുണ, സാഗർ, ജബല്‍പുര്‍, ഭോപ്പാൽ, ഇൻഡോർ എന്നിങ്ങനെ ആറു പാർലമെന്റ് സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്.
ഇൻഡോറിൽ നമ്മുടെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ പാർട്ടിയുടെ വിദ്യാർഥിസംഘടനയായ എഐഡിഎസ്ഒയുടെ സംസ്ഥാന പ്രസിഡണ്ടായ സഖാവ് അജിത് സിംഗ് പൻവാറിനെയാണ് നിയോഗിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം വളരെ നേരത്തെതന്നെ ആരംഭിച്ചിരുന്നു. വിദ്യാർത്ഥി-യുവജന പ്രക്ഷോഭണങ്ങളിലൂടെ പരിചിതനായ സഖാവിന് നല്ല സ്വീകാര്യതയാണ് ജനങ്ങളിൽനിന്ന് ലഭിച്ചത്.
സൂറത്ത് മാതൃകയിൽ സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാനുള്ള ശ്രമം ബിജെപി പ്രകടമായി ആരംഭിച്ചത് സ്‌ക്രൂട്ടിനി ദിവസത്തിനു ശേഷമായിരുന്നു. അതായത് എല്ലാ അർത്ഥത്തിലും നാമനിർദ്ദേശപത്രികകൾ സ്വീകരിക്കപ്പെട്ടതിനുശേഷം, യോഗ്യത നേടിയ സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഏപ്രിൽ 29ന് മുമ്പുതന്നെ അജിത് പൻവാറിന്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കുവാൻ കൊണ്ടുപിടിച്ച ശ്രമം ബിജെപി ആരംഭിച്ചിരുന്നു. ഏപ്രിൽ 27ന് മഹർസിംഗ് എന്ന പേരുള്ള ഒരു അഡ്വക്കേറ്റ് സമീപിച്ച് ഒരു മുൻ ബിജെപി എംഎൽഎയ്ക്ക് സ്ഥാനാർത്ഥിയെ കാണാൻ താല്പര്യമുണ്ടെന്നും വളരെ പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്നും അറിയിച്ചു. സഖാവ് അത് നിരസിച്ചു. പിന്നീട് ഒരു പോലീസ് ഓഫീസർ സഖാവിനെ ബന്ധപ്പെട്ട്, ഇൻഡോർ സിറ്റിയുടെ വികസനത്തെപ്പറ്റി നേരിൽ സംസാരിക്കാൻ ബിജെപിയുടെ ചില ഉന്നത നേതാക്കൾക്ക് താല്പര്യമുണ്ടെന്ന് അറിയിച്ചു. കാര്യങ്ങൾ ഇത്രത്തോളം ആയപ്പോൾ സൂറത്ത് മോഡലിൽ എന്തോ സംഭവിക്കുവാൻ പോവുകയാണെന്ന് പാർട്ടിയുടെ മധ്യപ്രദേശ് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായി. പിന്നീട് തുരുതുരെ ഫോൺകോളുകൾ വന്നുകൊണ്ടിരുന്നു. അതിനൊന്നും പ്രതികരിക്കാതിരുന്നപ്പോൾ ഒരു ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ, എസ്‌യുസിഐ സ്ഥാനാർത്ഥിയെ നാമനിർദ്ദേശ പത്രികയിൽ പിന്തുണച്ചവരുടെ വീടുകളിലെത്തി സമ്മർദ്ദം ചെലുത്തി. ആദ്യം പ്രലോഭനങ്ങൾ ചൊരിയുകയും വഴങ്ങാതിരുന്നപ്പോൾ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ചു തുടച്ചുനീക്കും എന്ന് ഭീഷണി ഉയർത്തുകയും ചെയ്തു. ഏപ്രിൽ 29ന് കളക്ടറേറ്റ് വരെ ചെല്ലുക മാത്രം മതി, മറ്റുകാര്യങ്ങളെല്ലാം അവരുടെ ആളുകൾ ചെയ്തോളും എന്നാണവർ പറഞ്ഞത്. പക്ഷേ പാർട്ടിയെ പിന്തുണച്ച ഒരാളെ പോലും പിന്തിരിപ്പിക്കുവാൻ സർവ്വ അധികാരങ്ങളും പണവും പേശി ബലവുമുള്ള ബിജെപിക്കായില്ല.


ഏപ്രിൽ 29ന് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം അടുത്തപ്പോൾ കോൺഗ്രസിന്റെ ഇൻഡോറിലെ സ്ഥാനാർത്ഥിയായ അക്ഷയ കാന്തി ബാം പത്രിക പിൻവലിക്കുകയും മധ്യപ്രദേശിലെ ബിജെപി പ്രസിഡന്റ് വിജയ് വർഗ്ഗീയയുടെ കാറിൽ കയറി രക്ഷപ്പെടുകയും ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ബാമിനെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കുവാൻ സമ്മർദ്ദം ചെലുത്താനായി അദ്ദേഹത്തിന്റെ പേരിൽ 17 വർഷം മുൻപുള്ള ഒരു കേസിൽ വധശ്രമക്കുറ്റവും കൂടെ ചേർക്കുകയുണ്ടായി. പിന്നീട്, സംഘടിത പ്രസ്ഥാനമെന്ന നിലയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയും ബിഎസ്‌പി യുമായിരുന്നു അവശേഷിച്ചത്. ബിഎസ്‌പിയാകട്ടെ, മധ്യപ്രദേശിൽ ബിജെപിയുടെ ക്യാമ്പിൽ തന്നെയെന്ന് ഗണിക്കാവുന്ന വിധത്തിലായിരുന്നു. ബിഎസ്‌പിയുടെ സ്ഥാനാർത്ഥി അടക്കമുള്ള 13 സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ പിൻവലിക്കാനുള്ള അവസാന മണിക്കൂറുകളിൽ കളക്ടറേറ്റിൽ സന്നിഹിതരായിരുന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കുകയെന്ന ഉദ്ദേശമില്ലായിരുന്നെങ്കിൽ അവരാരും ആ സമയത്ത് അവിടെ എത്തേണ്ടതില്ലായിരുന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കുവാൻ അവസാന നിമിഷം വരെയും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ബിജെപിയുടെ തന്ത്രങ്ങൾ മാറി. മറ്റെല്ലാ സ്ഥാനാർത്ഥികളും പിൻവാങ്ങുകയും മത്സരം ബിജെപിയും എസ്‌യുസിഐയും തമ്മിൽ ആവുകയും ചെയ്താൽ ഇൻഡോറിലെ തിരഞ്ഞെടുപ്പ് മത്സരം ഇന്ത്യയുടെയാകെ ശ്രദ്ധാകേന്ദ്രമാവുമെന്ന് മനസ്സിലാക്കിയ ബിജെപി അവരുടെ പദ്ധതി ഉപേക്ഷിക്കുകയും മറ്റ് സ്ഥാനാർത്ഥികളെല്ലാം മത്സരത്തിൽ തുടരുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും ബൃഹത്തായ തിരഞ്ഞെടുപ്പ് എന്നൊക്കെ കൊട്ടിഘോഷിക്കുമ്പോഴും ഇന്ത്യൻ തിരഞ്ഞെടുപ്പിലെ ഏറ്റവും ദുർഗന്ധപൂരിതമായ വശങ്ങളാണ് സൂറത്ത്, ഇൻഡോർ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാരംഭഘട്ടത്തിൽതന്നെ ഇത്രയും കടുത്ത ജനാധിപത്യവിരുദ്ധ നീക്കം നടത്തുന്ന ബിജെപി തുടർന്നങ്ങോട്ടുള്ള ഏതൊരു ഘട്ടത്തിലും എന്ത് വൃത്തികെട്ട കളികളും നടത്തുമെന്ന് പ്രഖ്യാപിക്കുകയാണിവിടെ. ബിജെപിക്കെതിരെ വോട്ട് ചെയ്ത് അവരെ പരാജയപ്പെടുത്തിയ അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ‘ഓപ്പറേഷൻ താമര’ എന്ന പേരിൽ പണം കൊടുത്തും ബ്ലാക്ക്മെയിൽ ചെയ്തും കാലുമാറ്റത്തിലൂടെ അധികാരം പിടിച്ചെടുത്ത ബിജെപി ഭാവിയിലേക്ക് ഇൻഡോറിലൂടെ ഒരു കറുത്ത സൂചനയാണ് നൽകുന്നത്.
25.13 ലക്ഷം വോട്ടർമാരുള്ള ഇൻഡോറിൽ 2019ൽ 60%ത്തിലേറെ വോട്ട് നേടി വൻഭൂരിപക്ഷത്തിൽ ജയിച്ച ബിജെപി ഇത്ര നീചമായ ഒരു അട്ടിമറിക്ക് തുനിഞ്ഞതിന്റെ കാരണമെന്താണ്? കോൺഗ്രസിനെയും മറ്റ് എതിർശക്തികളെയും അസ്തപ്രജ്ഞരും അപമാനിതരും അതുവഴി നിഷ്‌ക്രിയരുമാക്കുക എന്നതാണ് ഒരു ലക്ഷ്യം. എതിരാളികൾ ജയിച്ചുവന്നാലും അവരെ വിലയ്ക്കെടുക്കാവുന്നതേയുള്ളൂ എന്ന് കാട്ടുകയാണ് മറ്റൊരു ലക്ഷ്യം. അധികാര സംവിധാനങ്ങൾ തങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും തങ്ങളെ തടയാൻ ഒരു ശക്തിക്കും ആവില്ലെന്നും അവർ വിളംബരം ചെയ്യുന്നു. ജനാധിപത്യ സംവിധാനങ്ങളെയും പ്രക്രിയയെയും അവർ തെല്ലും വകവക്കുന്നില്ല.


25 ലക്ഷം ജനങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചുകൊണ്ട് ഇൻഡോറിൽ ജനാധിപത്യ പ്രക്രിയയെ കശാപ്പ് ചെയ്യുവാൻ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) അനുവദിക്കാത്തതിനെ തുടർന്ന് വിവിധ പാർട്ടികൾ സ്വീകരിച്ച നിലപാടുകൾ പരിശോധിക്കുന്നത് കൗതുകകരമാണ്. ബിജെപിക്കെതിരെ നോട്ടക്ക് വോട്ട് ചെയ്യുവാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുള്ളത്. കൊണ്ടുപിടിച്ച പ്രചരണവും അവർ നടത്തുന്നുണ്ട്. നോട്ടയ്ക്ക് വോട്ട് കുത്താൻ മാത്രമായി ആളുകൾ പോളിംഗ് ബൂത്തിൽ പോകില്ലെന്നും നോട്ടക്ക് എത്ര വോട്ട് കിട്ടിയാലും ബിജെപിയെ പരാജയപ്പെടുത്താൻ അതുകൊണ്ട് മാത്രമാവില്ലെന്നും അറിയാഞ്ഞിട്ടല്ല, മറിച്ച് സ്വന്തം സ്ഥാനാർത്ഥിയെ നിലക്കുനിർത്താൻ ആവാത്തതിന്റെ ജാള്യതമറയ്ക്കുവാൻ വേണ്ടി മാത്രമുള്ള പരിശ്രമമാണ് അവർ നടത്തുന്നത്.


ഇൻഡോറിലെ സവിശേഷമായ സാഹചര്യത്തിൽ സിപിഐയുടെ മധ്യപ്രദേശ് സംസ്ഥാന കമ്മിറ്റി അവിടെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിക്ക് പിന്തുണ നൽകിക്കൊണ്ട് പുരോഗമനപരമായ നിലപാടെടുത്തു. പക്ഷേ ഇടതു-ജനാധിപത്യ ബോധത്തിന് കളങ്കമുണ്ടാക്കിക്കൊണ്ട് കോൺഗ്രസിനെ പോലെ തന്നെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് സിപിഐ(എം) മധ്യപ്രദേശ് സംസ്ഥാന ഘടകം തീരുമാനിച്ചത്. ചരിത്രത്തിലുടനീളം വിട്ടുവീഴ്ചയില്ലാത്ത ഇടതുപക്ഷ നിലപാട് എടുത്തിട്ടുള്ള എസ്‌യുസിഐ സ്ഥാനാർത്ഥി മണ്ഡലത്തിൽ ഉണ്ടായിരിക്കവെ പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടെടുത്തത് ആ പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെ വിളിച്ചു പറയുന്നു. ബീഹാറിൽ സിപിഐ(എം)ന്റെ ഏക സ്ഥാനാർത്ഥി ഹനുമാന്റെയും ശ്രീരാമന്റെയും മറ്റും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് പ്രചാരണം നടത്തുന്നത് ഈ സന്നിഗ്ധകാലത്ത് നമുക്ക് കാണേണ്ടിവരുന്നു.
മാർക്സിസം-ലെനിനിസം സഖാവ് ശിബ്‌ദാസ് ഘോഷ് ചിന്തകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പ് വേദികളിലൂടെ ഒരു ജനകീയപ്രക്ഷോഭണത്തിന്റെ രാഷ്ട്രീയം അവതരിപ്പിച്ചുകൊണ്ട് മുന്നേറുന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഇൻഡോറിൽ ബിജെപിക്കെതിരെ നേർക്കുനേർ നടത്തുന്ന പോരാട്ടം രാജ്യത്തെങ്ങും ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

Share this post

scroll to top