തീരദേശ ജനത നേരിടുന്ന കൊടിയ ദുരന്തത്തിനറുതി വരുത്തുക: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

Share

സർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങൾ മതിയാക്കി തീരദേശ ജനത നേരിടുന്ന ദുരിതത്തിന് അറുതി വരുത്തുവാൻ തയ്യാറാകണമെന്ന് എസ്.‌യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗവും ലോക് ഡൗണും മൂലം ദുരിതത്തിലായിരുന്ന തീരദേശ ജനതയുടെ ജീവിതം ടൗട്ടേ ചുഴലിക്കാറ്റും പേമാരിയും അതിരൂക്ഷമായ കടലാക്രമണവും മൂലം തകർന്നടിഞ്ഞിരിക്കുന്നു. നൂറു കണക്കിനു വീടുകളും മത്സ്യബന്ധന യാനങ്ങളും കടലാക്രമണത്തിൽ നഷ്ടപ്പെട്ടു. മത്സ്യബന്ധനം പൂർണമായും നിലച്ച സാഹചര്യമാണുള്ളത്.

മൽസ്യത്തൊഴിലാളികളുടെ ജീവിതത്തെ തെല്ലും പരിഗണിക്കാതെ, മൂലധന താൽപര്യാർത്ഥം നടത്തുന്ന വികസന പദ്ധതികളാണ് ഈ ദുരിതങ്ങളുടെ പ്രധാന കാരണം. വിഴിഞ്ഞം അടക്കമുള്ള ഹാർബറുകളുടെ അശാസ്ത്രീയമായ നിർമ്മാണങ്ങളും തീര ശോഷണം തടയുന്നതിനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. പട്ടിണിയെ അഭിമുഖീകരിക്കുന്ന മത്സ്യബന്ധന – സംസ്ക്കരണ തൊഴിലാളികളടക്കമുള്ള മുഴുവൻ കുടുംബങ്ങൾക്കും അടിയന്തിര ധനസഹായമായി 10000 (പതിനായിരം) രൂപ വീതം നൽകണം. തീരം സംരക്ഷിക്കുന്നതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കണം. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ ടെട്രാപോഡുകൾ ഉപയോഗിച്ച് പുലിമുട്ടോടു കൂടിയ കടൽ ഭിത്തികെട്ടണം. വിഴിഞ്ഞം അടക്കമുള്ള എല്ലാ ഹാർബറുകളുടെയും നിർമ്മാണം നിർത്തി വെച്ച് ശാസ്ത്രീയപഠനം നടത്തുവാൻ സർക്കാർ തയ്യാറാവണം.
ആലപ്പുഴ ജില്ലയുടെ തീരത്ത് കരിമണൽ ഖനനം നടത്തി കടത്തിക്കൊണ്ട് പോകുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും സഖാവ് വേണുഗോപാൽ ആവശ്യപ്പെട്ടു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top