സഖാവ് ശിബ്ദാസ് ഘോഷിന്റെ 48-ാം ചരമവാർഷികത്തോടനുബന്ധിച്ച് ‘വിപ്ലവജീവിതമാണ് ഏറ്റവും മഹത്തായത്’ എന്ന അദ്ദേഹത്തിന്റെ കൃതിയിൽനിന്നുള്ള വിലപ്പെട്ട ചില പാഠങ്ങൾ ഇവിടെ പുനരവതരിപ്പിക്കുന്നു.
“ശരിയാണ്, മറ്റു പാർട്ടികളുടെ പ്രവർത്തകരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സഖാക്കൾ നിലവാരത്തില് മുന്നിട്ടുനില്ക്കുന്നവരാണ്. മുദ്രാവാക്യം വിളിക്കുക മാത്രം ചെയ്യുന്ന, കാര്യഗൗരവമില്ലാത്ത ഇതര രാഷ്ട്രീയ പ്രവർത്തകരുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മൾ എത്ര സമർപ്പിതരും സത്യസന്ധരും ബോധമുള്ളവരുമാണെന്നുകണ്ട് ആത്മസംതൃപ്തിയടയാൻ നമുക്കാകില്ല. രാജ്യത്തിന്റെ ആവശ്യകതക്കനുസരിച്ചു് പ്രവർത്തിക്കാൻ നമുക്കെത്രമാത്രം കഴിയുന്നു എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. ഇന്നത്തെ സാമൂഹ്യസാഹചര്യത്തിൽ ജനങ്ങളിൽ ഒരു വശത്ത് ആഴത്തിലുള്ള നിരാശ നാം കാണുന്നു. മറുവശത്ത്, വിവിധ രാഷ്ട്രീയകക്ഷികളോട് അവർക്കുള്ള അങ്ങേയറ്റത്തെ അവിശ്വാസവും കാണാം. അതുകൊണ്ട്, നമ്മുടെ പാർട്ടിവിദ്യാഭ്യാസത്തിന്റെയും സംസാരരീതിയുടെയും പ്രവർത്തനശൈലിയുടെയും അറിവിന്റെയും നിരന്തരമായ സഹായത്തോടെ ജനങ്ങളുടെ മനസ്സിലുള്ള വൈഷമ്യങ്ങളെ അതിവേഗം ദൂരീകരിച്ച് അവരുടെ ആത്മവിശ്വാസത്തെ വീണ്ടെടുക്കേണ്ടത് നമ്മുടെ ചുമതലയാണ്…
ജനങ്ങളെ വസ്തുനിഷ്ഠമായി നയിക്കാനുതകുംവിധം നമ്മുടെ പാർട്ടി ശക്തി നേടിയെടുക്കുകയും കഴിവ് ആർജ്ജിക്കുകയും ചെയ്യുക എന്ന പ്രശ്നവുമായി അഭേദ്യമായും ബന്ധപ്പെട്ടതാണ് വിപ്ലവപ്രസ്ഥാനത്തിന്റെയും ഇടതുമുന്നേറ്റത്തിന്റെയും വിജയവും പരാജയവും. എന്നാൽ, ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടുന്ന പ്രാപ്തിയുടെയും അറിവിന്റെയും രാഷ്ട്രീയമുൻകൈയുടെയും നിലവാരം പരിഗണിച്ചാൽ, അത്തരം രാഷ്ട്രീയബോധത്തിന്റെയും, യുക്തിചിന്തയ്ക്കും വാദങ്ങൾക്കുമുള്ള ശേഷിയുടെയും ഗണ്യമായ കുറവ് നമ്മുടെ പ്രവർത്തകർക്കുണ്ട്…
നല്ല ചെറുപ്പക്കാരുമായി മാത്രം കൂട്ടുകൂടുന്ന തരത്തിൽ നമ്മുടെ പ്രവർത്തകർ നല്ലവരായി മാറിയിരിക്കുന്നു. നല്ലവരുടെ മാത്രം പാർട്ടിയാണിതെന്നു ജനങ്ങളും കരുതുന്നു. പക്ഷേ നമ്മുടെ നാട്ടിലെ സാഹസികരായ ബഹുഭൂരിപക്ഷം യുവാക്കളും ആവേശം വിതയ്ക്കുന്ന രാഷ്ട്രീയത്താലും തെറ്റായ നേതൃത്വത്താലും അവസരവാദ രാഷ്ട്രീയപ്രസ്ഥാനങ്ങളാലും വഴിതെറ്റിക്കപ്പെട്ടവരാണ്. മര്യാദയില്ലാത്ത വിവിധതരം പ്രവർത്തനങ്ങളിൽ അറിയാതെയെങ്കിലും കുടുങ്ങിക്കിടക്കുകയാണവർ. യുവജനശക്തിയുടെ ഗണ്യമായ വിഭാഗമാണിവർ. എന്തുകൊണ്ടാണ് നമുക്ക് ഈ സാഹസികരായ എടുത്തുചാട്ടക്കാരെ സ്വാധീനിക്കാൻ കഴിയാത്തത്?…
അവരുടെ രക്തത്തെ ചൂടാക്കാൻ എന്തുകൊണ്ടു കഴിയുന്നില്ല?..
ഇന്ത്യയിൽ വിപ്ലവം സഫലമാക്കുന്നത് ‘സദ്ഗുണസമ്പന്നരായ’ ചെറുപ്പക്കാരായിരിക്കും എന്നത് ശരിയായ വസ്തുതയല്ല. ചരിത്രമതല്ല പറയുന്നത്. നമ്മുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രം ശ്രേഷ്ഠമാണെന്നതിനാൽ നല്ല ചെറുപ്പക്കാർ അതു സ്വീകരിക്കും. എന്നാൽ എല്ലാത്തരം ബുദ്ധിമുട്ടുകളും ചുമലിലേറ്റി, പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് രാഷ്ട്രീമായ മുൻകൈയോടെ ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കാൻ വേണ്ടുന്ന ത്രാണി അവരിൽ പലർക്കും ഉണ്ടാകണമെന്നില്ല. സാഹസികരായ യുവാക്കൾ ചിലപ്പോൾ തെറ്റായ പാതയിലായിരിക്കും. അവർ ചട്ടമ്പിത്തരം കാണിച്ചേക്കാം, തങ്ങൾക്കുതന്നെ ദ്രോഹം വരുത്തിവച്ചേക്കാം… എന്നാലും പ്രവർത്തിക്കാനുള്ള ശേഷി അവരിലുണ്ട്. ജനങ്ങളിലേക്ക് എത്താനും നൊടിയിടയിൽ പ്രവർത്തനനിരതരാകാനും അവർക്കു കഴിയും. എന്നാൽ ഏതു സാഹചര്യത്തിലും ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും വിവിധജനവിഭാഗങ്ങളെ സംഘടിപ്പിക്കാനും പ്രവൃത്തിയിലേക്കു നയിക്കാനുമുള്ള ശേഷി നേരത്തേ പറഞ്ഞ സദ്ഗുണസമ്പന്നരായ യുവാക്കൾക്ക് ഉണ്ടാകണമെന്നില്ല…
ഇതൊരു ആസിഡ് ടെസ്റ്റാണ്…പക്ഷേ നമുക്ക് ജീവിതത്തിന്റെ എല്ലാതുറകളിൽനിന്നും കഴിവുറ്റവരും അർഹരും ആയ പ്രവർത്തകരെ ചേർക്കേണ്ടിയിരിക്കുന്നു. ബുദ്ധിയും യുക്തിചിന്തയും കൊണ്ടു മാത്രം വിപ്ലവത്തെ മനസ്സിലാക്കാൻ കഴിയുമോ? ബഹുജനസമരങ്ങളിൽ പങ്കെടുക്കുകയും മനസ്സും ചിന്തയും അർപ്പിച്ച് പാർട്ടിപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യാൻ തുടങ്ങുമ്പോഴാണ് നിങ്ങൾക്കതിന്റെ സാരാംശം മനസ്സിലായിത്തുടങ്ങുക എന്നു നിങ്ങൾക്കറിയാമോ? ഇതു ചെയ്തു തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ നിങ്ങളുടെ ശരിയായ ധാരണ തെളിഞ്ഞു വരിക. അതിനു മുമ്പ് വാദിക്കാൻ മാത്രം പ്രാപ്തമായ ബുദ്ധിപരമായ ശേഷിയായി അത് നില കൊള്ളും. അറിവിന്റെ സാക്ഷാത്കാരം (realisation) എന്നതിനെ വിളിക്കാൻ കഴിയില്ല. ഓരോരുത്തരിലും അതു വ്യത്യസ്തവുമായിരിക്കും…ഒരു വിപ്ലവകാരി ഉടൻ തന്നെ മനസ്സിലാക്കും, “ജനങ്ങളോടു ചേർന്നു പ്രവർത്തിക്കാനും താനാർജ്ജിച്ച അറിവിന്റെയടിസ്ഥാനത്തിൽ അവരെ സംഘടിപ്പിക്കാനും ഇരുപത്തിനാലു മണിക്കൂറും അവരോടൊപ്പം ജീവിക്കാനും തുടങ്ങുന്ന നിമിഷം മുതൽ ഞാൻ വിപ്ലവസിദ്ധാന്തം സക്ഷാത്കരിക്കാൻ തുടങ്ങുകയാണ്”. ജനങ്ങളോടൊപ്പം നിലകൊള്ളുമ്പോൾ നിങ്ങൾക്ക് രാഷ്ട്രീയമായലക്ഷ്യബോധവും നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള കഴിവും സൃഷ്ടിപരമായ മനസ്സുമുണ്ടാകണം. അപ്പോൾ നിങ്ങളുടെ ധാരണയുടെ നിലവാരം ക്രമാനുഗതമായി ഉയരും.
പലതരത്തിലുള്ള പ്രവർത്തനങ്ങളുണ്ട്. ഒറ്റക്കൊറ്റയ്ക്ക് നോക്കിയാൽ അവയെല്ലാം നിസ്സാരങ്ങളായിത്തോന്നാം എന്നാൽ അവയോരോന്നും പൂർത്തീകരിക്കാതെ വിപ്ലവം സംഘടിപ്പിക്കുക എന്ന ബൃഹത്തായ കർത്തവ്യം സഫലീകരിക്കുക സാധ്യമല്ല എന്നതും മനസ്സിലോർക്കണം. ദശലക്ഷക്കണക്കിനു ജനങ്ങളുടെ ഇടയിൽക്കഴിയുമ്പോഴും ദൈനംദിന പ്രവർത്തനങ്ങൾ മാത്രം ചെയ്യുകയും സ്വന്തമായി പ്രവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു പാർട്ടി കേഡർ എവിടെപ്പോകണം, എന്തു ചെയ്യണം എന്നൊക്കെ ആലോചിക്കാൻ തുടങ്ങും. എന്നാൽ നിരന്തരമായി പ്രവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള, സർഗ്ഗാത്മകതയുള്ള ഒരു കേഡർ ഒരു കൂട്ടം ജനങ്ങളെ ചുറ്റുംകണ്ട് ഇടപഴകാൻ തുടങ്ങുമ്പോഴേയ്ക്കും അവരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. അദ്ദേഹത്തിന് വീണ്ടും വീണ്ടുമതിനെക്കുറിച്ചാലോചിക്കേണ്ടതില്ല. കാരണം അദ്ദേഹമെപ്പോഴും ജനങ്ങളുടെ ഇടയിൽ അവരോടൊപ്പമാണ്. സ്വന്തമായി പ്രവർത്തനങ്ങൾ സൃഷ്ടിക്കാൻ പഠിക്കാത്ത, സർഗ്ഗാത്മകത ഇല്ലാത്ത ഒരു കേഡർ ഒരു നാൾ നിരാശയിലും ഇച്ഛാഭംഗത്തിലും അടിപ്പെടും. കാരണം അദ്ദേഹം ദൈനംദിന പ്രവർത്തനങ്ങളിൽ മാത്രമാണ്, സൃഷ്ട്യുന്മുഖമായ പ്രവർത്തനങ്ങളിലല്ല ഏർപ്പെട്ടിരിക്കുന്നത്; അദ്ദേഹം ജനങ്ങളുടെ പ്രക്ഷോഭണങ്ങൾ സംഘടിപ്പിക്കുകയോ ജനങ്ങളുടെ നേതാവായി ഉയർന്നുവരികയോ ചെയ്തിട്ടില്ല. ഒരു വിഷാദം അദ്ദേഹത്തെ പിടികൂടും.
അംഗത്വത്തിനായി ഏതൊരാൾക്കുമുള്ള കുറഞ്ഞ യോഗ്യത, ജനങ്ങളുടെ നേതാവായി സ്വയം മാറിത്തീരാൻ അയാൾക്കു കഴിയുന്നുണ്ടോ എന്നതാണ്. ബുദ്ധിപരമായ ശേഷികൊണ്ടു മാത്രം ഒരാൾക്കൊരു വിപ്ലവകാരിയായി മാറാൻ സാധ്യമല്ല. ഒരാളുടെ ജീവിതത്തിൽ ബുദ്ധിയും വികാരവും ബുദ്ധിയും ഹൃദയവും ബുദ്ധിയും ധാർമ്മികതയും സംസ്കാരവുമെല്ലാം ചേർന്ന് ഒന്നായി മാറണം. എനിക്കിന്ന് എത്ര ശക്തമായ ഇച്ഛാശക്തിയും സത്യസന്ധതയും ത്യാഗമനോഭാവവും ഉണ്ടെങ്കിലും ഈ നീണ്ട സമരത്തെ അതിജീവിക്കണമെങ്കിൽ എന്റെ രാഷ്ട്രീയബോധ്യത്തിന്റെ ഘടനയും സ്വഭാവവും ഈ തീക്ഷ്ണമായ സമരത്തിലൂടെ മാറ്റിയെടുക്കേണ്ടതുണ്ട്. പാർട്ടിക്ക് നിങ്ങളെയൊരു വിപ്ലവകാരിയായി ഒരുക്കിയെടുക്കാനാകില്ല. ജനങ്ങൾക്കിടയിൽ സദാ ജീവിക്കുകയും പ്രവർത്തിക്കുകയും ചർച്ച ചെയ്യുകയും രാഷ്ട്രീയ പ്രത്യയശാസ്ത്രം പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വിപ്ലവകാരിയാകാൻ ശ്രമിക്കുന്ന, സ്വന്തം രാഷ്ട്രീയബോധ്യം വളർത്താനും ആവശ്യകതയ്ക്കനുസരിച്ച് സ്വഭാവം മാറ്റിയെടുക്കാനും പ്രവർത്തനശൈലി നിരന്തരമായി പരിഷ്ക്കരിക്കാനും ശ്രമിക്കുന്ന ഒരാളെ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും വഴി പാർട്ടിക്ക് സഹായിക്കാം. എങ്കിൽപ്പോലും വിപ്ലവപ്രവർത്തനങ്ങളുമായി താദാത്മ്യപ്പെടുകയും, ജനങ്ങളിലേക്കിറങ്ങി വിപ്ലവസമരങ്ങളിൽ തീവ്രമായി മുഴുകുകയും ചെയ്യുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ വികാസം സംഭവിക്കുകയില്ല. ഒരു കേഡറിന് പ്രവർത്തനം സൃഷ്ടിച്ചു കൊടുക്കാൻ പാർട്ടിക്കാകില്ല. ഓരോ കേഡറിന്റെയും സഹജമായ ഗുണവിശേഷം ഇവിടെയാണ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾക്കപ്പുറത്ത്, തനിക്കു ചുറ്റും ജീവിക്കുന്ന ജനങ്ങളിൽ നിന്ന് ഉചിതരായ വ്യക്തികൾക്കൊപ്പം പ്രവർത്തനങ്ങൾ സൃഷ്ടിക്കുകയെന്ന പ്രതിഭാസത്തിലൂടെയാണ് കേഡർമാരുടെ ഈ ഗുണവിശേഷം പ്രതിഫലിക്കുന്നത്. പക്ഷേ, ഒരു സംഘം സഖാക്കൾക്കൊപ്പം വർദ്ധിതോന്മേഷത്തോടെ പ്രവർത്തിക്കുന്ന ഒരു കേഡറിനെ അവിടെനിന്നു പിൻവലിച്ച് പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളുമില്ലാത്ത, പാർട്ടിക്ക് വളർച്ചയുടേതായ സ്ഥിതിയില്ലാത്ത സംഘടനാപ്രവർത്തനങ്ങളൊന്നുമില്ലാത്ത ഒരിടത്തേക്ക് നിയോഗിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ അവിടെ നിന്ന് ഓടി മറയുന്നതെന്തുകൊണ്ട് എന്നു നിങ്ങളാലോചിച്ചിട്ടുണ്ടോ?
ജനങ്ങളോടും സുഹൃത്തുക്കളോടും പാർട്ടി പ്രവർത്തകരോടുമൊപ്പം പ്രവർത്തിക്കുന്ന തിനിടെ ഒറ്റപ്പെട്ട ഒരിടത്തേക്ക് നിയോഗിച്ചാൽ ഏതാനും ആഴ്ചകള് അല്ലെങ്കിൽ ഒരു മാസംകൊണ്ട് ഒരു കേഡറിന്റെ ഉത്സാഹം ഇല്ലാതാകുന്നത് കാണാം. എന്താണിതിന്റെ അർത്ഥം? രാഷ്ട്രീയ വിദ്യാഭ്യാസവും പ്രത്യയശാസ്ത്രവും മനസ്സിലാക്കുന്നതിനുള്ള പ്രചോദനം അയാൾക്കനുഭവപ്പെടുന്നില്ല എന്നതാണതിനർത്ഥം. ഉപരിപ്ലവമായാണ് അദ്ദേഹമതെടുത്തിരിക്കുന്നത്… ഈ ജീവിതാഹ്ലാദത്തെക്കുറിച്ചും അതിന്റെ മറ്റു ഘടകങ്ങളെക്കുറിച്ചുമുള്ള ബോധ്യം ക്രമേണയായാണ് അയാളുടെ മനസ്സിൽ വളർന്നു വരിക. പാർട്ടിയിലെ പങ്കാളിത്തത്തിന്റെ ഊർജ്ജസ്വലമായ ആദ്യനാളുകളിൽ വിപ്ലവകാരിയാകാൻ കഴിയാതിരുന്ന, ക്രിയാത്മകമായ പ്രവർത്തനങ്ങളോട് പരിചിതമാകാതിരുന്ന, സ്വന്തമായ ശ്രമങ്ങളിലൂടെ ആവശ്യമായ പ്രവർത്തനങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ കഴിയാതിരുന്ന ഒരാൾ ഇത്തരം പ്രശ്നങ്ങൾ നേരിടുകയും അധ:പതനത്തിലേക്കു പോകുകയും ചെയ്യും…
മുള്ളുനിറഞ്ഞ ഈ വിപ്ലവപാതയിൽ അനേകം ദുഃഖങ്ങളും വേദനകളുമുണ്ടാകാം. എന്നാലുമത് ആനന്ദകരമാണ് എന്നു നാം മനസ്സിലാക്കണം. വിപ്ലവത്തിലേക്കുള്ള പാത പിന്നിടുമ്പോൾ വിപ്ലവകാരികൾക്ക് ദുഃഖങ്ങളും കഷ്ടപ്പാടുകളുംകൊണ്ട് രക്തം കിനിഞ്ഞേക്കാം. എന്നാലും വിപ്ലവകാരികൾക്ക് ആ സഞ്ചാരപഥവും പരിസരവും ആനന്ദദായകമാണ്…
കുഴമറിച്ചിലുകൾ ഈ ജീവിതത്തിലുണ്ടാകാം; എങ്കിലുമത് മഹത്വപൂർണ്ണവും ശ്രേഷ്ഠവുമാണ്. ഈ ജീവിതത്തിൽ നാമനുഭവിക്കുന്ന ആനന്ദം ഉത്തരവാദിത്തബോധത്തെ ചുറ്റിപ്പറ്റി മാത്രം ഉണ്ടാകുന്നതാണോ? സന്തോഷത്തിന്റെയും അന്തസ്സിന്റെയും രൂപത്തിൽ നമുക്കത് അനുഭവപ്പെടുന്നില്ലെങ്കിൽ ഏറെ വൈകുന്നതിനുമുമ്പു തന്നെ ഉത്തരവാദിത്തങ്ങളുടെ ഭാരത്താൽ നമ്മുടെ സമരങ്ങളെല്ലാമവസാനിക്കും. നിങ്ങൾക്കു വിരസത അനുഭവപ്പെടുകയും അധികം മുന്നോട്ടു പോകാൻ കഴിയാതെ വരികയും ചെയ്യും…
മറ്റുള്ളവരുമൊത്ത് ഒരു ജൈവികബന്ധത്തിൽ ഒരു കൂട്ടായ ജീവിതം നാം നയിക്കണം; അല്ലെങ്കിൽ നമ്മുടെ പൊതുസ്വഭാവത്തെയും അതിന്റെ വ്യത്യസ്ത സവിശേഷതകളെയും മറ്റു പലതിനെയും നമുക്ക് അപഗ്രഥിക്കാൻ കഴിയില്ല; എവിടെയാണു നമ്മുടെ കുറവുകൾ എന്നു മനസ്സിലാക്കാനും കഴിയില്ല. പാർട്ടി കമ്മ്യൂണിലോ സെന്ററിലോ ഓഫീസിലോ കൂട്ടായ ജീവിതം നയിക്കുന്നതിന്റെ പ്രാധാന്യം അത് പല സംഗതികളെയും പ്രത്യക്ഷമാക്കും, പല കാര്യങ്ങളും നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരും, പലതിനേയും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും, പല സംഘർഷങ്ങളെയും നേരിടേണ്ടതായും വരും എന്നതാണ്. ഇതാണ് കൂട്ടായി ജീവിക്കുന്നതിന്റെ ആവശ്യകത…
അവിടെയുമിവിടെയും ഏതാനും ചില പ്രാദേശിക സംഘടനകൾ ഉണ്ടാക്കാൻ മാത്രം കഴിയുന്ന സ്ഥിതിയിൽ നിന്ന്, ബഹുജനപ്രക്ഷോഭങ്ങളും വിശാലമായ ബഹുജന സംഘടനകളും സംഘടിപ്പിക്കാൻ മുൻകൈയെടുത്തുകൊണ്ട് നമ്മുടെ പാർട്ടിയെ വലിയൊരു ബഹുജന പാർട്ടിയായി മാറ്റാൻ ശ്രമിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലേക്കു നാം പ്രവേശിക്കുകയാണ്… എന്റേതായ ഭാഷയിൽ അവതരിപ്പിക്കാൻ കഴിയും വിധം പാർട്ടിയുടെ ആശയഗതികൾ ഞാൻ മനസ്സിലാക്കിയിരിക്കണം. ആവശ്യം വരുന്ന സന്ദർഭത്തിൽ പുനരവതരിപ്പിക്കാൻ പാകത്തിൽ നന്നായി അവതരിപ്പിക്കപ്പെട്ട, വിശദമാക്കപ്പെട്ട, ഉചിതമായ യുക്തിചിന്തകളാൽ സാധൂകരിക്കപ്പെട്ട ഉള്ളടക്കങ്ങൾ ഞാൻ വായിച്ചിരിക്കുകയും മനസ്സിലാക്കുകയും ചെയ്തിരിക്കണം. നന്നായി മനസ്സിലുറയ്ക്കുന്നവിധത്തിൽ ആവർത്തിച്ച് പഠിക്കണം. പാർട്ടിയെ ജനങ്ങളിലേക്കെത്തിക്കുകയും അവർക്കിടയിൽ പ്രവർത്തിക്കുകയുമാണ് നമ്മൾ എന്നത് നിഷേധിക്കാൻ കഴിയില്ല. ‘ജനങ്ങളിലേക്കു പോകൂ’ എന്ന മുദ്രാവാക്യമുയർത്തി മാത്രം നമുക്കെല്ലാം നേടാനും എല്ലാം പഠിക്കാനും കഴിയില്ല; നേതൃത്വം ഇപ്പോൾ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ദൗത്യം പൂർത്തീകരിക്കാനും കഴിയില്ല, എത്ര തീവ്രമായി നമ്മളതാഗ്രഹിച്ചാലും… വിപ്ലവസ്വഭാവത്തിന്റെ കാര്യത്തിൽ സാംസ്കാരികമായി ഉയർന്ന നിലവാരമുള്ള ആദരണീയരായ പല നല്ല സഖാക്കളും ഈ പുതിയ ആവശ്യകതയെ മുൻനിർത്തി അല്പമെങ്കിലും സ്വയം ഉടച്ചു വാർക്കാൻ തയ്യാറാകണം… വായിക്കുന്നവയിൽ പ്രധാന ഭാഗങ്ങളിൽ അടിവരയിട്ട് ഗൗരവതരമായി നമ്മുടെ സഖാക്കൾ പഠിക്കുന്നില്ല, അവർ ലാഘവത്തോടെ വായിക്കുക മാത്രം ചെയ്യുന്നു. പരസ്പരം ചർച്ച ചെയ്യാതിരിക്കുകമൂലം വിമർശനാത്മക നിരീക്ഷണത്തിനുള്ള ശേഷി അവരിൽ വളർന്നു വരികയുമില്ല. നാം വായിക്കുന്നതിൽ അനേകം കാര്യങ്ങൾ പ്രധാനപ്പെട്ടവയാണെന്ന് നാമോർക്കണം. ഒന്നുമില്ലെങ്കിൽത്തന്നെ ആ ഉള്ളടക്കത്തെ പല കോണുകളിൽനിന്നു വീക്ഷിച്ചു കൊണ്ട് നമ്മുടെ ധാരണയെ മെച്ചപ്പെടുത്താൻ നാം തയ്യാറാകണം. ഇവ രണ്ടും ആവശ്യമാണ്.
പരിമിതമായ സ്ഥലങ്ങളിൽ നാം സ്വയം കുടുങ്ങിപ്പോകരുത്. പുറത്തു കടന്ന് പാർട്ടിയുടെ രാഷ്ട്രീയം സ്വന്തമായ മുൻകൈയിൽ ജനങ്ങളിലേക്കെത്തിക്കുകയും വിവിധ സംഘടനകളിൽ അവരെ സംഘടിപ്പിക്കുകയും വേണം. സ്വന്തമായ മുൻകൈയിലും ആശയത്തിലും നിങ്ങളോരോരുത്തരും ഈ കർത്തവ്യങ്ങൾ നിർവഹിക്കാൻ തയ്യാറായാൽ കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവരുടെയും അംഗീകാരം നേടുന്ന തരത്തിൽ പാർട്ടിയുടെയും നിങ്ങളുടെയും ശക്തി വർദ്ധിക്കുകയും ചെയ്യും…
നമുക്കിപ്പോൾ ധാരാളം പാർട്ടി പ്രസിദ്ധീകരണങ്ങളുണ്ട്. ഇവയുടെ പ്രചാരണത്തിനായി പാർട്ടി മുകളിൽനിന്ന് ഒരു പരിപാടി ആസൂത്രണം ചെയ്യുമ്പോൾ വില്പന വർദ്ധിക്കുന്നു. എന്നാൽ പാർട്ടി പ്രസിദ്ധീകരണങ്ങൾ എപ്പോഴും തങ്ങളുടെ കൈവശം വയ്ക്കുക എന്നത് അങ്ങേയറ്റം ആവശ്യമാണെന്ന് സഖാക്കളോർക്കുന്നില്ല. ഓരോ യൂണിറ്റിനും അനുവദിക്കപ്പെട്ട പ്രസിദ്ധീകര ണങ്ങളുടെ എണ്ണത്തിലുപരിയായി ഒരെണ്ണം ഓരോ സഖാവും സ്വന്തം കൈയിൽ കരുതണം. ഇതിനു രണ്ടുപയോഗങ്ങളുണ്ട്. ഒന്ന് അവർക്കത് ഇടക്കിടെ വായിക്കാം, ട്രെയിനിലോ ബസിലോ യാത്ര ചെയ്യുമ്പോൾ സമയം കിട്ടുന്നതിനനുസരിച്ച് സ്വന്തം ബാഗിൽ നിന്നതെടുത്തു വായിക്കാൻ കഴിയും. മറ്റൊന്ന്, എല്ലാ കോപ്പികളും വിറ്റു തീർന്നതിനു ശേഷവും സ്വന്തമായി ഒരു കോപ്പി കൈവശമുണ്ടെങ്കിൽ ആവശ്യം വരുന്ന സന്ദർഭത്തിൽ അഞ്ചോപത്തോ പേരടങ്ങുന്ന ഒരു സംഘത്തിന് ആവശ്യമായ ഭാഗങ്ങൾ വായിച്ചു കൊടുക്കാനോ ചർച്ച ചെയ്യാനോ കഴിയും… കൂട്ടായ വായന ഒരു സംഘടനയാണ്… ചോദ്യോത്തരങ്ങളുടെയടിസ്ഥാനത്തിലുള്ള ക്ലാസുകൾ തുടരുമ്പോൾത്തന്നെ അതിൽ പങ്കെടുക്കുന്നവർക്ക് അടുത്ത കാലത്തിറക്കിയ മുഖപത്രവും പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും മുൻകൂറായി വായിച്ചു വരാനുള്ള സംവിധാനങ്ങളുണ്ടാക്കണം.
ഒരു സഖാവ് വായിക്കുകയും വായിച്ച വിഷയത്തിലുള്ള ചർച്ചയിൽ മറ്റെല്ലാ സഖാക്കളും പങ്കെടുക്കുകയും വേണം. ചിട്ടയോടു കൂടി ഇതു നടപ്പാക്കണം. ഇത് അത്യന്താപേക്ഷിതമാണ്… നിങ്ങളെവിടെപ്പോയാലും നിങ്ങൾക്കെത്ര തിരക്കുണ്ടെങ്കിലും, പ്രാധാന്യമുള്ള ഒരു വിഷയം ചർച്ച ചെയ്തിരിക്കുന്ന പാര്ട്ടി പ്രസിദ്ധീകരണങ്ങൾ അവര്ക്ക് ലഭിച്ചോ എന്നും ലഭിച്ചെങ്കിൽ അവ വായിച്ചോ എന്നും അന്വേഷിക്കണം. മറ്റുള്ളവർക്കു മുമ്പാകെ അത് ഉറക്കെ വായിച്ചോ എന്നും അന്വേഷിക്കണം…
ജനങ്ങളുമായി ഇടപഴകുമ്പോൾ അവരുടെ മനോഭാവം നിങ്ങൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഒരാൾ ഒരു കാര്യം കേൾക്കാനും മനസ്സിലാക്കാനും തയ്യാറാകുന്നതെപ്പോൾ എന്നു നിങ്ങൾക്കു മനസ്സിലാകണം… അവരോടൊപ്പം നിലകൊള്ളുകയും ആ നിലകൊള്ളൽ ഒരു വിപ്ലവകാരിയുടെതു പോലെയായിരിക്കുകയും വേണം. അതായത്, അവരോടൊപ്പം നിലകൊള്ളുമ്പോൾ അവരുടെ സംസ്കാരത്തിന്റെ ഒഴുക്കിനൊത്തുലഞ്ഞ് ഒരേ തൂവൽപ്പക്ഷികളെപ്പോലെ ആകാതെ നോക്കുകയും വേണം.
അവരുടെ ഒരു കൂട്ടാളി മാത്രമാകരുത്. നിങ്ങളുടെ വ്യക്തിസവിശേഷതകളും സ്വഭാവവും നിലനിർത്തിക്കൊണ്ട്, അവരുമായുള്ള ഒത്തുചേരലിന്റെ അന്തരീക്ഷത്തിൽ അവരോടൊപ്പം നിലകൊള്ളുക. അതു മതിയാകും. സാവധാനത്തിൽ സ്വയം മാറാനവരെ പ്രേരിപ്പിക്കാനും അവരുടെ മേലുള്ള നിങ്ങളുടെ സ്വാധീനം വളർത്താനുമതു സഹായിക്കും… നിങ്ങളോരോരുത്തരും സ്വന്തം കഴിവിന്റെ നിലയ്ക്കൊത്തു പ്രവർത്തിക്കുകയും സ്വയം സജ്ജരായിരിക്കുകയും വേണം… മാർക്സിസം -ലെനിനിസത്തിന്റെ തത്വങ്ങൾ സ്വാംശീകരിക്കാൻ പാർട്ടി നിങ്ങളോടാവശ്യപ്പെടുന്ന പ്രക്രിയയിൽ അധീശത്വം നേടുകയും വേണം. പാർട്ടി എങ്ങനെയാണ് ഈ വിഷയങ്ങൾ വിശദീകരിക്കുന്നതെന്നും എങ്ങനെയതു പ്രയോഗിക്കുന്നുവെന്നും വ്യത്യസ്ത മേഖലകളിൽ എങ്ങനെ വിശകലനത്തിനായുപയോഗിക്കുന്നുവെന്നും മനസ്സിലാക്കണം… ഇത്തരത്തിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചു തുടങ്ങിയാൽ ഭാവി നിങ്ങളുടേതായിരിക്കും.”