സൈദ്ധാന്തിക പാഠങ്ങൾ : കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ; ഫ്രെഡറിക് എംഗൽസ്

Scan-05-e1724233338465.jpg
Share

മഹാനായ എംഗൽസിന്റെ ചരമവാർഷിക ദിനമായ ആഗസ്റ്റ് 5 ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകൾ സമുചിതം ആചരിക്കുകയാണ്. ഈ സന്ദർഭത്തിൽ മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളും അവയ്ക്ക് എംഗൽസ് നൽകുന്ന ലളിതവും കൃത്യവുമായ ഉത്തരങ്ങളുമടങ്ങുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കുകയാണ്.

ചോദ്യം : കമ്മ്യൂണിസം എന്നാൽ എന്താണ്?
ഉത്തരം: തൊഴിലാളിവർഗ്ഗ വിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമാണ് കമ്മ്യൂണിസം.


ചോദ്യം : തൊഴിലാളിവർഗ്ഗം എന്നാൽ എന്താണ്?
ഉത്തരം: സമൂഹത്തിലെ ഏതു വർഗ്ഗമാണോ, ഏതെങ്കിലും മൂലധനത്തിൽ നിന്ന് കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂർണമായും സ്വന്തം അധ്വാനം വിൽക്കുന്നതുവഴി മാത്രം ഉപജീവനമാർഗ്ഗം സമ്പാദിക്കുന്നത് അതാണ് തൊഴിലാളിവർഗ്ഗം. അതിന്റെ സുഖവും ദുഃഖവും ജീവിതവും മരണവും അതിന്റെ നിലനിൽപ്പാകെത്തന്നെ ആശ്രയിച്ചിരിക്കുന്നത് അധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് ബിസിനസിന്റെ നല്ല കാലവും ചീത്ത കാലവും മാറിമാറി വരുന്നതിനെയും അനിയന്ത്രിതമായ മത്സരത്തിൽ നിന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെയും ആണ്. പ്രോലിറ്റേറിയറ്റ് അഥവാ പ്രോലിറ്റേറിയന്മാരുടെ വർഗ്ഗം. ഒറ്റവാക്കിൽ പറഞ്ഞാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാളവർഗ്ഗമാണ്.


ചോദ്യം : പ്രോലിറ്റേറിയന്മാർ എല്ലാകാലത്തും ഉണ്ടായിരുന്നില്ലെന്നല്ലേ ഇതിനർത്ഥം?
ഉത്തരം: അതെ. പാവങ്ങളും പണിയെടുക്കുന്ന വർഗ്ഗങ്ങളും എക്കാലത്തും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്ന വർഗ്ഗങ്ങൾ സാധാരണഗതിയിൽ പാവങ്ങളുമായിരുന്നു. എന്നാൽ മത്സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവും ആയിരുന്നിട്ടില്ലെന്നതുപോലെ തന്നെ മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്ന തരത്തിലുള്ള പാവങ്ങൾ, തൊഴിലാളികൾ, അതായത് പ്രോലിറ്റേറിയന്മാർ എല്ലാ കാലത്തും ഉണ്ടായിരുന്നില്ല.


ചോദ്യം : പ്രോലിറ്റേറിയറ്റ് (തൊഴിലാളിവർഗ്ഗം) എങ്ങനെ ആവർഭവിച്ചു?
ഉത്തരം: കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇംഗ്ലണ്ടിൽ നടന്നതും അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ആവർത്തിച്ചതുമായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിവർഗ്ഗം ഉയർന്നുവന്നത്. ആവിയന്ത്രത്തിന്റെയും പലതരം നൂൽ നൂൽപ്പ് യന്ത്രങ്ങളുടെയും മറ്റനേകം യന്ത്രോപകരണങ്ങളുടെയും കണ്ടുപിടുത്തമാണ് ഈ വ്യാവസായിക വിപ്ലവത്തെ നിലവിൽ കൊണ്ടുവന്നത്. വളരെ വിലപിടിച്ചതും അതുകൊണ്ടുതന്നെ വലിയ മുതലാളിമാർക്ക് മാത്രം വാങ്ങാൻ കഴിഞ്ഞതുമായ ആ യന്ത്രങ്ങൾ അന്നേവരെ നിലനിന്നിരുന്ന ഉത്പാദന രീതിയെയാകെ മാറ്റിമറിച്ചു. അന്നേവരെ ഉണ്ടായിരുന്ന തൊഴിലാളികളെ അവ പുറന്തള്ളി. കാരണം തൊഴിലാളികൾക്ക് തങ്ങളുടെ മോശപ്പെട്ട ചർക്കകളും കൈത്തറികളും കൊണ്ടു നിർമ്മിക്കാൻ കഴിഞ്ഞതിനേക്കാൾ വിലകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചരക്കുകളെ യന്ത്രങ്ങൾ ഉത്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങൾ വ്യവസായത്തെ അപ്പാടെ വലിയ മുതലാളിമാരുടെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കുകയും തൊഴിലാളികളുടെ തുച്ഛമായ സ്വത്തിന് (പണി ആയുധങ്ങളും കൈത്തറികളും മറ്റും) വിലയില്ലാതാവുകയും ചെയ്തു. താമസിയാതെ സർവ്വതും മുതലാളിമാരുടെ വകയായി. തൊഴിലാളികൾക്ക് യാതൊന്നും ശേഷിച്ചില്ല. ഇങ്ങനെയാണ് തുണി ഉല്പാദനരംഗത്ത് ഫാക്ടറി സമ്പ്രദായം ഏർപ്പെടുത്തിയത്. യന്ത്രോപകരണങ്ങളും ഫാക്ടറി സമ്പ്രദായവും ഏർപ്പെടുത്തുന്നതിന് ഒരിക്കൽ ഉത്തേജനം കിട്ടിയതോടെ ഫാക്ടറി സമ്പ്രദായം അതിവേഗം മറ്റെല്ലാ വ്യവസായ ശാഖകളെയും കടന്നാക്രമിച്ചു – വിശേഷിച്ച് തുണി, പുസ്തകമുദ്രണം, കളിമൺ പാത്രങ്ങളുടെയും ലോഹപദാർത്ഥങ്ങളുടെയും നിർമ്മാണം എന്നീ വ്യവസായങ്ങളെ. അധ്വാനം നിരവധി തൊഴിലാളികൾക്കിടയിലായി കൂടുതൽ കൂടുതൽ വിഭജിക്കപ്പെട്ടു. മുമ്പ് മുഴുവൻ ഉൽപന്നവും നിർമ്മിച്ചിരുന്ന തൊഴിലാളി ഇപ്പോൾ അതിന്റെ ഒരു ഭാഗം മാത്രമേ നിർമ്മിച്ചുള്ളൂ. ഈ തൊഴിൽ വിഭജനത്തിന്റെ ഫലമായി ഉത്പന്നങ്ങൾ കൂടുതൽ വേഗത്തിലും വിലകുറച്ചും നിർമ്മിക്കാൻ കഴിഞ്ഞു. അത് ഓരോ തൊഴിലാളിയുടെയും അധ്വാനത്തെ വളരെയേറെ ലളിതവും നിരന്തരം ആവർത്തിക്കുന്നതുമായ യാന്ത്രിക പ്രവൃത്തിയായി ചുരുക്കി. ഒരു യന്ത്രത്തിന് അത്രതന്നെയെന്ന് മാത്രമല്ല അതിലേറെ എത്രയോ നന്നായി ചെയ്യാവുന്ന പ്രവൃത്തിയാണിത്. അങ്ങനെ, നൂൽ നൂൽപ്പ് – നെയ്ത്ത് വ്യവസായത്തെ പോലെതന്നെ ഈ വ്യവസായ ശാഖകൾ എല്ലാം ഒന്നൊന്നായി ആവിശക്തിയുടെയും യന്ത്രോപകരണങ്ങളുടെയും ഫാക്ടറി സമ്പ്രദായത്തിന്റെയും ആധിപത്യത്തിന് കീഴിലായി. എന്നാൽ, അതുവഴി അവയെല്ലാം വൻകിട മുതലാളിമാരുടെ കൈകളിൽ വന്നുവീഴുകയാണ് ഉണ്ടായത്. ഇവിടെയും തൊഴിലാളികൾക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ലാഞ്ഛനയും നഷ്ടപ്പെട്ടു. ക്രമേണ ശരിക്കുള്ള നിർമ്മാണത്തൊഴിലിന്(മാനുഫാക്ചറിംഗ്) പുറമേ കൈത്തൊഴിലുകളും ഫാക്ടറി സമ്പ്രദായത്തിന്റെ മേധാവിത്വത്തിന് അടിപ്പെട്ടു. കാരണം, വളരെയേറെ ചെലവ് ചുരുക്കിയും തൊഴിലാളികൾക്കിടയിൽ അധ്വാനം വിഭജിച്ചുകൊടുത്തും വലിയ വർക്ക്‌ഷോപ്പുകൾ പണിതുകൊണ്ട് ഇവിടെയും വലിയ മുതലാളിമാർ ചെറിയ കൈവേലക്കാരെ കൂടുതൽ കൂടുതൽ തള്ളിമാറ്റി. പരിഷ്കൃത രാജ്യങ്ങളിൽ അധ്വാനത്തിന്റെ ഏതാണ്ട് എല്ലാ ശാഖകളും ഫാക്ടറി സമ്പ്രദായത്തിന് കീഴിൽ നടത്തിവരാനും ആ ശാഖകളിൽ ഒട്ടുമിക്കതിനും വ്യവസായം കൈത്തൊഴിലിനെയും നിർമ്മാണ തൊഴിലിനെയും തള്ളി പുറത്താക്കാനും ഇടയായത് ഇങ്ങനെയാണ്. ഇതിന്റെ ഫലമായി മുമ്പത്തെ ഇടത്തരം വർഗങ്ങൾ, വിശേഷിച്ച് ചെറുകിട കൈ വേലക്കാരായ മേസ്തിരിമാർ, അധികമധികം നാശത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ മുമ്പത്തെ സ്ഥിതി പാടേ മാറിയിരിക്കുന്നു. മറ്റെല്ലാ വർഗ്ഗങ്ങളെയും ക്രമേണ വിഴുങ്ങിക്കൊണ്ട് രണ്ടു പുതിയ വർഗ്ഗങ്ങൾ നിലവിൽ വന്നിരിക്കുന്നു. അതായത്;
I. വലിയ മുതലാളിമാരുടെ വർഗ്ഗം. എല്ലാ പരിഷ്കൃത രാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും ആ ഉപജീവനോപാധികൾ ഉത്പാദിപ്പിക്കാൻ ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങളും ഉപകരണങ്ങളും (യന്ത്രോപകരണങ്ങൾ, ഫാക്ടറികൾ മുതലായവ) ഏതാണ്ട് പൂർണ്ണമായും അവരുടെ വകയാണ്. ഈ വർഗ്ഗമാണ് ബൂർഷ്വാവർഗ്ഗം അഥവാ ബൂർഷ്വാസി.
II. യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് അവശ്യം വേണ്ട ജീവനോപാധികൾ ലഭിക്കുന്നതിന് പകരമായി തങ്ങളുടെ അധ്വാനം ബൂർഷ്വാകൾക്ക് വിൽക്കാൻ നിർബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വർഗ്ഗം. ഈ വർഗ്ഗത്തെ തൊഴിലാളിവർഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ് എന്ന് വിളിക്കുന്നു.


ചോദ്യം : തൊഴിലാളികൾ ബൂർഷ്വാകൾക്ക് ഇങ്ങനെ അധ്വാനം വിൽക്കുന്നത് ഏത് സാഹചര്യങ്ങളിലാണ്?
ഉത്തരം: മറ്റേതൊരു ചരക്കിനെയും പോലെ അധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റെയും വിലയെ നിർണയിക്കുന്ന നിയമങ്ങൾ തന്നെ അതിന്റെ വിലയെയും നിർണയിക്കുന്നു. വൻകിട വ്യവസായത്തിന്റെ ആധിപത്യത്തിൻകീഴിലായാലും സ്വതന്ത്ര മത്സരത്തിന്റെ ആധിപത്യത്തിൻ കീഴിലായാലും(രണ്ടും ഒന്നു തന്നെയാണെന്ന് നാം വഴിയെ കാണുന്നതാണ്) ഒരു ചരക്കിന്റെ വില, ശരാശരി എടുത്താൽ, എപ്പോഴും ആ ചരക്കിന്റെ ഉത്പാദന ചിലവിന് തുല്യമായിരിക്കും. അതുകൊണ്ട് അധ്വാനത്തിന്റെ വിലയും അധ്വാനത്തിന്റെ ഉത്പാദന ചെലവിന് തുല്യമാണെന്ന് വരുന്നു. തൊഴിലാളിയെ അധ്വാനത്തിന് പ്രാപ്തനാക്കാനും തൊഴിലാളി വർഗ്ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അധ്വാനത്തിന്റെ ഉത്പാദന ചെലവിൽ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാൽ ഇതിന് വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അധ്വാനത്തിന് പ്രതിഫലമായി ലഭിക്കുകയില്ലെന്ന് അർത്ഥം. ജീവൻ നിലനിർത്താൻ ഏറ്റവും ചുരുങ്ങിയത് ഏറ്റവും കുറഞ്ഞത് എത്ര വേണോ അതായിരിക്കും അധ്വാനത്തിന്റെ വില അഥവാ കൂലി. ബിസിനസ് ചിലപ്പോൾ മോശവും ചിലപ്പോൾ മെച്ചവും ആയിരിക്കും. അതുകൊണ്ട് ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നു എന്നതുപോലെ തന്നെ തൊഴിലാളിക്ക് ചിലപ്പോൾ കൂടുതലും ചിലപ്പോൾ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ല കാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ശരാശരി കിട്ടുന്നത് അതിന്റെ ഉത്പാദന ചെലവിനേക്കാൾ കൂടുതലോ കുറവോ ആയിരിക്കുകയില്ല എന്നതുപോലെതന്നെ തൊഴിലാളിക്ക് ശരാശരി കിട്ടുന്നത് കുറഞ്ഞ (മിനിമം) കൂലിയേക്കാൾ കൂടുതലോ കുറവോ ആയിരിക്കുകയില്ല. അധ്വാനത്തിന്റെ എല്ലാ ശാഖകളെയും വൻകിട വ്യവസായം എത്ര കണ്ട് കൂടുതൽ ഏറ്റെടുക്കുന്നു അത്രകണ്ട് കൂടുതൽ കർശനമായി കൂലിയെ സംബന്ധിച്ച ഈ സാമ്പത്തിക നിയമം നടപ്പാക്കപ്പെടുന്നതാണ്.


ചോദ്യം : വ്യാവസായിക വിപ്ലവത്തിന് മുമ്പ് എന്തെല്ലാം പണിയാള വർഗ്ഗങ്ങളാണ് നിലവിൽ ഉണ്ടായിരുന്നത്?
ഉത്തരം: സമൂഹത്തിന്റെ വ്യത്യസ്ത വികാസ ഘട്ടങ്ങൾക്കനുസരിച്ച് പണിയാള വർഗ്ഗങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുകയും സ്വത്തുടമ വർഗ്ഗങ്ങളും ഭരണാധികാരി വർഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങൾ വച്ചുപുലർത്തുകയും ചെയ്തുവന്നു . പ്രാചീനകാലത്ത് പണിയാളർ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. പല പിന്നോക്ക രാജ്യങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ ഭാഗത്ത് പോലും അവർ ഇന്നും അങ്ങനെയാണ്. മധ്യ യുഗങ്ങളിൽ അവർ ഭൂവുടമകളായ പ്രഭു വർഗ്ഗത്തിന്റെ അടിയാളർ ആയിരുന്നു. ഹംഗറിയിലും പോളണ്ടിലും റഷ്യയിലും അവർ ഇന്നും അങ്ങനെയാണ്. മധ്യയുഗത്തിലും വ്യാവസായിക വിപ്ലവം നടക്കുന്നതുവരെയും പട്ടണങ്ങളിൽ പെറ്റിബൂർഷ്വാ യജമാനന്മാരുടെ കീഴിൽ പണിയെടുക്കുന്ന കൈവേലക്കാരുണ്ടായിരുന്നു. നിർമ്മാണ തൊഴിൽ വളർന്നുവന്നതോടെ നിർമ്മാണ തൊഴിലാളികൾ ക്രമേണ രംഗത്തുവന്നു. ഏറെക്കുറെ വലിയ മുതലാളിമാരാണ് ഇപ്പോൾ അവരെ പണിക്ക് വച്ചിരിക്കുന്നത്.


ചോദ്യം : തൊഴിലാളി അടിമയിൽനിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
ഉത്തരം: അടിമ എക്കാലത്തേക്കുമായി വിൽക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസംതോറും മണിക്കൂർതോറും സ്വയം വിൽക്കേണ്ടി വരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിന് വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടത് ആണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂർഷ്വാ വർഗ്ഗത്തിന്റെ ഒന്നടങ്കം സ്വത്താണെന്ന് പറയാം. ആർക്കെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമേ അവന്റെ അധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലയ്ക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല. തൊഴിലാളിവർഗ്ഗത്തിന് മൊത്തത്തിൽ മാത്രമേ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നിൽക്കുന്നത് മത്സരത്തിന് വെളിയിലാണ്. തൊഴിലാളി നിൽക്കുന്നത് അതിനകത്താണ്. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന് അനുഭവപ്പെടുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്. സിവിൽ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലയ്ക്കാണ്. സിവിൽ സമൂഹത്തിലെ അംഗമെന്ന നിലയ്ക്കാണ്. അങ്ങനെ അടിമ തൊഴിലാളിയെക്കാൾ മെച്ചപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴിലാളി സമൂഹത്തിന്റെ കൂടുതൽ ഉയർന്ന ഒരു വികാസഘട്ടത്തിൽ പെട്ടവനാണ്. അടിമയെക്കാൾ ഉയർന്ന പടിയിലാണ് അവൻ നിൽക്കുന്നത്. എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളിലും വെച്ച് അടിമത്ത ബന്ധത്തെ മാത്രം തകർത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായി തീരുകയും ചെയ്യുന്നു. പൊതുവിൽ സ്വകാര്യ സ്വത്തിനെത്തന്നെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ തൊഴിലാളിക്ക് മോചനം നേടാൻ കഴിയൂ.


ചോദ്യം : തൊഴിലാളി അടിയാളനിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് ഏതു വിധത്തിലാണ്?
ഉത്തരം: ഒരു ഉത്പാദനോപകരണം, ഒരു തുണ്ട് ഭൂമി, അടിയാളന്റെ കൈവശത്തിലും ഉപയോഗത്തിലും ഉണ്ട്. അതിന് പകരമായി അവൻ ഉൽപ്പന്നത്തിന്റെ ഒരംശം ഏൽപ്പിക്കുകയോ പണിയെടുക്കുകയോ ചെയ്യുന്നു. തൊഴിലാളിയാകട്ടെ, മറ്റൊരാളുടെ വകയായ ഉൽപാദന ഉപകരണങ്ങൾ വച്ച് പണിയെടുക്കുകയും ഉൽപ്പന്നത്തിന്റെ ഒരംശം പകരമായി അവനു കിട്ടുകയും ചെയ്യുന്നു. അടിയാളൻ കൊടുക്കുന്നു. തൊഴിലാളിക്ക് കൊടുക്കപ്പെടുന്നു. അടിയാളന് ഉപജീവനത്തിനുറപ്പുണ്ട്, തൊഴിലാളിക്ക് അതില്ല. അടിയാളൻ മത്സരത്തിനു പുറത്തും തൊഴിലാളി അതിനകത്തും നിൽക്കുന്നു. പട്ടണത്തിലേക്ക് ഓടിപ്പോയി അവിടെ ഒരു കൈവേലക്കാരനായി തീരുകയോ തന്റെ ഭൂവുടമയ്ക്ക് അധ്വാനവും ഉൽപ്പന്നങ്ങളും കൊടുക്കുന്നതിനു പകരം പണം കൊടുത്ത് അതുവഴി ഒരു വെറും പാട്ടക്കാരൻ ആവുകയോ അതുമല്ലെങ്കിൽ തന്റെ ഫ്യൂഡൽ പ്രഭുവിനെ അടിച്ചോടിച്ചിട്ട് താൻതന്നെ സ്വത്തുടമയാവുകയോ ചെയ്തിട്ടാണ് -ചുരുക്കിപ്പറഞ്ഞാൽ സ്വത്തുടമ വർഗ്ഗത്തിന്റെ അണികളിലും മത്സരത്തിലും ഒരു വഴിക്ക് അല്ലെങ്കിൽ മറ്റൊരു വഴിക്ക് പ്രവേശിച്ചു കൊണ്ടാണ്- അടിയാളൻ മോചനം നേടുന്നത്. മത്സരവും സ്വകാര്യ സ്വത്തും എല്ലാ വർഗ്ഗവൈജാത്യങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്.


ചോദ്യം : തൊഴിലാളി, നിർമ്മാണ തൊഴിലിലെ വേലക്കാരനിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് ഏതുവിധത്തിലാണ്?
ഉത്തരം: പതിനാറാം നൂറ്റാണ്ടുതൊട്ട് പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലത്തെ നിർമ്മാണത്തൊഴിലാളി ഒട്ടുമുക്കാലും എല്ലായിടത്തും തന്റെ ഉൽപാദന ഉപകരണത്തിന്റെ – തന്റെ തറിയുടെയും കുടുംബത്തിലെ ചർക്കയുടെയും – ഉടമയായിരുന്നു. കൂടാതെ ഒഴിവുസമയത്ത് കൃഷി ചെയ്തുപോന്ന ചെറിയൊരു തുണ്ട് ഭൂമിയും അവനു സ്വന്തമായിട്ടുണ്ടായിരുന്നു. തൊഴിലാളിക്ക് ഇതൊന്നുമില്ല. ഏതാണ്ട് പൂർണ്ണമായും നാട്ടിൻപുറത്ത് തന്നെയാണ് നിർമ്മാണ തൊഴിലാളിയുടെ താമസം. തൊഴിലാളിയാകട്ടെ ഒട്ടുമുക്കാലും താമസിക്കുന്നത് വലിയ പട്ടണങ്ങളിലാണ്. അവനും തൊഴിലുടമയും തമ്മിൽ തനി പണബന്ധമാണുള്ളത്. വൻകിട വ്യവസായം നിർമ്മാണ തൊഴിലാളിയെ അവന്റെ പഴയ സാഹചര്യങ്ങളിൽ നിന്ന് പിഴുതുമാറ്റുന്നു. സ്വന്തമായിട്ട് അപ്പോഴും കൈവശമുള്ള സ്വത്ത് നഷ്ടപ്പെട്ട അവൻ ഒരു തൊഴിലാളിയായിതീരുന്നു.


ചോദ്യം : വ്യാവസായിക വിപ്ലവത്തിന്റെയും സമൂഹം ബൂർഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിന്റെയും അടിയന്തരഫലങ്ങൾ എന്തെല്ലാമായിരുന്നു ?
ഉത്തരം: ഒന്നാമത് യന്ത്രാധ്വാനം വ്യാവസായിക ഉൽപ്പന്നങ്ങളുടെ വില നിരന്തരം കുറച്ചതുകൊണ്ട് കായികാധ്വാനത്തിൽ അധിഷ്ഠിതമായ നിർമ്മാണ തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പഴയ സമ്പ്രദായത്തിന് എല്ലാ രാജ്യങ്ങളിലും സമ്പൂർണ്ണ നാശം സംഭവിച്ചു. ചരിത്ര വികാസത്തിൽനിന്ന് ഇതേവരെ ഏറെക്കുറെ ഒറ്റപ്പെട്ടു നിന്നിരുന്നതും നിർമ്മാണ തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വ്യവസായത്തോട് കൂടിയതുമായ എല്ലാ അർത്ഥ കിരാത രാജ്യങ്ങളും അങ്ങനെ ബലാൽക്കാരമായി അവയുടെ ഏകാന്തതയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരപ്പെട്ടു. അവ ഇംഗ്ലീഷുകാരുടെ വിലകുറഞ്ഞ ചരക്കുകൾ വാങ്ങുകയും സ്വന്തം നിർമ്മാണ തൊഴിലാളികളെ നശിക്കാനനുവദിക്കുകയും ചെയ്തു. പരസഹസ്രം വർഷങ്ങളായി വളർച്ചമുട്ടി കിടന്നിരുന്ന രാജ്യങ്ങൾ – ഉദാഹരണത്തിന് ഇന്ത്യ – അടിമുടി വിപ്ലവകരമായി മാറ്റപ്പെട്ടത് ഇങ്ങനെയാണ്. ചൈനപോലും ഇപ്പോൾ ഒരു വിപ്ലവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഇംഗ്ലണ്ടിൽ ഇന്ന് കണ്ടുപിടിച്ച ഒരു യന്ത്രം ഒരു വർഷത്തിനുശേഷം ചൈനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഴപ്പുമുട്ടിക്കും എന്ന സ്ഥിതിയുളവാക്കുന്നു. ഇങ്ങനെ വൻകിട വ്യവസായം ലോകത്തുള്ള എല്ലാ ജനതകളെയും പരസ്പരം ബന്ധപ്പെടുത്തുകയും ചെറിയ പ്രാദേശിക കമ്പോളങ്ങളെല്ലാം ഒരൊറ്റ ലോകകമ്പോളമായി ഒന്നിച്ചുചേർക്കുകയും എല്ലായിടത്തും നാഗരികതയ്ക്കും പുരോഗതിക്കും വഴിതെളിക്കുകയും ചെയ്തിരിക്കുന്നു. പരിഷ്‌കൃത രാജ്യങ്ങളിൽ നടക്കുന്ന എന്തും മറ്റെല്ലാ രാജ്യങ്ങളിലും പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലണ്ടിലെയോ ഫ്രാൻസിലെയോ തൊഴിലാളികൾ ഇന്ന് മോചനം നേടുന്ന പക്ഷം അത് മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവങ്ങൾക്ക് ഇടവരുത്താതിരിക്കില്ല. അവ ഇന്നല്ലെങ്കിൽ നാളെ അവിടങ്ങളിലെ തൊഴിലാളികളുടെയും മോചനത്തിന് വഴിതെളിക്കുന്നതാണ്.
രണ്ടാമത്, എവിടെവിടെ വൻകിട വ്യവസായം നിർമ്മാണ തൊഴിലിന്റെ സ്ഥാനം എടുത്തുവോ അവിടെല്ലാം വ്യാവസായിക വിപ്ലവം ബൂർഷ്വാസിയെയും അതിന്റെ സമ്പത്തിനെയും അധികാരത്തെയും പരമാവധി വളർത്തുകയും അതിനെ രാജ്യത്തെ ഒന്നാമത്തെ വർഗ്ഗമാക്കുകയും ചെയ്തു. ഇത് സംഭവിച്ചിടത്തെല്ലാം ബൂർഷ്വാസി രാഷ്ട്രീയ അധികാരം സ്വന്തം കൈയിലെടുക്കുകയും അതുവരെ ഭരണം നടത്തിയിരുന്ന വർഗ്ഗങ്ങളെ – പ്രഭു വർഗ്ഗത്തെയും ഗിൽഡുകളിൽപെട്ട നഗരവാസികളെയും – ആ രണ്ടു കൂട്ടരുടെയും പ്രതിനിധിയായ രാജവാഴ്ചയെയും -അടിച്ചു പുറത്താക്കുകയും ചെയ്തു എന്നതാണ് ഇതിൽ നിന്നുളവായ ഫലം. അവകാശനിർണ്ണയമുള്ള ഭൂസ്വത്തുക്കൾ, അഥവാ ഭൂസ്വത്തുക്കൾ വിൽക്കരുതെന്ന നിരോധനങ്ങൾ അവസാനിപ്പിച്ചുകൊണ്ടും കുലീന വർഗ്ഗത്തിന്റെ വിശേഷ അവകാശങ്ങൾ എടുത്തുകളഞ്ഞുകൊണ്ടുമാണ് ബൂർഷ്വാസി കുലീനവർഗ്ഗത്തിന്റെ അതായത് പ്രഭുവർഗ്ഗത്തിന്റെ അധികാരം തകർത്തത്. എല്ലാ ഗിൽഡുകളും കൈവേലക്കാരുടെ വിശേഷാവകാശങ്ങളും നിർത്തലാക്കിക്കൊണ്ടാണ് ബൂർഷ്വാസി ഗിൽഡുകളിലെ നഗരവാസികളുടെ അധികാരം തകർത്തത്. അവ രണ്ടിന്റെയും സ്ഥാനത്ത് അത് സ്വതന്ത്ര മത്സരത്തെ- അതായത് ഏതു വ്യവസായശാഖ വേണമെങ്കിലും നടത്തിക്കൊണ്ടുപോകാൻ ആർക്കും അവകാശമുള്ളതും ആവശ്യമായത്ര മൂലധനത്തിന്റെ കുറവൊഴിച്ച് മറ്റൊന്നുംതന്നെ അയാളെ ഇക്കാര്യത്തിൽ തടസ്സപ്പെടുത്താത്തതുമായ ഒരു സാമൂഹ്യ വ്യവസ്ഥയെ- ഏർപ്പെടുത്തി. അതുകൊണ്ട് കൈവശമുള്ള മൂലധനം അസമമായേടത്തോളം മാത്രമേ മേലാൽ സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ അസമത്വം ഉണ്ടായിരിക്കൂ എന്നും മൂലധനമാണ് നിർണായക ശക്തിയെന്നും അക്കാരണത്താൽ മുതലാളിമാർ അഥവാ ബൂർഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായി കഴിഞ്ഞിരിക്കുന്നു എന്നുമുള്ള ഒരു പരസ്യ പ്രഖ്യാപനമാണ് സ്വതന്ത്ര മത്സരത്തിന്റെ ഏർപ്പെടുത്തൽ. എന്നാൽ വൻകിട വ്യവസായത്തിന്റെ ആരംഭഘട്ടത്തിൽ സ്വതന്ത്ര മത്സരം കൂടിയേ കഴിയൂ. കാരണം ആ സാമൂഹ്യവ്യവസ്ഥയിൽ മാത്രമേ വൻകിട വ്യവസായത്തിന് വളരാനൊക്കൂ. അങ്ങനെ പ്രഭു വർഗ്ഗത്തിന്റെയും ഗിൽഡുകളിലെ നഗരവാസികളുടെയും സമൂഹ അധികാരം തകർത്ത ശേഷം ബൂർഷ്വാസി അവരുടെ രാഷ്ട്രീയ അധികാരത്തെയും തകർത്തു. സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായി തീർന്നതിനു ശേഷം ബൂർഷ്വാസി രാഷ്ട്രീയ രംഗത്തും ഒന്നാമത്തെ വർഗ്ഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു. പ്രാതിനിധ്യ സമ്പ്രദായം ഏർപ്പെടുത്തിക്കൊണ്ടാണ് അത് അങ്ങനെ ചെയ്തത്. നിയമത്തിന്റെ മുമ്പിലുള്ള ബൂർഷ്വാസമത്വത്തിലും സ്വതന്ത്ര മത്സരത്തിന്റെ നിയമപരമായ അംഗീകരണത്തിലും അധിഷ്ഠിതമായ പ്രസ്തുത സമ്പ്രദായം യൂറോപ്യൻ രാജ്യങ്ങളിൽ നടപ്പിൽ വരുത്തിയത് വ്യവസ്ഥാപിത രാജവാഴ്ചയുടെ രൂപത്തിലാണ്. ആ വ്യവസ്ഥാപിത രാജവാഴ്ചകളുടെ കീഴിൽ കുറെ മൂലധനം കൈവശമുള്ളവർക്ക് മാത്രമേ – അതായത് ബൂർഷ്വാകൾക്ക് മാത്രമേ – വോട്ടവകാശം ഉള്ളൂ. ആ ബൂർഷ്വാ വോട്ടർമാർ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ആ ബൂർഷ്വാ ജനപ്രതിനിധികൾ നികുതി ചുമത്താതിരിക്കാനുള്ള അവകാശം ഉപയോഗിച്ച് ബൂർഷ്വാ ഗവൺമെന്റിനെ തിരഞ്ഞെടുക്കുന്നു.
മൂന്നാമത്, വ്യാവസായിക വിപ്ലവം ബൂർഷ്വാസിയെ വളർത്തിക്കൊണ്ടുവന്നിടത്തോളംതന്നെ തൊഴിലാളിവർഗ്ഗത്തെയും വളർത്തിക്കൊണ്ടുവന്നു. ബൂർഷ്വാസി ധനം ആർജിക്കുംതോറും തൊഴിലാളികൾ എണ്ണത്തിൽ പെരുകിവന്നു. മൂലധനത്തിനു മാത്രമേ തൊഴിലാളികളെ പണിക്കുവെക്കാൻ കഴിയുകയുള്ളൂ എന്നതുകൊണ്ടും തൊഴിലാളികളെ പണിക്കുവെച്ചാൽ മാത്രമേ മൂലധനം വളരുകയുള്ളൂ എന്നതുകൊണ്ടും മൂലധനത്തിന്റെ വളർച്ചയുടെ തോതിൽതന്നെ തൊഴിലാളിവർഗ്ഗത്തിന്റെ വളർച്ചയും നടക്കുന്നു. അതോടൊപ്പം വ്യാവസായിക വിപ്ലവം ബൂർഷ്വാകളെയും തൊഴിലാളികളെയും വ്യവസായം ഏറ്റവും ലാഭകരമായി നടത്താൻ കഴിയുന്ന വലിയ പട്ടണങ്ങളിൽ ഒന്നിച്ചു കൊണ്ടുവരുന്നു. വമ്പിച്ച ജനസഞ്ചയങ്ങളെ ഇങ്ങനെ ഒരൊറ്റ ഇടത്ത് തടുത്തുകൂട്ടുന്നതുവഴി അത് തൊഴിലാളികളെ സ്വന്തം ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. മാത്രമല്ല വ്യാവസായിക വിപ്ലവം വികസിച്ചു വരുന്തോറും കായികാധ്വാനത്തെ പുറന്തള്ളുന്ന യന്ത്രങ്ങൾ കൂടുതൽ കണ്ടുപിടിക്കുന്തോറും, മുമ്പ് പറഞ്ഞതുപോലെ വൻകിട വ്യവസായം ഏറ്റവും താണ നിലവാരത്തിലേക്ക് കൂലി കുറച്ചു കൊണ്ടുവരികയും അങ്ങനെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി കൂടുതൽ കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് തൊഴിലാളി വർഗ്ഗത്തിന്റെ അസംതൃപ്തി വർദ്ധിച്ചു വരുന്നതിനാലും മറുവശത്ത് അതിന്റെ ശക്തി വർദ്ധിച്ചു വരുന്നതിനാലും വ്യാവസായിക വിപ്ലവം തൊഴിലാളി വർഗ്ഗത്താൽ നടത്തപ്പെടുന്ന ഒരു സാമൂഹ്യ വിപ്ലവത്തിന് കളമൊരുക്കുന്നു.


ചോദ്യം : വ്യാവസായിക വിപ്ലവത്തിന്റെ മറ്റ് അനന്തരഫലങ്ങൾ എന്തെല്ലാമായിരുന്നു ?
ഉത്തരം: ആവി യന്ത്രത്തിന്റെയും മറ്റ് യന്ത്രങ്ങളുടെയും രൂപത്തിൽ വൻകിട വ്യവസായം ചെറിയൊരു കാലയളവിലും ചുരുങ്ങിയ ചെലവിലും വ്യാവസായിക ഉത്പാദനം അളവറ്റതോതിൽ വർധിപ്പിക്കാൻ കഴിയത്തക്ക ഉപാധികൾ സൃഷ്ടിച്ചു. ഉൽപാദനം എളുപ്പമായതുകൊണ്ട് വൻകിട വ്യവസായത്തിന്റെ അവശ്യഫലമായ സ്വതന്ത്രമത്സരം താമസിയാതെ അങ്ങേയറ്റം മൂർച്ഛിച്ചു. വളരെയേറെ മുതലാളിമാർ വ്യവസായത്തിലിറങ്ങി. ഉപയോഗിക്കാവുന്നതിൽ കൂടുതൽ സാധനങ്ങൾ വളരെ വേഗം തന്നെ ഉൽപ്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി നിർമ്മിത സാമഗ്രികൾ വിറ്റഴിക്കാൻ കഴിയാതായി. വാണിജ്യ പ്രതിസന്ധി എന്ന് പറയുന്ന സ്ഥിതി സംജാതമായി. ഫാക്ടറികൾക്ക് പ്രവർത്തനം നിർത്തേണ്ടിവന്നു. ഫാക്ടറി ഉടമകൾ പാപ്പരായി ‘തൊഴിലാളികൾക്ക് പിഴപ്പുമുട്ടി. കൊടിയ ദുരിതം സർവ്വത്ര നടമാടി. കുറെ കഴിഞ്ഞ് മിച്ചോൽപന്നങ്ങൾ വിറ്റഴിക്കപ്പെട്ടു. ഫാക്ടറികൾ വീണ്ടും കർമ്മനിരതമായി. കൂലി വർദ്ധിച്ചു. ക്രമേണ ബിസിനസ് പൂർവാധികം ഊർജ്ജിതമായി നടക്കാൻ തുടങ്ങി. എന്നാൽ അധികം താമസിയാതെ ചരക്കുകൾ വീണ്ടും ക്രമത്തിലേറെ ഉത്പാദിപ്പിക്കപ്പെട്ടു. മറ്റൊരു പ്രതിസന്ധി ആരംഭിച്ചു. അത് മുമ്പത്തേതിന്റെ ഗതി തന്നെ പിന്തുടർന്നു. ഇങ്ങനെ ഈ നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് വ്യവസായത്തിന്റെ സ്ഥിതി സമൃദ്ധിയുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങൾക്കിടയിൽ നിരന്തരം ആടിക്കളിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമുക്കാലും കൃത്യമായി അഞ്ചു മുതൽ ഏഴ് വരെ കൊല്ലങ്ങൾ ഇടവിട്ട് ഇത്തരം പ്രതിസന്ധി ആവർത്തിച്ചു വരികയാണ്. ഓരോ തവണയും അത് തൊഴിലാളികൾക്ക് കൂടുതൽ കൂടുതൽ ദുസ്സഹമായ ദുരിതം വരുത്തിവയ്ക്കുന്നു, പൊതുവിപ്ലവവിക്ഷോഭവും നിലവിലുള്ള വ്യവസ്ഥിതിക്കൊട്ടാകെ ഏറ്റവും വലിയ അപകടവും ഉളവാക്കുന്നു.


ചോദ്യം : മുറക്ക് ആവർത്തിക്കുന്ന ഈ വാണിജ്യ പ്രതിസന്ധികളിൽനിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങൾ എന്തെല്ലാമാണ്?
ഉത്തരം: ഒന്നാമത്, വൻകിട വ്യവസായം തന്നെയാണ് അതിന്റെ വികാസത്തിലെ പ്രാരംഭഘട്ടങ്ങളിൽ സ്വതന്ത്ര മത്സരം സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത് സ്വതന്ത്ര മത്സരത്തിനപ്പുറത്തേക്ക് വളർന്നിരിക്കുന്നു. മത്സരവും പൊതുവിൽ വ്യക്തികൾ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യാവസായിക ഉൽപാദനം നടത്തുന്നതും വൻകിട വ്യവസായത്തിന് ഒരു വിലങ്ങായി തീർന്നിരിക്കുന്നു. ആ വിലങ്ങ് പൊട്ടിക്കണം, പൊട്ടിക്കുകയും ചെയ്യും. വൻകിട വ്യവസായം ഇന്നത്തെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കാലത്തോളം ഏഴ് വർഷം കൂടുമ്പോൾ ആവർത്തിക്കുന്ന പൊതു പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടു മാത്രമേ അതിനു നിലനിൽക്കാൻ കഴിയൂ. ആ പ്രതിസന്ധി ഓരോ തവണയും നാഗരികതയെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്നു. അത് തൊഴിലാളികളെ ദുരിതത്തിന്റെ പടുകുഴിയിലേയ്ക്ക് വലിച്ചെറിയുന്നു. എന്നു മാത്രമല്ല, വളരെയേറെ ബൂർഷ്വാകളെക്കൂടി നശിപ്പിക്കുന്നു. അതുകൊണ്ട് ഒന്നുകിൽ വൻകിട വ്യവസായത്തെ ഉപേക്ഷിക്കണം. അത് സാധ്യമല്ല. അതുകൊണ്ടുതന്നെ പരസ്പരം മത്സരിക്കുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫാക്ടറി ഉടമകൾക്ക് പകരം സമൂഹമൊട്ടാകെ ഒരു നിശ്ചിത പദ്ധതി അനുസരിച്ച്, എല്ലാവരുടെയും ആവശ്യങ്ങൾക്കനുസരിച്ച് വ്യാവസായിക ഉത്പാദനം നടത്തിക്കൊണ്ടുപോകുന്ന തികച്ചും പുതിയൊരു സാമൂഹ്യ സംവിധാനം അത് ആവശ്യമാക്കി തീർക്കുന്നു.
രണ്ടാമത്, സമൂഹത്തിലെ ഓരോ അംഗത്തിനും തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്റെ എല്ലാ ശക്തികളും കഴിവുകളും വികസിപ്പിക്കാനും പ്രയോഗിക്കാനും കഴിയുമാറ് ജീവിതത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും അത്രയധികം ഉത്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തെ നിലവിൽ കൊണ്ടുവരാൻ വൻകിട വ്യവസായത്തിനും അത് സാധ്യമാക്കി തീർത്തിട്ടുള്ള അപരിമിതമായ ഉൽപാദന വികസനത്തിനും കഴിയുന്നതാണ്. അങ്ങനെ ഇന്നത്തെ സമൂഹത്തിൽ എല്ലാ ദുരിതങ്ങളും എല്ലാ വാണിജ്യ പ്രതിസന്ധികളും ഉളവാക്കുന്നത് വൻകിട വ്യവസായത്തിന്റെ ഏതു ഗുണമാണോ അതേ ഗുണംതന്നെയാണ്, വ്യത്യസ്തമായ ഒരു സാമൂഹ്യ സംവിധാനത്തിനു കീഴിൽ ഈ ദുരിതങ്ങളും വിനാശകരമായ ചാഞ്ചാട്ടങ്ങളും നശിപ്പിക്കുന്നത്.
അങ്ങനെ രണ്ടു കാര്യങ്ങൾ വ്യക്തമായും തെളിയിക്കപ്പെട്ടിരിക്കുന്നു:
1) മേലാൽ ഈ ദോഷങ്ങളെല്ലാം, നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാത്തതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെമേൽ പൂർണ്ണമായും ആരോപിക്കാവുന്നതാണ്.
2) പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങൾ പൂർണമായും നിർമ്മാർജനം ചെയ്യാൻ ആവശ്യമായ ഉപാധികൾ ഇന്നുതന്നെ നിലവിലുണ്ട്.


ചോദ്യം : ഈ പുതിയ സാമൂഹ്യക്രമം എത്തരത്തിലുള്ളതായിരിക്കണം?
ഉത്തരം: ഒന്നാമത്, പുതിയ സാമൂഹ്യക്രമം സാമാന്യമായി വ്യവസായത്തിന്റെയും ഉത്പാദനത്തിന്റെ എല്ലാ ശാഖകളുടെയും നടത്തിപ്പ് പരസ്പരം മത്സരത്തിൽ ഏർപ്പെട്ടുകൊണ്ട് നിൽക്കുന്ന വ്യക്തികളുടെ കൈകളിൽ നിന്നു മാറ്റും. പകരം അത് ആ ഉത്പാദനശാഖകളെയെല്ലാം മുഴുവൻ സമൂഹത്തിന്റെയും പേരിൽ – അതായത് സമൂഹത്തിന്റെ താൽപര്യാർത്ഥവും ഒരു സാമൂഹ്യ പദ്ധതി അനുസരിച്ചും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയും – നടത്തും. അങ്ങനെ അത് മത്സരം അവസാനിപ്പിച്ച് തൽസ്ഥാനത്ത് സഹകരണം ഏർപ്പെടുത്തും. വ്യക്തികൾ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യവസായം നടത്തുന്നത് അനിവാര്യമായും സ്വകാര്യ സ്വത്തുടമസ്ഥതയ്ക്ക് വഴിതെളിക്കും എന്നതുകൊണ്ടും മത്സരമെന്നത് സ്വകാര്യ സ്വത്തുടമകളായ വ്യക്തികൾ വ്യവസായം നടത്തിക്കൊണ്ടുപോകുന്ന രീതി അല്ലാതെ മറ്റൊന്നുമല്ലാത്തതുകൊണ്ടും, സ്വകാര്യ സ്വത്തുടമസ്ഥതയെ വ്യവസായത്തിന്റെ വ്യക്തിപരമായ നടത്തിപ്പിൽനിന്നും മത്സരത്തിൽനിന്നും വേർതിരിക്കാനാവില്ല. അതുകൊണ്ട് സ്വകാര്യ സ്വത്തുടമസ്ഥതയും അവസാനിപ്പിക്കേണ്ടി വരും. തൽസ്ഥാനത്ത് എല്ലാ ഉൽപാദന ഉപകരണങ്ങളും പൊതുവായി ഉപയോഗിക്കപ്പെടും. എല്ലാ ഉൽപ്പന്നങ്ങളും പൊതുധാരണയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യപ്പെടും. അതായത് പൊതു ഉടമസ്ഥത എന്ന് പറയുന്ന സമ്പ്രദായം ഏർപ്പെടുത്തും. സ്വകാര്യ സ്വത്തുടമസ്ഥതയുടെ നിർമ്മാർജ്ജനം വ്യവസായത്തിന്റെ വികാസത്തിൽനിന്ന് അനിവാര്യമായും ഉളവാകുന്ന സാമൂഹ്യ വ്യവസ്ഥയുടെയാകെ പരിവർത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്. അതുകൊണ്ട് സ്വകാര്യ സ്വത്തുടമസ്ഥതയുടെ നിർമ്മാർജ്ജനം മുഖ്യ ആവശ്യമായി കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടുവയ്ക്കുന്നത് തികച്ചും ശരിയാണ്.


ചോദ്യം : സ്വകാര്യ ഉടമസ്ഥതയുടെ നിർമ്മാർജ്ജനം മുമ്പ് അസാധ്യമായിരുന്നു എന്നാണോ ഇതിനർത്ഥം?
ഉത്തരം: അതെ, അസാധ്യമായിരുന്നു. സാമൂഹ്യ ക്രമത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റവും സ്വത്തുടമ ബന്ധങ്ങളിലുണ്ടാകുന്ന ഓരോ വിപ്ലവവും പഴയ സ്വത്തുടമ ബന്ധങ്ങളുമായി പൊരുത്തപ്പെടാത്തതായിക്കഴിഞ്ഞ പുതിയ ഉത്പാദന ശക്തികൾ സൃഷ്ടിക്കപ്പെടുന്നതിന്റെ അവശ്യഫലമാണ്. സ്വകാര്യ സ്വത്തുടമസ്ഥത തന്നെ ഉത്ഭവിച്ചത് ഇങ്ങനെയാണ്. സ്വകാര്യ സ്വത്തുടമസ്ഥത എക്കാലത്തും നിലവിലുണ്ടായിരുന്നില്ല. മദ്ധ്യ യുഗങ്ങളുടെ അവസാന ഘട്ടത്തിൽ നിർമ്മാണ തൊഴിലിന്റെ രൂപത്തിൽ പുതിയൊരു ഉത്പാദന രീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിൽ ഉണ്ടായിരുന്ന ഫ്യൂഡൽ – ഗിൽഡ് സ്വത്തുടമസ്ഥതയുമായി പൊരുത്തപ്പെടാത്തതായിരുന്നു അത്: പഴയ സ്വത്തുടമ ബന്ധങ്ങൾക്കപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരുന്ന നിർമ്മാണത്തൊഴിൽ പുതിയൊരു രൂപത്തിലുള്ള സ്വത്തുടമസ്ഥത സൃഷ്ടിച്ചു. അതാണ് സ്വകാര്യ സ്വത്തുടമസ്ഥത. നിർമ്മാണ തൊഴിലിന്റെ കാലഘട്ടത്തിലും വൻകിട വ്യവസായത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലും സ്വകാര്യ സ്വത്തുടമസ്ഥതയല്ലാതെ മറ്റൊരു രൂപത്തിലുള്ള സ്വത്തുടമസ്ഥത സാധ്യമല്ലായിരുന്നു. സ്വകാര്യ സ്വത്തുടമസ്ഥതയെ അടിസ്ഥാനപ്പെടുത്തിയതല്ലാതെ മറ്റൊരു സാമൂഹ്യക്രമം സാധ്യമല്ലായിരുന്നു. എല്ലാവർക്കും നൽകാൻ തികയുന്നതിനുമുമ്പേ സാമൂഹ്യ മൂലധനം വർദ്ധിപ്പിക്കാനും ഉൽപാദന ശക്തികളെ കൂടുതൽ വികസിപ്പിക്കാനുംവേണ്ടി ഉൽപ്പന്നങ്ങളുടെ കുറെ മിച്ചംവയ്ക്കാൻകൂടി ആവശ്യമായത്ര അളവിൽ ഉൽപാദനം നടത്താൻ കഴിയാത്ത കാലത്തോളം സമൂഹത്തിലെ ഉത്പാദന ശക്തികളെ അടക്കിഭരിക്കുന്ന ഒരു മേധാവി വർഗ്ഗവും ദരിദ്രമായ ഒരു മർദ്ദിത വർഗ്ഗവും എപ്പോഴും ഉണ്ടായേ തീരൂ. ഈ വർഗ്ഗങ്ങൾ എത്തരത്തിലുള്ളതാണെന്നത് ഉത്പാദനത്തിന്റെ വികാസഘട്ടത്തെ ആശ്രയിച്ചിരിക്കും. കൃഷിയെ ആശ്രയിച്ചു നിലനിന്ന മധ്യയുഗങ്ങളിൽ നാം കാണുന്നത് ഭൂപ്രഭുവിനെയും അടിയാളനെയും ആണ്. മധ്യയുഗങ്ങളുടെ അവസാനകാലത്ത് നഗരങ്ങളിൽ ഗിൽഡ് മേസ്ത്രിയെയും അയാളുടെ കീഴിൽ പണിയെടുക്കുന്ന അപ്രന്റീസുകളെയും ദിവസവേലക്കാരെയും കാണാം. പതിനേഴാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നത് നിർമ്മാണ തൊഴിലുടമകളും നിർമ്മാണ തൊഴിലാളികളുമാണ്. പത്തൊൻപതാം നൂറ്റാണ്ടിലുള്ളത് വൻകിട ഫാക്ടറി ഉടമകളും തൊഴിലാളികളുമാണ്. എല്ലാവർക്കും മതിയായ അളവിൽ ഉൽപാദനം നടത്താനും സ്വകാര്യ ഉടമസ്ഥത ഉത്പാദന ശക്തികൾക്കൊരു വിലങ്ങും പ്രതിബന്ധവും ആയി തീരാനുമാവശ്യമായത്ര വിപുലമായി ഉൽപാദന ശക്തികൾ ഇനിയും വളർന്നിട്ടില്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും ഒന്നാമത് വൻകിട വ്യവസായത്തിന്റെ വികസനം ഇതേവരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന തോതിൽ മൂലധനത്തെയും ഉൽപാദന ശക്തികളെയും ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നു. ആ ഉൽപാദന ശക്തികളെ ചെറിയൊരു കാലയളവിൽ അവസാനമില്ലാതെ വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. രണ്ടാമത് ഈ ഉത്പാദന ശക്തികൾ കുറച്ച് ബൂർഷ്വാകളുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതേസമയം ജനങ്ങളുടെ വമ്പിച്ച വിഭാഗങ്ങൾ തൊഴിലാളി വർഗ്ഗത്തിന്റെ അണികളിലേക്ക് കൂടുതൽ കൂടുതൽ വീണുകൊണ്ടിരിക്കുന്നു. ബൂർഷ്വാകളുടെ സമ്പത്ത് പെരുകുന്ന തോതിൽത്തന്നെ ഇവരുടെ സ്ഥിതി കൂടുതൽ കൂടുതൽ ദുരിതപൂർണവും ദുസ്സഹവുമായി വരികയാണ്. മൂന്നാമത്, ഊറ്റമേറിയതും എളുപ്പം വർദ്ധിപ്പിക്കാവുന്നതുമായ ഈ ഉത്പാദന ശക്തികൾ സ്വകാര്യ സ്വത്തുടമസ്ഥതയ്ക്കും അപ്പുറത്തേക്ക് വളരെയേറെ വളർന്നു കഴിഞ്ഞിരിക്കുന്നതിനാൽ അവ സാമൂഹ്യ ക്രമത്തിൽ പ്രബലമായ കോളിളക്കങ്ങൾക്ക് നിരന്തരം ഇടയാക്കുന്നുണ്ട്. ഇങ്ങനെയെല്ലാമുള്ള ഇപ്പോൾ മാത്രമാണ് സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാർജ്ജനം സാധ്യമെന്നു മാത്രമല്ല, തികച്ചും അനുപേക്ഷണീയമായിക്കൂടി വന്നിരിക്കുന്നത്.

Share this post

scroll to top