അധാർമ്മിക നിയമനങ്ങൾ: സർവകലാശാലകളെ കാൽക്കീഴിലാക്കാൻ പിണറായി സർക്കാരിന്റെ അഭ്യാസങ്ങൾ

Share

കേരളത്തിലെ സർവകലാശാലകളെ കാൽക്കീഴിലാക്കാനായി ഇടതുമുന്നണി സർക്കാർ നടത്തുന്ന വഴിവിട്ട നീക്കങ്ങളും പാർട്ടി ബന്ധുക്കൾക്കായി നടത്തുന്ന അധാർമിക നിയമനങ്ങളും സർവ്വ സീമകളും ലംഘിച്ച് തകർത്താടുകയാണ്. നിശ്ചിത അക്കാദമിക യോഗ്യതകൾ കൈവശമില്ലെങ്കിലും സർവകലാശാലകളിലെ ഉയർന്ന അധ്യാപക-അനധ്യാപക പദവികളിലേക്ക് സിപിഐ(എം) നിർദേശിക്കുന്ന അയോഗ്യർ പിൻവാതിലിലൂടെ കടന്നു കൂടുന്നു. നഗ്നമായ അത്തരം സ്വജനപക്ഷപാതത്തിനായി പിൻവാതിലുകൾ നിർമ്മിച്ച് തുറന്നു കൊടുക്കുന്നത് വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ളവരാണെന്നതാണ് ഏറെ അമ്പരപ്പിക്കുന്ന കാര്യം. പാർട്ടി ബന്ധുക്കൾക്കുവേണ്ടി നിയമങ്ങള്‍ വഴി മാറുന്നു. അവ യഥേഷ്ടം ഭേദഗതി ചെയ്യപ്പെടുന്നു. അതുമല്ലെങ്കിൽ ചട്ടങ്ങളെ നഗ്നമായി കാറ്റിൽപ്പറത്തുന്നു. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പിന്നിലെ ചാലകശക്തിയായി പ്രവർത്തിക്കുന്ന അഴിമതി നിർഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങൾ ബന്ധുനിയമനങ്ങളിലും തെളിഞ്ഞു കാണാം. കുടില അജണ്ടകളോടെ കേന്ദ്ര ബിജെപി സർക്കാർ ദേശീയ തലത്തിൽ വ്യവസ്ഥകളെ കാറ്റിൽപറത്തുമ്പോൾ, അതിനെയും സംസ്ഥാനത്തെ ദുഷ്ചെയ്തികൾക്കായി നിർലജ്ജം പിണറായി സംഘം ഉപയോഗിക്കുന്നു.


സർവകലാശാല നിയമനങ്ങളിലെ അക്കാദമിക മാനദണ്ഡങ്ങളിൽ വെള്ളം ചേർത്ത്, അഭിമുഖ പരീക്ഷക്ക് പ്രാമുഖ്യം നൽകി, യുജിസി കേന്ദ്രസർക്കാർ വൃത്തങ്ങൾക്കുവേണ്ടി വളച്ചൊടിച്ച് തയ്യാറാക്കിയ 2018ലെ റെഗുലേഷൻ ഭേദഗതിയിലെ പഴുതുകൾ സിപിഐ(എം) കേന്ദ്രങ്ങൾ കേരളത്തിലെ സർവകലാശാലകളിൽ യാതൊരു തത്വദീക്ഷയുമില്ലാതെ നടപ്പാക്കിയതോടെയാണ് കാര്യങ്ങൾ വഷളായത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസ്സോസിയേറ്റ് പ്രൊഫസ്സർ പദവി നൽകാൻ എല്ലാ മാനദണ്ഡങ്ങളെയും മര്യാദകളെയും കീഴ്‌വഴക്കങ്ങളെയും കണ്ണൂർ സർവകലാശാല കാറ്റിൽപറത്തിയത് എല്ലായിടവും നടന്നുവരുന്ന ബന്ധുനിയമനങ്ങളുടെ തുടർച്ചയെന്നോണമായിരുന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സംസ്ഥാനത്തെ ഉന്നത സിപിഐ(എം) നേതാക്കളുടെ ഭാര്യമാർക്ക് വഴിവിട്ട് നിയമനം നൽകുന്ന ആറാമത്തെ സംഭവമാണിത്. അതിനുമുമ്പ്, പി.രാജീവ്‌, പി.കെ.ബിജു, എം.ബി.രാജേഷ് തുടങ്ങിയവരു ടെയൊക്കെ ഭാര്യമാർക്ക്‌ നൽകിയ നിയമനം വൻ വിവാദമായിരുന്നു.
പ്രിയയുടെ കാര്യത്തിലേക്ക് വന്നാൽ, കണ്ണൂർ സർവകലാശാലയിലെ മലയാളം വകുപ്പിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തു വരുന്നത് 2021 നവംബർ മാസമാണ്. നവംബർ 11ന് വിജ്ഞാപനം വരുന്നു, പിറ്റേ ദിവസം തിരക്കിട്ട് ഓൺലൈൻ അഭിമുഖം നടത്തുന്നു. തൊട്ടടുത്ത ദിവസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. കേട്ടു കേൾവിയില്ലാത്ത വേഗത. ശ്രദ്ധേയമായകാര്യം, 2018ലെ യുജിസി റെഗുലേഷൻ പ്രകാരമായിരിക്കും നിയമനമെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിരുന്നുവെന്നതാണ്. കാരണം, അക്കാദമിക യോഗ്യതകളെ മറികടന്ന് അഭിമുഖ പരീക്ഷയെ മാത്രം അടിസ്ഥാനമാക്കി സ്വജന നിയമനം സുഗമമായി നടത്താൻ 2018ലെ റെഗുലേഷനിലെ പഴുത് ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം.


ഒരാൾക്ക് അസോസിയേറ്റ് പ്രൊഫസ്സറായി സ്ഥാനക്കയറ്റം നൽകണമെങ്കിൽ അസിസ്റ്റന്റ് പ്രൊഫസറായി 8വർഷത്തെ അധ്യാപന പരിചയം ഉണ്ടാവണം. പിജി/നെറ്റ് എന്നിവ കൂടാതെ, അതേ വിഷയത്തിലോ പ്രസക്ത വിഷയത്തിലോ നേടുന്ന പിഎച്ഡിയും യുജിസി അംഗീകരിച്ചതോ പിയർ റിവ്യൂ ചെയ്യുന്നതോ ആയ ജേണലിൽ പ്രസീദ്ധീകരി ക്കുന്ന നിശ്ചിത എണ്ണം പ്രബന്ധവും നിശ്ചിത അക്കാദമിക പ്രോഗ്രസ്സ് ഇൻഡെക്സ് സ്കോറും ഉണ്ടാകണം. അവയിൽ, റിസർച്ച് സ്കോറിന് ആനുപാതികമായി വെയിറ്റേജ് നൽകണമെന്ന് 2018ലെ റെഗുലേഷനിൽ പറയുന്നുണ്ടെങ്കിലും അവ എങ്ങനെ വേണമെന്ന കാര്യത്തിൽ യുജിസി ചട്ടങ്ങളിൽ വ്യക്തത നൽകിയില്ല. അന്തിമ മെറിറ്റ് നിശ്ചയിക്കുന്നതിന് ആധാരമാക്കുന്നത് അഭിമുഖമാണെന്ന് കൂടി പറഞ്ഞു വെച്ചതോടെ, കൃത്രിമങ്ങൾ കാട്ടാൻ സർവകലാശാലകളിലെ പാർട്ടി നോമിനികൾക്ക് എളുപ്പമായി.
ഗവേഷണ പ്രബന്ധങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും അധ്യാപന പരിചയം ഉൾപ്പടെയുള്ളവയും സൂക്ഷ്മതയോടെ പരിശോധിച്ചതിനുശേഷം, അക്കാദമികമായി മെറിറ്റിൽ മുന്നിൽ വരുന്നവരെ മാത്രമാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത്. റിസർച്ച് സ്കോറിൽ എത്ര മാർക്ക്‌ നേടുന്നുവെന്നതും അധ്യാപന പരിചയത്തിൽ അനുഭവപരിചയം എത്രത്തോളം എന്നതും ഒക്കെ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കേണ്ടത്.
മുൻകാലങ്ങളിൽ അത്തരം വസ്തുനിഷ്ഠമായ അക്കാദമിക പ്രവർത്തനങ്ങൾക്ക് 77മാർക്കും അഭിമുഖ പരീക്ഷകൾക്ക് 23 മാർക്കുമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാൽ, പുതിയ റെഗുലേഷൻ ഭേദഗതി വന്നതോടെ അഭിമുഖത്തിലെ പ്രകടനം അന്തിമ പരിഗണനാമാനദണ്ഡമായി മാറി. നിയമനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയിൽ വരുന്നവർ പ്രത്യേകം നോമിനികളായി മാറിയതോടെ അക്കാദമിക യോഗ്യതകൾ താഴേക്കു പോകുന്ന സ്ഥിതി വന്നു. സർവകലാശാലകളിൽ സിപിഐ(എം) പാർട്ടി ബന്ധുക്കൾക്ക് അനധികൃതമായും അന്യായമായും കടന്നു വരാനുള്ള കവാടമാണത് തുറന്നു കൊടുത്തത്.


എന്താണ് 2018ലെ യുജിസി റെഗുലേഷൻ കൊണ്ടുവന്ന മാറ്റം?


സർവകലാശാലകളിലെ പ്രൊഫസ്സർ, അസിസ്റ്റന്റ് പ്രൊഫസ്സർ, അസോസിയേറ്റ് പ്രൊഫസ്സർ തുടങ്ങിയ തസ്തികകളിലേക്ക് നിയമിക്കപ്പെടാൻ മികച്ച അക്കാദമിക നിലവാരമുള്ള പ്രസിദ്ധീകരണങ്ങളോ ഗവേഷണ പ്രബന്ധങ്ങളോ അധ്യാപന പരിചയ കാലയളവോ ഒക്കെ അഭിമുഖത്തിന് ക്ഷണിക്കപ്പെടു ന്നവരുടെ ചുരുക്കപട്ടിക നിർണയിക്കുന്നതിന് മാത്രമായി ചുരുക്കുന്നതാണ് 2018ലെ യുജിസി റെഗുലേഷൻ ഭേദഗതി ചെയ്തുവെച്ച ദ്രോഹം. നിയമനം, പൂർണമായും അഭിമുഖ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നടത്താം എന്നതാണ് അതിനർത്ഥം. സെലക്ഷൻ കമ്മിറ്റിയിലേക്ക് നിയോഗിക്കപ്പെടുന്ന, കക്ഷി രാഷ്ട്രീയ താല്പര്യം പേറുന്നവർക്ക്, എത്ര ഉയർന്ന അക്കാദമിക യോഗ്യതയുള്ള അധ്യാപകരെയും പുറത്തിരുത്താം എന്ന സ്ഥിതി വന്നുചേർന്നു. ബിജെപിയും കേന്ദ്രസർക്കാരും വിവിധ കേന്ദ്രസർവകലാശാലകളിൽ തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ഈ പഴുത് ഉപയോഗിക്കുന്നു. അടിസ്ഥാന യോഗ്യതയിൽ തുല്യത പാലിക്കുന്ന അനേകം അപേക്ഷകരിൽനിന്ന് ആരെ തെരെഞ്ഞെടുക്കണം എന്നതിന്റെ മാനദണ്ഡത്തിലാണ് കേവല അഭിമുഖത്തെ നിർണായകമാക്കി മാറ്റുന്ന സാഹചര്യം മനഃപൂർവ്വം സൃഷ്ടിക്കപ്പെട്ടത്.


2012ലെ യുജിസി റെഗുലേഷനിൽ ഉണ്ടായിരുന്ന മറ്റ്‌ വ്യവസ്ഥകൾ ഇപ്പോഴും നിലവിലുണ്ട്. അപേക്ഷകരിൽനിന്ന് റിസർച്ച് സ്കോറിന്റെ അടിസ്ഥാനത്തിൽ ചുരുക്കപട്ടികയിൽ വരുന്ന മികച്ചവർക്ക് മുൻഗണന നൽകണം എന്നതായിരുന്നു അതിൽ പ്രധാനം. പക്ഷേ, അതിലൊക്കെ അട്ടിമറി നടത്താൻ അവസരം ഒരുക്കുന്ന വിധത്തിലാണ് അഭിമുഖത്തെ അന്തിമ മാനദണ്ഡമാക്കിയ കേന്ദ്ര നടപടി. പ്രിയ വർഗീസിന്റെ കേസിൽ സംഭവിച്ചതും അതാണ്. പട്ടികയിൽ മികച്ച അക്കാദമിക സ്കോറുള്ള മറ്റ്‌ പലരും ഉണ്ടായിരിക്കെ,651 സ്കോറുള്ള ആളെ പിന്തള്ളി 156 സ്കോർ മാത്രമുള്ള പ്രിയയെ ഒന്നാം റാങ്കുകാരിയാക്കി നിയമനം നടത്താൻ കണ്ണൂർ വൈസ് ചാൻസലർ നേതൃത്വം നൽകിയത് പുതിയ വ്യവസ്ഥകൾ ഉപയോഗിച്ചാണ്. മുമ്പൊന്നും ഇത്രമേൽ സങ്കുചിത പാർട്ടിതാല്പര്യം മാത്രം മുൻനിർത്തി സർവകലാശാലകളിൽ പരസ്യമായി നിയമനം നടത്താൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. പിണറായി സർക്കാരിന്റെ രണ്ടാം വരവോടെ എല്ലാ ജനാധിപത്യ മര്യാദകളും കീഴ് വഴക്കങ്ങളും ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ച്ചയാണ് എല്ലായിടത്തുമെന്നപോലെ സർവകലാശാലകളിലും കാണുന്നത്.


ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ?


പരിപൂർണ്ണമായി, സ്വതന്ത്രമായും ജനാധിപത്യപരമായും പ്രവർത്തിക്കേണ്ട ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയംഭരണ സ്ഥാപനങ്ങളാണ് സർവ്വകലാശാലകൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സർവകലാശാലകളുടെ ഒരു വിധ പ്രവർത്തനങ്ങളിലും നേരിട്ടോ അല്ലാതെയോ ഇടപെടാൻ പാടില്ലായെന്നത് അലംഘനീയമായ സങ്കല്പമാണ്. ചാൻസലർപോലും സർക്കാർ പ്രതിനിധിയാകാൻ പാടില്ല. സർവ്വകാലശാലകൾക്കുള്ളിലെ ഒരു ആഭ്യന്തര മേൽനോട്ടക്കാരന്റെ സ്ഥാനം ചാൻസലർക്ക് കല്‍പ്പിച്ചു കൊടുക്കുന്നതുപോലും വൈസ് ചാൻസലർ പോലെയുള്ള നിയമന കാര്യങ്ങളിൽ മാത്രമാണ്. അവയിൽ സർക്കാർ ഇടപെടൽ ഒഴിവാക്കാൻ ഔപചാരികമായ ചുമതല ചാൻസലർക്ക് നൽകുന്ന ഒരു നിയമം 1957ൽ കേരള നിയമസഭ പാസ്സാക്കുകയുണ്ടായി. ആ നിയമപ്രകാരം, ഗവർണർ ആയിരിക്കും കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാന്‍സലർ എന്ന് വ്യവസ്ഥ ചെയ്‌തു(അടുത്ത കാലത്ത് വന്ന നുവാൽസ്(NUALS) ഒഴികെ).
സാധാരണഗതിയിൽ വൈസ് ചാൻസലർ നിയമനം, ചില സർവ്വകലാശാലകളിലെ ബോർഡ്‌ ഒഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം എന്നിവക്ക് ചാൻസലറുടെ ഔപചാരിക അംഗീകാരം ആവശ്യമാണ്. സെനറ്റിന്റെയും യുജിസിയുടെയും ചാൻസലറുടെയും നോമിനികൾ അടങ്ങിയ സെർച്ച്‌ കം സെലക്ഷൻ കമ്മിറ്റി നിർദ്ദേശിക്കുന്ന മൂന്ന് അംഗ പാനലിൽനിന്ന് ഉയർന്ന യോഗ്യതയുള്ള ഒരാളെ വിസി ആയി നിയമിക്കുന്നതാണ് കീഴ്‌വഴക്കം. മുൻകാലങ്ങളിൽ മഹാപ്രതിഭകളും അത്യുന്നത വ്യക്തിത്വങ്ങളും മാത്രമാണ് വൈസ് ചാൻസലർമാരായി നിയമിതരാകാറുണ്ടായിരുന്നത്. എന്നാൽ സമീപകാലത്ത്, സർക്കാരിന്റെ കക്ഷി രാഷ്ട്രീയ, ജാതി പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർമാരെ നിയമിതരാകുന്നത്.
കേന്ദ്ര ബിജെപി സർക്കാരിന്റെ നോമിനിയും തനി രാഷ്ട്രീയക്കാരനുമായതിനാൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന്റെ ചില ‘തെരഞ്ഞെടുക്കപ്പെട്ട’ ക്രമക്കേടുകൾ ക്കെതിരെ പരസ്യമായി രംഗത്തു വന്നുവെന്നതാണ് സമീപകാലത്ത് സർക്കാരിന് തലവേദന സമ്മാനിച്ച ഒരു രാഷ്ട്രീയസംഭവ വികാസം. ഗവർണറും സർക്കാരും തമ്മിലുള്ള ഒരു രാഷ്ട്രീയപ്പോര് എന്നതിന് അപ്പുറം അതിന് തത്വാധിഷ്ഠിതമായ അടിസ്ഥാനങ്ങൾ ഒന്നുമില്ല. എന്നാൽ, അതിനിടയിൽ, ചാൻസലർ എന്ന നിലയിൽ ചൂണ്ടിക്കാണിച്ച നിയമന ക്രമക്കേടുകൾ വസ്തുതാപരമായി ശരിയും അഭിസംബോധന ചെയ്യപ്പെടേണ്ടവയുമാണ്. ഗവർണർ, പിന്നീട് സർക്കാരുമായി പതിവുപോലെ സന്ധി ചെയ്തേക്കാം. എന്നാൽ, പതിറ്റാണ്ടുകളായി സിപിഐ(എം) നിയന്ത്രിക്കുന്ന കേരളത്തിലെ സർവകലാശാലകളിൽ അവരുടെ ഇഷ്ടക്കാരെ മെരിറ്റ് നോക്കാതെ നിയമിക്കുന്ന താൻപ്രമാണിത്തത്തെ ഗവർണറുടെ രാഷ്ട്രീയ അപ്രമാദിത്വം തല്ക്കാലം ചോദ്യം ചെയ്തുവെന്നതാണ് സംഭവിച്ചത്. അതിലൂടെ, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും അക്കാദമിക രംഗത്തെ സത്യസന്ധരും കാലങ്ങളായി ഉയർത്തിക്കൊണ്ടുവന്ന നിയമനത്തട്ടിപ്പുകൾ സമൂഹത്തിൽ ചർച്ചയാക്കുന്നതിന് വഴിയൊരുക്കാൻ കഴിഞ്ഞു. പ്രിയ വർഗീസിന്റെ രാഷ്ട്രീയ നിയമനത്തെ ഹൈക്കോടതി തടഞ്ഞതുവഴി മെറിറ്റിന്റെ പ്രാധാന്യം ഉദ്ഘോഷിക്കാനും ഇടയാക്കി എന്നതാണ് അതിന്റെ ഗുണഫലം.


അഴിമതി തടയൽ നിർമാർജ്ജനം ചെയ്യാൻ സിപിഐ(എം)


എന്നാൽ, നിയമന ക്രമക്കേടുകൾക്കെതിരെ ചാൻസലർ ശബ്ദം ഉയർത്തിയതിനോടുള്ള വൈരാഗ്യമെന്നോണം ചാൻസലറുടെ പരിമിതമായ അധികാരംപോലും വെട്ടികുറയ്ക്കാൻ ഓർഡിനൻസ് കൊണ്ടുവരാനാണ് ആദ്യം സർക്കാർ ഒരുങ്ങിയത്. അധികാരം എടുത്തു കളയുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പു വെക്കില്ല എന്ന് മനസ്സിലാക്കിയ സിപിഐ(എം)ലെ രാഷ്ട്രീയ ദുശ്ശാസനന്മാർ അതൊരു ബില്ലാക്കി നിയമസഭയിൽ അവതരിപ്പിച്ച്, ഭൂരിപക്ഷം ഉപയോഗിച്ച്, പാസ്സാക്കുകയായിരുന്നു. ബില്ലിന്റെ പ്രധാന ലക്ഷ്യം വൈസ് ചാൻസലർ സ്ഥാനത്തേക്ക് സർക്കാറിന്റെ ഇഷ്ടക്കാരെ നിയമിക്കാൻ തടസം നിൽക്കുന്ന ചാൻസലറുടെ വിവേചനാധികാരം ഇല്ലാതാക്കുക എന്നതാണ്. അതിന്റെ ഭാഗമായി, സർക്കാർ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നു: “സർവകലാശാല സമിതികളുടെ ഏതെങ്കിലും നടപടിക്രമം ആക്ടിനോ അതിന് അനുസൃതമായി രൂപപ്പെടുത്തിയ ചട്ടങ്ങൾക്കോ അനുരൂപമല്ലാത്തതാണെങ്കിൽ അവ റദ്ദ് ചെയ്യാനുള്ള ചാൻസലറുടെ വിവേചനാധികാരം റദ്ദ്ചെയ്യണം”.
പാസാക്കിയ ബില്ല് പ്രകാരം, സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കി മാറ്റാനും അതിലേക്ക് സംസ്ഥാന സർക്കാരിന്റെ രണ്ട് പുതിയ നോമിനികളെക്കൂടി ചേർക്കാനും കഴിയും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധിയും സർക്കാർ നോമിനിയുംകൂടി വരുന്നതോടെ ഭൂരിപക്ഷം സർക്കാർ/പാർട്ടി പ്രതിനിധികളാവും. ഭൂരിപക്ഷ നിർദ്ദേശം ചാൻസലർ അംഗീകരിച്ചു ഒപ്പ് വെക്കണം. അതിനിടയിൽ ഗവർണർ, ബില്ല് പാസ്സാകുന്നതിന് മുമ്പ്, സംസ്ഥാന സർക്കാരിനെ വെട്ടാൻ സംഘപരിവാർ പ്രതിനിധിയെ കേരള സർവകലാശാലയിൽ വൈസ് ചാൻസലറാക്കാനുള്ള നീക്കങ്ങളിലാണ്. പുതിയ ബില്ലിൽ ഒപ്പിടില്ല എന്ന നിലപാടും ആവർത്തിക്കുന്നു. സംഘപരിവാർ പ്രതിനിധിയെ കേരള യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലർ ആയി ഗവർണർ ഏകപക്ഷീയമായി നിയമിക്കുന്ന സ്ഥിതി വന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി സർക്കാറിനായിരിക്കും. തുരുമ്പുകൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ടു എടുക്കുന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ.


ലോകായുക്തയെ വന്ധ്യംകരിച്ച് പിണറായി സംഘം


മന്ത്രിമാര്‍ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരുടെ അഴിമതി തടയുന്നതിന് ഇരുപത്തി മൂന്നു വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരു ഇടതുമുന്നണി സർക്കാർ കേരള നിയമസഭയിൽ പാസ്സാക്കിയെടുത്തതാണ് ലോകായുക്ത നിയമം. എന്നാൽ, സ്വന്തം അഴിമതി പിടിക്കപ്പെടുകയും മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്യുമെന്ന ഭീതി ആ നിയമത്തെ തന്നെ അപ്രസക്തമാക്കുന്ന വിധമൊരു ഭേദഗതി കൊണ്ടുവരാൻ മുഖ്യമന്ത്രി പിണറായി വിജയനെ നിർബന്ധിതനാക്കി. ഉന്നതരുടെ അഴിമതി തടയുന്ന ഒരു നിയമവും വെച്ചുവാഴിക്കില്ലയെന്നതാണ് നയം.അഴിമതി തടയൽ നിയമങ്ങളെ നിർമാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമാണത്.
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ പൊതുഖജനാവിലെ ഫണ്ട്‌ ദുർവിനിയോഗം ചെയ്‌തെന്ന് ലോകയുക്ത വിധിച്ചാൽ തൽസ്ഥാനം രാജിവെക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കുന്ന പതിനാലാം വകുപ്പ് അടങ്ങിയ ഭാഗമാണ് പുതിയ ബില്ലിലൂടെ പിണറായി സർക്കാർ ഇല്ലാതാക്കിയത്. അങ്ങനെയൊരു വിധി വന്നാൽ ഇനിമേൽ, അന്തിമ തീരുമാനം എടുക്കാനുള്ള അപ്പലേറ്റ് അധികാരം മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും അനുവദിച്ചു നൽകുന്നതാണ് ഭേദഗതി. അതുപ്രകാരം, വിധി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാനുള്ള അധികാരം സർക്കാരിന് കൈവരും, ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജനങ്ങളിൽ നിന്ന് ദുരിതശ്വാസ നിധിയിലേക്ക് സമാഹരിച്ച കോടിക്കണക്കിന് രൂപ ദുർവിനിയോഗം നടത്തിയെന്ന കേസിൽ മുഖ്യമന്ത്രി ഉൾപ്പടെ 18 മന്ത്രിമാരെ പ്രതിചേർത്ത് ഫയൽ ചെയ്യപ്പെട്ട കേസ് സമ്മർദ്ദങ്ങൾ മൂലം വിധി പറയാതെ നീട്ടിക്കൊണ്ട് പോവുകയാണ്. 2018 സെപ്റ്റംബർ മാസം ഫയൽ ചെയ്ത കേസ്സിൽ 2022 മാർച്ച്‌ മാസം ഫൈനൽ വിധി പറയാൻ രണ്ട് അംഗ പാനൽ പോസ്റ്റ്‌ ചെയ്തെങ്കിലും ചിറകരിയപ്പെട്ട ലോകായുക്തയിൽ നീതി അകലെ ആയിക്കഴിഞ്ഞു.


ബന്ധുനിയമനത്തിൽ അധികാര ദുർവിനിയോഗം നടന്നുവെന്ന് ലോകയുക്ത വിധിച്ചപ്പോൾ മന്ത്രി കെ.ടി.ജലീലിന് രാജിവെക്കേണ്ടി വന്ന അനുഭവം പിണറായിയുടെ നെഞ്ചിടിപ്പു കൂട്ടുന്നുണ്ട്. അഴിമതിക്ക് കുട പിടിക്കുകയും ഖജനാവ് കൊള്ളയടിക്കുകകയും ചെയ്യുക മാത്രമല്ല ഒരിക്കലും ശിക്ഷിക്കപ്പെടില്ലായെന്ന് ഉറപ്പാക്കുകയും കൂടി ചെയ്യുന്നു പിണറായിയും ക്രിമിനൽ സംഘവും. അപ്പോൾ, ആഗസ്റ്റ് മാസം അന്യായമായി പാസ്സാക്കപ്പെട്ട രണ്ടു നിയമ ഭേദഗതികളും അനിഷേധ്യമായി തെളിയിക്കുന്ന കാര്യം പിണറായി സർക്കാർ ജനദ്രോഹത്തിന്റെയും വഞ്ചനയുടെയും കൊള്ളയുടെയും അഴിമതിയുടെയും കാര്യത്തിൽ മറ്റെല്ലാ മുൻ സർക്കാരുകളെയും ബഹുദൂരം പിന്നിലാക്കിയിരിക്കുന്നുവെന്നാണ്. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളുവെന്ന് പിണറായിയുടെ മുഖം വെച്ച് വീമ്പിളക്കുന്ന പാർട്ടി പരസ്യം വഴിനീളെ വെച്ച് നാട്ടുകാരെ കബളിപ്പിക്കുന്ന കമ്പനിക്ക് അറിയുമോ ഈ മനുഷ്യനും കൂട്ടരും വഴിയില്‍ മാത്രമല്ല ഭയപ്പെടുന്നതെന്ന്?
വൻ അഴിമതിയും ഖജനാവിൽ കൊള്ളയും നടത്തി കടന്നു കളയുന്നവരെ സംരക്ഷിക്കാൻ വേണ്ടി മാത്രം നിർലജ്ജം നിയമവാഴ്ചയെപോലും അവസാനിപ്പിക്കാൻ,മോദിയെപോലെ, പിണറായിയും കൂട്ടരും നടത്തുന്ന നീക്കങ്ങൾ ജനങ്ങളിൽ സൃഷ്ടിക്കുന്ന അവമതിപ്പ് എത്രമാത്രമെന്ന് ചിന്തിക്കാണെങ്കിലും ഈ നേതാക്കൾക്ക് കഴിയുന്നുണ്ടോ? ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ ക്രിമിനൽ സംഘങ്ങൾ വരുത്തുന്ന ഹാനി പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. കേരളത്തിന്റെ ഇടതുപക്ഷ മനഃസാക്ഷി ഉണർന്നു എഴുന്നേൽക്കേണ്ടിയിരിക്കുന്നു.
ജനദ്രോഹകരവും അധാർമ്മികവുമായ ഈ ഇടതുമുന്നണി ഭരണം ഇടതുപക്ഷ രാഷ്ട്രീയവുമായി പുലബന്ധം പോലും പുലർത്തുന്നില്ല.അഴിമതിയിൽ ഉരുളുന്നതും അസന്മാർഗികതയിൽ ആറാടുന്നതുമായ ക്രിമിനൽ മൂലധന വാഴ്ചയാണിത്.പ്രബുദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നേറ്റത്തി ലൂടെ ഈ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.

Share this post

scroll to top