സാധാരണ ജനങ്ങൾക്ക് ആവശ്യമായതൊന്നും നൽകാത്ത ഒരു വ്യവസ്ഥിതിക്കുള്ളിൽ സർക്കാരിന്റെ നയം ഒന്നും സൃഷ്ടിക്കുന്നില്ലെന്ന് കേന്ദ്രബജറ്റ് വീണ്ടും തെളിയിച്ചിരിക്കുന്നു. കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്ന അവിശുദ്ധ ക്രിമിനൽ കൂട്ടുകെട്ടിനെ തകർത്ത്, കുതിച്ചുയരുന്ന വിലക്കയറ്റം ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിയന്ത്രിക്കുന്നതിനും വ്യക്തമായ നടപടിയില്ല. ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും സൗജന്യമായോ, അല്ലെങ്കിൽ കുറഞ്ഞപക്ഷം താങ്ങാനാകുന്ന നിരക്കിലെങ്കിലുമോ ഉറപ്പാക്കാൻ ബജറ്റിൽ നിർദ്ദേശമില്ല.
2006ൽ എം.എസ്.സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്തതും 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപി വാഗ്ദാനം ചെയ്തതും ഡൽഹിയിലെ ഒരു വർഷം നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ കർഷക സമരത്തിൽ കർഷകർ ആവശ്യപ്പെട്ടതുമായ C2+50% നിലവാരത്തിൽ കർഷകരിൽ നിന്ന് വിളകൾ സംഭരിക്കുന്നതിന് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുന്നുണ്ടോ? ഇല്ല. ശക്തമായ ജിഡിപി വളർച്ചയെക്കുറിച്ചുള്ള പതിവ് വാചകമടിപോലും ഉണ്ടായിരുന്നില്ല. പിന്നെ, പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ഭരണകക്ഷിയിലെ അംഗങ്ങൾ ബെഞ്ചിൽ നിരന്തരം അടിച്ചുകൊണ്ട് ആവർത്തിച്ച് സ്വാഗതം ചെയ്ത, ഇത്തവണത്തെ ബജറ്റിന്റെ പേരിൽ അവതരിപ്പിച്ചത്, എന്തായിരുന്നു? സർക്കാരിൽ നിന്നുള്ള വികസിതഭാരതത്തിന്റെ ഒരു പ്രത്യേക കൂട്ട്, അതിങ്ങനെയായിരുന്നു: ദാരിദ്ര്യരഹിതം, നൂറു ശതമാനം നല്ല നിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം, ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതും സമഗ്രവുമായ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം, അർത്ഥവത്തായ തൊഴിലവസരങ്ങളോടെ നൂറു ശതമാനം വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സാമ്പത്തിക പ്രവർത്തനങ്ങളിൽ എഴുപത് ശതമാനം സ്ത്രീകൾ, നമ്മുടെ രാജ്യത്തെ ‘ലോകത്തിന്റെ ഭക്ഷണക്കൂട’യാക്കുന്ന കർഷകർ പുറമേയ്ക്ക് ഇത് വളരെ ആകർഷകമായി തോന്നാം. എന്നാൽ പുസ്തകത്തിന്റെ വൈവിധ്യമാർന്ന പുറംചട്ട മാത്രമാണിത്. ഉള്ളടക്കം വളരെ വഞ്ചനാപരമാണ്. വസ്തുതകളിലേക്ക് ഒന്ന് കണ്ണോടിക്കുക.
സർക്കാർ ചെലവുകൾ കുറഞ്ഞു, കടം വർദ്ധിച്ചു, കോർപ്പറേറ്റ് ലാഭവും പണപ്പെരുപ്പവും കുതിച്ചുയർന്നു
ബജറ്റ് പ്രസംഗത്തിലെ കണക്കുകളുടെ വിശദാംശങ്ങൾ നൽകാതിരിക്കാൻ ബിജെപി സർക്കാർ ഒരു പുതിയ വിദ്യ കണ്ടുപിടിച്ചു. സാധാരണക്കാർക്ക് ലഭ്യമല്ലാത്ത അനുബന്ധങ്ങളിൽ എല്ലാം നൽകിയിരിക്കുന്നു. വ്യാജ ഡാറ്റ, കണക്കുകൂട്ടൽ തന്ത്രങ്ങൾ, മറച്ചുവെച്ച യാഥാർത്ഥ്യം എന്നിവയെല്ലാം അനുബന്ധങ്ങളിൽ അടങ്ങിയിരിക്കുന്നു. ഇനി വിശാലമായ സംഖ്യാ വെട്ടിച്ചുരുക്കലിലേക്ക് നമുക്ക് പോകാം. മൊത്തം ചെലവിൽ എന്തെങ്കിലും വർദ്ധനവുണ്ടോ? ഇല്ല. മൊത്തം ചെലവ് 1,04,025 കോടി രൂപ കുറച്ചു, മൂലധന ചെലവ് 92,682 കോടി രൂപ കുറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഹിതം 11.21 ലക്ഷം കോടി രൂപയായി. എന്നാൽ ഈ കണക്ക് കൈവരിക്കാൻ കഴിഞ്ഞേക്കില്ലെന്നും 10.18 ലക്ഷം കോടി രൂപയായി അത് തുടരുമെന്നും ധനമന്ത്രി തന്നെ സമ്മതിച്ചു. എല്ലാ വർഷവും, കമ്മി ധനസഹായത്തിനായി സർക്കാർ വലിയ തുക കടമെടുക്കുന്നു (പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുക എന്നതാണ് കമ്മി ധനസഹായത്തിനുള്ള മറ്റൊരു മാർഗം-പക്ഷേ ആ കണക്ക് രഹസ്യമായി സൂക്ഷിക്കുന്നു). ഇത്തവണ ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞതുപോലെ, മൊത്തം വിപണി വായ്പകൾ 14.82 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. വാസ്തവത്തിൽ, ബിജെപി ഭരണത്തിന്റെ കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഇന്ത്യ ഓരോ സെക്കന്റിലും 4 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. 2024 സെപ്റ്റംബർവരെ, ഇന്ത്യയുടെ ദേശീയ കടം 2,144.6 ബില്യൺ ഡോളറായിരുന്നു (1,86,58,020 കോടി രൂപ), ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഇത്രയും ഭാരിച്ച കടം കാരണം, പലിശ അടയ്ക്കൽ മൊത്തം ചെലവിന്റെ 25 ശതമാനവും വരുമാനത്തിന്റെ 40 ശതമാനവും ആയിരുന്നു.
പിന്നെ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനെക്കുറിച്ചോ? ഇല്ല, സർക്കാരിന് അതിനെക്കുറിച്ച് ഒരു ആശങ്കയുമില്ല. കാരണം, ചില്ലറ വില സൂചിക എത്ര ദശാംശ പോയിന്റ് വരെ കുറയുമെന്ന് നിർണ്ണയിക്കാൻ ഓവർടൈം ജോലി ചെയ്യുന്ന നിഗൂഢ ധനനയ വിദഗ്ദ്ധരുടെ കൈകളിലാണ് അത് ഏൽപ്പിച്ചിരിക്കുന്നത്. അങ്ങനെ പലിശ നിരക്കുകൾ കുറയ്ക്കാൻ കഴിയും, ബാങ്ക് വായ്പ തിരിച്ചടവ് മുടക്കുന്നത് ഒരു ശീലമാക്കിയ വലിയ കോർപ്പറേറ്റുകൾക്ക് കുറഞ്ഞ പലിശയ്ക്ക് പുതിയ വായ്പ ലഭിക്കും. (2014-15 മുതൽ കഴിഞ്ഞ ഒമ്പത് സാമ്പത്തിക വർഷങ്ങളിലായി ഇന്ത്യയിലെ ബാങ്കുകൾ നിഷ്ക്രിയ ആസ്തികളിലോ കുടിശ്ശിക വരുത്തിയ വായ്പകളിലോ ആകെ 14.56 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായി റിപ്പോർട്ടുണ്ട്.) ഇത് ഉൽപ്പാദനപരമായ നിക്ഷേപത്തിനല്ല, മറിച്ച് ഊഹക്കച്ചവടപരമായ ഓഹരി വിപണിയിലും ആയുധ നിർമ്മാണത്തിലും റോഡുകൾ, പാലങ്ങൾ, ഖനികൾ തുടങ്ങിയ പൊതുമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുക്കുന്നതിലും ഫണ്ട് നിക്ഷേപിക്കാൻ ഉപയോഗിക്കുന്നു. ഇതിനെ ഇപ്പോൾ ആസ്തി സമ്പാദനമായി വിശേഷിപ്പിക്കുന്നു.
ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് പ്രസിദ്ധീകരിച്ച 2025 ലെ സാമ്പത്തിക സർവേയിൽ, “ലാഭം കുതിച്ചുയർന്ന പ്പോഴും” വേതനം പിന്നിലാണെന്ന് പരാമർശിക്കുന്നു. 2023-24 ൽ സാമ്പത്തികം, ഊർജ്ജം, ഓട്ടോമൊബൈൽ എന്നിവയിലെ ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിൽ കോർപ്പറേറ്റ് ലാഭക്ഷമത 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 2023-24 ൽ ശമ്പളക്കാരായ പുരുഷ തൊഴിലാളികളുടെ യഥാർത്ഥ ശരാശരി പ്രതിമാസ വേതനം 11,858 രൂപയായിരുന്നു. 2017-18 ൽ ഇത് 12,665 രൂപയായിരുന്നു. സ്ത്രീ തൊഴിലാളികളുടെ യഥാർത്ഥ വേതനം 2017-18 ൽ 10,116 രൂപയിൽ നിന്ന് 12.5 ശതമാനം കുറഞ്ഞ് 8,855 രൂപയായെന്ന് സർവേ കൂട്ടിച്ചേർത്തു. (നാമമാത്ര വേതനത്തെ ചില്ലറ പണപ്പെരുപ്പം കൊണ്ട് ഹരിച്ചാണ് യഥാർത്ഥ വേതനം കണക്കാക്കുന്നത്). എന്നാൽ, ഇത്രയും അമിതമായ ലാഭ വർദ്ധനവ് ഉണ്ടായിരുന്നിട്ടും, ഇപ്പോൾ അവതരിപ്പിച്ച ബജറ്റിൽ സർക്കാരിന്റെ നികുതി വരുമാനത്തിലേക്കുള്ള കോർപ്പറേറ്റ് നികുതി സംഭാവന വെറും 17% ആയി ചുരുങ്ങി, വ്യക്തിഗത ആദായനികുതി സംഭാവന 22% ആയിരുന്നു. എന്താണ് ഇതിനർത്ഥം? കോർപ്പറേറ്റ് ലോകം തൊഴിലാളികളുടെ രക്തം ഊറ്റിയെടുത്തും സർക്കാർ വാഗ്ദാനം ചെയ്യുന്ന വലിയ ആനുകൂല്യങ്ങൾ, ഇളവുകൾ എന്നിവയിലൂടെയും ലാഭം പരമാവധിയാക്കുന്നു എന്നാണ് ഇതിനർത്ഥം.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് അവശ്യ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുക മാത്രമല്ല, അവയുടെ വ്യാപാരവും വിതരണവും നിയന്ത്രിക്കേണ്ടതുണ്ട്. ഭക്ഷ്യധാന്യങ്ങൾ, പാചക എണ്ണ, ഇന്ധനങ്ങൾ, വസ്ത്രങ്ങൾ, സ്റ്റേഷനറി മുതലായവ താങ്ങാവുന്ന വിലയിൽ ജനങ്ങൾക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ശക്തമായ ഒരു പൊതുവിതരണ സമ്പ്രദായത്തിന്റെ വികാസം ഒരു ചുവടുവയ്പ്പാ കുമായിരുന്നു. ഇത് ഒരു പരിധിവരെ കുതിച്ചുയരുന്ന വിപണി നിരക്കുകൾ കുറയ്ക്കുമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടും, പെട്രോൾ-ഡീസലിനു മേലുള്ള അമിതമായ നികുതികളും സെസ്സും വില ഉയർത്തുന്നതിൽ ഘടകമാവുന്നു. വർദ്ധിച്ച ഗതാഗത ചെലവും അന്തിമ വിലയിൽ ചുമത്തുന്നു. ഗവൺമെന്റിന്റെ കീശ പെരുപ്പിക്കുന്ന അമിതമായ നികുതികളും സെസ്സും യഥാസമയം കുറയ്ക്കുന്നത്, പരോക്ഷ നികുതി ഭാരം കുറയ്ക്കുന്നതിലൂടെ ജനങ്ങൾക്ക് ആശ്വാസം നൽകുമായിരുന്നു.
തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്.20 മുതൽ 24 വയസ്സു വരെയുള്ള പ്രായ വിഭാഗത്തിൽ ഇത് 44.49% ആണ്. മറുവശത്ത്, 25-29 പ്രായ വിഭാഗത്തിൽ ഇത് 14.33% ആയി. 32.06 കോടി ആളുകൾക്ക് ജോലിയില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 31 ലക്ഷം പേർക്ക് ഔദ്യോഗികമായി തൊഴിൽ നഷ്ടപ്പെട്ടു. ഐഎൽഒ-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ് സംയുക്ത പഠനമനുസരിച്ച്, തൊഴിലില്ലാത്തവരിൽ വിദ്യാസമ്പന്നരായ യുവാക്കളുടെ പങ്ക് 2000-ൽ 54% ആയിരുന്നത് 2022-ൽ 66% ആയി ഉയർന്നു.
എന്നാൽ, തൊഴിൽ സൃഷ്ടിക്കണമെന്ന പതിവ് വാചകമടിയിൽ ഊന്നിയ ആഗ്രഹങ്ങളല്ലാതെ മറ്റൊരു വ്യക്തമായ നിർദ്ദേശവുമില്ല. 2023 മാർച്ച് വരെ, കേന്ദ്ര സർക്കാരിനു കീഴിലെ 9.7 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു, ഇത് മൊത്തം അനുവദിച്ച തസ്തികകളുടെ ഏകദേശം 24% ആണ്. റെയിൽവേയിൽ 3.5 ലക്ഷത്തിലധികം ഒഴിവുകൾ ഉണ്ട്. എന്നാൽ, സാധാരണ സർക്കാർ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുകയോ കരാർ തൊഴിലാളികൾ തുച്ഛമായ വേതനത്തിന് നിർവഹിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ധനമന്ത്രി മൗനം പാലിക്കുന്നു. ഈ കരാർ ജോലികൾ തൊഴിലല്ല, മറിച്ച് കുറഞ്ഞ തൊഴിലോ വ്യാജ തൊഴിലോ ആണ്. ജോലികൾ ലഭ്യമാകുന്നതിനായി ആളുകളെ ‘നൈപുണ്യവൽക്കരിക്കുക’ എന്നതിലും, ജോലികൾ വർദ്ധിപ്പിക്കുന്നതിനായി ചെറിയ വായ്പകൾ (ഹോം സ്റ്റേ മാനേജർമാർക്ക് പോലുള്ളവ) നൽകുന്നതിലും പതിവ് പോലെ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ ഈ വൈദഗ്ദ്ധ്യം എങ്ങനെ ഉണ്ടാകും? എന്താണ് രൂപരേഖ? തൊഴിൽ അവസരങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ ഈ നൈപുണ്യ ഉന്നമനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? കേന്ദ്ര ബജറ്റ് രേഖ പോലുള്ള ഒരു പ്രധാനരേഖയിൽ അത്തരം ‘നിസ്സാര’ ചോദ്യങ്ങൾ ഉൾപ്പെടുത്തരുതെന്ന് ധനമന്ത്രി കരുതുന്നുണ്ടാകാം.
ഇന്ത്യയിലെ മികച്ച 500 കമ്പനികളിൽ യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ധനമന്ത്രി ഒരു പുതിയ ‘പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി’ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ യഥാർത്ഥ വ്യവസായ പരിതസ്ഥിതികളുമായി യുവാക്കൾക്ക് പരിചയപ്പെടാനും വിലപ്പെട്ട കഴിവുകളും തൊഴിൽ പരിചയവും നേടാനും ഈ പരിപാടി സഹായിക്കുമെന്ന് അന്ന് പ്രസ്താവിച്ചിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ യുവാക്കൾക്ക് ഒരു കോടി ഇന്റേൺഷിപ്പുകൾ ലക്ഷ്യമിടുന്നതായിരുന്നു ഈ പദ്ധതി. എന്നാൽ ഇത്തവണത്തെ ബജറ്റിൽ, അതിനെക്കുറിച്ച് ഒരു പരാമർശവുമില്ല, ഈ മേഖലയിലെ പുരോഗതി റിപ്പോർട്ട് ചെയ്യുന്നതുപോലുമില്ല. വാസ്തവത്തിൽ, ഇപ്പോൾ ജോലി നൽകേണ്ടത് കോർപ്പറേറ്റ് സ്ഥാപനങ്ങളാണ്. സർക്കാർ ഡാറ്റ വെളിപ്പെടുത്തുന്നതുപോലെ, 2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ, കോർപ്പറേറ്റുകൾ പ്രഖ്യാപിച്ച പുതിയ നിക്ഷേപങ്ങൾ വെറും 44,000 കോടി രൂപയായിരുന്നു – 20 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2023-24 ൽ സ്വകാര്യ നിക്ഷേപം 15.3% കുറഞ്ഞു. സമീപകാല സാമ്പത്തിക റിപ്പോർട്ടുകൾ പ്രകാരം, മുൻ വർഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലുള്ള വളർച്ചാ നിരക്കോടെ 2024-25 സാമ്പത്തിക വർഷത്തിൽ ഇത് കൂടുതൽ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഉൽപ്പാദന മേഖലയിലെ ദുർബലത, കോർപ്പറേറ്റ് നിക്ഷേപങ്ങളിലെ മാന്ദ്യം, വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, ആഭ്യന്തര ഡിമാൻഡിലെ മാന്ദ്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിന് പ്രധാനമായും കാരണം. കഴിഞ്ഞ 10 വർഷത്തിനിടെ 2.5 കോടിയിലധികം ചെറുകിട, ഇടത്തരം വ്യവസായങ്ങൾ അടച്ചുപൂട്ടിയതിനാൽ 12 കോടി പേർക്ക് ജോലി നഷ്ടപ്പെട്ടതായി സർക്കാർ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതിനാൽ, സ്വകാര്യ മേഖലയിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത് ഒരു വ്യാജപ്രചരണം മാത്രമാണ്.
വളരെ കുറച്ച് അവസരങ്ങൾ മാത്രമുള്ള സർക്കാർ മേഖലയിൽ ജോലി തേടുമ്പോൾ, തൊഴിൽരഹിതർക്ക് വെടിയുണ്ടകളേയും ലാത്തിയടികളേയും നേരിടേണ്ടിവരുന്നു. ഏതാനും മാസം മുമ്പ്, 2024 ഡിസംബർ 14 ന് ബീഹാറിൽ നടക്കാനിരുന്ന 70-ാമത് കമ്പൈൻഡ് പ്രിലിമിനറി പരീക്ഷയിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കെതിരെ കമ്മീഷൻ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച, നൂറുകണക്കിന് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗാർത്ഥികൾക്കു നേരേ പട്‌ന പോലീസ് ലാത്തി വീശിയിരുന്നു. വീണ്ടും, ബിഹാർ പിഎസ്‌സി നടത്തിയ കമ്പൈൻഡ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപിച്ച ഉദ്യോഗാർത്ഥികൾക്കെതിരെയും പോലീസ് ലാത്തി ചാർജ്ജ് നടത്തി. പ്രധാനമന്ത്രി മോദിയും തിരഞ്ഞെടുത്ത സാമ്പത്തിക വിദഗ്ധരും ബജറ്റിന് മുമ്പുള്ള ചർച്ച നടത്തിയ ദിവസം, ഗുജറാത്തിലെ ബറൂച്ചിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ വെറും 10 തസ്തികകളിലേക്ക് 1800 ഉദ്യോഗാർത്ഥികൾ തടിച്ചുകൂടി. ഇവിടെ തിരക്കു കാരണം കൈവരി തകർന്ന് ആറ് പേർക്ക് പരിക്കേറ്റു. എഞ്ചിനീയർമാരും ബിരുദാനന്തര ബിരുദധാരികളും ഡോക്ടറേറ്റുകാരും, ക്ലാസ് ഫോർ സ്റ്റാഫ്, സ്വീപ്പർ, മോർച്ചറി അസിസ്റ്റന്റുമാർ തുടങ്ങിയ ജോലികൾക്കായി പരക്കം പായുന്നുണ്ടെന്ന് ആർക്കാണറിയാത്തത്? സർക്കാർ ഈ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളെ ‘അവിദഗ്ധർ’ എന്ന് വിളിക്കുകയാണെങ്കിൽ, അതനുസരിച്ച്, ആരാണ് വൈദഗ്ധ്യമുള്ളവർ? അതുകൊണ്ട്, വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ‘നൈപുണ്യ പരിപാടികൾ’ സംബന്ധിച്ച വാദം വെറും പൊള്ളയാണ്. വാസ്തവത്തിൽ, മുതലാളിത്ത വ്യവസ്ഥയുടെ രൂക്ഷമായ വിപണി പ്രതിസന്ധിയിൽ വലയുന്ന വ്യവസായ സ്ഥാപനങ്ങൾ ഇപ്പോൾ മനുഷ്യശക്തി ഗണ്യമായി കുറയ്ക്കുകയും ഉൽപാദനച്ചെലവ് കുറയ്ക്കാൻ അത്യാധുനിക സാങ്കേതികവിദ്യ തിരഞ്ഞെടുക്കുകയും ചെയ്യുന്ന പാതയിലാണ്. നൈപുണ്യ വികസനത്തിന് അമിത പ്രാധാന്യം നൽകുന്നതിലൂടെയും പിഎഫ് അക്കൗണ്ടിലെ വർദ്ധിച്ചുവരുന്ന എൻറോൾമെന്റിനെ ഇടയ്ക്കിടെ പരാമർശിക്കുന്നതിലൂടെയും ആ യാഥാർത്ഥ്യത്തെ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്.
കൃഷി
ഇന്ത്യയെ ലോകത്തിന്റെ ഭക്ഷ്യക്കൊട്ടയാക്കുന്ന കർഷകരെക്കുറിച്ചാണ് സർക്കാർ എപ്പോഴും സംസാരിക്കുന്നത്. ദരിദ്രരായ കർഷക സമൂഹത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ സർക്കാരിന്റെ നിസ്സംഗത മറയ്ക്കാൻ എന്തൊരു താളാത്മകമായ ഭാഷ അവർ ഉപയോഗിക്കുന്നു! 2024-25 ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, കൃഷിയിലും അനുബന്ധ മേഖലയിലും നടത്തിയ ചെലവ് 3,76,720.41 കോടി രൂപയായിരുന്നു. 2025-26 ലെ ബജറ്റിൽ, കണക്കാക്കിയ തുക 3,71,687.35 കോടി രൂപയായിരുന്നു, അതായത് 5042.06 കോടി രൂപ കുറവാണ്. 2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കൃഷി- കർഷകക്ഷേമ വകുപ്പിനുള്ള വിഹിതം 3,905.05 കോടി രൂപ കുറഞ്ഞു. പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ കാർഷിക മേഖലയ്ക്കുള്ള വിഹിതത്തിൽ ഇത് വലിയ വെട്ടിക്കുറവാണ്. എന്നാൽ ധനമന്ത്രിയുടെ വാക്കുകളിൽ കൃഷിയാണ് ‘സമ്പദ്‌വ്യവസ്ഥയുടെ ആദ്യ എഞ്ചിൻ’. സർക്കാരിന്റെ പ്രധാന വിള ഇൻഷുറൻസ് പദ്ധതിയായ ‘പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന’യിൽ 2024-25-ൽ 16,864.00 കോടി രൂപയിൽ നിന്ന് 2025-26-ൽ 12,242.27 കോടി രൂപയായി, അതായത് 4621.73 കോടി രൂപ വെട്ടിക്കുറച്ചു. വിള ഇൻഷുറൻസ് പദ്ധതിക്കുള്ള വിഹിതം 3,621.73 കോടി രൂപ കുറഞ്ഞു. വളം സബ്‌സിഡിയുടെ വിഹിതം 2025-26-ൽ 1.67 ലക്ഷം കോടി രൂപയായി, 2024-25-ലെ പുതുക്കിയ എസ്റ്റിമേറ്റ് 1.71 ലക്ഷം കോടി രൂപയേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം വളം സബ്‌സിഡിക്ക് സർക്കാർ 1.88 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. വളങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത് സബ്‌സിഡികളുടെ അളവ് കുറയ്ക്കും, പാവപ്പെട്ട കർഷകരുടെ മൂലധന ചെലവ് വർദ്ധിപ്പിക്കും. കൃഷിയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൃഷിയിൽ ഉൾപ്പെടുന്ന വിത്ത്, വളം, കീടനാശിനികൾ എന്നിവയുടെ ഉൽപാദനവും സംഭരണ സംവിധാനവും കാർഷിക ഭീമന്മാർക്കും ബഹുരാഷ്ട്ര കമ്പനികൾക്കും കൈമാറുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.
വിദ്യാഭ്യാസം
വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണം, സർക്കാർ സ്കൂളുകൾ വൻതോതിൽ അടച്ചുപൂട്ടുന്നത്, സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപകരുടെയും കുറവ്, പാഠ്യപദ്ധതിയുടെ നിലവാരം താഴ്ത്തൽ, വിചിത്രമായ സെമസ്റ്ററും ചോയ്സ് അധിഷ്ഠിത ക്രെഡിറ്റ് സംവിധാനവും, കനത്ത ഫീസ് ഘടന, അക്കാദമിക് സ്വയംഭരണത്തിന്റെ അഭാവം തുടങ്ങിയവ കാരണം വിദ്യാഭ്യാസ മേഖല ഇതിനകം തന്നെ പ്രതിസന്ധിയിലാണ്. ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 1,28,650.05 കോടി രൂപയാണ്, ഇത് മൊത്തം ബജറ്റിന്റെ 2.54% മാത്രമാണ്. യുജിസിക്കും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും അനുവദിച്ച വിഹിതം യഥാക്രമം 47% ഉം 50% ഉം കുറച്ചു. കേന്ദ്രീയ വിദ്യാലയ സംഘാടന് (കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്കൂളുകൾ – കൂടുതലും സർക്കാർ ജീവനക്കാരുടെയും പ്രതിരോധ ജീവനക്കാരുടെയും കുട്ടികൾക്കായി ഉദ്ദേശിച്ചിട്ടുള്ളവ) 9,503 കോടി രൂപ അനുവദിച്ചു, 2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 776 കോടി രൂപയുടെ വർദ്ധനവ്. കേന്ദ്രീയ വിദ്യാലയങ്ങളും (9,504 കോടി രൂപ), നവോദയ വിദ്യാലയങ്ങളും (5,305 കോടി രൂപ) പോലുള്ള കേന്ദ്ര വിദ്യാലയങ്ങൾക്കുള്ള ഫണ്ടിന്റെ പകുതിയിൽ താഴെയാണ് ഇന്ത്യയിലെ എല്ലാ സെക്കൻഡറി സ്കൂളുകൾക്കും കൂടി കേന്ദ്രസർക്കാർ നൽകുന്ന മൊത്തം സാമ്പത്തികപിന്തുണ.
കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം, “വികസിത് ഭാരതിൽ 100% നല്ല നിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം ഉൾക്കൊള്ളുന്നു” എന്ന് ധനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. എന്നിരുന്നാലും ബജറ്റ് വിഹിതത്തിലെ വർദ്ധനവ് വളരെ കുറവാണ്. 2019 മുതൽ വിദ്യാഭ്യാസത്തിനായുള്ള പൊതുചെലവ് (സംസ്ഥാന സർക്കാരുകളും കേന്ദ്രവും) മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 4.2%-4.6% ആയി സ്തംഭിച്ചു നിൽക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം – 2020 പോലും മൊത്തം ബജറ്റിന്റെ കുറഞ്ഞത് 6% വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. വളരെ രസകരമെന്നു പറയട്ടെ, സർക്കാർ സ്കൂളുകൾക്ക് ചോക്ക്, ഡസ്റ്ററുകൾ, ബ്ലാക്ക്ബോർഡുകൾ എന്നിവ വാങ്ങാനോ ടോയ്‌ലറ്റുകൾ നിർമ്മിക്കാനോ തകർന്ന കെട്ടിടങ്ങൾ നന്നാക്കാനോ ഫണ്ടില്ലാത്തപ്പോൾ, എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലേക്കും ‘ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി’ പ്രഖ്യാപിക്കുന്നതിലും വളരെ ചെലവേറിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളുടെ ശേഷി വികസിപ്പിക്കുന്നതിലും ധനമന്ത്രി അഭിമാനിക്കുന്നു. ‘യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ’ ഡാഷ്‌ബോർഡ് അനുസരിച്ച്, സെക്കൻഡറി സ്കൂൾ തലത്തിൽ മൊത്തത്തിലുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് 10.9% ആണ്. എന്നാൽ ബജറ്റ് ഈ ആശങ്ക പരിഗണിച്ചിട്ടില്ല. ഇന്ത്യയിൽ 445 സംസ്ഥാന സർവകലാശാലകളും ഏകദേശം 9,200 സംസ്ഥാന സർക്കാർ കോളേജുകളും ഉള്ളതിനാൽ, ഈ പിന്തുണയുടെ അളവ് അപര്യാപ്തമാണ്, ഇത് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ തമ്മിലുള്ള വിഭവ അസമത്വം വർദ്ധിപ്പിക്കുന്നു. മറുവശത്ത്, വിദ്യാഭ്യാസത്തെ ഒരു കച്ചവടച്ചരക്കാക്കി വിറ്റ് വൻലാഭം കൊയ്യുന്നതിനായി അക്കാദമിക് രംഗത്തേക്ക് പ്രവേശിക്കാൻ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സർക്കാരുകൾ പ്രചോദനം നൽകുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിന് 20,000 കോടി രൂപ അനുവദിക്കുന്നത് സ്വകാര്യമേഖലയെ സഹായിക്കാനുള്ള ഒരു ഗവേഷണ വികസന ഫണ്ട് ആരംഭിക്കുന്നതിന് വേണ്ടി മാത്രമാണ്.
കുട്ടികൾക്കുള്ള പോഷകാഹാരം
‘പോഷൻ ട്രാക്കറിന്റെ’ 2024 ഒക്ടോബറിലെ ഡാറ്റ പ്രകാരം, 8.82 കോടി കുട്ടികളിൽ (0-6 വയസ്സ്), 37% പേർക്ക് വളർച്ച മുരടിച്ചതായും 17% കുട്ടികൾക്ക് (0-6 വയസ്സ്) ഭാരക്കുറവുള്ളതായും കണ്ടെത്തി. അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 8.8 ലക്ഷം കുട്ടികൾ എല്ലാ വർഷവും മരിക്കുന്നു. 2021 ൽ 24 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിച്ചു.
എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി പോഷൺ പദ്ധതി എന്നറിയപ്പെടുന്ന ‘ദേശീയ ഉച്ചഭക്ഷണ പരിപാടി’യ്ക്ക് 12,500 കോടി രൂപ അനുവദിച്ചു. 2024-ലെ 12,467 കോടി രൂപയിൽ നിന്ന് 0.26% വർധനവാണിത്. പണപ്പെരുപ്പം കണക്കിലെടുത്താൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. സാക്ഷാം അംഗൻവാടി, പോഷൺ 2.0 പദ്ധതികൾക്കുള്ള പുതുക്കിയ എസ്റ്റിമേറ്റ് 20,070.90 കോടി രൂപയാണെങ്കിൽ, 2024-25 ലെ ബജറ്റ് വിഹിതം 21,200 കോടി രൂപയായിരുന്നു. 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് 21,960 കോടി രൂപയാണ്. അതിനാൽ, കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തേക്കാൾ 2.7% കുറവ് ഈ പരിപാടിയിൽ ഉണ്ടായിട്ടുണ്ട്, അതായത് പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ. വനിതാ-ശിശു വികസന മന്ത്രാലയത്തിന്, കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തേക്കാൾ ഏകദേശം 3% കുറവുണ്ട്.
2024 ലെ കുട്ടികൾക്കുള്ള പോഷകാഹാരം സംബന്ധിച്ച റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണേഷ്യയിൽ കുട്ടികൾക്കുള്ള ഭക്ഷണത്തിനുള്ള ദൗർലഭ്യം ഏറ്റവും കൂടുതൽ നേരിടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കുട്ടികളുടെ ഭക്ഷണക്രമത്തിൽ അനാരോഗ്യകരമായ ഭക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. നിലവിൽ, ഉച്ചഭക്ഷണത്തിനായി പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് 6.19 രൂപയും അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് 9.29 രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പോഷകാഹാരം എന്നല്ല, ആവശ്യത്തിന് ഭക്ഷണം നൽകാൻ പോലും ഈ തുക കൊണ്ട് കഴിയുമോ?
എന്നിട്ടും, കോടിക്കണക്കിന് കുട്ടികളെ ഭയാനകമായ വിശപ്പിൽനിന്നും പോഷകാഹാരക്കുറവിൽനിന്നും മോചിപ്പിക്കാൻ ബിജെപി സർക്കാർ ഒരു താത്പര്യവും കാണിച്ചില്ല. എന്നാൽ 2025-26 സാമ്പത്തിക വർഷത്തേക്ക് പ്രതിരോധ ബജറ്റ് 4.91 ലക്ഷം കോടി രൂപയായി ഉയർത്തി.
ആരോഗ്യസംരക്ഷണം
രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ (അല്ലെങ്കിൽ ജിഡിപി) അനുപാതമായി കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ചെലവ് ഇപ്പോഴും 0.29% മാത്രമാണ്. മൊത്തം ബജറ്റിൽ ആരോഗ്യത്തിനുള്ള മുൻഗണന ഏകദേശം 2% ആയി തുടരുന്നു. കഴിഞ്ഞ വർഷം ആരോഗ്യ ബജറ്റ് 90,958.63 കോടി രൂപയായിരുന്നു, പുതുക്കിയ ബജറ്റ് 80,517.62 കോടി രൂപയായിരുന്നു, ഇത് 11% കുറവ് കാണിക്കുന്നു. ഈ വർഷം വിഹിതം 99,856.56 കോടി രൂപയാണ്. ഈ വർഷം സമാനമായ 11% കുറവ് കണക്കാക്കിയാൽ, പുതുക്കിയ ബജറ്റ് 88,873.62 കോടി രൂപയായിരിക്കും, ഇത് കഴിഞ്ഞ വർഷത്തെ വിഹിതത്തേക്കാൾ 2.29% കുറവാണ്.
2024 ഏപ്രിൽ മുതൽ 800 അവശ്യ മരുന്നുകളുടെ വില വർദ്ധിപ്പിച്ചു. 2024 ഒക്ടോബറിൽ 8 മരുന്നുകളുടെ 11 ഫോർമുലേഷനുകളുടെ വില 50% വർദ്ധിപ്പിച്ചു. 2018 ൽ, ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ മരുന്നുകളുടെയും ഉപഭോഗവസ്തുക്കളുടെയും വില 18 മടങ്ങ് വരെ വർദ്ധിപ്പിച്ചതായി, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ ഒരു പഠനം പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മരുന്നുകളുടെ ജിഎസ്‍ടി 12% ആയി ഉയർത്തി. ഈ വലിയ ഭാരം സാധാരണക്കാരാണ് വഹിക്കുന്നത്. അതിനാൽ, ഒരു സാന്ത്വന നടപടി എന്ന നിലയിൽ, കാൻസർ, അപൂർവ രോഗങ്ങൾ, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന “രോഗികൾക്ക് ആശ്വാസം നൽകുന്നതിനായി” ചില മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കുന്നതായി ധനമന്ത്രി വീമ്പിളക്കി. എന്നാൽ ഇത് മരുന്നുകളുടെ ഉയർന്ന വിലയുടെ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ്. ഇത്രയും കൊട്ടിഘോഷിക്കപ്പെട്ട വിലക്കുറവിന് ശേഷവും, പൂർണ്ണമായ ചികിത്സയ്ക്കുള്ള കാൻസർ മരുന്നുകളുടെ വില ഏകദേശം 27 രൂപ മുതൽ 61 ലക്ഷം രൂപ വരെയായിരിക്കും. 60 ശതമാനത്തിൽ കൂടുതൽ ആളുകൾ തുച്ഛമായ സൗജന്യ റേഷൻ കൊണ്ടു മാത്രം ജീവിക്കുന്ന ഒരു രാജ്യത്തെ സാധാരണക്കാർക്ക് ഈ മരുന്നുകൾ എത്രത്തോളം വാങ്ങാനാവും?
ബിജെപി സർക്കാർ എപ്പോഴും ചികിത്സാ ചെലവിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ ഉന്നത നിലവാരമുള്ള പരിചരണത്തിനും കിടത്തിച്ചികിത്സയ്ക്കും അമിത പ്രാധാന്യം നൽകുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പോലുള്ള പദ്ധതികൾ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ ഉചിതമോ പ്രാപ്തമോ അല്ലെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.
കാൻസർ രോഗികൾക്കായി ഡേ-കെയർ ക്ലിനിക്കുകൾ തുറക്കുന്നതിനെക്കുറിച്ചുള്ളതാണ് മറ്റൊരു വാഗ്ദാനം. ഇത് മുമ്പ് പലതവണ പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കിയിട്ടില്ല. ഇപ്പോൾ, ഓരോ ജില്ലാ ആശുപത്രിയിലും അത്തരം 6 കിടക്കകൾ ഉണ്ടായിരിക്കാനാണ് ലക്ഷ്യമിടുന്നത്, ഇത് മൂന്ന് വർഷത്തിനുള്ളിൽ 4554 കിടക്കകളായി മാറുന്നു. എന്നാൽ ഇത്രയും കാൻസർ കിടക്കകൾ കൈകാര്യം ചെയ്യാൻ നമുക്ക് വേണ്ടത്ര പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റുകളും മെഡിക്കൽ പ്രാക്ടീഷണർമാരും ഉണ്ടോ? അപ്പോൾ ബജറ്റ് നിർദ്ദേശത്തിന്റെ ഫലം എന്തായിരിക്കും? സ്വകാര്യ കോപ്പറേറ്റുകൾക്ക് പിൻവാതിൽ പ്രവേശനം സുഗമമാക്കുന്ന മാതൃകയായ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും ഹബ്-ആൻഡ്-സ്പോക്ക് ഡെലിവറി മോഡലിലൂടെയുമാവും ഇതിന്റെ നടത്തിപ്പ്.
മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും 10,000 അധിക സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് ബജറ്റ് പ്രസംഗം പറയുന്നു. എന്നാൽ കാലക്രമേണ, കിടക്കകളുടെ അഭാവം, യോഗ്യതയുള്ള ഡോക്ടർമാരുടെയും നഴ്സിംഗ് ജീവനക്കാരുടെയും ലഭ്യതക്കുറവ്, മെഡിക്കൽ ഉപകരണങ്ങളുടെയും രോഗനിർണയ സൗകര്യങ്ങളുടെയും അഭാവം, എല്ലാറ്റിനുമുപരി, വ്യാപകമായ അഴിമതി എന്നിവ കാരണം സർക്കാർ ആശുപത്രികളുടെ നിലവാരം ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന് ആർക്കാണ് അറിയാത്തത്? ആരോഗ്യ സംരക്ഷണ സേവനത്തെ, വളരെ ചെലവേറിയ സ്വകാര്യ ആശുപത്രികളുടെ മാത്രം കുത്തകയാക്കി മാറ്റാനുള്ള പാത സർക്കാർ ഒരുക്കുകയാണ്.
വ്യക്തിഗത ആദായനികുതി കുറയ്ക്കുന്ന കൺകെട്ടുവിദ്യ
ഇനി നമുക്ക് വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതിന്റെ തന്ത്രത്തിലേക്ക് വരാം. ഒരു ചെലവുചുരുക്കിയ അത്താഴത്തിന്റെ അവസാനത്തിൽ രുചികരമായ മധുരപലഹാരം വിളമ്പുന്നതു പോലെ ബജറ്റ് പ്രസംഗത്തിന്റെ അവസാനം ധനമന്ത്രി ഇത് പ്രഖ്യാപിച്ചു. ഒരു വ്യക്തിയുടെ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതിയില്ല എന്നും തുടർന്നുള്ള ഉയർന്ന വരുമാന ശ്രേണിയിലുള്ള വരുമാനത്തിന് സ്ലാബ് അടിസ്ഥാനത്തിൽ നികുതി നിരക്കുകൾ കുറയ്ക്കുകയും ചെയ്തുകഴിഞ്ഞാൽ, ആദായ നികുതി കുറയ്ക്കുന്ന ഈ പ്രഖ്യാപനത്തെക്കുറിച്ച് മാധ്യമചർച്ചകളിലെ വിശാരദർ, വ്യവസായികൾ, സർക്കാർ അനുകൂല സാമ്പത്തിക വിദഗ്ദ്ധർ, ‘ഗോഡി മീഡിയ’ എന്നിവരിൽ നിന്ന് ആഹ്ലാദകരമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് അവർക്കറിയാമായിരുന്നു. തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനോ, തട്ടിയുണർത്തുന്നതിനോ ബിജെപി സർക്കാർചെയ്ത പരിശ്രമത്തിന്റെ തെളിവായി പലരും ഇതിനെ ആഘോഷിക്കും.
ഡിമാന്റ് വർദ്ധിപ്പിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഇത് പര്യാപ്തമാണോ? അല്ല എന്നതാണ് ഉത്തരം. ബജറ്റിന് രണ്ട് ദിവസം മുമ്പ്, സർക്കാരിന്റെ മറ്റൊരു വിഭാഗം 2023-24 ലെ ഗാർഹിക ഉപഭോക്തൃ ചെലവ് സർവ്വേയുടെ പൂർണ്ണ റിപ്പോർട്ട് പുറത്തിറക്കി. വിലകൾ സ്ഥിരമായി നിൽക്കുന്നു എന്ന സങ്കൽപ്പത്തിൽ, ഗ്രാമപ്രദേ ശങ്ങളിൽ നാലംഗ കുടുംബത്തിന്റെ ശരാശരി പ്രതിമാസ ചെലവ് 8,316 രൂപയും നഗരപ്രദേശങ്ങളിൽ 14,528 രൂപയുമാണെന്ന് ഇത് വെളിപ്പെടുത്തി. അതായത് ഗ്രാമപ്രദേശങ്ങ ളിലും നഗരപ്രദേശങ്ങളിലും ശരാശരി വാർഷിക വരുമാനം യഥാക്രമം 99,792 രൂപയും 1,74,336 രൂപയുമാണ്. മാത്രമല്ല, ഗ്രാമപ്രദേശ ങ്ങളിൽ, കുടുംബ പ്രതിമാസ പ്രതിശീർഷ ചെലവ് 4,122 രൂപയാണ്, ഇത് ഒരു ദിവസം ഏകദേശം 140 രൂപയാണ്. നഗരപ്രദേശങ്ങളിൽ, ഇത് ഒരു ദിവസം 230 രൂപ അല്ലെങ്കിൽ പ്രതിമാസം 7,000 രൂപ. മിക്ക ആളുകളുടെയും യാഥാർത്ഥ്യമാണിത്. ഈ ആളുകളൊന്നും ആദായ നികുതിദായകരുടെ വിഭാഗത്തിൽ പെടുന്നില്ല. വാസ്തവത്തിൽ, 3.2 കോടി ആളുകൾ, അതായത് 144 കോടി ഇന്ത്യക്കാരിൽ ഏകദേശം 2.5% പേർ വ്യക്തിഗത ആദായനികുതി അടയ്ക്കുന്നു. പിന്നെ, ബാക്കിയുള്ള 141 കോടി ആളുകൾക്ക് എന്ത് ആശ്വാസമാണിത് വാഗ്ദാനം ചെയ്യുന്നത്?
എന്താണ് വിപണിയിലെ ഡിമാന്റിനെ പ്രചോദിപ്പിക്കുക
ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുന്നതിന്, കാർഷിക, കാർഷികേതര തൊഴിലാളികൾ, വ്യാവസായിക തൊഴിലാളികൾ, ജീവനക്കാർ എന്നിവരുടെ വേതനം വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ കൈകളിൽ കൂടുതൽ പണം എത്തിക്കേണ്ടത് ആവശ്യമായിരുന്നു. ശരിയായ പ്രതിഫലദായകമായ സ്ഥിരമായ തൊഴിൽ സൃഷ്ടിക്കുന്നതിനായി കൂടുതൽ സർക്കാർ ചെലവുകൾക്കൊപ്പം C2+50% ഫോർമുലയിൽ മിനിമം താങ്ങുവിലകൾ നിയമവിധേയമാക്കി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണം. വർഷങ്ങളായി ഈ പാത അവഗണിക്കുകയും ക്ഷേമ പദ്ധതികൾ ഉൾപ്പെടെയുള്ള സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്ന ആഗോളവൽക്കരണ ഫോർമുലയിൽ ഉറച്ചുനിൽക്കുകയും ചെയ്തത് സ്ഥിതിഗതികൾ നിരന്തരം വഷളാക്കി.
ജനവിരുദ്ധത മാത്രം നിറഞ്ഞുനിൽക്കുന്ന ബജറ്റ്
സത്യം മറച്ചുവെക്കാൻ ഭാഷകൊണ്ട് തന്ത്രങ്ങൾ പ്രയോഗിച്ചതൊഴിച്ചാൽ, മുൻ ബജറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ബജറ്റിന്റെ ഉള്ളടക്കത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നത് വ്യക്തമാണ്. ഇത് തികച്ചും ജനവിരുദ്ധവും നഗ്നമായും മുതലാളിവർഗ്ഗത്തിന് അനുകൂലവുമാണ്. ജനങ്ങളെ കൂടുതൽ കബളിപ്പിക്കാൻ, പ്രതീക്ഷിച്ചതിലും കൂടുതൽ നൽകിയ ബജറ്റിനെ പുകഴ്ത്താൻ വ്യവസായ സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് മുതലാളിമാർക്കും അവരുടെ പിണിയാളുകൾക്കും വാക്കുകളില്ല എന്നതും വ്യക്തമാണ്.
ഭരണ മുതലാളിവർഗ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരു ബജറ്റിലൂടെ തങ്ങൾക്ക് ഒരു ആശ്വാസവും നൽകാൻ കഴിയില്ല എന്നാണ് ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾ തിരിച്ചറിയേണ്ടത്. ഒരു ബജറ്റ് എന്നത് ദരിദ്രരെ കൂടുതൽ ചൂഷണം ചെയ്യുന്നതിനും മുതലാളി വർഗ്ഗത്തിന് വർദ്ധിച്ച നേട്ടങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു രൂപരേഖ മാത്രമാണ്. അതിനാൽ, ദരിദ്രരോട് അനുകമ്പ നിറഞ്ഞ വ്യാജമായ പ്രസ്താവനകളും, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെക്കുറിച്ചുള്ള വർദ്ധിച്ച ചർച്ചകളും, വമ്പിച്ച അവസരങ്ങളെക്കുറിച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങളും ഉണ്ടാകും. പക്ഷേ ഒടുവിൽ സാധാരണക്കാർക്ക് എല്ലാം ഒരു പരാജയത്തിൽ അവസാനിക്കും.
അതിനാൽ ഐക്യത്തോടെയുള്ള സംഘടിത സമര പ്രസ്ഥാനം വികസിപ്പിച്ചെടുക്കുകയും ആ സമരമുന്നേറ്റത്തിന്റെ സമ്മർദ്ദം ചെലുത്തി ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്യുക എന്നതാണ് ജനങ്ങൾ ചെയ്യേണ്ടത്. ഇത്തരം വഞ്ചനാപരമായ ബജറ്റ് നടപടികൾ ആവർത്തിക്കുന്നതിൽ നിന്ന് ഒരു ബൂർഷ്വാ ഗവൺമെന്റിനെ പിന്തിരിപ്പിക്കാൻ മറ്റൊരു മാർഗവുമില്ല.
കേന്ദ്ര ബജറ്റ് 2025 : വാചാലമായ പ്രസംഗംകൊണ്ട് മറച്ചുവെച്ച വഞ്ചനകളുടെ ആവർത്തനം
