തോല്‍പ്പിച്ചും ജയിപ്പിച്ചുമല്ല കുട്ടികളെ പഠിപ്പിച്ച് നിലവാരമുയര്‍ത്തണം

TNIE_import_2022_2_11_original_students_Exams.avif
Share

‘തോൽപ്പിച്ചാൽ നിലവാരം കൂടുമോ?’ എന്ന അപ്രസക്തമായ ചോദ്യം ഉന്നയിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നവംബർ 14 മുതൽ കാസർഗോഡുനിന്ന് ഒരു ജാഥ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ അമ്പേ തകർത്ത ആൾ പ്രമോഷൻ സമ്പ്രദായം നിലനിർത്തണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ജാഥ സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ്സിലെ മൂല്യനിർണയത്തിൽ വിഷയ മിനിമം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനമാണ് പരിഷത്തിനെ പ്രകോപിപ്പിക്കുന്നത്. കുട്ടികളെ പരീക്ഷകളിൽ തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന കുയുക്തിയെ നേരിടാൻ ലളിതമായി ഉയരുന്ന മറുചോദ്യം എല്ലാവരെയും നിർബന്ധപൂർവ്വം ജയിപ്പിച്ചാൽ നിലവാരം കൂടുമോ എന്നതാണ്. വാസ്തവത്തിൽ, ഈ രണ്ട് ചോദ്യങ്ങളും സൈദ്ധാന്തികമായി തെറ്റാണ്. എന്തുകൊണ്ടെന്നാൽ, വസ്തുനിഷ്ഠ മൂല്യനിർണയത്തിൽ ജയവും തോൽവിയും കൃത്രിമമായി, മുൻകൂർ നിശ്ചയപ്രകാരം നടത്താനാവില്ലല്ലോ.
പക്ഷേ, ലോകബാങ്കിന്റെ പുതിയ പാഠ്യപദ്ധതിയും മൂല്യനിർണയ സമ്പ്രദായവും വന്നതിനുശേഷം, കൃത്യമായി പറഞ്ഞാൽ ഡിപിഇപി വന്നതിനു ശേഷമാണ് ഉദാരമായ മാർക്ക്ദാനത്തിലൂടെ വിജയ ശതമാനം കൃത്രിമമായി ഉയർത്തിയതും ആൾ പ്രമോഷൻ വ്യാപകമാക്കിയതും. അതിന്റെതന്നെ ഭാഗമായി 2009ലെ വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നിർദ്ദേശിക്കുന്ന നോ-ഡിറ്റൻഷൻ പോളിസി രാജ്യമാകെ നിലവിൽവന്നു. പുതിയ പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ അഭേദ്യഭാഗമായ ആ നടപടി വമ്പിച്ച തകർച്ചയാണ് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചത്. ഒന്നാംക്ലാസിൽ ചേരുന്ന കുട്ടി അക്ഷരം പഠിച്ചാലും ഇല്ലെങ്കിലും എട്ടാംക്ലാസുവരെ കടന്നുപോകുമെന്ന് ഉറപ്പാക്കുന്ന ദേശീയ നയമായിരുന്നു അത്. വാല്യൂവേഷൻ ഉദാരമാക്കുന്നതിന്റെ ഭാഗമായി ഗ്രേഡിംഗും നടപ്പാക്കപ്പെട്ടു. പരീക്ഷയ്ക്കും വിലയിരുത്തലിനും അക്കാലമത്രയും പിന്തുടർന്നുപോന്ന എല്ലാ വസ്തുനിഷ്ഠ മാനദണ്ഡങ്ങളും കാറ്റിൽപറത്തപ്പെട്ടു.


എന്നാൽ, ഡിപിഇപിയുടെ ഈറ്റില്ലമായിരുന്ന കേരളത്തിലാകട്ടെ, അതിനും ഏറെ മുമ്പേതന്നെ ലോകബാങ്കുമായി ഉണ്ടായിരുന്ന കരാർ പ്രകാരം ആൾ പ്രമോഷൻ സമ്പ്രദായം നടപ്പാക്കി തുടങ്ങിയിരുന്നു. 2005 മുതൽ നിരന്തര മൂല്യനിർണയം എന്ന പേരിലുള്ള ഉദാരമായ മാർക്കുദാന സമ്പ്രദായം പത്താം ക്ലാസിലും നിർബന്ധപൂർവ്വം നടപ്പാക്കാൻ ആരംഭിച്ചതോടെ വിജയശതമാനം വൻതോതിൽ വർദ്ധിച്ചു. മറുവശത്ത്, പുതിയ പാഠ്യപദ്ധതിയും സിലബസ്സും ബോധന സമ്പ്രദായങ്ങളും ചേർന്ന് സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ ഗുരുതരമായ പതനത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു.
സ്വയംപഠന സമ്പ്രദായം ശക്തിപ്പെടുത്തുകയും അധ്യാപനത്തിന്റെ പ്രാധാന്യം ക്രമേണ വെട്ടിക്കുറക്കുകയും ചെയ്ത പരിഷ്കാരങ്ങൾ എഴുത്തും വായനയും അറിയാത്തവരുടെ എണ്ണം വൻതോതിൽ പെരുകാൻ ഇടയാക്കി. മലയാളം തെറ്റുകൂടാതെ വായിക്കാൻ അറിയാത്തവർപോലും ഉയർന്ന ഗ്രേഡ് നേടുന്നു എന്ന പ്രശ്നം കേരളത്തിന്റെ സാമൂഹ്യ പ്രശ്നമായി വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർ ഉയർത്തിക്കൊണ്ടുവന്നതോടെയാണ് സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പരീക്ഷകളിൽ വിഷയ മിനിമം ഏർപ്പെടുത്താം എന്ന് തത്വത്തിൽ സമ്മതിക്കുന്നത്. സേവ് എഡ്യൂക്കേഷൻ പ്രസ്ഥാനത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് മുഖം രക്ഷിക്കാൻ വേണ്ടിയാണെങ്കിലും ഈ വർഷം മുതൽ 8-ാം ക്ലാസ്സിൽ എഴുത്തു പരീക്ഷയിൽ വിഷയമിനിമം എന്ന നിലയ്ക്ക് 30 ശതമാനം മാർക്ക് വേണമെന്ന നിബന്ധന അംഗീകരിച്ച് ഉത്തരവിറക്കുന്നത് (സഉ(കൈ)നം98/2024 GEDN). പക്ഷേ, അപ്പോഴും, പത്താം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും മറ്റ് ക്ലാസ്സുകളിലും ഈ വർഷം മുതൽ വിഷയ മിനിമം നടപ്പിൽ വരില്ല. അടുത്തവർഷം ഒമ്പതാം ക്ലാസിലും അതിനടുത്ത വർഷം പത്താം ക്ലാസിലും വിഷയ മിനിമം ഏർപ്പെടുത്തും എന്നാണ് ഉത്തരവിൽ പറയുന്നത്. അതിനർത്ഥം ഈ വർഷവും അടുത്ത വർഷവും പത്താം ക്ലാസിൽ ആൾ പ്രമോഷൻ നടപ്പാകും എന്നാണല്ലോ.
പക്ഷേ, ഡിപിഇപി മുതൽ പദ്ധതി നടത്തിപ്പിന്റെ എൻജിഒ ഏജൻസിയായി പ്രവർത്തിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിനെ സംബന്ധിച്ചിടത്തോളം മൂല്യനിർണ്ണയത്തിന് നിശ്ചയിക്കുന്ന പരിമിത മാനദണ്ഡങ്ങൾപോലും അംഗീകരിക്കാൻ ആവില്ല. പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ പറയുന്നു: ആൾ പ്രമോഷനാണ് നിലവാര പ്രശ്നങ്ങളുടെ മൂലകാരണം എന്നാണ് ചിലർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടേണ്ടതില്ല. ചിലർക്ക് അതിനുള്ള കഴിവുകൾ ഇല്ല. അതുകൊണ്ട് അവരെ അരിച്ചുമാറ്റണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ വർദ്ധിക്കൂ എന്നത്രേ ചിലരുടെ മനസ്സിലിരിപ്പ്. അത് ഉറക്കെ പറയുന്നതിന് തുല്യമാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. (പേജ് 12)


പഠനത്തെയും പരീക്ഷയെയും മൂല്യനിർണ്ണയത്തെയും സംബന്ധിച്ച് ഡിപിഇപി അവതരിപ്പിച്ച വികലമായ ധാരണ തന്നെയാണ് ഇപ്പോഴും പരിഷത്ത് വെച്ചുപുലർത്തുന്നത് എന്നതിന് തെളിവാണ് മേൽപ്രസ്താവന. പരീക്ഷയും മൂല്യനിർണയവും കുറച്ചുപേരെ അരിച്ചുമാറ്റി പുറത്താക്കാനുള്ള ഏതോ ഗൂഢനീക്കം ആണെന്ന് ആരോപിക്കുന്നത് എത്ര വലിയ അസംബന്ധമാണെന്ന് ‘ശാസ്ത്രരംഗത്ത് ‘ പ്രവർത്തിക്കുന്ന പരിഷത്തിനു മനസ്സിലാകാതെ പോകുന്നത് എന്തുകൊണ്ടാണ്? പകരം അടിസ്ഥാനം ഉറപ്പിക്കാതെ ക്ലാസ്സുകയറ്റം നൽകിയാൽ വിദ്യാഭ്യാസ നിലവാരം ഉയരും എന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിലെ യുക്തി എന്താണ്? പരീക്ഷയും മൂല്യനിർണയവും വിദ്യാർത്ഥികളുടെ നിശ്ചിത അക്കാദമിക നിലവാരം അളക്കാനുള്ള വസ്തുനിഷ്ഠമായ പരിശോധനയാണ്. ലോകത്തെയെല്ലായിടത്തും ചെറിയ ക്ലാസുകൾ മുതൽ വലിയ ക്ലാസുകൾ വരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നുണ്ട്. അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നൽകാൻ അർഹരാണോ എന്ന മുൻവിധിയില്ലാതെയുള്ള പരീക്ഷയും പരിശോധനയുമാണത്; ഒരു നിലവാരമളക്കൽ മാനദണ്ഡമാണത്. അതുവേണ്ട, നിരന്തര മൂല്യനിർണയം എന്ന ആന്തരിക പരിശോധന മാത്രം മതി എന്ന പരിഷത്തിന്റെയുംമറ്റും നിലപാട് നമ്മുടെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ ഹാനി പറഞ്ഞറിയിക്കാനാവില്ല.


നിലവാരത്തകർച്ചയ്ക്ക് കാരണമെന്ത്?


മൂല്യനിർണയം ഉദാരമാക്കിയതുകൊണ്ട് മാത്രമല്ല വിദ്യാഭ്യാസ നിലവാരം തകർന്നത് എന്ന കാര്യം ഏവർക്കും അറിയാം. നേരെമറിച്ച് എഴുത്തും വായനയും ശാസ്ത്രവും ഗണിതവും സാമൂഹ്യശാസ്ത്രവും മറ്റുമൊക്കെ വളരെ ചിട്ടയായി പഠിപ്പിച്ചിരുന്ന പാഠ്യപദ്ധതിയെയും ബോധന സമ്പ്രദായത്തെയും 1996 മുതൽ തന്നെ മാറ്റിമറിച്ചതു കൊണ്ടാണല്ലോ വിഖ്യാതമായ നമ്മുടെ പൊതു വിദ്യാഭ്യാസ നിലവാരം ഇക്കണ്ട രൂപത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. അതിൽ ശാസ്ത്രസാഹിത്യ പരിഷത്ത് വഹിച്ച കുറ്റകരമായ പങ്ക് അത്ര എളുപ്പം മറക്കാവുന്നതാണോ?
ഡിപിഇപി തുടങ്ങിവെച്ച പുതിയ പാഠ്യപദ്ധതി രണ്ടര ദശാബ്ദക്കാലത്തിലേറെ നടപ്പാക്കി കഴിഞ്ഞപ്പോൾ നമ്മുടെ മുന്നിലുള്ള ബാക്കിപത്രം എന്താണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ എത്ര പേർക്കാണ് നേരാംവണ്ണം എഴുത്തും വായനയും വശമുള്ളത്? അതിനൊക്കെ പരിഷത്തും കൂട്ടാളികളും മറുപടി പറയണം.


മിനിമം മാർക്ക് പരിഹാരമോ?


നിലവാരത്തകർച്ചയ്ക്ക് ഏക പരിഹാരമാർഗ്ഗം എന്ന നിലയിൽ സർക്കാർ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന വിഷയ മിനിമം ഏർപ്പാടുകൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമോ? നിശ്ചയമായും ഓരോ വിഷയ മേഖലയിലും വിദ്യാർഥി എന്ത് ഗ്രഹിച്ചു എന്ന് പരിശോധിക്കാൻ നിശ്ചിതമായ വസ്തുനിഷ്ഠ മാനദണ്ഡം ഉണ്ടാകണം. മിനിമം മാർക്കും മാക്സിമം മാർക്കുമൊക്കെ തീരുമാനിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. പഠന സമ്പ്രദായത്തെ അവ്യവസ്ഥാപിതമാക്കി മാറ്റുകയും മൂല്യനിർണയം ഉദാരമാക്കി മാറ്റുകയും ചെയ്തതാണ് നിലവാരത്തകർച്ചയുടെ അടിസ്ഥാന കാരണമെന്നിരിക്കെ മിനിമം മാർക്കെങ്കിലും ഏർപ്പെടുത്തുന്നത് ആശ്വാസകരം തന്നെ. പക്ഷേ, പാഠ്യപദ്ധതിയിലും ബോധന സമ്പ്രദായത്തിലും മൗലികമായ മാറ്റം വരുത്താതെ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തെ രക്ഷിക്കാനാവില്ല എന്ന കാര്യം വിസ്മരിക്കരുത്. വികലമായ പാഠ്യപദ്ധതിക്ക് ഭദ്രമായ വിദ്യാഭ്യാസ അടിസ്ഥാനം പ്രദാനം ചെയ്യാനാവില്ല.
പാഠ്യപദ്ധതിയുടെ ഭാഗമായ മൂല്യനിർണയമാനദണ്ഡങ്ങളിലാണ്, പഠിപ്പിക്കാതെ കുട്ടി സ്വയം പഠിച്ചുകൊള്ളണം എന്നു പറയുന്ന ബോധനരീതിയിലാണ്, പഠിച്ചാലും ഇല്ലെങ്കിലും ക്ലാസ് കയറ്റം എന്ന ആൾ പ്രമോഷൻ സമ്പ്രദായത്തിലാണ് പ്രശ്നത്തിന്റെ മർമ്മം കുടികൊള്ളുന്നത്. ലോകബാങ്ക് പുതിയ ബോധനരീതികളിലൂടെ അതാണ് ലോകത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയവും ആൾ പ്രമോഷൻ തന്നെ ഏറ്റുപാടുന്നു.


നമ്മുടെ സംസ്ഥാനത്ത് രണ്ടു പതിറ്റാണ്ടു കാലമായി പിന്തുടരുന്ന ഉദാരമൂല്യനിർണയത്തിൽ മാറ്റം കൊണ്ടുവരിക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബോധനം അഥവാ പഠിപ്പിക്കൽ നമ്മുടെ സ്കൂളുകളിൽ പുനഃസ്ഥാപിക്കുക എന്നുള്ളതും പരമപ്രധാനമാണ്. പക്ഷേ നിർഭാഗ്യകരം എന്നു പറയട്ടെ, ഡിപിഇപി നടപ്പാക്കാൻ ഒത്താശ ചെയ്തുകൊടുത്ത എൻജിഒ എന്ന നിലയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലോക ബാങ്കിന്റെ വിദ്യാഭ്യാസ ദർശനങ്ങൾ അപ്പടി ഏറ്റുപാടുന്നു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം നേരിടുന്ന ഗുരുതരമായ പ്രശ്നത്തിന്റെ കാരണങ്ങൾ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാൻ അവർ ഒരുക്കമല്ല.


കൊട്ടും കുരവയുമായി അവർ കേരളത്തിലേക്ക് ആനയിച്ച ലോകബാങ്കിന്റെ ഡിപിഇപി/എസ്എസ്എ പോലുള്ള പാഠ്യപദ്ധതി സമ്പ്രദായങ്ങളാണ് സുസ്ഥാപിതമായ നമ്മുടെ പഠനബോധന സമ്പ്രദായങ്ങളെ തകർത്തുകളഞ്ഞത് എന്ന വസ്തുത ഇനിയെങ്കിലും പരിഷത്ത് സമ്മതിക്കണം. അതിനുപകരം, നമ്മുടെ കുഞ്ഞുങ്ങൾക്ക് അവശ്യനിലവാരം പകർന്നുകൊടുക്കാത്ത, അടിസ്ഥാനവിദ്യാഭ്യാസനിഷേധ പദ്ധതിക്കുവേണ്ടി വീണ്ടും പരസ്യമായി തെരുവിലിറങ്ങുന്നതിലൂടെ പരിഷത്ത് കേരളത്തിന്റെ അവശേഷിക്കുന്ന പൊതുവിദ്യാഭ്യാസത്തെക്കൂടി അവസാനിപ്പിക്കാനാണ് ഒത്താശ ചെയ്യുന്നത്. ഇന്നത്തെ വിദ്യാഭ്യാസ യാഥാർഥ്യങ്ങൾക്കുനേരെ പല്ലിളിക്കുന്ന പരിഷത്തിന്റെ ജാഥയെ വിദ്യാഭ്യാസ സ്നേഹികൾക്ക് ആശങ്കയോടെയേ വീക്ഷിക്കാനാകൂ.

Share this post

scroll to top