എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)
ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് പുറപ്പെടുവിക്കുന്ന പ്രസ്താവന
പലസ്തീൻ വിമോചനസംഘടനയായ ഹമാസിന്റെയും പിന്നീട് ലബനണിലെ സാമ്രാജ്യത്വവിരുദ്ധ പാർട്ടിയായ ഹിസ്ബുള്ളയുടെയും നേതാക്കളെ, യുഎസ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ, തുടർച്ചയായ മാരകാക്രമണങ്ങളിലൂടെ വധിച്ച സയണിസ്റ്റ് ഇസ്രയേലിന്റെ നടപടിയെ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നിശിതമായി വിമർശിക്കുന്നു.
ഹമാസിന്റെ സൈനികവിഭാഗത്തിന്റെ സ്ഥാപകരിലൊരാളായ മുഹമ്മദ് ദെയ്ഫിനെ കഴിഞ്ഞ ജൂലൈയിലും രണ്ടു ഹമാസ് നേതാക്കളെ അതേത്തുടർന്നും ഇസ്രയേൽ വധിക്കുകയുണ്ടായി. സെപ്തംബർ 27ന് ലബനൺ തലസ്ഥാനത്ത് ഇസ്രയേൽ നടത്തിയ സൈനികാക്രമണത്തിൽ ഹിസ്ബുള്ള തലവനായ ഹസ്സൻ നസറുള്ളയെ മൃഗീയമായി വധിച്ചു. പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി വീരോചിതം പോരാടുന്ന സമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയപാർട്ടിയായ ഹിസ്ബുള്ളയുടെ ആറു നേതാക്കളെയും അതിനുമുമ്പ് അവർ ആസൂത്രിതമായ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയിരുന്നു. ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് തകർത്ത ഒരു വ്യോമാക്രമണത്തിലൂടെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇസ്രയേൽ, ഇറാന്റെ മുതിർന്ന സൈനിക കമാന്ററായ മുഹമ്മദ് റെസ സഹേദിയെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ മുഹമ്മദ് ഹാദി ഹദ്രിയാഹിമിയെയും വധിച്ചിരുന്നു.
സമാധാനം ആഗ്രഹിക്കുന്ന ലോകസമൂഹത്തിന്റെ നിരന്തരമായ അഭ്യർത്ഥനകളെ നിരാകരിച്ചുകൊണ്ടും യുഎസ് സാമ്രാജ്യത്വത്തിന്റെ സമ്പൂർണ്ണ പിന്തുണയോടെയും വംശീയ ഉന്മൂലനം നടത്തുമെന്ന തുറന്ന പ്രഖ്യാപനത്തോടെയും ഇസ്രയേൽ പലസ്തീനിൽ നരഹത്യ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴവർ ഹിസ്ബുള്ളയ്ക്കു നേരെ ആയുധം തിരിച്ചിരിക്കുന്നു. യുഎസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും കൊള്ളയ്ക്കും കവർച്ചയ്ക്കുമെതിരെ നിലകൊള്ളുന്ന എണ്ണസമ്പന്നമായ മധ്യപൂർവ്വരാഷ്ട്രങ്ങൾക്കും ശക്തികൾക്കുമെതിരെ ഇസ്രയേൽ മാരകമായ സൈനികാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യുദ്ധത്തിലേർപ്പെ ട്ടിരിക്കുന്ന റഷ്യയ്ക്കും യുൈക്രനുമിടയിൽ സമാധാനത്തിന്റെ ദല്ലാളായി ഭാവിച്ചു നടക്കുന്ന പ്രധാനമന്ത്രിയുള്ള ഇന്ത്യ, അധിനിവേശ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നിഷ്ഠൂരമായ കൂട്ടക്കൊല ഉടനടി അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്രസമിതി പൊതുസഭയിലെ പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് രണ്ടുതവണ വിട്ടുനിന്നു. മാത്രമല്ല, സയണിസ്റ്റ് ഇസ്രയേലിന് ഇന്ത്യ ആയുധം നൽകുകയും ചെയ്യുന്നു.പലസ്തീൻ ജനതയ്ക്കും അവരുടെ സ്വാതന്ത്ര്യമെന്ന ന്യായമായ ആവശ്യത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുമെതിരെ യുഎസ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന നഗ്നമായ ആക്രമണങ്ങൾക്കെതിരെ സുസംഘടിതവും ശക്തവുമായ സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന് ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളായ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.