അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന(എഐഎംഎസ്എസ്) സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന വനിതാ സമ്മേളനം ഒക്‌ടോബർ 25,26,27 തീയതികളിൽ തിരുവല്ലയിൽ നടന്നു. ‘അതിക്രമങ്ങൾക്കെതിരെ സ്ത്രീശക്തി’ എന്ന സന്ദേശമുയർത്തി നടന്ന സമ്മേളനം, ആനുകാലിക കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും സ്ത്രീകൾ പണിയെടുക്കുന്ന വിവിധ അസംഘടിത തൊഴിൽമേഖലകളെയും മുൻനിർത്തി പതിനേഴ് ആവശ്യങ്ങളെ മുൻനിർത്തിയുള്ള ഒരു പ്രക്ഷോഭ പരിപാടി എന്ന നിലയിലാണ് സംഘടിപ്പിക്കപ്പെട്ടത്. സമ്മേളനത്തിലെ ജനപങ്കാളിത്തവും സമ്മേളനത്തിന്റെ മുന്നോടിയായി രൂപീകരിക്കപ്പെട്ട സ്വാഗതസംഘത്തിന് ലഭിച്ച പിന്തുണയും എഐഎംഎസ്എസ് ഉയർത്തിയ മുദ്രാവാക്യങ്ങളുടെ സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു.
ഒക്‌ടോബർ 25ന്, സർക്കാർ ആശുപത്രിയുടെ മുന്നിൽനിന്നും പ്രൗഢഗംഭീരമായ വനിതാ റാലിയോടെ ആരംഭം കുറിക്കപ്പെട്ട സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മതവും ജാതിയും സാമുദായിക പരിഗണനകളും എന്തുതന്നെയായിരുന്നാലും രണ്ടാംതരം പൗരന്റെ പദവിയും അവകാശങ്ങളുമാണ് കേരളത്തിൽ സ്ത്രീകൾക്ക് ഉണ്ടായിരുന്നത് എന്ന് കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഇന്ന് പ്രചാരത്തിലിരിക്കുന്ന പല നാടൻ പാട്ടുകളും കൊയ്ത്തുപാട്ടുകളും സ്ത്രീകൾ നിർമ്മിച്ചതാണ്. എന്നിരിക്കിലും എഴുത്തച്ഛനുള്ള കേരളത്തിന് എഴുത്തമ്മയില്ലാതെ പോയത് സ്ത്രീകളുടെ രണ്ടാംതരം സാമൂഹ്യ പദവിമൂലമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നും കേരളത്തിൽ തുടർന്നുപോരുന്ന ഈ പാർശ്വവത്ക്കരണമാണ് സ്ത്രീ സമ്മേളനത്തിൽ ചർച്ചയാകേണ്ടതും പ്രതിവിധികളുണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷൈല കെ.ജോൺ, ജോയിന്റ് സെക്രട്ടറി ബി.ആർ.അപർണ, സ്വാഗത സംഘത്തെ പ്രതിനിധീകരിച്ച് പ്രൊഫ.ഫിലിപ്പ് എം.തോമസ്, പത്തനംതിട്ട പ്രസ്‌ക്ലബ് മുൻ പ്രസിഡന്റ് സാം ചെമ്പകത്തിൽ, വിളപ്പിൽശാല ജനകീയ സമിതി ജോയിന്റ് സെക്രട്ടറി മാധുരി സജീവ്, തിരുവനന്തപുരം ചെറുരശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യു, പൊന്തൻപുഴ വലിയകാവ് വനസംരക്ഷണ സമരസമിതി നേതാവ് ജയിംസ് കണ്ണിമല, പ്രൊഫ. ബിജി എബ്രഹാം, എസ്‌യുസിഐ(കമ്മ്യുണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്‌സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ എസ്.രാധാമണി സ്വാഗതം ആശംസിച്ചു. അഡ്വ.എം.എ.ബിന്ദു കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തെത്തുടർന്ന് എം.എസ്.മധുവും സംഘവും അവതരിപ്പിച്ച ‘കൗമാരം’ എന്ന കാക്കാരശ്ശി നാടകം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപത്തുകളിലേയ്ക്ക് വിരൽചൂണ്ടുന്നതായിരുന്നു.
ഒക്‌ടോബർ 26ന്, തിരുവല്ലയിൽ ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെന്ററിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം എഐഎംഎസ്എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കേയ ഡേ ഉദ്ഘാടനം ചെയ്തു. കാലികസമൂഹത്തിലെ പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് വരുംദിനങ്ങളിലെ പ്രവർത്തനങ്ങൾക്ക് വഴിതെളിച്ചെടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോർട്ടും സമ്മേളനത്തിൽ ചർച്ചയ്‌ക്കെടുക്കപ്പെട്ടു. രാഷ്ട്രീയ പ്രമേയം അഡ്വ.എം.എ.ബിന്ദുവും സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കെ.എം.ബീവിയും അവതരിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രമേയവും തൊഴിൽ നിയമഭേദഗതികൾക്കെതിരെയുള്ള പ്രമേയവും അസംഘടിതതൊഴിൽ മേഖലകളിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നാവശ്യപ്പെടുന്ന പ്രമേയവും സമ്മേളനം ചർച്ചയ്‌ക്കെടുത്തു. പ്രമേയങ്ങൾ യഥാക്രമം സി.ജി.ആശാദേവി, അഡ്വ.ഇ.എൻ.ശാന്തിരാജ്, എസ്.മിനി എന്നിവർ അവതരിപ്പിച്ചു. പ്രതിനിധികൾ ആവേശപൂർവ്വം ചർച്ചയിൽ പങ്കെടുത്തു. ആദ്യന്തം ആവേശോജ്വലമായിരുന്ന സമ്മേളനം വരുംദിനങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള ഈടുറ്റ അടിത്തറയായി മാറി. സൗഭാഗ്യലക്ഷ്മി പ്രസിഡന്റും കെ.എം.ബീവി സെക്രട്ടറിയുമായി സംസ്ഥാനകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
ജനകീയ സമരനേതാക്കളുടെ സംഗമം
പ്രതിനിധി സമ്മേളനത്തിന്റെ ആദ്യദിനം നടന്ന ജനകീയ സമരനേതാക്കളുടെ സംഗമം ഒരു നൂതന അനുഭവമായിരുന്നു.
സംഗമം ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു. ജനകീയ സമരരംഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ അഭാവം ഇന്ന് കേരളത്തിൽ ഏറെ ശ്രദ്ധേയമാണ് എന്ന് ജോസഫ് സി.മാത്യു അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് നിയമപരമായ പരിഹാരങ്ങളെക്കാളുപരി രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. സമരങ്ങൾ ജനങ്ങളുടെ ബദൽ രാഷ്ട്രീയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനസമരങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്നും അവയ്ക്ക് രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയണമെന്നും ജോസഫ് സി.മാത്യു കൂട്ടിച്ചേർത്തു.
കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.സൂസൻ ജോൺ, ജയിംസ് കണ്ണിമല, എൻടിയുഐ സംസ്ഥാന ജോ.സെക്രട്ടറി പി.കൃഷ്ണമ്മാൾ, അഡ്വ.ജസ്സി സജൻ, കെഎംഎസ്റ്റിയുവിനുവേണ്ടി കെ.പി.സുബൈദ, കെയുഎസ്ടിഒ സംസ്ഥാന സെക്രട്ടറി വിദ്യ ആർ.ശേഖർ, പൊന്തൻപുഴ വലിയകാവ് വനസംരക്ഷണ പട്ടയസമരസമിതി കൺവീനർ സന്തോഷ് പെരുമ്പട്ടി, ആശാ ഹെൽത്ത് വർക്കേഴ്‌സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എം.എ.ബിന്ദു, പ്രീപ്രൈമറി ടീച്ചേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് ഓർഗനൈസേഷനുവേണ്ടി ഷൈന ടീച്ചർ, സ്വാഗതസംഘം ചെയർമാൻ ഡോ.സൈമൺ ജോൺ, ഡോ.ഡി.സുരേന്ദ്രനാഥ്, ഐഎൻപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ചെറിയാൻ, അശ്വതി ഹരിദാസ്, ചെങ്ങറ സമരഭൂമിയുടെ പ്രതിനിധി സുരേഷ് കുമാർ, ഐഎൻപിഎ ജില്ലാ കമ്മിറ്റിയംഗം തിലകമ്മ ഗോപാലകൃഷ്ണൻ, ആറന്മുള മിച്ചഭൂമി സമരസമിതി പ്രതിനിധി ശരണ്യ രാജ്, മുള്ളനിക്കാട് കുടിവെള്ള സമരസമതി പ്രതിനിധി അജിത് ആർ, മുറികല്ലുംപുറം സമരസമിതി കൺവീനർ സന്ധ്യ സുനീഷ്, കരിമണൽഖനന വിരുദ്ധ ജനകീയ സമരസമിതി നേതാവ് ആർ.പാർത്ഥസാരഥി വർമ്മ, എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനു ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യന്തം സമരാവേശം തുടിച്ചുനിന്ന വേദിയിൽ പോരാട്ട പാതയിൽ യോജിച്ച് മുന്നോട്ടുപോകുമെന്ന് സമരനേതാക്കൾ പരസ്പരം ഉറപ്പു നൽകി.