എൽഡിഎഫ് അഴിമതിക്കാർക്കു കുട പിടിക്കുന്നത് പരിഹാസ്യം: ഇടതുപക്ഷ ഐക്യമുന്നണി (എൽ.യു.എഫ്)

Share

കൊച്ചി
കേരളത്തിലെ എൽഡിഎഫ് സർക്കാറിന്റെ നിയമോപദേഷ്ടാവ് അഡ്വ.എം.കെ. ദാമോദരൻ തുടർച്ചയായി ഗവൺമെന്റിനെതിരായി കേസു നൽകിയവരുടെ വക്കീലായി കോടതിയിലെത്തുന്നത് പരിഹാസ്യമാണെന്ന് ആർ.എം.പി, എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്), എം.സി.പി.ഐ.(യു) പാർട്ടികൾ അംഗങ്ങളായ ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അഴിമതിക്കെതിരെ പോരാടുമെന്ന് പ്രചരണം നടത്തി അധികാരത്തിലെത്തിയ എൽഡിഎഫ് അഴിമതിക്കാർക്ക് കുട പിടിക്കുന്ന സമീപനമാണ് ഭരണത്തിന്റെ തുടക്കം മുതൽക്കേ സ്വീകരിച്ചിരിക്കുന്നത്. സാന്റിയാഗോ മാർട്ടിൻ പ്രതിയായ ലോട്ടറി കുംഭകോണം, മുൻമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്നുവന്ന ഐസ്‌ക്രീം പെൺവാണിഭക്കേസ്, ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ പ്രതിയായ കശുവണ്ടി ഇറക്കുമതിക്കേസ്, പരിസ്ഥിതി നാശം വരുത്തുന്ന കോഴിക്കോട്ടെ ക്വാറിമുതലാളിമാരുടെ കേസ് എന്നിവയിലൊക്കെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ് പ്രതികളുടെ വക്കീലായി കോടതിയിലെത്തുന്നത്.

ഇതോടൊപ്പം സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻസ് വഞ്ചനക്കേസിൽ ആരോപണവിധേയനാണെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. സ്‌പോർട്‌സ് ലോട്ടറി നടത്തി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുനടത്തിയ ആളെ സ്‌പോർട്‌സ് കൗൺസിൽ ചെയർമാനാക്കാനും ഇതിനകം തീരുമാനിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെ കേരളത്തിൽ ഉയർന്നുവന്ന ജനകീയ വികാരത്തെ വഞ്ചിക്കുന്ന നിലപാടിൽനിന്ന് എൽഡിഎഫ് ഗവൺമെന്റ് പിൻമാറണമെന്ന് ഇടതുപക്ഷഐക്യമുന്നണി ചെയർമാൻ കെ.എസ് ഹരിഹരൻ, വൈസ് ചെയർമാൻ കെ.ആർ.സദാനന്ദൻ, കൺവീനർ ഡോ. വി.വേണുഗോപാൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share this post

scroll to top