കാശ്മീർ പ്രശ്‌നം: പരിഹാരത്തിന്റെ ദിശ ഏത്?

no-sidelining-the-kashmir-issue-1462782225-7308.jpg
Share

കാശ്മീർവിഷയത്തെ അധികരിച്ച് ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണല്ലോ. അതിർത്തികടന്നുള്ള ഭീകര പ്രവർത്തനം വലിയൊരു പ്രശ്‌നമായി മാറിയിരിക്കുന്നു. എന്നാൽ അതിനെ നേരിടാനെന്ന പേരിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രശ്‌നത്തെ വഷളാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രവാഷ് ഘോഷ്, യുദ്ധഭീതി പടർത്തുന്ന നയനടപടികൾ പ്രശ്‌നത്തിന് പരിഹാരമാകില്ല, മറിച്ച് പ്രശ്‌നത്തെ വഷളാക്കുകയേ ഉള്ളൂ എന്ന് പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ പിറവിയോടൊപ്പംതന്നെ കൈകാര്യം ചെയ്യേണ്ടിവന്ന കാശ്മീർ പ്രശ്‌നത്തിന്റെ ശാസ്ത്രീയവും യുക്തിസഹവും മാനുഷികവുമായ പരിഹാരമാർഗ്ഗം എന്താണ്? ഈ വിഷയത്തെ അധികരിച്ച് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് കൃഷ്ണ ചക്രവർത്തി ‘ഷോപ്പിയാൻ’ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീർ കലുഷിതമായിരിക്കുമ്പോൾ 2010 നവംബറിൽ കൽക്കത്തയിലെ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടത്തിയ പ്രസംഗം കാശ്മീരിന്റെ ചരിത്രപശ്ചാത്തലം വ്യക്തമാക്കുന്ന ഒരു മുഖവുരയോടൊപ്പം ചുവടെ നൽകുകയാണ്.

മുഖവുര-ചരിത്രപശ്ചാത്തലം

‘കാശ്മീർ പ്രശ്‌നം’ എന്തെന്ന് മനസ്സിലാക്കുവാൻ കാശ്മീരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ചരിത്രം, രാഷ്ട്രീയ പാരമ്പര്യം എന്നിവ മനസ്സിലാക്കേണ്ടതുണ്ട്.
ജമ്മുകാശ്മീർ സംസ്ഥാനവും പാക് അധീന കാശ്മീരും അടങ്ങുന്ന 84,471 സ്‌ക്വയർ മൈൽ ഭൂപ്രദേശം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വടക്കുഭാഗത്തായാണ് സ്ഥിതിചെയ്യന്നത്. ഭൂമിശാസ്ത്രപരമായി മൂന്ന് മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത്. വടക്ക്, ടിബറ്റൻ അഥവാ സെമി ടിബറ്റൻ മേഖല. ഇതിൽ ലഡാക്ക്, ജിൽജിത് ജില്ലകൾ ഉൾപ്പെടും. മദ്ധ്യഭാഗത്താണ് കാശ്മീർ താഴ്‌വര. ജമ്മുവിലെ വിശാലമായ ഭൂപ്രദേശമാണ് മറ്റൊരു മേഖല. പൂഞ്ച്, ദോഡാ, കിഷ്ത്‌വാർ ജില്ലകൾ ഇതിൽ പെടും. ഈ മൂന്ന് മേഖലകളും ഹിമാലയ പർവ്വതനിരകളുടെ മഞ്ഞുമലകളാൽ പരസ്പരം വേർതിരിക്കപ്പെട്ടിരിക്കുന്നു.
വടക്കുകിഴക്ക് ഭാഗത്ത് ടിബറ്റും വടക്ക് ചൈന(സിങ്കിയാംഗ്)യും വടക്കുപടിഞ്ഞാറ് പഴയ യുഎസ്എസ്ആറിന്റെ ഭാഗമായ താജിക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പടിഞ്ഞാറ് പാകിസ്ഥാനും തെക്കുഭാഗത്ത് പാകിസ്ഥാനും ഇന്ത്യയും അതിരുകളായുള്ളതാണ് ഈ ഭൂപ്രദേശം.
മുഗൾ ചക്രവർത്തിമാരുടെയും അഫ്ഗാൻ ചക്രവർത്തിമാരുടെയും കീഴിൽ നാലു നൂറ്റാണ്ടുനീണ്ടുനിന്ന മുസ്ലീം ഭരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അവസാനിക്കുകയും സിക്ക് സൈന്യം കാശ്മീർ കീഴടക്കുകയും ചെയ്തു. 1846 ൽ പഞ്ചാബിലെ മഹാരാജാ രഞ്ജിത് സിംഗിനുവേണ്ടി രാജാ ഗുലാബ് സിംഗ് ബ്രിട്ടീഷുകാരുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ജമ്മുവും കാശ്മീരും 75ലക്ഷം രൂപയ്ക്ക് ബ്രിട്ടീഷുകാരിൽനിന്ന് വിലയ്ക്ക് വാങ്ങി. ഈ ദോഗ്രരാജവംശത്തിന്റെ പ്രതിനിധി ആയിരുന്നു മഹാരാജാ ഹരിസിംഗ്. ബ്രിട്ടീഷുകാരിൽനിന്നുള്ള അധികാരകൈമാറ്റം നടക്കുമ്പോൾ മഹാരാജാ ഹരിസിംഗ് ആയിരുന്നു കശ്മീർ ഭരിച്ചിരുന്നത്.
ബ്രിട്ടീഷ് മേൽക്കോയ്മയ്ക്ക് കീഴിൽ ആയിരുന്നുവെങ്കിലും 1947 ആഗസ്റ്റ് 15വരെ സ്വയംഭരണപ്രദേശമായിരുന്നു ജമ്മുവും കാശ്മീരും. ‘1947 ഇന്ത്യൻ ഇൻഡിപെന്റ്ൻസ് ആക്ട്’ പ്രകാരം ഇന്ത്യയും പാകിസ്ഥാനും രണ്ടു രാജ്യങ്ങളായി നിലവിൽവന്നു. 562ഓളം നാട്ടുരാജ്യങ്ങൾക്കുമേലുണ്ടായിരുന്ന ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിക്കുകയും രാജ്യങ്ങൾ സ്വതന്ത്രമാകുകയും ഓരോ രാജ്യത്തിനും ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ, അതല്ല ‘സ്റ്റാൻഡ് സ്റ്റിൽ’ ഉടമ്പടി ഒപ്പുവച്ച് സ്വതന്ത്രമായി നിൽക്കാനോ ഉള്ള അവകാശം നൽകപ്പെട്ടു. മഹാരാജാ ഹരിസിംഗ് പാകിസ്ഥാനുമായി ഒരു സ്റ്റാൻഡ് സ്റ്റിൽ കരാറിൽ ഒപ്പുവച്ചു. പാകിസ്ഥാൻ വൈമനസ്യമേതുമില്ലാതെ അത് അംഗീകരിക്കുകയും ചെയ്തു. സമാനമായ നിർദ്ദേശം ഇന്ത്യൻ ഗവൺമെന്റിനു മുമ്പാകെ വന്നപ്പോൾ, ജനപ്രതിനിധികളുടെ സമ്മതമില്ലാത്ത ഒരു ഉടമ്പടിയും അംഗീകരിക്കാനാകില്ല എന്ന നിർബന്ധമായ നിലപാട് ഇന്ത്യ ഗവൺമെന്റ് സ്വീകരിച്ചു. എന്നാൽ കാര്യങ്ങൾ ഒത്തുതീർപ്പാകുന്നതിന് മുമ്പുതന്നെ പാകിസ്ഥാൻ ‘സ്റ്റാന്റ് സ്റ്റിൽ’ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുതുടങ്ങി. ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും ഉൾപ്പെടെയുള്ളവയുടെ വിതരണം റദ്ദാക്കി. പാകിസ്ഥാന്റെ ഭാഗമായ ‘നോർത്ത് വെസ്റ്റേൺ ഫ്രോണ്ടിയർ പ്രോവിൻസിൽ’നിന്ന് വൻതോതിൽ ആദിവാസികൾ ജമ്മു കാശ്മീർ സംസ്ഥാനത്തേയ്ക്ക് നുഴഞ്ഞുകയറി. നുഴഞ്ഞുകയറ്റത്തിന് പാക്പട്ടാളത്തിന്റെ ഒത്താശയുമുണ്ടായിരുന്നു. പ്രദേശം പാകിസ്ഥാന്റെ അധീനതയിലാക്കിയെടുക്കുക എന്ന താൽപര്യമാണ് ഈ നീക്കത്തിന് പിന്നിൽ ഉണ്ടായിരുന്നത്. പാക് നീക്കത്തെ പ്രതിരോധിക്കാനുള്ള സൈനികശക്തി രാജാ ഹരിസിംഗിന് ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിൽ അദ്ദേഹം ഇന്ത്യൻ പട്ടാളത്തിന്റെ സഹായംതേടി.
സൈനികസഹായം നൽകുന്നതിന് മുന്നോടിയായി അതിനായുള്ള ഒരു കരാറിൽ ഏർപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ഗവൺമെന്റ് ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷനിൽ’ ഒപ്പുവയ്‌ക്കേണ്ടിവന്നത്. 1947 ഒക്‌ടോബർ 26ന് രാജാ ഹരിസിംഗ് കരാറിൽ ഒപ്പുവച്ചു. ജമ്മു കാശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ കോൺഫ്രൻസിന്റെയും ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയുടെയും പൂർണ്ണ പിന്തുണ ഈ നീക്കത്തിന് ഉണ്ടായിരുന്നു. ഇന്ത്യൻ പട്ടാളം 1947 ഒക്‌ടോബർ 27 ന് കാശ്മീരിൽ എത്തി. നുഴഞ്ഞുകയറ്റക്കാരെ പിന്നോട്ടടിച്ചു, യുഎൻഒ ഇടപെട്ടു, വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ ജമ്മു കാശ്മീരിലെ ഒരു വലിയ ഭൂപ്രദേശം, തന്ത്രപ്രധാനമായ ജിൽജിത് ഉൾപ്പെടെ പാകിസ്ഥാന്റെ അധീനതയിലായി. ഈ ഭൂപ്രദേശമാണ് ‘പാക് അധീന കാശ്മീർ’ എന്ന് അറിയപ്പെടുന്നത്.
മഹാരാജാ ഹരിസിംഗിന്റെ ഭരണത്തിനും ബ്രിട്ടീഷ് കോയ്മയ്ക്കുമെതിരെ നിരവധി പ്രക്ഷോഭങ്ങൾ സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കാശ്മീരിൽ നടന്നുവന്നിരുന്നു. ഈ പ്രക്ഷോഭങ്ങളിലൂടെയാണ് നാഷണൽ കോൺഫറൻസ് ജമ്മുകാശ്മീരിലെ ജനങ്ങളുടെ വിശ്വസ്ത രാഷ്ട്രീയ പ്രസ്ഥാനമായി ഉയർന്നുവന്നത്. മുസ്ലീം കോൺഫറൻസ് എന്ന പേരിൽ 1932ൽ പ്രവർത്തനം ആരംഭിച്ച പ്രസ്ഥാനം 1939ൽ നാഷണൽ കോൺഫറൻസ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. നാഷണൽ കോൺഫറൻസ് മതഭേദമില്ലാതെ കാശ്മീരിലെ മുഴുവൻ ജനങ്ങളുടെയും താൽപര്യമുയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമായി മാറി, ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള അവരുടെ അനിഷേധ്യനായ നേതാവും.
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ. സ്വതന്ത്രദേശീയതാ ബോധമാണ് കാശ്മീരിലെ ജനങ്ങളിൽ രൂപപ്പെട്ടുവന്നത്. ഈ ചരിത്രയാഥാർത്ഥ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ജമ്മുകാശ്മീരിന് പൂർണ്ണ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 370 പ്രത്യേക വകുപ്പായി ഇന്ത്യൻ ഭരണഘടനയിൽ ചേർത്തത്.

സഖാവ് കൃഷ്ണ ചക്രവർത്തി നടത്തിയ പ്രസംഗം

സഖാക്കളെ,
കാശ്മീർ പ്രശ്‌നത്തിൽ നമ്മുടെ പാർട്ടിയുടെ ലൈൻ എന്തെന്ന് ചർച്ച ചെയ്യുവാനാണ് നിങ്ങൾ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാശ്മീരിന്റെ ഇന്നത്തെ അവസ്ഥ ഏറെ വേദനാകരമാണെന്നതും സ്ഥിതിഗതികൾ ദിനേന വഷളായിക്കൊണ്ടിരിക്കുന്നു എന്നതും നിങ്ങൾ പത്രവാർത്തകളിൽനിന്നും മനസ്സിലാക്കുന്നുണ്ടല്ലോ. നിത്യവും പ്രതിഷേധ പ്രകടനങ്ങൾ, പ്രതിഷേധക്കാർക്കുനേരെ സുരക്ഷാ ഭടൻമാരുടെ വെടിവയ്പും. 2010 ജൂൺ പതിനൊന്നിന് ഒരു ചെറുപ്പക്കാരൻ സുരക്ഷാഭടൻമാരുടെ വെടിവയ്പിനെത്തുടർന്ന് മരണമടഞ്ഞ സംഭവമാണ് ഇതിന്റെയെല്ലാം തുടക്കം. തുടർന്നിങ്ങോട്ട് എല്ലാ ദിവസങ്ങളിലും രണ്ടോ മൂന്നോ പേരെങ്കിലും ശരാശരി കൊല്ലപ്പെടുകയും കൂടുതൽ കൂടുതൽ ആളുകൾ പ്രതിഷേധാർത്ഥം തെരുവിൽ ഇറങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജനാലയിൽക്കൂടി പ്രതിഷേധം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീസുരക്ഷാഭടന്മാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു എന്നത് സ്ഥിതിഗതികളുടെ രൂക്ഷത ബോദ്ധ്യപ്പെടുത്തുന്നു. കളിച്ചുകൊണ്ടിരിക്കവേപോലും കുട്ടികൾ സുരക്ഷാഭടൻമാരുടെ വെടിയേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
‘ആംഡ് ഫോഴ്‌സസ് സ്‌പെഷ്യൽ പവേഴ്‌സ് ആക്ട്'(AFSPA) പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥൻമാർക്ക് പ്രത്യേക അധികാരം നൽകപ്പെട്ടിരിക്കുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്മാർക്ക് എന്തും ചെയ്യാം. തീവ്രവാദി എന്ന മുദ്രചാർത്തി ആരെയും പീഡിപ്പിക്കാം, ശിക്ഷിക്കപ്പെട്ടേക്കാം എന്ന ചിന്തയില്ലാതെ പെൺകുട്ടികളെ ബലാത്ക്കാരം ചെയ്യാം. അതിരില്ലാത്ത അധികാരങ്ങൾ സർക്കാർ ഇക്കൂട്ടർക്ക് നൽകിയിരിക്കുന്നു. ഏതുവീട്ടിലും കടന്നുകയറാം, ആൺകുട്ടികളെ തട്ടിക്കൊണ്ടുപോകാം, ആവശ്യപ്പെടുന്ന മോചനദ്രവ്യം കൊടുക്കാത്ത പക്ഷം കൊന്നുകളയുകയുമാകാം. ഇത്തരം ധാരാളം സംഭവങ്ങൾ നിത്യേന പത്രങ്ങളിലൂടെ നാം വായിക്കുന്നു.  ഷോപ്പിയാൻ സംഭവം സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ വെളിവാക്കുന്നതാണ്. പബ്ലിക് ടെലിഫോൺ ബൂത്തിൽ ഫോൺ ചെയ്യാൻ പോയതാണ് സഹോദരിയുമൊത്ത് ഒരു പെൺകുട്ടി. ഏറിയാൽ അരമണിക്കൂറിനകം അല്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തേണ്ടിയിരുന്നു അവർ. പക്ഷേ മണിക്കൂറുകൾ ഏറെ കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. പെൺകുട്ടികളെ കാണാതെ അന്വേഷിച്ചെത്തിയവർക്ക് ഒരു അരുവിയിൽനിന്ന് അവരുടെ മൃതശരീരങ്ങളാണ് കണ്ടെത്താനായത്. മുങ്ങിമരിച്ചതാണ് എന്ന് പോലീസ് പറഞ്ഞു. എന്നാൽ ആ അരുവിയിൽ മുട്ടോളംപോലും വെള്ളമുണ്ടായിരുന്നില്ല. സംഭവിച്ചതെന്തെന്നാൽ ക്രൂരമായി ബലാത്ക്കാരം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതാണവർ. മൃതദേഹം അരുവിയിൽ എറിഞ്ഞുകളയുകയാണ് ഉണ്ടായത്. താഴ്‌വരയ്ക്ക് തീ പിടിച്ച ദിനങ്ങളായിരുന്നു തുടർന്ന്. ജൂൺ മുതൽ ഇങ്ങോട്ട് ചുരുങ്ങിയ സമയംകൊണ്ട് ചെറുപ്പക്കാരും സ്ത്രീകളുമടക്കം നൂറ്റിഇരുപതിലേറെ ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നു എന്നതിലൂടെ എത്ര പ്രക്ഷുബ്ധമായിരുന്നു സാഹചര്യം എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിനുള്ളിൽ 515 പേർക്ക് മുറിവേറ്റതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ യാഥാർത്ഥ്യം അതിനുംമേലെയാണ്. (fact finding team to Kashmir, 2010)

കാശ്മീർ പ്രശ്‌നം ഉരുണ്ടുകൂടിവന്നത് എങ്ങനെ?

മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ സുരക്ഷാസേനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഇത് ആദ്യമല്ല. 1989 മുതൽ നിശ്ചിത ഇടവേളകളിൽ ഇത് ആവർത്തിക്കപ്പെടുകയാണ്. കസ്റ്റഡിയിലെടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നവർ തീവ്രവാദികളോ അല്ലെങ്കിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരോ ആണ് എന്നാണ് സേനയുടെ ഭാഷ്യം. തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അപൂർവ്വമായി ഉണ്ടാകാം. എന്നാൽ താഴ്‌വരയിലെ ബഹുഭൂരിപക്ഷവും തീവ്രവാദത്തിന് എതിരാണ് എന്നതാണ് വാസ്തവം. താഴ്‌വരയിലെ മുഴുവൻ ആളുകളും തീവ്രവാദികളോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരോ ആണ് എന്നത് യാഥാർത്ഥ്യബോധമുള്ള ആരും അംഗീകരിക്കില്ല. പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ ആയിരങ്ങളായി തെരുവിൽ അണിനിരക്കുന്നത് ഏവരും കണ്ടുകൊണ്ടാണ് ഇരിക്കുന്നത്. സാഹചര്യങ്ങൾ മുതലെടുത്തുകൊണ്ട് പാകിസ്ഥാനിൽനിന്നും തീവ്രവാദികൾ താഴ്‌വരയിൽ കടന്നുകൂടിയിട്ടുണ്ട് എന്നതും സത്യമാണ്. പോലീസ് ചെയ്യേണ്ടത് അവരെ കണ്ടെത്തുകയും നടപടിയെടുക്കുകയുമാണ്. എന്നാൽ ചെയ്യുന്നതോ, നിരപരാധികളായ ചെറുപ്പക്കാരെ, സ്ത്രീകളും കുട്ടികളും അടക്കം തീവ്രവാദമുദ്ര ചാർത്തി നിഷ്‌ക്കരുണം കൊന്നുകളയുന്നു. ഭരണാധികാരികളാകട്ടെ പട്ടാളത്തിന്റെ ഈ നടപടികളെ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദികളുടെ ചെയ്തികളെക്കാൾ ഭരണകൂടത്തിന്റെ ചെയ്തികളാണ് ജനജീവിതം കൂടുതൽ ദുർവ്വഹമാക്കുന്നത്.
ബുദ്ധിജീവികളുടെ ഇടയിൽ മാത്രമല്ല, സാധാരണക്കാരുടെ ഇടയിൽപോലും ഒരുതരം അന്യതാബോധം വളർന്നുവരുന്നു എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം. എത്രശക്തമാണ് ജനങ്ങളുടെ വികാരം എന്നത് അടുത്തയിടെ പത്രത്തിൽവന്ന ഒരു ഫോട്ടോ വ്യക്തമാക്കുന്നു. അഞ്ചോ ആറോ വയസ്സു പ്രായമുള്ള ചെറുമകന്റെ കൈയിൽ പട്ടാളത്തെ എറിയാൻ കല്ലെടുത്തുകൊടുക്കുന്ന ഒരു മുത്തശ്ശിയുടേതായിരുന്നു ആ ഫോട്ടോ. ഒരു ചുവരെഴുത്തിന്റെ ഫോട്ടോയും പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ‘ഇന്ത്യൻ പട്ടികൾ പുറത്തുപോകുക’ എന്നതായിരുന്നു ആ ചുവരെഴുത്തുകളിൽ നാം വായിച്ചത്. സ്ഥിതിഗതികൾ അതിവേഗം കേന്ദ്രസർക്കാരിന്റെയും കൈവിട്ടു പോകുന്നു. സർക്കാരും ആശങ്കയിൽത്തന്നെ. പക്ഷേ സർക്കാർ ഉത്തരം പറയേണ്ട ഒരു കാര്യമുണ്ട്. സ്വാഭീഷ്ടപ്രകാരം ഇന്ത്യയോട് ചേർന്ന ജമ്മുവിലെയും കാശ്മീരിലെയും ജനങ്ങൾ എന്തുകൊണ്ട് ഇത്രമേൽ വൈരാഗ്യബുദ്ധിയുള്ളവരായി? കേന്ദ്രസർക്കാർ ഇത:പര്യന്തം സ്വീകരിച്ചുപോന്ന നയനടപടികളുടെ അനന്തരഫലമാണ് ഇന്നത്തെ ഈ സാഹചര്യം.
ഈ സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ രാഷ്ട്രീയപാർട്ടികളിൽ ചിലരുടെയെങ്കിലും ഭാഗത്തുനിന്ന് കാശ്മീർ ഇന്ത്യയിൽനിന്നും വേർപെടുത്തണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ചെറുപ്പക്കാരുടെ ഇടയിലും ഈ ആവശ്യത്തിന് സ്വാധീനമേറി വരുന്നു. ചെറുപ്പക്കാരെ സംബന്ധിച്ച് ഈ വികാരം സ്വാഭാവികം മാത്രമാണ്. കാരണം പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ക്രൂരതകൾ മാത്രം കണ്ട് വളർന്നുവന്ന ഒരു തലമുറയാണ് അവരുടേത്. നാളെ എന്തായിരിക്കും സംഭവിക്കുക എന്ന ഉത്ക്കണ്ഠയോടെയാണ് ഓരോരുത്തരും ഉറങ്ങാൻ പോകുന്നത്. ആരുടെയെങ്കിലും ഒരു സഹോദരൻ കൊല്ലപ്പെട്ടേക്കാം, ആരുടെയെങ്കിലുമൊരു സഹോദരി ബലാത്ക്കാരത്തിന് ഇരയായേക്കാം, സംഭവിക്കാൻ പാടില്ലാത്തത് പലതും സംഭവിച്ചേക്കാം. സ്വതന്ത്രമായി ജീവിക്കാൻ പറ്റുന്ന സമാധാനപരമായ അന്തരീക്ഷം അവർ ഒരിക്കലും ദർശിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കാശ്മീരിനെ വേർപ്പെടുത്തുക, €എന്നതോ രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്നതോ അല്ലാതെ മറ്റൊരു പരിഹാരമാർഗ്ഗം മുന്നിലില്ല എന്ന് അവർ വിചാരിക്കുന്നതിൽ അത്ഭുതമില്ല. വൈകാരികമായ ഒരു വിഷയമായി ഇത് മാറിയിരിക്കുന്നു. എന്നാൽ ഈ ചിന്താഗതി പുതിയതല്ല. 1950കളുടെ തുടക്കംമുതൽ രൂപംകൊണ്ട ഒരു ചിന്താഗതിയാണത്.

ഷെയ്ക്ക് അബ്ദുള്ളയുടെയും നാഷണൽ കോൺഫറൻസിന്റെയും പങ്ക്

ഇന്ത്യൻയൂണിയനിൽ ചേരാനുള്ള സമ്മതപത്രത്തിൽ കാശ്മീർ മഹാരാജാവായിരുന്ന ഹരിസിംഗ് ഒപ്പുവച്ചുവെങ്കിലും അത് യാഥാർത്ഥ്യമായത് ഷെയ്ക് മുഹമ്മദ് അബ്ദുള്ള നേതൃത്വം നൽകിയിരുന്ന നാഷണൽ കോൺഫറൻസിന്റെ പൂർണ്ണ പിന്തുണ ലഭിച്ചതോടെയാണ്. നാഷണൽ കോൺഫറൻസ് മുസ്ലീങ്ങളുടെ പാർട്ടി ആയിരുന്നില്ല അന്ന്, മറിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ബുദ്ധമതവിശ്വാസികളും ക്രിസ്തുമതവിശ്വാസികളുമായ മുഴുവൻ കാശ്മീർ ജനങ്ങളുടെയും പാർട്ടിയായിരുന്നു. 1947 ലെ ‘ഇന്ത്യൻ ഇൻഡിപെന്റൻസ് ആക്ട്’ പ്രകാരം കാശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാനിൽ ചേരുക, പാകിസ്ഥാനിലോ ഇന്ത്യയിലോ ചേരാതെ സ്വതന്ത്രമായി നിൽക്കുക, ഇന്ത്യയോടൊപ്പം നിൽക്കുക എന്നീ സാദ്ധ്യതകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുവാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയോടൊപ്പം ചേരുവാനുള്ള തീരുമാനമാണ് അവർ കൈക്കൊണ്ടത്. സ്വാഭീഷ്ടപ്രകാരം കാശ്മീരിലെ ജനങ്ങൾ ഇന്ത്യയോടൊപ്പം നിലകൊണ്ടപ്പോൾ കേന്ദ്രഗവൺമെന്റ് പൂർണ്ണമായും ആ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും സ്‌നേഹ പരിഗണനകൾ നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അഥവാ അതാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഒരു സംസ്ഥാനമെന്ന നിലയിൽ ജമ്മു കാശ്മീർ രൂപപ്പെട്ടുവന്നപ്പോൾ, ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുവാൻ ഉതകുംവിധം വ്യവസായങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും യൂണിവേഴ്‌സിറ്റികളും മതിയായ അളവിൽ ആരംഭിക്കേണ്ടിയിരുന്നു. എന്നാൽ ഈ ദിശയിൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായില്ല. കാശ്മീർ താഴ്‌വര അതിന്റെ വശ്യഭംഗിക്ക് ഏറെ പ്രശസ്തമാണ്. ലോകത്തിലെതന്നെ അതിമനോഹരമായ ഇടങ്ങളിൽ ഒന്ന്. ടുറിസത്തിന് വമ്പിച്ച സാദ്ധ്യയുണ്ട്. യഥേഷ്ടം തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുമാറ് ഈ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനോ അതിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനോ ഉള്ള യാതൊരു നടപടികളും ഉണ്ടായില്ല. കാശ്മീരിലെ ചെറുപ്പക്കാർക്ക് വിശേഷിച്ചും മുസ്ലീം യുവാക്കൾക്ക് റയിൽവേ, ബാങ്ക്, ഇൻഷ്വറൻസ്, കേന്ദ്ര സർക്കാർ സർവ്വീസ് തുടങ്ങിയ മേഖലകളിൽ നിയമനകാര്യത്തിൽ വിവേചനം നേരിടേണ്ടതായി വന്നു. താഴ്‌വരയിലെ ചെറുപ്പക്കാർ എന്നും സംശയ ദൃഷ്ടിയോടെ വീക്ഷിക്കപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ഈ നിലപാടുകൾമൂലം കാശ്മീരി ജനങ്ങളുടെ ഇടയിൽ പൊതുവിലും ചെറുപ്പക്കാരുടെ ഇടയിൽ പ്രത്യേകിച്ചും ആഴത്തിലുള്ള വേദനയും അതൃപ്തിയും രൂപപ്പെട്ടുവന്നു.

ആർട്ടിക്കിൾ 370 അട്ടിമറിക്കപ്പെടുന്നു

ആർട്ടിക്കിൾ 370-ന്റെ അന്തസ്സ-ത്ത ക്രമേണ ചോർത്തിക്കളയുന്ന നടപടികളായിരുന്നു കൂടുതൽ ഗുരുതരമായ സംഗതി. 370-ാം വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് കാശ്മീരിന്റെ സവിശേഷമായ ചരിത്രപശ്ചാത്തലം പരിഗണിച്ചാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി കൈകോർത്തുകൊണ്ട് അരങ്ങേറിയ ജന്മിത്തവാഴ്ചക്കെതിരെ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ കാശ്മീർ ജനത തനത് സവിശേഷതകളുള്ള ഒരു സ്വതന്ത്രദേശീയതയായാണ് ഉയർന്നുവന്നത്. അതുകൊണ്ടാണ് ആർട്ടിക്കിൾ 370 പ്രകാരം കാശ്മീർ ജനതയ്ക്ക് സ്വയംഭരണാധികാരം ഉറപ്പാക്കപ്പെട്ടതും ജനങ്ങൾക്ക് തങ്ങളുടെ ഭാഗധേയം സ്വന്തം അഭീഷ്ടത്തിനും ആവശ്യകതകൾക്കും അനുസരിച്ച് തീരുമാനിക്കാനുള്ള അവസരം നൽകപ്പെട്ടതും. പ്രതിരോധം, വിദേശകാര്യം, കമ്മ്യൂണിക്കേഷൻസ്, കറൻസി തുടങ്ങി കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായ വകുപ്പുകൾ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും ആർട്ടിക്കിൾ 370 കാശ്മീരിന് സമ്പൂർണ്ണ സ്വയം ഭരണം നൽകപ്പെട്ടു. ജമ്മു കാശ്മീർ ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ പ്രധാനമന്ത്രിയെയും സംസ്ഥാനഭരണത്തലവനായ സദർ-ഇ-റിയാസത്തിനെയും നേരിട്ട് തെരഞ്ഞെടുക്കുവാനുള്ള അധികാരവും ജനങ്ങൾക്ക് നൽകി. മറ്റ് സംസ്ഥാനങ്ങളിൽ ഗവർണ്ണറെ കേന്ദ്രസർക്കാർ നിയമിക്കുകയാണല്ലോ ചെയ്യുന്നത്.

ആർട്ടിക്കിൾ 370ൽ വെള്ളം ചേർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളിൽ കാശ്മീർ ജനതയുടെ യഥാർത്ഥ പ്രതിനിധിയായ ഷെയ്ക് മുഹമ്മദ് അബ്ദുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കാശ്മീർ ഇന്ത്യയോടൊപ്പം ചേർന്നതിൽ ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയുടെ പങ്ക് നിർണ്ണായകമായിരുന്നു. അദ്ദേഹത്തിന്റെ അഭ്രിപായം അംഗീകരിച്ച് ആർട്ടിക്കിൾ 370 പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും അതിന്റെ യഥാർത്ഥ സാരാംശം അംഗീകരിക്കുന്നതിനും പകരം അദ്ദേഹത്തെ പാകിസ്ഥാൻ ഏജന്റായി മുദ്രയടിക്കുകയാണ് ഉണ്ടായത്. കാശ്മീരിലെ ജനങ്ങൾക്ക് ഇന്ന് ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായാലും അന്ന് അദ്ദേഹമായിരുന്നു അവരുടെ ഏറ്റവും വിശ്വസ്തനും സമാദരണീയനുമായ നേതാവ്. എന്നാൽ കേന്ദ്രസർക്കാർ നടത്തിയ ആസൂത്രിതമായ നീക്കങ്ങളിലൂടെ നാഷണൽ കോൺഫറൻസിനെ പിളർത്തി. ഭാഗ്യാന്വേഷികളായ ഒരു നിരനേതാക്കൻമാരെ വശത്താക്കാൻ ഇതിലൂടെ സാധിച്ചു. ഒടുവിൽ ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയെ സ്ഥാനഭ്രഷ്ടനാക്കി ബക്ഷി ഗുലാം മുഹമ്മദിനെ ജമ്മു കാശ്മീരിന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ഹിന്ദു ദേശഭ്രാന്തൻമാർ നാഷണൽ കോൺഫറൻസിന് അകത്തും പുറത്തും നടത്തിയ കുപ്രചാരണങ്ങളുടെ ഫലമായി പ്രധാനമന്ത്രി നെഹ്‌റു ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കാനുള്ള അനുമതി നൽകി. അദ്ദേഹത്തിന്റെ ആത്മകഥ ‘ഫ്‌ളെയിംസ് ഓഫ് ചിനാറും’ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും അക്കാലത്തെ മറ്റ് രേഖകളും പരിശോധിച്ചാൽ ഷെയ്ക് മുഹമ്മദ് അബ്ദുള്ളയുടെ മേൽ ചുമത്തപ്പെട്ട ആരോപണങ്ങൾ എത്ര പൊള്ളയായിരുന്നു എന്ന് ബോദ്ധ്യപ്പെടും. പല ഘട്ടങ്ങളിലായി നീണ്ട ഇരുപതു വർഷക്കാലം അദ്ദേഹം തടവിലാക്കപ്പെട്ടു. കാശ്മീരിലെ ജനങ്ങളുടെ ഏറ്റവും പൂജ്യനീയനായ നേതാവിനു നേരെയുണ്ടായ ഈ നീക്കങ്ങൾ ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്താൻ മാത്രമേ ഉപകരിച്ചുള്ളൂ.  ആർട്ടിക്കിൾ 370 പ്രകാരം കാശ്മീരിന് ഉറപ്പാക്കപ്പെട്ട സ്വയംഭരണ പദവി സംരക്ഷിക്കുവാൻ നടന്നുവന്ന പ്രക്ഷോഭത്തിന് 1974ൽ ഇന്ദിരാഗാന്ധിയും ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയും തമ്മിലുണ്ടാക്കിയ കരാറോടെ വലിയ തിരിച്ചടി നേരിട്ടു. 1975 ഫെബ്രുവരിയിൽ, സയിദ് മിർ കാസിമിന് പകരം ലഭിക്കുമായിരുന്ന മുഖ്യമന്ത്രിപദത്തിനുവേണ്ടി, തങ്ങളുടെ ഏറ്റവും വിശ്വസ്തനായ നേതാവ് ഇന്ത്യൻ ഗവൺമെന്റുമായി ഒരു കരാറിലേർപ്പെടുകയെന്നത് കാശ്മീരിലെ ജനങ്ങൾക്ക് സ്വപ്നത്തിൽപ്പോലും വിശ്വസിക്കാനാകുമായിരുന്നില്ല. ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയ്ക്കുവേണ്ടി മിർസാ അഫ്‌സൽബെഗ് ഒപ്പുവച്ച കരാർ യഥാർത്ഥത്തിൽ ഷെയ്ക്ക് മുഹമ്മദിനെ സംബന്ധിച്ചിടത്തോളം, എന്തിനുവേണ്ടിയാണോ അദ്ദേഹം നീണ്ട ഇരുപതുവർഷക്കാലം ജയിലിൽ കിടന്ന് നരകിച്ചത്, എന്തുപദവിയാണോ അദ്ദേഹം ഇക്കാലമത്രയും പുലർത്തിപ്പോന്നത് അതിൽനിന്നെല്ലാമുള്ള പടിയിറക്കമായിരുന്നു.  കാശ്മീരിലെ ബുദ്ധിജീവികൾ കാശ്മീർ പ്രശ്‌നത്തെ മാറിയ വീക്ഷണകോണിലൂടെ നോക്കിക്കാണുവാൻ ഈ സന്ധി ഇടയാക്കി. മാത്രമല്ല, ഷെയ്ക്ക് അബ്ദുള്ളയുടെ കുടുംബവാഴ്ചയ്ക്ക് നാന്ദികുറിക്കുന്ന സംഭവമായും ഇത് മാറി. ജനാധിപത്യപരവും സമാധാനപരവുമായി മുന്നേറിയിരുന്ന ഒരു പ്രക്ഷോഭം ക്രമേണ ആക്രമണോത്സുകവും സ്വഭാവത്തിൽ വർഗ്ഗീയവുമായി പരിണമിച്ചു. ഒടുവിൽ ഭരണകൂടത്തിനെതിരായ സംഘടിത സായുധ പ്രക്ഷോഭമായി അത് മാറി.
മഹാരാജാവിന്റെ ഭരണത്തിനെതിരെ ഉയർന്നു വന്ന പ്രക്ഷോഭണത്തിലൂടെ ഉദയംകൊണ്ട കാശ്മീർ ദേശീയതയുടെ പിറവിയിലും അതിന്റെ വളർച്ചയിലും ഷെയ്ക്ക് അബ്ദുള്ള വഹിച്ച നിർണ്ണായകമായ പങ്ക് നമുക്ക് വിസ്മരിക്കാവതല്ല. ആദ്യം മഹാരാജാവിന്റെ കീഴിലും തുടർന്ന് കേന്ദ്രസർക്കാരിന്റെ കീഴിലും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുള്ള വിചാരണകളിലും പരീക്ഷണങ്ങളിലും 1974-75 കാലയളവിലെ സംഭവവികാസങ്ങൾ കരിനിഴൽ വീഴ്ത്തി.
രണ്ടു വ്യത്യസ്ത ദേശീയതകളുടെ ലയനവും സംയോജനവും നടക്കുന്ന അതീവ പ്രയാസകരമായ ചരിത്രപ്രക്രിയ കൂടുതൽ ആഴത്തിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. തനത് സവിശേഷതകളോടെയും ദേശീയബോധത്തോടെയും സ്വതന്ത്രമായി വികസിച്ചുവരുന്ന ഒരു ജനവിഭാഗത്തെ മറ്റൊരു രാജ്യത്തോട് കൃത്രിമമായോ ബലപ്രയോഗത്തിലൂടെയോ ചേർക്കുക സാദ്ധ്യമല്ല. ജമ്മു കാശ്മീരിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. സാമ്പത്തികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാമൂഹ്യവുമായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇരുരാജ്യങ്ങളിലെയും ജനങ്ങൾതമ്മിൽ ഇടപഴകുവാനുള്ള സ്വഭാവികവും സഹജവുമായ അവസരങ്ങൾ സൃഷ്ടിക്കപ്പെടണം. തികച്ചും ജനാധിപത്യപരവും മതേതരവുമായ അന്തരീക്ഷത്തിലേ ഇത് നടക്കൂ.
എന്നാൽ കാശ്മീരിന്റെ കാര്യത്തിൽ ഈ സ്വാഭാവികപ്രക്രിയ, കേന്ദ്രസർക്കാരിന്റെ സമീപന വൈകല്യവുംനയനടപടികളും നിമിത്തം തുടക്കംമുതൽത്തന്നെ തടസ്സപ്പെട്ടിരുന്നു. ആർട്ടിക്കിൾ 370 ലെ വകുപ്പുകളെ ഇന്ത്യ മാനിച്ചുകൊണ്ട് ലയനത്തിന്റെ പ്രക്രിയ സ്വാഭാവികമായി പുരോഗമിക്കാൻ വേണ്ട സാഹചര്യമാണ് ഒരുക്കേണ്ടിയിരുന്നത്. എന്നാൽ അതല്ല സംഭവിച്ചത്. കാശ്മീരിന്റെ പ്രധാനമന്ത്രി എന്ന പദവി മുഖ്യമന്ത്രി എന്നതായിചുരുങ്ങി. സദർ-ഇ-റിയാസത് എന്ന, തെരഞ്ഞെടുക്കപ്പെട്ടിരുന്ന സംസ്ഥാനഭരണത്തലവന്റെ പദവി കേവലം കേന്ദ്രത്തിന്റെ നോമിനിയായ ഗവർണ്ണർ എന്ന നിലയിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടു. ഈ നീക്കങ്ങളെല്ലാം ഇന്ത്യ ഗവൺമെന്റിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ സംശയം വിതറി. ഒന്നിനുപിന്നാലെ ഒന്നായി അവരോധിതമായ പാവഗവൺമെന്റുകളിലൂടെ ജനങ്ങൾക്ക് ഈ സംശയം ബലപ്പെട്ടു.
സ്വന്തം സർക്കാരിനെ തെരഞ്ഞെടുക്കുവാനുള്ള അവകാശവും ജനാധിപത്യ അവകാശങ്ങളും ഒരു ജനതയ്ക്ക് ദീർഘകാലത്തേയ്ക്ക് നിഷേധിക്കുവാൻ സാധിക്കില്ല. ഇത്തരം അവകാശങ്ങൾ കാശ്മീരിലെ ജനങ്ങൾക്ക് ദീർഘകാലം നിഷേധിക്കപ്പെട്ടതിലൂടെ ഊറിക്കൂടിയ അതൃപ്തി 1987 ൽ മുസ്ലീം യുണൈറ്റഡ് ഫ്രണ്ട്(MUF)പോലെയുള്ള സംഘടനകളുടെ രൂപീകരണംവരെയും എത്തി. എംയുഎഫ് ഇന്നത്തെ ‘ഹുറിയത്തി’ൽപ്പെട്ട എല്ലാ മുസ്ലീം ഗ്രൂപ്പുകളുടെയും ഒരു സംയുക്തമാണ്. ഇതാദ്യമായാണ് ഇന്ത്യൻ ഭരണഘടനയുടെ പരിധിക്കുള്ളിൽനിന്നുകൊണ്ട് മുസ്ലീം സംഘടനകൾ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് ഒരു മുന്നണി രൂപീകരിക്കുന്നത്. തെരഞ്ഞെടുപ്പിൽ അവർ അധികാരത്തിൽവരികയും ചെയ്യുമായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നടത്തിയ വ്യാപകമായ തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ ഈ പ്രതീക്ഷകൾ അട്ടിമറിക്കപ്പെട്ടു, വീണ്ടും ഒരു പാവഗവണ്മെന്റ് ജനങ്ങൾക്കുമേൽ അവരോധിതമായി.

ഇതിന്റെ അനന്തരഫലമെന്നവണ്ണം ചെറുപ്പക്കാരും മുസ്ലീം ബുദ്ധിജീവികളും അടങ്ങുന്ന ഒരു വിഭാഗം സായുധപോരാട്ടത്തിലേയ്ക്ക് നിങ്ങി. താഴ്‌വരയിലെ മുസ്ലീം മതമൗലികവാദികൾക്കും അതിർത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികൾക്കും ഇടപെടാൻ ഇത് അവസരമൊരുക്കി. കേന്ദ്രസർക്കാർ സ്വീകരിച്ച പ്രത്യാക്രമണ നടപടികൾ താഴ്‌വരയിലെ സാധാരണജനങ്ങളുടെ ജീവൻ എടുക്കുകയും അവർക്ക് നിരവധി യാതനകൾ സമ്മാനിക്കുകയും ചെയ്തു. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. ഏതാനും കശ്മീരി പണ്ഡിറ്റുകൾ കൊലചെയ്യപ്പെട്ട സംഭവം ആ വിഭാഗം ജനങ്ങളിലുണ്ടാക്കിയ ഭയാന്തരീക്ഷമാകട്ടെ അധികാരികളുടെ പിടിപ്പുകേടുമൂലം കുടൂതൽ വഷളായി. ജനങ്ങളിൽ നല്ലൊരു പങ്കും കശ്മീർ വിട്ട് ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ കുടിയേറി. അങ്ങനെ ജനങ്ങൾക്കിടയിൽ ഒരു വർഗ്ഗീയ ചേരിതിരിവ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടു. അപൂർവ്വം ചില നിസ്സാരപ്രശ്‌നങ്ങൾ മാറ്റിനിർത്തിയാൽ ജന്മിത്ത കാലത്തും വലിയ വർഗ്ഗീയ കലാപങ്ങൾ കാശ്മീരിൽ ഉണ്ടായിട്ടില്ല. പൊതുവിൽ കാശ്മീരിലെ ജനങ്ങൾ സമാധാനപ്രിയരും ആതിഥ്യമര്യാദയുള്ളവരുമാണ്. ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. ഇന്നും നാം കാശ്മീരിലെ ഏതെങ്കിലും ഒരു വീട് സന്ദർശിക്കാനിടയായാൽ ഒരു കുടുംബാംഗത്തെപ്പോലെ കരുതി അവർ നമ്മെ പരിചരിക്കും. കാശ്മീരി ജനതയുടെ ദേശീയ ബോധത്തിനും അന്തസ്സിനും നേരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങൾ അവരിൽ വൈരാഗ്യബുദ്ധി വളർത്തിയിരിക്കുന്നു, ചിലരെങ്കിലും കാശ്മീർ ഇന്ത്യയിൽനിന്ന് വിട്ടുപോകുന്നതാണ് പരിഹാരം എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു.
കാശ്മീരിലെ ജനങ്ങൾ സമാധാനപ്രിയരാണ് എന്നതുപോലെതന്നെ സാമുദായിക സൗഹാർദ്ദവും പുലർത്തിപ്പോന്നവരാണ്. ഈ പ്രത്യേകതനിമിത്തമാണ്, മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നിട്ടും കാശ്മീർ മുസ്ലീം രാഷ്ട്രം എന്നറിയപ്പെട്ടിരുന്ന പാകിസ്ഥാനോടൊപ്പം ചേരാതെ മതേതര രാഷ്ട്രം എന്ന് ഭരണഘടനയിലൂടെ പ്രഖ്യാപനം നടത്തിയ ഇന്ത്യയോടൊപ്പം നിലകൊള്ളുവാൻ തീരുമാനിച്ചത്. അതുകൊണ്ട് ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ജനാധിപത്യ മതേതര അന്തരീക്ഷം കലുഷിതമായാൽ ജനങ്ങൾ ആശങ്കാകുലരാകുക എന്നത് സ്വാഭാവികം മാത്രമാണ്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വർഗ്ഗീയ കലാപങ്ങൾ നിരന്തര സംഭവമായിമാറി. ബാബ്‌റി മസ്ജിദ് സംഭവത്തെത്തുടർന്നും ഗോധ്ര വംശീയ കലാപത്തിന്റെ സമയത്തും ബിജെപിയുടെയും സംഘപരിവാരശക്തികളുടെയും മുൻകൈയിൽ ആസൂത്രിതമായും വ്യാപകമായും ഇളക്കിവിടപ്പെട്ട വർഗ്ഗീയ ഭ്രാന്ത്, മതന്യൂനപക്ഷ വിഭാഗങ്ങളിൽ പൊതുവിലും മുസ്ലിം മതവിശ്വാസികളിൽ പ്രത്യേകിച്ചും യഥാർത്ഥത്തിൽ ആശങ്കയും ഭീതിയും സൃഷ്ടിച്ചു. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് അരങ്ങേറിയ സിക്ക് വിരുദ്ധ കലാപത്തിലൂടെ ഇതിനകംതന്നെ മതന്യൂനപക്ഷങ്ങളിൽ ഭയാശങ്കകൾ വിതറപ്പെട്ടുകഴിഞ്ഞിരുന്നു. അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരാകട്ടെ ഹിന്ദു മതഭ്രാന്തൻമാരുടെ ഈ നീക്കങ്ങളെ തടഞ്ഞില്ല എന്നുമാത്രമല്ല പ്രോത്സാഹിപ്പിക്കുകകൂടി ചെയ്തു. ഈ നടപടികൾ ഇരുപ്രദേശങ്ങളിലെയും ജനങ്ങൾക്കിടയിലെ വിള്ളൽ വലുതാകാൻ ഇടയൊരുക്കി.

തെറ്റായ കേന്ദ്രനയങ്ങൾ

കോൺഗ്രസ്സ് സർക്കാരായാലും ബിജെപി സർക്കാരായാലും തുടക്കംമുതൽ ഇതുവരെ സ്വീകരിച്ചുവന്ന നയനടപടികൾ അപകടകരമാംവിധം അബദ്ധജടിലമായിരുന്നു. ബലപ്രയോഗത്തിലൂടെ ദേശീയതകളെ സംയോജിപ്പിക്കാനാവില്ല എന്നത് ചരിത്രത്തിൽ ഇതിനകംതെളിയിക്കപ്പെട്ടുകഴിഞ്ഞ യാഥാർത്ഥ്യമാണ്. സംഘടിതവുംസായുധവുമായ പ്രതിപ്രവർത്തനങ്ങൾക്ക് മാത്രമേ ഇത് ഇടവരുത്തൂ. ജനാധിപത്യവിരുദ്ധവും അധീശമനോഭാവത്തോടുകൂടിയതുമായ ഇന്ത്യൻ സർക്കാരിന്റെ സമീപനങ്ങൾ തികച്ചും തെറ്റാണ് എന്നത് പുനരാവർത്തി തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. ഇന്ത്യൻ മുഖ്യധാരയോട് ഇഴുകിച്ചേർന്നുപോകേണ്ടുന്നതിന് പകരം ഈ നയങ്ങൾ കാശ്മീരി ജനതയിൽ അരക്ഷിതാവസ്ഥയും അന്യതാബോധവുമാണ് സൃഷ്ടിച്ചത്.
ഇന്ന് ബിജെപി എന്നതുപോലെ തുടക്കംമുതൽ ജനസംഘവും ആർട്ടിക്കിൾ 370നെ എതിർത്തുപോന്നിരുന്നു. വകുപ്പ് റദ്ദാക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അങ്ങനെ ജനാധിപത്യവിരുദ്ധമായും, ദേശീയതകളുടെ തുല്യത എന്ന തത്ത്വത്തെ നിരാകരിച്ചും ബലപ്രയോഗത്തിലൂടെ കശ്മീരിനെ ഇന്ത്യയോട് ചേർക്കുകയായിരുന്നു. കോൺഗ്രസ്സാകട്ടെ, കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കണം എന്ന് പരസ്യമായി അഭിപ്രായപ്പെട്ടിട്ടില്ല എങ്കിൽപ്പോലും വകുപ്പിലെ നിർദ്ദേശങ്ങളെ നിരാകരിക്കുക എന്ന വഞ്ചനാപരമായ നിലപാടാണ് ഫലത്തിൽ സ്വീകരിച്ചുപോന്നത്.
സിപിഐ, സിപിഐ(എം) കക്ഷികളാകട്ടെ, ഇടയ്ക്കും മുട്ടിനും കാശ്മീർ വിഷയം ഉന്നയിക്കുമെങ്കിലും പാർലമെന്റിന് അകത്തും പുറത്തും മതിയായ ശക്തി സമാഹരിച്ച്, ജമ്മുകാശ്മീരിലെ ജനങ്ങൾക്കെതിരായ കേന്ദ്രസർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭം ദേശവ്യാപകമായി വളർത്തിയെടുക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തിയില്ല. ഫലത്തിൽ ഈ കക്ഷികളും തങ്ങളുടെ മൗനംകൊണ്ട് ഈ നയങ്ങൾക്ക് അനുമതി നൽകുകയാണ് ചെയ്തിരിക്കുന്നത്.
മറ്റുചില നീക്കങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഒരു വിഭാഗം ജമ്മുകാശ്മീരിന്റെ പൂർണ്ണസ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിക്കുന്നു, മറ്റ് ചിലവിഭാഗങ്ങൾ ആകട്ടെ, കാശ്മീർ പാകിസ്ഥാനൊപ്പം ചേരണം എന്ന് ആവശ്യപ്പെടുന്നു.
കോൺഗ്രസ്സും ബിജെപിയും നേതൃത്വം നൽകിപ്പോന്ന കേന്ദ്രസർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലൂടെയും അതിലുപരി പട്ടാളത്തിന്റെ ക്രൂരമായ അതിക്രമങ്ങളുടെ ഫലമായും സൃഷ്ടിക്കപ്പെട്ട ശ്വാസം മുട്ടിക്കുന്ന ഈ അന്തരീക്ഷം, സ്വാതന്ത്ര കാശ്മീർ എന്ന ആവശ്യത്തിന് അനുകൂലമായ ചിന്താഗതി ശക്തമാക്കി. ചിലരാകട്ടെ സാമ്രാജ്യത്വ അധിനിവേശകാലത്തെ അടിച്ചമർത്തലിനോട് നിലവിലുള്ള സാഹചര്യത്തെ തുലനപ്പെടുത്തുകയും വിഭജനം എന്ന ആവശ്യത്തെ ന്യായീകരിക്കുകയും ചെയ്യുന്നു.
അതിസങ്കീർണ്ണമായ ഇന്നത്തെ സാഹചര്യത്തിൽ കാശ്മീർ പ്രശ്‌നത്തിന് ശരിയായ ഒരു പരിഹാരമാർഗ്ഗം കാണുക എന്നത് പ്രയാസമേറിയ കാര്യമാണ് എന്നതിൽ തർക്കമില്ല. എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും ശരിയായ പരിഹാരമാർഗ്ഗം കണ്ടെത്തിയേ മതിയാകൂ. പരിഹാരം ശരിയോ എന്ന് എങ്ങനെ വിലയിരുത്തും? പരിഹാരമാർഗ്ഗം ശരിയോ എന്നറിയുവാൻ തൊഴിലാളികളും സാധാരണക്കാരും ചൂഷണമനുഭവിക്കുന്നവരുമായ ജനങ്ങൾ വിപ്ലവത്തിനും പുരോഗതിക്കുംവേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങൾക്കുമേൽ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതം പരിശോധിച്ചാൽ മതി. അതായത് ഈ ജനവിഭാഗങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുകയല്ല മറിച്ച് ചൂഷണം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുകയും അതിലൂടെ ആ ദേശീയതകളുടെ മോചനത്തിനും പുരോഗതിക്കുമായുള്ള പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണം.

തൊഴിലാളികളും ചൂഷണമനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങളും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ, ജനങ്ങൾക്കുമേൽ അനുവർത്തിക്കപ്പെടുന്ന ക്രൂരതകൾക്കെതിരെ ശക്തമായ പ്രക്ഷോഭണം പടുത്തുയർത്തേണ്ടതുണ്ട്. ജീവൻ ബലികൊടുത്തുകൊണ്ടും കഠിനമായ വൈതരണികളെ നേരിട്ടുകൊണ്ടും കാശ്മീരിലെ ജനങ്ങൾ ഈ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും സമീപനങ്ങൾക്കും എതിരെ ശക്തമായ പ്രക്ഷോഭണം രാജ്യമെമ്പാടുമുള്ള പുരോഗമന ജനാധിപത്യവിശ്വാസികളുടെ മുൻകൈയിൽ ഉയർന്നുവരേണ്ടതുണ്ട്. €ഈ ദിശയിൽ കാര്യമായ നീക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇതരഭാഗങ്ങളിലുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം കാശ്മീർ സ്വമേധയാ ഇന്ത്യൻ യൂണിയനിൽ ചേർന്നുവെങ്കിലും ജനങ്ങളുടെ മാനസികമായ ഉൾചേരൽ ക്ഷിപ്രസാദ്ധ്യമല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടുമില്ല. ഒരു യഥാർത്ഥ സംയോജനത്തിനുള്ള പ്രക്രിയ രൂപപ്പെടേണ്ടിയിരുന്നു. ഈ പ്രക്രിയയാകട്ടെ ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അവധാനതയോടെ ചെയ്യേണ്ടതാണ്. പ്രഥമമായും ആ ജനതയെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട.് സ്വതന്ത്രമായി ഇടപഴകാനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടണം. പ്രേരണയും സ്‌നേഹപൂർവ്വമായ ഇടപഴകലുകളും വേണം. യഥാർത്ഥ ജനാധിപത്യ-മതേതര അന്തരീക്ഷം നിലനിൽക്കുന്ന ഒരു സാഹചര്യത്തിലേ ഇത് സാദ്ധ്യവുമാകൂ. ഇന്ത്യയിൽ എവിടെയുമുളള ജനങ്ങൾ ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
സ്വതന്ത്ര കാശ്മീർ എന്ന ആശയം പരിശോധിച്ചാൽ, രാജ്യങ്ങളുടെ സ്വയം നിർണ്ണയാവകാശം അഥവാ പിരിഞ്ഞുപോകൽ എന്നത് ഒരു പൊതുതത്വം എന്ന നിലയിൽ കമ്മ്യൂണിസ്റ്റുകളും പിന്തുണയ്ക്കുന്ന ആശയമാണ്. എന്നാൽ എല്ലായ്‌പ്പോഴും അത് ശരിയായ പരിഹാരമാർഗ്ഗം ആയിരിക്കണം എന്നില്ല. സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹിക്കുന്ന പ്രദേശത്തെ തൊഴിലാളികളും ചൂഷണമനുഭവിക്കുന്ന ഇതര ജനവിഭാഗങ്ങളും തമ്മിലും, സ്വതന്ത്രമാകുന്ന രാജ്യത്തെയും പിരിഞ്ഞുപോരുന്ന രാജ്യത്തെയും തൊഴിലാളികളും ചൂഷണമനുഭവിക്കുന്ന ജനവിഭാഗങ്ങളും തമ്മിലുമുള്ള ഐക്യവുമായിക്കൂടി ഇത് ബന്ധപ്പെട്ടിരിക്കുന്നു. എന്നുമാത്രവുമല്ല, വിഭജനം ലോകതൊഴിലാളിവർഗ്ഗവിമോചന പോരാട്ടവുമായും ബന്ധപ്പെട്ടിരിക്കുന്നു, അതായത് ലോകവിപ്ലവവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നു ചുരുക്കം. ന്യായമായും അടിച്ചമർത്തപ്പെടുന്ന രാജ്യത്തെ തൊഴിലാളിവർഗ്ഗവും അടിച്ചമർത്തുന്ന രാജ്യത്തെ തൊഴിലാളിവർഗ്ഗവും തമ്മിലുള്ള ബന്ധത്തിനും ഐക്യത്തിനും എന്തെങ്കിലും ഊനം ഉണ്ടാകേണ്ടതില്ല. അതുകൊണ്ടുതന്നെ മുറിപ്പെടുത്തപ്പെട്ട വികാരങ്ങളെ അടിസ്ഥാനമാക്കി കൈക്കൊള്ളേണ്ട തീരുമാനങ്ങളല്ല ഇവയൊന്നും. പക്ഷപാതരഹിതമായും ചരിത്രവികാസപ്രക്രിയയ്ക്ക് നിരക്കുംവിധവും വേണം നാം പരിഹാരമാർഗ്ഗങ്ങൾ ആരായേണ്ടത്.

ആധുനികരാഷ്ട്രം രൂപപ്പെടുന്നത് എങ്ങനെ?

ചരിത്രം പരിശോധിച്ചാൽ ഒരു കാലത്ത് ദേശീയ രാഷ്ട്രങ്ങൾ ഉണ്ടായിരുന്നില്ല എന്ന് കാണാം. സമൂഹത്തിന്റെയും സാമൂഹ്യ ഉൽപാദനത്തിന്റെയും വികാസത്തിന്റെ ഒരു നിശ്ചിത ഘട്ടത്തിലാണ് ദേശീയ രാഷ്ട്രങ്ങൾ ഉടലെടുത്തത്. മുതലാളിത്തത്തിന്റെ ഉയർച്ചയോടെ ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ വളർച്ചക്കും വികാസത്തോടുമൊപ്പമാണ് അവ നിലവിൽ വന്നത്. ജന്മിത്ത സമൂഹത്തിലെ എല്ലാ വികേന്ദ്രീകൃത കമ്പോളങ്ങളെയും ഒരു കേന്ദ്രീകൃത ദേശീയ കമ്പോളത്തിലേക്ക് യോജിപ്പിക്കുകയും അതിനെ അടിസ്ഥാനമാക്കി ഒരു ആധുനിക കേന്ദ്രീകൃത ദേശീയ രാഷ്ട്രം രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടാണ മുതലാളിത്തം വികസിച്ചത്. മുതലാളിത്തം അതിന്റെ പ്രാരംഭഘട്ടത്തിൽ വളരുന്ന, വികസിക്കുന്ന ഒരു വ്യവസ്ഥയായിരുന്നു. അത് നിരന്തരമായ വ്യവസായവൽക്കരണത്തിന്റെ വഴി തുറന്നു, ശാസ്ത്ര- സാങ്കേതിക വിദ്യകളുടെ വികാസത്തെ പ്രോൽസാഹിപ്പിച്ചു, വിദ്യാഭ്യാസത്തെ മതത്തിന്റെ നിയന്ത്രണത്തിൽ നിന്നും മതപരമായ ഇടപെടലുകളിൽ നിന്നും മോചിപ്പിച്ചു. മുതലാളിത്തത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ പ്രതിസന്ധി ഉണ്ടായിരുന്നില്ല, കുത്തകകൾ ഉണ്ടായിരുന്നില്ല. അതിനാൽ ചെറുകിട മൂലധത്തിനുമേൽ കുത്തകമൂലധനത്തിന്റെ മേധാവിത്വവും ഇല്ലായിരുന്നു. ഇതാണ് ലെയ്‌സെ-ഫെയർ സമ്പദ് വ്യവസ്ഥയുടെ (സ്വതന്ത്രമൽസരത്തിന്റെ) കാലം. ഏകീകൃതവും കേന്ദ്രീകൃതവുമായ ഒരു കമ്പോളം സ്ഥാപിച്ചെടുക്കാനുള്ള ത്വരയാൽ മുതലാളിവർഗ്ഗം ജന്മിത്ത കാലത്ത് നിലനിന്നിരുന്ന എല്ലാത്തരം സങ്കുചിതത്വങ്ങൾക്കും വിഭാഗീയ പ്രാദേശിക വികാരങ്ങൾക്കും, വിഘടന പ്രവണതകൾക്കും എതിരെ പോരാടി. സമൂഹത്തെ ജനാധിപത്യവൽക്കരിച്ചു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന തങ്ങളുടെ മുദ്രാവാക്യം ഈ ഘട്ടത്തിൽ മുതലാളി വർഗ്ഗത്തിന് ആവുംമട്ടൊക്കെ നടപ്പിലാക്കാൻ കഴിഞ്ഞു, ചരിത്രപരമായി സാധ്യമായിടത്തോളം. ദേശീയ രാഷ്ട്ര രൂപീകരണത്തിനായി ജനതകളുടെ സംലയനം, സ്വതന്ത്രമായി, സ്വമേധയാ ഏറെക്കുറെ പൂർണ്ണമായി നടക്കാൻ ഏറ്റവും അനുകൂലമായ ഒരു സാഹചര്യമാണ് ഇതെല്ലാം ചേർന്ന് ഒരുക്കിയത്.
എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ലെനിൻ ചൂണ്ടിക്കാട്ടിയതുപോലെ മുതലാളിത്തം അതിന്റെ പരമോന്നതഘട്ടമായ സാമ്രാജ്യത്വത്തിൽ എത്തിയപ്പോൾ അതിന് പുലർത്തിപ്പോന്ന പുരോഗമനസ്വഭാവം നഷ്ടമായി. ഈ ഘട്ടത്തിൽ മുതലാളിത്തം കുത്തക മൂലധനത്തിന് ജന്മം നൽകി, പ്രതിസന്ധിയിലേക്ക് പ്രവേശിച്ചു. വികാസത്തിന്റെ പരമോന്നതഘട്ടം എന്നതിന്റെ അർത്ഥം, തുടർവികാസത്തിന് സാധ്യതയേതുമില്ലാത്ത ഘട്ടം എന്നാണ.് യഥാർത്ഥത്തിൽ അപചയം ആരംഭിക്കുന്ന ബിന്ദുവാണത്. മുതലാളിത്തം മരണാസന്നവും ജീർണ്ണവുമാകുന്ന ഘട്ടം. സ്വാഭാവികമായും അത് ഇല്ലാതാകണം. പക്ഷേ പ്രകൃതിയിലും സമൂഹത്തിലും ഒരു വ്യവസ്ഥ നിഷ്‌ക്രമിക്കുന്നത് അതിന്റെ ഉദരത്തിൽ വളരുന്ന പുതിയൊരു വ്യവസ്ഥക്ക് ജന്മം നൽകിക്കൊണ്ടാണ്. അതുകൊണ്ട്തന്നെ ലെനിൻ അതിനെ സാമ്രാജ്യത്വത്തിന്റെയും മരണാസന്ന മുതലാളിത്തത്തിന്റെയും യുഗം എന്നുമാത്രമല്ല വിളിച്ചത്. അതോടൊപ്പം തന്നെ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും യുഗമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ യുഗത്തിൽ സാർവ്വദേശീയമായി മുതലാളിവർഗ്ഗം പിന്തിരിപ്പനായി മാറിയിരിക്കുന്നു. പക്ഷേ ദേശീയ വിമോചന സമരം അഥവാ ബൂർഷ്വാ ജനാധിപത്യവിപ്ലവം ആരംഭം കുറിച്ചിരിക്കുന്ന കോളനികളിലും അർദ്ധ കോളനികളിലും സാമ്രാജ്യത്വ ഭരണത്തിനും പ്രാദേശിക ജന്മിത്തത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ കാര്യത്തിൽ മുതലാളിവർഗ്ഗം സാപേക്ഷികമായ ഒരു പുരോഗമന പങ്ക് ഇനിയും വഹിക്കുന്നുണ്ട്. പക്ഷേ, സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ അതിന്റെ പ്രാരംഭഘട്ടത്തിൽ നടത്തിയതു പോലുള്ള ഒരു വിട്ടുവീഴ്ചയില്ലാത്ത സമരമല്ല, ഈ ഘട്ടത്തിൽ അത് നടത്തുന്നത്. അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ്, പഴയ ജന്മിത്ത ക്രമത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തിനും സമൂഹത്തിന്റെ പൂർണ്ണമായ ജനാധിപത്യവൽക്കരണത്തിനും അവശ്യം വേണ്ടുന്ന സാംസ്‌കാരിക വിപ്ലവത്തിന്റെ കൊടിക്കൂറ ആസന്നമായ തൊഴിലാളിവർഗ്ഗ വിപ്ലവത്തെക്കുറിച്ചുള്ള ഭയപ്പാട് മൂലം മുതലാളിവർഗ്ഗം വലിച്ചെറിഞ്ഞു,
ദേശീയ മുതലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം നടന്ന മിക്ക കോളനികളിലും സംഭവിച്ചതുപോലെ നമ്മുടെ രാജ്യത്തും അത് ജന്മിത്തവുമായി സന്ധിചെയ്തു. ഫലമോ, ഭരണഘടനയിൽ ചില ഔപചാരിക ജനാധിപത്യ അവകാശങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ജാതീയത, വർഗ്ഗീയത, പ്രാദേശികവാദം തുടങ്ങി എല്ലാ വിഘടന പ്രവണതകളും മുഖ്യാംശത്തിൽ സാമൂഹ്യചിന്തയിൽ നിലനിൽക്കുകയാണ്. അങ്ങിനെ ദേശീയതകൾ ഒരു രാഷ്ട്രമായി ലയിച്ചു ചേരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നതിൽ അത് പരാജയപ്പെട്ടു. സമ്പൂർണ്ണമായ, സ്വമേധയാ ഉളള ലയനം അസാധ്യമായി. ജന്മിത്ത ആചാരങ്ങൾക്കും ശീലങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ചിന്താരീതികൾക്കും എതിരെ അതിന്റെ ഉയർച്ചയുടെ ഘട്ടത്തിൽ നടത്തിയതുപോലുള്ള ജീവന്മരണ സമരം നടത്താൻ ഈ ഘട്ടത്തിൽ ഭരണമുതലാളിവർഗ്ഗം ഭയപ്പെടുന്നു. സ്വാഭാവികമായും സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും യുഗത്തിൽ കുത്തകകളുടെ മേധാവിത്വവും ദേശീയ മർദ്ദനവും നിയമമായി വർത്തിക്കുമ്പോൾ വ്യത്യസ്ത ഭാഷകളും സംസ്‌കാരവുമുള്ള നിരവധി ദേശീയതകൾ യോജിച്ച് ഒരു രാജ്യമായി മാറാനും ഒരു ദേശീയ രാഷ്ട്രം സ്ഥാപിക്കാനും ശ്രമിക്കുമ്പോൾ ജനതകളുടെ സ്വതന്ത്രമായ, പൂർണ്ണമായ ലയനം സാധ്യമാവില്ല. നമ്മുടെ രാജ്യത്തിന്റ ഉദാഹരണം പരിശോധിക്കാം. ഇവിടെ ഈ പ്രക്രിയ വ്യക്തമായി വെളിവാക്കപ്പെടുന്നുണ്ട്.
നമ്മുടെ രാജ്യത്ത് അതിവിശാലമായ ഒരു ഭൂപ്രദേശത്ത് ബ്രീട്ടീഷുകാർ അവരുടെ ഭരണം ഏർപ്പെടുത്തി. ആസാമികൾ, മണിപ്പൂരികൾ, ബംഗാളികൾ, ബിഹാറികൾ, മറാത്തികൾ, രാജസ്ഥാനികൾ, ഗുജറാത്തികൾ, പഞ്ചാബികൾ, തമിഴർ, മലയാളികൾ, കന്നഡിഗകൾ, തെലുങ്കർ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന നിരവധി ദേശീയതകൾക്ക് ഒരു ലളിതമായ സത്യം മനസ്സിലായി. വേറിട്ട് നിന്ന് പോരാടിക്കൊണ്ട് അവരിൽ ഒന്നിനും ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തെ തോൽപ്പിച്ച് സ്വാതന്ത്ര്യം നേടി ഒരു വേറിട്ട ദേശീയ രാഷ്ട്രം രൂപീകരിക്കാൻ കഴിയില്ല. അതിനാൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും പ്രാദേശിക ജന്മിത്തത്തിനും എതിരെ യോജിച്ച ദേശീയ സമരത്തിനുള്ള ഒരു പൊതു പ്രക്ഷോഭവേദി അവർ കെട്ടിപ്പടുത്തു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇവിടെ കൂടുതൽ ആഴത്തിലുള്ള ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. ബ്രിട്ടീഷ് ഭരണത്തിൽ ആയിരുന്ന ഈ ദേശീയതകൾ എല്ലാം പരസ്പരം ഇടകലർന്നു. ബ്രിട്ടീഷ് ഭരണാധികാരികൾ വികസിപ്പിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും പൊതുവായ സാമ്പത്തിക ജീവിതത്തിന്റെയും അടിസ്ഥാനത്തിൽ പൊതുവായ വികാരങ്ങളും ചിന്താഗതികളും സംസ്‌കാരവും വികസിച്ചുവന്നു. ഈ കാര്യങ്ങൾ മേൽപറഞ്ഞ ദേശീയതകൾക്കിടയിൽ ക്രമേണയെങ്കിലും നിശ്ചിതമായി ഒരു പൊതുദേശീയ വികാരത്തിന് ജന്മം നൽകി. ഇത് സ്വാതന്ത്ര്യസമരം വളർന്നതോടെ കൂടുതൽ ശക്തിപ്പെട്ടു. പക്ഷേ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ വിട്ടുവീഴ്ചാമനോഭാവമുള്ള ബൂർഷ്വാ നേതൃത്വം തൊഴിലാളിവർഗ്ഗ വിപ്ലവത്തെക്കുറിച്ചുള്ള അവരുടെ ഭയപ്പാടുമൂലം ജന്മിത്തസമൂഹത്തിലെ ജീർണ്ണമായ വിഘടനപ്രവണതകൾക്കെതിരെ സാംസ്‌കാരിക വിപ്ലവം നടത്താതിരുന്നതിനാൽ ഈ ദേശീയ വികാരത്തിന് പൂർണ്ണമായ ഒരു ദേശീയ സ്വഭാവം കൈവന്നില്ല. മുതലാളിവർഗ്ഗം സമരം നടത്തിയത് വിശാലമായ ഇന്ത്യൻ മാർക്കറ്റ് കൈക്കലാക്കുക എന്ന ഏക ലക്ഷ്യത്തോടെ, മുഖ്യമായും രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു. ഈ പ്രതിഭാസത്തെ വിശകലനം ചെയ്തുകൊണ്ട് നമ്മുടെ അന്തരിച്ച നേതാവും ഗുരുവും മാർഗ്ഗദർശിയും ഈ യുഗത്തിലെ ഒരു സമുന്നത മാർക്‌സിസ്റ്റ് ചിന്തകനുമായ സ.ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാട്ടി: ‘സാമ്പത്തികമായും രാഷ്ട്രീയമായും ഒരു രാഷ്ട്രമായെങ്കിലും നമ്മൾ ജാതി, സമുദായ, ദേശീയത, ഭാഷാ ഗ്രൂപ്പുകളായി ഭിന്നിച്ചിരിക്കുകയാണ്’.

മുതലാളിത്ത പ്രതിസന്ധിയുടെ നിഴലിൽ നടന്ന ഇന്ത്യൻ രാഷ്ട്രരൂപീകരണം

രണ്ടാമതായി, ഈ സമയമാകുമ്പോഴേക്കും കുത്തകകളുടെ വളർച്ച മൂലം സ്വതന്ത്രമൽസരത്തിന്റെ കാലം കഴിഞ്ഞു പോയിരുന്നു. ഇന്നത്തെ മുതലാളിത്തത്തിൽ ചെറുകിട മൂലധനത്തിന് മുകളിൽ കുത്തകയാണ് ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുൻപുതന്നെ നമ്മുടെ രാജ്യത്ത് കുത്തക പ്രവണത വികസിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇത് കൂടുതൽ ശക്തിപ്പെടുകയും ദൃഢികരിക്കപ്പെടുകയും ചെയ്തു. അതിനാൽ ചില ദേശീയതകളിലെ മുതലാളിവർഗ്ഗത്തിൽ കുത്തക കുടുംബങ്ങൾ വികസിച്ചു. സ.ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചു, ‘ഇന്ത്യൻ മുതലാളിവർഗ്ഗം ജന്മമെടുത്തതുതന്നെ പ്രതിസന്ധിയുടെ നിഴലിലാണ്’. ഒരോ ദിനം കഴിയും തോറും ഈ നിഴൽ കൂടുതൽ വളരുകയാണ്, ഇരുളുകയാണ്. സ്വാഭാവികമായും സമ്പദ്‌വ്യവസ്ഥയുടെ മുഖ്യപ്രവണതയായി കുത്തക വികസിച്ചെങ്കിലും ചെറുകിടമൂലധനത്തിന്റെ പങ്ക് ഇല്ലാതായില്ല; കാരണം പ്രതിസന്ധി ഗ്രസ്തമായ ഈ കാലയളവിൽ തടസ്സമില്ലാത്ത വ്യവസായവൽക്കരണം അസാധ്യമായിരുന്നു. എന്നു മാത്രമല്ല, ചെറുകിട പ്രാദേശിക മൂലധനങ്ങൾ സമ്പദ് വ്യവസ്ഥയിലെ ഗണനീയമായ ഒരു ശക്തിയായി തുടരുകയും പലപ്പോഴും കുത്തകമൂലധനവുമായി ചെറുകിട മൂലധനത്തിനും പ്രാദേശിക മൂലധനത്തിനുമുള്ള വൈരുദ്ധ്യം രൂക്ഷമാവുകയും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ പ്രകടിതമാവുകയും ചെയ്തു.
1965-ൽ കേന്ദ്ര ഗവൺമെന്റ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദി അടിച്ചേൽപ്പിച്ചപ്പോൾ തമിഴ്‌നാട്ടിലും ചില ദക്ഷിണ സംസ്ഥാനങ്ങളിലും ശക്തമായ ഭാഷാ സമരം പൊട്ടിപുറപ്പെട്ടു. ഈ പ്രതിഭാസം ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. പ്രതിസന്ധിഗ്രസ്തമായ മുതലാളിത്തത്തിന്റെ ഈ കാലഘട്ടത്തിൽ നമ്മുടേതുപോലെ ഒരു ബഹുദേശീയതാ രാഷ്ട്രത്തിൽ, മേൽകൈയുള്ള ദേശീയതയുടെ മുതലാളിവർഗ്ഗം മറ്റ് ദുർബല ദേശീതകളുടെ മേൽ മേധാവിത്വം ചെലുത്തുന്നു. ന്യൂനപക്ഷദേശീയതകളെയും ന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുക എന്നത് ഇന്നത്തെ മുതലാളിത്തത്തിന്റെ ചര്യയാണ്. ഈ അടിച്ചമർത്തൽ സാമ്പത്തിക രംഗത്ത് മാത്രമായി ഒതുങ്ങുന്നില്ല. രാഷ്ട്രീയവും സാംസ്‌കാരികവും ഭാഷാപരവുമായ എല്ലാ മണ്ഡലങ്ങളിലും അത് പടരുന്നു. ഹിന്ദി ഭാഷാ പ്രദേശങ്ങളിലെ മുതലാളിവർഗ്ഗത്തിൽനിന്ന് കുത്തക മൂലധനം ആദ്യമായി വികസിക്കുകയും സ്വാതന്ത്ര്യലബ്ധിക്കുശേഷം ക്രമേണ സമ്പദ് വ്യവസ്ഥയേയും ഭരണകൂടത്തേയും അവർ നിയന്ത്രിക്കുകയും ചെയ്തു. മേൽക്കോയ്മയുള്ള ഈ മുതലാളി വർഗ്ഗം സ്വന്തം ഭാഷയായ ഹിന്ദി, ഇതര ഭാഷക്കാർക്കുമേൽ അടിച്ചേൽപ്പിച്ചു. ഇത് ഹിന്ദി സംസാരിക്കാത്ത ജനങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദി തീരെ മനസ്സിലാകാത്ത തമിഴ് ജനതയുടെ വികാരങ്ങളെ ആഴത്തിൽ മുറിപ്പെടുത്തി. സ്വാഭാവികമായി അവരിൽനിന്ന് വമ്പിച്ച ഒരു പ്രതിഷേധ സമരം സ്വമേധയാ പൊട്ടിപുറപ്പെട്ടു. ഭാഷ ഒരു വൈകാരിക പ്രശ്‌നമാണ്. അതിൻമേലുള്ള ഏതൊരാക്രമണവും മുഴുവൻ ജനതയുടെയും വികാരമുണർത്താതെ തരമില്ല. ആ വികാരം അന്ധതയിൽനിന്നും ഇടുങ്ങിയ ചിന്താഗതിയിൽ നിന്നും മുക്തമാണെങ്കിൽ മഹത്തായ ഒരു വികാരമാണ്. കാരണം ഒരു ജനതയുടെ ബുദ്ധിപരവും സാംസ്‌കാരിവുമായ വികാസം വലിയൊരളവിൽ അവരുടെ ഭാഷയുടെ വികാസത്തെ ആശ്രയിച്ചിരിക്കുന്നു.
ദേശീയ മുതലാളി വർഗ്ഗവുമായി വൈരുദ്ധ്യമുള്ള തമിഴ്‌നാട്ടിലെ വികസനകാംക്ഷിയായ പ്രാദേശിക മുതലാളിവർഗ്ഗം സാഹചര്യത്തെ മുതലെടുത്തുകൊണ്ട് ദേശീയ മാർക്കറ്റിലെ ഒരു പങ്ക് നേടാൻ ദേശീയ മുതലാളിവർഗ്ഗത്തിന് മേൽ സമ്മർദ്ദം ചെലുത്താനായി സമരത്തെ പ്രോൽസാഹിപ്പിച്ചു. ഈ ലക്ഷ്യത്തോടെ തമിഴ് പ്രാദേശിക മുതലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയ സംഘടനയായ ഡിഎംകെ ഇന്ത്യൻ യൂണിയനിൽനിന്ന് വിഘടിച്ച് പോവുക എന്ന മുദ്രാവാക്യം ഉയർത്തി. ഡിഎംകെയുടെ സ്ഥാപകനേതാവും പാർലമെന്റ് അംഗവുമായിരുന്ന സി.എൻ.അണ്ണാദുരൈ, ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് നിലനിർത്തിയില്ലെങ്കിൽ തമിഴ്‌നാടിന് വിട്ടുപോവുകയല്ലാതെ മറ്റ് മാർഗ്ഗമുണ്ടാവില്ലെന്ന് പാർലമെന്റിൽ തുറന്നു പ്രഖ്യാപിച്ചു. തമിഴ്‌നാടിനെപ്പോലെ വലിയൊരു മാർക്കറ്റ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത രാജ്യത്തെ ദേശീയ മുതലാളിവർഗ്ഗം പ്രാദേശിക ബൂർഷ്വാസിയുമായി ഒത്തുതീർപ്പിലെത്തി. വിഘടനവാദ ഡിമാന്റിൽനിന്ന് ഡിഎംകെ പിന്മാറി. ഒത്തുതീർപ്പിന്റെ ഭാഗമായി തമിഴ് മുതലാളിവർഗ്ഗത്തിന് ദേശീയ മാർക്കറ്റിലെ ഒരു പങ്ക് ലഭിച്ചു. ഇതിന്റെ ഫലമായാണ് ടി.വി.എസ്, രാംകൊ, മദുരകോട്‌സ് തുടങ്ങി നിരവധി തമിഴ് കുത്തക കുടുംബങ്ങൾ ഉയർന്നുവന്നത്. പലസമയത്തായി ഉയർന്നുവന്ന നിരവധി ബാങ്കുകളെയും നമുക്ക് കാണാം. ഭാഷാപ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിലും, തമിഴ് മുതലാളിവർഗ്ഗത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തീകരിക്കപ്പെട്ടു. ഡിഎംകെ തങ്ങളുടെ വിഘടനവാദ മുദ്രാവാക്യം ഉപേക്ഷിച്ചു. തമിഴ് മുതലാളിവർഗ്ഗം ഈ പ്രശ്‌നത്തെ ദേശീയ മുതലാളിവർഗ്ഗവുമായി വിലപേശാനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. അങ്ങനെ കേന്ദ്രസർക്കാരിന്റെ ഭാഷാനയം തമിഴ് ജനതയുടെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചപ്പോൾ തമിഴ് മുതലാളി വർഗ്ഗത്തിന് അത് തങ്ങളുടെ താൽപര്യത്തിനായി ഉപയോഗിക്കാൻ കഴിഞ്ഞു.
തമിഴ്‌നാട് വേറൊരു രാജ്യമാകാതിരുന്നത് നന്നായി. തമിഴ് മുതലാളിവർഗ്ഗത്തിന്റെ യഥാർത്ഥ ലക്ഷ്യം ഇതായിരുന്നുമില്ല എന്ന് നമ്മൾ കണ്ടു. പക്ഷേ വാദത്തിനുവേണ്ടി അത് അംഗീകരിച്ചാൽത്തന്നെ തമിഴ്‌നാട് വേറൊരു രാജ്യമായി മാറിയിരുന്നെങ്കിൽ ആ രാജ്യം വർഗ്ഗരഹിതമായ സമൂഹമാകുമായിരുന്നോ? മുതലാളിത്ത ചൂഷകരും കൂലിവേലക്കാരായ ചൂഷിതരും ഇല്ലാത്ത, ചൂഷണമില്ലാത്ത നാടാകുമായിരുന്നോ? ഒരു രാഷ്ട്രത്തിലെ ചൂഷിതർക്കും ചൂഷകർക്കും പൊതുതാൽപര്യങ്ങൾ ഉണ്ടാകുമോ? ചരിത്രത്തിൽ കമ്മ്യൂണിസം സ്ഥാപിതമാകുന്നതിന് മുൻപ് ഒരു രാഷ്ട്രത്തിനും വർഗ്ഗരഹിത രാഷ്ട്രമാകാൻ കഴിയില്ല. എല്ലാ രാഷ്ട്രത്തിലും ചൂഷകരും ചൂഷിതരുമുണ്ട്. അവരുടെ താൽപര്യങ്ങൾ കേവലം വ്യത്യസ്തം മാത്രമല്ല നേർവിപരീതവുമാണ്. മുതലാളിവർഗ്ഗം ദേശീയ താൽപര്യത്തിന്റെ മുദ്രാവാക്യമുയർത്തുമ്പോൾ മുതലാളിവർഗ്ഗത്തിന്റെ താൽപര്യം എന്നല്ലാതെ മറ്റൊരർത്ഥവും അതിനില്ല. അത്തരം മുദ്രാവാക്യങ്ങൾ തൊഴിലാളിവർഗ്ഗത്തെ ആശയക്കുഴപ്പത്തിൽ ആക്കരുത്.

മതം രാഷ്ട്രരൂപീകരണത്തിന്റെ  അടിസ്ഥാനമല്ല

ദേശീയതകളുടെ സ്വയം നിർണ്ണയാവകാശം എന്ന പ്രശ്‌നത്തോട് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള തൊഴിലാളിവർഗ്ഗ സമീപനം ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ദേശീയതകളുടെ സ്വയം നിർണ്ണയാവകാശം ശക്തമായി ഉയർത്തിയ വലിയ പ്രക്ഷോഭങ്ങൾ ആദ്യം ബംഗ്ലാദേശിലും പിന്നീട് ശ്രീലങ്കയിലും ഇപ്പോൾ കാശ്മീരിലും നമ്മൾ കണ്ടു. ഈ വിഷയത്തെ തൊഴിലാളിവർഗ്ഗ വീക്ഷണകോണിൽ നിന്ന് എങ്ങിനെയാണ് സമീപിക്കുന്നത് അല്ലെങ്കിൽ സമീപിക്കേണ്ടത് എന്ന് പരിശോധിക്കാം.
ബംഗ്ലാദേശ് അന്ന് അറിയപ്പെട്ടിരുന്നത് കിഴക്കൻ പാക്കിസ്ഥാൻ എന്നായിരുന്നു. പടിഞ്ഞാറൻ പാകിസ്ഥാനും കിഴക്കൻ പാക്കിസ്ഥാനും ചേരുന്നതായിരുന്നു പാക്കിസ്ഥാൻ. മതത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾ കൃത്രിമമായി സൃഷ്ടിച്ചതാണ് പാക്കിസ്ഥാൻ. പക്ഷേ ഒരു രാഷ്ടത്തിന്റെ രൂപീകരണത്തിന്റെ അടിത്തറ മതമാകാൻ കഴിയില്ല. അങ്ങിനെ ആയിരുന്നെങ്കിൽ ലോകത്തിലെ എല്ലാ ക്രിസ്ത്യൻ രാജ്യങ്ങളും ഒരു രാഷ്ട്രമായേനെ. അതുപോലെ എല്ലാ മുസ്ലിം രാജ്യങ്ങളും എല്ലാ ബുദ്ധിസ്റ്റ് രാജ്യങ്ങളും ഓരോ രാഷ്ട്രങ്ങൾ ആയി രൂപപ്പെട്ടേനെ. ഒരു രാഷ്ട്രത്തിന്റെ വികാസത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങൾ ഏതൊക്കെയാണെന്ന് ചരിത്രത്തിന്റെ പാഠങ്ങളിൽനിന്ന് മനോഹരമായി സ്റ്റാലിൻ കാണിച്ചു. മാർക്‌സിസവും ദേശീയതാ പ്രശ്‌നവും എന്ന തന്റെ വിഖ്യാത കൃതിയിൽ സ്റ്റാലിൻ പറയുന്നു. ‘ഒരു രാഷ്ട്രം ചരിത്രപരമായി സംഘടിതവും സ്ഥിരതയുള്ള തുമായ ഒരു ജനസഞ്ചയമാണ്. അത് പൊതുവായഭാഷയുടെയും ഭൂപ്രദേശത്തിന്റെയും സാമ്പത്തിക ജീവിതത്തിന്റെയും മനോഘടനയുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്നതും പൊതുവായ സംസ്‌കാരത്തിലൂടെ പ്രകടിതമാകുന്നതുമാണ്’.
ഈ ഉപാധികളൊന്നും പാകിസ്ഥാൻ രൂപീകരിച്ചപ്പോൾ പൂർത്തീകരിച്ചിരുന്നില്ല. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്ന് വളരെ ദൂരെ, ആയിരക്കണക്കിന് മൈലുകൾ താണ്ടിയുള്ള കടൽമാർഗ്ഗമുള്ള ബന്ധമല്ലാതെ ഭൂമിശാസ്ത്രപരമായ തുടർച്ചയില്ലാതെയാണ് കിഴക്കൻ പാക്കിസ്ഥാൻ സ്ഥിതി ചെയ്തിരുന്നത്. പൊതുവായ മതമൊഴികെ ഈ രണ്ടു ജനതകളും തമ്മിൽ ഒരു സാമ്യവും ഉണ്ടായിരുന്നില്ല. മാത്രമല്ല കിഴക്കൻ പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥ തസ്തികകളിലെല്ലാം പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ളവരെയാണ് നിയമിച്ചിരുന്നത്. കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള നികുതിവരുമാനത്തിന്റെ മുഖ്യപങ്കും പടിഞ്ഞാറൻ പാക്കിസ്ഥാനിൽ വിനിയോഗിക്കുകയും ചെയ്തിരുന്നു. ഏകദേശമൊരു കോളനിവാഴ്ചപോലുള്ള ഈ മർദ്ദന ഭരണത്തിനെതിരെ കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങളിൽ വലിയ പ്രതിഷേധം വളർന്നുവന്നിരുന്നു. അവസാനം കിഴക്കൻ പാക്കിസ്ഥാനിലെ ജനതയ്ക്ക് തികച്ചും അപരിചിത ഭാഷയായിരുന്ന ഉർദു ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിച്ചപ്പോൾ, അതിനെത്തുടർന്നുണ്ടായ പ്രക്ഷോഭണം പടിഞ്ഞാറൻ പാക്കിസ്ഥാന്റെ ഭരണത്തിനെതിരായ ഒരു ഉയിർത്തെഴുന്നേൽപ്പായി മാറി. കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങൾ പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
അന്നുവരെ പൂർത്തീകരിക്കാതിരുന്ന അവരുടെ ദേശീയ അഭിലാഷങ്ങളും അവ നേടിയെടുക്കാനുള്ള അവരുടെ ആഴമാർന്ന ആഗ്രഹവും സ്വാതന്ത്ര്യം നേടാനുള്ള സമരത്തിൽ പ്രകടിതമായി. ഈ സമരം നീതിയുക്തവും ചരിത്രപരവുമായിരുന്നു. അതുകൊണ്ടാണ് ലോകത്തെ എല്ലാ പുരോഗമന ശക്തികളുടെയും പിന്തുണ അതിന് ലഭിച്ചത്.
1951-ൽ തന്നെ അന്നത്തെ കിഴക്കൻ പാക്കിസ്ഥാന്റെ വിധി ജോസഫ് സ്റ്റാലിന് മുൻകുട്ടി കാണാൻ കഴിഞ്ഞു. അവിഭക്ത സിപിഐയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ ഒരു ഗ്രൂപ്പുമായുള്ള കൂടിക്കാഴ്ചയുടെ അവസരത്തിൽ, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഇന്ത്യ, പാക്കിസ്ഥാൻ, സിലോൺ എന്നീ മൂന്ന് രാഷ്ട്രങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘കൃത്രിമമായ ഈ വിഭജനം ബംഗാളിൽ വിശേഷിച്ചും വളരെ വ്യക്തമാണ്. ലഭിക്കുന്ന ആദ്യത്തെ അവസരത്തിൽ ബംഗാൾ പ്രവിശ്യ പാക്കിസ്ഥാനിൽ നിന്ന് അടർന്ന് മാറും’.
സ്റ്റാലിന്റെ ഈ നിരീക്ഷണം പ്രവചന തുല്യമാണ്. എന്നു മാത്രമല്ല അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലെ (ഇപ്പോൾ ബംഗ്ലാദേശ്) ജനങ്ങൾ പാക്കിസ്ഥാനിൽനിന്നുള്ള വിഘടനത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിന്റെ ന്യായയുക്തത എടുത്തുകാണിക്കുന്നു.

ശ്രീലങ്കയുടെ അനുഭവം

പക്ഷേ ശ്രീലങ്കയിലെ എൽടിടിഇ വിഘടനത്തിനുവേണ്ടി നടത്തിയ സമരത്തിന് വ്യത്യസ്തമായ ഒരു പശ്ചാത്തലമാണുണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ ശ്രീലങ്കയിൽ (അന്നത്തെ സിലോൺ) സ്വാതന്ത്ര്യ സമരം ആരംഭിച്ചപ്പോൾ സിംഹളരും തമിഴരും ഒന്നിച്ച് സമരം വളർത്തിയെടുത്തു. ചരിത്രപരമായി ഒരു ദേശവും ദേശീയ രാഷ്ട്രവും രൂപീകരിക്കാനുള്ള ബൂർഷ്വാ ജനാധിപത്യ വിപ്ലവ പ്രസ്ഥാനമായിരുന്നു അത്.
പക്ഷേ സാമ്രാജ്യത്വത്തിന്റെ ഈ കാലഘട്ടത്തിൽ ശ്രീലങ്കയുടെ സ്വാതന്ത്ര്യസമരം ശ്രീലങ്കൻ മുതലാളിവർഗ്ഗമാണ് നയിച്ചത് എന്നതിനാൽ സമൂഹത്തിന്റെ പൂർണ്ണ ജനാധിപത്യവൽക്കരണം നടപ്പാക്കാനായില്ല. എന്നു മാത്രമല്ല പ്രാദേശികവാദം, വർഗ്ഗീയത, ഭാഷാസങ്കുചിതത്വം തുടങ്ങിയ ജന്മിത്ത ചിന്താഗതികൾ സമൂഹത്തിൽ ആഴത്തിൽ വേരോടിയിരുന്നു. ബുദ്ധസന്യാസിമാർക്ക് പോലും ഭരണസംവിധാനത്തിൽ ഗണ്യമായ സ്വാധീനമുണ്ട്. കൃഷിയും മൽസ്യബന്ധനവും റബ്ബർ, തേയില തോട്ടങ്ങളിലെ പണിയും തൊഴിലാക്കിയ സിംഹള ജനതയേക്കാൾ, വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയിരുന്ന തമിഴ് ജനത വേറിട്ടൊരു രാഷ്ട്രത്തിന് വേണ്ടി പോരാടിയില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഏറെക്കാലം തമിഴ് ജനത, വിഘടിച്ചുപോവുക എന്ന ഡിമാന്റ് ഉയർത്തിയിരുന്നില്ല. പക്ഷേ, ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ 20% മാത്രമേ തമിഴർ ഉണ്ടായിരുന്നുള്ളു. സ്വാഭാവികമായും സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുപ്പിലൂടെ ഗവൺമെന്റുകൾ രൂപീകരിച്ചപ്പോഴൊക്കെ സിംഹളർ കേവല ഭൂരിപക്ഷത്തെ നിയന്ത്രിച്ചു, സർക്കാരിൽ തമിഴ് മന്ത്രിമാർ ഉണ്ടെങ്കിൽപോലും.
മുതലാളിത്ത രാജ്യങ്ങളിലെല്ലാം സംഭവിക്കന്നതുപോലെ ശ്രീലങ്കയിലും സിംഹളമുതലാളിവർഗ്ഗം സർക്കാരിന്റെ പിന്തുണയോടെ തമിഴ് മുതലാളിവർഗ്ഗത്തെ അവഗണിക്കാൻ തുടങ്ങി. ഒപ്പം തന്നെ തമിഴ് ജനതയും പ്രത്യേകിച്ച് വിദ്യാർത്ഥികളും യുവാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന്റെ കാര്യത്തിലും തൊഴിലിന്റെ കാര്യത്തിലും വിവേചനം നേരിട്ടു. സിംഹള വിദ്യാർത്ഥികൾ കുടുതൽ പരിഗണിക്കപ്പെട്ടു. കൂടാതെ മതാന്ധരായ ബുദ്ധിസ്റ്റ് സന്യാസിമാരുടെ പ്രകോപനത്താൽ ഇടക്കിടെ വർഗ്ഗീയലഹളകളും നടന്നു. ഇതെല്ലാം തമിഴ് ജനതക്കിടയിൽ ആഴത്തിലുള്ള രോഷവും പരിഭവവും ഉണ്ടാക്കിക്കൊണ്ടിരുന്നു. അവസാനം സിംഹളഭാഷ തമിഴർക്ക് മേൽ അടിച്ചേൽപ്പിച്ചപ്പോൾ അതുവരെ സഞ്ചിതമായിരുന്ന തമിഴരുടെ പരാതികൾ ഒരു വലിയ കലാപമായി പൊട്ടിത്തെറിച്ചു. തമിഴ് ജനതക്കെതിരെ ശ്രീലങ്കൻ സർക്കാർ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് (ടിയുഎൽഎഫ്) രൂപീകരിക്കപ്പെട്ടു. പക്ഷേ തമിഴ് ജനതക്ക് പൂർണ്ണസ്വയം ഭരണത്തിന് വേണ്ടി പ്രവർത്തിച്ച ടിയുഎൽഎഫിന്റെ നേതൃത്വത്തിൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിശ്വാസമുണ്ടായിരുന്നില്ല. ഈ വിഭാഗത്തിന് വേറിട്ടൊരു രാഷ്ട്രമാണ് വേണ്ടിയിരുന്നത,് സ്വതന്ത്രമായ ഒരു തമിഴ് ദേശീയ രാഷ്ട്രം. അവർ ടിയുഎൽഎഫിൽ നിന്ന് പുറത്തു വന്ന് പുതിയ ഒരു സംഘടന രൂപീകരിച്ചു. അതാണ് ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ). തമിഴ് ഇഴം എന്ന് വിളിക്കപ്പെടുന്ന തമിഴർക്കുവേണ്ടിയുള്ള പ്രത്യേക രാജ്യത്തിന് വേണ്ടി അവർ ശ്രീലങ്കൻ ഭരണകൂടത്തിനെതിരെ സായുധസമരം ആരംഭിച്ചു. പ്രത്യേക രാഷ്ട്രത്തിന് വേണ്ടിയുള്ള തങ്ങളുടെ ഡിമാന്റ് ന്യായീകരിക്കാനായി എൽടിടിഇ സ്വയംനിർണ്ണയത്തിനുള്ള അവകാശം ഉന്നയിച്ചു.
നിരവധി വർഷങ്ങൾ അവർ സായുധ പോരാട്ടം നടത്തി, ചെറുപ്പക്കാരായ തമിഴരെച്ചേർത്ത് ഒരു സായുധ സേന രൂപീകരിച്ചു, നിരവധിപേർക്ക് ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. പക്ഷേ, അന്തിമമായി അവർ വിജയിച്ചില്ല. സായുധസമരത്തിൽ മാത്രമല്ല, വിഭജനത്തിന് വേണ്ടിയുള്ള അവരുടെ ആവശ്യത്തിന് ലോകരംഗത്ത് പിന്തുണ നേടിയെടുക്കുന്നതിലും അവർ വിജയിച്ചില്ല. ശ്രീലങ്കൻ ഭരണകൂടത്തിന്റെ വിവേചന മർദ്ദന നടപടികളെയും പരിപാടികളെയും ലോകത്തെ പുരോഗമനശക്തികൾ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകൾ, നമ്മുടെ പാർട്ടിയടക്കം അപലപിച്ചു. പക്ഷേ ഒരു രാജ്യം പോലും എൽടിടിഇയുടെ ഡിമാന്റിനെ പിന്തുണച്ചില്ല. എന്തുകൊണ്ടാണത്? കാരണം, വിഭജനത്തിന്റെ ഡിമാന്റ്, ചരിത്രപരമായി ന്യായീകരിക്കാവുന്നതായിരുന്നില്ല.
ശ്രീലങ്കൻ ദേശീയ രാഷ്ട്രത്തിന്റെ (അതൊരു ബൂർഷ്വാ ദേശീയ രാഷ്ട്രമാണ്) രൂപീകരണത്തിന് വേണ്ടിയുള്ള സമരത്തിൽ തമിഴ് ജനത തുല്യനിലയിൽ പങ്കെടുത്തു എന്നത് ശ്രീലങ്കൻ ചരിത്രത്തിൽ നിന്ന് നമ്മൾ കണ്ടുകഴിഞ്ഞു. സ്വാഭാവികമായും സ്വാതന്ത്ര്യത്തിന് ശേഷം സമരം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു, മുതലാളിത്ത വിരുദ്ധ വിപ്ലവത്തിന്റെ ഘട്ടം. ഒരു ബഹുദേശീയതാരാഷ്ട്രത്തിൽ, മരണാസന്നമായ മുതലാളിത്തത്തിന്റെ കാലത്ത്, വൻകിട ദേശീയതയുടെ മുതലാളി വർഗ്ഗം ചെറുകിട ദേശീയതകളെ അടിച്ചമർത്തുന്നത് സ്വാഭാവിക ക്രമമാണെന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത മനസ്സിലാക്കാൻ, അവരുടെ ആത്മാർത്ഥവും സത്യസന്ധവുമായ സമരങ്ങളെല്ലാം ഒരുഭാഗത്തുണ്ടായിട്ടും, എൽടിടിഇ നേതൃത്വത്തിന് കഴിഞ്ഞില്ല. മർദ്ദകനടപടികൾ, ശ്രീലങ്കയിലെ ഭരണമുതലാളി വർഗ്ഗത്തിന്റെ പ്രതിനിധിയായ സിംഹള സർക്കാർ ആണെടുത്തത്, ചൂഷിതരായ ശ്രീലങ്കയിലെ സാധാരണ ജനങ്ങളല്ല. ശ്രീലങ്കയിലെ സാധാരണ പൗരന്മാരെയും ഇതേ ശ്രീലങ്കൻ മുതലാളിവർഗ്ഗം ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ്, ജനതാവിമുക്തി പെരുമുന (ജെവിപി)യുടെ ആയിരക്കണക്കിന് യുവാക്കളെ ഇതേ ശ്രീലങ്കൻ സർക്കാർ കൂട്ടക്കൊല ചെയ്തത്. അതുകൊണ്ട്, തമിഴരെ മാത്രമല്ല, സിംഹളരെയും ഭരണമുതലാളിവർഗ്ഗം ഒരു പോലെ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്നുണ്ട്. ഇക്കാലത്ത് ഒരു ബഹുദേശീയതാ മുതലാളിത്ത ചൂഷക ഭരണകൂടത്തിന്റെ യഥാർത്ഥ സ്വഭാവം ഇതാണ്. സ്വാഭാവികമായും, ഞങ്ങളുടെ ശക്തമായ അഭിപ്രായം, രണ്ട് ദേശീയതകളിലെയും ചൂഷിതരായ ജനങ്ങൾ, സർക്കാരിന്റെ എല്ലാ മർദ്ദന നടപടികൾക്കുമെതിരെ യോജിച്ചുനിന്ന് പോരാടുകയും, ചൂഷക മുതലാളിത്ത ദേശീയ രാഷ്ട്രത്തെ തകർത്ത് ഒരു സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കാനുള്ള സമരത്തിന് അനുരോധമായവിധം ആ പോരാട്ടങ്ങൾ നയിക്കുകയും ചെയ്യണമായിരുന്നു എന്നാണ്. അങ്ങനെ മാത്രമെ, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനാവൂ, പ്രബല ദേശീയത, ദുർബല ദേശീയതയെ അടിച്ചമർത്തുന്നതും അവസാനിപ്പിക്കാൻ കഴിയൂ.

യഥാർത്ഥത്തിൽ ഒരു ബഹുദേശീയതാ രാഷ്ട്രത്തിൽ, ബൂർഷ്വാഭരണകൂടം നടത്തുന്ന തീവ്രമായ അടിച്ചമർത്തലിന്റെയും പീഡനത്തിന്റെയും സാഹചര്യത്തിൽ, രണ്ട് ജനതകൾക്ക് ഒരുമിച്ച് ജീവിക്കാനാവാത്തവിധം അവർ തമ്മിലുള്ള ബന്ധങ്ങൾ വഷളായിട്ടില്ലെങ്കിൽ, വിഘടനത്തിന്റെ ഡിമാന്റല്ല, പൂർണ്ണസ്വയംഭരണത്തിനുള്ള ഡിമാന്റാണ് ശരിയായ പരിഹാരം. ഈ ദിശയിലുള്ള ഒരു പ്രവർത്തനപദ്ധതി, ന്യൂനപക്ഷ ദേശീയതയ്ക്ക് സ്വന്തം ആവശ്യകതയും ആഗ്രഹങ്ങളും അനുസരിച്ച് അവരുടെ ജീവിതം ചിട്ടപ്പെടുത്താനുള്ള പൂർണ്ണ അവകാശം നൽകും. എന്ന് മാത്രമല്ല, ഭൂരിപക്ഷ ദേശീയതയിലെ തൊഴിലാളി വർഗ്ഗവും മറ്റ് ചൂഷിത ജനങ്ങളുമായി ഐക്യം നിലനിർത്തിക്കൊണ്ട,് ഏറ്റവും കേന്ദ്രീകൃതമായ ബൂർഷ്വാ ഭരണകൂടത്തെ നിയന്ത്രിക്കുന്ന പൊതുശത്രുവായ, ഭരിക്കുന്ന ദേശീയ മുതലാളി വർഗ്ഗത്തിനെതിരെ യോജിച്ച പോരാട്ടം നടത്താനുള്ള അവസരവും അവർക്ക് നൽകും. എൽടിടിഇ നേതൃത്വം ശരിയായ രാഷ്ട്രീയ ലൈൻ പിന്തുടർന്നിരുന്നുവെങ്കിൽ, ഇത്രയും നീണ്ട ഒരു പോരാട്ടത്തിന് ശേഷം, അളവറ്റ യാതനകൾക്കും ത്യാഗങ്ങൾക്കും ശേഷം, പൂർണ്ണസ്വയംഭരണമെന്ന ഡിമാന്റ് നേടാനാകുമായിരുന്നു. ഞങ്ങൾ മനസ്സിലാക്കുന്നത്, ശ്രീലങ്കയിലെ തമിഴ്ജനതയുടെ സമരത്തിന്റെ ഘട്ടം, ഇപ്പോഴും ഇതുതന്നെയാണ് എന്നാണ്.
ബംഗ്ലാദേശിലെയും, ശ്രീലങ്കയിലെയും സാഹചര്യം, കാശ്മീരിലെ സാഹചര്യത്തിൽ നിന്ന് തീർച്ചയായും വ്യത്യസ്തമാണ്. എങ്കിൽപ്പോലും, തൊഴിലാളി വർഗ്ഗത്തിന്റെയും മറ്റ് ചൂഷിത ജനങ്ങളുടെയും യഥാർത്ഥ മോചനം എന്ന വിഷയത്തോട് ബോധമുള്ള തൊഴിലാളിവർഗ്ഗത്തിന്റെ അഥവാ കമ്മ്യൂണിസ്റ്റുകളുടെ സമീപനം അടിസ്ഥാനപരമായി വ്യത്യസ്തമാകാൻ കഴിയില്ല. ദേശീയപ്രശ്‌നത്തിന്റെ ഓരോ പ്രത്യേക ദൃഷ്ടാന്തത്തിലും, സമരത്തിന്റെ സ്വഭാവവും അതിന്റെ സങ്കീർണ്ണതകളും വർഗ്ഗബോധമുള്ള തൊഴിലാളിവർഗ്ഗം ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. വിഭജനമാണോ, പൂർണ്ണ സ്വയംഭരണമാണോ, ഇതിൽ ഏതാണ് അവരുടെ വിമോചന പോരാട്ടത്തെ ശക്തിപ്പെടുത്തുക എന്നാലോചിക്കണം. ബംഗ്ലാദേശിന്റെ കാര്യത്തിൽ ന്യൂനപക്ഷ മർദ്ദനം മാത്രമായിരുന്നില്ല, കൊളോണിയൽ അടിച്ചമർത്തൽ ഒരു വശത്തും ഒരു ദേശീയരാഷ്ട്രമായി വികസിക്കാനുള്ള അഭിലാഷങ്ങൾ പൂർത്തീകരിക്കാനുള്ള സമരം മറുവശത്തുമുണ്ടായിരുന്നു. ശ്രീലങ്കയുടെ കാര്യത്തിൽ അതിഗുരുതരമായ ന്യൂനപക്ഷ പീഡനവും അടിച്ചമർത്തലും ആയിരുന്നു. പക്ഷേ, തമിഴരും ശ്രീലങ്കൻ ജനതയുമായുള്ള ബന്ധം, അതുമൂലം വഷളായില്ല.

തൊഴിലാളിവർഗ്ഗവീക്ഷണം അനിവാര്യം

ബോധമുള്ള തൊഴിലാളിവർഗ്ഗം വിഭജനത്തെ പിന്തുണക്കുന്നത് എപ്പോഴാണ്, കൃത്യമായി ഏതു സാഹചര്യത്തിലാണ്? കമ്മ്യൂണിസ്റ്റുകൾ വിഭജനത്തെ പിന്തുണക്കുന്നില്ല എന്നത് ശരിയല്ല. മറിച്ച്, എല്ലായിടത്തും, അവർ സ്വയം നിർണ്ണയത്തിനുള്ള അഥവാ വിഭജനത്തിനുള്ള അവകാശം ഉയർത്തിപിടിക്കുന്നു, അത് ചരിത്രപരമായി നീതികരിക്കാവുന്നതാണെങ്കിൽ, ചൂഷിതരുടെ വിമോചനസമരത്തെ യഥാർത്ഥത്തിൽ അത് ശക്തിപ്പെടുത്തുമെങ്കിൽ. റഷ്യയിലെ തൊഴിലാളി വർഗ്ഗ വിപ്ലവത്തിന് ശേഷം എല്ലാ ദേശീയതകൾക്കും വിഭജനത്തിനുള്ള അവകാശം നൽകുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രത്യേക വ്യവസ്ഥ ലെനിന്റെ നേതൃത്വത്തിൽ പുതുതായി രൂപം കൊണ്ട സോവിയറ്റ് യൂണിയന്റെ ഭരണഘടനയിൽ എഴുതി ചേർത്തു. ഒരു മുതലാളിത്ത രാഷ്ട്രത്തിനും ഇങ്ങനെയൊന്ന് ഒരിക്കലും ചിന്തിക്കാനാവില്ല. പക്ഷേ എന്തുകൊണ്ടാണ് ലെനിൻ എല്ലാ ദേശീയതകൾക്കും ഈ അവകാശം അനുവദിച്ചത്?
ഒന്നാമതായി, സാറിസ്റ്റ് വാഴ്ചയുടെ കാലത്ത്, മഹാറഷ്യൻ ദേശീയത, ദുർബല ദേശീയതകളെ തീവ്രമായി അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. കെറൻസ്‌കി സർക്കാരിന്റെ കീഴിലുള്ള മുതലാളിത്ത ഭരണവും ദുർബല ദേശീയതകളോട് ഈ അടിച്ചമർത്തൽ നയം തന്നെ തുടർന്നു. സ്വാഭാവികമായും വിപ്ലവത്തിന് ശേഷം സ്ഥാപിക്കപ്പെട്ട കേന്ദ്ര ഭരണത്തോട് ദുർബല ദേശീയതകൾക്ക് ആശങ്കയും അകൽച്ചയും ഉണ്ടായി. അതിനാൽ ദുർബല ദേശീയതകളുടെ മനസ്സിൽ നിന്ന് ഈ ആശങ്ക മാറ്റേണ്ടത് ആവശ്യമായിരുന്നു.
രണ്ടാമതായി, കൂടുതൽ പ്രധാനമായി, സോഷ്യലിസത്തിൽ മൂലധനത്തിന്റെ ഭരണം ഇല്ലാത്തതിനാലും ഉല്പാദന ഉപാധികളുടെ മേൽ സാമൂഹിക ഉടമസ്ഥതയുള്ളതിനാലും മനുഷ്യൻ മനുഷ്യനെയോ ഒരു ദേശീയത മറ്റു ദേശീയതകളെയോ അടിച്ചമർത്തുന്ന പ്രശ്‌നമില്ലെന്ന് ദുർബല രാജ്യങ്ങൾക്കും ലോകത്തിനുതന്നെയും കാണിച്ചുകൊടുക്കാൻ ലെനിൻ ആഗ്രഹിച്ചു. സോഷ്യലിസത്തിൽ മാത്രമേ, എല്ലാ ദേശീയതകൾക്കും സ്വതന്ത്രമായി, സാപേക്ഷിക സ്വാതന്ത്ര്യത്തോടെ, പരസ്പരസഹായത്തോടെയും സഹകരണത്തോടെയും വികസിക്കാനാവൂ. വിഭജനത്തിനുള്ള അവകാശം ദേശീയതകൾക്ക് നൽകിയെങ്കിലും ഒരൊറ്റ ദേശീയതയും സോവിയറ്റ് യൂണിയനിൽ സോഷ്യലിസം നിലനിന്നിടത്തോളം കാലം വിട്ടുപോകുന്നതിനെപ്പറ്റി ചിന്തിക്കുകപോലും ചെയ്യാതിരുന്നത് അതുകൊണ്ടാണ്.
പ്രകൃതിയിലും സമൂഹത്തിലുമുള്ള രണ്ട് പ്രതിഭാസങ്ങൾ ഒരിക്കലും സർവ്വസമമാകില്ല. പ്രത്യേകിച്ച് സമൂഹത്തിൽ. സാമൂഹിക-സാംസ്‌ക്കാരിക വ്യത്യാസങ്ങൾ കാരണം, ഒരേ പോലുള്ള സാമ്പത്തിക അടിത്തറയുണ്ടെങ്കിലും, രാഷ്ട്രങ്ങൾ തമ്മിൽ നിരവധി വ്യത്യാസങ്ങൾ നിലനിൽക്കുന്നു. പക്ഷേ അത്തരം വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശത്തെക്കുറിച്ചുള്ള അടിസ്ഥാനസമീപനം ഒന്നുതന്നെയാണ്.
നമ്മൾ ഇതുകൂടി ഓർത്തിരിക്കണം, ഓരോ രാഷ്ട്രത്തിലും അത്തരം വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ദേശീയതകളുടെ സ്വയം നിർണ്ണായാവകാശത്തിന്റെ വിഷയത്തിൽ മുതലാളി വർഗ്ഗത്തിന്റെ സമീപനവും തൊഴിലാളി വർഗ്ഗത്തിന്റെ സമീപനവും ഒന്നായിരിക്കില്ല. ഒരു ബഹുദേശീയതാരാജ്യത്ത്, പ്രബല ദേശീയതയുടെ മുതലാളിവർഗ്ഗത്താൽ അടിച്ചമർത്തപ്പെടുന്ന ദുർബ്ബല ദേശീയതയുടെ മുതലാളിവർഗ്ഗം എപ്പോഴും പ്രത്യേക കമ്പോളത്തിന് വേണ്ടി, അവരുടെ സ്വന്തം ഗാർഹിക കമ്പോളത്തിന് വേണ്ടി പ്രബല മുതലാളിവർഗ്ഗത്തിനെതിരെയുള്ള സമരത്തിൽ തൊഴിലാളി വർഗ്ഗവുമായി ഒന്നിച്ചുനിൽക്കാൻ ശ്രമിക്കും.

സ്റ്റാലിൻ വ്യക്തമായി പറഞ്ഞു:
”വളരുന്ന മുതലാളി വർഗ്ഗത്തിന്റെ മുഖ്യപ്രശ്‌നം, കമ്പോളത്തിന്റെ പ്രശ്‌നമാണ്. സ്വന്തം ചരക്കുകൾ വിറ്റഴിച്ച്, ഇതര ദേശീയതയിലെ മുതലാളിവർഗ്ഗവുമായുള്ള മത്സരത്തിൽ വിജയിച്ച് വരിക എന്നതാണ് അതിന്റെ ലക്ഷ്യം. അതുകൊണ്ടാണ ്”സ്വന്തം”, ”ആഭ്യന്തര” കമ്പോളം ഭദ്രമാക്കാൻ അതാഗ്രഹിക്കുന്നത്. മുതലാളിവർഗ്ഗം, അതിന്റെ ദേശസ്‌നേഹം പഠിക്കുന്ന ആദ്യത്തെ വിദ്യാലയമാണ് കമ്പോളം.”
സ്റ്റാലിൻ തുടർന്ന് പറയുന്നു:
”ഉയർന്നുവരുന്ന മുതലാളിത്തത്തിന്റെ സാഹചര്യങ്ങളിലുള്ള ദേശീയസമരം, മുതലാളിവർഗ്ഗങ്ങൾ തമ്മിലുള്ള സമരമാണ്. ചിലപ്പോൾ, തൊഴിലാളിവർഗ്ഗത്തെ ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിൽ മുതലാളിവർഗ്ഗം വിജയിക്കുന്നു. അപ്പോൾ ദേശീയസമരം പുറമേയ്ക്ക് ഒരു ”ദേശവ്യാപക” സ്വഭാവം ആർജ്ജിക്കുന്നു. പക്ഷേ, ഇത് പുറമേക്ക് മാത്രമാണ്. അതിന്റെ സാരാംശത്തിൽ അതൊരു മുതലാളി വർഗ്ഗസമരമാണ്, മുതലാളിവർഗ്ഗത്തിന്റെ നേട്ടവും, ലാഭവും ലക്ഷ്യം വക്കുന്ന ഒരു സമരം.
”പക്ഷേ ഇപ്പറഞ്ഞതിൽനിന്ന്, ദേശീയ മർദ്ദനത്തിന്റെ നയത്തിനെതിരെ തൊഴിലാളിവർഗ്ഗം പോരാട്ടം നടത്തേണ്ട എന്ന് സിദ്ധിക്കുന്നില്ല.”
”സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത്, വോട്ടവകാശം നിഷേധിക്കുന്നത്, ഭാഷാപരമായ അടിച്ചമർത്തൽ, സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് തുടങ്ങിയ മർദ്ദന നടപടികൾ മുതലാളിവർഗ്ഗത്തോടൊപ്പം, ഒരു പക്ഷേ അതിനെക്കാളേറെ തൊഴിലാളിവർഗ്ഗത്തെയും ബാധിക്കുന്നു. ഇത്തരം ഒരു അവസ്ഥാവിശേഷം, മർദ്ദിത രാഷ്ട്രങ്ങളിലെ തൊഴിലാളിവർഗ്ഗത്തിന്റെ ബൗദ്ധിക ശക്തികളുടെ സ്വതന്ത്രവികാസത്തെ മുരടിപ്പിക്കാനേ സഹായിക്കൂ. ഒരു ടാറ്റാർ അല്ലെങ്കിൽ ജൂത തൊഴിലാളിക്ക് തന്റെ യോഗങ്ങളിലും പ്രഭാഷണങ്ങളിലും സ്വന്തം മാതൃഭാഷ ഉപയോഗിക്കാൻ അനുവാദമില്ലെങ്കിൽ, അവന്റെ സ്‌കൂളുകൾ അടച്ചുപൂട്ടിയാൽ പിന്നെ, അവന്റെ ബുദ്ധിപരമായ കഴിവുകളുടെ പൂർണ്ണവികാസത്തെക്കുറിച്ച് ഗൗരവമായി സംസാരിക്കാനാവില്ല. ”പക്ഷേ, ദേശീയമർദ്ദനം, തൊഴിലാളി വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്ക് മറ്റൊരു തരത്തിലും അപകടം വരുത്തുന്നു. ഒരു വലിയ വിഭാഗത്തിന്റെ ശ്രദ്ധ, സാമൂഹ്യവിഷയങ്ങളിൽ നിന്ന്, വർഗ്ഗസമരത്തിന്റെ വിഷയങ്ങളിൽനിന്ന്, ദേശീയപ്രശ്‌നങ്ങളിലേക്ക്, തൊഴിലാളി വർഗ്ഗത്തിനും മുതലാളി വർഗ്ഗത്തിനും ”പൊതുവായ” വിഷയങ്ങളിലേക്ക് അത് വ്യതിചലിപ്പിക്കുന്നു. ഇത്, ”താൽപര്യങ്ങളുടെ സമന്വയ”ത്തെക്കുറിച്ചുള്ള കള്ളപ്രചാരണത്തിന്, തൊഴിലാളി വർഗ്ഗത്തിന്റെ വർഗ്ഗതാല്പര്യങ്ങൾ വിസ്മരിക്കുന്നതിന്, തൊഴിലാളികളെ ബൗദ്ധികമായി അടിമപ്പെടുത്തുന്നതിന് വളക്കൂറുള്ള മണ്ണൊരുക്കുന്നു. ഇതാകട്ടെ എല്ലാ ദേശീയതകളിലുമുള്ള തൊഴിലാളികളെ ഒന്നിപ്പിക്കുന്നതിന് ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നു.”

വിട്ടുപോകൽ പ്രശ്‌നപരിഹാരമല്ല

കാശ്മീർ ഒരു പ്രത്യേക രാഷ്ട്രം ആയി എന്ന് സങ്കൽപ്പിക്കുക. അതിലൂടെ കാശ്മീർ ഒരു വർഗ്ഗരഹിത സമൂഹമാകുമോ? അവിടത്തെ പ്രാദേശിക മുതലാളിമാരുടെ ചൂഷണം ഉണ്ടാവില്ലേ? തീർച്ചയായും ആ പ്രത്യേക രാഷ്ട്രവും ഒരു ചൂഷണാധിഷ്ഠിത സമൂഹമായിരിക്കും, അവിടെ തൊഴിലാളിവർഗ്ഗവും സാധാരണ ജനങ്ങളും നേരിടുന്ന ചൂഷണവും മർദ്ദനവും തുടരുകയും ചെയ്യും. സോഷ്യലിസം സ്ഥാപിതമാകുന്നതിലൂടെ മാത്രമേ ചൂഷണവും മർദ്ദനവും അവസാനിക്കുകയുള്ളൂ എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. സോഷ്യലിസത്തിന് വേണ്ടിയുള്ള പോരാട്ടം തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യത്തിലൂടെ ശക്തിപ്പെടുകയാണ് ചെയ്യുക.

ഈ വിഷയത്തിൽ ലെനിന്റെ മാർഗ്ഗനിർദ്ദേശം ഇങ്ങിനെയാണ്:

”തൊഴിലാളി വർഗ്ഗത്തിന്റെ താല്പര്യങ്ങളും മുതലാളിത്തത്തിനെതിരായ അതിന്റെ പോരാട്ടവും ആവശ്യപ്പെടുന്നത് എല്ലാ രാഷ്ട്രങ്ങളിലെയും തൊഴിലാളികളുടെ പൂർണ്ണമായ ഐക്യദാർഢ്യവും ഏറ്റവുമടുത്ത ഒരുമയുമാണ്; എല്ലാ ദേശീയതകളിലെയും മുതലാളിവർഗ്ഗത്തിന്റെ ദേശീയനയത്തിനെതിരായ ചെറുത്തുനിൽപ്പാണ്. അതിനാൽ കമ്മ്യൂണിസ്റ്റുകൾ, രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണായവകാശം, അഥവാ മർദ്ദിത ദേശീയതയ്ക്ക് വിട്ടുപോകാനുള്ള അവകാശം തള്ളിക്കളഞ്ഞാലും, അതല്ല, മർദ്ദിത ദേശീയതയിലെ മുതലാളിവർഗ്ഗത്തിന്റെ എല്ലാ ദേശീയ ഡിമാന്റുകളെയും പിന്തുണച്ചു എന്നുവന്നാലും, അവർ തൊഴിലാളി വർഗ്ഗനയത്തിൽ നിന്ന് വ്യതിചലിച്ച്, തൊഴിലാളികളെ മുതലാളി വർഗ്ഗത്തിന്റെ നയത്തിന് കീഴ്‌പ്പെടുത്തുകയാവും ചെയ്യുക. ഒരു കൂലിത്തൊഴിലാളിയെ സംബന്ധിച്ചിടത്തോളം, അയാളെ റഷ്യൻ ഇതര മുതലാളി വർഗ്ഗത്തെക്കാൾ മുഖ്യമായി മഹാറഷ്യൻ മുതലാളി വർഗ്ഗമാണോ ചൂഷണം ചെയ്യുന്നത്, അതല്ലെങ്കിൽ ജൂതമുതലാളിവർഗ്ഗത്തേക്കാൾ പോളിഷ് മുതലാളി വർഗ്ഗമാണോ ചൂഷണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ വലിയ വ്യത്യാസമുണ്ടാക്കുന്നില്ല. തന്റെ വർഗ്ഗ താല്പര്യം മനസ്സിലായിട്ടുള്ള കൂലിത്തൊഴിലാളി, മഹാറഷ്യൻ മുതലാളിയുടെ ഭരണകൂടവിശേഷാവകാശങ്ങളെക്കുറിച്ചും, പോളിഷ് അല്ലെങ്കിൽ ഉക്രെയിനിയൻ മുതലാളിമാർക്ക് ഭരണകൂട വിശേഷാവകാശങ്ങൾ ലഭിച്ചുകഴിയുമ്പോൾ, ഭൂമിയിൽ ഒരു സ്വർഗ്ഗം തന്നെ സ്ഥാപിക്കുമെന്ന അവരുടെ വാഗ്ദാനങ്ങളെക്കുറിച്ചും ഒരു പോലെ നിസ്സംഗനാണ്. മിശ്രിത ജനതയുള്ള സംയുക്തരാഷ്ട്രങ്ങളിലും വേറിട്ട ദേശീയ രാഷ്ട്രങ്ങളിലും മുതലാളിത്തം വികസിക്കുന്നുണ്ട്, എന്തുതന്നെയായാലും തുടർന്നും വികസിക്കും.’

ലെനിൻ തുടർന്നു പറയുന്നു.

‘ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങളുടെ വിലയും വലിയൊരു കമ്പോളത്തിന്റെയും വലിയൊരു ഭരണകൂടത്തിന്റെയും നേട്ടങ്ങളും ബഹുജനങ്ങൾക്ക് തങ്ങളുടെ നിത്യാനുഭവങ്ങളിൽ നിന്ന് നന്നായിട്ടറിയാം. അതുകൊണ്ട് അവർ വിഭജനത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നത് ദേശീയ മർദ്ദനവും ദേശീയമായ ഉരസലുകളും ഒരുമിച്ചുള്ള ജീവിതം തീർത്തും അസഹനീയമാക്കുമ്പോൾ, എല്ലാത്തരം സാമ്പത്തിക വ്യാപാരങ്ങളും തടസ്സപ്പെടുത്തുമ്പോൾ മാത്രമായിരിക്കും. ആ സാഹചര്യത്തിൽ മുതലാളിത്തവികസനത്തിന്റെ താൽപര്യങ്ങളെയും വർഗ്ഗസമരത്തിന്റെ സ്വാതന്ത്ര്യത്തെയും വിഭജനമാവും ഏറ്റവും നന്നായി സഹായിക്കുക’.
കാശ്മീരിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ മർദ്ദന നടപടികൾ മൂലം പ്രത്യേകിച്ച് 1989ന് ശേഷം ഇന്ത്യൻ പട്ടാളത്തോടും, സുരക്ഷാ സേനകളോടും ഭരണസംവിധാനത്തോടും കേന്ദ്ര സർക്കാരിനോടും കാശ്മീരിലെ ജനങ്ങൾക്ക് കടുത്ത വെറുപ്പ് ഉണ്ടായിട്ടുണ്ട്. എങ്കിലും കാശ്മീരിലെ ജനങ്ങളും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടില്ല. കാശ്മീരിലെ ജനങ്ങളുടെ ഇന്ത്യയിലുള്ള ലയനം പൂർണ്ണമായി നടന്നിട്ടില്ല എങ്കിലും ഈ രണ്ട് ജനതകളും തമ്മിലുള്ള ദീർഘകാലത്തെ സഹവാസവും സാമ്പത്തികവും സാമൂഹ്യ-രാഷ്ട്രീയവുമായ കൊടുക്കൽ വാങ്ങലുകളും തീർച്ചയായും അവരുടെയിടയിൽ അവഗണിക്കാനാവാത്ത ഒരു അടുപ്പം ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളും സുരക്ഷാസേനയുടെ മർദ്ദനനടപടികളും കാശ്മീരി ജനതയുടെ വികാരങ്ങളെ തീർച്ചയായും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് രണ്ട് ജനതകൾ തമ്മിൽ ശത്രുതയ്ക്കിടയാക്കിയിട്ടില്ല. അവർക്ക് ഒരുമിച്ച് ജിവിക്കാനാവില്ലെന്നും ഒരുതരം സാമ്പത്തിക കൊടുക്കൽ വാങ്ങലും സാധ്യമല്ലെന്നുമുള്ള സ്ഥിതി തീർച്ചയായുമില്ല. നേരെമറിച്ച്, ലക്ഷക്കണക്കിന് കാശ്മീരി തൊഴിലാളികളും പണിക്കാരും ചെറുകിട കച്ചവടക്കാരും സ്ഥിരമായി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ വരുന്നുണ്ട്, ചില ഹിന്ദുമൗലികവാദശക്തികൾ ഒഴികെ ഇന്ത്യൻ ജനങ്ങളിൽ മഹാഭൂരിപക്ഷവും അവരെ സ്വാഗതം ചെയ്യുകയും വളരെ ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ കാശ്മീർ സന്ദർശിക്കുമ്പോൾ അവർക്കും അവിടെ സ്വന്തം നാടുപോലെയുള്ള അനുഭവമാണുണ്ടാകാറുള്ളത്. വളരെ പ്രധാനപ്പെട്ട ഈ വസ്തുത തീർച്ചയായും വിഭജനത്തെ ന്യായീകരിക്കുന്നില്ല.
അങ്ങിനെയെങ്കിൽ കാശ്മീരിലെ തൊഴിലാളിവർഗ്ഗത്തിന്റെയും മറ്റ് ചൂഷിത ജനതയുടെയും മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന പരിഹാരം എന്തായിരിക്കും? വിഭജനമോ പൂർണ്ണസ്വയംഭരണമോ? കാശ്മീർ ഇന്നു കടന്നുപോകുന്ന മൂർത്തമായ ചരിത്രസാഹചര്യത്തെ ആശ്രയിച്ചിരിക്കുന്ന പ്രശ്‌നമാണിത്. നിലനിൽക്കുന്ന ദേശീയവും സാർവ്വദേശീയവുമായ സാഹചര്യങ്ങളുടെ നിഷ്പക്ഷമായ ഒരു പഠനം നടത്തിയാൽ കാശ്മീരിന്റെ പിന്നോക്ക സമ്പദ് വ്യവസ്ഥയും ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായ സ്ഥാനവും മൂലം വിഭജനം എന്ന നിർദ്ദേശം നിരവധി അപകടങ്ങൾ നിറഞ്ഞ ഒന്നാണെന്ന് തീർച്ചയായും കാണാൻ കഴിയും.
1951ൽ ഭരണഘടനാ നിർമ്മാണ സഭ (Constituent Assembly)യിൽ സംസാരിക്കവേ അന്നത്തെ പ്രധാനമന്ത്രിയും ജമ്മു-കാശ്മീരിലെ ജനപ്രീതിയുള്ള നേതാവുമായ ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള ചൂണ്ടിക്കാട്ടി, കാശ്മീരിന്റെ അടിസ്ഥാന സാമ്പത്തിക പ്രവർത്തനം കൃഷിയും വ്യാപാരവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയുടെ സഹായത്തോടെ ഇവയെ മുന്നോട്ടു നയിക്കാനും വികസിപ്പിക്കാനും കഴിയും. സംസ്ഥാനം പ്രകൃതി വിഭവങ്ങളാലും ധാതുവിഭവങ്ങളാലും സമ്പന്നമാണെന്നും പാക്കിസ്ഥാനേക്കാൾ വ്യാവസായികമായും സാങ്കേതികമായും ഏറെ വികസിച്ചിട്ടുള്ള ഇന്ത്യയുടെ സഹായത്തോടെ ഈ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ഇക്കാലമത്രയും ഈ ദിശയിൽ കാര്യമായൊന്നും ചെയ്തിട്ടില്ല എന്ന വസ്തുതയാണ് നമ്മളിന്ന് കാണുന്നത്. എത്ര വേദനാകരമാണെങ്കിലും സംസ്ഥാനം വ്യാവസായികമായി പിന്നോക്കവും ദുർബലവുമാണെന്നും സാമ്പത്തികമായി പൂർണമായി ഇന്ത്യയെ ആശ്രയിച്ചുമാത്രം നിലനിൽക്കാവുന്ന അവസ്ഥയിലുമാണെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ വേറിട്ടൊരു രാജ്യമായാൽ, സാമ്പത്തികസഹായത്തിനും വികസനത്തിനും മറ്റൊരു രാജ്യത്തോട് സഹായമഭ്യർത്ഥിക്കുകയും ആശ്രയിക്കുകയും വേണ്ടിവരും. ഇന്നത്തെ സാർവ്വദേശീയ സാഹചര്യത്തിൽ ഈയൊരു നടപടി കാശ്മീരിന്റെ ആഭ്യന്തര കാര്യങ്ങളിൽ നേരിട്ടിടപെടാനും സൈനികമായിപ്പോലും ഇടങ്കോലിടാനും അവസരം പാർത്തിരിക്കുന്ന സാമ്രാജ്യത്വശക്തികൾക്ക് പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിന് അവസരങ്ങൾ നൽകുകയില്ലേ? അങ്ങിനെ സംഭവിച്ചാൽ കാശ്മീരിന്റെ ഭദ്രതയ്ക്കും പരമാധികാരത്തിനും നേർക്ക് വരുന്ന കടന്നാക്രമണത്തെ അതിജീവിക്കാനാകുമോ?

സങ്കീർണ്ണമായ ഈ പ്രശ്‌നത്തിന് ഇത്തരമൊരു ലളിതപരിഹാരത്തിന് വേണ്ടി വാദിക്കുന്നവർ 1951ൽ ജമ്മുകാശ്മീർ ഭരണഘടന നിർമ്മാണ സഭയിലെ ഉൽഘാടനപ്രസംഗത്തിൽ ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള പറഞ്ഞത് ഓർക്കുന്നത് നല്ലതാണ്. ‘നമുക്ക്, രണ്ട് രാഷ്ട്രങ്ങളിൽ നിന്നും അകന്ന് നിൽക്കുകയും പക്ഷേ അവരുമായി സൗഹൃദ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുന്ന ഒരു കിഴക്കൻ സ്വിറ്റ്‌സർലാന്റ് ആയി മാറുക എന്ന ഒരു മാർഗ്ഗം പരിഗണിക്കാം. ഇത് ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് പുറത്തേക്ക് ഒരു വഴി തുറക്കുന്നു എന്ന നിലയിൽ ആകർഷകമായി തോന്നിയേക്കാം. നമുക്ക,് ഒരു വിനോദ സഞ്ചാര രാജ്യമെന്ന നിലയിൽ ചില സ്വാഭാവിക പ്രയോജനങ്ങൾ ഇതുകൊണ്ട് ഉണ്ടായെന്നും വരാം. പക്ഷേ ഒരു സ്വതന്ത്ര പദവി പരിഗണിക്കുമ്പോൾ നമ്മൾ പ്രായോഗിക പരിഗണനകൾ അവഗണിച്ചുകൂടാ. ഒന്നാമതായി, നമ്മുടെ ദീർഘവും നിരവധി രാജ്യങ്ങളുമായി പങ്കിടുന്നതും വിഷമകരവുമായ അതിർത്തിയിൽ, സ്വയം പ്രതിരോധിക്കാൻ വേണ്ടത്ര ശക്തിയില്ലാത്ത ഒരു ചെറിയ രാജ്യത്തിന് അതിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ എളുപ്പമല്ല. രണ്ടാമതായി, നമ്മുടെ എല്ലാ അയൽരാജ്യങ്ങളുടെയും സൗഹൃദം നമുക്ക് വേണ്ടിവരും. നമുക്കെതിരെ ഒരാക്രമണമുണ്ടാവില്ല എന്ന് ഉറപ്പുതരാൻ പറ്റുന്ന വിധം നമ്മോടൊപ്പം നീങ്ങുന്ന ശക്തമായ രാജ്യങ്ങളെ അയൽക്കാർക്കിടയിൽ നമുക്ക് കണ്ടെത്താനാകുമോ? 1947 ആഗസ്റ്റ് 15 മുതൽ ഒക്‌ടോബർ 22വരെ നമ്മുടെ രാജ്യം സ്വതന്ത്രമായിരുന്നു എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാനാഗ്രഹിക്കുന്നു. നമ്മുടെ ദൗർബല്യത്തെ അയൽരാജ്യം ആക്രമണത്തിലൂടെ മുതലെടുത്തു എന്നതായിരുന്നു അതിന്റെ ഫലം. ഭാവിയിലും സമാനമായ ആക്രമണത്തിന് നമ്മൾ ഇരകളാവില്ല എന്നതിന് എന്തുറപ്പാണുള്ളത്?”
ഇന്ന്, സോഷ്യലിസ്റ്റ് സമാധാനക്യാമ്പ് നിലവിലില്ലാത്ത സാഹചര്യത്തിൽ, ചെറുതും ദുർബലവുമായ രാജ്യങ്ങളുടെ കാര്യങ്ങളിൽ സാമ്രാജ്യത്വശക്തികൾ വിശേഷിച്ചും യുഎസ്എ നടത്തുന്ന മടിയില്ലാത്ത ഇടപെടലുകളെ ചെറുക്കാൻ ഫലപ്രദമായ ഒരു സാമ്രാജ്യത്വ വിരുദ്ധശക്തി ഇല്ലാത്ത സമയത്ത്, ഇത് എന്നത്തേക്കാളുമേറെ പ്രസക്തമാണ്. കാശ്മീർ പോലെ ദുർബലമായൊരു നാടിന് അത് വിഭജിച്ചുമാറിയാൽ അതിന്റെ സ്വതന്ത്ര്യം നിലനിർത്തുക അസാദ്ധ്യമാണ്. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനെയും ലിബിയയെയും പോലെ, എന്തിന് നിരവധി വികസ്വര രാജ്യങ്ങളെക്കാൾ സാമ്പത്തികമായും സൈനികമായും കൂടുതൽ വികസിച്ചിരുന്ന ഇറാക്കിനെപോലുള്ള രാജ്യങ്ങൾക്ക് പോലും ലോക സാമ്രാജ്യത്വശക്തികളുടെ പ്രത്യേകിച്ച് യുഎസ്എയുടെ കടന്നാക്രമണത്തെ ചെറുത്തുനിൽക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ. സിറിയ, ഇറാൻ, വടക്കൻ കൊറിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ യുഎസ് ആക്രമണത്തിന്റെ നിരന്തര ഭീഷണിയിൽ നിൽക്കുമ്പോൾ, എല്ലാ സാർവ്വദേശീയ നിയമങ്ങളും മടിയില്ലാതെ ലംഘിച്ചുകൊണ്ട് ഉപരോധങ്ങൾക്കും വ്യാപാര നിരോധനങ്ങൾക്കും അവയെ വിധേയരാക്കുമ്പോൾ, സാമ്രാജ്യത്വ രാജ്യങ്ങളുടെ വിശേഷിച്ച് യുഎസ്എയുടെ ആക്രമണ പദ്ധതികളെ ഫലപ്രദമായി തടയാൻ കഴിയുന്ന വിധത്തിലുള്ള വീറുറ്റ ഒരു സമാധാനപ്രസ്ഥാനത്തിന്റെ അഭാവത്തിൽ, അത്തരമൊരു സാഹചര്യത്തിൽ കാശ്മീരിനെ സാമ്രാജ്യത്വ ഇടപെടലുകൾക്കും ഗൂഢപദ്ധതികൾക്കും അനുകൂലമായ ഒരു പ്രദേശമാക്കി മാറ്റുന്ന ഒരു പരിഹാരം കാശ്മീർ പ്രശ്‌നത്തിന് ചിന്താശേഷിയുള്ള ആരെങ്കിലും നിർദ്ദേശിക്കുമോ?
ഈ സാഹചര്യത്തിൽ കാശ്മീരിലെ ജനങ്ങളുടെ വികാസത്തിനും ഒപ്പംതന്നെ തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും അനുഗുണമായ പരിഹാരം പൂർണ്ണസ്വയംഭരണം മാത്രമാണ് എന്ന് ഞങ്ങൾ ശക്തമായി അഭിപ്രായപ്പെടുന്നു. കാശ്മീരിലെ ജനങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അവരുടെ ജീവിതം ക്രമീകരിക്കാനും രാഷ്ട്രങ്ങളുടെ ചരിത്രപരമായ വികാസ പ്രക്രിയക്ക് അനുരോധമായി അവരുടെ സ്വന്തം ഭാവി തീരുമാനിക്കുവാനും ഉള്ള അവസരം അതുറപ്പുവരുത്തും.
ആദ്യം കേന്ദ്രസർക്കാരിന്റെ മർദ്ദന നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ ബഹുജനസമരവും അന്തിമമായി അവരുടെ വിമോചനത്തിനുള്ള പോരാട്ടവും വളർത്തിയെടുക്കുന്നതിലേക്ക് നീങ്ങാൻ കഴിയും വിധം ഇന്ത്യയിലെ തൊഴിലാളിവർഗ്ഗവുമായും മറ്റ് ചൂഷിതരായ വിശാല ജനവിഭാഗങ്ങളുമായും ഒന്നിക്കാനുള്ള അടിത്തറ അതിലൂടെ ഉണ്ടാകും.
ദേശീയ പ്രശ്‌നത്തിൽ ഒരു ആധികാരിക സൈദ്ധാന്തികനായ സ്റ്റാലിൻ നിർദ്ദേശിക്കുന്നു: ‘പ്രാദേശിക സ്വയംഭരണത്തിന്റെ പ്രയോജനം അത് ജനങ്ങളെ രാഷ്ട്രങ്ങളായി വിഭജിക്കുന്നില്ല, ദേശീയാതിർത്തികൾ ശക്തിപ്പെടുത്തുന്നില്ല, എന്നതിലാണ്. നേരെ മറിച്ച് ഈ അതിർത്തികളെ അത് ലഘൂകരിക്കുകയും, ജനതകളെ ഒന്നിപ്പിക്കുകയും, മറ്റൊരു തരത്തിലുള്ള വിഭജനത്തിന്, വർഗ്ഗാടിസ്ഥാനത്തിലുള്ള വിഭജനത്തിന് വഴിതുറക്കുകയും ചെയ്യുന്നു. അവസാനമായി ഒരു പൊതുകേന്ദ്രത്തിന്റെ തീരുമാനം കാത്തിരിക്കാതെ സാധ്യമായതിൽ ഏറ്റവും നല്ലരീതിയിൽ പ്രദേശത്തിന്റെ പ്രകൃതിസമ്പത്ത് ഉപയോഗപ്പെടുത്തി അതിന്റെ ഉൽപാദനശക്തികളെ വികസിപ്പിക്കാനും അത് സാധ്യമാക്കുന്നു…….’ ‘അതിനാൽ ദേശീയ പ്രശ്‌നത്തിന്റെ പരിഹാരത്തിന്റെ കാതലായ ഒരു ഭാഗമാണ് പ്രാദേശിക സ്വയംഭരണം.’
ജമ്മുകാശ്മീരിന്റെ കാര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് അതിന്റെ തനതായ രൂപത്തിൽ വ്യവസ്ഥ ചെയ്തിരുന്ന പൂർണ്ണ സ്വയംഭരണത്തിന്റെ സ്ഥിതി തിരിച്ചുകൊണ്ടുവരിക, ഒപ്പം തന്നെ നേരത്തേ പറഞ്ഞ സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ വികാസത്തിനുള്ള നടപടികൾ സ്വീകരിക്കുക, അതോടൊപ്പം പ്രത്യേകിച്ച് യഥാർത്ഥ മതേതര ജനാധിപത്യ സമീപനം സ്വീകരിക്കുന്ന വിധത്തിൽ കേന്ദ്രസർക്കാരിന്റെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം എന്നിവയിലൂടെ മാത്രമേ രണ്ട് ജനതകളുടെ യഥാർത്ഥ ലയനത്തിന് പാതയൊരുക്കാൻ കഴിയൂ എന്ന് നമ്മുടെ പാർട്ടി തുടക്കം മുതൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതൊരു പ്രയാസകരവും നീണ്ടുനിൽക്കുന്നതുമായ പ്രക്രിയയാണെങ്കിലും ജമ്മുകാശ്മീർ ജനതയുടെ ആഴത്തിലുള്ള മുറിവുകളും വ്രണിതമായ വികാരങ്ങളും മാറ്റിയെടുക്കാൻ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കണം. ഇതിലേക്കുള്ള ആദ്യചുവട് എന്ന നിലയിൽ സിവിലിയൻ മേഖലകളിൽനിന്ന് സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും ഉടനടി പിൻവലിക്കുകയും, കാശ്മീർ പബ്ലിക് സേഫ്റ്റി ആക്ട് 1978, ജമ്മുകാശ്മീർ അസ്വസ്ഥത ബാധിത ആക്ട്, ആംഡ് ഫോഴ്‌സസ് (ജമ്മുകാശ്മീർ) സ്‌പെഷ്യൽ പവേഴ്‌സ് ആക്ട് 1990, തുടങ്ങിയ ജനവിരുദ്ധ നിയമങ്ങൾ റദ്ദാക്കുകയും വേണം.

Share this post

scroll to top