മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളെജിൽ ചെയർമാൻ സ്ഥാനത്തേക്ക് 229 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എഐഡിഎസ്ഒ സംസ്ഥാന കൗൺസിലംഗവും കൊളെജ് യൂണിറ്റ് പ്രസിഡന്റുമായ എം.എസ്.അലൻ വിജയിച്ചു. ആകെ പോൾചെയ്ത 817 വോട്ടുകളിൽ 514 വോട്ടുകളും നേടിയാണ് അലന്‍ എസ്എഫ്ഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. വിനാശകരമായ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ, വിദ്യാർത്ഥികളുടെ സമരരാഷ്ട്രീയത്തിന് കരുത്തേകുക എന്ന മുദ്രാവാക്യമുയർത്തിയാണ് എഐഡിഎസ്ഒ മത്സരിച്ചത്.
സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുകളെ അക്രമവത്ക്കരിക്കുകയും അരാഷ്ട്രീയവത്ക്കരിക്കുകയും ചെയ്യുന്ന പ്രവണതയാണ് പൊതുവിലുള്ളത്. എഐഡിഎസ്ഒ മത്സരിക്കുന്ന കോളെജുകളിൽ മാത്രമാണ് രാഷ്ട്രീയം ചർച്ചചെയ്യാറുള്ളത്. തിരൂർ ടിഎംജി കോളെജിൽ വ്യക്തമായ രാഷ്ട്രീയം ചർച്ചചെയ്തുകൊണ്ടാണ് എഐഡിഎസ്ഒ സ്ഥാനാർത്ഥി എം.എസ്.അലൻ വിജയം കരസ്ഥമാക്കിയത്. വിദ്യാർത്ഥികൾ രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അതിന് പരിഹാരം കാണാൻ ആഗ്രഹിക്കുന്നുമെന്നാണ് അലന്റെ വിജയം സൂചിപ്പിക്കുന്നത്. കോട്ടയം ബസേലിയസ് കോളെജ്, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളെജ് എന്നിവിടങ്ങളിലും എഐഡിഎസ്ഒ സ്ഥാനാർത്ഥികൾ സ്റ്റുഡന്റ്സ് റെപ്രസെന്റേറ്റീവ് സീറ്റുകളിൽ വിജയിച്ചിരുന്നു.
